അനുഭൂതിയുടെ വൻകരകൾ

പ്രതലം വസ്തുനിഷ്ഠവും ഏകശിലാത്മകവും സ്ഥിരവുമായ ഒന്നാണ് എന്ന കാർട്ടീഷ്യൻ യുക്തിയെയും മനുഷ്യന്റെ അനുഭവമണ്ഡലവുമായി ചേർത്താലോചിക്കുന്ന കാന്റിയൻ യുക്തിയെയും പ്രശ്നവത്കരിച്ചുകൊണ്ടാണ് ഉത്തരാധുനികത ഇടമെന്ന ആശയത്തെ കുറിച്ച് സംസാരിച്ചത്. ഗണിതശാസ്ത്രസങ്കല്പമെന്ന നിലയിൽ നിന്ന് സാംസ്കാരിക സങ്കല്പമെന്ന നിലയിലേക്കുള്ള ഇടം എന്ന താക്കോൽ സങ്കൽപനത്തിന്റെ (key concept) ചുവടുമാറ്റത്തെ പലമട്ടിൽ മനസിലാക്കാവുന്നതാണ്. ഇടത്തിന്റെ സ്ഥാവരസ്വഭാവം തന്നെയാണ് ഇവിടെ വെല്ലുവിളിക്കപ്പെട്ട പ്രധാന ആശയങ്ങളിലൊന്ന്. Spatiality യെ സംബന്ധിച്ചുള്ള വ്യവഹാരങ്ങൾ ഭൂമിശാസ്ത്രത്തിന്റെ പരിധിയിൽ പെട്ടതാണെന്ന് ദീർഘകാലം വിശ്വസിച്ചുപോന്നിരുന്ന, ഭൗതികതക്ക് ഊന്നൽ കൊടുത്തിരുന്ന ചരിത്രസന്ദർഭത്തിൽ ചിന്താപ്രതലം എന്ന മട്ടിൽ ഇടത്തെ സമീപിച്ചത് ഒരു അട്ടിമറിയായിരുന്നു. Space ന്റെ ഭൗതികനില നിരവധി താത്വിക അവലോകനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ലെയ്ബ്നിസ് അടക്കമുള്ള ചിന്തകരിൽ അത് കാണാം.

ഗോട്ട്ഫ്രൈഡ് വില്ല്യം ലെയ്ബ്നിസ്.

എഡ്വേഡ് സോയയുടെ Postmodern Geographies എന്ന പുസ്തകത്തിൽ, ഇടത്തിന്റെ വ്യക്തിനിഷ്ഠവും മൂർത്തവുമായ അർത്ഥത്തെ മനസിലാക്കുന്നതിനുള്ള ജ്ഞാനശാസ്ത്രമാതൃകയെ പടുത്തുയർത്തുന്നതിന് ഇടത്തിന്റെ ഭൗതികത പ്രതിബന്ധം സൃഷ്ടിക്കുകയാണുണ്ടായതെന്ന് പ്രസ്താവിക്കുന്നുണ്ട്.

“this physical space has been misleading epistemological foundation upon which to analyse the concrete and subjective meaning of human spatiality.”(79)

സാമൂഹികപശ്ചാത്തലത്തിൽ ഇടത്തിന്റെ ഭവശാസ്ത്രപരത വളരെ ചുരുക്കമായിമാത്രം ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു എന്നുവേണം കരുതാൻ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സാംസ്കാരിക ചിന്തകളിലെ ചരിത്രപരതയോടുള്ള അഭിനിവേശം ഭൂമിശാസ്ത്രപരമായ വ്യവഹാരങ്ങളെ പിന്നിലാക്കിയതായി കാണാം.

Postmodern Geographies

സംസ്കാരത്തെപ്പറ്റിയുള്ള പഠനങ്ങളുടെ കേന്ദ്രബിന്ദു പലപ്പോഴും ചരിത്രമായിരുന്നു. കാലികതയുടെയും ചരിത്രത്തിന്റെയും പലമയും ബഹുസ്വരതയും വിമർശനാത്മകചിന്തയിൽ പ്രധാനമായി പരിഗണിക്കപ്പെടുകയും സത്യാനന്തരസന്ദർഭത്തിൽ ചരിത്രത്തിന്റെ ഏകശിലാത്മകത ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. കാലികത അമൂർത്തവും ഭൗതികേതരവുമായ അസ്തിത്വമായിരിക്കെത്തന്നെ ചർച്ചകൾക്കും സംവാദങ്ങൾക്കും വിഷയമായി.

എഡ്വേഡ് സോയ

അതേസമയം space ഗണിതശാസ്ത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും പരിധികളിലേയ്ക്ക് പരിമിതപ്പെടുത്തിയിരുന്നു. സാമ്പ്രദായിക വ്യവഹാരങ്ങളിൽ ഭൂമിശാസ്ത്രം ഭൗമോപരിതലത്തിന്റെ ഭൗതിക സവിശേഷതകളെക്കുറിച്ചുള്ള വിചാരമായി വിഭാവനം ചെയ്യപ്പെട്ടപ്പോൾ, ഗണിതമാകട്ടെ ഇടത്തിന്റെ സങ്കല്പനതലത്തെ ഏകശിലാത്മകമായും സ്ഥിരരൂപമായും മനസിലാക്കി.

മിഷേൽ ഫൂക്കോ പറയുന്നതു നോക്കുക,

“…a generation of intellectuals, space was treated as the dead, the fixed, the undialectical, the immobile. Time, on the contrary, was richness, fecundity, life, dialectic. For all those who confuse history with old schemas of evolution, living, continuity, organic development, the progress of consciousness or the project of existence, the use of spatial terms to have seems to have an air of an anti- history. If one started to talk in terms of space that meant one was hostile to time.” (Power / Knowledge: Selected Interviews and Other Writing 1972-1977. Page 70)

Power / Knowledge

കാലികതയെയും ചരിത്രത്തെയും സംബന്ധിച്ച സമകാലിക ചിന്തകളാവട്ടെ ചരിത്രമെഴുത്തിന്റെ പലമയിലേയ്ക്ക് വിരൽചൂണ്ടുകയും ഭിന്നസ്വരങ്ങളെ അടയാളപ്പെടുത്തുന്ന ബഹുമുഖപദ്ധതിയായി ചരിത്രമെഴുത്തിനെ മനസിലാക്കുകയും ചെയ്യുന്നു. സംസ്കാരത്തിന്റെ വിവിധവശങ്ങളെ തിരിച്ചറിയാൻ ഇടത്തേയും കാലികതയെയും ഒരേ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടി വരുന്നുവെന്നും സാമൂഹിക വ്യവഹാരങ്ങളുടെ നിർമ്മാണത്തിൽ ഇടവും കാലികതയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സമകാലിക തത്വചിന്ത അടിവരയിടുന്നതായി കാണാം. എന്നിരുന്നാലും സാംസ്കാരികസ്ഥലിയെന്ന ആശയം സാംസ്കാരിക വിമർശനപദ്ധതിയിൽ സ്ഥാനം പിടിച്ചത് 1970കളോടെയാണ്.

മിഷേൽ ഫൂക്കോ

സത്യാനന്തര സംവാദത്തിന്റെ ഭവശാസ്ത്രപരിസരങ്ങളിൽ ഇടവും കാലികതയും നിരന്തരം ചർച്ചചെയ്യപ്പെടുന്നതായി കാണാം. മിഷേൽ ഫൂക്കോ, ഹെൻറി ലെഫെബ്രെ, എഡ്വേർഡ് സോയ, ആന്റണി ഗിഡൻസ് തുടങ്ങിയ സൈദ്ധാന്തികരുടെ സംഭാവനകൾ ഇടം എന്ന സങ്കൽപനത്തെ വിമർശനാത്മക തത്വചിന്തയിലേയ്ക്ക് കൊണ്ടുവന്നു. സംസ്കാരത്തിൽ ഇടം ഭൂമിശാസ്ത്രപരമായ അതിരുകളാൽ മാത്രം നിർണയിക്കപ്പെടുന്നതല്ല മറിച്ച്, സാമൂഹികവും രാഷ്ട്രീയവും ചരിത്രപരവുമായ നിരവധി മാനങ്ങളാൽ രൂപപ്പെട്ടതാണത് എന്ന തിരിച്ചറിവിന്മേൽ വിമർശനാത്മകവും സാംസ്കാരികവുമായ വ്യവഹാരങ്ങളിൽ ഇടം കാലികതയോടൊപ്പം പ്രശ്നവത്കരിക്കപ്പെടുകയും ചെയ്തു.

സാംസ്കാരികോല്പന്നങ്ങളെക്കുറിച്ചുള്ള ധാരണ കാലികത/ ഇടം, ചരിത്രം/ ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധം ആവശ്യപ്പെടുന്നു. ഹെൻറി ലെഫെബ്രെയുടെ The Production of Space (1974) , എഡ്വേർഡ് സോയയുടെ Post-Modern Geographies: Reassertion of Space in Critical Social Theory (1989) എന്നീ കൃതികൾ സാമൂഹികസ്ഥലികളെ ചർച്ചചെയ്യുകയും ഇടത്തെക്കുറിച്ചുള്ള സാമ്പ്രദായിക ചിന്തയിൽ നിന്ന് വ്യത്യസ്തമായ തത്വവിചാരത്തെ മുന്നോട്ടുവയ്ക്കുകയും ചെയ്തു.

The Production of Space

“(social) space is a (social) construct.” എന്ന് പ്രസ്താവിച്ചത് ഹെൻറി ലെഫെബ്രെയാണ്. ഇടം ഒരു സാമൂഹിക നിർമിതിയായിരിക്കെ, സമൂഹിക ഘടനയുടെ സങ്കീർണ്ണതകളും ബഹുത്വവും അതിൽ പ്രതിഫലിക്കുന്നുണ്ട്. അതിനാൽതന്നെ, സാംസ്കാരിക സ്ഥലികളുടെ ഭൂപടനിർമിതി (cultural cartography) സാമ്പ്രദായിക ഭൂപടനിർമാണ മാതൃകളെ പിൻപറ്റുന്നില്ല. ഇവിടെ കാർട്ടോഗ്രഫി സമകാലിക ഹിസ്റ്റോറിയോഗ്രഫി പോലെ ഏകതാനമായ രീതിശാസ്ത്രത്തെ അവഗണിക്കുകയും ഇടം എന്ന ആശയത്തെ അന്തർവൈഞ്ജാനികമായി സമീപിക്കുകയും ചെയ്യുന്നു.

ഹെൻറി ലെഫെബ്രെ

ആർട്ട് മ്യൂസിയം എന്ന ഇടത്തെ സവിശേഷമായി വിശകലനം ചെയ്യുകയാണ് കരോൾ ഡങ്കന്റെ (Carol Duncan) “Civilizing Rituals” എന്ന കൃതി. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പോലുള്ള പൗരാണിക സ്മാരകങ്ങളുമായുള്ള ആർട്ട് മ്യൂസിയങ്ങളുടെ സാമ്യത്തെ പറ്റി പ്രസ്താവിച്ചുകൊണ്ടാണ് ഈ ലേഖനം ആരംഭിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ട് മുതൽ മുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി വരെ ആർട്ട് മ്യൂസിയങ്ങൾ പൗരാണിക നിർമിതിയോട് സാമ്യമുള്ള തരത്തിൽ ബോധപൂർവം രൂപകൽപ്പന ചെയ്ത് പോന്നിരുന്നു എന്ന വസ്തുതയെ മുൻനിറുത്തി മതപരം/മതേതരം എന്ന ദ്വന്ദ്വവൈരുദ്ധ്യത്തെ ഇവിടെ സവിശേഷമായി സംബോധന ചെയ്യുന്നതുകാണാം.

ജ്ഞാനോദയ കാലാനന്തരം മതം, മതേതരം എന്നിവ വിപരീതധ്രുവങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ സെക്കുലർ എന്ന് ഗണിച്ചുപോന്ന മ്യൂസിയങ്ങൾ എങ്ങനെയാണ് ഇത്തരം മാതൃകകളെ അടിസ്ഥാനപ്പെടുത്തി രൂപകൽപന ചെയ്തത് എന്നന്വേഷിക്കുമ്പോൾ പുരാതനവിശ്വാസങ്ങളുടെ അധികാരചിഹ്നങ്ങളെയാണ് ആധുനിക കലയുടെ പരിസരങ്ങളിലേയ്ക്ക് പറിച്ചുനടുന്നത് എന്നുകാണാം.

Civilizing Rituals

ശാസ്ത്രീയവും മാനവികവുമായ ജ്ഞാനമേഖലകൾ പ്രയോഗിക്കപ്പെടുന്ന ഇടമായതിനാൽ മാത്രമല്ല മറിച്ച് ഒരു സമൂഹത്തിന്റെ ഔദ്യോഗികമായ സാംസ്കാരികസ്മൃതികളുടെ സൂക്ഷിപ്പുകേന്ദ്രമായതിനാൽ കൂടിയായതിനാലാണ് മ്യൂസിയങ്ങൾ മതേതര വിജ്ഞാനത്തിന്റെ ഇടങ്ങളാകുന്നതെന്ന് ഡങ്കൻ നിരീക്ഷിക്കുന്നു. ഒരു മ്യൂസിയത്തെ രൂപപ്പെടുത്തുക എന്നാൽ അവയിലെ പ്രതിനിധാനവ്യവസ്ഥയെ രൂപപ്പെടുത്തുക എന്നതുകൂടിയാണർത്ഥം. അതിൽ ഒരു സമൂഹത്തിന്റെ സംസ്കാരം, മൂല്യങ്ങൾ, സത്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

കലാകൃതിയുടെ സൗന്ദര്യാത്മകതയ്ക്ക് ഊന്നൽ കൊടുക്കുമ്പോൾ അതിന്റെ ചരിത്രസന്ദർഭത്തെയോ പൗരാണികതയെയോ എടുത്തുകാണിക്കുകയെന്നതിനേക്കാൾ മ്യൂസിയം മുന്പോട്ടുവയ്ക്കാനുദ്ദേശിക്കുന്ന അർത്ഥത്തിൽ കവിഞ്ഞുള്ള മറ്റർത്ഥങ്ങളെ പുറത്തുനിർത്തുക എന്നുകൂടിയാണർത്ഥം. അതുകൊണ്ടുതന്നെ മ്യൂസിയങ്ങൾ നിഷ്പക്ഷമായ ഇടങ്ങളല്ല (neutral spaces) മറിച്ച് പൗരാണികതയിലടങ്ങിയിരിക്കുന്ന ആചാരപരതയെ രാഷ്ട്രീയ പക്ഷപാതം കൊണ്ട് പകരം വയ്ക്കുന്ന ഇടങ്ങളാണെന്നും ഡങ്കൻ കൂട്ടിച്ചേർക്കുന്നു. Liminality എന്നൊരാശയത്തെകൂടി കരോൾ ഡങ്കൻ ഈ കൃതിയിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്.

കരോൾ ഡങ്കൻ.

ആർട് മ്യൂസിയത്തിലെത്തുന്ന കാണി ഒരു liminal experience ലൂടെ കടന്നുപോകുന്നുവെന്ന് പറയാം. കാലം, സമയം, സ്ഥലം എന്നിങ്ങനെയുള്ള ദൈനംദിനയാഥാർഥ്യങ്ങളിൽ നിന്ന് വിച്ഛേദിക്കപ്പെട്ട പുതിയൊരു ആശയലോകത്തിലൂടെ കടന്നുപോവുകയാണ് ഇവിടെ കാണി.

സമകാലിക കലയിൽ ഇടത്തിന് വിവിധ മാനങ്ങളുണ്ട്. ബ്രയാൻ ഒ’ ഡോഹെർട്ടിയുടെ 1976 ൽ പുറത്തിറങ്ങിയ Inside the White Cube: The Ideology of the Gallery Space, ഡേവിഡ് കാരിയർ, ഡാറൺ ജോൺസ് എന്നിവർ ചേർന്നെഴുതിയ The Contemporary Art Gallery: Display, Power and Privilege, സൂസൻ മക്ലിയോഡ് എഡിറ്റുചെയ്ത Reshaping Museum Space എന്നിങ്ങനെയുള്ള പുസ്തകങ്ങൾ ഗാലറി എന്ന ഇടത്തിന്റെ വിവിധമാനങ്ങളെ വരച്ചുകാട്ടുന്നുണ്ട്.

Inside the White Cube: The Ideology of the Gallery Space

സമകാലിക കലയിൽ ഇടം കലാകൃതിയുടെ സൗന്ദര്യാത്മകതയിലും രാഷ്ട്രീയത്തിലും സവിശേഷമായി ഇടപെടുന്നതുകാണാം. പ്രതിഷ്ഠാപനകലയെ പരിഗണിക്കുമ്പോൾ site- specific installationകൾ ഇവിടെ പരാമർശമർഹിക്കുന്നുണ്ട്. കാണിയുമായി ഇടപെടുന്ന ചില പ്രത്യേക സ്ഥലത്തെ മുന്നിൽകണ്ടുകൊണ്ട് വിഭാവനം ചെയ്ത കലാകൃതികളാണവ.

The Contemporary Art Gallery: Display, Power and Privilege

പ്രത്യേക ഇടത്തിന്റെ (site) ഭൗതികവും, ചരിത്രപരവും, സാംസ്കാരികവുമായ സന്ദർഭങ്ങളോട് ഇടപെടുന്ന തരത്തിൽ ചുവരുകൾക്കുള്ളിലോ തുറസ്സുകളിലോ ആയി സംവിധാനം ചെയ്യപ്പെട്ട ഇത്തരം കലാകൃതികൾ ഇടത്തെ പറ്റിയുള്ള സാമ്പ്രദായിക ധാരണകളെ പ്രശ്നവത്കരിക്കുന്നതുകാണാം. ഇത്തരം പ്രതിഷ്ഠാപനങ്ങൾ കലയും വാസ്തുവിദ്യയും പോലുള്ളവക്കിടയിലെ അതിരുകളെ മായ്ക്കുകയും, കല എന്താണെന്നും അത് എവിടെ അനുഭവിക്കാമെന്നുമുള്ള സാമ്പ്രദായിക ധാരണകളെ തിരുത്തുകയും ചെയ്യുന്നു.

Reshaping Museum Space.

മ്യൂസിയങ്ങളും ആർട് ഗാലറികളും നിത്യജീവിതത്തിൽ നാം കടന്നുപോകുന്ന തുറസ്സിടങ്ങളും കലയ്ക്കുള്ള ഇടങ്ങളാകുന്നു. കാണികൾ കലാകൃതിയോട് ഇടപെടുകയും സംവദിക്കുകയും കലാകൃതി- കാണി- ഇടം എന്നിവ കൂടിചേർന്നുള്ള അനുഭവപരിസരത്തെ നിർമിക്കുകയും ചെയ്യുന്നു. ഇവിടെ കലാകൃതി ഇടത്തോട് സംവദിക്കുന്നതോടൊപ്പം ഇടത്തെ രൂപാന്തരപ്പെടുത്തുന്നതും കാണാം.

മ്യൂസിയം ചുവരിലെ കാലാതിവർത്തിയായ കലാകൃതിയുടെ കാലികത്വമല്ല site specific installationന്റേത്. അത് കാലാകാലങ്ങളോളം നിലനിൽക്കുകയും സൂക്ഷിച്ചുവെക്കപ്പെടുകയും ചെയ്യുക എന്നതിനേക്കാൾ സങ്കല്പനത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നു. ഈ കൃതികൾ ഇടത്തിന് കാലികതയുടെ തലം കൂടി നൽകുന്നുണ്ട്. കലയും കലാകൃതി പ്രതിഷ്ഠിക്കപ്പെടുന്ന ഇടവും കടന്നുപോകുന്ന നിരന്തരമായ മാറ്റത്തെ ഇത്തരം കൃതികൾ ചൂണ്ടിക്കാട്ടുന്നു. സമകാലിക കലയെ സംബന്ധിച്ചടത്തോളം സമൂഹവും നിത്യജീവിതവും ഒരു മറുനാടല്ല, ഇടപെടുകയും കലഹിക്കുകയും സംവദിക്കുകയും ചെയ്യുന്ന ചലനാത്മകസ്ഥലികളാണ്. അത്തരത്തിൽ നോക്കുമ്പോൾ ഇടം പല അടരുകളുള്ള ഒന്നാണെന്ന് വരുന്നു. കലയിലത് സൗന്ദര്യത്മകതയുമായും അർത്ഥോത്പാദനക്ഷമതയുമായും ബന്ധപ്പെട്ടുകിടക്കുകയും ചെയുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 5, 2024 12:21 pm