Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“ഗർഭപാത്രം മുതൽ ശവക്കുഴി വരെ ആരും രക്ഷപ്പെടുന്നില്ല”, വായു മലിനീകരണത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞ വാക്കുകളാണിത് (“No one is safe. From the womb to the grave, air pollution affects everyone.” – WHO Global Conference on Air Pollution and Health,2018). നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ഫലമായി ഇന്ന് ലോകം നേരിടുന്ന കനത്ത വെല്ലുവിളിയാണ് വായു മലിനീകരണം. ലോകത്ത് പ്രതിവർഷം വായുമലിനീകരണം മൂലം 70 ലക്ഷം പേർ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. ഇതുപ്രകാരം വായു മലിനീകരണം കാരണം ഓരോ മിനിറ്റിലും പതിമൂന്ന് പേർ മരണപ്പെടുന്നുണ്ട്. വായു മലിനീകരണം രൂക്ഷമായതോടെ ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ ജനജീവിതം ഈ വർഷവും ദുസ്സഹമായി തുടരുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡൽഹിയിലെ വായു ഗുണനിലവാര തോത് ഇപ്പോൾ ഗുരുതര വിഭാഗത്തിന് അടുത്തെത്തിയിരിക്കുകയാണ്. അതോടെ സർക്കാർ പലതരത്തിലുള്ള നിയന്ത്രണങ്ങളേർപ്പെടുത്തുകയും ജനങ്ങൾ വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയുമാണ്.
ലോകജനസംഖ്യയുടെ 90 ശതമാനവും മലിനവായു ശ്വസിക്കുന്നവരാണെന്നാണ് പഠനങ്ങൾ. ഇന്ത്യയിലെ മലിനീകരണ മരണങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളതും വായു മലിനീകരണമാണ്. ലോകത്ത് തന്നെ വായു മലിനീകരണം കാരണം ഏറ്റവും കൂടുതൽ പേർ മരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ലാൻസെറ്റ് കൗണ്ട്ഡൗൺ ഓൺ ഹെൽത്ത് ആൻഡ് ക്ലൈമറ്റ് ചേഞ്ചിന്റെ 2025 ലെ ഗ്ലോബൽ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ വായു മലിനീകരണം കാരണം 2022 ൽ മാത്രം മരണപ്പെട്ടത് 17.2 ലക്ഷം പേരാണ്.
മനുഷ്യൻ്റെ ആരോഗ്യത്തിനോ പരിസ്ഥിതിക്കോ ജീവിതശൈലിക്കോ ദോഷം വരുത്തുന്ന ഏതെങ്കിലും മാലിന്യങ്ങൾ വായുവിൽ കാണപ്പെടുന്നതിനെയാണ് വായു മലിനീകരണം (Air pollution) എന്ന് വിളിക്കുന്നത്. മനുഷ്യർക്കോ, മറ്റ് ജീവജാലങ്ങൾക്കോ, സസ്യങ്ങൾക്കോ, വസ്തുക്കൾക്കൊ, പരിസ്ഥിതിക്കോ, ഹാനികരമാകുന്ന അല്ലെങ്കിൽ ദോഷകരമാകുന്ന സാന്ദ്രതയിൽ അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലും ഖര, ദ്രാവക, വാതക പദാർത്ഥത്തെയാണ് വായു മലിനീകരണ വസ്തു (air pollutant) എന്ന് വിളിക്കുന്നത്.


കാരണങ്ങൾ
വാഹനങ്ങൾ പുറത്തുവിടുന്ന കണികകൾ, വാതകങ്ങൾ, ഫോസിൽ ഇന്ധനങ്ങളുടെ ഉദ്വമനം, വീടുകളിലെ പ്രകൃതിവാതക ഉത്പാദനം, വൈദ്യുതി ഉത്പാദനം, കൽക്കരി പവർ പ്ലാന്റുകൾ, ഓട്ടോമൊബൈൽ, ഫാക്ടറികളിൽ നിന്നും വ്യവസായങ്ങളിൽ നിന്നുമുള്ള രാസവസ്തുക്കൾ എന്നിവയാണ് വായു മലിനീകരണത്തിന്റെ പ്രാഥമിക ഉറവിടങ്ങൾ. ഗ്രാമങ്ങളിൽ കാണപ്പെടുന്ന സ്ഥിരമായ മൂടൽമഞ്ഞും പുകയും (smog) രൂപപ്പെടുന്നത് വിറകിൻ്റെയും ഉപയോഗം കാരണമാണ്. ബയോ മാസ് ഇന്ധനങ്ങളിൽ നിന്ന് പുറത്ത് വരുന്ന കാർബൺ അടങ്ങിയ വാതകങ്ങൾ ദ്രവീകൃത പെട്രോളിയം വാതകം (LPG) പോലുള്ള ഇന്ധനങ്ങളേക്കാൾ പതിന്മടങ്ങ് മലിനീകരണ ക്ഷമതയുളളതാണ്. കൃഷിയിൽ നിന്ന് നൈട്രസ് ഓക്സൈഡ്, അമോണിയ, മീതെയ്ൻ എന്നിവ അന്തരീക്ഷത്തിലേക്ക് തള്ളപ്പെടുന്നു. കൃഷിയിൽ ഉപയോഗിക്കുന്ന ജൈവവളങ്ങൾ, കീടനാശിനികൾ, രാസവളങ്ങൾ എന്നിവയിലൂടെയും ദോഷകരമായ വസ്തുക്കൾ അന്തരീക്ഷത്തിലെത്തുന്നു. കാട്ടുതീയിൽ നിന്നുള്ള പുക, അഗ്നിപർവ്വത സ്ഫോടനങ്ങളിൽ നിന്നുള്ള ചാരവും വാതകങ്ങളും, മണ്ണിലെ ജൈവവസ്തുക്കൾ വിഘടിക്കുന്നതിൽ നിന്ന് പുറന്തള്ളപ്പെടുന്ന മീഥെയ്ൻ പോലുള്ള വാതകങ്ങൾ തുടങ്ങിയ അപകടകരമായ വസ്തുക്കൾ വായുവിലേക്കെത്തുന്നതും മലിനീകരണത്തിന് കാരണമാകുന്നു. കാർബൺ ഡൈ ഓക്സൈഡ്(CO2), കാർബൺ മോണോക്സൈഡ് (CO), നൈട്രജൻ ഓക്സൈഡുകൾ (NO), സൾഫർ ഓക്സൈഡുകൾ (SO) തുടങ്ങിയ ദോഷകരമായ വാതകങ്ങൾ മോട്ടോർ വാഹന ഉദ്‌വമനത്തിന്റെ ഭാഗമായി വായുവിലെത്തിച്ചേരുന്നു. ഖനനവും നിർമ്മാണപ്രവർത്തനങ്ങളും വായുമലിനീകരണത്തിൻ്റെ മറ്റ് കാരണങ്ങളാണ്.


കണികാ പദാർത്ഥം (Particulate Matter- PM)
പൊടി, പൂമ്പൊടി, പുക, സൂക്ഷ്മജീവികൾ, എയറോസോൾസ് തുടങ്ങി വായുവിൽ തങ്ങി നിൽക്കുന്ന ഖരകണങ്ങളുടെയും ദ്രാവകത്തുള്ളികളുടെയും സങ്കീർണ്ണമായ മിശ്രിതത്തെയാണ് ‘കണിക പദാർത്ഥം’ എന്ന് വിളിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉദ്‌വമനം, സിഗരറ്റ് പുക, കാട്ടുതീ, കത്തുന്ന ജൈവവസ്തുക്കൾ, വാഹനങ്ങളുടെയും വ്യാവസായങ്ങളുടെയും ഉദ്‌വമനം എന്നിവയുടെ ഫലമായാണ് പി എം ഉണ്ടാകുന്നത്. പാർടിക്കുലേറ്റ് മാറ്റർ പിഎം 2 .5, പി എം10 എന്നിങ്ങനെ രണ്ട് തരമുണ്ട്. ആദ്യത്തേതിൻ്റെ വ്യാസം 2.5 മൈക്രോമീറ്ററിൽ താഴെയും രണ്ടാമത്തേതിൻ്റെ വ്യാസം 10 മൈക്രോമീറ്ററിൽ താഴെയുമാണ്.
പി എം 2.5 മനുഷ്യന്റെ മുടിയേക്കാൾ 30 മടങ്ങ് (ശരാശരി മനുഷ്യ മുടിയുടെ വ്യാസം 75 മൈക്രോമീറ്ററാണ്) വ്യാസം കുറഞ്ഞതാണ്. ആഗോള വായുമലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 90 ശതമാനത്തിലധികവും പി എം 2.5 മലിനീകരണവുമായി ബന്ധപ്പെട്ടതാണ്. 2021 ൽ പിഎം 2.5 ശ്വസിക്കാൻ നിർബന്ധിതരായവരുടെ ശരാശരി ആയുർദൈർഘ്യം ഏകദേശം ഒരു വർഷവും എട്ട് മാസവും കുറഞ്ഞുവെന്നാണ് കണക്കുകൾ. ഇത്തരം കണികകൾ വളരെ ചെറുതായതിനാൽ അവ ശ്വാസകോശത്തിൽ തന്നെ തുടരുകയും രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും അവയവവ്യവസ്ഥകളെ ബാധിക്കുകയും, മുതിർന്നവരിൽ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ശ്വാസകോശ അർബുദം, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (COPD) തുടങ്ങിയ രോഗങ്ങൾ വരുത്തുകയും ചെയ്യുന്നു.


ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?
വായു മലിനീകരണത്തിന്റെ ഫലമായി വായുവിൽ എത്തിപ്പെടുന്ന സൂക്ഷ്മ, അദൃശ്യ കണികകൾ നമ്മുടെ ശ്വാസകോശത്തിലേക്കും രക്തപ്രവാഹത്തിലേക്കും ശരീരത്തിലേക്കും കയറാനിടവരുന്നു. പക്ഷാഘാതം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ അർബുദം, ഹൃദയാഘാതം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തുന്നു. വലിയ അളവിൽ വായു മലിനീകരണത്തിന് വിധേയരായ സ്ത്രീകൾക്ക് ഹൈപ്പർ ടെൻഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പി.എം പാർട്ടിക്കുലേറ്റുമായി സമ്പർക്കം പുലർത്തുന്നവരിൽ ഇത് സർവ്വസാധാരണമാണെന്നും പoനങ്ങളുണ്ട്.
ഓർഗാനിക് സംയുക്തങ്ങൾ ശ്വസിക്കുന്നത് കരൾ, കേന്ദ്ര നാഡീവ്യൂഹം (central nervous system), വൃക്ക എന്നിവയെ സാരമായി ബാധിക്കും. വായു മലിനീകരണം മൂലം അവയവങ്ങളിലേക്കെത്തുന്ന ഓക്‌സിജൻ്റെ അളവ് കുറയുന്നതിനാൽ രക്ത ഉൽപാദനം കുറയും. ഇത് ലെഡ് അല്ലെങ്കിൽ കാർബൺ മോണോക്സൈഡ് വിഷബാധ, പേശി പ്രശ്നങ്ങൾ, ചലനശേഷി പ്രശ്നങ്ങൾ, ഉയർന്ന ബിപി, ഹൃദ്രോഗങ്ങൾ എന്നിവയിലേക്ക് നയിക്കാനിടയുണ്ട്. ഗർഭാവസ്ഥയിൽ വായു മലിനീകരണത്തിന് വിധേയരായ സ്ത്രീകളിൽ രക്തത്തിലെ വിഷ രാസവസ്തുക്കളുടെ അളവ് വർദ്ധിക്കുകയും രോഗപ്രതിരോധ സംവിധാനം സമ്മർദ്ദത്തിലാകുകയും ചെയ്യും. മലിനമായ വായു ഗർഭപിണ്ഡത്തിൽ എത്തുന്നത് കുറഞ്ഞ ജനനഭാരം അല്ലെങ്കിൽ മാസം തികയാതെയുള്ള ജനനം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. മലിനീകരണ കണികകൾ ചുമയ്ക്കും മൂക്കൊലിപ്പിനും ആസ്ത്മക്കും കാരണമാകുകയും, സൂക്ഷ്മകണങ്ങൾ ശ്വാസകോശത്തിലേക്ക് ആഴത്തിൽ സഞ്ചരിക്കുകയാണെങ്കിൽ അണുബാധയ്ക്ക് വരെ സാധ്യതയുണ്ട്.
കുട്ടികളെ ബാധിക്കുന്ന വിധം
കുട്ടികളിൽ വളർച്ചയെത്തുന്നതിന് മുമ്പുള്ള ജനനം, ജനന സമയത്തെ തൂക്ക കുറവ്, മസ്തിഷ്ക വളർച്ച മന്ദഗതിയിലാകൽ, ഹൃദ്രോഗം, ആസ്ത്മ, ശ്വാസകോശ രോഗങ്ങൾ, കാൻസർ എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വായു മലിനീകരണം കാരണമാകുന്നുണ്ട്. കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമാകുന്ന പ്രധാനപ്പെട്ട അഞ്ച് കാരണങ്ങളിൽ ആദ്യത്തേത് പോഷകാഹാരക്കുറവാണെങ്കിൽ രണ്ടാമത്തേത് വായു മലിനീകരണമാണ്. കണക്കുകൾ പ്രകാരം 2021 ൽ അഞ്ച് വയസിൽ താഴെയുള്ള ഏഴ് ലക്ഷത്തിലധികം കുട്ടികളാണ് വായു മലിനീകരണത്താൽ മരണപ്പെട്ടത്. വായു മലിനീകരണം കുട്ടികളിൽ വരുത്തുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് കാലിഫോർണിയ സർവകലാശാലയിൽ നടന്ന പഠനങ്ങൾ ശ്രദ്ധേയമാണ്. വായു മലിനീകരണത്തിൻ്റെ അളവ് ഉയർന്നത് കുട്ടികളിൽ ഹ്രസ്വകാല ശ്വാസകോശ അണുബാധകൾ വർധിപ്പിക്കുന്നു, ഓസോൺ സാന്ദ്രത കൂടുതലുള്ള സമൂഹങ്ങളിൽ താമസിക്കുന്നവർക്ക് ആസ്ത്മ വരാനുള്ള സാധ്യത കൂടുതലാണ്, തിരക്കേറിയ റോഡുകൾക്ക് സമീപം താമസിക്കുന്ന കുട്ടികൾക്ക് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഉയർന്ന അളവിലുള്ള വായു മലിനീകരണത്തിന് വിധേയരായ കുട്ടികളിൽ പ്രായപൂർത്തിയാകുമ്പോൾ ബ്രോങ്കൈറ്റിസ് ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് തുടങ്ങി നിരവധി നിരീക്ഷണങ്ങൾ പoനം മുന്നോട്ട് വെക്കുന്നു.


പരിഹാര മാർഗ്ഗങ്ങൾ
വായു മലിനീകരണം കാലാവസ്ഥാ വ്യതിയാനത്തെ സാരമായി ബാധിക്കുകയും മുഴുവൻ ആവാസവ്യവസ്ഥകളെയും മൃഗങ്ങളെയും സസ്യങ്ങളെയും സാവധാനം നശിപ്പിക്കുകയും ചെയ്യുന്നു. ഒരു ശരാശരി വ്യക്തിക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഫാക്ടറികളും വ്യവസായങ്ങളും മലിനീകരണത്തിന്റെ വലിയൊരു ഭാഗം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും, ഒരു വ്യക്തി എന്ന നിലയിൽ എല്ലാവർക്കും സ്വീകരിക്കാവുന്ന നിരവധി പരിഹാര മാർഗങ്ങളുണ്ട്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക ഇതിൽ പ്രധാനമാണ്. ആളുകൾ കുറഞ്ഞ യാത്രകൾക്ക് സ്വകാര്യ വാഹനങ്ങളുപേക്ഷിച്ച് പൊതുവാഹനങ്ങൾ ഉപയോഗിക്കുക. ഇത് ഉദ്വമനവും നിരത്തിലെ വാഹനങ്ങളുടെ എണ്ണവും കുറയുന്നതിന് കാരണമാവുന്നതിനാൽ ഒരേ സമയം മലിനീകരണത്തിൽ നിന്നും ഊർജ്ജ നഷ്ടത്തിൽ നിന്നും രക്ഷ നൽകും. ഒരു ബസിന് ശരാശരി ഒരേസമയം 40 യാത്രക്കാരെ വഹിക്കാൻ കഴിയുമെന്ന് പറയാം; ഈ 40 യാത്രക്കാർക്ക് ഒരു പൊതു വാഹനം ഉപയോഗിക്കുന്നതിലൂടെ 40 സ്വകാര്യ വാഹനങ്ങളുടെ ഉദ്‌വമനം കുറയ്ക്കാൻ കഴിയും.
മാലിന്യക്കൂമ്പാരത്തിലേക്ക് അയയ്ക്കുന്നതിന് പകരം ഉപയോഗിച്ച വസ്തുക്കൾ പുനരുപയോഗിക്കുന്നത് ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറയ്ക്കാൻ സഹായിക്കുന്നു. ഗ്ലാസ്, പേപ്പർ, പ്ലാസ്റ്റിക് എന്നിവയെല്ലാം പുനരുപയോഗിക്കാവുന്നവയാണ്. അങ്ങനെ ചെയ്യുന്നത് അസംസ്കൃത വസ്തുക്കൾ വേർതിരിച്ചെടുക്കുന്നതിനും ഉൽപാദനത്തിന് ചെലവഴിക്കുന്ന ഊർജ്ജം ലാഭിക്കാനും സഹായിക്കും. ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളായ സൗരോർജ്ജം, കാറ്റ്, ഗ്രീൻ ഹൈട്രജൻ എന്നിവയുടെ ഉപയോഗം വലിയ തോതിൽ വായു മലിനീകരണം കുറയ്ക്കും. തുറസ്സായ സ്ഥലങ്ങളിൽ മാലിന്യങ്ങൾ കത്തിക്കുന്നത് ഒഴിവാക്കുകയും ശരിയായ മാലിന്യ സംസ്കരണ രീതികൾ സ്വീകരിക്കുകയും ചെയ്യുക. കാരണം തുറസ്സായ സ്ഥലങ്ങളിൽ കത്തിക്കുന്നത് മലിനീകരണ വസ്തുക്കളെ വായുവിലേക്ക് വിടും.
കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് വായു മലിനീകരണത്തിന്റെ സ്വാഭാവിക ശുദ്ധീകരണത്തിന് സഹായിക്കുകയും വായുവിലെ മൊത്തത്തിലുള്ള മലിനീകരണ തോത് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. വാഹനം വാങ്ങുമ്പോൾ, ഇന്ധനക്ഷമതയുള്ളതും ഇതര ഇന്ധന വാഹനങ്ങളും പരിഗണിക്കുക. വൈദ്യുതി ഉൽപ്പാദന പ്ലാന്റുകൾ വൻതോതിൽ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നു, ഇത് വായു മലിനീകരണത്തിന് ഗണ്യമായ സംഭാവന നൽകുന്നതിനാൽ വൈദ്യുതി ഉപഭോഗം കുറച്ച് മലിനീകരണം ലഘൂകരിക്കണം. ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സൗരോർജ്ജത്തെ പ്രധാന ഊർജജ സ്ത്രോതസ്സായി ഉപയോഗിക്കുകയും പ്രകൃതിക്ക് ദോഷകരമായ പ്ലാസ്റ്റിക്ക് പോലെയുള്ള ഉൽപന്നങ്ങൾക്ക് പകരം പുനരുപയോഗിക്കാനും (Reuse) പുനഃസംയോജനത്തിനും (Recycle) കഴിയുന്ന ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കുക. എയറോസോൾ സ്പ്രേ, രാസ ക്ലീനറുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. സിഗരറ്റ് വലി ഒഴിവാക്കുക. വീടുകളുടെയും വ്യവസായ ശാലകളുടെയും ഫയർപ്ലേസുകളിൽ നിന്ന് പുറന്തള്ളുന്ന അപകടകരമായ വാതകങ്ങളുടെ തീവ്രത കുറയ്ക്കാനായി ഫിൽട്ടറുകൾ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ വായു മലിനീകരണം ലഘൂകരിക്കാനാവും.

