Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കൃത്രിമ വെളിച്ചത്തിന്റെ കണ്ടുപിടുത്തം ജീവിതത്തിലേക്ക് വെളിച്ചം വീശിയ വൻ വിപ്ലവമായിരുന്നു. എന്നാൽ പല പരിണാമങ്ങളിലൂടെ കടന്നുപോയി അത് എൽഇഡിയിൽ എത്തിനിൽക്കുമ്പോൾ വെളിച്ചത്തിന്റെ ആധിക്യം ഒരു പുതിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. വെളിച്ചം ജീവജാലങ്ങളിൽ ഇരുൾപരത്തുന്നു എന്നത് ഏറെ ഗൗരവമുള്ള ഒരു പ്രശ്നമാണ്. പ്രകാശ മലിനീകരണം (light pollution) എന്നാണ് ഈ പ്രതിഭാസത്തിന് പറയുന്ന പേര്. ആധുനിക ജീവിതത്തിൽ മനുഷ്യ സമൂഹം നേരിടുന്ന പലതരം മലിനീകരണങ്ങളിൽ ഒന്നുകൂടി കൂടിച്ചേർക്കപ്പെട്ടിരിക്കുന്നു. ഇതിനകം പല നിരീക്ഷണങ്ങളും പഠനങ്ങളും ശാസ്ത്ര സമൂഹം ഈ വിഷയത്തിൽ നടത്തിയിട്ടുണ്ട്. കൂടുതൽ സമഗ്രമായ ഗവേഷണ റിപ്പോർട്ടുകൾ പുറത്തുവരാനുമുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ രാത്രികാല വിനോദസഞ്ചാരം സാധ്യമാക്കുന്നതിനായി കൃത്രിമ വെളിച്ചം ഒരുക്കുന്ന ഒരു പദ്ധതി കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചപ്പോഴാണ് പ്രകാശ മലിനീകരണം കേരളത്തിൽ ചർച്ചയായി മാറിയത്.
ആവശ്യമില്ലാതാകുന്ന രാത്രി
കൃത്രിമ പ്രകാശത്തിന്റെ അനുചിതവും അമിതവുമായ ഉപയോഗം മനുഷ്യന്റെ നിത്യജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പലതാണ്. രാത്രി എന്നത് ആവശ്യമില്ലാത്ത ഒന്നാണെന്ന ചിന്തയിൽ അത് വെളിച്ചം കൊണ്ട് നികത്താനുള്ള ശ്രമം വ്യാപകമായിക്കഴിഞ്ഞു. ആവാസവ്യവസ്ഥയിൽ പ്രകാശ മലിനീകരണം സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. വീടുകളിലും കെട്ടിടങ്ങളിലും വീഥികളിലും മാത്രമല്ല കൃത്രിമ വെളിച്ചവിപ്ലവം ആഘാതം സൃഷ്ടിക്കുന്നത്. വനത്തിനുള്ളിൽ, അതീവ സംരക്ഷണം അവശ്യപ്പെടുന്ന പ്രദേശങ്ങളിൽ, സൂക്ഷ്മ ജീവികളിൽ വരെ അത് സ്വാധീനവും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ലക്ഷക്കണക്കിന് പ്രാണികളുടെയും ജീവികളുടെയും നാശത്തിനും അവയുടെ പ്രത്യുത്പാദനം തടയാനും അത് കാരണമാകുന്നുണ്ട്.


പ്രകാശം ഭീഷണിയാകുമ്പോൾ
മനുഷ്യരുടെ സ്വകാര്യതകളെയും ശരീരത്തിന്റെ ജൈവപ്രവർത്തനങ്ങളെയും അതീവ ഗുരുതരമായാണ് പ്രകാശ മലിനീകരണം ബാധിക്കുന്നത്. വെളിച്ചത്തിന്റെ ഭ്രമത്തിലും അന്ധാളിപ്പിലും അത് നമ്മൾ തിരിച്ചറിയുന്നില്ല. വെളിച്ചത്തിന്റെ കുത്തൊഴുക്ക് നഗരവൽക്കരണത്തിന്റെ ആഘാതങ്ങളിൽ പ്രധാനമാണ്. ബഹിരാകാശ ഗവേഷണങ്ങൾക്കും പ്രകാശ മലിനീകരണം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് രൂക്ഷമായിത്തീർന്ന മനുഷ്യ–വന്യജീവി സംഘർഷത്തിനും പ്രകാശ മലിനീകരണം ഒരു കാരണമായി മാറുന്നുണ്ട്. വനാതിർത്തികളിലും വനഭൂമി കയ്യേറിയും നിർമ്മിച്ച റോഡുകളിലെയും കെട്ടിടങ്ങളിലെയും അതിശക്തമായ ലൈറ്റുകൾ, ടൂറിസത്തിന്റെ ഭാഗമായ ലൈറ്റ്ഷോകൾ, സഞ്ചാരികളുടെ ഒഴുക്കിന്റെ ഭാഗമായി വരുന്ന വെളിച്ചങ്ങൾ എന്നിവയെല്ലാം വന്യജീവികളെ അസ്വസ്ഥരാക്കുന്നുണ്ട്. മൃഗങ്ങളുടെ സ്വഭാവരീതികളിലും പ്രതികരണങ്ങളിലും ഇത് മാറ്റമുണ്ടാക്കുന്നു.
ഉഭയജീവികൾക്കും പ്രാണികൾക്കും പ്രിയപ്പെട്ട ഇരുട്ട്
കാട്ടിൽ സ്വന്തം സ്ഥലം നഷ്ടമാകുന്ന ജീവികൾ നിലനിൽപ്പിനായി മറ്റൊരിടം തേടുക സ്വഭാവികമാണ്. വനത്തിനുള്ളിൽ പ്രകാശ മലിനീകരണമുണ്ടാകുന്നത് പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞതോടെ അത് പരിഹരിക്കണമെന്ന ആവശ്യവും കേരളത്തിൽ ശക്തമായി തുടങ്ങിയിട്ടുണ്ട്. അതിരപ്പള്ളി വെള്ളച്ചാട്ടത്തെ വെള്ളിവെളിച്ചത്തിലാക്കാനുള്ള പദ്ധതിക്കെതിരെ ഉയർന്ന പ്രതിഷേധം ഇതിന് ഉദാഹരണമാണ്. അഞ്ച് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി ജീവജാലങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന തിരിച്ചറിവിൽ നിന്നും നിരവധി പേർ ഇതിനെതിരെ രംഗത്ത് വന്നു. മുമ്പൊരിക്കൽ ഇത്തരം നീക്കം നടത്തിയിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തിൽ അന്നും അത് ഉപേക്ഷിച്ചതാണ്. ഉഭയജീവികൾ, വവ്വാൽ തുടങ്ങിയ നിരവധി ജീവികൾ ഇരതേടുന്നത് രാത്രിയിലാണ്. അതിരപ്പിള്ളിയിൽ വെള്ളിവെളിച്ചം വന്നാൽ ഇവയുടെ നിലനിൽപ്പാണ് അപകടത്തിലാകുക. ലൈറ്റ് ആൻഡ് ഷോയും ഹൈമാസ്റ്റ് ലൈറ്റുകളും അന്തരീക്ഷത്തെ താറുമാറാക്കുമെന്നും പ്രാണിജന്തുക്കൾ നിലനിൽപ്പിനായി പാടുപെടുമെന്നും ശാസ്ത്ര സമൂഹം വിലയിരുത്തുന്നു. വെളിച്ചത്തിന്റെ ആധിക്യം എങ്ങനെയാണ് മിന്നാമിനുങ്ങുകളെ ഇല്ലാതാക്കുന്നതെന്ന് കേരളീയം മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഇരുളിനെ അകറ്റുമ്പോൾ നഷ്ടപ്പെടുന്നത്
പ്രകാശ മലിനീകരണത്താൽ കിടപ്പുമുറിയിലെ അവസാനതുള്ളി ഇരുട്ടും ഇല്ലാതായി ഉറക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് മനുഷ്യർക്ക്. നിരന്തര ഉറക്കമില്ലായ്മ, തലവേദന, രക്തസമ്മർദ്ദം, കാഴ്ച പ്രശ്നം എന്നിവ ഇപ്പോൾ പതിവ് ആരോഗ്യ പ്രയാസങ്ങളായി മാറിയിരിക്കുന്നു. മുൻ ചീഫ് വൈൽഡ് ലൈഫ് വാർഡർ ഡോ. പ്രമോദ് ജി. കൃഷ്ണൻ, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ കൺസർവേഷൻ ബയോളജിസ്റ്റ് ഡോ. കെ.എസ് നാഫിൻ എന്നിവർ പ്രകാശ മലിനീകരണം വനത്തിലും വന്യജീവികളിലും സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.
രാത്രി എന്നത് ശരീരത്തിന് വിശ്രമിക്കാനും സ്വയം വീണ്ടെടുക്കാനുമുള്ള സമയമാണ് ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും. പലജീവികളും ഉണർന്ന് പ്രവർത്തിക്കുന്നത് രാത്രിയിലാണ്. ഈ ഘടനയ്ക്കാണ് വെളിച്ചം വിള്ളൽ വീഴ്ത്തുന്നത്. ഒരു ദിവസത്തെ മനുഷ്യജീവിതം വിലയിരുത്തിയാൽ, തീവ്രപ്രകാശം പരത്തുന്ന തെരുവ് വിളക്കുകൾ മുതൽ മൊബൈലിലെ നീലവെളിച്ചം വരെ നീളുന്ന എത്രയോ പ്രകാശസ്രോതസ്സുകളിലൂടെയാണ് നമ്മുടെ ഭൂരിഭാഗം സമയവും കടന്നുപോകുന്നത്. റിപ്പോർട്ട് ഇക്കാര്യം ഗൗരവമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
രണ്ട് പതിറ്റാണ്ടായി, എൽഇഡി വിളക്കുകളുടെ ഉപയോഗം ഇരട്ടിയിലധികമായി മാറി. കൂടിയ പ്രകാശവും വിലക്കുറവുമാണ് അതിന് കാരണം. ഭൗമശാസ്ത്രപരമായി പറഞ്ഞാൽ 10 വർഷത്തിനിടയിൽ ഭൂമിയുടെ ഉപരിതലത്തിലെ പ്രകാശത്തിന്റെ തോതിൽ ഏകദേശം രണ്ട് മുതൽ ആറ് ശതമാനം വരെ തീവ്രതയും വ്യാപ്തിയുമുണ്ടായതായി റിപ്പോർട്ട് പറയുന്നു. വനമേഖലയ്ക്ക് സമീപം വലിയ തോതിലാണ് അതിപ്രകാശമുളള വിളക്കുകൾ തുടർച്ചയായി സ്ഥാപിക്കപ്പെടുന്നത്.


ഇരുണ്ട അകാശം ഇല്ലാതാകുന്നു
അനാവശ്യവും തീവ്രതയുമുളള ലൈറ്റുകൾ പശ്ചിമഘട്ട വനത്തിന് മുകളിലെ ഇരുണ്ട ആകാശം അതിവേഗം അപ്രത്യക്ഷമാക്കുന്നതായി ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. കോടാനുകോടി വർഷങ്ങളിലൂടെ ഭൂമിയിൽ ജീവൻ പരിണമിച്ചുവന്നത് സുസ്ഥിരമായ രാപകലുകളിലൂടെയും ഋതുക്കളിലൂടെയുമാണ്. ഈ സംവിധാനത്തിലുണ്ടാക്കുന്ന ഏത് താളപ്പിഴയും അപകടത്തിലേക്ക് നയിക്കും. മനുഷ്യന്റെ കണ്ണുകൾ ഉറക്കം നിയന്ത്രിക്കുന്നത് വെളിച്ചത്തിനോടുള്ള പ്രതികരണത്തിലൂടെയാണ്. അതിൽ, നീലവെളിച്ചത്തോട് നേത്രങ്ങൾ പെട്ടെന്ന് പ്രതികരിക്കുമെന്ന് പ്രമോദ് ജി കൃഷ്ണന്റെയും കെ.എസ് നൗഫിന്റെയും നിരീക്ഷണം പറയുന്നു. നിലവിൽ ഉപയോഗിക്കുന്ന തീവ്രതയേറിയ വെളുത്ത വെളിച്ചങ്ങളും പകൽ വെളിച്ചത്തിന് സമാനമായ നീലതരംഗ ദൗർഘ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതുവഴി രാത്രിയിലെ കാഴ്ചശക്തി കുറയുകയും ഉറക്കത്തെ നിയന്ത്രിക്കുന്ന മെലടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനം തടസപ്പെടുകയും ചെയ്യും. തലച്ചോറിലെ പീനിയൽ ഗ്രന്ഥി ഇരുട്ടിനോട് പ്രതികരിച്ചാണ് ഈ ഹോർമോൺ പുറപ്പെടുവിക്കുന്നത്. ഇരുട്ട് ഇല്ലാതാകുന്നത് മെലടോണിൻ കുറയുന്നതിന് കാരണമാവുകയും ഉറക്കത്തെ അത് സാരമായി ബാധിക്കുകയും ചെയ്യും. ഈ പ്രശ്നം മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലും സംഭവിക്കുന്നുണ്ട്.
പല ജീവികളുടെയും പ്രത്യേകിച്ച് രാത്രിസഞ്ചാരികളായ ജീവികളുടെ കണ്ണുകൾ നീല, അൾട്രാവയലറ്റ് വെളിച്ചത്തോട് അതീവ സെൻസിറ്റീവാണ്. ഈ ഉയർന്ന ഊർജം അവയുടെ ഫോട്ടോറിസെപ്റ്റർ കോശത്തെ (കണ്ണിന്റെ റെറ്റിനയിൽ കാണപ്പെടുന്ന പ്രകാശത്തെ തിരിച്ചറിയുന്ന പ്രത്യേക കോശങ്ങൾ) നശിപ്പിക്കുകയും അവയുടെ സ്വഭാവിക പെരുമാറ്റത്തെ മാറ്റുകയും ചെയ്യുന്നു. ഉണരുന്ന സമയം, ഇരതേടൽ, അഹാരസമ്പാദനം, പ്രത്യുൽപാദനം എന്നിവ തടസപ്പെടുന്നതിന് ഇത് കാണമായി മാറുന്നു. മൃഗങ്ങളിൽ 60 ശതമാനവും രാത്രിസഞ്ചാരികളാണ് എന്നറിയുമ്പോഴാണ് ഈ ആഘാതത്തിന്റെ വ്യാപ്തി മനസിലാക്കാൻ കഴിയുന്നത്. പ്രകാശ മലിനീകരണം വഴി ആനകളിലും സമ്മർദ്ദവും അസ്വസ്ഥതയും ഉണ്ടാകുന്നുണ്ട്.


വെളിച്ചക്കെണിയിൽ കുടുങ്ങിയവർ
മിക്ക ജീവജാലങ്ങൾക്കും രാത്രിയെന്നത് ഇരുട്ടുള്ള അന്തരീക്ഷമല്ല, ജീവിതം മുന്നോട്ടുനയിക്കാൻ വേണ്ടി പ്രകൃതി തന്നെ ക്രമീകരിച്ച വെളിച്ചമാണ്. രാത്രികാലം അവയുടെ നിലനിൽപ്പിന് അത്യാന്താപേക്ഷിതമാണ്. മനുഷ്യന് രാത്രിയും പകലും പോലെയാണ് ഇതരജീവജാലങ്ങൾക്കും എന്ന വിചാരം തെറ്റാണ്. രാത്രിയുടെ അടിസ്ഥാന ഘടകങ്ങളിൽ വരുന്ന ഏത് മാറ്റവും പല ജീവികളുടെയും വംശനാശത്തിലേക്ക് നയിക്കപ്പെടാം. ദേശാടനപക്ഷികൾ നഗരങ്ങളിലെ വെള്ളിവെളിച്ചത്തിൽ വഴിതെറ്റി കെട്ടിടങ്ങളിൽ ഇടിച്ചുവീഴുന്ന സാഹചര്യമുണ്ട്. വെളിച്ചക്കെണിയിൽപ്പെട്ട് അവ ക്ഷീണിച്ച് ചത്തുപോകുന്ന സ്ഥിതിവിശേഷവും കണ്ടുവരുന്നു.
കരയിൽ വിരിഞ്ഞ് കടലിലേക്ക് സ്വഭാവികമായി പോകേണ്ട കടലാമ കുഞ്ഞുങ്ങളെയും വെളിച്ചത്തിന്റെ ആധിക്യം വഴിതെറ്റിക്കുന്നുണ്ട്. കടലിന് മുകളിലുള്ള സ്വഭാവികമായ വെളിച്ചമായ ചക്രവാളത്തെ അടിസ്ഥാനമാക്കിയാണ് അവ മുന്നോട്ടുസഞ്ചരിക്കുക. എന്നാൽ കൃത്രിമ വെളിച്ചം അവയെ ഇരുട്ടിലാക്കുന്നു. സമുദ്രത്തിലെത്താൻ കഴിയാതെ ആമക്കുഞ്ഞുങ്ങൾ കരയിൽ തന്നെ അവസാനിക്കുന്നു. പ്രായപൂർത്തിയായ പെൺ ആമകൾ വെളിച്ചമുള്ള കടൽത്തീരങ്ങളിൽ മുട്ടയിടാൻ മടിക്കുകയാണ്. എന്നാൽ കൃത്രിമ വെളിച്ചമില്ലാത്ത തീരങ്ങൾ ഇപ്പോൾ വല്ലാതെ കുറഞ്ഞിരിക്കുന്നു.
ജലത്തിന്റെ ഗുണനിലവാരം നഷ്ടമാകും
പ്രകാശ മലിനീകരണത്തിൽ പ്രാണികൾ കൂട്ടമരണമാണ് നേരിടുന്നത്. അവ പെട്ടന്ന് കൃത്രിമ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്നു. അതുവഴി അനേകകോടി പരാഗണങ്ങൾ നടക്കാതെയാകും. ഫലമോ, പരിസ്ഥിതി സന്തുലനാവസ്ഥയുടെ പതിയെയുള്ള തകർച്ചയാണ്. ശലഭങ്ങൾ വഴിയുളള പരാഗണമാണ് പെട്ടന്ന് പ്രതിസന്ധി നേരിടുക. മിന്നാമിനുങ്ങൾക്ക് പരസ്പരം ആശയവിനിമയം നടത്താനും പ്രത്യുത്പാദനം നടത്താനും കഴിയാതെ വരുന്നുണ്ട്. കൃത്രിമ വെളിച്ചത്തിന്റെ ആധിക്യം അഥവാ പ്രകാശ മലിനീകരണം ജീവികളുടെ ജൈവഘടികാരത്തെ അട്ടിമറിക്കുന്നു. പകൽസമയത്ത് കൂടുതൽ സമയം സജീവമാകാൻ നിർബന്ധിക്കപ്പെടുന്നത് അവയുടെ നാഡീവ്യൂഹത്തെയും പ്രതികൂലമായി ബാധിക്കും.
നേരിയ വെളിച്ചത്തിൽ പോലും ഇണചേരാനും ശബ്ദമുണ്ടാക്കാനും ഉഭയജീവികൾക്ക് കഴിയില്ല. അതിനാൽ കൃത്രിമവെളിച്ചം അവയുടെ വംശവർധനയെ ബാധിക്കും. ജീവികളെ മാത്രമല്ല, ജലാശയങ്ങളിൽ സ്വതന്ത്രമായി ഒഴുകിനടക്കുന്ന സൂക്ഷ്മജീവികളായ പ്ലവകങ്ങളെ സംബന്ധിച്ചും പ്രകാശ മലിനീകരണം ദോഷമായി മാറുന്നുണ്ട്. പ്ലവകങ്ങളാണ് ജലത്തിലെ ഭക്ഷണശൃംഖലയുടെ അടിസ്ഥാനം. ഇവയുടെ കുറവ് ജലത്തിലെ ഒാക്സിജൻ കുറയാൻ കാരണമാകുമെന്നാണ് ഇരു ഗവേഷകരുടെയും നിരീക്ഷണം. ഇത് പായലിന്റെ വളർച്ചയെ സഹായിക്കുമെന്നതിനാൽ ജലത്തിന്റെ ഗുണനിലവാരം ഇല്ലാതെയാക്കും.
മനുഷ്യ–വന്യജീവി സംഘർഷം
മനുഷ്യരും വന്യജീവികളും തമ്മിലുളള സംഘർഷത്തിന്റെ തീവ്രത വർദ്ധിക്കാൻ പ്രകാശ മലിനീകരണം പ്രധാന ഘടകമാണ്. ആനകൾ പരമാവധി വെളിച്ചവുമായി പൊരുത്തപ്പെടുമെന്നതാണ് അതിന് ആക്കം കൂട്ടുന്ന ഒരു കാരണം. അവ വെളിച്ചവുമായി ഇണങ്ങിയാൽ ദൂരെയുളള കൃഷിയിടങ്ങൾ, പട്ടണങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉണ്ടാകുന്ന പ്രകാശവലയങ്ങളിലേക്ക് വേഗം ആകർഷിക്കപ്പെടും. ഇത് മനുഷ്യവാസ പ്രദേശങ്ങളിലേക്ക് അവ കൂടുതൽ എത്തുന്നതിന് കാരണമായി മാറുന്നു. ഇരതേടുന്ന പുള്ളിപ്പുലികളെ പോലെയുളള മൃഗങ്ങൾ വനത്തിനോട് ചേർന്ന് പ്രകാശപ്രദേശങ്ങൾ ഉണ്ടെങ്കിൽ അവ ഒഴിവാക്കി വെളിച്ചം അധികമില്ലാത്ത ജനവാസമേഖലകളിലേക്ക് എത്താൻ സാധ്യതയുണ്ട്. വെളിച്ചവുമായി സമ്പർക്കത്തിലാകുന്ന ജീവികളിൽ പുള്ളിപ്പുലികളോടുള്ള ഭയം സ്വാഭാവികമായി കുറയുകയും ചെയ്യും.


കാടുകളിലൂടെയും കാടരുകിലൂടെയും നിർമ്മിച്ച റോഡുകളിലൂടെ നിരന്തരം സർവീസ് നടത്തുന്ന വാഹനങ്ങളിലെ ഹൈബീം ലൈറ്റുകളിൽ നിന്നുള്ള പ്രകാശം മൃഗങ്ങളെ ഞെട്ടിക്കുക മാത്രമല്ല, അവയുടെ സമ്മർദ്ദവും സംഘർഷവും വർധിപ്പിക്കും. ഇത്തരം സംഭവങ്ങൾ ധാരാളമായി കാണാമെന്ന് വനം ഉദ്യോഗസ്ഥരായ ഗവേഷകർ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വയനാട് പോലുള്ള പ്രദേശങ്ങളിൽ വനത്തിനോട് ചേർന്നുളള പ്രകാശ മലിനീകരണ തീവ്രത മനുഷ്യരും ജീവികളും തമ്മിലുളള സംഘർഷങ്ങൾക്ക് കാരണമാകുന്നുണ്ട്. അതീവ സംരക്ഷിത മേഖലകളിൽ പോലും ഈ സാഹചര്യമുണ്ടെന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
കാലാവസ്ഥാ വ്യതിയാനവും, റിസോർട്ടുകളുടെ വ്യാപനവും, അനധികൃത നിർമ്മാണങ്ങളും, ഉത്തരവാദിത്തമില്ലാത്ത ടൂറിസവും മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന് ഭീഷണിയായി തുടരുന്നതിനിടയിലാണ് പ്രകാശ മലിനികരണം കൂടി ഇപ്പോൾ ഗുരുതര വെല്ലുവിളി ഉയർത്തുന്നത്.
വേണം പ്രകാശ നയം, പ്രകാശ ആഘാത വിലയിരുത്തൽ
പ്രതിസന്ധി കൂടുതൽ രൂക്ഷമാകാതിരിക്കാനുള്ള നിർദ്ദേശങ്ങളും പ്രമോദ് ജി. കൃഷ്ണന്റെയും കെ.എസ് നാഫിന്റെയും പഠനം മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രകാശ മലിനീകരണത്തിന്റെ കെടുതിയിൽ നിന്ന് നമ്മുടെ വനം വന്യജീവി, പ്രാണി മേഖലയെ സുരക്ഷിതമായി നിർത്താൻ മേഖലയിലെ എല്ലാ വികസന പ്രവർത്തനത്തിലും പ്രകാശ ആഘാത വിലയിരുത്തൽ പഠനം (ലൈറ്റ് ഇംപാക്റ്റ് അസസ്മെന്റ് സ്റ്റഡി) നിർബന്ധമാക്കണമെന്ന് ഇവർ നിർദ്ദേശിക്കുന്നു. എല്ലാ പരിസ്ഥിതി ദുർബല, ജൈവവൈവിധ്യ മേഖലകളിലും ഇത് നടപ്പാക്കണം. രാത്രികാല കൃത്രിമ വെളിച്ചത്തെ 1986–ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിൽ നിയമപ്രാബല്യമുള്ള ഒരു അസ്വസ്ഥതയയായി അംഗീകരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
തെരുവ് വിളക്കുകകളും വഴിവിളക്കുകളും പൂർണമായും താഴേക്ക് മാത്രം വെളിച്ചം നൽകുന്ന (full-cutoff) വിധം ഷീൽഡ് ചെയ്യുകയും കുറഞ്ഞ തീവ്രതയുളള ലൈറ്റുകൾ പ്രോത്സാഹിപ്പിക്കുകയും വേണം.
മേഖലാ അടിസ്ഥാനത്തിൽ പരിധികൾ നിശ്ചയിച്ച് ഇക്കളോജിക്കൽ ലൈറ്റിങ് സ്റ്റാൻഡേർഡ്സ് സ്ഥാപിക്കുന്നത് സംരക്ഷിതമേഖലകളിലും നഗരങ്ങളിലും പ്രകാശ മലിനീകരണം പരിഹരിക്കുന്നതിന് സഹായകമാകും. അകാശത്തെ അനാവശ്യ വെളിച്ചവും തിളക്കവും കുറയ്ക്കാനുള്ള സാധ്യതയും ഇത് നൽകുന്നു.
സംരക്ഷിതപ്രദേശങ്ങൾ മുതൽ ഉയർന്ന ജൈവവൈവിധ്യ മേഖലകൾ വരെയുള്ള സ്ഥലങ്ങൾ അംബർ വിളക്കുകളിലേക്ക് (Amber Light) മാറണം. ഒറ്റപ്പെട്ടുകിടക്കുന്ന വനപ്രദേശങ്ങളെ ബന്ധിപ്പിച്ച് ഇരുണ്ട ഇടനാഴികൾ (ഡാർക്ക് കോറിഡോറുകൾ) സ്ഥാപിക്കുന്നത് ആന മുതലുള്ള ജീവികളുടെ സ്വഭാവിക സഞ്ചാരം സുഗമമാക്കും. പരമ്പരാഗത വന്യജീവി കുടിയേറ്റ പാതയിലൂടെ കടന്നുപോകുന്ന ഒരു തെരുവ് വിളക്കുപോലും വനങ്ങളുടെ വിഘടനത്തിന് കാരണമാകും. ഉയർന്ന ജൈവവൈവിധ്യ മേഖലയ്ക്ക് ചുറ്റും ഇരുണ്ട മേഖലകൾ ഉണ്ടാക്കിയെടുത്താൽ വന്യജീവികളെ ആകർഷിക്കുന്ന ആകാശ വെളിച്ചത്തെ ഒഴിവാക്കാം. അതുവഴി യഥാർത്ഥ ഇരുട്ടിനെ പൂർണമായി നിലനിർത്താനാകും. പ്രകാശ മലിനീകരണത്തെക്കുറിച്ച് സംസ്ഥാന സർക്കാർ ഒരു സമഗ്രനയം തയാറാക്കുകയാണ് വേണ്ടതെന്നും ഇവർ നിർദ്ദേശിക്കുന്നു.
തീർച്ചയായും സംസ്ഥാന സർക്കാർ ഗൗരവമായി ചർച്ചചെയ്യേണ്ടതാണ് പ്രമോദ് ജി. കൃഷ്ണന്റെയും കെ.എസ് നാഫിന്റെയും ഈ നിർദ്ദേശങ്ങൾ. വലിയ തോതിൽ നഗരവത്കരിക്കപ്പെടുന്ന, നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇടവേളകളില്ലാത്ത കേരളത്തെ സംബന്ധിച്ച് പ്രകാശ മലിനീകരണം ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കാൻ പോകുന്നത്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകൾ വൈകാതെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

