ആധുനികതയെ പുനഃപരിശോധിക്കാതെ ഭാവിയില്ല

ബയോളജിക്കലായി മാത്രം പ്രശ്നങ്ങളെ സമീപിക്കുമ്പോൾ ജീവിതത്തിലെ മറ്റു ഘടകങ്ങൾ വിട്ടുകളയുകയല്ലേ ചെയ്യുന്നത്?

ബയോളജി ആണല്ലോ അടിസ്ഥാനം. അതിനെ പൂർണ്ണമായും തിരസ്ക്കരിച്ചുകൊണ്ടാണ് നമ്മൾ ഇപ്പോൾ രാഷ്ട്രീയം പറയുന്നത്. അപകോളനീകരണം (decolonization) എന്ന ഒരു ഡിസ്‌കോർസ് നടക്കുന്നുണ്ടല്ലോ. ഇറക്കുമതി ചെയ്ത അറിവിനുപകരം തദ്ദേശീയമായ അറിവുമതി എന്നാണ് അത് പറയുന്നത്. എന്നാൽ ഈ തദ്ദേശീയ അറിവും ആധാരമാക്കിയിരിക്കുന്നത് വാക്കിനെയാണ്, അനുഭവത്തെയല്ല. ഞാനും ആദ്യം അപകോളനീകരണം എന്ന വിഷയത്തിന്റെ പിന്നാലെയാണ് അന്വേഷണം നടത്തിയത്. അപ്പോഴാണ് പ്രശനം അതിനുമപ്പുറത്താണെന്ന് മനസിലായത്. അറിവ് ഓരോ മനുഷ്യനും ഉണ്ടാക്കേണ്ട ഒരു കാര്യമാണ്. അറിവിന്റെ ഉത്പാദനം ഏതെങ്കിലും ഒരു പ്രത്യേകവിഭാഗത്തിന്റെ അവകാശമോ ഉത്തരവാദിത്വമോ അല്ല. ആധുനിക വിദ്യാഭ്യാസം നേടിയ മനുഷ്യരൊഴികെ എല്ലാ ജീവജാലങ്ങളും ഭൂമിയിൽ നിലനിൽക്കുന്നത് അങ്ങനെയാണ്. ജൈവികപ്രക്രിയയുടെ അടിസ്ഥാനത്തിൽ മാത്രമേ സംസ്ക്കാരം ഉണ്ടാവുകയുള്ളൂവെന്ന് നമ്മൾ ഓർക്കണം. ഇന്ന് ജൈവികപ്രക്രിയയെ അവഗണിച്ചുകൊണ്ട് സംസ്ക്കാരം ഉണ്ടാക്കാനാണ് നോക്കുന്നത്. അങ്ങനെ നമ്മൾ ജീവിതത്തെ വിനാശതലത്തിലേക്കെത്തിച്ചു. സംസ്ക്കാരത്തിന്റെ അടിസ്ഥാന വശങ്ങൾ അറിവ്, സൗന്ദര്യബോധം (Sense of beauty), മൂല്യവ്യവസ്ഥ എന്നിവയാണ്. ഇതിനെ അവഗണിക്കുകയെന്നാൽ നമ്മുടെ ഉള്ളിലെ ജീവനെ ഇല്ലാതാക്കി ജീവിക്കുക എന്നാണ്.

കോളനിവൽക്കരണം ഉണ്ടാക്കിയ പ്രതിസന്ധിയായി കൂടിയാണോ ആധുനിക മനുഷ്യന്റെ പലതായി വിഭജിക്കപ്പെട്ട സമഗ്രതയില്ലാത്ത ജീവിതത്തെ താങ്കൾ കാണുന്നത്?

നമ്മുടെ പരിണാമ പ്രക്രിയയിൽ നമ്മൾ ശ്രദ്ധിക്കാതെപോയ ഒരു പ്രധാനകാര്യം നമ്മുടെ ജീവശാസ്ത്രപരമായ മാറ്റങ്ങളാണ്. രണ്ട് പ്രധാന കാര്യങ്ങളാണ് അവിടെ നടന്നിട്ടുള്ളത്. ഒന്നാമത്തെ മാറ്റം നടന്നിരിക്കുന്നത് മനുഷ്യൻ ഭക്ഷണം പാചകം ചെയ്തു കഴിക്കാൻ ശീലിച്ചപ്പോഴാണ്. ഈ മാറ്റം നടക്കുമ്പോൾ നമ്മുടെ ശരീരം വലിയ ചെറുത്തുനിൽപ്പ് നടത്തിക്കാണണം. ഇതുപോലെയുള്ള അടുത്ത മാറ്റം നടന്നിരിക്കുന്നത് സംസാര ഭാഷയിൽ നിന്നും എഴുത്തിലേക്ക് പരിവർത്തനം നടക്കുമ്പോഴാണ്. നമ്മുടെ ജീവശാസ്ത്രപരമായ സംവിധാനത്തെ വലിയ രീതിയിൽ മാറ്റിക്കൊണ്ട് വളരെ കൃത്രിമമായിട്ടുള്ള ഒരു അവബോധ സംവിധാനം (Cognitive System) ഉണ്ടാക്കുകയാണ് ഈ മാറ്റത്തിലൂടെ സംഭവിച്ചത്.

ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തലത്തിൽ ആധുനികത കൊണ്ടുവന്ന പുരോഗതി എന്ന ആശയം തന്നെ ഒരു കെണിയാണ്. കോളനിവൽക്കരണം നൽകിയ അധികാരം വഴി പടിഞ്ഞാറൻ രാജ്യങ്ങൾ ലോകത്തെ നിയന്ത്രിക്കാൻ തുടങ്ങി. ആഗോളതലത്തിൽ അറിവിന്റെ ഉൽപ്പാദന കേന്ദ്രമായി യൂറോപ്പിനെ പ്രതിഷ്ഠിക്കാൻ അവർക്ക് കഴിഞ്ഞു. അങ്ങനെ ഈ അറിവിന്റെ ഉൽപ്പാദനപ്രക്രിയയുടെ വൈകല്യത്തെ നമ്മൾ ചോദ്യം ചെയ്യാൻ മറന്നുപോയി എന്നതാണ് വാസ്തവം. അവബോധ ശാസ്ത്രം (Cognitive Science) ഉത്ഭവിക്കുന്നത് ബുദ്ധിയുള്ള യന്ത്രങ്ങളുണ്ടാക്കാനുള്ള ഒരു പരിശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന് പറയാം. നിർമ്മിത ബുദ്ധിയൊക്കെ (artificial intelligence) അതിന്റെ ഭാഗമായി പിന്നീട് വരുന്നതാണ്. നൽകുന്ന വിഭവങ്ങൾക്കനുസൃതമായി ഉൽപ്പാദനം നടത്തുകയാണ് യന്ത്രങ്ങളുടെ മുഖ്യ ദൗത്യം. Permutation and Combination മാതൃകയൊക്കെ അങ്ങനെ വരുന്നതാണ്. ഇതുതന്നെയാണ് ആധുനിക വിദ്യാഭ്യാസവും ചെയ്യുന്നത്. മാത്രവുമല്ല വൈജ്ഞാനിക ശാസ്ത്രത്തിന്റെ ഗവേഷണം നടത്തിയിരിക്കുന്നത് കുട്ടികളെ ആധാരമാക്കിയല്ല. മിക്കവാറും പഠനങ്ങൾ വന്നിരിക്കുന്നത് തലച്ചോറിന് ക്ഷതം പറ്റിയ ആളുകളെ പഠിച്ചിട്ടാണ്. കുട്ടികളുടെ വളർച്ചയുടെ ബന്ധപ്പെട്ട് Nature Vs Nurture എന്നൊക്കെയുള്ളത് പടിഞ്ഞാറിന്റെ വിഭജനമാണ്.

താങ്കൾ വിമർശിക്കുന്ന യൂറോ കേന്ദ്രീകൃതമായ ജ്ഞാനവ്യവസ്ഥ മനുഷ്യരാശിയുടെ പുരോഗതിക്ക് ഒരുപാട് സംഭാവനകൾ കൂടി നൽകിയിട്ടില്ലേ?

അത് വേറെ കാര്യം. ആ അറിവ് ഉപയോഗിച്ച് നമുക്ക് പലതും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. ഞാൻ പറയുന്നത് ആധുനിക സംവിധാനങ്ങൾ പ്രകൃതിക്കെതിരെ തിരിയാൻ ഉണ്ടായ അടിസ്ഥാന കാരണത്തെപ്പറ്റിയാണ്. യൂറോപ്യൻ അറിവ് വരുന്നതുവരെ ലോകത്ത് നിലനിന്നിരുന്നത് ജീവിതത്തിന് വിനാശകരമായ അറിവുകൾ ആയിരുന്നില്ല. ഇന്ത്യയുടെ പൗരാണിക വാസ്തുവിദ്യ എടുത്ത് നോക്കൂ. അതിൽ പ്രകൃതിവിഭവങ്ങള എങ്ങനെ കരുതലോടെ ഉപയോഗിക്കണം എന്ന് വ്യക്തമായി പറയുന്നുണ്ട്. ഭൂമിയിൽ കോടാനുകോടി വർഷങ്ങൾ എടുത്തുണ്ടാകുന്ന പാറ കാലാകാലങ്ങളായി നിലനിൽക്കേണ്ട നിർമ്മിതികൾക്കുവേണ്ടി മാത്രം ഉപയോഗിക്കണം എന്ന് നിഷ്ക്കർഷിക്കുന്നത് അതിന്റെ ഭാഗമായാണ്. അങ്ങനെ ആരാധനാലയങ്ങൾ പാറ ഉപയോഗിച്ചുണ്ടാക്കിയപ്പോൾ പല കൊട്ടാരങ്ങളും മണ്ണും മരവും കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. പ്രകൃതിവിഭവങ്ങളുടെ മൂല്യവും ലഭ്യതയും പരിഗണിച്ചായിരുന്നു റെഡ് ഇന്ത്യക്കാരും ആഫ്രിക്കക്കാരും ഒക്കെ ജീവിതത്തിലെ ആവശ്യങ്ങളെ പൂർത്തീകരിച്ചിരുന്നത്. അവർ വികസിപ്പിച്ച സാങ്കേതിക വിദ്യകൾ പോലും ജീവിത വിരുദ്ധമായിരുന്നില്ല. വ്യാപാരത്തിന് വേണ്ടി അവർ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നില്ല. ഉപയാഗിച്ച് വലിച്ചെറിയാനും, ധൂർത്തടിക്കാനുമുള്ള സംസ്ക്കാരമൊക്കെ പ്രകൃതിയിൽ നിന്നും അകന്നുപോയ യൂറോപ്യൻ ചിന്തയുടെ സംഭാവനയാണ്. ഇന്ന് വലിയ പ്രതിസന്ധിയായി മാറിയ മാലിന്യം എന്നുള്ളത് തന്നെ ആധുനിക മനസിന്റെ സൃഷ്ടിയാണ്, പ്രകൃതിയിൽ മാലിന്യം എന്ന ഒന്നില്ല.

എന്തൊക്കെയായാലും മനുഷ്യന്റെ സ്വാതന്ത്ര്യം, തെരഞ്ഞെടുക്കാനുള്ള സാധ്യതകൾ, ലിംഗനീതി ഒക്കെ പരമ്പരാഗത ജീവിതം പരിമിതപ്പെടുത്തുന്നില്ലേ? ആധുനികത കൊണ്ടുവന്ന വെളിച്ചം മനുഷ്യ വിമോചനവും സാധ്യമാക്കിയിട്ടില്ലേ?

തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം (freedom of choice) ഒക്കെ ആധുനികത കൊണ്ടുവന്ന കാര്യങ്ങളാണ്. അറിവ് നേടലും ഒരു തെരഞ്ഞെടുപ്പാണ് എന്നാണ് അത് പറയുന്നത്. ഭക്ഷണം നമ്മൾ തെരഞ്ഞെടുക്കേണ്ടതാണോ അതോ അതാതു പ്രദേശത്തെ ലഭ്യതയ്ക്കനുസരിച്ചു കഴിക്കേണ്ടതാണോ? അത് നമ്മുടെ പ്രാദേശിക ലഭ്യതയും കാലാവസ്ഥയ്ക്കും അനുസരിച്ചാണെങ്കിൽ, അറിവ് നേടേണ്ടതും അങ്ങനെയാണ്. സ്വാതന്ത്ര്യത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടാണ് ചൂഷണമൊക്കെ കടന്നുവരുന്നത്. സ്വാതന്ത്ര്യം എന്നത് നമുക്ക് തോന്നിയ പോലെ എന്തും ചെയ്യാനുള്ളതല്ലല്ലോ. പ്രകൃതിയുമായി ചേർന്ന് ജീവനെ പരിപാലിക്കാനുള്ളതാണ് സ്വാതന്ത്ര്യം. ആധുനികത പറയുന്ന തെരഞ്ഞെടുക്കാനുള്ള, പുരോഗമിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിട്ടും എത്ര മനുഷ്യർക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങളൊക്കെ നിറവേറ്റാൻ പറ്റുന്നുണ്ട്? ശരിക്കും നമ്മുടെ ജീവിതം ഏതു ദിശയിലേക്കാണ് പുരോഗമിച്ചത്? നല്ല വായു, വെള്ളം, ഭക്ഷണം ഒക്കെ നമുക്ക് ലഭിക്കുകയാണോ നഷ്ടമാവുകയാണോ ചെയ്തത്? ഇത്തരം അടിസ്ഥാന ചോദ്യങ്ങൾ കൂടി നമുക്ക് ചോദിക്കാമല്ലോ. ലിംഗനീതിയുടെ പ്രതിസന്ധികൾ കൊണ്ട് വന്നതും ആധുനികതയുടെ അടിസ്ഥാനമായ ആൺകോയ്മയാണ്. ശരിയായ മനുഷ്യ സത്തയാണ് അർദ്ധനാരീശ്വര സങ്കല്പം. ഒരാളിൽ തന്നെ വ്യത്യസ്ത ഗുണങ്ങളുണ്ട്. ഇന്നുള്ള ഫെമിനിസം ആധുനികത കൊണ്ടുവന്ന ആൺകോയ്മയോടുള്ള പ്രതിഷേധത്തിൽ നിന്നുമുണ്ടായതാണ്. അതിന് അതിന്റെ പോരായ്മകളുമുണ്ട്. പലതും നമ്മൾക്ക് വ്യക്തമാകാത്തത് ജീവന്റെ തുടർച്ചയായ കുട്ടികളിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കാത്തത് കൊണ്ടാണ്. കുട്ടികളെ സമഗ്രമായി മനസിലാക്കിയാൽ നമുക്ക് ജീവിതത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും. കുട്ടികളെ എങ്കിലും നമുക്ക് പറ്റിയ തെറ്റുകളിൽ നിന്നും മോചിപ്പിക്കാനും പറ്റും.

പൊതുവേ ആധുനിക മനുഷ്യർക്ക്‌ കാരുണ്യവും സഹാനുഭൂതിയും ഒക്കെ കുറഞ്ഞുവരുന്നു, സ്വാർത്ഥത കൂടുന്നു എന്നൊക്കെ പറയാറുണ്ട്. അതിന് കാരണം അറിവ് നേടാനുള്ള ബയോളജികൽ പ്രക്രിയയിൽ വന്ന മാറ്റമാണോ?

ഇതിന്റെയൊക്കെ അടിസ്ഥാനം കുട്ടിക്കാലത്തുണ്ടാകുന്ന മാറ്റത്തിലാണ്. ആധുനിക വിദ്യാഭ്യാസമാണ് അടിസ്ഥാന കാരണമെന്ന് പറയേണ്ടിവരും. നിങ്ങളുടെ ഇന്ദ്രിയങ്ങൾ ശരിയായി പ്രവർത്തിക്കാതെ എങ്ങനെയാണ് നിങ്ങൾക്ക് സംവേദനക്ഷമതയുണ്ടാവുക? (How can you be sensitive without senses?) ആദിവാസി വിഭാഗങ്ങളിൽ മറ്റുള്ളവരിലുള്ളവരേക്കാൾ നന്മകൾ കാണാൻ കാരണം അവർക്ക് അത്രയും ആധുനികതയുടെ ദൂഷ്യങ്ങൾ ഏൽക്കാത്തതുകൊണ്ടാണ്. എന്നാൽ കൗശലക്കാരായ നമ്മൾ അവരെ ചൂഷണം ചെയ്യാനാണ് നോക്കുക. നമ്മൾ അവരെക്കാൾ ശ്രേഷ്ടരാണെന്ന തോന്നലൊക്കെ ആധുനിക വിദ്യാഭ്യാസം ഉണ്ടാക്കിയതാണ്. ആധുനികത (modernity) എന്ന വാക്ക് തന്നെ ശ്രേണീബദ്ധവും അപരനെ മാറ്റിനിർത്താൻ (exclusion) ശ്രമിക്കുന്നതും ആണ്. അപരത്വം സൃഷ്ടിച്ച് മാറ്റിനിർത്തിയ ശേഷം നമ്മൾ പുനർവിചിന്തനം നടത്തി പുരോഗമന ആശയങ്ങളുടെ ഭാഗമായി ആദ്യം മാറ്റിനിർത്തിയവരെ തന്നെ കൂടെനിർത്താൻ (inclusion) വേണ്ടി ശ്രമിക്കും. ആധുനികത കൊണ്ടുവന്ന വാക്കുകൾ പരിശോധിച്ച് തന്നെ നമുക്ക് ഈ കാര്യങ്ങൾ മനസിലാക്കാം. വികസനം (development) എന്ന വാക്ക് എടുത്ത് പരിശോധിച്ചാൽ തന്നെ ഇത് മനസിലാകും.

മനുഷ്യ ജീവിതത്തിൽ ശാസ്ത്രവും സാങ്കേതിക വിദ്യയും വഹിക്കുന്ന പങ്കിനെ എങ്ങനെയാണ് താങ്കൾ കാണുന്നത്?

അത് ജീവിത വിരുദ്ധമാണ്. അതുകൊണ്ടാണ് മനുഷ്യ ജീവന്റെ അടിസ്ഥാന ആവശ്യങ്ങളല്ലാത്തവ അത് നിർബാധം ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ ഉൽപ്പാദനം ജീവിതത്തിന് ആവശ്യമുള്ള ഒന്നാണോ? ഉദാഹരണത്തിന് ടെലികമ്യൂണിക്കേഷൻ സാധ്യതകൾ വന്നിട്ട് മനുഷ്യർ തമ്മിൽ കൂടുതൽ അടുത്തോ എന്ന് നാം പരിശോധിക്കണം. അടിസ്ഥാനപരമായി ജീവിതത്തിന്റെ ഗുണനിലവാരം അത് വർധിപ്പിച്ചിട്ടുണ്ടോ? ആധുനികതയ്ക്ക് മുൻപ് ശരീരത്തിന്റെ ആവശ്യങ്ങൾക്കായിരുന്നു പ്രാധാന്യം എന്നുകാണാം. ആധുനികത മനസിന്റെ ആവശ്യങ്ങളെയാണ് പൂർത്തീകരിക്കുന്നത് എന്നതാണ് പരമ്പരാഗതവും ആധുനികവും ആയ കണ്ടുപിടുത്തങ്ങൾ തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം. മനസും ശരീരവും രണ്ട് വ്യത്യസ്തത കാര്യങ്ങളാക്കി വേർതിരിച്ച് നിർത്തിയാണ് ആധുനികത പ്രവർത്തിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യം എടുത്താൽ മുമ്പത്തേതിനേക്കാൾ ഇപ്പോൾ അല്ലേ ആർത്തി കൂടിയത്? പണ്ട് ഉണ്ടായിരുന്നത് വിശപ്പിന്റെ ആവശ്യങ്ങൾ ആയിരുന്നു. അത് ശരീരത്തിന്റെ ആവശ്യമാണ്. എന്നാൽ ആർത്തി മനസിന്റെ ആവശ്യമാണ്. അതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണത്തെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ പ്രചരിപ്പിക്കുന്നത് മനസിന്റെ ഭാഷയിലാണെന്ന് കാണാം. ഗർഭധാരണം ശരീരത്തിന് പുറത്ത് നടത്താനുള്ള അന്വേഷണങ്ങളൊക്കെ ഇതിൽ നിന്നും വരുന്നതാണ്. ആധുനികത മനസിന്റെ ആവശ്യങ്ങളെ വർധിപ്പിച്ചുകൊണ്ടു വരികയും ശരീരത്തിന്റെ സ്വാഭാവിക ആവശ്യങ്ങളെ നിരാകരിക്കുകയുമാണ് ചെയ്യുന്നത് എന്ന് പറയാം. ഇത് മാനവരാശിയെ വലിയ ദുരന്തത്തിലേക്കാണെത്തിച്ചത്.

ഇത് വായിക്കുന്ന ഒരാൾ താങ്കളെ ഒരു പാരമ്പര്യവാദി എന്ന് മുദ്രകുത്തില്ലേ?

ഞാൻ അനുഭവിക്കുന്ന ഒരു പ്രതിസന്ധി ഇതാണ്. ഒന്നുകിൽ ആളുകൾ എന്നെ പാരമ്പര്യവാദി എന്ന് പറയും, അല്ലെങ്കിൽ അതിനെ ബഹുമാനിക്കാത്തവൻ എന്നും. അത് അത്തരം ബൈനറിക്ക് പുറത്ത് അവർക്ക് ചിന്തിക്കാൻ കഴിയാത്തതുകൊണ്ടാണ്. ഞാൻ ഇത് രണ്ടുമല്ല. ഈ ബൈനറിക്കപ്പുറമുള്ള സാധ്യതകളാണ് ഞാൻ തേടുന്നത്. ആധുനികത എങ്ങനെയാണ് ജീവിത വിരുദ്ധമാകുന്നത് എന്നതാണ് ഞാൻ പങ്കുവയ്ക്കാൻ ശ്രമിക്കുന്നത്. ആധുനികത സർഗാത്മകം (creative) എന്ന് വിളിക്കുന്നത് യഥാർത്ഥത്തിൽ വിനാശത്തെയാണ്. അത് സ്വാർത്ഥതയ്ക്കും അഹംബോധത്തെ സംതൃപ്തിപ്പെടുത്താനും വേണ്ടിയാണ്. എന്നാൽ പരമ്പരാഗത ജീവിതത്തിലുള്ള സർഗാത്മകത ജീവിതത്തെ പരിപോഷിപ്പിക്കുന്നതാണ്. ആധുനികത ഉൽപ്പാദിപ്പിക്കുന്ന സർഗാത്മകം എന്ന പേരിൽ അവതരിപ്പിക്കുന്ന പുതിയ കാര്യങ്ങൾ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടിയായിരിക്കും. മറിച്ചുള്ള സർഗാത്മകത നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, അത് വിനാശകാരിയായിരിക്കില്ല. സന്തോഷവും സമാധാനവും എന്തുകൊണ്ടാണ് ആധുനിക വിദ്യാഭ്യാസം നേടിയ ഒരാളിൽ ഇല്ലാത്തത് എന്ന് ആലോചിക്കൂ. മുൻവിധിയില്ലാതെയുള്ള സംവാദം നടക്കാത്തത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പുസ്തകത്തിലുള്ള വിവരങ്ങൾ അതേപടി അംഗീകരിക്കാൻ നമ്മളെ പഠിപ്പിച്ചതുകൊണ്ടാണ്. ശാസ്ത്രത്തിന്റെ പേരിലായാലും ഇതും അന്ധവിശ്വാസം അടിച്ചേൽപ്പിക്കുന്നത് തന്നെയാണ്. അങ്ങനെ ഒരു കാര്യം അന്ധമായി വിശ്വസിക്കുന്ന ഒരാൾക്ക് ഞാൻ പറയുന്നത് പാരമ്പര്യവാദം ആയി വ്യാഖ്യാനിക്കാൻ പറ്റും. നമ്മുടെ ചില സൗകര്യങ്ങൾ സാധിച്ചു കിട്ടുക എന്നതാണ് ഇതിന്റെയൊക്കെ ലക്ഷ്യം. ഇതിനെ ഭേദിക്കാൻ മറ്റുള്ളവരെ അന്ധമായി വിശ്വസിക്കുന്നത് നിർത്തിയിട്ട് ഓരോ മനുഷ്യനും സത്യാന്വേഷകനാകേണ്ടിയിരിക്കുന്നു. ഞാൻ പറയുന്നതൊന്നും ആരും അന്ധമായി വിശ്വസിക്കരുത് എന്ന് ഞാൻ പറയാറുണ്ട്. എന്നാൽ മാത്രമേ ഇപ്പോഴത്തെ പൊള്ളത്തരങ്ങൾ തിരിച്ചറിയാൻ കഴിയുകയുള്ളൂ.

നേരത്തെ ആധുനിക മനുഷ്യൻ ഒഴികെ ബാക്കി എല്ലാ ജീവികളും സ്വന്തമായി അറിവ് നേടി ജീവിക്കുന്നു എന്ന് താങ്കൾ പറഞ്ഞു. അപ്പോൾ മനുഷ്യനും മറ്റ് ജീവികളും തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസമൊന്നും ഇല്ല എന്നാണോ പറയുന്നത്?

അടിസ്ഥാനപരമായി മനുഷ്യനും, മൃഗവും തമ്മിൽ വ്യത്യാസം ഇല്ല. ജനനം, ജീവൻ നിലനിർത്തൽ, പുനരുൽപ്പാദനം, മരണം തുടങ്ങിയവയൊക്കെ എല്ലാ ജീവജാലങ്ങളിലും പൊതുവായി നടക്കുന്ന കാര്യങ്ങളാണ്. മനുഷ്യന് സർഗാത്മകത കൂടുതൽ ലഭിച്ചിട്ടുണ്ട്. മനുഷ്യനും മറ്റു ജീവ ജാലങ്ങളും തമ്മിലുള്ള ഒരു വ്യത്യാസം മനുഷ്യൻ ആയിത്തീരേണ്ട ഒന്നാണ് എന്നതാണ്. ജനിക്കുമ്പോൾ ഉള്ള സാധ്യതകൾ (potentials) ജനിക്കുന്ന സാഹചര്യവും തമ്മിൽ നടക്കുന്ന ഇടപെടലിലൂടെയാണ് മനുഷ്യൻ വികസിക്കുന്നത്. അതുകൊണ്ട്‌ കേരളത്തിലെ കുട്ടി ചൈനയിൽ ജനിച്ചാൽ ചൈനീസ് ഭാഷ സംസാരിക്കാൻ പഠിക്കും. മനുഷ്യനിൽ അന്തർലീനമായ കഴിവിന്റെ സാധ്യതകൾ കൂടുതൽ ഉള്ളതുകൊണ്ടാണത്. ഒരു നായ ലോകത്തിന്റെ ഏതു ഭാഗത്തായാലും കുരയ്ക്കുകയേ ഉള്ളൂ. അതും ആശയവിനിമയം തന്നെയാണ്. ബാംഗ്ലൂരിലെ ചേരിപ്രദേശത്തെ കുട്ടികൾക്ക് പല ഭാഷകൾ സംസാരിക്കാൻ സ്വാഭാവികമായി പറ്റുന്നത് ആ സാഹചര്യത്തിൽ ആ ഭാഷകൾ നിലനിൽക്കുന്നത് കൊണ്ടാണ്. അത് ആരും അവരെ പഠിപ്പിക്കേണ്ട ആവശ്യം ഇല്ല. അതേസമയം മനുഷ്യന്റെ ഒരു ദൗർബല്യം നമ്മുടെ സാധ്യതകൾ അപാരമായിരിക്കുന്ന പോലെ തന്നെ നമ്മുടെ നാശത്തിന്റെ വഴികളും അതുപോലെ തന്നെ അനന്തമാണ് എന്നതാണ്. നമ്മുടെ ജീവിതം ഈ രണ്ട് അവസ്ഥകൾക്കും നടുവിലാണ് നിൽക്കുന്നത്.

നമ്മൾ മനസിലാക്കേണ്ട പ്രധാനകാര്യം മനുഷ്യന്റെ ജീവിതത്തിൽ പ്രക്രിയ (process) വളരെ പ്രാധാന്യമുള്ളതാണ് എന്നാണ്. മനുഷ്യന്റെ സാഹചര്യത്തിനനുസരിച്ച് കഴിവുകൾ ഉണരുകയാണ് (awaken) ചെയ്യുക. ആധുനികത ഇതിന് പകരം ചെയ്യുന്നത് കണ്ടീഷനിംഗ് ആണ്. അതുകൊണ്ട് പരമ്പരാഗത സമൂഹങ്ങളിൽ പഠിപ്പിക്കുന്നതിന് പകരം ജീവിതത്തിലെ വിശ്വാസം (trust) ആണ് നിലനിൽക്കുന്നത്. കുട്ടികളുടെ ജീവിതത്തിൽ അനാവശ്യമായ ഇടപെടൽ നടത്താതിരുന്ന പരമ്പരാഗത സമൂഹങ്ങളിൽ, കുട്ടികൾക്ക് അവരിലെ സാധ്യതകൾ പുറത്തേക്കെടുക്കാൻ കഴിഞ്ഞത് ആ വിശ്വാസം അനുഭവിക്കാൻ അവർക്കു സാധിച്ചത് കൊണ്ടാണ് . അവിടെ ‘കുട്ടികളെ വളർത്തലിന്’ (parenting) വലിയ പങ്കുവഹിക്കാനില്ല. കുട്ടികളെ വളർത്തൽ ആധുനികത കൊണ്ടുവന്ന ഒന്നാണ്. ഞാൻ പാത്രങ്ങൾ ഉണ്ടാക്കുന്ന കുംഭാരന്മാരുടെ കൂടെ കുറെ കാലം ജീവിച്ചിട്ടുണ്ട്. അവർ കുട്ടികളെ ആ പണി പഠിപ്പിക്കുന്നത് കണ്ടിട്ടില്ല. അവിടെ ഒരു ശിശു ഗർഭസ്ഥാവസ്ഥയിൽ തന്നെ പാത്രം ഉണ്ടാക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് വളരുന്നത്. താൻ ജനിച്ചു വളർന്ന സാഹചര്യത്തിൽ നിന്നും സ്വാഭാവികമായും അറിവ് ആ കുട്ടികൾ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് സ്വായത്തമാക്കുകയാണ് ചെയ്യുന്നത്. സംഗീതവും വൈദ്യവുമൊക്കെ പണ്ടുകാലത്ത് അങ്ങനെയാണ് കുട്ടികൾ പഠിച്ചിരുന്നത്. 1989 മുതൽ ഞാൻ കേരളത്തിന് പുറത്തുള്ള ഗ്രാമങ്ങളിൽ ജീവിച്ചപ്പോഴാണ് എനിക്കിതൊക്കെ മനസിലായത്.

കേരളത്തിൽ ഗ്രാമം എന്ന ഒരു പശ്ചാത്തലം ഇപ്പോൾ ഉണ്ടോ? കേരളത്തിന് പുറത്തുള്ള ഗ്രാമ ജീവിതം നൽകിയ വേറിട്ട അനുഭവങ്ങൾ എന്തായിരുന്നു?

കേരളത്തിൽ ഗ്രാമം ഇന്ന് നാമാവശേഷമായിരിക്കുന്നു. ഒറീസയിലും ബീഹാറിലും മഹാരാഷ്ട്രയിലും ഒക്കെയുള്ള ഗ്രാമം പല പ്രവർത്തനങ്ങൾ നടക്കുന്ന ഒരു സ്ഥലമായിരിക്കും. കൃഷിക്കാർ, പാത്രം ഉണ്ടാക്കുന്നവർ, നെയ്ത്തുകാർ, ലോഹപണിക്കാർ തുടങ്ങി ഒട്ടനവധി വിഭാഗം ജനങ്ങൾ ഗ്രാമത്തിൽ ഉണ്ടാവും. ഒരു ചെറിയ സമൂഹത്തിൽ അത്യാവശ്യം ഇല്ലാത്ത ചില കാര്യങ്ങൾ എല്ലാ ഗ്രാമത്തിലും ഉണ്ടാകണം എന്നില്ല. പിച്ചള പണിക്കാരൻ എല്ലാ ഗ്രാമത്തിലും ഉണ്ടാവില്ല. കേരളത്തിലിരുന്നുകൊണ്ട് ഒരു ഗ്രാമത്തെ മനസിലാക്കാൻ ഇന്ന് വളരെ ബുദ്ധിമുട്ടാണ്.

ഇന്ത്യയിൽ പോലും ഗ്രാമങ്ങൾ മാത്രമല്ലല്ലോ ഉണ്ടായിരുന്നത്. മനുഷ്യ ചരിത്രത്തിൽ ആധുനികതയ്ക്കു മുൻപും നാഗരിക സംസ്‌കാരങ്ങൾ നിലനിന്നിരുന്നില്ലേ?

ആ സംവിധാനത്തിന് നമ്മുടെതുമായി വ്യത്യാസം ഉണ്ടായിരുന്നു. നാഗരികത നിലനിന്നിരുന്ന സ്ഥലത്തു പോലും ഇന്നത്തേതുപോലെ ശ്രേണീബദ്ധമായിരുന്നില്ല (non hierarchical) എന്നതാണ് വ്യത്യാസം. ഇന്നുള്ള നാഗരികത ആശ്രിതത്വം നിലനിർത്തിയാണ് മുന്നോട്ടുപോകുന്നത്. നേരത്തെ അത് സ്വയം പര്യാപ്തമായിരുന്നു. സിൽക്കിന്റെ ഉൽപ്പാദനം പോലെ ഓരോ ക്രഫ്റ്റും ഇന്ത്യയിൽ പല ഭാഗങ്ങളിൽ ഉണ്ടായിരുന്നുവെന്ന് കാണാൻ പറ്റും. കേരളത്തിലെ ആറന്മുള കണ്ണാടി പോലെ ഓരോ ചെറിയ ചെറിയ പ്രദേശവും പല ഉൽപ്പന്നങ്ങളുടെയും നിർമ്മാണത്തിന് പെരുമയുള്ള സ്ഥലങ്ങളായിരുന്നു. ഇന്നത്തെപോലെ ഉൽപ്പാദനം കേന്ദ്രീകൃതമായിരുന്നില്ല. ശ്രേണീബദ്ധമായ അധികാര വ്യവസ്ഥ ആധുനികതയുടെ പ്രത്യേകതയാണ്. അതുപോലെ process orientation നു പകരം അവിടെ product orientation ആണ് ഇപ്പോൾ നടക്കുന്നതെന്നും പറയാം.

പണ്ട് നില നിന്നിരുന്ന ഗുരുകുല സമ്പ്രദായത്തിൽ ശിഷ്യന്മാർ അറിവ് നേടിയത് താങ്കൾ നേരത്തെ പറഞ്ഞ ഇന്ദ്രിയങ്ങൾ ഉപയോഗിച്ചുള്ള പ്രക്രിയയിലൂടെ (process orientation) ആയിരുന്നോ?

അവിടെ ഇന്ന് നടക്കുന്ന രീതിയിലുള്ള പഠിപ്പിക്കൽ എന്ന പ്രക്രിയ നടന്നിട്ടില്ല. അനുഭവങ്ങളിലൂടെ അറിവ് സ്വായത്തമാക്കുകയാണ് നടന്നിരുന്നത്. അറിവ് പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഒന്നാണെന്ന സാമാന്യ ധാരണ പണ്ട് ഉണ്ടായിരുന്നു. ഉപനിഷത്തിനകത്ത് വിവരിക്കുന്ന കഥകളൊക്കെ ശിഷ്യന്മാർക്ക് അറിവ് നേടാനുള്ള സാഹചര്യം ഒരുക്കുകയാണ് ഗുരു ചെയ്തിരുന്നത് എന്നാണ് കാണിക്കുന്നത്. Implicit knowledge എന്നും explicit knowledge എന്നും രണ്ട് കാര്യങ്ങൾ ഉണ്ട്. നമ്മൾ ഒരു പ്രവൃത്തി ചെയ്യുമ്പോൾ നമ്മളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒന്നാണ് implicit knowledge. വ്യാകരണം അറിയാതെ ശ്രദ്ധയിലൂടെ നമുക്ക് ഒരു ഭാഷ സംസാരിക്കാൻ പറ്റുന്നത് അതിന് ഉദാഹരണമാണ്. അത് ലഭിക്കാൻ മറ്റൊരാള് എന്ത്, എങ്ങനെ സംസാരിക്കുന്നു എന്നൊക്കെയുള്ള ശ്രദ്ധ പഠനത്തിൽ ആവശ്യമുണ്ട്. ഇത് ഒരു കുട്ടിക്ക് കഴിയും എന്നാണു ഞാൻ പറഞ്ഞുവരുന്നത്. എന്നാൽ explicit knowledge ആകുന്നത് ഒരാൾ നമ്മളെ ആ ഭാഷ പഠിപ്പിച്ചെടുക്കുന്നതിലൂടെയാണ്. എന്നാൽ വ്യാകരണം ആവശ്യമില്ല എന്നല്ല ഞാൻ പറയുന്നത്. അതിനുള്ള വഴി വായന അല്ല, ശ്രദ്ധ ആണ്. അത് സ്വായത്തമാക്കിയാൽ ഏത് ഭാഷയും പഠിക്കാൻ ആജീവനാന്തം ഒരു വ്യക്തിക്ക് കഴിയും. Explicit knowledge ആശ്രയിച്ചാൽ ആ വ്യക്തിക്ക് ഒരു അധ്യാപകനെ എപ്പോഴും ആവശ്യമുണ്ടാകും. അത് നമ്മുടെ ഉള്ളിലുള്ള കഴിവിനെ സ്വാഭാവികമായി വളർത്താനുള്ള സാഹചര്യത്തെ ഇല്ലാതാക്കുന്നു. എന്ത് എന്നതിനൊപ്പം എങ്ങനെ എന്നതുകൂടി അറിയുമ്പോഴാണ് ബുദ്ധിവികാസം സംഭവിക്കുന്നത്.

ആധുനികതയെ പുനർവിചിന്തനത്തിന് വിധേയമാക്കി കാര്യങ്ങൾ തിരിച്ചറിഞ്ഞും ഉൾക്കൊണ്ടും ജീവിതത്തിൽ മാറ്റം വരുത്തി ഒരു വ്യക്തിക്കോ, കുടുംബത്തിനോ ഒരു ചെറു സമൂഹത്തിനോ തന്നെയും നിലനിൽക്കാൻ പറ്റാത്ത ഒരു ലോകത്തല്ലേ നമ്മൾ ജീവിക്കുന്നത്?

അത് ശരിയാണ്. എനിക്ക് പല ശില്പശാലകളിലും കാണാൻ കഴിഞ്ഞ ഒരു കാര്യം, ആളുകൾക്ക് സ്വതന്ത്രമായ അന്വേഷണം നടത്താൻ ഭയമാണെന്നാണ്. നിലനിൽക്കുന്ന ചട്ടക്കൂടിനെ പൊളിക്കാൻ അവർക്ക് അതുകൊണ്ട് കഴിയുന്നില്ല. യൂറോപ്പ് തന്നെ മാറുന്നത് അച്ചടിയന്ത്രത്തിന്റെ കണ്ടുപിടുത്തത്തിന് ശേഷമാണ്. അവർ തന്നെ രൂപം കൊടുത്ത കാര്യമാണ് Age of Reason എന്നത്. വായന വ്യാപകമാവുന്നതോടെയാണ് ചിന്തിച്ചു മനസിലാക്കുന്ന ശീലം (reasoning) വരുന്നത്. മറ്റൊരാൾ പറഞ്ഞുവച്ച കാര്യത്തെപ്പറ്റി മാത്രമേ അത് യഥാർത്ഥത്തിൽ സാധ്യമാവുകയുള്ളൂ. അറിയാത്ത കാര്യവുമായി അതിന് ബന്ധമില്ല. കണ്ണുകൊണ്ട് കാണുമ്പോൾ കാണൽ ആണ് നടക്കുക, ചിന്തിച്ചു മനസിലാക്കുകയല്ല. ഇപ്പോൾ നമുക്ക് കാണാതെ തന്നെ എല്ലാം അറിയാമെന്ന് ധരിക്കാം. അതുകൊണ്ടുതന്നെ ആകാംഷ എന്ന കാര്യം കുട്ടികളിൽ നിന്നും അപ്രത്യക്ഷമായി. ആധുനിക വിദ്യാഭ്യാസം നേടാത്തവർക്ക് കുറച്ചുകൂടി ആകാംഷയുള്ളതായി കാണാം. പുതിയ കാര്യങ്ങൾ കാണുമ്പോൾ അത്ഭുതം തോന്നുന്ന മനുഷ്യന്റെ ഗുണനിലവാരത്തിൽ വ്യത്യാസമുണ്ട്. വാക്കുകൾ അറിയുമ്പോഴും അതിന്റെ അർഥം കൃത്യമായി അറിയാതെ പോകുന്നതും ആധുനിക വിദ്യാഭ്യാസത്തിന്റെ ഫലമായാണ്. Experiential language എന്നും Mental language എന്നും വേർതിരിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.

എന്തുകൊണ്ടാണ് സ്റ്റേറ്റ്, കാപ്പിറ്റലിസം, ജാതി, മതം, കുടുംബം തുടങ്ങിയ അധികാര കേന്ദ്രങ്ങളെക്കുറിച്ചോ മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്ന ശക്തികളെക്കുറിച്ചോ താങ്കളുടെ വിമർശനത്തിൽ പരാമർശിക്കാതെ പോകുന്നത്?

ഞാൻ അടിസ്ഥാന പ്രതിസന്ധിയെക്കുറിച്ചാണ് പറഞ്ഞത്. അതിന്റെയൊക്കെ വ്യത്യസ്ത അവസ്ഥാന്തരങ്ങളാണിതൊക്കെ. മുതലാളിത്തത്തിന്റെ അടിസ്ഥാനം ഉൽപ്പന്നം അല്ലെ. നേരത്തെ സൂചിപ്പിച്ച ആധുനികതയുടെ പ്രശ്നങ്ങളൊക്കെ ക്യാപ്പിറ്റലിസത്തിനും ഇല്ലേ? അത് കമ്മ്യൂണിസത്തിനും ഉണ്ട്. ക്യാപിറ്റലിസം, മാർക്സിസം, മതങ്ങൾ ഒക്കെ ആശ്രയിക്കുന്നത് പുസ്തകത്തിനെയാണ്. അതിനൊക്കെ ഒരു അധികാര കേന്ദ്രവും (authority) ഉണ്ടാവും. ഒരു കാലത്ത് മതങ്ങൾക്ക് മാത്രമേ ശക്തമായ നിയന്ത്രണം ഉണ്ടായിരുന്നുള്ളൂ, ജീവിതം അപ്പോഴും കുറെയൊക്കെ സ്വതന്ത്രമായിരുന്നു. അന്നൊക്കെ ദൈവത്തെക്കുറിച്ച് ഉറപ്പുള്ള ഒരു വിശ്വാസം (certainty) കൊണ്ടുവന്നപ്പോഴും ബൈബിൾ ഉള്ളപ്പോഴും നിത്യജീവിതത്തിൽ അത് വലിയ സ്വാധീനം ആയിരുന്നില്ല. അതിന് മുമ്പുള്ള സമൂഹങ്ങളിൽ ദൈവം ഉണ്ടായിരുന്നെങ്കിലും അത്രയ്ക്ക് ഉറച്ച, തീർപ്പുള്ള, അയവില്ലാത്ത ഒന്നായിരുന്നില്ല. മനുഷ്യർക്ക് ദൈവവുമായി ഉണ്ടായിരുന്നത് എന്നുള്ളതിൽ നിന്നും വ്യത്യസ്തമായ ഒരു ബന്ധമായിരുന്നു. മനുഷ്യർ ദൈവത്തെ ആരാധിക്കുക മാത്രമല്ല, വഴക്കും പറയുമായിരുന്നു. ശ്രേണീബദ്ധമായ അധികാരവും ചൂഷണവും ഇല്ലെങ്കിൽ ജാതിവ്യവസ്ഥയ്ക്ക് നല്ല ഘടകങ്ങൾ ഉള്ളതായാണ് ഞാൻ മനസിലാക്കുന്നത്. ജാതി സമുദായങ്ങൾ വ്യത്യസ്ത അറിവ് കൈവശമുള്ള സമൂഹങ്ങൾ കൂടിയായിരുന്നു. ഒരു കുംഭാരന്റെ കുട്ടി ജനിക്കുന്നതിനു മുൻപ് തന്നെ ആ തൊഴിൽ ചെയ്യാൻ ജീവശാസ്ത്രപരമായി തയ്യാറെടുക്കുന്നുണ്ട്. അതിനർത്ഥം കുലത്തൊഴിൽ ചെയ്യണം എന്നത് നിർബന്ധമെന്നോ ഒരു കുലത്തിന് പുറത്തുള്ള വ്യക്തിക്ക് തനിക്കിഷപ്പെട്ട ഒരു തൊഴിൽ ചെയ്യാൻ സ്വാതന്ത്ര്യം ഇല്ല എന്നോ അല്ല. പുതുതായി വന്ന ഒരാളുടെ ഏഴാമത്തെ തലമുറ ആ തൊഴിൽ ചെയ്യാൻ ജീവശാസ്ത്രപരമായി തന്നെ തയ്യാറാവുന്നു എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഈ കാരണംകൊണ്ടാണ് രണ്ട് ജാതികൾക്കിടയിലെ വിവാഹം വിലക്കിയിരുന്നത്. അത് ചില ആചാരങ്ങളിലൂടെ തുടർന്നുപോന്നൂ എന്നേയുള്ളൂ. ആശാരിപ്പണി ചെയ്യുന്ന ആളുടെ ശരീരപ്രകൃതിയോ നടത്താമോ ഇരിപ്പോ അല്ല കുംഭാരന്മാരുടേത്. അറിവും ശരീരപ്രകൃതവുമായും ബന്ധമുണ്ടെന്നാണ് ഞാൻ പറഞ്ഞത്.

കെ.ബി ജിനൻ

സാമൂഹ്യ-പാരിസ്ഥിതിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ആധുനികതയെ വിമർശനാത്മകമായി കണ്ടുകൊണ്ട് ഇത്തരം സാധ്യതകൾ തേടുന്ന പല ബദൽ പ്രസ്ഥാനങ്ങളും ഇന്ന് ഉണ്ടല്ലോ. അത് ഒരു പ്രതീക്ഷയല്ലേ?

പക്ഷെ അവർ ഈ പ്രതിസന്ധിയിൽ ഇടപെടുന്നതും വാക്കുകൾ ഉപയോഗിച്ചാണ് എന്നതാണ് പ്രശ്നം. പ്രതിസന്ധി ഉണ്ടാക്കിയ അതെ ടൂൾ ഉപയോഗിച്ചാണ് അതിനെ പരിഹരിക്കാനും ശ്രമിക്കുന്നത് എന്നതാണ് വൈരുധ്യം. 1991-92 കാലത്താണ് ഞാൻ കുംഭാരന്മാരുടെ കൂടെ പ്രവർത്തിക്കാൻ കേരളത്തിലേക്ക് വരുന്നത്. അതുവരെ ഇന്ത്യയിലെ ഗ്രാമങ്ങളിൽ ജീവിച്ച് ക്രിയാത്മക കാര്യങ്ങൾ ചെയ്തുകൊണ്ട് സാമൂഹ്യ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇവിടെ വന്നപ്പോഴാണ് കേരളത്തിൽ ക്രിയാത്മക സാമൂഹിക പ്രവർത്തനത്തിന് പകരം വായനയുടെ ആക്ടിവിസമാണ് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. വായനയും വാക്കുകൊണ്ടുള്ള കുറേ കളികളും. ആധുനികതയെ എതിർക്കുന്ന ആളുകളും അതെ കെണിയിൽ കിടക്കുകയാണ്. അവർ ആധുനികതയുടെ ഘടനയ്ക്കകത്ത് നിന്നുകൊണ്ടാണ് അതിനെ എതിർക്കുന്നത്. ബദൽ സ്കൂളുകളുടെ പ്രവർത്തനം എടുത്തുനോക്കിയാൽ അടിസ്ഥാന പ്രശ്നങ്ങളെ അവർ ചോദ്യം ചെയ്യുന്നില്ല എന്ന് കാണാം.

താങ്കൾ പറയുന്ന പ്രശ്‌നങ്ങൾ സാമ്പത്തിക വളർച്ചയുടെ വിമർശകരും സുസ്ഥിര ജീവിതക്രമത്തിന് വേണ്ടി നിലകൊള്ളുന്നവരും ഒക്കെ ശരിയായ രീതിയിൽ നോക്കിക്കാണുകയും പ്രശ്നവൽക്കരിക്കുകയും ചെയ്യുന്നില്ല എന്നാണോ പറയുന്നത്?

സുസ്ഥിരത (sustainability), അപവളർച്ച (de-growth) ഒക്കെ വാക്കിന്റെ കളികളായിട്ടാണ് എനിക്ക് മനസിലായത്. യഥാർത്ഥ പ്രശ്‌നത്തെ അത് അഭിമുഖീകരിക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നില്ല. മനുഷ്യന്റെ സത്ത (being) യെ പരിഗണിച്ചിട്ടുവേണം ഇതിനെ മനസിലാക്കാൻ. അതുകൊണ്ടാണ് പ്രകൃതിയുടെ ആരോഗ്യപൂർണ്ണമായ നിലനില്പിനുവേണ്ടി പ്രവർത്തിച്ച മിക്കവരും ഔപചാരിക വിദ്യാഭ്യാസം നേടാത്തവരാകുന്നത്. അന്തരിച്ച കല്ലേൻ പൊക്കുടൻ അതിനു നല്ല ഉദാഹരണമാണ്. അവർക്ക് വാക്കിന്റെ കളികളിൽ അല്ല താൽപ്പര്യം. ‘ഞാൻ’ എന്ന ഭാവത്തോടെ അല്ല അത്തരം മനുഷ്യർ പ്രവർത്തിക്കുന്നത്, മറിച്ചു പ്രകൃതിയുടെ ഭാഗമായി നിന്നുകൊണ്ടാണ്. എവിടെയെങ്കിലും ജനായത്തം (democracy) ശരിയായി പ്രവർത്തിക്കുന്നുണ്ടോ? അറിവിനെ നിയന്ത്രിക്കുന്നിടത്ത് എവിടെയാണ് ജനായത്തം? പടിഞ്ഞാറൻ സംസ്ക്കാരം ഉണ്ടാക്കിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ നമുക്ക് മുന്നോട്ടുപോകാൻ കഴിയില്ല. ആധുനികതയെ പുനഃപരിശോധിക്കാതെ മനുഷ്യന് ഭാവിയുമില്ല. അത് മനുഷ്യ ജീവിതത്തിൽ ഇന്നത്തെ രീതിയിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ നമ്മുടെ ജീവിതം ഗുണപരമായി മറ്റൊന്നായേനെ.

സംഭാഷണത്തിന്റെ ആദ്യ ഭാ​ഗം വായിക്കാം: ജീവിതാനുഭവങ്ങളെ നിരാകരിക്കുന്ന ആധുനിക വിദ്യാഭ്യാസം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 13, 2023 1:52 pm