പഠനം മുടക്കുന്ന സർക്കാരിനെതിരെ വിദ്യാർത്ഥികൾ

കേരളത്തിലെ ആദിവാസി-ദലിത് വിദ്യാർത്ഥികളുടെ ഉന്നതപഠനം ഉറപ്പുവരുത്തുന്നതിനായി ബജറ്റിൽ വകയിരുത്തുന്ന ഗ്രാൻറുകളും അലവൻസുകളും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളും പ്രതിഷേധങ്ങളും വ്യാപകമായി നടന്നിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും ഇനിയും പരിഹാരങ്ങളുണ്ടായിട്ടില്ല. ദലിത്‌-ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ ഫെലോഷിപ്പ് കാലോചിതമായി പരിഷ്കരിക്കാനും സമയബന്ധിതമായി കൊടുത്ത് തീർക്കാനും ആവശ്യപ്പെട്ടുകൊണ്ട് ആദിശക്തി സമ്മർ സ്കൂൾ എന്ന സംഘടന 2023 ഒക്ടോബർ മാസത്തിൽ ധർണ്ണയും, ധനകാര്യവകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് വിദ്യാഭ്യാസ അവകാശ യാത്രയും നടത്തിയിരുന്നു. ഇ-ഗ്രാന്റ്സ് വിതരണത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന ഗവേഷകരുടെ കൂട്ടായ്മ 2023 ഒക്ടോബർ 13ന് സെക്രട്ടേറിയറ്റിന് മുന്നിൽ ‘പൈക്കിഞ്ചന’ എന്ന പേരിൽ സമരം സംഘടിപ്പിച്ചിരുന്നു. ഈ സമരങ്ങളിലൂടെ പഠന സഹായം മുടങ്ങുന്നത് പലപ്പോഴായി അധികാരികളുടെ മുന്നിലെത്തിയിട്ടും തീരുമാനങ്ങളുണ്ടായിട്ടില്ല എന്നാണ് വിദ്യാർത്ഥികളുടെ അനുഭവങ്ങളിലൂടെ വ്യക്തമാകുന്നത്. ട്യൂഷൻഫീസ് ഇനത്തിൽ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന് നൽകേണ്ട തുകയും, വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഗ്രാൻറുകളും വർഷത്തിൽ ഒറ്റത്തവണയായി നൽകും എന്നാണ് നിലവിലുള്ള സർക്കാർ ഉത്തരവ് പറയുന്നത്. ഇത് വർഷാവസാനത്തിലും, തൊട്ടടുത്തവർഷവും നൽകുന്നില്ല  എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. നൂറിലേറെ വിദ്യാർത്ഥികൾ ഈ വിദ്യാഭ്യാസവർഷം പഠനം ഉപേക്ഷിച്ചതായി ആദിവാസി അവകാശ പ്രവർത്തകരും സംഘടനകളും പറയുന്നു.

ആദിശക്തി സമ്മർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബറിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച്

ആദിവാസി-ദലിത് വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിന് വേണ്ടി ‘പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്’ എന്ന പേരിൽ എല്ലാ സാമ്പത്തിക വർഷവും ബഡ്ജറ്റിൽ വകയിരുത്തുന്ന തുകയിൽ നിന്നാണ് ഇ-ഗ്രാൻറ്സ് നൽകേണ്ടത്. അതിനാൽ ഇവ അപ്രതീക്ഷിതമായി സർക്കാരിന് മുന്നിൽ വരുന്ന ചെലവുകളല്ല. ഉന്നതപഠനത്തിന് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണവും, കോഴ്സുകളുടെ ഫീസും, മറ്റ് ചെലവുകളും കണക്കാക്കിയാണ് ഇത് വകയിരുത്തുന്നത്. മുൻകാലങ്ങളിൽ ഈ തുക ഏറെക്കുറെ വിദ്യാർത്ഥികളിൽ എത്തിച്ചേരാറുണ്ടായിരുന്നു. എന്നാൽ ഏതാനും വർഷങ്ങളായി തുക വകയിരുത്താറുണ്ടെങ്കിലും പൂർണ്ണമായും ചെലവഴിക്കുന്നില്ല. ഒന്നരവർഷം മുതൽ രണ്ട് വർഷം വരെയായി എസ്.സി/എസ്.ടി വിദ്യാർത്ഥികളുടെ ഇ-ഗ്രാൻറ്സ് ലഭിച്ചിട്ട്. ലംപ്സംഗ്രാൻറ് (വർഷാരംഭത്തിൽ), ഹോസ്റ്റൽ അലവൻസുകൾ, ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് പോക്കറ്റ് മണി, ഡേ സ്കോളർ വിദ്യാർത്ഥികൾക്ക് പ്രതിമാസ അലവൻസ് എന്നിവയാണ് വിദ്യാർത്ഥികൾക്ക് നേരിട്ട് ലഭിക്കേണ്ടത്. വളരെ തുച്ഛമായ തുകമാത്രമാണ് ഈ ഇനത്തിൽ എസ്.സി./എസ്.ടി. വിദ്യാർത്ഥികൾക്ക് നൽകാൻ സർക്കാർ ഉത്തരവുള്ളത്. ലംപ്സംഗ്രാൻറ് യു.ജി. വിഭാഗത്തിന് 1400 രൂപയും പി.ജി. വിഭാഗത്തിന് 1900 രൂപയുമാണ് ലഭിക്കേണ്ടത്. യു.ജി/പി.ജി. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ അലവൻസായി സർക്കാർ/സർക്കാർ ഇതര കോളേജുകളിൽ പ്രതിമാസം 3500 രൂപയാണ് നൽകുന്നത്. പ്രൊഫഷണൽ കോളേജുകളിൽ 4500 രൂപയും നൽകുന്നു. ഈ വിദ്യാർത്ഥികൾക്ക് പ്രതിമാസം 200 രൂപയാണ് പോക്കറ്റ് മണിയായി അനുവദിച്ചിട്ടുള്ളത്. സർക്കാർ ഹോസ്റ്റൽ ലഭിക്കാത്ത വിദ്യാർത്ഥികൾ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചാൽ എസ്.ടി. വിദ്യാർത്ഥികൾക് 3000 രൂപയും, എസ്.സി. വിദ്യാർത്ഥികൾക്ക് 1500 രൂപയും മാത്രമാണ് പ്രതിമാസം ലഭിക്കുക. ഡേ സ്കോളേഴ്സിന് പ്രതിമാസം 800 രൂപയും ലഭ്യമാക്കണം. മേൽപറഞ്ഞ നിരക്കുകൾ കൊണ്ട് കേരളത്തിൽ എവിടെയും താമസ, ഭക്ഷണ സൗകര്യങ്ങൾ ലഭിക്കുക എളുപ്പമല്ല. എസ്.സി/എസ്.ടി വകുപ്പുകൾ തന്നെ ഇത് അംഗീകരിക്കുന്നു. യഥാർത്ഥചെലവുകൾ കണക്കാക്കി 6000 – 6500 രൂപയായി ഉയർത്തണം എന്ന് എസ്.സി./എസ്.ടി. വകുപ്പ് ആവശ്യപ്പെട്ടിട്ട് രണ്ട് വർഷം കഴിഞ്ഞു. ധനകാര്യവകുപ്പ് ഈ ആവശ്യം അംഗീകരിക്കുന്നില്ല എന്നുമാത്രമല്ല ഇപ്പോൾ നിലനിൽക്കുന്ന സർക്കാർ ഉത്തരവനുസരിച്ച് നൽകേണ്ട തുച്ഛമായ തുകയും നൽകുന്നില്ല. സർക്കാർ ജീവനക്കാരുടെയും മന്ത്രിമാരുടെയും സ്റ്റാഫിൻറെയും ശമ്പളം മുടങ്ങാതെ നൽകപ്പെടുന്ന സംസ്ഥാനത്ത് ആദിവാസി-ദലിത് വിദ്യാർത്ഥികളുടെ പഠനത്തിനായി വകയിരുത്തുന്ന തുക നൽകപ്പെടുന്നില്ല എന്നത് എതിർപ്പുകൾ വ്യാപകമാക്കുന്നു. എസ്.സി/എസ്.ടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഗ്രാന്റുകൾ ഭരണഘടന അവകാശമാണെന്നും വിദ്യാഭ്യാസ ഗ്രാന്റുകൾ നൽകാത്ത സർക്കാർ നടപടി തിരുത്തണമെന്നും ആവശ്യപ്പെട്ട് ആദിശക്തി സമ്മർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 27ന് ഇ-ഗ്രാന്റ്സ് സംരക്ഷണ കൺവെൻഷൻ എറണാകുളത്ത് വച്ച് നടത്തുന്നുണ്ട്. വിദ്യാഭ്യാസം തുടരാൻ കഴിയാത്ത വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിലൂടെ തുറന്നെഴുതിയ അനുഭവങ്ങൾ കേരളീയം ക്രോഡീകരിക്കുകയാണ്.

രാഹുൽ ജി

ഞാൻ കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ (പാലയാട് ക്യാമ്പസ്‌) നിയമ വിദ്യാർത്ഥിയാണ്. എന്റെ പഠന കാലയളവ് 2018 മുതൽ 2023 വരെയായിരുന്നു. നാളുകളായി ഇ-ഗ്രാന്റുമായി ബന്ധപ്പെട്ട് വളരെ വേദനയും ആഘാതവും നിറഞ്ഞ അനുഭവങ്ങളാണ് വ്യക്തിപരമായി അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. എന്റെ വിദ്യാഭ്യാസ അവകാശത്തെ തടസ്സപ്പെടുത്തിക്കൊണ്ട് എനിക്ക് ലഭിക്കേണ്ട ഇ-ഗ്രാന്റ്‌സും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഞാൻ കണ്ണൂർ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഒരു നിയമ വിദ്യാർത്ഥിയാണ്. ഞാൻ 2018 ലാണ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പാലയാട് ക്യാമ്പസ്സിൽ അഡ്മിഷൻ എടുക്കുന്നത്. എന്റെ പഠന കാലയളവ് 2018-2023 ആണെന്നിരിക്കെ എനിക്ക് ലഭിക്കേണ്ടുന്ന ഇ ഗ്രാന്റ്സ് തുക മുഴുവനായി ലഭിച്ചിട്ടില്ല. പേരിന് മാത്രം കുറച്ച് തുകകൾ (LSG) മാത്രമാണ് എന്റെ അക്കൗണ്ടിലേക്ക് ഇതുവരെയും വന്നിട്ടുള്ളത്. ഞാൻ പ്രൊഫഷണൽ കോഴ്സിന് പ്രവേശന പരീക്ഷവഴി ചേർന്ന വിദ്യാർത്ഥി ആണെന്നിരിക്കെ എനിക്ക് ലഭിക്കേണ്ട അർഹമായ തുക ലഭിച്ചിട്ടില്ല. എന്റെ ഇ ഗ്രാന്റ്സ്  സ്റ്റാറ്റസ് പരിശോദിച്ചാൽ വളരെ വ്യക്തമായി തന്നെ കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാക്കാൻ വേണ്ടി സാധിക്കും. ഈ കാരണത്താൽ എനിക്ക് പഠന കാലയളവിൽ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. പല സമയത്തും ഈ ഒരു പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും തിരിഞ്ഞുനോക്കാൻ തയ്യാറായിട്ടില്ല. നിലവിൽ എന്റെ റിസൾട്ട്‌ തടഞ്ഞുവച്ച സാഹചര്യമാണുള്ളത്. ഇ ഗ്രാന്റ്‌സിൽ മുഴുവനായി ലഭിക്കേണ്ട എന്റെ ഫീസ് തടഞ്ഞുവക്കപ്പെട്ടിരിക്കുകയാണ്. ആ ഫീസുകൾ മുഴുവൻ ഞാൻ സ്വകാര്യമായി അടച്ചാൽ മാത്രമേ എന്റെ റിസൾട്ടുകൾ പബ്ലിഷ് ചെയ്യുകയുള്ളൂ എന്നാണ് യൂണിവേഴ്സിറ്റിയുടെ നിലപാട്. അതിനാൽ എന്റെ ഉപരിപഠനത്തിനുള്ള സാധ്യത നിലച്ച അവസ്ഥയിലാണ്.

രാഹുൽ ജി

ഒരു നിയമ വിദ്യാർത്ഥി എന്ന നിലയിലും, ഇന്ത്യ എന്ന രാജ്യത്തെ ഒരു പൗരൻ എന്ന നിലയിലും ഇ ഗ്രാന്റ്സ്  ആനുകൂല്യങ്ങൾ നേടിയെടുക്കുക എന്നത് എന്റെ ഭരണഘടന അവകാശമാണ്. ഇത് എന്റെ വിദ്യാഭ്യാസ അവകാശത്തിന്റെയും ഭാഗമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ ഇ ഗ്രാന്റ്സ്  ആനുകൂല്യങ്ങൾ അർഹമായ രീതിയിൽ തന്നെ എനിക്ക് ലഭിക്കേണ്ടതുണ്ട്. പൊതുവെ പലർക്കും ഇതൊരു നിസ്സാര പ്രശ്നമായിട്ടാണ് തോന്നുക. എന്നാൽ എസ്.ടി വിഭാഗത്തിൽ നിന്നുമുള്ള ഒരു വിദ്യാർത്ഥി എന്ന നിലയിൽ എന്നെ ഈ പ്രശ്ങ്ങൾ മാനസികമായും സാമ്പത്തികമായും മോശമായാണ് ബാധിച്ചത്. ഇത് ഞാൻ മാത്രം നേരിടുന്ന ഒരു പ്രശ്നമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കേരളത്തിലെ എല്ലാ ആദിവാസി വിദ്യാർത്ഥി സമൂഹങ്ങളും നേരിടുന്ന പ്രശ്നമാണിതെന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതൊരു ഗുരുതരമായ പ്രശ്നം തന്നെയാണ്. ആയതുകൊണ്ട് തന്നെ എനിക്ക് ലഭിക്കേണ്ട ഇ ഗ്രാന്റ് തുകകൾ എനിക്ക് ലഭ്യമാക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും എടുക്കുന്നില്ല എങ്കിൽ ഞാൻ ശക്തമായി പോരാടുകയും, SC ST വിഭാഗത്തോടുള്ള വിഭാഗീയത ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ ഇതിനെതിരെ ഇനിയും ശബ്ദമുയർത്തുകയും, നീതിക്കു വേണ്ടി ഇനിയും പോരാടിക്കൊണ്ടിരിക്കുമെന്നും അറിയിച്ചു കൊള്ളുന്നു.

ബിജേഷ്  എം.കെ

ഞാൻ 2020- 23 കാലഘട്ടത്തിൽ ബി.എ  എക്കണോമിക്സ്, ദി  കൊച്ചിൻ  കോളേജ്  കൊച്ചിയിൽ പഠനം നടത്തിയ വിദ്യാർത്ഥിയാണ്. ആദിശക്തി സമ്മർ സ്കൂൾ എന്ന സന്നദ്ധ സംഘടന ഒരുക്കുന്ന ഒരു  ഹോസ്റ്റൽ സംവിധാനം ഉള്ളത് കൊണ്ട്‌ മാത്രമാണ്‌ ബി.എ പഠിക്കുവാനും, പൂർത്തിയാക്കാനും എനിക്ക്  സാധിച്ചത്. പഠനകാലയളവിൽ പോക്കറ്റ് മണി ആയി കിട്ടുന്നത് വെറും 200 രൂപയായിരുന്നു. മൊബൈൽ ഫോൺ റീചാർജ് ചെയ്യുവാൻ പോലും ഈ തുക തികയുമായിരുന്നില്ല. പിന്നെ കോളേജിലേക്കുള്ള യാത്ര ചിലവുകൾ, അസുഖം വന്നാൽ മരുന്ന് വാങ്ങുവാനുള്ള തുക, എക്സാം ഫീസ് എന്നിവയെല്ലാം കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു. സാധാരണ ഒരു സെമസ്റ്റർ പരീക്ഷക്ക് 35 രൂപയാണ് ഫീസ്. എന്നാൽ ഒരു വിഷയം തോറ്റു പോയാൽ എസ്.ടി വിദ്യാർഥികൾക്ക് ഫീ കൺസെഷൻ ഇല്ല. പരീക്ഷ വീണ്ടുമെഴുതാൻ ഒരു പരീക്ഷക്ക് 590 രൂപ വരെ ആകും. ഒന്നാം വർഷത്തിൽ ഇ-ഗ്രാന്റ്സ് ഇനത്തിൽ  മൂന്ന് മാസം കൂടി  900 രൂപ ലഭിച്ചത് മാത്രമാണ്, ഡിപ്പാർട്മെന്റിൽ നിന്നും എനിക്ക് ആകെ ലഭിച്ചിട്ടുള്ളത്. ഇത് ഒരു സെമസ്റ്ററിലേക്കുള്ള പുസ്തകം വാങ്ങുവാൻ പോലും തികയില്ല. ഉന്നതപഠനത്തിന് കലാലയങ്ങളിൽ എത്തിച്ചേരുന്ന കുട്ടികൾക്ക് നൽകുന്ന ഗ്രാന്റുകൾ ജീവിക്കാൻ അനുയോജ്യമല്ല. തുച്ഛമായ ഈ തുക പോലും സമയത്തു ലഭിക്കുന്നുമില്ല. അത് കൊണ്ട് തന്നെ ദലിത് വിദ്യാർത്ഥികൾക്ക് ഉന്നതപഠനമേഖലയിൽ നൽകിവരുന്ന പഠനഗ്രാന്റുകൾ നൽകുന്നതിൽ ഭരണസംവിധാനം ജാതിവിവേചനവും അവഗണനയും തുടരുന്നുണ്ടെന്നു മനസിലാക്കാം.

ബിജേഷ്  എം.കെ

സർക്കാർ, കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്ന എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് പ്രതിമാസം 3500 രൂപയും, സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന എസ്.ടി വിഭാഗക്കാർക്ക് 3000 രൂപ യും, എസ്.സി വിദ്യാർത്ഥികൾക്ക് 1500 രൂപ മാത്രമാണ് ലഭിക്കുക. 2023-24 വിദ്യാഭ്യാസ വർഷം ലഭിക്കേണ്ട തുക ഇപ്പോഴും ലഭിച്ചിട്ടില്ല. ഞാൻ അടക്കം കൊച്ചിയിൽ പഠിക്കുന്ന 50 ഓളം വയനാട്, അട്ടപ്പാടി തുടങ്ങിയ മേഖലകളിലെ വിദ്യാർത്ഥികൾക്ക് 2023 ജനുവരി മുതൽ ഹോസ്റ്റൽ ഗ്രാന്റ് നൽകിയിട്ടില്ല എന്നതാണ് സത്യം. പ്രതിമാസം തുക കിട്ടാതെ പഠനം നിലച്ചുപോകുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നു,സർക്കാർ ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിമാസം 200 രൂപയാണ് പോക്കറ്റ് മണി കൊടുക്കുന്നത്. 190ൽ നിന്ന് 200 രൂപയായി മാത്രമാണ്  സർക്കാർ ഉയർത്തിയത്. സർക്കാർ ജീവനക്കാർക്കും, മന്ത്രിമാർക്കും കൃത്യമായി ശമ്പളം കൊടുക്കുമ്പോൾ ഞങ്ങളോട് കാണിക്കുന്നത് ജാതിവിവേചനമാണ്. ഞങ്ങൾ തരുന്നതുകൊണ്ട് പഠിച്ചാൽ മതി എന്നാണ് അവരുടെ നിലപാട്.

ശ്രീജിത്ത്‌ പി ശ്രീധരൻ

ഞാൻ ഉൾപ്പെടുന്ന കേരളത്തിലെ എല്ലാ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെയും തുടർ പഠനത്തിന് ആവശ്യമായ ഇ-ഗ്രാന്റ്സ് ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിക്കപ്പെടുകയാണ്.  ഞാൻ 2022 വർഷത്തിൽ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് ശ്രീസ്ഥ, കണ്ണൂരിൽ പഠനം നടത്തിവരുന്ന ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി വിദ്യാർഥിയാണ്. 2022 പഠനകാലയളവ് മുതൽ എനിക്ക് ലഭിക്കേണ്ടുന്ന ഇ- ഗ്രാൻഡ് തുക ഒരു രൂപ പോലും ലഭിച്ചിട്ടില്ല. തുടർന്ന് ഇ ഗ്രാന്റിനെ പറ്റി പലതവണ അന്വേഷിച്ചപ്പോഴും പല കാരണങ്ങൾ പറഞ്ഞു ഒഴിവാക്കുകയാണ് ചെയ്തത്. നിലവിൽ ഈ കാരണത്താൽ പഠനം പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഞാൻ.

ശ്രീജിത്ത്‌ പി ശ്രീധരൻ

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ട ഒരു വിദ്യാർത്ഥി എന്ന നിലയിൽ മാനസികമായും, സാമ്പത്തികമായും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ആയതുകൊണ്ട് തന്നെ ഈ ഗ്രാൻഡ് തുകകൾ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെട്ട് നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ, എസ്.സി-എസ്.ടി വിഭാഗത്തോടുള്ള അവഗണന അവസാനിപ്പിക്കുന്നില്ലെങ്കിൽ ഇതിനെതിരെ ഇനിയും ശബ്ദം ഉയർത്തുമെന്നും അറിയിച്ചുകൊള്ളുന്നു.

നിമിത എൻ

കാസർകോട് ജില്ലയിൽ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിൽ കല്ല്യോട്ട് പട്ടികവർഗ്ഗ ഊരിലാണ് ഞാൻ താമസിക്കുന്നത്. കണ്ണൂർ ജില്ലയിലെ ചക്കരക്കൽ മലബാർ ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-23 വർഷങ്ങളിൽ D.El Ed (Diploma in elementary education) എന്ന കോഴ്‌സാണ് പഠിച്ചിരുന്നത്. പഠിക്കുന്ന വേളയിൽ കോളേജിൽ ഹോസ്റ്റൽ സൗകര്യം ഇല്ലായിരുന്നതിനാൽ പേയിങ് ഗസ്റ്റ് ആയി താമസിച്ചാണ് പഠിച്ചിരുന്നത്. ഒരുമാസം ഭക്ഷണത്തിനും, വാടകയിനത്തിനുമായി 5000 രൂപ എനിക്ക് ചിലവായിരുന്നു. പ്രവേശന സമയത്ത് പ്രസ്തുത ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ കോഴ്സ് വേണ്ടെന്നു വെച്ചപ്പോൾ കണ്ണൂർ എസ്.ടി ഓഫീസിൽ നിന്ന് താമസിച്ച് പഠിക്കുവാനുള്ള ഹോസ്റ്റൽ അലവൻസ് ആയി മാസം 3000 രൂപ അനുവദിക്കാമെന്ന ഡിപ്പാർട്ട്മെന്റിന്റെ ഉറപ്പിന്മേലാണ് കോളേജിൽ ചേർന്നതും പേയിങ് ഗസ്റ്റ് ആയി പഠനം ആരംഭിച്ചതും.

നിമിത എൻ

എന്നാൽ തുടർന്ന് കോളേജിൽ അടയ്ക്കുവാനുള്ള ഫീസ് കിട്ടിയിരുന്നെങ്കിലും ഹോസ്റ്റൽ അലവൻസ് ഫണ്ട് ഇന്നേവരെ കിട്ടിയിട്ടില്ല. പട്ടികവർഗ്ഗക്കാരിയായതിനാലാണ് നിവേദനം നൽകിയിട്ടും അവഗണിക്കുകയും, തുക നൽകാതിരിക്കുകയും ചെയ്യുന്നതെന്നാണ് എനിക്ക് ബോധ്യപ്പെടുന്നത്. ആയതിനാൽ സർക്കാർ അധികൃതർ പ്രസ്തുത പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠനം നടത്തി ഈ ഗ്രാൻഡ് ലഭിക്കാതെ പഠനം മുടങ്ങിയവരുടെ പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കണം എന്നും അഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം കേരളത്തിലെ ഇ ഗ്രാന്റ്‌സും ലംപ്സംഗ്രാന്റും കിട്ടാതെ പഠനം മുടങ്ങിയവരോടൊപ്പം നിന്നുകൊണ്ട് പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്ത് ഞങ്ങളുടെ അവകാശം നേടിയെടുക്കും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 26, 2024 1:36 pm