കർണ്ണാടകയിലെ വിവിധ സിവിൽ സൊസൈറ്റി സംഘടനകളുമായി സഹകരിച്ച് എദ്ദേളു കർണ്ണാടക മൂവ്മെന്റ് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്നും. പരിഭാഷ: സിസിലി
വാഗ്ദാനം ചെയ്തത്
ഞങ്ങൾ അഴിമതി നിർമാർജ്ജനം ചെയ്യും, ഞങ്ങൾ കള്ളപ്പണം തിരിച്ചു കൊണ്ടുവരും, സ്വിസ് ബാങ്കുകളിൽ പൂട്ടിവെച്ചിരിക്കുന്ന, ഇന്ത്യക്കാരുടെ കണക്കുകളിൽ കാണിക്കാത്ത ധനം, ഞങ്ങൾ തിരികെ കൊണ്ടുവരും, ഈ തിരിച്ചെടുക്കപ്പെടുന്ന ധനത്തിൽ നിന്നും ഓരോ വ്യക്തിയുടെ അക്കൗണ്ടിലേക്ക് ഞങ്ങൾ നേരിട്ട് പതിനഞ്ച് ലക്ഷം രൂപ വീതം നിക്ഷേപിക്കും.
എന്ത് സംഭവിച്ചു?
ബി.ജെ.പി അധികാരത്തിൽ വന്ന എല്ലാ സംസ്ഥാനങ്ങളിലും, അഴിമതി എല്ലാ പരിധികളും കവിഞ്ഞു. കർണാടകയിലെ ബി.ജെ.പി സർക്കാരിന്റെ കുപ്രസിദ്ധമായ 40 ശതമാനം കമ്മീഷൻ നമ്മൾ നേരിൽ കണ്ടതാണ്. കരാറുകാരുടെ അസോസിയേഷൻ നേതാക്കൾ സർക്കാരിനെതിരെ നേരിട്ട് കുറ്റാരോപണം നടത്തി. കൂടാതെ കരാറുകാരിൽ ഒരാൾ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ്, ഒരു ആത്മഹത്യാ കുറിപ്പ് എഴുതുകയും ആ കുറിപ്പിൽ സർക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് ആരോപിക്കുകയും ചെയ്തു.
വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുൽ ചോക്സി കൂടാതെ മറ്റ് 46 ‘ബാങ്ക് കൊള്ളക്കാരും’ പൊതുപണം അപഹരിച്ച് വിദേശത്തേക്ക് കടന്നു. ഒരൊറ്റ ശതകോടീശ്വര കള്ളന്മാർക്കും നിയമനടപടികൾ നേരിടേണ്ടി വന്നില്ല. ഒരാളെപ്പോലും പിടികൂടി തിരിച്ചുകൊണ്ടുവന്നില്ല.
സ്വിസ് ബാങ്ക് ലിസ്റ്റ് പുറത്തുകൊണ്ടുവരുന്ന കാര്യം മറക്കൂ. എസ്.ബി.ഐ ലിസ്റ്റിലെ പേരുകൾ മറച്ചുവയ്ക്കാനായി ബി.ജെ.പി അതിന്റെ എല്ലാ അധികാരവും ശക്തിയും ഉപയോഗിച്ചു.
ഉയർന്ന മൂല്യമുള്ള കറൻസി നോട്ട് നിരോധനം രാജ്യത്തെമ്പാടുമുള്ള ജനങ്ങളുടെ ദുരിതത്തിനിടയാക്കി. ചെറുകിട കച്ചവടക്കാരെ അത് തെരുവിലിറക്കി, കൂടാതെ കള്ളപ്പണത്തിന്റെ ഒരൊറ്റ നോട്ട് പോലും സർക്കാർ തിരികെ കൊണ്ടുവന്നില്ല. സർക്കാറിന്റെ ഈ അനാസ്ഥ കാരണം 170 ഓളം മുതിർന്ന പൗരർ, അതിൽ ഭൂരിഭാഗം പേരും കറൻസി നോട്ടുകൾ മാറിക്കിട്ടുന്നതിനായി നീണ്ട ക്യൂവിൽ നിൽക്കവേ മരണമടഞ്ഞു.
പനാമ പേപ്പറുകൾ അന്താരാഷ്ട ക്രിമിനലുകളുടെ ലിസ്റ്റ് വെളിപ്പെടുത്തുകയും അതിൽ പല ഇന്ത്യക്കാരുടെ പേരുകൾ ഉൾപ്പെടുകയും ചെയ്തിട്ടും ഒരു ക്രിമിനലിനെതിരായും നടപടി ഉണ്ടായില്ല.
റഫാൽ, 2 ജി, കൽക്കരി കുംഭകോണം, വ്യാപം, കൃഷ്ണ ഗോദാവരി തടം, ബിറ്റ്കോയിൻ തുടങ്ങിയ നിരവധി പദ്ധതികളിലായി ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികൾ പുറത്തുവന്നിട്ടും അതിലൊന്നും കാര്യമായി അന്വേഷണം നടന്നില്ല.
സംഘടിതമായി, ഉന്നത തലത്തിൽ ഒരു അഴിമതി റാക്കറ്റ് നിലനിൽക്കുന്നുണ്ടെന്നാണ് ഇവയെല്ലാം തെളിയിക്കുന്നത്. എന്നാൽ, ഇലക്ഷൻ ബോണ്ടുകളുടെ രൂപത്തിൽ ബി.ജെ.പി വൻതോതിൽ അഴിമതിപണം സ്വരൂപിച്ചുവെന്നത് അതിലേറെ മോശമായ സംഗതിയാണ്. 33 കമ്പനികളിൽ നിന്നായുള്ള സംഭാവനയായി മോദി സർക്കാരിന് 1751 കോടി രൂപ ലഭിക്കുകയുണ്ടായി. അതിന് പകരമായി ഈ കമ്പനികൾക്ക് 3.7 ലക്ഷം കോടി രൂപ മൂല്യമുള്ള സർക്കാർ കരാറുകൾ നൽകപ്പെട്ടു. ഈ കരാറുകൾ ലഭിച്ചതിനുശേഷം, ഈ കമ്പനികൾ ഇലക്ട്രൽ ബോണ്ടിന്റെ മറവിൽ 551 കോടി രൂപ കമ്മീഷനായി ബി.ജെ.പി അക്കൗണ്ടുകളിലേക്ക് ഒഴുക്കുകയും ചെയ്തു.
ഇലക്ട്രൽ ബോണ്ടുകളിലൂടെ ബി.ജെ.പിക്ക് സംഭാവന നൽകാത്ത കമ്പനികൾക്ക് എതിരെ ലീഗൽ ആക്ഷൻ എടുക്കുകയുണ്ടായി. സി.ബി.ഐയും ഇ.ഡിയും വഴി അന്വേഷണം നടത്തുമെന്ന ഭീഷണി ഉണ്ടായതിനാൽ ഈ കമ്പനികളിൽ പലതും ബോണ്ടുകളിലായി 2,471 കോടി രൂപ നൽകേണ്ടിവന്നു.
കോവിഡ് വാക്സിന്റെയും കോവിഡ് ടാബ്ലറ്റുകളുടെ സർക്കാർ അനുമതിക്ക് പകരമായ കമ്മീഷൻ എന്ന നിലയിലും നൂറുകണക്കിന് കോടികൾ നൽകപ്പെട്ടു.
തെരുവുകളിൽ പശു സംരക്ഷണം എന്ന കാർഡ് കളിച്ചുകൊണ്ടിരിക്കെ, മോദി സർക്കാർ ബീഫ് കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും കമ്പനികളിൽ നിന്നും കമ്മീഷൻ കൈപ്പറ്റുകയും ചെയ്തു.
‘പി.എം കെയേഴ്സ്’ ഫണ്ട് വഴി സർക്കാർ വൻതുക അവിഹിതമായി സമ്പാദിച്ചു. എങ്കിലും രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് ഈ തുകകൾ ആരൊക്കെയാണ് നൽകിയതെന്നും, എന്തിനൊക്കെ വേണ്ടി ചെലവഴിച്ചതെന്നും ഉള്ള വിശദാംശങ്ങൾ പൊതുജനത്തിൽ നിന്നും മറച്ചുവച്ചു.
ഇലക്ട്രല്‍ ബോണ്ട് ഫണ്ടിനെയും പി.എം കെയേഴ്സ് ഫണ്ടിനെയും കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല എന്ന തരത്തിൽ ഒരു സ്വയം-പ്രഖ്യാപിത നിയമം സർക്കാർ നടപ്പാക്കുകയും, ഇത് ശതകോടികളുടെ ദുരുപയോഗത്തിന് വഴിവെയ്ക്കുകയും ചെയ്തു. സുപ്രീം കോടതി ഇടപെട്ടതിനെ തുടർന്ന് എല്ലാ കോഴകളും വെളിച്ചത്തുവന്നു. ബി.ജെ.പി ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്, അവരുടെ സ്വന്തം കൊള്ള മറച്ചുവെയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ‘കള്ളൻ’ എന്ന് ഉറക്കെ വിളിച്ച് കൂവി കെജ്രിവാളിനെ ജയിലിലയച്ചിരിക്കുകയാണ്.
ഇതിനുള്ള കാരണങ്ങൾ
‘അഴിമതിരഹിത ഇന്ത്യ’ എന്ന മുദ്രാവാക്യം ബി.ജെ.പിയുടെ ഒരു തന്ത്രം മാത്രമാണ്. സ്വയം തത്വദീക്ഷയുള്ള അഴിമതിരഹിത പാർട്ടിയാണെന്നും കോൺഗ്രസിനെ അഴിമതി പാർട്ടി എന്നും ചിത്രീകരിക്കുന്നതിനായി ഉണ്ടാക്കിയ ഒരു മുദ്രാവാക്യം, ഒരു തികഞ്ഞ രാഷ്ട്രീയ തന്ത്രം.
ബി.ജെ.പി പൂർണമായും അഴിമതിയിൽ മുങ്ങിക്കിടക്കുകയാണ്. യെദിയൂരപ്പ മുതൽ ബി.ജെ.പിയുടെ മറ്റെല്ലാ മുഖ്യമന്ത്രിമാരും അങ്ങേയറ്റം അഴിമതിക്കാരാണ്.
മോദിയെ ഒരു എളിയ ഫക്കീറായി ചിത്രീകരിച്ച് ബി.ജെ.പി എല്ലാ കോഴകളും അഴിമതി പ്രവർത്തനങ്ങളും തുടരുന്നു.
കമ്മീഷൻ ഇനത്തിൽ ചില്ലറ തുകകൾ കൈപ്പറ്റിക്കൊണ്ട് വൻതുകകൾക്കുള്ള പൊതു ആസ്തികൾ സ്വകാര്യ കമ്പനികൾക്ക് കൈമാറി കൊണ്ടിരിക്കുന്നു. രാജ്യം കഷ്ണങ്ങളായി വിൽക്കുകയാണ്.
ഇ.ഡി, ഐ.ടി, സി.ബി.ഐ പോലുള്ള സർക്കാർ ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് സർക്കാർ അഴിമതിയുടെ പടുകുഴിയിൽ മുങ്ങിയിരിക്കുകയാണ്. ബി.ജെ.പിയുടെ അഴിമതിപ്പണത്തിന്റെ നിലവറകളാണ് ഇലക്ട്രൽ ബോണ്ടുകളും പി.എം കെയേഴ്സും.
അദാനി ഗ്രൂപ്പ് മോദിയുടേതാണെന്ന വിവരം പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്.
ഒരു വലിയ കൊള്ളസംഘത്തെ പോലെയാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. മുകൾത്തട്ട് മുതൽ താഴെ വരെ യാതൊരു നിയന്ത്രണവുമില്ലാത്ത ക്രിമിനലുകളുടെ കീഴിലാണ് ഇതിന്റെ പ്രവർത്തനം