മനുഷ്യർക്ക് പലപ്പോഴും തിരിച്ചറിവുകൾ ഉണ്ടാവുന്നത്, നിയന്ത്രിക്കാൻ പറ്റാത്തതരത്തിൽ അവരവർ തന്നെ നിസഹായരായി പോവുന്ന ഘട്ടങ്ങളിലാണ്. അത്തരം അവസരങ്ങളിൽ കഴിഞ്ഞുപോയ കാലത്തെക്കുറിച്ചും ചെയ്ത പ്രവൃത്തികളിലെ അനീതിയെക്കുറിച്ചും അവർ ആലോചിച്ചു തുടങ്ങും. ഇറ്റ്ഫോക്കിൽ അവതരിപ്പിക്കപ്പെട്ട, കെ.ആർ രമേശ് സംവിധാനം ചെയ്ത ഇടം ശാസ്താംകോട്ടയുടെ നാടകം ‘ആർക്ടിക്’ മനുഷ്യരും-മണ്ണും-പ്രകൃതിയും- ഭൂമിയും തമ്മിലുള്ള ബന്ധത്തെ പശ്ചാത്തലമാക്കിക്കൊണ്ട്, മനുഷ്യർ അനുഭവിക്കുന്ന ഈയൊരു തിരിച്ചറിവിൻറെ ഘട്ടത്തെയാണ് അനാവരണം ചെയ്യുന്നത്. ഇത്തരം തിരിച്ചറിവുകൾ അവതരിപ്പിക്കുന്നതിലൂടെ പ്രകൃതിചൂഷണത്തിൻറെയും ഭൂമിയുമായി ബന്ധപ്പെട്ട അധികാര ബന്ധങ്ങളുടെയും സമകാലീന അവസ്ഥയിലേക്ക് നാടകം കടന്നുചെല്ലുന്നു.
വാർദ്ധക്യത്തിലേക്ക് എത്തിയിരിക്കുന്ന കാട്ടൂപ്പറമ്പിൽ തോമസ് എന്ന ഭൂവുടമയായ കർഷകന് ഭൂഗുരുത്വാകർഷണം നഷ്ടപ്പെടുന്ന അവസ്ഥ അവതരിപ്പിച്ചുകൊണ്ടാണ് നാടകം ആരംഭിക്കുന്നത്. കാല് മണ്ണിൽ ഉറയ്ക്കാതിരിക്കുകുയും, ബാലൻസ് ചെയ്ത് നിൽക്കാൻ കഴിയാതിരിക്കുകയും, അനായാസേന ശ്വാസോച്ഛ്വോസം നടത്താൻ കഴിയാതിരിക്കുകയും, വിവേചനപരമായി ചിന്തിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ഇത്തരം നിസഹായതയുടെ ഭാഗമായി അതിഭീകരമായ ഭീതിയും അദ്ദേഹത്തെ വിടാതെ പിന്തുടരുന്നുണ്ട്. ഭൂഗുരുത്വം ഇല്ലാതിരിക്കുന്ന ഈ അവസ്ഥ, അയാളുടെ ശാരീരികവും മാനസികവും ആയ അവസ്ഥകളിൽ വല്ലാത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കാണാം. അതുകൊണ്ടുതന്നെ അയാൾക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ചിരിക്കുന്ന സ്ഥലത്ത് കിടക്കുകയോ ഇരിക്കുകയോ ആണ് അയാൾ പലപ്പോഴും ചെയ്യാറുള്ളത്. ഈയൊരു അവസ്ഥയിൽ നിന്നുള്ള മോചനത്തിനായി അയാൾ നടത്തുന്ന ശ്രമങ്ങളാണ് നാടകത്തിൻറെ ഉള്ളടക്കം.
ജീവിതത്തിൻറെ ഒരു ഘട്ടത്തിൽ താൻ ഈ മണ്ണിനോടും ഭൂമിയോടും ചെയ്തു കൂട്ടിയ അനീതി നിറഞ്ഞ പ്രവൃത്തികളുമായിട്ടാണ് അയാൾ തൻറെ നിലവിലുള്ള ഭൂഗുരുത്വം നഷ്ടപ്പെട്ട അവസ്ഥയെ ബന്ധിപ്പിക്കുന്നത്. മണ്ണുമായിട്ടുള്ള തൻറെ ബന്ധം എവിടെയൊക്കെയോ വച്ച് നഷ്ടപ്പെട്ടതായി അയാൾ തിരിച്ചറിയുന്നു. ഒരു കാലത്ത് കൃഷിക്കാരനായിരുന്ന തന്നെ ഇപ്പേൾ മണ്ണ്/ഭൂമി സ്വീകരിക്കാതായിരിക്കുന്നു. അത് മുഴുവൻ സമയവും അയാളെ തിരസ്കരിച്ചുക്കൊണ്ടിരിക്കുന്നു.
ഉറക്കത്തിൽ ദൈവം വന്ന്, മണ്ണിലേക്കുള്ള തിരിച്ചുവരവിനായി, അതായത് ഭൂമിയുടെ ആകർഷണത്തെ സ്വായത്തമാക്കുന്നതിനായി നിർദ്ദേശിക്കുന്ന ഉപായങ്ങൾ ഓരോന്നായി അയാൾ പരീക്ഷിച്ച് നോക്കുന്നു. അയാൾക്ക് മണ്ണുമായി ബന്ധമുണ്ടായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന പാളത്തൊപ്പി വീണ്ടും ധരിക്കുക എന്നതായിരുന്നു ആദ്യത്തെ പരീക്ഷണം. അത് ധരിക്കുന്നതോടെ അയാൾക്ക് ഭൂഗുരുത്വം തിരിച്ചുകിട്ടിയതായിട്ടുള്ള പ്രതീതി ഉണ്ടാവുന്നത് അയാളിൽ ആശ്വാസം ജനിപ്പിക്കുന്നു. എന്നാൽ ആ ആശ്വാസത്തിന് നിമിഷങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. യഥാർത്ഥത്തിൽ അത് താൽക്കാലികമായ ഒരു ശമനം മാത്രമായിരുന്നു. അയാളെ ഇപ്പോൾ ഗ്രസിച്ചിരിക്കുന്ന പ്രശ്നത്തിന് അത് ഒരു പരിഹാരമേ ആയിരുന്നില്ല. അത്രയ്ക്ക് ആഴത്തിലുള്ളതായിരുന്നു അയാൾ അനുഭവിക്കുന്ന പ്രശ്നം.
മണ്ണുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന, വർഷങ്ങൾക്ക് മുമ്പ് തന്നെ വിട്ടുപോയ ഭാര്യയുടെ ഫോട്ടോ ചേർത്തു പിടിക്കുക എന്നതായിരുന്നു പിന്നീട് ആയാൾ പരീക്ഷിച്ച മറ്റൊരു മാർഗം. എന്നാൽ അതും താൽക്കാലികമാണെന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ, പണ്ട് പാടത്ത് ഉപയോഗിച്ചിരുന്ന മുട്ടോളമുള്ള തോർത്തിലേക്കും, ഭൂഗുരുത്വം കണ്ടെത്താൻ കാരണമായിത്തീർന്ന ന്യൂട്ടൻറെ ആപ്പിളിലേക്കും, പണ്ട് ഉപയോഗിച്ചിരുന്ന കുഞ്ഞു തൂമ്പയിലേക്കും കലപ്പയിലേക്കും അയാൾ അഭയം തേടുന്നു. ഇതൊന്നും മതിയാകാതെ വരുന്ന ഘട്ടത്തിൽ, അയലത്തെ കൃഷിക്കാരൻറെ വയലിലെ മണ്ണ് വാരിക്കൊണ്ടുവന്ന്, അവസാനം ദേഹത്ത് ചെളിപുരട്ടുന്നതിലേക്കും അദ്ദേഹത്തിന്റെ പരിഹാര മാർഗങ്ങൾ കടക്കുന്നു. എന്നാൽ ഇതൊന്നും തന്നെ സ്ഥായിയായ പരിഹാരമായി മാറിയില്ല. ഭൂമി അത്രമാത്രം അയാളെ അകറ്റി നിർത്തിക്കൊണ്ടിരിക്കുകയാണ്. ഇവയൊക്കെയും പരീക്ഷിച്ച് കഴിയുമ്പേഴേക്കും അയാൾ പുറമെ ഒരു കർഷകൻറെ രൂപത്തിലേക്ക് മാറിക്കഴിഞ്ഞിരുന്നു. ഇതിനിടയിൽ, മറ്റു ചില ആഗ്രഹങ്ങൾ കൂടി അയാൾ മക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ അവതരിപ്പിക്കുന്നു. തൻറെ കൈവശമുള്ള ഭൂമിയുടെ ഒരു ഭാഗം ഭൂമിയില്ലാത്തവർക്ക് വീതിച്ചു കൊടുക്കാനും, ഇപ്പോൾ പിറവിയെടുത്ത ചോരക്കുഞ്ഞിനെ താലോലിക്കാനും ആഗ്രഹം പ്രകടിപ്പിക്കുന്നു.
തോമസ് അനുഭവിക്കുന്ന ഈ അവസ്ഥകളെ അദ്ദേഹത്തിൻറെ സൃഹൃത്തുക്കളും മക്കളും ഒരു തമാശയായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അയാൾ അനുഭവിക്കുന്ന ആശങ്കകളും അയാൾ ചെയ്യുന്ന പ്രവൃത്തികളും അവരിൽ പലപ്പോഴും ചിരിയാണ് പടർത്തുന്നത്. അയാൾ അനുഭവിക്കുന്ന പ്രശ്നം എന്താണെന്ന് മനസിലാക്കാനോ അതിൻറെ ആഴം തിരിച്ചറിയാനോ അവർക്ക് ആവുന്നുണ്ടായിരുന്നില്ല.
പ്രശ്ന പരിഹാരത്തിൻറെ അവസാന മാർഗമെന്ന നിലയിൽ പള്ളിയിൽ ചെന്ന് കുമ്പസരിക്കാനുള്ള ആഗ്രഹം അയാൾ പ്രകടിപ്പിക്കുന്നു. അത്തരമൊരു അവസരത്തിനായി അയാൾ കാത്തിരിക്കുന്നു. പക്ഷെ, അയാൾ ഇപ്പോൾ അണിഞ്ഞിരിക്കുന്ന കർഷകൻറെ വേഷത്തിൽ കുമ്പസാരക്കൂട്ടിലേക്ക് കയറി ചെല്ലുന്നത് അഭികാമ്യമാവില്ല എന്നാണ് സുഹൃത്തുക്കളുടെയും മക്കളുടെയും പക്ഷം. എന്നാൽ അതിന് അവർ ഒരു മാർഗം കണ്ടെത്തുന്നു. പള്ളിയിൽ അടുത്തുതന്നെ നടക്കാൻ പോകുന്ന പ്രച്ഛന്ന വേഷമൽസരത്തിൽ ഒരു മത്സരാർത്ഥിയായി പങ്കെടുത്തുകൊണ്ട് കുമ്പസാരക്കൂട്ടിലേക്ക് കയറാൻ അവർ നിർദ്ദേശിക്കുന്നു. അങ്ങനെ, കൃഷിക്കാരൻറെ വേഷത്തിൽ കുമ്പസാരക്കൂട്ടിലേക്കെത്താൽ അയാൾ കാത്തിരിക്കുന്നു. മത്സര ദിവസം തൻറെ പേരു വിളിക്കുന്നതും കാത്ത് അയാൾ ചെവി കൂർപ്പിച്ചുവച്ചു. ഒരു കാലത്ത് മണ്ണിൽ പണിയെടുക്കുകയും, കൃഷിക്കാരനായി ജീവിക്കുകയും ചെയ്തിരുന്ന അയാളുടെ യഥാർത്ഥ വേഷം, മറ്റൊരു കാലത്ത് ഒരു പ്രച്ഛന്നവേഷം മാത്രായി അവസാനിക്കുന്നു.
പ്രകൃതിയെ ചൂഷണം ചെയ്‌ത് ധനാഢ്യനായി മാറിയ ഒരു മനുഷ്യന്റെ സംഘർഷങ്ങളിലൂടെയാണ് ആർക്ടിക് കടന്നുപോകുന്നത്. ഒരുകാലത്ത് മണ്ണിനോട് ചെയ്ത ദ്രോഹം കാരണം ഭൂഗുരുത്വാകർഷണം നഷ്ടപ്പെട്ട് മണ്ണിലിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഈ നാടകം മണ്ണും മനുഷ്യരും തമ്മിലുള്ള ബന്ധത്തെയും അതിന്റെ വിച്ഛേദത്തെയും നേർത്ത ആക്ഷേപഹാസ്യത്തിലൂടെ വിമർശിക്കുന്നു. തുറന്നവേദിയിൽ വളരെ പരിമിതമായ ശബ്ദ-വെളിച്ച സംവിധാനങ്ങളോടെ അവതരിപ്പിച്ച നാടകം അതിന്റെ ശില്പഘടനയിലും ഏറെ വേറിട്ട് നിൽക്കുന്നു. നടൻ പി.ജെ ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള സംഘത്തിന്റെ അഭിനയ മികവും ഹൃദയഗ്രാഹിയായി. നാല് പതിറ്റാണ്ടായി അമേച്വർ നാടകരംഗത്ത് ഇത്തരം വ്യത്യസ്ത ശൈലി പിന്തുടരുന്നയാളാണ് സംവിധായകൻ കെ.ആർ രമേശ്.