എവിടെ ചരിത്രം ഞങ്ങളോട് പറയേണ്ട മാപ്പ്!

Out -1 : ക്വിയർ സൗഹാർദ്ദ സമൂഹത്തിനൊരാമുഖം

ക്വിയർ എന്നത് വ്യത്യസ്തമായ, നിങ്ങളിൽ നിന്ന് മാറി നിൽക്കുന്ന പദമോ അസ്തിത്വമോ അല്ലെന്ന കാഴ്ചപ്പാടിലൂടെയാകണം ക്വീയർ വ്യക്തികളെ അറിയാനും വായിക്കാനും ഉൾകൊള്ളാനും ശ്രമിക്കേണ്ടത്. സ്വന്തം അസ്തിത്വം എന്താണെന്ന് ചിന്തിക്കാൻ കൂടി ആണധികാര-ബ്രാഹ്മണിക്-സിസ്-ഹെറ്ററോ-ഏബിൾഡ് സമൂഹം അനുവദിക്കാത്തിടത്ത് നിന്ന് ക്വീയർ വായന ആരംഭിക്കാം. ഇന്നലെയും ഇന്നും ഇപ്പോഴും വെറുപ്പിന്റെ ഭീതിതമായ നിന്ദ ഏറ്റുവാങ്ങുന്ന ഓരോ ക്വീയർ വ്യക്തിയോടും ചരിത്രം മാപ്പ് പറയണം എന്ന് വിധി വന്നിട്ട് അഞ്ച് വർഷങ്ങൾ ആകുകയാണ്. എന്നാൽ മുമ്പത്തേക്കാൾ സംഘടിതമായി അക്രമങ്ങൾ ക്വീയർ വ്യക്തികൾ നേരിടുന്ന സമകാലീന രാഷ്ട്രീയ-സാമൂഹ്യ കാലാവസ്ഥ കൂടിയാണ് ഇപ്പോൾ എന്നത് ക്വീയർ മനുഷ്യർ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ആഴം വെളിവാക്കുന്നുണ്ട്. ഭിന്നവർഗ ലൈംഗികതക്കാരുടെയും (Heterosexual) സിസ്‌ ജെൻഡർ (ജനന സമയത്തെ ലിംഗവും സ്വയം അടയാളപ്പെടുത്തുന്ന ലിംഗത്വവും ഒന്നാകുന്നവർ) മനുഷ്യരുടെയും നോർമലൈസേഷനുകൾക്കും (Heteronormative) സങ്കല്പങ്ങൾക്കും അപ്പുറം ശരീരവും മനസും ഇടങ്ങളും ജീവിതവും അടയാളപ്പെടുത്തുന്ന അനേകം മനുഷ്യർക്ക് ഇന്നും സമൂഹവും വ്യക്തികളും തുല്യമല്ലാത്ത സ്ഥാനവും അവമതികളും മാത്രമാണ് നൽകുന്നത്.

ഐ.പി.സി 377ന് എതിരെ നടന്ന പ്രക്ഷോഭം

നാനാത്വത്തിൽ ഏകത്വം എന്നാണല്ലോ ഇന്ത്യയെ കുറിച്ചുള്ള പൊതുധാരണ. എന്നാൽ വൈവിധ്യങ്ങളെ തിരസ്കരിച്ചുകൊണ്ടുള്ള ഏകമാനമായ സാമൂഹ്യക്രമം കെട്ടിപ്പടുക്കുന്ന ജനാധിപത്യവിരുദ്ധമായ ചരിത്രമാണ് ഇന്നുവരെ നമുക്ക് പറയുവാനുള്ളത്. ജനാധിപത്യപ്രക്രിയയെ കുറിച്ച് ഡോ. ബി.ആർ അംബേദ്‌കർ അഭിപ്രായപ്പെട്ടത് “ജനാധിപത്യം ഒരു സർക്കാരല്ല, മറിച്ച് ഒരു സാമൂഹ്യ കൂട്ടായ്മയാണ്” എന്നാണ്. സമൂഹം എന്നത് ഏകമാനമായ ഒരു കൂട്ടം ജനതയുടെ സമ്മേളനമോ അഭിപ്രായമോ അല്ല ബഹുസ്വരമായ ജനതയും കാഴ്ചപ്പാടും വൈവിധ്യമാർന്ന ജീവിതങ്ങളും ചേർന്ന പ്രക്രിയയാണത്, നിരന്തരം മാറ്റങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കും വിധേയമാകുന്ന സ്ഥാപനം. എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ സമൂഹമെന്നത് ജാതിയുടെയും-മതത്തിന്റെയും പുരുഷമേധാവിത്വത്തിന്റെയും ആകെ തുകയായി ചുരുക്കപ്പെട്ടിട്ടുണ്ട്. അവിടെ അദൃശ്യരാണ് ക്വിയർ മനുഷ്യരും അവരുടെ രാഷ്ട്രീയവും. ഇന്ത്യയിൽ 2014 ൽ മാത്രമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പൗരാവകാശം സുപ്രീം കോടതിവഴി അനുവദിച്ചുകിട്ടുന്നത് (ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലിംഗത്വ വൈവിധ്യങ്ങളെ അംഗീകരിക്കാൻ അറുപതിൽ അധികം വർഷങ്ങളെടുത്തു എന്ന അപഹാസ്യം സ്വന്തമാക്കി). മറ്റ് ക്വീയർ മനുഷ്യരുടെ ജീവിതാവകാശങ്ങൾ ഇന്നും ചോദ്യമായി നിലനിൽക്കുകയാണ് എന്നത് മറ്റൊരു വൈരുദ്ധ്യം. പ്രാതിനിധ്യ ജനാധിപത്യം എന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യവും സുതാര്യതയും വർധിപ്പിച്ചുകൊണ്ട് കൂടുതൽ ഉൾപെടുത്തലുകൾ നടത്തുന്ന പ്രക്രിയയാണ്. എന്നാൽ ഇന്ത്യൻ ‘പാർട്ടി പൊളിറ്റിക്സ്’ സവർണ-പുരുഷ കോലാഹലങ്ങളാണ് എന്നത് നിരാശാജനകവും യാഥാർത്ഥ്യവുമാണ്. ചരിത്രത്തിൽ മുഗൾ ഭരണ കാലയളവിൽ പോലും രാജസഭകളിൽ കിന്നർ-ഹിജഡ പാരമ്പര്യത്തിൽ ജീവിച്ചിരുന്ന ട്രാൻസ്‌ജെൻഡർ മനുഷ്യർക്ക് സ്ഥാനം ഉണ്ടായിരുന്നു എന്നത് നിയമനിർമ്മാണ സഭകളിലെ ക്വിയർ ഉൾപെടുത്തലായി വിവക്ഷിക്കാം. എന്നാൽ ജനാധിപത്യ സർക്കാരുകൾ സ്വാതന്ത്ര്യാനന്തരം അതിനവസരം നൽകിയില്ല എന്നതുതന്നെ ക്വിയർ അദൃശ്യത വെളിവാക്കുന്നുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപരവത്കരണവും സാമൂഹികഭ്രഷ്ടും നേരിടേണ്ടി വന്നത് ഇവിടത്തെ തദ്ദേശീയ ഹിജഡാ പാരമ്പര്യത്തിൽ ജീവിച്ചിരുന്ന ട്രാൻസ്ജെൻഡർ മനുഷ്യർക്കാണ്. വിഭവ വിതരണത്തിലോ, അധികാര വിനിമയങ്ങളിലോ അവസരസമത്വങ്ങളിലോ ഒരിക്കൽ പോലും പരിഗണനകൾക്ക് പാത്രമാകാതിരുന്ന ഒരു കൂട്ടം മനുഷ്യർ ചരിത്രാതീത കാലം മുതലേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നു എന്നതാണ് വസ്തുത. 1860 കാലഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാർ അവതരിപ്പിച്ച ഐ.പി.സി 377, 1871 ലെ ഹിജ്റ ട്രെെബ്സ് ക്രിമിനൽ ആക്ട് എന്നിവയെല്ലാം നീതിനിഷേധവും ഇടങ്ങളുടെ അപഹരണവും മാത്രമാണ് ലിംഗത്വ-ലൈംഗിക ന്യൂനപക്ഷങ്ങളോട് നടത്തിയത്, ചരിത്രം സാക്ഷി! ഉത്തരേന്ത്യയിലെ ഹിജഡാ പാരമ്പര്യത്തിന് പുരാണങ്ങളുടെ പകിട്ടും മേമ്പൊടിയും ചാർത്തി സാമൂഹികാകലം (social distance) ട്രാൻസ്ജെൻഡർ മനുഷ്യരോട് പുലർത്തിയിരുന്നു. ട്രെെബൽ ക്രിമിനൽ ആക്ടിന്റെ വരവോടെ രാഷ്ട്രീയമായും അവർ മോഷ്ടിക്കപ്പെട്ടു. ട്രാൻസ്ജെൻഡർ മനുഷ്യരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും അവരെ ജയിലിൽ അടക്കാനും ആ നിയമം അധിക അധികാരങ്ങൾ പ്രാദേശിക ഭരണകൂടങ്ങൾക്ക് നൽകി. ഇതിനർഥം ബ്രിട്ടീഷ് ഇന്ത്യയിൽ സ്വത്തവകാശമുള്ള മനുഷ്യരായിരുന്നു ട്രാൻസ്ജെൻഡർ സമൂഹം എന്നതാണ്. അന്യർ എന്ന രീതി എപ്പോഴൊക്കെ ഇന്ത്യൻ സാഹചര്യങ്ങളിൽ പൊന്തിവന്നിട്ടുണ്ടോ അപ്പോഴൊക്കെ മാറ്റിനിർത്തപ്പെട്ട വിഭാഗം തന്നെയാണ് ലിംഗത്വ-ലൈംഗിക ന്യൂനപക്ഷങ്ങൾ.

ബ്രിട്ടീഷുകാർ ക്രിമിനൽവത്കരിച്ച ഹിജ്റ ട്രെെബ്സ്. കടപ്പാട്: bbc

അതിഭീകരമായ ഹോമോഫോബിയയും ട്രാൻസ്ഫോബിയയും ഇന്ത്യൻ സമൂഹത്തിൽ വേരോടിയതിന് ബ്രിട്ടീഷ് ഭരണവും അവരുടെ സദാചാര സങ്കല്പങ്ങളും നൽകിയ സംഭാവനകൾ ചെറുതല്ല. ഇന്ത്യൻ ശുദ്ധി-വൃത്തി-ജാതി സങ്കലനങ്ങളിൽ ഏറിയും കുറഞ്ഞും ആ ഭീതി നല്ലരീതിയിൽ വളർന്നു എന്നതാണ് യാഥാർഥ്യം. ബ്രിട്ടീഷ് ഭരണത്തിൽ ക്രിമിനലുകൾ ആയി മാത്രം കണക്കാക്കപ്പെട്ടിരുന്ന ക്വീയർ മനുഷ്യർ തങ്ങളുടെ സ്വത്വം ലിംഗത്വലൈംഗിക ന്യൂനപക്ഷങ്ങളുടേതല്ല എന്ന് സമൂഹത്തെയും കുടുംബത്തെയും ബോധ്യപ്പെടുത്താൻ നടത്തിയ ശ്രമങ്ങളുടെ ദുരന്തമാണ് ഇന്നും ഇന്ത്യയിലെ ക്വീയർ മനുഷ്യർ അനുഭവിക്കേണ്ടിവരുന്നത്. പക്ഷെ അന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ മറ്റുവഴികളൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും സ്വതന്ത്ര ഭാരതത്തിലേക്കും റിപ്പബ്ലിക്കിലേക്കും ഇന്ത്യ ചലിച്ചിട്ടും നിയമപരമായ അംഗീകാരം, ഭരണഘടനാവകാശങ്ങൾ, തുല്യനീതി എന്നിവ അനുവദിച്ചുകിട്ടാൻ യഥാക്രമം ട്രാൻസ്ജെൻഡർ മനുഷ്യർക്ക് 2014ഉം സ്വവർഗാനുരാഗികൾക്ക് 2018ഉം വരെ ക്ഷമയോടെ കാത്തിരിക്കേണ്ടതായി വന്നു. എന്തൊരു വിരോധാഭാസമാണ് ഇന്ത്യൻ റിപ്പബ്ലിക് LGBTIQ മനുഷ്യരോട് കാണിച്ചതെന്നത് ചിന്തനീയമാണ്. 1947ന് സ്വാതന്ത്ര്യദിനം ആഘോഷിക്കാനോ തുടർന്ന് റിപ്പബ്ലിക് ആയശേഷം ഭരണഘടനാവകാശങ്ങൾ ഉറപ്പാക്കുവാനോ അവസരം ലഭിക്കാത്തവരായി ക്വിയർ മനുഷ്യർ മാറി. ഇന്ത്യക്കാരുടെ പൊതുഇടങ്ങളിൽ നിന്നും അവർ നിഷ്കാസിതരായി മാറി.

ലിംഗത്വ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യതയും സ്വീകാര്യതയും വിഭിന്നഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ട്രാൻസ്ജെൻഡർ മനുഷ്യർക്ക് അവരുടെ ലിംഗത്വ സ്വത്വം (Gender Identity) അധികനാൾ പൊതുസമൂഹത്തിൽ നിന്നും ഒളിപ്പിച്ചുവയ്ക്കുവാൻ സാധിക്കുകയില്ല, എന്നാൽ സ്വവർഗാനുരാഗികൾക്ക് സ്വത്വ പ്രതിസന്ധി (ബാഹ്യകാരണങ്ങൾ ഇല്ലെങ്കിൽ) മറ്റുള്ളവർ അറിയാതെ തുടരുവാനും ചിലർക്കെങ്കിലും പൊതുബോധത്തെ തൃപ്തിപെടുത്തുവാനായി നിർബന്ധിത വിവാഹങ്ങളിൽ അടക്കം ഏർപ്പെടുവാനും സാധിക്കുന്നു. അതുകൊണ്ടാണ് ഇവിടത്തെ ക്വീയർ ജനസംഖ്യ എത്രയെന്ന കൃത്യമായ കണക്ക് കമ്മ്യൂണിറ്റി സംഘടനകൾക്ക് പോലും മനസ്സിലാകാത്തത്. അപമാനവും, വീട്ടുകാരും നാട്ടുകാരും ഒഴിവാക്കുമെന്ന ഭയവും, വിഷാദരോഗവും ഒറ്റപ്പെടലുമടക്കം നിരവധി പ്രതിസന്ധിഘട്ടങ്ങളെ ഒറ്റക്ക് മാത്രം തരണം ചെയ്യേണ്ടവരാണ് ക്വിയർ മനുഷ്യർ.

കടപ്പാട്:qz.com

2014 ഏപ്രിൽ 15 ന് ബഹുമാനപെട്ട സുപ്രീംകോടതി നാഷണൽ ലീഗൽ സർവ്വീസസ് സൊസൈറ്റിയും കേന്ദ്ര സർക്കാരും മറ്റു കക്ഷികളുമായി നടന്നുവന്ന (NALSA Vs Union of India) കേസിലെ സുപ്രധാന വിധിന്യായത്തിൽ ഇന്ത്യയിലെ പൗരന്മാരായി അംഗീകാരം നൽകിയ വിഭാഗമാണ് ട്രാൻസ്ജെൻഡർ മനുഷ്യർ; ഭരണഘടനാപരമായും ചരിത്രപരമായും അവർ ഇന്ത്യൻ പൗരരാണെന്ന് കോടതി കണ്ടെത്തി. എത്രത്തോളം വിരോധാഭാസമാണ് ഈ വിധി സമൂഹത്തോട് ചോദ്യരൂപേണ ഉന്നയിക്കുന്നത്? ലക്ഷക്കണക്കിന് ട്രാൻസ്ജെൻഡർ മനുഷ്യർക്ക് വോട്ടവകാശവും മറ്റ് പൗരത്വാവകാശങ്ങളും അത്രയും നാൾ നിഷേധിക്കപ്പെട്ടിരുന്നു എന്ന വിരുദ്ധതയും കോടതിവിധിയിലൂടെ പുറത്തുവന്നു. ലിംഗനീതിയുടെ മാഗ്നാകാർട്ട എന്ന് നൽസാ വിധിയെ പുകഴ്ത്തുമ്പോഴും അടിസ്ഥാന മൗലികാവകാശങ്ങളിൽ ഏതൊക്കെ ഒഴിവാക്കപ്പെട്ടു എന്നതും ചർച്ചയാക്കപ്പെടേണ്ടതാണ്. നൽസാ വിധിയിലൂടെ പൗരന്മാർക്ക് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളിൽപ്പെട്ട വിദ്യാഭ്യാസത്തിലെയും ജോലിയിലെയും സംവരണമടക്കം നിരവധി അവകാശങ്ങൾ ഇന്നും ചോദ്യങ്ങളായി മാത്രം അവശേഷിക്കുന്നു. നൽസാ വിധി ട്രാൻസ്ജെൻഡർ മനുഷ്യരുടെ സ്വത്തവകാശം, വിവാഹം, ദത്തവകാശം, ആരോഗ്യസംരക്ഷണം തുടങ്ങി മിക്ക അവകാശങ്ങളെക്കുറിച്ചും മൗനം പാലിക്കുന്നു. എന്നാൽ വ്യക്തി എന്ന നിലയിൽ ഒരാളുടെ ലിംഗത്വം (gender) പ്രസ്താവിക്കാനും നിർണയിക്കുവാനുമുള്ള പരിപൂർണമായ അവകാശം ആ വ്യക്തിയിൽ നിക്ഷിപ്തമാണെന്ന് വിധിച്ചു. തത്വത്തിൽ ഇന്ത്യയിലെ ട്രാൻസ്ജെൻഡർ മനുഷ്യർക്ക് പൗരത്വവും അടിസ്ഥാനാവകാശങ്ങൾക്കായി ശബ്ദമുയർത്താനൊരു നിയമബലവും നൽസ വിധി നൽകി. തുടർന്ന് കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ ട്രാൻസ്ജെൻഡർ ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. എന്നാൽ ആശ്വാസങ്ങൾക്കും പ്രതീക്ഷകൾക്കും മുകളിൽ വലിയൊരു നിഴലായി ദേശീയ പൗരത്വ പട്ടികയുടെ തയ്യാറെടുപ്പും പൗരത്വ ഭേദഗതി നിയമവും വന്നുപതിച്ചു. അടങ്ങാത്ത ആശങ്കകളും ചോദ്യങ്ങളും ഇവ രണ്ടും മുന്നോട്ട് വച്ചുകൊണ്ട് തന്നെ.

ഇന്ത്യൻ ക്രിമിനൽ ശിക്ഷാനിയമത്തിലെ 377 വകുപ്പ് സ്വവർഗാനുരാഗികളെ കുറ്റക്കാരാക്കുന്ന വകുപ്പാണെന്നൊരു കാഴ്ചപ്പാട് പൊതുസമൂഹത്തിനും നിയമവ്യവസ്ഥക്കും കുറേ അധികം നാൾ ഉണ്ടായിരുന്നു. എന്നാൽ വ്യക്തികളുടെ സ്വകാര്യതയെയും ലൈംഗികതകളെയും ആകമാനം ബാധിച്ചിരുന്ന ബ്രിട്ടീഷ് സദാചാരമാണ് ക്യാൻസർപോലെ ഈ വകുപ്പിലൂടെ ഇന്ത്യയാകമാനം പടർന്നുപിടിച്ചത്. എന്നാൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 377 വകുപ്പിലെ കേസുകളിൽ അധികവും ട്രാൻസ്ജെൻഡർ മനുഷ്യരെയും സ്വവർഗാനുരാഗികളെയും ഉന്നം വെച്ചുള്ളതായിരുന്നു. സുപ്രീംകോടതിയുടെ 2018 സെപ്റ്റംബർ 6 ലെ സുപ്രധാനമായ ഭരണഘടനാ ബെഞ്ചിൻറെ വിധി സ്വവർഗാനുരാഗത്തെ നിയമവിധേയമാക്കുന്നതായിത്തീർന്നു. തത്വത്തിൽ സ്വാതന്ത്ര്യശേഷം ഇന്ത്യ എന്ന രാജ്യത്ത് സ്വാഭിമാനത്തോടെ അസ്തിത്വ വിഷമമില്ലാതെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ സാധിക്കുമെന്ന ലിംഗത്വലൈംഗിക ന്യൂനപക്ഷങ്ങളുടെ ആഗ്രഹങ്ങൾക്കുമേൽ പതിച്ച കനത്ത ആഘാതമാണ് ദേശീയ പൗരത്വ രജിസ്റ്റർ നടപടികളും പൗരത്വ ഭേദഗതി നിയമവും.

ഇന്ത്യയുടെ അടിസ്ഥാനതത്വങ്ങളിൽ ഒന്ന് എന്നത് ബഹുസ്വരതയാണ്. ആ വൈവിധ്യങ്ങളിൽ വ്യത്യസ്ത ലൈംഗികതകളും ലിംഗത്വ സ്വത്വങ്ങളും അടങ്ങിയിക്കുന്നു. എന്നാൽ പൗരത്വ ഭേദഗതി നിയമം അത്തരം എല്ലാ ബഹുസ്വരതകളെയും റദ്ദ് ചെയ്യുന്നുണ്ട്, മുന്നോട്ടുപോകുന്ന സമൂഹത്തിന്റെ കാലിൽ മുറിവുണ്ടാക്കി വേഗത കുറക്കുന്ന ക്രൂരൻ മണ്ടത്തരങ്ങൾ പോലെയാണ് ഇന്നീ നിയമം പെരുമാറുന്നത്. അതായത് എല്ലാത്തരം പ്രതീക്ഷകളും ഇല്ലാതാക്കുന്ന ഒരു അടവുനയം മാത്രമാണ് ഈ നിയമം. ബഹുസ്വരത എന്നതിന് ഏകമാനമായ മുഖം മാത്രമാണെന്ന് ഭരണകൂടം തിട്ടൂരമിറക്കിയാൽ ഇല്ലാതാകുന്ന ചരിത്രമാണോ നമുക്കുള്ളത്? സ്വാതി ബിദാൻ ബറുവ സുപ്രീംകോടതിയിൽ ഹർജി നൽകികൊണ്ട് അറിയിച്ചത് NRC പ്രക്രിയയിൽ അധികൃതർ ട്രാൻസ്ജെൻഡർ മനുഷ്യരോട് ഒന്നുകിൽ ആൺ അല്ലെങ്കിൽ പെൺ എന്ന കോളത്തിൽ പേരുകൾ നൽകാനാണ് ആവശ്യപ്പെട്ടതെന്നും, അപ്പോൾ ട്രാൻസ്ജെൻഡർ മനുഷ്യരെ എവിടെ കണ്ടെത്താനാകും എന്നുമാണ്? നൽസ വിധി, കേന്ദ്ര സർക്കാരിൻറെ ട്രാൻസ്ജെൻഡർ അവകാശ നിയമം എന്നിങ്ങനെ ട്രാൻസ്ജെൻഡർ മനുഷ്യരെ ഒരു വശത്തുകൂടി അംഗീകരിക്കുമെന്ന് അവകാശപ്പെടുന്ന സർക്കാരുകൾ മറ്റൊരു വശത്തുനിന്നും അവരുടെ സ്വത്വം തന്നെ ഇല്ലാതാക്കുന്ന വൈരുധ്യാത്മക നിലപാടുകൾ സ്വീകരിക്കുമ്പോൾ ഭരണകൂട ഭീകരതയെന്നല്ലാതെ എന്ത് വിളിക്കാനാകും. അതായത് ഈ രാജ്യത്ത് ആൺ/പെൺ ദ്വന്ദ്വങ്ങൾ മാത്രം മതിയെന്ന വിക്ടോറിയൻ സങ്കൽപം അതേപടി പകർത്താൻ അഭിനവ ഭാരതീയർ ശ്രമിക്കാനൊരുങ്ങുന്നു എന്ന് സാരം. നാസി ജർമ്മനിയിൽ ജൂതന്മാരെ തിരിച്ചറിയാനായി ഭരണകൂടം വിവിധ അടയാളങ്ങൾ അവരുടെ മേൽ പതിച്ചതുപോലെ ഇന്ത്യയിലും പൗരന്മാരെ വേർതിരിച്ചശേഷം ചിഹ്നങ്ങൾ അടയാളപ്പെടുത്തുമായിരിക്കും? നിങ്ങൾ ഒന്നാം തരം പൗരൻ മറ്റുള്ളവർ രണ്ടും മൂന്നും നാലും, അപ്പോഴെല്ലാം ആ പട്ടികകളിൽ പെടാതെ പോകുന്ന മനുഷ്യരും ഉണ്ടാകും എന്നതാണ് യാഥാർഥ്യം. കോൺസൻട്രേഷൻ ക്യാമ്പുകൾ പോലെ രാജ്യത്ത് വിവിധ ഇടങ്ങളിൽ ഒരുങ്ങുന്ന ഡീറ്റെൻഷൻ സെൻററുകൾ മുന്നോട്ടുവയ്ക്കുന്ന തരംതിരിയ്ക്കലുകൾ ഭയം വിതറുന്നവ കൂടിയാണ്. കേവലം മതയുക്തി മാത്രമല്ല ഇത്തരം പുറംതള്ളലുകൾക്ക് ആധാരമെന്നത് വ്യക്തവും ദൃശ്യവുമാണ്; സമൂഹത്തിലെ പ്രിവിലേജ്ഡ് അല്ലാത്ത ആദിവാസി, ബഹുജൻ, ക്വിയർ മനുഷ്യരെ ആകമാനം ഏതൊരു മനുഷ്യനെയും ഇൻഡ്യാക്കാരല്ല എന്ന് വരുത്തിത്തീർക്കാൻ സാധിക്കുന്ന നൂതന പുറംതള്ളൽ ബുദ്ധിയായികൂടി വേണം ഇതിനെ കാണാൻ. ഡീറ്റെൻഷൻ സെൻററുകളിൽ നടക്കാനിരിക്കുന്നതെന്ത് എന്നുള്ളതും ആശങ്കയുളവാക്കുന്ന താണ്. കോൺസൻട്രേഷൻ ക്യാമ്പുകളിൽ നാസി പട്ടാളത്തിൻറെ പരീക്ഷണങ്ങൾക്കും ക്രൂരമായ പീഡനങ്ങൾക്കും ഇരയായി മരണപ്പെട്ട ലക്ഷക്കണക്കിന് സ്വവർഗാനുരാഗികളും ട്രാൻസ്ജെൻഡർ മനുഷ്യരും ഇന്നും അടയാളമായി നമുക്ക് മുന്നിൽ ഉണ്ട് എന്നത് ഭീതി വർധിപ്പിക്കുന്ന വസ്തുതയാണ്. രാജ്യത്തെ പരമോന്നത കോടതി ജെൻഡർ സ്വയം നിർണയാവകാശമെന്ന് വിധിച്ചിട്ടും പൗരർ ആണെന്ന് അംഗീകരിച്ചിട്ടും ഭരണകൂടം നിങ്ങൾ ആണാണോ പെണ്ണാണോ എന്നും പൗരർ അല്ല എന്നും പറയുമ്പോൾ സാങ്കേതികതകളുടെ സങ്കീർണ്ണതകളിൽ ബ്രിട്ടീഷുകാരുടെ ഹിജ്റ ട്രെെബൽ ക്രിമിനൽ നിയമവും ജനാധിപത്യ ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമവും തമ്മിൽ എന്താണ് വ്യത്യാസം?

പൗരത്വബില്ലിനെതിരെ നടന്ന പ്രതിഷേധം. കടപ്പാട്:thecitizen.in

മുസ്ലിം മതത്തിലെ വലിയൊരു വിഭാഗവും പൗരത്വം നിഷേധിക്കപ്പെട്ട് തെരുവിലാക്കപ്പെടുമ്പോൾ ക്വിയർമുസ്ലിം മനുഷ്യരുടെ ആശങ്കകൾ എത്രത്തോളം ഭീതിദമായിരിക്കും. ഇന്ത്യയിലെ ട്രാൻസ്ജെൻഡർ ഹിജ്റ പാരമ്പര്യം അതിന്റെ ചടങ്ങുകളും രീതികളും ഏറെക്കുറെ ഇസ്ലാം പാരമ്പര്യത്തിൽ നിന്നും ഉൾക്കൊണ്ടിട്ടുള്ളവയാണ്, നിലനിൽപ്പുതന്നെ സാങ്കേതികമാകുമ്പോൾ എന്തിനെയൊക്കെ തള്ളാനും കൊള്ളാനും അവർ നിർബന്ധിതരാകും എന്നതും ചോദ്യമായി അവശേഷിക്കും. ട്രാൻസ്ജെൻഡർ മനുഷ്യർക്കിടയിലെ ഹിന്ദു മത പാരമ്പര്യ പ്രയോക്താക്കളായ കിന്നര വിഭാഗം ഏറെക്കുറെ പൗരത്വ ഭേദഗതിയെ അംഗീകരിക്കുന്ന മനുഷ്യരാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഇന്ത്യയിലെ ട്രാൻസ്ജെൻഡർ മനുഷ്യർ പിന്തുണക്കുന്നു എന്നവകാശപ്പെട്ട കിന്നർ വിഭാഗം നേതാവുകൂടിയായ ലക്ഷ്മി നാരായൺ ത്രിപാഠി വിവാദത്തിൽ ഉൾപ്പെട്ടിരുന്നു എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്. സ്വവർഗാനുരാഗികളിലെ തീവ്ര മുസ്ലിം വിരുദ്ധരും ഹിന്ദുത്വവാദികളും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. ഡേറ്റിംഗ് അപ്പുകളിൽ പോലും മുസ്ലീം വിരുദ്ധത ഇതിനൊക്കെ അടിസ്ഥാനമായി മിക്കവാറും കൊണ്ടുനടക്കുന്നു എന്നതാണ് വൈവിധ്യങ്ങളുടെ ഇന്ത്യയിലെ ആധുനികർക്കിടയിലെ വിരോധാഭാസം.
സ്വതവേ ലിംഗത്വം, ലൈംഗികത (Sexuality) എന്നിവ തുറന്നുപറഞ്ഞു ജീവിക്കുവാൻ സമൂഹം അനുവദിക്കാത്ത/അംഗീകരിക്കാത്ത സാഹചര്യത്തിൽ പൗരത്വം തെളിയിക്കുക എന്നത് അധികബാധ്യത കൂടിയാണ്. പൗരത്വം റദ്ദാക്കപ്പെടുന്നവരുടെ സ്വത്തുവകകൾ ഭരണകൂടം എങ്ങനെയാണു കൈയാളുക എന്നതും കണ്ടുതന്നെ അറിയണം. രാജ്യം ആവശ്യപ്പെടുന്ന അടിസ്ഥാന രേഖകൾ ആർക്കൊക്കെ ഉണ്ട് എന്നതും നമ്മൾ ചർച്ചയാക്കേണ്ടതല്ലേ, 2014ൽ മാത്രം സ്വത്വം അംഗീകരിക്കപ്പെട്ട ട്രാൻസ്ജെൻഡർ മനുഷ്യരോടാണ് 1971 മുൻപുള്ള രേഖ ഭരണകൂടം ആവശ്യപ്പെടുന്നത്; ലോകത്ത് മറ്റെവിടെയെങ്കിലും ഇത്തരം അവഹേളനം നടക്കുമോ? കുടുംബം, വിദ്യാഭ്യാസം, അടിസ്ഥാന രേഖകൾ, സ്വത്ത്, നിയമ പിൻബലം എന്നിവയൊന്നുമില്ലാത്ത ഒരു സമൂഹത്തോട് ഭരണകൂടം നാണമില്ലാതെ ചോദിക്കുന്നതും തെളിവുകളാണ്. കാടുകളിൽ നിന്നും ആദിവാസി വിഭാഗക്കാരെ പുറത്താക്കാൻ പ്രാപ്തമായ പുതിയ ട്രെെബൽ ആക്ട് കൂടി തയ്യാറെടുക്കുന്നുണ്ട് എന്നതും ചേർത്ത് വായിക്കുമ്പോഴാണ് നിലവിൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് നിയമങ്ങളും ആരെയൊക്കെ മുന്നിൽ കണ്ടാണ് നിർമാണം നടത്തിയതെന്ന് മനസിലാക്കാൻ. ട്രാൻസ്ജെൻഡർ അവകാശ നിയമം, പൗരത്വ ഭേദഗതി നിയമം, വരാനിരിക്കുന്ന ട്രെെബൽ ബിൽ – ഉത്തരം ലളിതമാണ്.

ഉത്തരവാദിത്തപരമായ ഭരണസംവിധാനത്തിൽ പൗരരെ അപരവത്കരിക്കുകയാണോ അതോ സംരക്ഷിക്കുകയാണോ ഭരണസംവിധാനങ്ങൾ ചെയ്യേണ്ടതെന്ന ചോദ്യം പ്രസക്തവും യുക്തിഭദ്രവുമാണ്. എന്നാൽ നിലവിലെ ഇന്ത്യൻ സംവിധാനങ്ങൾ ഒരു വിഭാഗം മനുഷ്യരെ അകറ്റുവാനും അനാഥരാക്കുവാനും മാത്രം വഴിവെക്കുന്നതാണ്. ബ്രിട്ടീഷ് ഭരണ സംവിധാനം ഇന്ത്യൻ ജനങ്ങളോട് കാണിച്ച വിവേചനവും അവമതിയും നാസി ജർമനി ഭരണകൂടം കാണിച്ച വെറുപ്പും വിദ്വെഷവും ആധുനീകരിച്ചുകൊണ്ട് ജനാധിപത്യ ഇന്ത്യയിൽ നിരപരാധികളോട് തെളിവുകൾ ചോദിക്കുന്നു. മുസ്ലിം മതവിഭാഗം മാത്രമല്ല ക്രൂശിക്കപ്പെടുന്നത്. അസ്തിത്വപ്രശ്നങ്ങൾ നേരിടുന്ന സ്ഥിരമായി ക്രൂരമായ കാലിയാക്കലുകൾക്ക് പാത്രമായിരിക്കുന്ന ലിംഗത്വലൈംഗിക ന്യൂനപക്ഷങ്ങളും ഇരയാക്കപ്പെടുന്നു എന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധത്തിന്റെ ഉദാഹരണമാണ്.

കേരളം എന്തിന് മാതൃക കാണിക്കണം?

ബഹുസ്വരമായ സാമൂഹ്യ ഘടനയിൽ ഒരു ജനവിഭാഗത്തിന്റെയും പ്രാതിനിധ്യമോ ശബ്ദമോ ഇല്ലാതാകുവാൻ പാടില്ല എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയം. എന്നാൽ അവകാശങ്ങൾക്ക് മാത്രമല്ല ഇൻക്ളൂസീവ് ആയൊരു സാമൂഹ്യ ഘടനയ്ക്ക് ക്വിയർ പ്രാതിനിത്യം ഒഴിവാക്കാനാകാത്തതാണ് എന്ന് നമ്മുടെ സഭകളും രാഷ്ട്രീയവും തിരിച്ചറിയുന്ന കാലത്തുമാത്രമേ വൈവിധ്യങ്ങളുടെ അംഗീകാരവും സാമൂഹ്യ നീതിയും നടപ്പിലാകുകയുള്ളു. അതുവരെ കേവലം ഒത്തുചേർക്കലുകൾ മാത്രമാവുകയേ ഉള്ളു. ലോകത്തിലെ വിവിധ ജനാധിപത്യ മാതൃതകൾ നമ്മോടു വിളിച്ചുപറയുന്നതും ക്വിയർ മനുഷ്യരുടെ സാന്നിധ്യം അടിയന്തിരമായി ഉൾപ്പെടുത്തണം എന്നാണ്. ഇക്കഴിഞ്ഞ അമേരിക്കൻ ഇലക്ഷൻ നമ്മോട് ഉദാഹരണം സഹിതം തെളിവ് നൽകുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഇന്നും ക്വിയർ എന്നത് എതിർ സ്ഥാനാർത്ഥികളെ കളിയാക്കാനുള്ള പദമായാണ് ഉപയോഗിക്കുന്നത് എന്നത് നമ്മുടെ സമൂഹം എത്രത്തോളം ക്വിയർ ഫോബിക് ആണെന്ന് അടിവരയിട്ട് തെളിയിക്കുന്നു.

2019ൽ നടന്ന പ്രൈഡ് വാക്ക്, തിരുവനന്തപുരം

രാജ്യത്ത് ആദ്യമായി ട്രാൻസ്‌ജെൻഡർ പോളിസി കൊണ്ടുവന്ന കേരളത്തിന് ക്വിയർ ഇൻക്ലൂഷൻ നടപ്പിലാക്കി രാജ്യത്തിന് കാണിച്ചുകൊടുക്കുവാനുള്ള ധാർമിക ബാധ്യത ഉണ്ടെന്നതാണ് വസ്തുത അല്ലെങ്കിൽ കേരള മോഡലിൽ ക്വിയർ- മനുഷ്യർ ഇല്ല എന്ന് തെളിയിക്കപെടും. മാനുഷിക വിഭവ സൂചിക കണക്കാക്കുമ്പോൾ എല്ലാത്തരം മനുഷ്യരെയും ഉൾപ്പെടുത്തിയോ എന്നത് ചോദ്യമായി തന്നെ നിലനിന്നുപോകുന്നതും ജനാധിപത്യനിന് അപഹാസ്യമാണ്. അടിസ്ഥാനപരമായി രാഷ്ട്രീയ വിദ്യാഭ്യാസം മാത്രം പോരാ എന്ന തിരിച്ചറിവിൽ നിന്നും നാം പഠിച്ചതൊക്കെ കേരള സമൂഹം മറക്കുകയും ക്വിയർ എന്നത് ജനാധിപത്യവും വൈവിധ്യവും ആണെന്നും എല്ലാത്തരം മനുഷ്യർക്കും- ക്വിയർ-ദലിത് തുടങ്ങി ആണധികാര സിസ്-ഹെറ്ററോ-ബ്രാഹ്മണിക്കൽ കാഴ്ച്പ്പാടുകളും നിലപാടുകളും -മാറ്റിനിർത്തുന്ന ഏവർക്കും പ്രാതിനിധ്യം ലഭിക്കണമെന്ന സാർവ്വഐക്യം നൽകുന്ന നിലപാടുകൾ പഠിക്കണമെന്നും തിരിച്ചറിയണം. വെറും ഐക്യനാട്യക്കാർ (വാക്കിന് കടപ്പാട് വിജയരാജമല്ലികയ്ക്ക്) മാത്രമായി മാറാതെ ഉൾപ്പെടുത്തലിന്റെ രാഷ്ട്രീയം കൂടി പഠിക്കാൻ സാധിക്കണം ജനാധിപത്യം മനോഹരമാകാൻ. എന്നാൽ സമീപകാലത്ത് കേരള സർക്കാർ സ്വീകരിച്ചുവരുന്ന ക്വിയർ സൗഹാർദ്ദ സമീപനം കേവലം രാഷ്ട്രീയ ഇച്ഛാശക്തിക്കപ്പുറം മാനവികതയുടെ ചേർത്തുപിടിക്കലായി കൂടി കാണാൻ സാധിക്കും.

സിസ്-ഹെട്രോ സ്വീകാര്യത എങ്ങനെ ക്വിയർ വിരുദ്ധ അന്തരീക്ഷം ഉണ്ടാക്കുന്നു?

സാമൂഹിക അധികാരക്രമങ്ങൾ എപ്പോഴും ഉത്കൃഷ്ടം എന്ന് കരുതുന്ന ചിലതുണ്ട്. ഒരു ദ്വന്ദ്വത്തെ ധ്രുവീകരണ യുക്തിയിൽ ഉണ്ടാക്കുകയും അതിൽ ഒന്നിനെ ശ്രേഷ്ഠമായും മറ്റൊന്നിനെ മോശമായും കണക്കാക്കുകയും ചെയ്യുക എന്നത് കാലാകാലങ്ങളായുള്ള അധികാരക്രമരൂപീകരണ പ്രക്രിയയാണ്. അത്തരത്തിൽ പുരുഷത്വം, സവർണത, വെളുത്ത തൊലി, ഏബിൾഡ് ശരീരം, സിസ് ജെൻഡർ സ്വത്വം എന്നിവ ഉൽകൃഷ്ടമാക്കുകയും സ്ത്രീ, ദലിത്, അവർണത, നോൺ ബൈനറി- ട്രാൻസ്ജെൻഡർ സ്വത്വങ്ങൾ, സ്വവർഗാനുരാഗം, ഭിന്നശേഷി എന്നിവ മോശം ആയും കണക്കാക്കപ്പെട്ടു. അധികാരസ്ഥാനങ്ങൾ എപ്പോഴും ഉത്കൃഷ്ടസ്ഥാനികൾ കയ്യാളുന്ന അവസ്ഥയും മറുധ്രുവത്തിലേക്ക് തള്ളപ്പെട്ടവർ ഇവരുടെ അധികാരത്തിൽ കൂടുതൽ അരികുവൽകൃതരാവുകയും ചെയ്യുന്നു. സിസ് ജെണ്ടർ-ഹെറ്ററോസെക്ഷ്വൽ-സവർണ പുരുഷന്മാർ ആണ് ഉന്നതശ്രേണിയുടെ അധികാരിയായി സ്വാഭാവികമായും പ്രതിഷ്ഠിക്കപ്പെടുന്നത്. അവിടേക്ക് കടക്കാൻ ശ്രമിക്കുന്ന ഓരോ അരികുവൽകൃത വ്യക്തിയും വിശേഷാവകാശം (Privilege) ഇല്ലാത്തതിന്റെ അധികഭാരം കൂടി പേറിയാണ് പോരാടുന്നത്. രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ തന്നെ ഏറ്റവും കൂടുതൽ അവിടേക്ക് കടന്നുവരുന്നത് സിസ്-ഹെറ്ററോ-സവർണ-പുരുഷന്മാർ ആണെന്ന് വ്യക്തമാകും. അവിടേക്ക് കടന്നുവരുന്ന സ്ത്രീ, ദലിത്, ദലിത്-സ്ത്രീ എന്നിവരുടെ എണ്ണം തീർത്തും ന്യൂനപക്ഷമായിരിക്കും. ട്രാൻസ്ജെൻഡർ, ലൈംഗികന്യൂനപക്ഷം എന്നിവരുടെ എണ്ണം ഇല്ല എന്ന് തന്നെ പറയേണ്ടിവരുന്ന അവസ്ഥയാണ്. ലൈംഗികന്യൂനപക്ഷം നിലനിൽക്കുന്നുണ്ട് എന്ന് പോലും മനസ്സാൽ അംഗീകരിക്കാൻ കഴിയാത്തവരാണ് ഇന്നും പലവിധ അധികാരങ്ങൾ കൈയ്യാളുന്നത് എന്നതാണ് വാസ്തവം. സ്വത്വം പുറത്ത് പറഞ്ഞ് കടന്നുവരുന്നവരുടെ എണ്ണം കുറവായതിനാൽ പിന്നെയും അവകാശങ്ങൾ ഇല്ലാത്തതിനാൽ സ്വത്വം പുറത്ത് പറയാൻ കഴിയൊതിരിക്കുകയും ചെയ്യുന്ന അവസ്ഥ ചാക്രികമായി ഇവിടെ തുടരുന്നു.

2019ൽ നടന്ന പ്രൈഡ് വാക്ക്, തിരുവനന്തപുരം

ലൈംഗിക ന്യൂനപക്ഷസ്വത്വത്തെ ഇപ്പോഴും ‘മോശം’ എന്ന ഗണത്തിലല്ലാതെ കാണാൻ കഴിയാത്ത രാഷ്ട്രീയബോധത്തിലാണ് കേരളത്തിലെ അന്തരീക്ഷം. കടലാസുകൾക്കപ്പുറം എൽജിബിടി പ്രശ്നങ്ങൾ നേരിടാനുള്ള സമഗ്രസംവിധാനങ്ങൾ നിലവിലില്ല. ആയതിനാൽ തന്നെ അടിസ്ഥാനതലത്തിൽ നിന്ന് കൊണ്ടുള്ള SOGIESC വിജ്ഞാനം പാഠ്യപദ്ധതികളിലും വിവിധസർക്കാർ പ്രവർത്തകരുടെ പരിശീലനപദ്ധതികളിലും ഉൾപ്പെടുത്തേണ്ടതുണ്ട്. ദൃശ്യത പ്രയാസമായ ഒരു സമൂഹത്തിന്റെ ഉന്നമനത്തിന് അവരെക്കുറിച്ചുള്ള അജ്ഞത ദൂരീകരിക്കേണ്ടത് അത്യാവശ്യമാണ്. സമകാലീന ക്വിയർ ജീവിതങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ക്വിയർ വിരുദ്ധ സിൻഡിക്കേറ്റുകൾ ഒറ്റക്കും കൂട്ടമായും ക്വിയർഫോബിയ പരത്തുന്നുണ്ട്. ക്വിയർ എന്നതിനെ ഭയപ്പെടുന്നവർ, തെറ്റായ വിവരം പ്രചരിപ്പിക്കുന്നവർ, കൺവെർഷൻ തെറാപ്പിയെന്ന ക്രിമിനൽ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുന്നവർ, നിങ്ങളുടെ കുട്ടിയുടെ-സമൂഹത്തിന്റെ ഭാവി എന്ന് പറഞ്ഞ് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്ന എല്ലാ ക്വിയർ വിരുദ്ധ വ്യക്തികളെയും ഒറ്റപ്പെടുത്തി, വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ചേർത്തുനിർത്തുന്ന ജനാധിപത്യ സമൂഹത്തിനായി ശബ്ദിക്കുകയും ഇടപെടുകയും ചെയ്താൽ അവസാനിക്കുന്ന പ്രശ്‍നങ്ങളെ നിലവിൽ ഉള്ളൂ.

ഈ ചോദ്യം നിങ്ങൾക്ക് ഉത്തരം എഴുതാനല്ല, ചിന്തിക്കാനായി വിട്ടുതരുന്നു-
നിങ്ങളുടെ കുടുംബത്തിലെ ഒരു വ്യക്തി ക്വിയർ ആണെന്ന് വെളിപ്പെടുത്തിയാൽ നിങ്ങൾ എന്ത് ചെയ്യും?

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read