“ഏത് നേരത്തും ഇടിഞ്ഞ് വീഴുന്ന മലയുടെ താഴത്ത് ഈറ്റകൊണ്ട് കെട്ടിയ വീട്ടിൽ ഇനിയും ഞങ്ങളെങ്ങനെ ചെന്ന് കിടക്കും? ഒന്ന് മണ്ണിടിഞ്ഞാൽ കൂര പാതി പോവും. ഇന്നുണ്ടാവുമോ നാളെയുണ്ടാവുമോ എന്ന് ഉറപ്പില്ലാതെ ഇനി ഞങ്ങൾക്ക് ജീവിക്കാൻ പറ്റില്ല. ആദിവാസികൾക്കായി അളന്ന് തിരിച്ചിട്ടിരിക്കുന്ന ഭൂമിയുണ്ട്. അതിന് ഞങ്ങളല്ലെങ്കിൽ പിന്നെ ആരാണ് അവകാശികൾ?”റാണിയുടെ വാക്കുകളിൽ വല്ലാത്ത അമർഷമുണ്ടായിരുന്നു. അറാക്കാപ്പിൽ നിന്ന് മലയിറങ്ങി ഇടമലയാറിലെത്തിയിട്ട് ആറ് മാസം പിന്നിട്ടിരിക്കുന്നു. പരാതികളും അപേക്ഷകളും ഒരുപാട് നൽകി. കുടിൽ കെട്ടാനെങ്കിലും ഒരു തുണ്ട് ഭൂമിക്കായി കാത്തിരിക്കുകയാണ് റാണി ഉൾപ്പെടെയുള്ള ആദിവാസി സമൂഹം.
“രാപ്പകലില്ലാതെ ദുരിതം അനുഭവിച്ച് മടുത്തിട്ടാണ് ഞങ്ങൾ ഇറങ്ങിപ്പോന്നത്. ഇനി അവിടെ നിന്നാൽ ജീവൻ പോലും തിരികെ കിട്ടില്ല. ഞങ്ങളുടേത് പോട്ടെ, ഞങ്ങടെ മക്കളുടെ, കുഞ്ഞുങ്ങളുടെ ജീവനെങ്കിലും രക്ഷിക്കേണ്ടേ? ഇനിയും ഞങ്ങളോട് അങ്ങോട്ട് തിരിച്ച് പോവാൻ പറയരുത്. ഞങ്ങളുടെ ജീവനും ജീവനാണ്.” നിസ്സഹായതകൾക്കിടയിലും അറാക്കാപ്പ് ഊരുമൂപ്പൻ തങ്കപ്പൻ പഞ്ചന്റെ വാക്കുകളിൽ നിശ്ചയദാർഢ്യമുണ്ടായിരുന്നു.
തുടർച്ചയായുണ്ടായ ഉരുൾപൊട്ടലും മഴക്കാല ദുരിതങ്ങളും കാരണം ജീവിതം അസാധ്യമായതോടെയാണ് തൃശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലുള്ള അറാക്കാപ്പ് ആദിവാസി ഊരിലെ ജനത കഴിഞ്ഞ വർഷം അവിടെ നിന്നും പലായനം ചെയ്യുന്നത്. കനത്ത മഴയത്ത് പതിനഞ്ച് ചങ്ങാടങ്ങളിലായി വളരെ അപകടകരമായ സാഹചര്യത്തിലാണ് ഇടമലയാർ പുഴയിലൂടെ 28 കിലോമീറ്റർ അവർ യാത്ര ചെയ്തത്. ജീവനും കയ്യിൽ പിടിച്ച് കൈക്കുഞ്ഞങ്ങളെ ഉൾപ്പെടെ എടുത്തുള്ള ആ യാത്ര അവസാനിച്ചത് എറണാകുളം ജില്ലയിലെ ഇടമലയാറിനടത്തുള്ള വൈശാലി ഗുഹയിലായിരുന്നു. അവിടെ കുടിൽകെട്ടാൻ തീരുമാനിച്ച അവരെ വനം വകുപ്പ് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിലേക്ക് മാറ്റി. 13 കുടുംബങ്ങളെയാണ് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താൽക്കാലികമായി താമസിപ്പിച്ചിട്ടുള്ളത്. എപ്പോൾ വേണമെങ്കിലും പെരുവഴിയിലേക്ക് ഇവർ ഇറക്കിവിടപ്പെട്ടേക്കാം. എന്നാൽ ‘പുനരധിവസിപ്പിക്കാൻ എന്ന് ഭൂമി തരുന്നോ അന്നല്ലാതെ ഞങ്ങൾ ഇവിടം വിട്ട് പോവില്ല’ എന്നാണ് ആദിവാസി കുടുംബങ്ങളുടെ നിലപാട്. പട്ടിക വർഗ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും കയ്യൊഴിഞ്ഞെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നത് വരെ ചെറുത്തുനിൽപ്പ് തുടരുമെന്ന തീരുമാനത്തിലാണ് അവർ.
ദുരിതം മടുത്ത് ഇറക്കം
തലമുറകൾക്ക് മുമ്പ് വൈശാലി ഗുഹയ്ക്ക് സമീപമായിരുന്നു ഈ ആദിവാസി കുടുംബങ്ങൾ താമസിച്ചിരുന്നത്. ഇടമലയാർ ഡാം വന്നതോടെ തങ്ങളുടെ ജീവിതം അപകടത്തിലാവുമെന്ന് ഭയന്ന് പുഴ കടന്ന് അറാക്കാപ്പിലേക്ക് പോവുകയായിരുന്നു ഇവരുടെ പൂർവ്വികർ. ചങ്ങാടത്തിൽ പുഴ മുറിച്ചുകടന്ന്, മല കയറി കാടു തെളിച്ച് അവിടെ കുടിൽ കെട്ടിയവർ. തുടർന്ന് പതിറ്റാണ്ടുകളായി അറാക്കാപ്പിൽ തന്നെയാണ് താമസം. ആദ്യം ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന അറാക്കാപ്പ് പിന്നീട് എറണാകുളം ജില്ലയിലേക്ക് മാറ്റി. ഒടുവിൽ തൃശൂർ ജില്ലയുടെ ഭാഗമായി മാറി അറാക്കാപ്പ് ആദിവാസിക്കോളനി. ഭൂമിശാസ്ത്രപരമായി ഏറെ പരിമിതികൾ ഉള്ള സ്ഥലത്തണാണ് അറാക്കാപ്പ് കോളനി സ്ഥിതി ചെയ്യുന്നുത്. ചികിത്സയും വിദ്യഭ്യാസവും പോലെയുള്ള പ്രാഥമിക ആവശ്യങ്ങൾ പോലും അടുത്തെങ്ങും ലഭ്യമല്ല. എവിടേക്കും യാത്രാ സൗകര്യങ്ങളും ഇല്ല. വനത്തിനുള്ളിൽ അമ്പത് വർഷത്തിന് മുകളിൽ സ്ഥിരതാമസമാക്കിയ അറുപതിലധികം കുടുംബങ്ങളാണ് അറാക്കാപ്പിൽ ഉള്ളത്. മാന്നാൻ, മുതുവാൻ, ഉള്ളാട തുടങ്ങിയ ഗോത്രസമൂഹങ്ങളിലെ ജനതയാണിവർ.
തൃശൂർ ജില്ലയുടെ ഭാഗമായി മാറുമ്പോൾ സൗകര്യങ്ങൾ മെച്ചപ്പെടുത്താം എന്നായിരുന്നു ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തിരുന്നത്. അവശ്യ സാധനങ്ങൾ വാങ്ങണമെങ്കിൽ അറാക്കാപ്പുകാർക്ക് വാടാട്ടുപാറയിലോ മലക്കപ്പാറയിലോ പോണം. ഈ രണ്ട് സ്ഥലത്തേക്കും വാഹനസൗകര്യങ്ങൾ ഇല്ല. മണിക്കൂറുകളോളം നടന്ന് മലയിറങ്ങി, കപ്പായം എന്ന സ്ഥലത്ത് നിന്ന് ഇല്ലികൾ കൂട്ടിക്കെട്ടിയ ചങ്ങാടം തുഴഞ്ഞ്, വീണ്ടും വനത്തിലൂടെ നടന്ന് ഏകദേശം അഞ്ച് മണിക്കൂർ സമയമെടുത്ത് വേണം വടാട്ടുപാറയിലെത്താൻ. ഈ വഴിയിൽ മൂന്നര കിലോമീറ്റർ മലഞ്ചരിവിലൂടെ കുത്തനെയുള്ള ഇറക്കമാണ്. ശരിയായ വഴിപോലും ഇല്ല. വന്യമൃഗങ്ങളുള്ള കൊടുംകാട്ടിലൂടെ നാല് മണിക്കൂറിലധികം നടന്നാലേ മലക്കപ്പാറയിലെത്തൂ. വന്യജീവികളുടെ ആക്രമണം ഭയന്നാണ് ഓരോ നിമിഷവും കഴിയുന്നത്. ആനയും പുലിയും കരടിയും ഊരിന് ചുറ്റുമുള്ള വനപ്രദേശത്ത് പതിവാണ്. 2019ൽ പുലിയുടെ ആക്രമണത്തിൽ ഒരു സ്ത്രീയുടെ ജീവൻ നഷ്ടമായി. പ്രധാന ജീവിതമാർഗം കൃഷിയാണെങ്കിലും വന്യജീവികളുടെ ആക്രമണം മൂലം കൃഷി തുടരാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
ഗുരുതരമായ അസുഖം വന്നാൽ പോലും ചികിത്സ തേടാൻ കഴിയാതെ കഷ്ടപ്പെടുന്നവർ കോളനിയിലുണ്ട്. 88 കിലോമീറ്റർ സഞ്ചരിച്ച് ചാലക്കുടിയിൽ എത്തിയാൽ മാത്രമാണ് ആശുപത്രി സൗകര്യങ്ങളുള്ളത്. ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിക്കണമെങ്കിൽ ആദ്യം കോളനിയിൽ നിന്ന് രോഗിയെ മണിക്കൂറുകളോളം ചുമന്ന് നടക്കണം. രോഗിയായവരെ ചാക്കിൽ കിടത്തി കമ്പുകളിൽ കൂട്ടിക്കെട്ടി ചുമന്ന് നാല് മണിക്കൂറുകളോളം നടന്നാൽ മാത്രമേ വാഹന സൗകര്യമുള്ള റോഡിൽ എത്താൻ കഴിയൂ. രോഗിയുമായി കൊടുംവനത്തിലൂടെയുള്ള യാത്രയിൽ വന്യജീവികൾ ആക്രമിച്ച അനുഭവങ്ങളുമുണ്ട്. സമയത്ത് ചികിത്സ ലഭിക്കാതെ പലരും മരിച്ചു. മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ ഇങ്ങനെ മരിച്ചിട്ടുണ്ടെന്ന് അറാക്കാപ്പുകാർ പറയുന്നു. പല സ്ത്രീകളും മലയിറങ്ങുന്നതിനിടയിൽ വഴിയിൽ പ്രസവിച്ചിട്ടുണ്ട്.
“സ്‌കൂളില്ല, അങ്കൻവാടിയില്ല, വഴിയില്ല, സുരക്ഷിതമായ വീടില്ല, ആശുപത്രിയില്ല…വനജീവികളുടെ ആക്രമണം പേടിച്ച് ഉറങ്ങാത്ത ദിവസങ്ങളാണ് അധികവും. അങ്ങനെയൊരു സ്ഥലത്ത് ഇത്രയും കാലം ഞങ്ങൾ പിടിച്ചുനിന്നു. സുരക്ഷിതമായൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കണമെന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. ഇതിനായി വർഷങ്ങളോളം ഓരോ ഓഫീസുകൾ കയറിയിറങ്ങി. എന്നിട്ടും രക്ഷയുണ്ടായില്ല.” തങ്കപ്പൻ മൂപ്പൻ പറയുന്നു.
ഈ സാഹചര്യങ്ങളോടെല്ലാം ഏറ്റുമുട്ടി കഴിയുന്നതിനിടയിലാണ് 2018 മുതൽ അറാക്കാപ്പുകാരുടെ ഉറക്കം കെടുത്തി ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും പതിവാകുന്നത്. 2018 ലെ പ്രളയകാലം മുതൽ പ്രദേശത്ത് നിരന്തരം മണ്ണിടിച്ചിലും ഉരുൾപൊട്ടലുകളും ഉണ്ടാവുന്നുണ്ട്. ഇതോടെ ഊരിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി. മലവെള്ളപ്പാച്ചിലിൽ മണ്ണ് വീണ് കൃഷിയും കൃഷിഭൂമിയും നശിക്കുക പതിവായി. നിരവധി വീടുകളും 2018ലെ മണ്ണിടിച്ചിലിൽ തകർന്നു. 2019ലും മണ്ണിടിച്ചിലിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി അറാക്കാപ്പ് നിവാസികൾ ഒരുപാട് അപേക്ഷകൾ സമർപ്പിച്ചു. എന്നാൽ അതിലും തീരുമാനമായില്ല. “മണ്ണിടിച്ചിലോടിടിച്ചിൽ ആണ്. കുറേ കൃഷിസ്ഥലങ്ങൾ പോയി, വീട് പോയി. ഞങ്ങൾ പോരുന്നതിന് മുമ്പുള്ള ദിവസവും ഉരുൾപൊട്ടലുണ്ടായി. ഒരു രാത്രി ഉറങ്ങി എണീക്കുമ്പോൾ വീടും ഞങ്ങളും കുഞ്ഞുങ്ങളും ഉണ്ടോ എന്ന് പോലും ഉറപ്പില്ല. അങ്ങനെയൊരു അവസ്ഥയിൽ അവിടെ എങ്ങനെ നിൽക്കാനാണ്? എല്ലാം അനുഭവിച്ച് ഒരു നിവൃത്തിയുമില്ലാതെ മടുത്തിട്ട് ഇറങ്ങിപ്പോന്നവരാണ് ഞങ്ങൾ. ഇനി അവിടെ താമസിക്കില്ല എന്നുറപ്പിച്ചാണ് മലയിറങ്ങിയതും. രായ്ക്ക്‌രാമാനം പിള്ളേരേം എടുത്ത്, പറ്റുന്ന തുണികളും പേപ്പറുകളും എടുത്ത് ഇറങ്ങിപ്പോന്നു. ഇനി ആ ഊരിലേക്ക് തിരിച്ച് പോവാൻ ഞങ്ങളോട് പറയണ്ട. ഞങ്ങൾ പോവില്ല.”
ഇടമലയാറിലേക്ക്
ജീവന്റെ നിലനിൽപ്പ് അപകടത്തിലായതിന് പുറമെ ഉപജീവനമാർഗവും നഷ്ടമായതോടെയാണ് 13 കുടുംബങ്ങൾ കഴിഞ്ഞ മഴക്കാലത്ത് മലയിറങ്ങുന്നത്. രണ്ട് വയസ്സുള്ള കൈക്കുഞ്ഞുൾപ്പെടെ 39 പേരടങ്ങുന്ന സംഘത്തിന് ഇടമലയാറിലേക്കുള്ള ആ യാത്ര അത്ര സുഗമമായിരുന്നില്ല. തൽക്കാലം ജീവിക്കാൻ വേണ്ടതെല്ലാം കെട്ടിപ്പെറുക്കി രാത്രിയിൽ വനപാതയിലൂടെ ജീവൻ പണയം വച്ച് നടന്നു. പിന്നെ ഈറ്റ ചങ്ങാടത്തിൽ 28 കിലോമീറ്റർ പുഴയിലൂടെ തുഴഞ്ഞ് ഇടമലയാറിൽ എത്തി. അതിസാഹസികമായ ആ യാത്ര മണിക്കൂറുകളും ദിവസങ്ങളും എടുത്താണ് ഇവർ പൂർത്തിയാക്കിയത്. പൂർവ്വികർ താമസിച്ചിരുന്ന വൈശാലി ഗുഹയ്ക്ക് സമീപം എത്തി യാത്ര നിർത്തി.
2021 ജൂലൈ നാലിന് വൈശാലി ഗുഹയ്ക്ക് 100 മീറ്റർ അകലെയുള്ള വനഭൂമിയിൽ കുടിൽകെട്ടി താമസമാരംഭിക്കാനൊരുങ്ങിയ അറാക്കാപ്പുകാരെ വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. ഇവരോട് തിരികെപ്പോകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ സുരക്ഷിതമായ താമസ സ്ഥലം കിട്ടുന്നത് വരെ തിരികെ പോവില്ല എന്ന നിലപാടിൽ അറാക്കാപ്പുകാർ ഉറച്ചുനിന്നു. സംഘർഷാവസ്ഥയിലേക്ക് സ്ഥിത മാറിയതോടെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം വിഷയത്തിൽ ഇടപെട്ടു. പിന്നീട് പട്ടിക വർഗ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കുടുംബങ്ങളെ ഇടമലയാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മാറ്റി. കോവിഡ് വ്യാപനത്തെ തുടർന്ന് കുട്ടികളില്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നു ട്രൈബൽ ഹോസ്റ്റൽ. ഹോസ്റ്റലിലെ താത്കാലിക താമസത്തിനിടെ അറാക്കാപ്പ് നിവാസികൾ തങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചു. മന്ത്രിമാർക്കും, ജില്ലാ ഭരണാധികാരികൾക്കും, ഉദ്യോഗസ്ഥർക്കും നിരവധി അപേക്ഷകൾ സമർപ്പിച്ചു. മന്ത്രിമാരെ നേരിൽ പോയി കണ്ടു. എന്നാൽ പുനരധിവാസത്തിന്റെ കാര്യത്തിൽ ഇതുവരെ നടപടികളുണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം കൃത്യമായി സർക്കാരിലേക്ക് അറിയിച്ച് നടപടികൾക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ പറഞ്ഞു. എന്നാൽ അതിൽ പ്രതീക്ഷയില്ലാതെ കഴിയുകയാണ് അറാക്കാപ്പുകാർ. ഇതിനിടെ ഹോസ്റ്റൽ തുറക്കുന്ന സാഹചര്യം വന്നതോടെ അവിടെ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് അധികൃതർ ആദിവാസി കുടുംബങ്ങൾക്ക് നോട്ടീസ് നൽകി. “എന്ത് വന്നാലും ഭൂമി ലഭിക്കുന്നത് വരെ ഇറങ്ങില്ല എന്ന തീരുമാനത്തിലായിരുന്നു ഞങ്ങൾ. പിന്നീട് കളക്ടർ ഇടപെട്ട് ഹോസ്റ്റലിലെ കുട്ടികളോടൊപ്പം തന്നെ താമസിക്കാൻ അനുമതി നൽകി.” മൂപ്പൻ പറഞ്ഞു.
‘ഞങ്ങൾക്ക് വേണ്ടത് റോഡല്ല’
അറാക്കാപ്പിലെ 13 കുടുംബങ്ങൾ സമരം ചെയ്യാനാരംഭിച്ചപ്പോൾ അറാക്കാപ്പ് കോളനിയിലേക്ക് ഉടൻ റോഡ് നിർമ്മിക്കും എന്നാണ് വകുപ്പ് മന്ത്രിയുൾപ്പെടെ വാഗ്ദാനം ചെയ്തത്. ഇതിനായി പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അധികൃതരും പറയുന്നു. “ഞങ്ങൾക്ക് പ്രധാനമായും വേണ്ടത് റോഡും വികസനവും ഒന്നുമല്ല. സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമാണ്. വനമൃഗശല്യം ഞങ്ങൾക്ക് ശീലമാണ്. എന്നാൽ ഉരുൾപൊട്ടൽ ഞങ്ങൾക്ക് ശീലമല്ല. 2018 മുതൽ സ്ഥിരം ഉരുളും മണ്ണിടിച്ചിലുമാണ്. ആ സാഹചര്യത്തിൽ ഞങ്ങളോട് അവിടെ തിരികെ ചെന്ന് ജീവിക്കാൻ എങ്ങനെയാണ് ഇവർക്ക് പറയാൻ കഴിയുന്നത്? കവളപ്പാറയും പെട്ടിമുടിയും എല്ലാം അപ്രതീക്ഷിതമായിരുന്നു. എന്നാൽ ഞങ്ങൾ അപകടത്തിലാണ് എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും പുനരധിവസിപ്പിക്കാൻ നടപടിയെടുക്കാത്തതെന്താണ്?” റാണി ചോദിക്കുന്നു.
2018 മുതൽ ഇവർ പുനരധിവാസത്തിനായി അപേക്ഷ നൽകുന്നുണ്ട്. “2019ലും അപേക്ഷ നൽകി. തൃശൂർ ജില്ലാ ട്രൈബൽ ഓഫീസർക്ക്. എന്നാൽ പുനരധിവാസത്തിനുള്ള സ്‌കീം ഇല്ലെന്നാണ് മറുപടി തന്നത്. അറാക്കാപ്പ് വനംവകുപ്പിന്റെ മലയാറ്റൂർ ഡിവിഷന് കീഴിൽ വരുന്ന പ്രദേശമാണ്. അതിനാലാണ് എറണാകുളം ജില്ലയിലെ ഭൂമിക്ക് വേണ്ടി ഞങ്ങൾ അപേക്ഷിച്ചിരിക്കുന്നത്.” റാണി കൂട്ടിച്ചേർത്തു. ഭൂമി ലഭിക്കാനായി നിയമ പോരാട്ടം തുടരുകയാണ് ഇവർ. വിവിധ ദളിത്-ആദിവാസി ക്ഷേമ സംഘടനകളും വ്യക്തികളും കോളനി നിവാസികൾക്ക് പിന്തുണയും നിയമ സഹായവും നൽകി ഒപ്പമുണ്ട്.
പിണവർകുടിക്ക് പോവുന്ന വഴിക്ക് കുട്ടമ്പുഴ തണ്ടത്തറ കോളനിയിൽ ആദിവസി പുനരധിവാസത്തിനായി മുമ്പ് സ്ഥലം അളന്നുതിരിച്ചിട്ടുണ്ട്. ഇവിടെ സ്ഥലം നൽകി പുനരധിവസിപ്പിക്കണമെന്നതാണ് അറാക്കാപ്പുകാരുടെ ആവശ്യം. “തൃശൂർ ജില്ലയിലേക്ക് മാറിയാൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും എന്നായിരുന്നു വാഗ്ദാനം. എന്നാൽ തൃശൂരിൽ ഇങ്ങനെയൊരു കോളനി ഉണ്ടെന്ന് തന്നെ പലരും അറിഞ്ഞത് ഞങ്ങൾ ഇടമലയാറിലെത്തിയപ്പോഴാണ്. വൈദ്യുതി കിട്ടിയതല്ലാതെ ഇന്നേവരെ ഒരു ആനുകൂല്യവും കിട്ടിയിട്ടുമില്ല. അതിനാൽ അറാക്കാപ്പിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിത്തരാം എന്നുപറഞ്ഞ് ഞങ്ങളെ ഇനിയും കബളിപ്പിക്കാനാവില്ല.” തങ്കപ്പൻ മൂപ്പൻ കൂട്ടിച്ചേർത്തു.
മനുഷ്യരെപ്പോലെ ജീവിക്കാൻ അനുവദിക്കണമെന്ന വളരെ പ്രാഥമികമായ ആവശ്യമാണ് ഉന്നയിക്കപ്പെടുന്നത്. അടച്ചുറപ്പുള്ള വീട്, കുട്ടികളുടെ വിദ്യഭ്യാസം, പ്രകൃതിക്ഷോഭത്തേയും വന്യജീവികളേയും പേടിക്കാതെ ഒരു ജീവിതം, സമയോചിതമായ ചികിത്സ ഇതെല്ലാം തങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് അറാക്കാപ്പിലെ ആദിവാസി സമൂഹം ഉറപ്പിച്ചു പറയുന്നു. അതിവേഗ വികസനത്തിനായി കോടികൾ ചെലവഴിക്കുന്ന കേരള സർക്കാർ ചികിത്സ കിട്ടാതെ ആദിവാസികൾ മരിക്കുന്ന അവസ്ഥയ്ക്ക് കൂടി പരിഹാരം കാണാത്തതെന്ത് എന്ന ചോദ്യം അറാക്കാപ്പുകാർ സ്വന്തം ജീവിതത്തിന്റെ അരക്ഷിതാവസ്ഥകളിൽ നിന്നും മുന്നോട്ടുവയ്ക്കുന്നു.