ഗാസയിൽ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതി: യു.എൻ ഏജൻസി തലവൻ

ഡെന്നീസ് ഫ്രാൻസിസിന്,

യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ പലസ്തിൻ റെഫ്യൂജീസ് ഇൻ ദി നിയർ ഈസ്റ്റ് (UNRWA) ന്റെ 75 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട മണിക്കൂറിലാണ്, ജനറൽ അസംബ്ലി അനുശാസനത്തിലൂടെ സ്ഥാപിതമായ UNRWA കമ്മീഷണർ ജനറൽ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്തങ്ങൾക്ക് അനുസൃതമായി ഞാൻ ഇത് എഴുതുന്നത്.

ഐക്യരാഷ്ട്രസഭയുടെ (യുഎൻ) സെക്രട്ടറി ജനറൽ ഡിസംബർ 6-ന് യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 അഭ്യർത്ഥിച്ചുകൊണ്ട് സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റിന് കത്തെഴുതിയത് പൂർണ്ണമായി മനസ്സിലാക്കിയാണ് ഞാൻ ഈ കത്ത് സമർപ്പിക്കുന്നത്. യു.എൻ ജനറൽ അസംബ്ലി അനുശാസനം ഗാസയിൽ നടപ്പിലാക്കാനുള്ള നമ്മുടെ കഴിവ് വളരെ പരിമിതമാണെന്നും, ഇത് അടിയന്തിരവും ഭയാനകവുമായ ആഘാതങ്ങൾ യു.എന്നിന്റെ മനുഷ്യാവകാശ ശ്രമങ്ങൾക്കും, ഗാസയിലെ സിവിലിയൻസിന്റെ ജീവിതങ്ങൾക്കും നേരെ ഉണ്ടാക്കുമെന്നും ഞാൻ താങ്കളെ അറിയിക്കുന്നു.‌ ഒക്ടോബർ 7 ന്, ഹമാസും മറ്റ് തീവ്രവാദികളും ചേർന്ന് ഇസ്രായേലിൽ ഭീകരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു, അവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 1,200 ൽ അധികം പേർ കൊല്ലപ്പെടുകയും 240 ൽ അധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ആ ദിവസത്തിന്റെ അവസാന മണിക്കൂറുകളിൽ തന്നെ, ഹമാസിന്റെ ആക്രമണത്തിന്റെ വിശദാംശങ്ങൾ പരസ്യമായതോടെ, അഭൂതപൂർവമായ സംഘർഷം ഭയന്ന് ഗാസയിലെ ആയിരക്കണക്കിന് സിവിലിയന്മാർ UNRWA പരിസരത്തേക്ക്, ഐക്യരാഷ്ട്രസഭയുടെ പ്രത്യേകാവകാശങ്ങളും പ്രതിരോധങ്ങളും സംബന്ധിച്ച കൺവെൻഷനിലൂടെയും, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളാലും സംരക്ഷിച്ചിരിക്കുന്ന യു.എൻ പതാകയ്ക്ക് കീഴിൽ സുരക്ഷതേടി താമസം മാറ്റി.

ഇസ്രായേലിന്റെ സൈനിക നടപടിയുടെ ഫലമായി ഇന്ന്, ഏകദേശം 1.2 ദശലക്ഷം സാധാരണക്കാർ UNRWA പരിസരത്ത് അഭയം പ്രാപിച്ചിരിക്കുന്നു. ഗാസയിലെ 2.2 ദശലക്ഷത്തിലധികം ആളുകൾക്ക് മാനുഷിക സഹായത്തിനുള്ള മുഖ്യ അഭയസ്ഥാനമായി ഏജൻസി മാറിയിരിക്കുന്നു – തകർച്ചയുടെ വക്കിലുള്ള ഒരു ഇടം. വളരെ നാമമാത്രമായെങ്കിലും UNRWA ഇന്നത്തെ നിലയിൽ ഗാസയിൽ പ്രവർത്തനക്ഷമമാണ്. ഞങ്ങളുടെ ജീവനക്കാർ ഇപ്പോഴും ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നു, ഷെൽട്ടറുകൾ കൈകാര്യം ചെയ്യുന്നു, ആഘാതമേറ്റ ആളുകളെ സഹായിക്കുന്നു, ചിലർ അവരുടെ മരിച്ച കുട്ടികളെയും വഹിച്ചുകൊണ്ട് എത്തുന്നു. ഞങ്ങളുടെ പരിസരത്തെ ഇടനാഴികളിലും മുറ്റത്തും നടക്കാൻ കഴിയാത്തത്ര തിരക്കുണ്ടെങ്കിലും ഞങ്ങൾ ഇപ്പോഴും ഭക്ഷണം വിതരണം ചെയ്യുന്നു. ഞങ്ങളുടെ ജീവനക്കാർ അവരുടെ കുട്ടികളെ അവരോടൊപ്പം ജോലിക്ക് കൊണ്ടുവരുന്നു, അതിലൂടെ കുട്ടികൾ സുരക്ഷിതരാണെന്നും അല്ലെങ്കിൽ ഒരുമിച്ച് മരിക്കാമെന്നും അവർ കരുതുന്നു. 130-ലധികം UNRWA ജീവനക്കാരും മിക്കവരുടെയും വീട്ടുകാരും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിങ്ങൾ ഇത് വായിക്കുമ്പോൾ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാം. UNRWAയിലെ 70 ശതമാനം ജീവനക്കാരെങ്കിലും കുടിയിറക്കപ്പെട്ടവരാണ്, അവർക്ക് ഭക്ഷണവും വെള്ളവും മതിയായ പാർപ്പിടവും ഇല്ല. ഞങ്ങൾ മരണത്തെയും മറ്റ് അപകടങ്ങളെയും മുന്നനിൽക്കണ്ടുകൊണ്ട് ഞങ്ങളുട ഉത്തരവാദിത്വം പൂർത്തിയാക്കുന്നു. UNRWA സംവിധാനം തകരുകയാണെങ്കിൽ, അതോടെ ഗാസയിലെ മാനുഷിക സഹായവും നിലക്കും.

ഗാസയിലെ തിങ്ങിനിറഞ്ഞ യു.എൻ അഭയാർത്ഥി ക്യാമ്പ് കടപ്പാട്: തെലങ്കാന ടുഡേ

അവിടുത്തെ മനുഷ്യസാഹചര്യം ജീവൻ നിലനിത്താനാവാത്തതാണ്. രണ്ടാഴ്ച മുമ്പ് ഞാൻ ഗാസയിൽ താമസിച്ചപ്പോൾ ഗാസയിലെ അവസ്ഥ ഭയാനകമായിരുന്നു. ആകാശത്ത് നിന്നും കരയിൽ നിന്നും കടലിൽ നിന്നുമുള്ള നിരന്തരമായ സ്ഫോടനങ്ങളും, സിവിലിയൻസ് താമസിക്കുന്ന ഇടങ്ങളിലെ സൗകര്യങ്ങളുടെ ഭീമാകാരമായ നാശവും ഞാൻ കണ്ടു.
ഈ ആഴ്ച, ഇസ്രായേൽ സൈനിക സേന കൂടുതൽ തെക്കോട്ട് നീങ്ങാൻ ജനങ്ങളോട് നിർദ്ദേശിച്ചു. ഗാസയിലെ ജനങ്ങൾ നിരന്തരം പരിമിതമായിക്കൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് നീങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്. ഷെൽട്ടറുകൾ ഞെട്ടിക്കുന്ന തരത്തിൽ തിങ്ങിനിറഞ്ഞിരിക്കുന്നു, പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യത ഇവിടെ കൂടുതലാണ്.

ജനങ്ങൾ തിഞ്ഞിനിറഞ്ഞിരിക്കുന്ന വൃത്തിഹീനവുമായ ഈ ഇടങ്ങളിൽ, 700-ലധികം ആളുകൾക്ക് ഒരു കക്കൂസാണ് ഉപയോഗിക്കാറുള്ളത്. ഈ സാഹചര്യത്തിൽ സ്ത്രീകൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു, ആളുകൾ വച്ചുകെട്ടാത്ത തുറന്നിരിക്കുന്ന മുറിവുകൾ പരിചരിക്കുന്നു. മുറ്റത്തും തെരുവുകളിലും പതിനായിരങ്ങൾ കിടന്നുറങ്ങുന്നു. ചൂട് നിലനിർത്തുന്നതിന് വേണ്ടി ആളുകൾ പ്ലാസ്റ്റിക് കൂട്ടി കത്തിക്കുന്നു. സ്‌കൂളുകൾ ഉൾപ്പെടെ ഏകദേശം 90 UNRWA ക്യാമ്പുകൾ സ്‌ഫോടനത്തിൽ ആക്രമിക്കപ്പെടുകയോ, അതിന്റെ ആഘാതം ഏൽക്കുകയോ ചെയ്‌തു. 270-ലധികം കുടിയിറക്കപ്പെട്ട ആളുകൾ ഈ ആഴ്‌ചയിൽ കൊല്ലപ്പെട്ടു. ഗാസയിൽ മൊത്തത്തിൽ, 16,000-ത്തിലധികം ആളുകൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ മൂന്നിൽ രണ്ട് പേരും സ്ത്രീകളോ കുട്ടികളോ ആണ്. ഗാസയുടെ വലിയ പ്രദേശങ്ങൾ നശിപ്പിക്കപ്പെടുകയും വാസയോഗ്യമല്ലാതാവുകയും ചെയ്യപ്പെട്ടു.

ഇസ്രായേൽ-പലസ്‌തീൻ സംഘർഷത്തിന് ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാകുന്നതുവരെ പാലസ്തീൻ അഭയാർത്ഥികൾക്ക് സേവനങ്ങൾ നൽകുകയെന്ന-UNRWA അനുശാസനത്തിന്റെ ലക്ഷ്യം- വലിയ അപകടത്തിലാണ്. സുരക്ഷിതമായ അഭയവും സഹായവും ഇല്ലാതെ, ഗാസയിലെ സാധാരണക്കാർ കൊല്ലപ്പെടാനും, അല്ലെങ്കിൽ ഈജിപ്തിലേക്കും അതിനപ്പുറത്തേക്കും പലായനം ചെയ്യാനും നിർബന്ധിതരാകും. ഗാസയിൽ നിന്നുള്ള നിർബന്ധിത കുടിയിറക്കൽ, UNRWA ഉത്തരവിൽ അന്തർലീനമായ രാഷ്ട്രീയ പരിഹാരത്തിനുള്ള സാധ്യതകൾ അവസാനിപ്പിച്ചുകൊണ്ട് പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കും. 1948-ലെ നക്ബയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ പലസ്തീന് പുറത്തേക്ക് നടക്കുന്ന നിർബന്ധിത കുടിയിറക്കൽ തടയേണ്ടതുണ്ട്.

ഫിലിപ്പെ ലസാരിണി

സങ്കീർണ്ണമായ അടിയന്തരാവസ്ഥകളിൽ ജോലി ചെയ്ത എന്റെ 35 വർഷത്തെ അനുഭവത്തിൽ, എന്റെ ജോലിക്കാരുടെ മരണവും ഐക്യരാഷ്ട്ര സഭയുടെ മാൻഡേറ്റിന്റെ തകർച്ചയും പ്രവചിക്കുന്ന ഇത്തരത്തിലുള്ള ഒരു കത്ത് ഇതുവരെയും എനിക്ക് എഴുതേണ്ടി വന്നിട്ടില്ല. ഇത്തരത്തിൽ ഗതിമാറ്റാനാകാത്ത ഒരു ദുരന്തം തടയുന്നതിന്, ജനറൽ അസംബ്ലിയുടെ പ്രസിഡന്റിനോടും, അതുവഴി അംഗരാജ്യങ്ങളോടും താഴെ പറയുന്ന അടിയന്തര നടപടികൾ സ്വീകരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.‌

1. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കുക.

2. സിവിലിയൻസ്, ഐക്യരഷ്ട്രസഭയുടെ ജീവനക്കാർ, ആക്രമണങ്ങൾ, രോഗം, ദാരിദ്ര്യം, മാനക്കേട് എന്നിവയിൽ നിന്ന് സുരക്ഷിതമായ അഭയം നൽകുന്ന യു.എൻ പരിസരങ്ങൾ, യു.എൻ ആശുപത്രികൾ, പൊതു കെട്ടിടങ്ങൾ എന്നിവ സംരക്ഷിക്കുന്നതടക്കമുള്ള അന്താരാഷ്ര നിയമങ്ങൾ നടപ്പിലാക്കുക.

3. ഈ പ്രദേശത്തിന്റെയും, ഇസ്രയേലികളുടെയും, പലസ്തീനികളുടെയും അവകാശങ്ങളും സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിന് പ്രധാനമായ ഒരു രാഷ്ട്രീയ പരിഹാരത്തിനുള്ള സാധ്യതകൾ തേടുക.

ഗാസയുടെയും അവിടത്തെ ജനങ്ങളുടെയും സമ്പൂർണ നശീകരണം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നത് ഒക്ടോബർ 7 ലെ അതിക്രമങ്ങളെ നിഷേധിക്കലല്ല, നേർ വിപരീതമാണ്. ഇത് എല്ലാ ജനങ്ങളുടെയും തുല്യ അവകാശങ്ങളെ അംഗീകരിക്കലാണ്-പലസ്തീനികളുടെയും ഇസ്രായേലികളുടെയും ഭാവിക്ക് ഒരുപോലെ അത്യന്താപേക്ഷിതമായ അംഗീകാരം. ഇന്നത്തെ സാഹചര്യത്തോടുള്ള നമ്മുടെ പ്രതികരണം പൊതുസഭയുടെയും യു.എന്നിന്റെയും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും.

അടിയന്തര നടപടി സ്വീകരിക്കാൻ ഞാൻ പൊതുസഭയോട് അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ
ഫിലിപ്പെ ലസാരിണി

പരിഭാഷ: നിഖിൽ വർഗ്ഗീസ്

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 14, 2023 10:44 am