കഥയാണ് ആടുജീവിതത്തിലെ പ്രധാന നുണ

ആടോ? നജീബോ? ബെന്യാമിനോ? ആടുജീവിതത്തിന്റെ കര്‍ത്താവ് ആരാണ്? ഇവരെല്ലാം കര്‍ത്താവാണ്. ഇല്ലേ? ചിലപ്പോഴൊക്കെ നജീബുമായി താതാത്മ്യം പ്രാപിച്ച ബെന്യാമിനും ആടുമായി താതാത്മ്യം പ്രാപിച്ച നജീബും ആ നജീബുമായി താതാത്മ്യം പ്രാപിച്ച ബെന്യാമിനും കര്‍തൃത്വത്തിന്റെ അടരുകളെ വിശാലമാക്കുന്നു. സാങ്കല്പിക കഥാപാത്രമായ നബീല്‍ ആടിലേക്ക് രൂപണം ചെയ്യപ്പെടുന്നത് കര്‍തൃത്വത്തെ വീണ്ടും സങ്കീര്‍ണ്ണമാക്കുന്നു. എത്ര അലക്ഷ്യമായി വായിച്ചാലാണ് നജീബിന്റെ ജീവിതം ബെന്യാമിന്‍ കേട്ടെഴുതിയതായി ഒരാള്‍ക്ക് അനുഭവപ്പെടുക. കേട്ടെഴുത്താണ് എന്ന് എഴുത്തുകാരന്‍ പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ ഒന്നേ പറയിനുള്ളു, വാക്കുപോലെ വിശ്വസിക്കാന്‍ കൊള്ളാത്തതായി എന്തുണ്ട് ഭൂമിയില്‍? നുണ പറയാതെ ഭൂമിയില്‍ മനുഷ്യര്‍ക്ക് ജീവിക്കാനാകുമെങ്കില്‍ അതൊരു മസറയായിരിക്കണം. അതിന്റെ പിടിവിട്ട് കുതറി ഓടുമ്പോള്‍ ഒരുപക്ഷേ നുണയുടെ സൗന്ദര്യം ഒരാള്‍ കണ്ടെത്തിയെന്നു വരാം. നജീബല്ലേ നുണയുടെ സൗന്ദര്യം ആദ്യമായി കണ്ടെത്തിയ ആള്‍? മുമ്പ് പലരും കണ്ടെത്തിയ കാര്യം വീണ്ടും കണ്ടെത്തുന്നതിന്റെ വിസ്മയം കഥയിലല്ലാതെ എവിടെയാണ് കാണാനാവുക. കഥയാണ് ആടുജീവിതത്തിലെ പ്രധാന നുണ.

ആടുജീവിതം കവർ.

“ഇങ്ങനെയൊരു കഥ പറയാൻ തക്കവിധം തുടർജീവിതം നയിക്കാൻ എന്നെ പ്രേരിപ്പിച്ചതുതന്നെ ജയിലിൽ നിന്ന് കേട്ട ആ കഥകളാണെന്ന് ഞാൻ തുറന്ന് സമ്മതിക്കാം. ഇല്ലെങ്കിൽ ഒരുപക്ഷേ ഞാൻ എന്റെ സങ്കടം താങ്ങാനാവാതെ ആത്മഹത്യ ചെയ്തേനെ. ഏതു സങ്കടത്തിൽനിന്നും കരകയറാനുള്ള ഒരേയൊരു വഴി നമ്മളേക്കാൾ സങ്കടമുള്ളവരുടെ കഥകൾ കേൾക്കുക എന്നതുതന്നെയാണ്”. ലോകത്തെ ഏറ്റവും വലിയ ജയിൽ എന്നു വിശേഷിപ്പിക്കപ്പെട്ട സുമേസി ജയിൽ ഏതോ അകന്ന ബന്ധുവിന്റെ കല്ല്യാണവീടുപോലെ നജീബിന് തോന്നിയത് കഥ പറയാൻ ലഭിച്ച അവസരം ഒന്നുകൊണ്ടു മാത്രമാണ്. വലിയ ചുമരുകളുള്ള ഇരുമ്പറകൾ ജയില്‍ എന്ന വാക്കില്‍ തളംകെട്ടിക്കിടന്നിട്ടും അതല്ല ജയിൽ എന്നു പറയാൻ നജീബിന് തന്റെ ജീവിതമായിരുന്നു സാക്ഷ്യം. ‘ലോകം നമ്മളെ അറിയുന്നില്ല. നമ്മൾ ലോകവും അറിയുന്നില്ല. അതാണ് സത്യത്തിൽ ഒരു ജയിൽ’. കാണുന്നതിലൂടെ നോക്കാൻ കഴിയുന്ന ശ്രമങ്ങളിൽ ഭാഷ എക്കാലവും ഇങ്ങനെ പുതുക്കപ്പെട്ടിട്ടുണ്ട്. ആടുജീവിതത്തിലെ നജീബ് ഒളിഞ്ഞിരിക്കുന്ന ബെന്യാമിൻ കൂടിയാണ്. യഥാർത്ഥ നജീബിൽനിന്ന് ഏറെ ദൂരം നടന്നാൽ ആർക്കും എത്തിച്ചേരാൻ കഴിയുന്ന ഒരിടം. എന്നാൽ ആൺചൂരു നഷ്ടപ്പെട്ട നബീലായി ഞൊടിയിടയിൽ വായനക്കാര്‍ നിലവിളിച്ചുപോകുമ്പോൾ ആടിനൊപ്പം ഉണർച്ച നഷ്ടമായത് നജീബിന് മാത്രമായിരുന്നില്ല ബെന്യാമിനുകൂടിയായിരുന്നു. ആടിനെ മോഷ്ടിച്ച നജീബിനെ ബെന്യാമിൻ മോഷ്ടിക്കുന്ന ഈ കലയുടെ പേരാണു കഥ. ഈ കൃതിയുടെ കർത്താവ് ആരെന്ന് തീരുമാനിക്കാൻ ആടിൽ നിന്ന് പുറത്തുവരുന്നവർക്കല്ലേ കഴിയൂ? ഇനി ഒരിക്കലും അത് സാധിക്കുമെന്ന് നജീബ്/നബീൽ വിശ്വസിക്കുന്നില്ല. തന്റെ തന്നെ മാംസം ഭക്ഷിക്കുവാൻ കഴിയില്ലെന്ന് അതുകൊണ്ടാണയാൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ബെന്യാമിനും നജീബും (ഷുക്കൂർ)

അഴുത്തപൊടികൾ വെള്ളം തൊടാത്ത ദേഹത്തിന്റെയും ഗുഹ്യഭാഗത്തിന്റെയും (അ)സ്വസ്ഥതയായി തീർന്നപ്പോഴും ജീവിച്ചിരിക്കുവാൻ നജീബ് തേടിക്കൊണ്ടിരുന്നതു കഥകളാണ്. അതിനുള്ള ഇടം നഷ്ടമാകുന്നപക്ഷം താൻ ആത്മഹത്യ ചെയ്യുമായിരുന്നുവെന്നാണ് അയാൾ പറഞ്ഞത്. ജീവനോളം വിലയുള്ള ഒന്നാണ് കഥ എന്ന് വരുന്നു. അല്ലെങ്കിൽത്തന്നെ കഥ കഴിഞ്ഞാൽ എല്ലാം തീരും എന്ന് ഒരിക്കൽക്കൂടി ആവർത്തിക്കേണ്ടതില്ല. നജീബ് പറഞ്ഞ കഥകൾ ആരുടെയെങ്കിലും കഥയെ ചെറുതാക്കിക്കാണിക്കുവാൻ ശ്രമിക്കുന്നില്ല. നമ്മളേക്കാൾ വേദനാപൂർണ്ണമായത് കേൾക്കുമ്പോൾ നാം നമ്മെ നിസ്സാരവൽക്കരിക്കുന്നു. ഇങ്ങനെ കേട്ട കഥകളുടെ ഊർജ്ജമാണ് തന്റെ കഥ മറ്റുള്ളവരോടു പറയാൻ നജീബിന് പ്രേരകശക്തിയായിത്തീർന്നത്. ഈ കഥകളെ ചുറ്റും കൂടിയിരുന്നവരിൽ ചിലർ ‘അതിശയത്തോടെ’ കണ്ടു. ‘ചിലർ ആരാധനയോടെ ചിലർ സഹതാപത്തോടെ ചിലർ മാത്രം സംശയത്തോടെ’. നജീബിന്റെ വാക്കുകളാണ് ഇത്. അല്ല ബെന്യാമിന്റെ വാക്കുകള്‍. നോക്കൂ ഇവിടെ വ്യക്തിയുടെ പൗരത്വത്തെ നിർണ്ണയിച്ചത് കഥ പറയാനുള്ള ആളുടെ അവകാശമായിരുന്നെങ്കിൽ ആ അവകാശത്തിന്റെയും ജീവനായിരിക്കുന്നത് സംശയിക്കുവാനുള്ള അവകാശമാണ്. പ്രാണന് തുല്ല്യം അതു കാത്തുവെക്കുകയായിരുന്നു ബെന്യാമിൻ. ‘ആടുജീവിതം’ തുടങ്ങുന്നത് ഇങ്ങനെ, ‘നജീബിനും ഹക്കിമിനും മരുഭൂമിയിൽ ദാഹിച്ചുമരിച്ച എല്ലാ ആത്മാക്കൾക്കും’. (ഇതൊരു സമർപ്പണമാണ്).

ആടുജീവിതം സിനിമ പോസ്റ്റർ

നോവലിലും ജീവിതത്തിലും ദാഹിച്ചുമരിക്കുകയായിരുന്നു ഹക്കിം. അതുപോലെ മരിച്ചേക്കാവുന്ന അനവധിപ്പേരെ നമുക്ക് സങ്കല്പിക്കുകയുമാകാം. എന്നാൽ നജീബ് നോവിലിലും നോവലിന് പുറത്തും മരിച്ചിട്ടില്ലല്ലോ. സംശയത്തിന്റെ ഈ താക്കോലുമായി വേണം ആടുജീവിതത്തിലേക്ക് പ്രവേശിക്കുവാൻ. ബത്തയിലെ ചെറിയ പൊലീസ് സ്റ്റേഷനിൽ വളരെ സാധാരണമെന്ന് തോന്നുന്ന ഒരു ദൃശ്യമുണ്ട്. ഖുറാൻ വചനങ്ങളും രാജാക്കൻമാരുടെ ചിത്രങ്ങളും ക അബയുടെ ചിത്രങ്ങളും തൂങ്ങുന്ന ചുമരാണ് ഒന്നാമത്തേത് മുദീറിന്റെ ഇടതുവശത്ത് ഒരു ടി.വി വലതുവശത്ത് ഒരു കമ്പ്യൂട്ടർ. ആധുനികവും പ്രാചീനവുമായ വസ്തുക്കളുടെ ചേർപ്പിൽ യുക്തിപരമായ വിചിത്രതയുണ്ട്. എതിർ ഭിത്തിയിലെ ബോർഡിൽ കുറേ ഫോട്ടോകൾ. സംശയം ഉറപ്പുവരുത്താനായി ഫോട്ടോ പതിച്ച ബോർഡിലേക്ക് അബോധത്തോടെ നജീബ് നീങ്ങിച്ചെന്നു. ഇബ്രാഹിം ഖാദരി!!!!! അയാൾ അറിയാതെ നെഞ്ചത്തു കെെവച്ചുപോയി. മുദീർ ചെവികൂട്ടി അയാളെ അടിച്ചു. ആരാണ് ഈ ഇബ്രാഹിം ഖാദരി? എന്തിന് നജീബ് നജീബിനെ രക്ഷിച്ച ഇബ്രാഹിം ഖാദരിയുടെ ചിത്രം കണ്ടു വിറങ്ങലിക്കണം? കണ്ടത് അര്‍ബാബിന്റെ ചിത്രമായിരിക്കും ദെെവമേ എന്നു വിളിക്കുന്നതിനു പകരം ഇബ്രാഹിം ഖാദരി എന്നു വിളിച്ചുപോയതാകാം. (അതില്‍ ഒരു തെറ്റുമില്ലല്ലോ) ഇബ്രാഹിം ഖാദരി ഏതെങ്കിലും അർബാബ് ആയിരുന്നിരിക്കുമോ? നമുക്ക് ലഭ്യമായ ഇബ്രാഹിം ഖാദരിയുടെ ചിത്രം എഴുത്തുകാരന്‍ പറഞ്ഞ കുറച്ചു വര്‍ണ്ണനകളാണ്. അതെല്ലാം ഒന്നു കൂട്ടിവച്ചു പരിശോധിക്കാം. നജീബിനെ രക്ഷിച്ച അയാൾ ഒരു സോമാലിയ ദേശക്കാരൻ. അപ്പോൾ സോമാലിയക്കാരനാണോ? കാഴ്ചയിൽ ഒരു പാകിസ്ഥാനി പഠാൻ. ചിലപ്പോൾ പാകിസ്ഥാനി ആയിരിക്കും? ആഫ്രിക്കൻ മരുഭൂമിയിലെ കറുത്ത ഒരു വടവൃക്ഷം? എന്നാൽ ആഫ്രിക്കക്കാരന്‍ ആകും. എന്തുമാകട്ടെ മൂസാനബിയുടെ കാലത്തു നിന്ന് ഇറങ്ങിവന്ന ഒരു പ്രവാചകകഥാപാത്രം. (പുരുഷനാണ് എന്നല്ലാതെ ഒന്നിലും തീര്‍പ്പില്ല). യാ അള്ളാ പരമകാരുണികനായ ദെെവമേ നിന്റെ ചിത്രം ആർക്കാണ് വരയ്ക്കാൻ കഴിയുക. അമൂർത്തതയുടെ ഈ അപാരതയാണ് ആടുജീവിതം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read