Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ അഴിമതിരഹിതമാക്കാൻ അവതരിപ്പിക്കപ്പെട്ട നീറ്റ് (NEET) വീണ്ടും വിവാദങ്ങളുടേയും ക്രമക്കേടുകളുടേയും കുരുക്കുകളിൽ അകപ്പെട്ടിരിക്കുകയാണ്. സുതാര്യത ഉറപ്പാക്കാൻ കൊണ്ടുവന്ന കേന്ദ്രീകൃത സംവിധാനമായ എൻ.ടി.എ (NTA), ഓരോ വർഷവും പരീക്ഷാ നടത്തിപ്പിൽ പരാജയപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. 2026-ലെ പരീക്ഷ റദ്ദാക്കലോടെ ഈ സംവിധാനത്തിൻ്റെ വിശ്വാസ്യത പൂർണ്ണമായും തകർന്നിരിക്കുകയാണ്.
2013 ലാണ് നീറ്റ് എക്സാം വിഭാവനം ചെയ്യപ്പെടുന്നത്. പക്ഷേ, അനേകം നിയമ പോരാട്ടങ്ങൾക്കൊടുവിൽ 2017 മുതൽ രാജ്യമൊട്ടുക്കും നിർബന്ധമാക്കപ്പെട്ടു. ഖേദകരമെന്ന് പറയാം വലിയ സ്വപ്നങ്ങളുമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ പരീക്ഷയുടെ വിശ്വാസ്യത നിലവിൽ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രധാനമായും എം.ബി.ബി.എസ് (MBBS), ബി.ഡി.എസ് (BDS), ആയുഷ് (BAMS, BHMS), ബി.വി.എസ്.സി തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷയാണ് നീറ്റ്.
ഇക്കഴിഞ്ഞ മെയ് മൂന്നിനായിരുന്നു NTA 2026 ലെ നീറ്റ് എക്സാം സംഘടിപ്പിച്ചത്. കൃത്യമായ സുരക്ഷ സംവിധാനങ്ങളോടെയാണ് തങ്ങൾ നീറ്റ് എക്സാം സംഘടിപ്പിച്ചതെന്നായിരുന്നു ഏജൻസിയുടെ പക്ഷം. പക്ഷേ, ആ വാദം കേവലം വാക്കുകളായിരുന്നു. നീറ്റ് അതിന്റെ ‘പതിവ് സ്വഭാവം’ തന്നെ കാണിക്കുകയായിരുന്നു. ഇക്കുറിയും നീറ്റ് പരീക്ഷാപേപ്പർ ചോർന്നു പോവുകയുണ്ടായി. തദ്ഫലമായി നീറ്റ് എക്സാം റദ്ദാക്കുകയും അനേകം വിദ്യാർത്ഥികൾ ആശങ്കയിൽ അകപ്പെടുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് നിരവധി വിദ്യാർഥി സംഘടനകൾ മുന്നോട്ടുവന്നിട്ടുണ്ട്.


റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷയിലൊന്നായി നീറ്റ് എക്സാം മാറിയിട്ടുണ്ട്. വർഷം തോറും നീറ്റ് എക്സാം എഴുതുന്നവരുടെ എണ്ണം വർധിക്കുകയാണ്. 2022 ൽ 18.72 ലക്ഷം വിദ്യാർത്ഥികളും 2023 ൽ 20.87 ലക്ഷം വിദ്യാർഥികളും രജിസ്റ്റർ ചെയ്ത നീറ്റ് എക്സാമിൽ 2026 ൽ 22 ലക്ഷത്തോളം വിദ്യാർഥികൾ ആശങ്കയിലായിരിക്കുകയാണ്. ആ വിദ്യാർത്ഥികളുടെ സ്വപ്നത്തെ ഒന്നടങ്കം തകർത്തു കളയുന്ന പ്രവർത്തിയാണ് NTA യുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.
നീറ്റ് എക്സാം ഒരു ഏകജാലക പരീക്ഷയാണ് എന്ന നിലക്ക് ആ സംവിധാനത്തിനെതിരെ അനേകം ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ തങ്ങളുടെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പരാതിപ്പെടുകയുണ്ടായി. 2021ൽ പരീക്ഷ ദിവസം തന്നെ ജയ്‌പൂരിലെ ഒരു പരീക്ഷ സെന്ററിൽ വെച്ച് ചോദ്യ പേപ്പർ പുറത്താവുകയുണ്ടായി. വാട്സാപ്പിലൂടെ ചോദ്യ പേപ്പർ കൈമാറി ലക്ഷങ്ങൾ വാങ്ങിയ മാഫിയകളെ അന്ന് പൊലീസ് പിടികൂടിയിരുന്നു. തമിഴ്നാട്ടിൽ 2019 ൽ പരീക്ഷ എഴുതാൻ വ്യാജ ഉദ്യോഗാർത്ഥികളെ എത്തിച്ച ഒരു വലിയ ശൃംഖലയെ തന്നെ കണ്ടെത്തുകയുണ്ടായി. മെഡിക്കൽ വിദ്യാർത്ഥികളെയും ഡോക്ടർമാരെയും പണം നൽകി ഏർപ്പാടാക്കി ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതുകയായിരുന്നു ഇവരുടെ രീതി. ഇത് പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന സംഭവമായിരുന്നു.
2024 ലും ആശങ്കജനകമായ പിഴവ് നീറ്റിന് സംഭവിച്ചു. സാധാരണയായി നീറ്റ് പരീക്ഷയിൽ വിരലിലെണ്ണാവുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കാറുള്ള ഒന്നാം റാങ്ക്, 2024 ൽ ഫലംവന്നപ്പോൾ 67 വിദ്യാർത്ഥകൾക്ക് 720 ൽ 720 മാർക്കും ലഭിച്ചു. അതേ വർഷം തന്നെ ചില പരീക്ഷാ കേന്ദ്രങ്ങളിൽ സമയം നഷ്ടപ്പെട്ടു എന്ന പരാതി കാരണം ഏകദേശം ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് എൻ.ടി.എ അധിക മാർക്ക് നൽകുകയും ചെയ്തു. തദ്ഫലമായി 718, 719 എന്നിങ്ങനെ നീറ്റ് പരീക്ഷയിൽ ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത മാർക്കുകൾ പോലും ആ വർഷം വിദ്യാർത്ഥികൾക്ക് ലഭിച്ചു. ഇവരിലൊരു വലിയ വിഭാഗം ഒന്നാം റാങ്കിലേക്ക് എത്തുകയും ചെയ്തു. ഇത് എൻട്രൻസ് പരീക്ഷകളുടെ ചരിത്രത്തിലെ വലിയൊരു നാണക്കേടായിരുന്നു. 2024 ൽ തന്നെ ഹരിയാനയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ നിന്നും ആറോളം പേർക്ക് ഒന്നാം റാങ്ക് ലഭിച്ചത് ചോദ്യപേപ്പർ ചോർച്ചയുണ്ടായി എന്ന സംശയം ശക്തമാക്കി.


ഒരു കാലത്ത് കൂടുതൽ സുരക്ഷിതവും കൃത്യതയാർന്നതുമായ പരീക്ഷയെന്ന് കൊട്ടിഘോഷിക്കപ്പെട്ട പരീക്ഷയായിരുന്നു നീറ്റ്. രാജ്യത്ത് അടിവസ്ത്രം പോലും അഴിച്ച് പരിശോധിക്കുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) എന്ന ഏകീകൃത സംവിധാനം പരീക്ഷാ നടത്തിപ്പിൽ പരാജയപ്പെട്ടുവെന്ന് പറയേണ്ടിയിരിക്കുന്നു. ഇതിന്റെയൊക്കെ ഫലമായി രാജ്യത്തെ പരമോന്നത കോടതിയുടെ ഇടപെടലും സി.ബി.ഐ അന്വേഷണവും ഉണ്ടായെങ്കിലും, പരീക്ഷയുടെ വിശുദ്ധി വീണ്ടെടുക്കാൻ എൻ.ടി.എ ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ഈ പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകൾ മെഡിക്കൽ പ്രവേശനത്തിനായി വർഷങ്ങളോളം രാപ്പകൽ ഭേദമന്യേ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളാണ്. അത്തരം വിദ്യാർഥികൾക്ക് പരീക്ഷയെഴുതിക്കഴിയുമ്പോൾ ലഭിക്കുന്നത് പരീക്ഷ റദ്ദാക്കിയെന്നോ നീട്ടി വെച്ചുവേണോവുള്ള ആശങ്ക ജനകമായ വാർത്തകളാണ്. അനേകം കാതങ്ങൾ താണ്ടി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളെ ഇത്തരം സംഭവങ്ങൾ മാനസിക സമ്മർദ്ദത്തിലാക്കുകയും അവരുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുകയും ചെയ്യുന്നു. മാസങ്ങളോളം നീണ്ടുനിൽക്കുന്ന കോടതി വ്യവഹാരങ്ങളും കൗൺസിലിംഗിലെ കാലതാമസവും അക്കാദമിക് വർഷം തന്നെ നഷ്ടപ്പെടുമോ എന്ന ഭീതിയുണ്ടാക്കുന്നു. നീറ്റിന് സമാനമായി ലക്ഷക്കണക്കിന് അപേക്ഷകരുള്ള ജെ.ഇ.ഇ (JEE), സി.യു.ഇ.ടി (CUET) തുടങ്ങിയ ദേശീയ പരീക്ഷകൾ ഓൺലൈൻ വഴി ആപേക്ഷികമായി പരാതികളില്ലാതെ നടക്കുമ്പോൾ, നീറ്റ് പരീക്ഷ നിരന്തരം വിവാദങ്ങളിൽ അകപ്പെടുന്നത് പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ വീഴ്ചയെയാണ് സൂചിപ്പിക്കുന്നത്. ഇനിയുള്ള പരീക്ഷക്ക് ഫീസ് അടക്കേണ്ടതില്ലെന്നും കഴിഞ്ഞ പരീക്ഷയുടെ ഫീസ് വിദ്യാർത്ഥികൾക്ക് തിരിച്ചു നൽകുമെന്നുമുള്ള കേവലമായ മോഹന വാഗ്ദാനങ്ങളോ സമാശ്വാസ വാക്കുകളോവല്ല വേണ്ടത്. പകരം ശാശ്വതമായ പരിഹാര മാർഗങ്ങളാണ് ഏജൻസി ആലോചിക്കേണ്ടത്.


പരീക്ഷാ നടത്തിപ്പ് കേന്ദ്രീകൃതമായ ഒരു ഏജൻസിയിൽ ഒതുക്കി നിർത്തുന്നതിന് പകരം അവ വികേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് പതിവായി സംഭവിക്കുന്ന പിഴവുകൾ സൂചിപ്പിക്കുന്നത്. ഫെഡറൽ സംവിധാനത്തിൽ കൈ കടത്തലുകൾ നടത്തുന്നതിന് പകരം, ഓരോ സംസ്ഥാനത്തിനും അവരുടെ സിലബസും സാഹചര്യങ്ങളും പരിഗണിച്ചുള്ള പങ്കാളിത്തം ഉറപ്പാക്കുന്നത് പരീക്ഷയെ കൂടുതൽ ജനാധിപത്യപരമാക്കുന്നതിന് സഹായിക്കും. ഓഫ്‌ലൈൻ രീതിയിൽ നിന്നും മാറി കൂടുതൽ സുരക്ഷിതമായ ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് പരീക്ഷ മാറുന്നത് ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള സാധ്യതകളെ വലിയ തോതിൽ കുറയ്ക്കും. കൂടാതെ, നിലവിൽ നടക്കുന്ന ഏക എക്സാമിന് പകരം സിവിൽ സർവീസ് പരീക്ഷയ്ക്ക് സമാനമായി പ്രിലിമിനറി, മെയിൻസ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്നത് ക്രമക്കേടുകൾ തടയാൻ സഹായിക്കും. വിദ്യാഭ്യാസരംഗത്തെ കോച്ചിംഗ് മാഫിയകളുടെ സ്വാധീനം കുറയ്ക്കുന്നതിനായി പ്ലസ് ടു മാർക്കിന് കൂടി നിശ്ചിത വെയിറ്റേജ് നൽകുന്ന സംവിധാനം പുനരാരംഭിക്കുന്നതും ആലോചിക്കേണ്ടതാണ്. മെഡിക്കൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് മൂലം ദീർഘകാലാടിസ്ഥാനത്തിൽ ഈ മത്സരത്തിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും.
പരീക്ഷാ നടത്തിപ്പിലെ സുതാര്യത കൂടുതൽ ഉറപ്പാക്കാനും സാങ്കേതികവിദ്യയെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും സർക്കാരും ബന്ധപ്പെട്ട ഏജൻസികളും തയ്യാറാകണം. പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത് മൂലം ഇല്ലാതാക്കപ്പെടുന്നത് വിദ്യാർത്ഥികളുടെ ഭാവികൾക്കും സ്വപ്നങ്ങൾക്കുമപ്പുറം രാജ്യത്തിന്റെ ഭാവിയെ തന്നെയാണ്. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു പരീക്ഷാ സമ്പ്രദായത്തിന് രാജ്യത്തെ ഭാവി ഡോക്ടർമാരെ തെരഞ്ഞെടുക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ഉത്തരവാദിതപ്പെട്ടവർക്ക് ഉണ്ടാകേണ്ടതുണ്ട്. നീതിപൂർവ്വമായ ഒരു പരീക്ഷാരീതിയിലൂടെ മാത്രമേ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കാനും ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം നിലനിർത്താനും സാധിക്കുകയുള്ളൂ.
(ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് ലേഖകൻ).

