തകർക്കപ്പെടുന്ന ഇന്ത്യൻ ഫെഡറലിസം

​ഗവർണർമാരും ‘പ്രതിപക്ഷ സംസ്ഥാനങ്ങളും’. പരമ്പര – 01

ഇന്ത്യൻ യൂണിയന്റെ അടിസ്ഥാന പ്രത്യേകതകളിൽ ഒന്ന് അതിന്റെ രൂപീകരണത്തിൽ കൂട്ടിച്ചേർക്കലിനുള്ള (accession) പങ്കാണ്. വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് ആശയങ്ങൾ ഉൾക്കൊണ്ടതിനാൽ ഇതെല്ലാം എത്രത്തോളം ഇന്ത്യയിലെ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളും എന്നതും രൂപീകരണകാലത്ത് ഭരണഘടനാ അസംബ്ലിക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളിയായിരുന്നു. എന്നാൽ ഇന്ത്യൻ ഭരണഘടനയിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി നടത്തിയ, ന്യൂനപക്ഷ മതവിഭാഗങ്ങളുടെയും സംവരണീയ സമുദായങ്ങളുടെയും നിലനിൽപ്പിനെ ബാധിക്കുന്ന ഭേദഗതികൾ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ വരുത്തിയ മാറ്റങ്ങൾ, കേന്ദ്ര സർക്കാരിനെയും സംസ്ഥാന സർക്കാറുകളെയും ബന്ധിപ്പിക്കുന്ന ഗവർണർ പദവിയുടെ അധികാരപ്രയോഗങ്ങളിൽ വന്ന മാറ്റങ്ങൾ എന്നിവയെല്ലാം സൂചിപ്പിക്കുന്നത് രാജ്യത്തെ ഭരണഘടനാ ജനായത്ത വ്യവസ്ഥയും ഫെഡറൽ സംവിധാനവും ദുർബലമാകുന്നു എന്നതാണ്.

ഗവർണർമാർ തങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങളും നിലപാടുകളും ഭരണനിർവ്വഹണത്തിൽ കലർത്തുന്നുണ്ടോ എന്ന സംശയം വ്യാപകമായി ഉന്നയിക്കപ്പെടുന്നു. അതേസമയം, വർഗീയ ലക്ഷ്യങ്ങളോടെ ചില ഇന്ത്യൻ സംസ്ഥാനങ്ങൾ രൂപപ്പെടുത്തുന്ന ബില്ലുകൾ ഒപ്പുവയ്ക്കുന്നതിൽ ഗവർണർമാർ എടുക്കുന്ന തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 200 പ്രകാരം നിയമസഭകളിൽ തയ്യാറാക്കുന്ന ബില്ലുകൾ രാഷ്ട്രപതിയിലേക്ക് എത്തിക്കുന്നതിനുള്ള അധികാരം ഗവർണർക്കാണ്. ഈ അധികാരപദവി അവർ എത്രത്തോളം ഉപയോഗിക്കുന്നുണ്ട് എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

ചില ബില്ലുകളിൽ ഗവർണർ ഒപ്പുവയ്ക്കാതിരിക്കുന്നത് നിയമനിർമ്മാണങ്ങളെ വൈകിപ്പിക്കുന്ന സ്ഥിതിയുണ്ടായ സാഹചര്യത്തിലാണ് തെലങ്കാനയും തമിഴ്നാടും കോടതിയെ സമീപിച്ചത്. ബില്ലുകൾ പിടിച്ചുവയ്ക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള മുഖ്യമന്ത്രി പറഞ്ഞത് സെപ്തംബർ 28നാണ്. ഗവർണർമാർ സർക്കാരുമായി വിവിധ ഘട്ടങ്ങളിൽ ആശയപരമായി വിയോജിച്ചും പ്രസ്താവനകളിലൂടെയും പ്രതികരണങ്ങളിലൂടെയും മാധ്യമ അഭിമുഖങ്ങളിലൂടെയും സ്വന്തം രാഷ്ട്രീയ വിയോജിപ്പ് വ്യക്തമാക്കിയും തുടരുന്ന ഈ ആഭ്യന്തര പ്രശ്‌നം ദക്ഷിണേന്ത്യയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും കാണാം. സംഘപരിവാറിന് എതിരെ നിൽക്കുന്ന, സാംസ്‌കാരികവും രാഷ്ട്രീയവുമായി ഹിന്ദുത്വ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തനങ്ങൾ ദക്ഷിണേന്ത്യയിലാണ് കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം പൊതുവായി ഗവർണർമാരുടെ അധികാരപരിധി ലംഘനങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ രൂപപ്പെടുന്നുണ്ട്. സംസ്ഥാനവും ഗവർണർമാരും തമ്മിലുള്ള ഈ ആഭ്യന്തര കലഹങ്ങളുടെ കാരണങ്ങൾ അന്വേഷിക്കുകയാണ് ഈ പരമ്പര.

കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. കടപ്പാട്:ani

‘പ്രതിപക്ഷ സംസ്ഥാനങ്ങൾ’ എന്ന പ്രയോഗം

ഓപ്പൺ മാസികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം ‘പ്രതിപക്ഷ സംസ്ഥാനങ്ങൾ’ എന്ന വാക്കുകൊണ്ട് അഭിസംബോധന ചെയ്തത് ഇന്ത്യയിൽ ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ്. പ്രതിപക്ഷ സംസ്ഥാനങ്ങൾ എന്ന് ചില സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടുമ്പോൾ അവയെല്ലാം യൂണിയൻ സർക്കാരിലുള്ള പാർട്ടിക്ക് സാധ്യമായ ഭരണപക്ഷ സംസ്ഥാനങ്ങളാണ് എന്ന രാഷ്ട്രീയ ലക്ഷ്യവും പ്രകടമാക്കുന്നതാണ്.

2023 ജൂലൈയിൽ ഇന്ത്യൻ നാഷണൽ ഡവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇൻഡ്യ) രൂപീകരിക്കപ്പെട്ടതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ പ്രായോഗികമായ ചേർന്നുനിൽക്കലിന്റെ സാധ്യതകളാണ് തുറക്കപ്പെട്ടത്. വോട്ടുകൾ പലതായി വിഭജിക്കപ്പെട്ട് പോകാതെ, ബി.ജെ.പിയെ തെരഞ്ഞെടുപ്പിൽ നേരിടാനായി ദൃഢമായൊരു പ്രതിപക്ഷം ഓരോ തെരഞ്ഞെടുപ്പിന് ശേഷവും ഉയർന്നുവരാറുള്ള രാഷ്ട്രീയ ആവശ്യവുമായിരുന്നു. ഇൻഡ്യയിൽ അംഗമാകാൻ ഇനിയും രാഷ്ട്രീയ പാർട്ടികൾ ബാക്കിയുമുണ്ട്, ന്യൂനപക്ഷ, മർദ്ദിതപക്ഷ രാഷ്ട്രീയത്തെ എത്രത്തോളം ഇൻഡ്യയ്ക്ക് ഉൾക്കൊള്ളാനാകും എന്ന ചർച്ചയും ഉയരുന്നുണ്ട്. ഇൻഡ്യയുടെ രൂപീകരണത്തോടെ ബി.ജെ.പി ഇതര പാർട്ടികൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ പ്രവർത്തനങ്ങൾ മുൻപത്തെക്കാൾ കൂടുതൽ ശക്തമാക്കുന്നതും ശ്രദ്ധേയമാണ്.

ഓപ്പൺ മാ​ഗസിനിലെ ലേഖനം.

ശക്തമായ എതിർപ്പാണ് ഈ സഖ്യകക്ഷിക്കെതിരെ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉയർന്നത്. ഇൻഡ്യ എന്ന പേര് പ്രതിപക്ഷ പാർട്ടികളുടെ സഖ്യകക്ഷി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി. ജൂലൈയിൽ ‘ഓപ്പൺ’ മാഗസിനിൽ രാജീവ് ദേശ്പാണ്ഡേയും അമിതാ ഷായും ചേർന്നെഴുതിയ, ‘എ കോൾ റ്റു ആംസ്, കാൻ ദ ഗ്രാൻഡ് അലയൻസ് ഓഫ് ഒപ്പോസിഷൻ സർവൈവ് ഇറ്റ്‌സ് ഇൻബിൽറ്റ് കോൺട്രഡിക്ഷൻസ് ബിഫോർ ടേക്കിങ് ഓൺ ദ റൂളിങ് കൊയലിഷൻ ലെഡ് ബൈ മോഡി അറ്റ് ഹിസ് പീക്?’ എന്ന ലേഖനം ഇൻഡ്യ സഖ്യകക്ഷിയെ പ്രശ്‌നവൽക്കരിക്കുന്നതാണ്. മോദിക്കെതിരെ രൂപപ്പെട്ട് മുന്നിലേക്ക് വരുമ്പോൾ ഈ സഖ്യകക്ഷിക്ക് അതിന്റെ ഉള്ളിൽത്തന്നെ അടങ്ങിയിരിക്കുന്ന വെെരുധ്യങ്ങളെ മറികടക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ഈ ലേഖനം ഉന്നയിക്കുന്നത്. ലേഖനത്തിൽ നിന്നുള്ള ഭാഗങ്ങൾ ഇങ്ങനെ,

“പ്രതിപക്ഷ പാർട്ടികളുടെ സഖ്യകക്ഷിക്ക് ഇൻഡ്യ എന്ന് പേരിട്ടത് തന്ത്രപരമായ നീക്കമാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ വേഴ്‌സസ് ഇൻഡ്യ എന്ന് തലക്കെട്ടുകൾ വരുമ്പോൾ അത് പ്രതിയോഗികളുടെ ആഗ്രഹം നിറവേറ്റും- ഭരണത്തിലിരിക്കുന്ന പാർട്ടി ഇന്ത്യയുടെ മൂല്യങ്ങൾക്കും സ്വത്വത്തിനും എതിരാണ് എന്ന തരത്തിലുള്ളത്. ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് എന്ന പേര് പൂർണരൂപത്തിൽ പറയാൻ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ബുദ്ധിമുട്ടി. ദേശീയ തെരഞ്ഞെടുപ്പിനെ ഇന്ത്യയുടെ രണ്ട് ആശയങ്ങൾ തമ്മിലുള്ള സംഘർഷമായി അവതരിപ്പിക്കുന്ന സങ്കൽപം പുതിയതല്ല. 2014ലും 2019ലും മോദി ഗവണ്മെന്റ് അധികാരത്തിലെത്തിയപ്പോൾ അതുണ്ടായിട്ടുണ്ട്. ഇൻഡ്യ എന്ന ചുരുക്കപ്പേരിനെ വെറും ലേബൽ മാറ്റമാക്കി തള്ളിക്കളയുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. ക്ഷേമ പദ്ധതികളുടെ കൈമാറ്റത്തിലുള്ള സുതാര്യത വർധിപ്പിക്കുന്നതിനെക്കുറിച്ചും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർക്കെതിരായ അഴിമതി അന്വേഷണങ്ങളെക്കുറിച്ചും പറഞ്ഞ്, പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്ര പദ്ധതികൾ മനപൂർവ്വം നടപ്പിലാക്കാതിരിക്കുകയാണ് എന്ന് കുറ്റപ്പെടുത്തുകയും, തന്റെ സർക്കാർ പക്ഷപാതപരമായി പ്രവർത്തിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.”

“എൻഡിഎ 2019ൽ 45 ശതമാനം വോട്ട് നേടിയെന്നും എൻ.ഡി.എയുടെ 303 സീറ്റുകളിൽ 225 എണ്ണം 50 ശതമാനത്തിൽ കൂടുതൽ വോട്ടുകൾ നേടിയെന്നും മോദി കേൾവിക്കാരെ ഓർമിപ്പിച്ചു. പ്രതിപക്ഷ സഖ്യകക്ഷികളെ ചെറുതാൽപര്യങ്ങളുടെ കൂട്ടായ്മയെന്ന് വിശേഷിപ്പിച്ച മോദി, സ്വയം സംരക്ഷിക്കുക എന്ന ഉള്ളടക്കം മാത്രമാണ് ഈ പാർട്ടികളുടെ അടിസ്ഥാനം എന്നും പറഞ്ഞു. ഈ പ്രതിപക്ഷ പാർട്ടികൾ എപ്പോഴും സാധാരണ പൗരരുടെ കോമൺസെൻസിനെ കുറച്ചുകാണുകയാണ് ചെയ്യുന്നത്. പക്ഷേ ഈ രാജ്യത്തെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അവരെല്ലാം മനസ്സിലാക്കുന്നുണ്ട്, ഈ സഖ്യകക്ഷിയെ ചേർത്തുനിർത്തുന്നത് എന്താണ് എന്ന് അവർക്കറിയാം- മോദി പറഞ്ഞു.”

തുടർന്ന്, ലേഖനം സഖ്യകക്ഷിക്ക് പേര് തീരുമാനിച്ചതിനെ കുറിച്ചും പറയുന്നു. ‘ഇൻഡ്യ’ എന്ന പേര് തീരുമാനിക്കുന്നതിന് മുമ്പ് ഏതൊക്കെ പേരുകൾ ആലോചിച്ചുവെന്നും എൻ.ഡി.എയിൽ ഉൾപ്പെട്ട വാക്കായതിനാലായിരിക്കാം ഡെമോക്രാറ്റിക് എന്ന വാക്ക് ഉൾപ്പെടുത്താതിരുന്നത് എന്നും പറയുന്നു. ലേഖനത്തിന്റെ അടുത്ത ഭാഗം എൻ.ഡി.എയുടെ സഖ്യകക്ഷിയുടെ വലിപ്പത്തെക്കുറിച്ചുള്ള വിശദീകരണങ്ങളാണ്. “ബിജെപിക്ക് പത്ത് സംസ്ഥാനങ്ങളിലാണ് മുഖ്യമന്ത്രിമാരുള്ളത്. 2019ൽ എൻ.ഡി.എ വിജയിച്ച 353 സീറ്റുകളിൽ 303 സീറ്റുകളും ബി.ജെ.പിയുടേതാണ്. മഹാരാഷ്ട്രയിലും നോർത്ത് ഈസ്റ്റിലും സ്വാധീനം വ്യാപിപ്പിക്കാൻ കഴിഞ്ഞത് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ മുന്നിൽത്തന്നെ നിലനിർത്തും.” ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ‘2024 ദ കൗണ്ട് ഡൗൺ’ എന്ന ടാഗ് ലൈനിന് കീഴെയാണ് എന്നതും ശ്രദ്ധേയമാണ്. ഇതേ ടാഗ് ലെെനിൽ, ഇൻഡ്യ സഖ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തുടർന്നും പ്രസിദ്ധീകരിക്കുന്നുണ്ട്.

അധികം വൈകാതെ ഈ നിലപാടിന്റെ പ്രതികരണങ്ങൾ ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിച്ചു. ഇന്ത്യ എന്നതിന് പകരം, ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഭാരത്’ എന്ന നെയിംകാർഡ് ഉപയോഗിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനും ‘ഭാരതത്തിന്റെ രാഷ്ട്രപതി’ എന്ന നെയിം കാർഡാണ് ഉപയോഗിച്ചത്. രാജ്യത്ത് ഇനി ഒറ്റ തെരഞ്ഞെടുപ്പ് നടത്തുമെന്ന പ്രഖ്യാപനവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യ പരിമിതികളെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും പിന്നാലെ പുറത്തുവന്നു.

ജി 20 ഉച്ചകോടിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോ​ദി. കടപ്പാട്:pti

ആഗസ്റ്റ് 10ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ച ‘ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്‌സ് അപ്പോയ്ന്റ്‌മെന്റ്, കണ്ടീഷൻസ് ഓഫ് സർവീസ് ആൻഡ് ടേം ഓഫ് ഓഫീസ് ബിൽ’ തെരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കാനുള്ള സെലക്ഷൻ കമ്മിറ്റിക്ക് പകരം സംവിധാനമുണ്ടാക്കാൻ ലക്ഷ്യമിട്ടതാണെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ശിക്ഷാനിയമം അപ്പാടെ പ്രയോഗത്തിൽനിന്നും എടുത്തുമാറ്റാനുള്ള തയ്യാറെടുപ്പുമായി ‘ഭാരതീയ ന്യായ സംഹിത’ എന്ന ബില്ലും ലോക്സഭയിൽ അവതരിപ്പിച്ചുകഴിഞ്ഞു.

ഇന്ത്യൻ യൂണിയനും ഫെഡറൽ ഘടനയും

കേന്ദ്രീകൃതവും അതേസമയം സംസ്ഥാനങ്ങൾക്ക് സ്വയംഭരണാധികാരവുമുള്ള അധികാരഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനയിൽ യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെ നിശ്ചിതതലങ്ങളിലാണ് ഭരണനിർവഹണം നടക്കുന്നത്. ഓരോ സംസ്ഥാനത്തിന്റെയും രൂപീകരണം ഭാഷ, വംശം, പ്രാദേശികത, സാംസ്കാരികത എന്നീ ഘടകങ്ങളാൽ ഇതിനോടകം തന്നെ നിർണ്ണയിക്കപ്പെട്ടതാണ്. സംസ്ഥാനങ്ങളുടെ സ്വാശ്രയത്വം ഇന്ത്യയുടെ പ്രത്യേകതയാണ്. ഇന്ത്യയുടെ വെെവിധ്യം എന്ന് പറയപ്പെടുന്നത് സംസ്ഥാനങ്ങളുടെ സാംസ്കാരിക വെെവിധ്യം കൂടിയാണ്. സംസ്ഥാനങ്ങളുടെ പ്രാദേശികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളോ, ഭാഷാപരമായ തനിമയോ, മതവിശ്വാസപരമായ ഗോത്ര പാരമ്പര്യങ്ങളോ ഏക പൗര നിയമാവലികൊണ്ട് ഏകീകരിക്കാൻ കഴിയുന്നതല്ല. എന്നാൽ, കേന്ദ്രിതമായ ഘടനയ്ക്ക് കീഴെ മാത്രമാണ് സംസ്ഥാനങ്ങളുടെ നിലനിൽപ്പ്. ഫെഡറൽ ഘടനയിലെ ആ അധികാര സാധ്യതയെ ഉപയോഗപ്പെടുത്തിയാണ് കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാർ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്നത്.

2015ലെ ചെന്നൈ പ്രളയത്തിന്റെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തിയെന്ന തരത്തിൽ എഡിറ്റ് ചെയ്‌തൊരു ചിത്രം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റ് ചെയ്ത സംഭവം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനപരതയുടെ ആദ്യകാല സൂചകമായിരുന്നു. എന്നാൽ പ്രളയ ദുരന്തങ്ങൾ നേരിട്ട സംസ്ഥാനങ്ങളോട് കേന്ദ്രം എങ്ങനെയാണ് ഭരണപരമായി പ്രതികരിച്ചത്? 2018ൽ പ്രളയമുണ്ടായപ്പോൾ കേരളം നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 4,700 കോടി രൂപ സഹായധനം കേന്ദ്രം നൽകിയില്ല. തുടർന്ന് 2019ൽ പ്രളയം വീണ്ടും വന്നപ്പോൾ മുൻവർഷത്തെ തുക പൂർണമായും ഉപയോഗിച്ചില്ല എന്ന് കേന്ദ്ര സർക്കാർ ആരോപിക്കുകയുമുണ്ടായി.

കോവിഡ് മഹാമാരിയെ തുടർന്ന് 2020 മാർച്ച് 21ന് ഒരു മുന്നറിയിപ്പുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂ കാരണം കുടിയേറ്റ തൊഴിലാളികളുടെ പിന്മടക്കം സംസ്ഥാനങ്ങൾക്കിടയിൽ വലിയ പ്രതിസന്ധിയായി നിന്നത് ഇന്ത്യയുടെ ജനാധിപത്യ, ഫെഡറൽ ഘടന എത്തിച്ചേർന്നിരിക്കുന്ന അപകടകരമായ അവസ്ഥയുടെ വലിയ തെളിവാണ്. ഒരു സംസ്ഥാനത്തെ എത്ര പേർ കുടിയേറ്റ തൊഴിലാളികളായി മറ്റൊരു സംസ്ഥാനത്ത് തൊഴിൽ ചെയ്യുന്നുണ്ട് എന്നതിനെക്കുറിച്ച് സർക്കാരിന്റെ കൈവശം കണക്കുകൾ പോലുമില്ല. തളർന്നെത്തിയവർക്ക് മേൽ അണുനാശിനി തളിച്ചതും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ സൗകര്യമാവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തതും നമ്മൾ കണ്ടു. ഇന്ത്യയിലേക്ക് കോവിഡ് എത്താൻ കാരണം ഡൽഹിയിൽ നടന്ന, വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത തബ്ലീഗി ജമാഅത് സമ്മേളനമാണ് എന്ന വിദ്വേഷ വ്യാജവാർത്ത ദേശീയമാധ്യമങ്ങൾ ആവർത്തിച്ചത് ആഭ്യന്തരസുരക്ഷയുടെ വാൾചൂണ്ടിക്കൊണ്ടാണ്. ഓരോ സംസ്ഥാനങ്ങളിലെയും ആരോഗ്യസംവിധാനങ്ങളുടെ നില കോവിഡിനെ തുടർന്ന് വെളിപ്പെടുകയുണ്ടായി. അതേസമയം, പ്രാണവായു വിലകൊടുത്ത് വാങ്ങാൻ കഴിയാതെ മരണപ്പെട്ട ആളുകളും, മണ്ണിലടക്കാനോ ദഹിപ്പിക്കാനോ കഴിയാതെ കൂട്ടിയിട്ട മൃതദേഹങ്ങളും എത്രയെന്ന് വിവരങ്ങളില്ല എന്നാണ് സർക്കാർ പാർലമെന്റിൽ പറഞ്ഞത്.

കോവിഡ് മഹാമാരിയുടെ കാലത്തെ പലായനം. കടപ്പാട്:the hindu

മഹാമാരി കാലത്ത്, മേഘാലയയിൽ ഡ്രൈവിംഗ്, കച്ചവടം ഉൾപ്പെടെ പൊതു ഇടപെടൽ ആവശ്യമുള്ള തൊഴിൽ ചെയ്യുന്നവർക്കെല്ലാം വാക്സിനേഷൻ നിർബന്ധമാക്കിയപ്പോൾ സർക്കാരിന്റെ ഈ നയത്തെ ചോദ്യം ചെയ്തുകൊണ്ട് മേഘാലയ ഹെെക്കോടതി ചീഫ് ജസ്റ്റിസ് ബിസ്വനാഥ് സോമദ്ദേർ പുറത്തിറക്കിയ വിധി, വാക്സിനേഷൻ ചെയ്തില്ലെങ്കിൽ തൊഴിൽ ചെയ്യാൻ കഴിയില്ലെന്ന സർക്കാർ സമീപനത്തെ വിമർശിച്ചുകൊണ്ടുള്ളതായിരുന്നു. ഒരു സൂചി പോലും ഒരാളുടെ ശരീരത്തിൽ കയറുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനുള്ള പരിപൂർണ്ണ അവകാശം അയാൾക്ക് തന്നെയാണെന്ന്, ശാരീരിക പരമാധികാരത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട്, അത് അബോർഷൻ അവകാശത്തെയോ ലിംഗമാറ്റ ശസ്ത്രക്രിയാ അവകാശത്തെയോ വന്ധ്യംകരണം ചെയ്യാതിരിക്കാനുള്ള അവകാശത്തെയോ പോലെയാണ് എന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാൽ, രാഷ്ട്രീയ സമ്മർദ്ദത്തിന് കീഴിൽ, അതിവേഗം പുറത്തിറക്കിയ ‘കോവാക്സിൻ’ എന്ന ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ മതിയായ വാക്സിൻ ട്രയൽ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടില്ലെന്ന റിപ്പോർട്ട് പിന്നീട് പുറത്തുവന്നു.

നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ മുൻ അംഗമായ ജേക്കബ് പുളിയേൽ, സുപ്രീംകോടതിയിൽ വാക്‌സിൻ ട്രയൽ സംബന്ധിച്ച ഒരു പൊതു താൽപര്യ ഹർജി സമർപ്പിച്ചിരുന്നു. ക്ലിനിക്കൽ ട്രയലുകളിൽ നിന്നുള്ള വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് ഈ ഹർജി. അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ പ്രതിനിധീകരിച്ച പരാതിയിൽ, ഇന്ത്യയിൽ കോവിഡ് പ്രതിരോധത്തിനായി നിർമ്മിച്ച വാക്‌സിനുകൾ സുരക്ഷാ, കാര്യക്ഷമത പരീക്ഷണങ്ങൾക്ക് വിധേയമാക്കിയത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാതെ അവയ്ക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്നത് ലോകാരോഗ്യ സംഘടന, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് എന്നീ സംഘടനകളുടെ മാർഗനിർദേശങ്ങളുടെ ലംഘനമാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ കോവാക്‌സിനും കോവിഷീൽഡിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകാൻ തിരക്കിട്ടിരുന്നില്ല എന്നാണ് സുപ്രീംകോടതി ഈ പരാതിയോട് പ്രതികരിച്ചത്.

കോവിഡ് വാക്സിനെടുക്കാൻ നിൽക്കുന്നവരുടെ ക്യൂ. കടപ്പാട്:bbc

മണിപ്പൂരിൽ ആഭ്യന്തരകലാപം ആറുമാസത്തോളമായി തുടരുകയാണ്. മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും മുസ്ലീങ്ങളുടെ കൊലപാതകങ്ങൾ ദെെനംദിന സംഭവങ്ങളായിത്തീർന്നു. ഹെെന്ദവ മതാഘോഷങ്ങൾ മുസ്ലീം വംശഹത്യയ്ക്കും ദലിത്, ആദിവാസി വിഭാഗങ്ങളിലുള്ളവർക്കും ഇതര മതവിശ്വാസികൾക്കുമെതിരായ അയിത്താചരണത്തിനുമുള്ള അവസരങ്ങളാക്കുന്ന വിദ്വേഷ പ്രസംഗ വേദികളായി മാറുന്നു. വിദ്വേഷ പ്രസംഗങ്ങൾ അമർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ ഷഹീൻ അബ്ദുള്ള സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിട്ട് പെറ്റിഷൻ പരിഗണിച്ചുകൊണ്ട് 2022 ഒക്ടോബർ 21ന് വന്ന ഉത്തരവ് ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനത്തിന് വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സ്വമേധയാ കേസെടുക്കാനുള്ള നിർദേശം നൽകിക്കൊണ്ടുള്ളതായിരുന്നു. അങ്ങനെ ചെയ്യാത്ത പക്ഷം അത് കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും വിധിയിൽ സൂചിപ്പിച്ചു. ഏപ്രിൽ 2023ൽ ഇത് എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങൾ‍ക്കും ബാധകമാക്കിക്കൊണ്ടുള്ള വിധി വന്നു.

2019 ഓഗസ്റ്റ് 5ന് ജമ്മു ആന്റ് കശ്മീർ എന്ന സംസ്ഥാനത്തിന്റെ ഭരണഘടനാദത്തമായ പ്രത്യേകപദവി നീക്കംചെയ്യപ്പെട്ടു. ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണപ്രദേശങ്ങളായി ജമ്മു ആന്റ് കശ്മീർ മാറി. ഇതേക്കുറിച്ച് ജനങ്ങളെ അറിയിക്കാതെ, മൗലികമായ എല്ലാ അവകാശങ്ങളും സസ്‌പെൻഡ് ചെയ്തുകൊണ്ട്, ആശയവിനിമയ സൗകര്യങ്ങൾ ഇല്ലാതാക്കിക്കൊണ്ട്, രാഷ്ട്രീയ നേതാക്കളെയും മനുഷ്യാവകാശ പ്രവർത്തകരെയും അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തു. അതിനെ ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ ഫയൽ ചെയ്യപ്പെട്ട പരാതികളിൽ വാദം തുടങ്ങിയത് 2023 ആഗസ്റ്റിലും. അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്ന, സ്വയംനിർണയ അവകാശ സമരം ശക്തമായി നിലനിൽക്കുന്ന, മാധ്യമ‌പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുകയും മാധ്യമസ്ഥാപനങ്ങൾക്ക് വിലക്ക് വീഴുകയും ചെയ്യുന്ന, രാജ്യത്ത് ഏറ്റവുമധികം സെെനികവൽക്കരിക്കപ്പെട്ട സംസ്ഥാനത്ത് സൈനിക സന്നാഹത്തോടെയുള്ള ലോക്ഡൗൺ പ്രഖ്യാപിച്ചത് ചർച്ചയില്ലാതെ ഗവർണർ ഒപ്പുവെച്ച ഒരു ഉത്തരവിലൂടെയാണ്.

ശ്രീന​ഗർ, ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള കർഫ്യൂ ദിവസം. കടപ്പാട്:indianexpress

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ തലേദിവസം വൈകുന്നേരം, പിറ്റേ ദിവസം രാവിലെ ഒരു കത്ത് അയക്കുമെന്നും അത് കമ്മിറ്റി വഴി പാസാക്കി തനിക്ക് അയക്കണമെന്നും ആഭ്യന്തര മന്ത്രിയുടെ നിർദേശം കിട്ടിയിരുന്നതായും പ്രത്യേക പദവി എടുത്തുകളയുന്നതിനെക്കുറിച്ചും കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ചും തന്നെ അറിയിച്ചിരുന്നില്ലെന്നും അന്നത്തെ ഗവർണർ സത്യപാൽ മാലിക് ‘ദ വയറിന്’ നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇക്കാര്യം ചർച്ച ചെയ്യാത്തതിൽ ബുദ്ധിമുട്ട് തോന്നിയില്ലെന്നും സത്യപാൽ മാലിക് പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെക്കുറിച്ചും അവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയതിനെക്കുറിച്ചും ചോദിച്ചപ്പോൾ സത്യപാൽ മാലിക് അതെല്ലാം നിഷേധിച്ചു.

ഇരുപത്തിയെട്ട് സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണപ്രദേശങ്ങളുമുള്ള ഇന്ത്യൻ യൂണിയൻ എന്ന കേന്ദ്രീകൃത ഘടനയ്ക്കുള്ളിൽ സംസ്ഥാനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ ചിലതുമാത്രമാണ് മേൽപറഞ്ഞവ. സ്ഥിരതയുള്ള ആരോഗ്യ സംവിധാനങ്ങളോ വിദ്യാഭ്യാസ സൗകര്യങ്ങളോ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുല്യമായി വിതരണം ചെയ്യപ്പെടുന്നില്ല. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ഗവണ്മെന്റ് മെഡിക്കൽ കൊളേജിൽ ഓക്സിജൻ ചികിത്സ ആവശ്യമുള്ള, ജാപ്പനീസ് എൻസിഫലെെറ്റിസ് ബാധിതരായ നൂറോളം കുഞ്ഞുങ്ങൾ, സർക്കാർ കുടിശ്ശിക അടയ്ക്കാത്തതുകാരണം ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് കൊല്ലപ്പെടുകയുണ്ടായി. വർഷങ്ങൾക്കിപ്പുറം ഒക്ടോബർ നാലിന് മഹാരാഷ്ട്രയിലെ നന്ദേഡിൽ രണ്ട് സർക്കാർ ആശുപത്രികളിലായി 31 രോഗികൾ മരിച്ചു. മരുന്നുകളും പരിചരണവും ലഭിക്കാതെയാണ് ഇവർ മരിച്ചതെന്ന് റിപ്പോർട്ടുകൾ വന്നു, രോഗചികിത്സയിലുള്ള വൃദ്ധരും തൂക്കക്കുറവുള്ള ശിശുക്കളും അപകടത്തിൽപ്പെട്ടവരുമാണ് മരിച്ചതെന്നും ആവശ്യത്തിനുള്ള മരുന്നുകൾ ആശുപത്രിയിൽ ഉണ്ടായിരുന്നു എന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ അവകാശപ്പെടുന്നു. എന്നാൽ മരണങ്ങൾക്കുള്ള പിന്നിലുള്ള പ്രധാന കാരണം മരുന്നുകളുടെ ക്ഷാമമാണ്. നഴ്‌സ്, വാർഡ് സ്റ്റാഫ് എന്നിവരുടെ എണ്ണത്തിലുള്ള കുറവും, ഹോസ്പിറ്റൽ സ്റ്റാഫിന്റെ അവഗണനാ മനോഭാവവുമാണ് മറ്റു കാരണങ്ങളെന്നു ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഔട്ട്‌ലുക് റിപ്പോർട്ട് ചെയ്യുന്നു.

സൗത്ത് വേഴ്സസ് നോർത്ത്, കവർ

‍ഡേറ്റ സയന്റിസ്റ്റ് നീലകണ്ഠൻ ആർ.എസിന്റെ ‘സൗത്ത് വേഴ്സസ് നോർത്ത്, ഇന്ത്യാസ് ഗ്രേറ്റ് ഡിവെെഡ്’ എന്ന പുസ്തകം അത്തരം ചില അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതയും നിലനിൽപ്പും എന്തുകൊണ്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വ്യത്യസ്തമായിരിക്കുന്നു എന്ന് വിശകലനം ചെയ്യുന്നുണ്ട്. ശിശുമരണനിരക്കും മാതൃമരണനിരക്കും ഡോക്ടർമാരുടെ എണ്ണവും ഗവണ്മെന്റ് ആശുപത്രികളിലെ കിടക്കകളുടെ എണ്ണവും ഇതിൽ നിർണ്ണായകമാകുന്നു. ഇന്ത്യയിൽ നന്നായി മുന്നോട്ടുപോകുന്ന സംസ്ഥാനങ്ങൾക്കും തകർന്ന അവസ്ഥയിലുള്ള സംസ്ഥാനങ്ങൾക്കും ഏകീകൃത നയങ്ങൾ പരിഹാരമല്ല. മധ്യേന്ത്യൻ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലുള്ള നയപരമായ പ്രശ്നങ്ങളെ നേരിടാൻ നയങ്ങളുടെ ഉള്ളടക്കമാണ് പഠനവിധേയമാക്കേണ്ടതെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അവയുണ്ടാക്കുന്ന ഫലങ്ങളിലാണ് പഠനം നടത്തേണ്ടതെന്നും പുസ്തകം നിരീക്ഷിക്കുന്നു. ‘മൾട്ടി ഡയമെൻഷണൽ ഡിപ്രെെവേഷൻ ഇൻ റൂറൽ ഇന്ത്യ എ സ്റേ്ററ്റ് ലെവൽ അനാലിസിസ്’ എന്ന ലേഖനത്തിൽ (ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി, ആഗസ്റ്റ് 2023) സൗമ്യബ്രത മൊണ്ടൽ, വിനയ് കുമാർ, പ്രിയബ്രത സാഹു (ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി) എന്നിവരെഴുതുന്നു, “ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങൾ ആധുനിക സൗകര്യങ്ങൾ ഇല്ലാത്തവരാണ്. സാമ്പത്തികവളർച്ചയും സാമ്പത്തിക പരിഷ്കരണങ്ങളും ഉണ്ടായിട്ടും ഇന്ത്യ ഇപ്പോഴും സാമൂഹ്യവും സാമ്പത്തികവുമായ വിടവുകൾ നേരിടുന്നുണ്ട്. വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ പലവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടും ഗ്രാമീണമേഖലയിൽ താമസിക്കുന്ന ഓരോ പൗരർക്കും അടിസ്ഥാന ജീവിതനിലവാരം ഉറപ്പാക്കാൻ പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കിയിട്ടും പ്രദേശങ്ങൾ തമ്മിലുള്ള സാമൂഹ്യ-സാമ്പത്തിക വ്യത്യാസങ്ങൾ നിലനിൽക്കുന്നു, (ദാസ്, മിസ്ട്രി, 2013) ദരിദ്രരും അതിധനികരും തമ്മിലുള്ള വ്യത്യാസങ്ങൾ വലുതായിക്കൊണ്ടിരിക്കുന്നു, ഇത് മൊത്തത്തിൽ ദേശീയമായൊരു ആഘാതമാണ് സൃഷ്ടിക്കുന്നത്, രാജ്യത്തിന്റെ ചിലഭാഗങ്ങൾ മാത്രം അതികഠിനമായ ദരിദ്രാവസ്ഥയിൽ ബാക്കിയാകുന്നു. ഒരു സമ്പദ് വ്യവസ്ഥയിലെ വ്യത്യസ്ത പ്രദേശങ്ങളിൽ ഇല്ലായ്മകളുടെ കാരണങ്ങളും വ്യത്യസ്തമായിരിക്കും.”

ബിഹാർ സർക്കാർ ഒക്ടോബർ മൂന്നിന് പ്രസിദ്ധീകരിച്ച ജാതി സെൻസസ് വിവരങ്ങൾ, സംസ്ഥാനത്തെ ജനസംഖ്യയുടെ അനുപാതം വെളിപ്പെടുത്തുന്നതാണ്. സവർണജാതിവിഭാഗങ്ങൾ 15.5 ശതമാനം ആയിരിക്കെ, അതീവ പിന്നോക്ക വിഭാഗങ്ങൾ, മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവർ സംസ്ഥാനജനസംഖ്യയുടെ 65 ശതമാനത്തിലധികമാണ്. ഇതേത്തുടർന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ജാതി സെൻസസ് നടത്തുകയും ഓരോ ജാതിവിഭാഗങ്ങളിലുമുള്ള ജനങ്ങൾക്കും വിഭവാധികാരം എങ്ങനെയാണ് നിലനിൽക്കുന്നത് എന്ന് കണ്ടെത്തുകയും വേണമെന്ന ആവശ്യം ഉയരുകയാണ്. 2011ന് ശേഷം ഇന്ത്യയിൽ പൊതുസെൻസസ് നടക്കേണ്ടിയിരുന്നത് 2021 ലാണ്. കോവിഡ് കാരണം സെൻസസ് നടന്നില്ല. സെൻസസ് പാർലമെന്റിൽ ചർച്ചാവിഷയമായത് വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയപ്പോൾ മാത്രമാണ്.

ഗവർണർമാർക്കെതിരായ കേസുകൾ

ഗവർണർമാർക്കെതിരെ തെലങ്കാന, തമിഴ്നാട് സർക്കാരുകൾ സുപ്രീം കോടതിയെ സമീപിച്ചത് 2022, 2023 വർഷങ്ങളിലാണ്. എട്ടു ബില്ലുകളിൽ ഗവർണർ ഒപ്പു വെക്കാത്തത് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേരള സർക്കാർ ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ‘ദ വീക്ക്’ മാഗസിന് നൽകിയ അഭിമുഖത്തിൽ, ഗവർണർ പദവി ഇല്ലാതാക്കപ്പെടണമെന്നത് ഡി.എം.കെയുടെ നിലപാടാണ് എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറയുന്നുണ്ട്. തമിഴ്നാട് സർക്കാർ തുടക്കമിട്ട ‘സ്കൂൾ ബ്രേക്ഫാസ്റ്റ്’ പദ്ധതിക്കെതിരെ വലതുപക്ഷ മാധ്യമങ്ങൾ നടത്തിയ റിപ്പോർട്ടിംഗിന്, സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾക്കെതിരെ പ്രധാനമന്ത്രി മോദി നടത്തിയ ‘ഫ്രീബെെ’ ആരോപണവുമായി സമാനതകളുണ്ട്. “ജനങ്ങളിൽ നിന്ന് പിരിക്കുന്ന നികുതിപ്പണം കൊണ്ട് സൗജന്യ വിതരണം നടക്കുന്നത് കണ്ടാൽ അവർക്ക് വേദന തോന്നും, എന്നാൽ തന്റെ നികുതിപ്പണം കൊറോണ കാലത്ത് കോടിക്കണക്കിന് ആളുകൾക്ക് ഭക്ഷണം കൊടുക്കാൻ ഉപയോഗിച്ചതാണ് എന്നറിഞ്ഞാൽ അവർ സന്തോഷിക്കും വീണ്ടും നികുതി അടയ്ക്കും.” മോദി പറഞ്ഞു. പി.എം ആവാസ് യോജനയുടെ ഭാഗമായി നിർമിച്ച വീടുകളുടെ പട്ടയം കൈമാറുന്ന ചടങ്ങിൽ ആയിരുന്നു മോദിയുടെ ഈ പ്രസ്താവന. അതോടൊപ്പം സംസ്ഥാന സർക്കാർ ഫണ്ടുകൾ ചെലവഴിക്കുന്നതിലുള്ള ധാരാളിത്തത്തിനെതിരെ അണിനിരക്കാനും ആഹ്വാനം ചെയ്തു.

ഗവർണർമാർ ഇടപെടുന്നു

2010ൽ രജിസ്റ്റർ ചെയ്ത ഒരു എഫ്.ഐ.ആറിൽ അരുന്ധതി റോയ്, കശ്മീരി പ്രൊഫസർ ഷെയ്ഖ് ഷൗകത് ഹുസെെൻ എന്നിവരെ വിചാരണ ചെയ്യാനുള്ള ഉത്തരവ് നൽകിയിരിക്കുകയാണ് 2023 ഒക്ടോബറിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന. കമ്മിറ്റി റ്റു റിലീസ് പൊളിറ്റിക്കൽ പ്രിസണേഴ്സ് 2010 ഒക്ടോബറിൽ ഡൽഹിയിൽ വെച്ച് നടത്തിയ ‘ആസാദി ദ ഓൺലി വേ’ എന്ന പരിപാടിയിലെ പരാമർശങ്ങളെക്കുറിച്ചുള്ള പരാതിയിലാണ് ന്യൂ ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കേസ് രജിസ്റ്റർ ചെയ്തത്. സി.ആർ.പി.സി 196ന് കീഴിലാണ് കേസ് (ഭരണകൂടത്തിനെതിരായ കുറ്റകൃത്യം). കേസിലെ മറ്റ് രണ്ട് കുറ്റാരോപിതർ കശ്മീരി രാഷ്ട്രീയ പ്രവർത്തകരായ സയ്യിദ് അലി ഷാ ഗീലാനിയും എസ്.എ.ആർ ഗീലാനിയുമാണ്.

ഡൽഹി ലഫ്റ്റനന്റ് ​ഗവർണർ വി.കെ സക്സേനയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. കടപ്പാട്:indiatoday

രാജ്യത്തെ വിവിധ ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളേക്കാൾ സങ്കീർണ്ണമാണ് ലഫ്റ്റനന്റ് ഗവർണർ പദവി നിലനിൽക്കുന്ന ഡൽഹി സംസ്ഥാനത്തെ പ്രശ്നങ്ങൾ. ഡൽഹിയിൽ കാലങ്ങളായി നിലനിൽക്കുന്ന ഭരണനിർവഹണ സംഘർഷങ്ങളുടെ ഒടുവിലാണ് ഡൽഹി സർവീസസ് ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കുന്നത്. ഈ നിയമ(ഗവണ്മെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി അമെൻഡ്മെന്റ് ബിൽ 2023)ത്തിലൂടെ ഡൽഹി മുഖ്യമന്ത്രിയുടെ അധികാര പരിധിയിലേക്ക് കേന്ദ്രഗവണ്മെന്റിന്റെ നേരിട്ടുള്ള ഇടപെടൽ കൂടി വരും. ദേശീയ തലസ്ഥാനമെന്ന പ്രത്യേക പദവി നിലനിൽക്കെ, പ്രാദേശികവും ദേശീയവുമായ താൽപര്യങ്ങളെ സന്തുലിതമാക്കാൻ നിയമപരമായി ഒരു ഭരണപദ്ധതി രൂപീകരിക്കേണ്ടതുണ്ട്, ബിൽ സംബന്ധിച്ച സർക്കാർ ഉത്തരവ് പറയുന്നു. ഡൽഹി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സ്ഥിര സമിതി രൂപീകരിക്കും, ട്രാൻസ്ഫർ പോസ്റ്റിങ്, വിജിലൻസ് തുടങ്ങിയ വിഷയങ്ങളിൽ ലഫ്റ്റനന്റ് ഗവർണർക്ക് നാമനിർദേശങ്ങൾ നൽകേണ്ടത് ഈ സമിതിയാണ്.

ഡൽഹി, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കവർ ചെയ്യുന്ന ‘ഫസ്റ്റ് ഇന്ത്യ’ എന്ന മാധ്യമത്തിന്റെ ഒരു കവർ പേജ് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ് സെപ്തംബർ 2ന് എക്സിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. മോദിയുടെ ഫോട്ടോയെ്ക്കാപ്പം, ‘ദരിദ്രർക്കൊപ്പം നിൽക്കുന്ന പ്രധാനമന്ത്രി’ എന്ന തലക്കെട്ടോടെയാണ് ആ പേജ്. ഈ പേജ് ഫസ്റ്റ് ഇന്ത്യ ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫ് ഡോ. ജഗദീഷ് ചന്ദ്ര സമ്മാനിച്ചതാണ് എന്നും എക്സ് പോസ്റ്റിൽ സി.വി ആനന്ദബോസ് പറയുന്നു. ബംഗാൾ ഗവർണറുടെ രാഷ്ട്രീയ പക്ഷപാതിത്വം വ്യക്തമാക്കുന്നതായിരുന്നു ഈ പോസ്റ്റ്.

“വെസ്റ്റ് ബംഗാളിൽ നിന്നും മത്സരിച്ച് ജനസമ്മതിയോടെ അധികാരത്തിൽ വരാൻ കഴിയുമോ എന്നു നോക്കൂ, അടിച്ചേൽപിക്കുംമുമ്പ്. ഇന്ത്യ ഒരു ഫെഡറൽ ഘടനയ്ക്ക് മേൽ സ്ഥാപിതമാണ് എന്നും ഓർമിപ്പിക്കുന്നു.”

“സംഘ് തന്ത്രങ്ങൾ ബംഗാളിൽ നടപ്പിലാകുകയില്ല.” “ബംഗാൾ ഗവർണർ ഉടനെ രാജിവെക്കുക.” എന്നിങ്ങനെയുള്ള കമന്റുകളാണ് ഈ പോസ്റ്റിൽ വന്നത്.

ബം​ഗാൾ ​ഗവർണർ സി.വി ആനന്ദബോസിന്റെ എക്സ് പോസ്റ്റ്.

സംസ്ഥാന സർവ്വകലാശാലകളിലേക്കുള്ള വൈസ് ചാൻസലർമാരെ നിയമിക്കുക എന്ന ചുമതലയിൽ നിന്നും വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുക എന്നതിലേക്ക് ഗവർണർ തന്റെ അധികാരപരിധി ലംഘിച്ചതിനെതിരെ സുപ്രീം കോടതിയിൽ കേസ് നടക്കുന്നുണ്ട്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗവർണറുടെ നടപടിയെ ഏകാധിപത്യപരം എന്നാണ് വിശേഷിപ്പിക്കുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ആവാസ് യോജന, ഗ്രാം സഡക് യോജന എന്നിവയ്ക്കുള്ള ഫണ്ടുകൾ കേന്ദ്രം വിതരണം ചെയ്യാതിരിക്കുകയാണ് എന്നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പരാതിപ്പെടുന്നത്. 1.15 ലക്ഷം കോടി തുക കേന്ദ്രത്തിൽ നിന്നും സർക്കാരിന് ലഭിക്കാനുണ്ടെന്നും അതിൽ 15,000 കോടി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേതും ആവാസ് യോജനയുടേതും ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. എംഎൽഎമാരുടെ ശമ്പളം ഉയർത്തുന്നത് സംബന്ധിച്ച ബിൽ ഗവർണറുടെ ക്ലിയറൻസ് ലഭിക്കാതെ കിടക്കുകയാണ് എന്ന് ഒക്ടോബർ 16ന് റിപോർട്ട് ചെയ്യപ്പെട്ടു.

2020 ഡിസംബറിൽ ആണ് ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി മുൻ ബി.ജെ.പി നേതാവും ഗുജറാത്തിൽ നരേന്ദ്രമോദി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയും ആയിരുന്ന പ്രഫുൽ ഖോഡാ പട്ടേലിനെ നിയമിച്ചത്. ഏകപക്ഷീയമായ ആ നിയമനത്തിലൂടെ ദ്വീപിലെ ജനങ്ങൾക്കെതിരായ നടപടികൾ തുടർച്ചയായി കൈക്കൊണ്ട പ്രഫുൽ ഖോഡാ പട്ടേലിനെതിരെ ദ്വീപിൽനിന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഭൂമിശാസ്ത്രപരമായി വളരെയധികം പ്രത്യേകതയുള്ള ലക്ഷദ്വീപിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും വൻകിട ടൂറിസം പദ്ധതികൾ രൂപീകരിക്കുകയും ചെയ്തത് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളിൽ ചിലത് മാത്രം.

കഴിഞ്ഞ ഒരു വർഷത്തിനിടെ ബി.ജെ.പി ഇതര പാർട്ടികളിൽ നിന്നുള്ള ജനപ്രതിനിധികൾ ജനാധിപത്യ സംവിധാനത്തിനകത്ത് നേരിട്ട അനുഭവങ്ങളിൽ ചിലത് ഇങ്ങനെയാണ്. ഉത്തർപ്രദേശ് അമ്രോഹയിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ബി.എസ്.പിയുടെ ഡാനിഷ് അലി. മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. സെപ്തംബറിൽ ബി.ജെ.പിയുടെ സൗത്ത് ഡൽഹി എം.പി രമേഷ് ബിധുരി ഡാനിഷ് അലിക്കെതിരെ പാർലമെന്റിൽ വെച്ച് വംശീയ അധിക്ഷേപങ്ങൾ നടത്തി. പാർലമെന്റ് പ്രിവിലേജസ് കമ്മിറ്റിയുടെ പരിഗണനയിലാണ് ഈ കേസ്.

രമേഷ് ബിധുരിയും ഡാനിഷ് അലിയും. കടപ്പാട്:etv

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ആദ്യത്തെ വനിതാ മന്ത്രി ചന്ദിര പ്രിയങ്ക എന്ന ദലിത് യുവതിയാണ്. ഗതാഗതം ഉൾപ്പെടെയുള്ള വകുപ്പുകളാണ് അവർ കെെകാര്യം ചെയ്തിരുന്നത്. ജാതീയവും ലിംഗപരവുമായ വിവേചനം നേരിട്ടുവെന്ന് ചൂണ്ടിക്കാണിച്ച് ഒക്ടോബർ 10ന്, ചന്ദിര പ്രിയങ്ക മുപ്പതംഗ അസംബ്ലിയിൽ നിന്നും രാജിവെച്ചു. രാഷ്ട്രീയ ഗൂഢാലോചന, പണാധികാരം എന്നീ കാരണങ്ങളും അവരുടെ രാജിക്കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, പുതുച്ചേരി ലഫ്റ്റനന്റ് ഗവർണറും തെലങ്കാന ഗവർണറുമായ തേൻമൊഴി സൗന്ദരരാജൻ പ്രിയങ്കയുടെ രാജിയോട് പ്രതികരിച്ചത്, മന്ത്രിയോട് ബഹുമാനത്തോടുകൂടിയാണ് ഇടപെട്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി രംഗസ്വാമി എപ്പോഴും ഒരു പിതാവിന്റെ കരുതൽ അവരോട് കാണിച്ചിട്ടുണ്ട് എന്നുമാണ്. മുഖ്യമന്ത്രിയും ലഫ്റ്റനന്റ് ഗവർണറും ചന്ദിര പ്രിയങ്ക ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തള്ളിക്കളയുന്നതിനോടൊപ്പം, മികച്ച പ്രകടനം കാഴ്ചവെക്കാത്തതിനാൽ ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് അവരെ ബി.ജെ.പിയുമായുള്ള സഖ്യകക്ഷി സർക്കാരിൽ നിന്നും പുറത്താക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ലഫ്റ്റനന്റ് ഗവർണറുടെ ഈ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പുതുച്ചേരി മുൻമുഖ്യമന്ത്രി വി നാരായണസ്വാമി ലെഫ്.ഗവർണറുടെ രാജി ആവശ്യപ്പെട്ടിരുന്നു.

ചന്ദിര പ്രിയങ്ക

2022ൽ കവരത്തിയിൽ വച്ച് ലക്ഷദ്വീപിലെ ആദ്യത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിന്റെ ഉദ്ഘാടന വേദിയിൽ ജനഹിതം പരിശോധിക്കാതെ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിനെതിരെ ശബ്ദിച്ചതിലൂടെയുണ്ടായ അപമാനം പ്രഫുൽ ഖോഡാ പട്ടേലിനെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനോടുള്ള പകയ്ക്ക് കാരണമായി എന്ന് ‘ദ വയറിൽ’ സലാഹുദ്ദീൻ എന്ന ഗവേഷകൻ എഴുതുന്നു. ”ജനങ്ങളുടെ ജനാധിപത്യ വിശ്വാസങ്ങളും ജനാധിപത്യ രീതികളും പരിഗണിക്കാത്ത ഒരു ഭരണാധികാരിയോടും ഭരണസംവിധാനത്തോടും സഹകരിക്കാൻ ഞങ്ങൾ തയ്യാറല്ല. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ക്രൂരമായ ഭരണത്തിലുള്ള അസംതൃപ്തി അറിയിച്ചുകൊണ്ട് ഞാനീ വേദി വിട്ട് പോകുകയാണ്, ഫൈസൽ പറഞ്ഞു.” ഫൈസലിനോടൊപ്പം ജനങ്ങളും വേദി വിട്ടിറങ്ങി. 2009ലെ ഒരു വധശ്രമ കേസിൽ ഫൈസലിന് ശിക്ഷ വിധിച്ചത് ഇതേത്തുടർന്നാണ്. ശിക്ഷാവിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറാകാതെ വന്നതോടെ എം.പി സ്ഥാനത്ത് നിന്നും ഫൈസലിനെ അയോഗ്യനാക്കി ലോകസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. ഈ അനുഭവങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ നയനിർമ്മാണ സംവിധാനത്തിനകത്തുള്ള ആധിപത്യങ്ങളെയും വിവേചനങ്ങളെയുമാണ്.

മുഹമ്മദ് ഫൈസൽ

നേരിട്ടും ഗവർണർമാർ വഴിയുമുള്ള നിയന്ത്രണങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് മേൽ കേന്ദ്ര സർക്കാർ തുടരുന്നതിനിടയിൽ പലവിധത്തിലുള്ള പ്രതിരോധങ്ങൾ ഈ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും ഉയർന്നുവരുന്നുണ്ട്. ഭാഷാപരമായ ഏകീകരണത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ (ദ്രാവിഡ മുന്നേറ്റ കഴകം) നടത്തിയ പ്രസ്താവനകളും ഏകസിവിൽകോഡിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ (എൽ.ഡി.എഫ്) നടത്തിയ പ്രസ്താവനകളും നിയമസഭാ പ്രമേയവും പ്രതിപക്ഷ സംസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്ന പ്രതിരോധ സാധ്യതയായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇത്തരം പ്രതിരോധ ശ്രമങ്ങൾ സംസ്ഥാന ഭരണവും ഗവർണർമാരും തമ്മിലുള്ള നീണ്ട തർക്കങ്ങളായി മാറുകയാണ്. (തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

15 minutes read October 17, 2023 4:32 pm