ആൾക്കൂട്ടം ഉയർത്തുന്ന അപകട ഭീഷണി

നവംബർ 25 ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ കുസാറ്റ് കാമ്പസിലെ ആംഫി തിയേറ്ററിൽ പ്രശസ്ത ബോളിവുഡ് ​ഗായിക നിഖിത ​ഗാന്ധി അവതരിപ്പിക്കുന്ന ​ഗാനസന്ധ്യയുടെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. കുസാറ്റിലെ അഡ്വാൻസ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ചും സ്കൂൾ ഓഫ് എഞ്ചിനിയറിംഗ് വിദ്യാർത്ഥികളും സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. വർഷാവർഷം നടക്കാറുള്ള, കോവിഡ് കാരണം മുടങ്ങിപ്പോയ ടെക്ഫെസ്റ്റ് മൂന്ന് വർഷത്തിന് ശേഷം പുനരാരംഭിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു വിദ്യാർത്ഥികൾ. മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. എങ്കിലും ​ഗാനസന്ധ്യാ വേദിയിലേക്കുള്ള പ്രവേശനവും കാത്ത് ഓപ്പൺ എയർ ആഡിറ്റോറിയത്തിന്റെ അടച്ചിട്ട കവാടത്തിനരികിലായി വിദ്യാർത്ഥികൾ കൂടി നിൽക്കുന്നുണ്ടായിരുന്നു. കവാടത്തിൽ തിരിച്ചറിയൽ കാർഡ് നോക്കി വിദ്യാർഥികളെ കടത്തിവിടുകയായിരുന്നു വൊളന്റിയർമാർ. പെട്ടെന്ന് മഴ കനക്കുകയും കവാടത്തിൽ കൂടിനിന്ന വിദ്യാർഥികൾ അകത്തുകയറാൻ തിടുക്കംകൂട്ടുകയും ചെയ്തു. അതോടെ അതിന് പിന്നിൽ നിന്നവരും തിരക്ക് കൂട്ടി. നിമിഷങ്ങൾക്കുള്ളിൽ അത് ഒരു വിറളിപിടിച്ച ആൾക്കൂട്ടമായി. അവരുടെ ശക്തിയാൽ ആംഫി തിയേറ്ററിന്റെ ഇരുമ്പുഗേറ്റ് തുറന്ന് പോവുകയും, മുൻനിരയിൽ നിന്ന വിദ്യാർഥികൾ 12 പടിക്കെട്ടുകളിലൂടെ ഓഡിറ്റോറിയത്തിന്റെ തറയിലേക്ക് വീഴുകയും ചെയ്തു. പിന്നാലെ തിക്കിത്തിരക്കിയവർ അവർക്ക് മുകളിലേക്ക് വീണതോടെ അപകടത്തിന്റെ തീവ്രത കൂടി. ചവിട്ടേറ്റും ശ്വാസംമുട്ടിയും നാല് ജീവൻ കവർന്നെടുക്കപ്പെടുന്ന ദാരുണാവസ്ഥയിലേക്ക് ആ ഉന്തും തള്ളും പത്ത് മിനിട്ടിനുള്ളിൽ മാറി. ഞെരിഞ്ഞമർന്നവരുടെ നിലവികൾ വിദ്യാർത്ഥികൾ തമ്മിലുള്ള എന്തോ പ്രശ്നമാണെന്നാണ് പുറത്ത് കൂടി നിന്നവർ ആദ്യം കരുതിയതെങ്കിലും ​സംഭവത്തിന്റെ ​ഗൗരവം മനസ്സിലാക്കി രക്ഷാപ്രവർത്തനത്തിലേക്ക് അവർ കടന്നു. അപകടത്തിന്റെ ആഴം കുറയ്ക്കാൻ അത് കാരണമായിത്തീർന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കളമശേരി മെഡിക്കൽ കോളേജിലേക്കും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും അതിവേ​ഗം എത്തിക്കാനായി.

അപകട സമയത്ത് തിഞ്ഞിനിറഞ്ഞ ആഡിറ്റോറിയത്തിലെ പ്രവേശന കവാടം

നാല് വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ ഈ അപകടത്തിന്റെ കാരണത്തെക്കുറിച്ച് പലതരത്തിലുള്ള നി​ഗമനങ്ങളും പഴിചാരലുകളുമാണ് തുടർന്ന് പുറത്തുവരുന്നത്. മഴയല്ല അപകട കാരണമെന്നും ​ഗേറ്റ് തുറക്കാൻ വൈകിയതാണെന്നും ഒരു വിഭാ​ഗം, ജനക്കൂട്ടമുണ്ടാകുമെന്ന് മുൻ കൂട്ടി കണ്ട് ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സംഘാടകർക്ക് വീഴ്ചവന്നു എന്ന് മറ്റൊരു വിഭാ​ഗം, ആംഫി തീയേറ്ററിന്റെ നിർമ്മാണം അശാസ്ത്രീയമാണ്, വേണ്ടത്ര പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല എന്നിങ്ങനെയുള്ള പരാതികൾ, മുൻകൂട്ടി അറിയിച്ചില്ലെന്ന് പൊലീസും വാക്കാൽ അറിയിച്ചെന്ന് സർവ്വകലാശാല വൈസ് ചാൻസലറും. എന്നാൽ ചെറിയ സമയത്തിനിടയിലുണ്ടാകുന്ന ആകസ്മികമായ പല ​സംഭവങ്ങളും തിക്കിലും തിരക്കിലുമുള്ള ഇത്തരം അപകടങ്ങൾക്ക് കാരണമായി മാറാം. അങ്ങനെ വിലയിരുത്തുമ്പോൾ പരാതിയായി ഉയർന്നുവന്ന പല പ്രശ്നങ്ങളും ഏറിയും കുറഞ്ഞും അപകടത്തിന് വഴിയൊരിക്കിയിരിക്കാം. അതുകൊണ്ടുതന്നെ ആരെയോ പഴിചാരുന്നതിന് വേണ്ടിയുള്ള അന്വേഷണങ്ങൾക്കപ്പുറം ഇത്തരം ദുരന്തങ്ങളെ കേരളത്തിന് എങ്ങനെ നേരിടാം എന്നതിൽ വ്യക്തതവരുത്തുകയാണ് വേണ്ടത്. ആൾക്കൂട്ടങ്ങൾ തടിച്ചുകൂടുന്ന പരിപാടികൾ അത്രയേറെ നടക്കുന്ന സ്ഥലമാണ് കേരളം. ആൾക്കൂട്ടം ആർത്തലച്ചുവരുന്ന പരമ്പരാ​ഗതമായ പൂരങ്ങൾ കൂടാതെ പുതിയ കാർണിവലുകളുടെ എണ്ണം ഓരോ വർഷം കൂടിവരുകയാണ്. സർക്കാർ പരിപാടികൾ പോലും കാർണിവൽ സ്വഭാവത്തിലേക്ക് മാറുന്ന കാലം. ഏറെ ജനസംഖ്യയുള്ള കേരളത്തിൽ ഇത്തരം ആഘോഷങ്ങൾക്കെല്ലാം ആൾക്കൂട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്. ആൾക്കൂട്ടത്തിന്റെ ആവേശം എന്നത് പലപ്പോഴും പരിസരം മറക്കാനുള്ള ഒരു ലഹരിപോലെയാണ് മനുഷ്യരിൽ പ്രവർത്തിക്കാറുള്ളത്. സംഘാടകർക്കോ സുരക്ഷാ ഉദ്യോ​ഗസ്ഥർക്കോ നിയന്ത്രിക്കാൻ കഴിയാത്തതരത്തിലുള്ള ശക്തിയിലേക്ക് അത് വഴിമാറാറുണ്ട്. ആൾക്കൂട്ടത്തിന്റെ ഭാ​ഗമാകുമ്പോൾ നമ്മൾ മറന്നുപോകുന്ന ആ പരിസരം തന്നെയാണ് പലപ്പോഴും അപകടങ്ങളുടെ കെണിയായിത്തീരുന്നത്. ലോകത്ത് ഏകദേശം രണ്ടായിരത്തോളം ആളുകൾ ഒരു വർഷം ഇത്തരത്തിലുള്ള അപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

അപകടം നടന്ന കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ആഡിറ്റോറിയം. കടപ്പാട്: സുപ്രഭാതം

തിക്കിലും തിരക്കിലും പെട്ടുള്ള അപകടങ്ങളിൽ ആന്തരിക രക്തസ്രാവവും ശ്വാസതടസ്സവുമാണ് മിക്കപ്പോഴും മരണകാരണമാകുന്നത്. എത്ര ആരോഗ്യമുള്ള ആളാണെങ്കിലും ആൾക്കൂട്ടത്തിനിടയിൽ ഞെരുങ്ങിപ്പോയാൽ രക്ഷപ്പെട്ട് പുറത്തുവരാൻ പ്രയാസമാണ്. വീണുപോകുന്നവർക്ക് ചവിട്ടേൽക്കുകയും വാരിയെല്ലുകൾ തകർന്ന് ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും തുളച്ചുകയറുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. വയറിന്റെ ഭാഗത്തേൽക്കുന്ന ചവിട്ടും ​ഗുരുതരമാണ്. കുടൽ, കരൾ, പ്ലീഹ, വൃക്ക തുടങ്ങിയ ആന്തരികാവയവങ്ങൾക്ക് അതിഗുരുതരമായ പരിക്കേൽക്കാം. ഇത്തരം പരിക്കുകൾമൂലം അതിശക്തമായ ആന്തരിക രക്തസ്രാവമുണ്ടാവുകയും അടിയന്തരചികിത്സ ലഭിച്ചില്ലെങ്കിൽ മിനിറ്റുകൾകൊണ്ട് മരണം സംഭവിക്കുകയും ചെയ്യാം. ഇത്തരം സന്ദർഭങ്ങളിൽ, പൊടുന്നനെയുണ്ടാകുന്ന പരിഭ്രാന്തിയായ പാനിക് അറ്റാക്ക് എന്ന അവസ്ഥ കാരണം തലകറക്കവും ശ്വാസംമുട്ടലും ബോധക്ഷയവും വരെ ഉണ്ടാവുകയും ആളുകൾ വീണുപോകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. ഇതും അപകടം രൂക്ഷമാക്കുന്നതായി ഡോക്ടർമാർ പറയുന്നു.

തിക്കിലും തിരക്കിലും പെട്ടിട്ടുള്ള മരണങ്ങൾ കേരളത്തിൽ ഇതാദ്യമായല്ല. രണ്ടായിരാമാണ്ടിന് ശേഷം തന്നെ മൂന്ന് പ്രധാന അപകടങ്ങളാണ് സമാനമായ രീതിയിൽ സംഭവിച്ചത്. 2007 ജനുവരിയിൽ ശബരിമല തീർത്ഥാടനത്തിന്റെ ഭാ​ഗമായെത്തിയ 2 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടത്. 2011 മകരജ്യോതി ദർശനം കഴിഞ്ഞ് പുല്ലുമേട്ടിൽ നിന്ന് മടങ്ങിയ ശബരിമല തീർത്ഥാടകാരിൽ 106 പേർ വള്ളക്കടവ് ഉപ്പുപാറയിൽ തിക്കിലും തിരക്കിലും പെട്ട് പേർ മരിച്ചിരുന്നു. ഈ വർഷം മാർച്ച് 31 ന് പാലക്കാട് കല്ലേക്കാട് ഉത്സവത്തിനിടെ ആന വിരണ്ടതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കുസാറ്റിൽ പൊതുദർശനത്തിനു വച്ചപ്പോൾ. കടപ്പാട്: മലയാളം കമ്മ്യൂണിറ്റി ന്യൂസ്

പുല്ലുമേട് അപകടത്തിന് ശേഷം നടന്ന ഒരു പഠനം ഇത്തരം മരണങ്ങളിൽ ഉണ്ടാകുന്ന ചില പൊതു സാമ്യതകൾ പങ്കുവെക്കുന്നുണ്ട്. തിക്കിലും തിരക്കിലുമുണ്ടാകുന്ന മരണങ്ങൾ ആൾക്കൂട്ട പെരുമാറ്റത്തിന്റെ ഏറ്റവും വിനാശകരമായ ഫലം കൂടിയാണ്. വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന പരിപാടിയിൽ ആളുകൾ ആൾക്കൂട്ടത്തിന്റേതായ പ്രത്യേക സ്വഭാവം പ്രകടിപ്പിക്കുന്നതായി കാണാം. ആൾക്കൂട്ടത്തിൽ പരിഭ്രാന്തിയുണ്ടാക്കുന്നതോ, വൈകാരികമായി ചലനമുണ്ടാക്കുന്നതോ ആയ സാഹചര്യങ്ങളിൽ, വ്യക്തികൾ മറ്റൊരാൾ ചെയ്യുന്നത് അനുകരിക്കാൻ ശ്രമിക്കുകയും, തിക്കുണ്ടാകുമ്പോൾ ബദൽ മാർഗങ്ങളോ സാധ്യതകളോ അവഗണിക്കുകയും ചെയ്യാനും സാധ്യതയുണ്ട്. ഇത് അപകടങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നു. ജനക്കൂട്ടത്തിൽ ആളുകൾ പിന്നിൽ നിന്ന് മുന്നിലേക്ക് തള്ളുന്ന സഹചര്യങ്ങളിൽ മുൻനിരയിൽ നിന്ന് പിന്നിലേക്ക് ആശയവിനിമയം സാധ്യമാകാറില്ല. ഇതിന്റെ ഫലമായി, പിന്നിൽ നിൽക്കുന്ന ആളുകൾ മുന്നിൽ നിൽക്കുന്നവരെ തള്ളി മുന്നോട്ട് പോകാൻ ശ്രമിക്കുകയും, മുന്നിൽ നിൽക്കുന്നവർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. പരിക്കേറ്റു വീഴുന്ന ആളുകൾ ആ ജനക്കൂട്ടത്തിന്റെ ചലനത്തിന് തടസ്സമാകുകയും കൂട്ടം പരിക്കേറ്റവരെ അവഗണിച്ച് നീങ്ങാൻ ശ്രമിക്കുകയും ചെയ്യും. ഇത് കൂടുതൽ പേർ മരണപ്പെടാൻ കാരണമാകുകയും ചെയ്യും.

ആൾക്കൂട്ടമുണ്ടാകുന്ന സ്ഥലത്ത് അപകടമുണ്ടാവാനുള്ള സാധ്യത വളരെക്കൂടുതലാ‌യതിനാൽ വേലികൾ കെട്ടിയും, കയറുപയോഗിച്ചും ചെറിയ ചെറിയ കണ്ണികളായി ജനക്കൂട്ടത്തെ തിരിക്കുന്ന രീതിയാണ് നിലവിൽ ആൾക്കൂട്ട നിയന്ത്രണത്തിനായി കേരളത്തിൽ ചെയ്തുവരുന്നത്. ഒരിടത്തുണ്ടാകുന്ന തിക്കും തിരക്കും അടുത്ത സ്ഥലത്തേക്ക് എത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ രീതി സ്വീകരിച്ചിട്ടുള്ളത്. ഒരു നിശ്ചിത സ്ഥലത്ത് എത്രയാളുകൾക്ക് സുരക്ഷിതമായി നിൽക്കാനാവും എന്നതിനെ കുറിച്ച് ഒരു മുൻധാരണ ഉണ്ടാക്കുകയും അതിനനുസരിച്ച് ആ സ്ഥലം പല തട്ടുകളായി തിരിക്കുകയും ചെയ്യും. തൃശൂർ പൂരം പോലെയുള്ള വലിയ ആൾക്കൂട്ട ആഘോഷങ്ങൾ കേരള പൊലീസ് അത്തരത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. എന്നാൽ അത്രയേറെ ആഘോഷം നടക്കുന്ന കേരളത്തിൽ ഇത് എല്ലാ സ്ഥലത്തും പൊലീസിന് മാത്രം സാധ്യമാകില്ല. അതുകൊണ്ടുതന്നെ ആൾക്കൂട്ട നിയന്ത്രണത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണകൾ ഓരോ സംഘാടകർക്കും നൽകേണ്ടത് കേരള ​ദുരന്ത നിവാരണ അതോറിറ്റിയുടെ ചുതലയായി മാറേണ്ടതുണ്ട്. ​ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ആൾക്കൂട്ട നിയന്ത്രണം എന്നത് പരി​ഗണിക്കപ്പെടുകയും അത്തരം പരിശീലനങ്ങൾ വിദ്യാർത്ഥികൾക്ക് അടക്കം നൽകുകയും വേണം. കാർണിവലുകളുടെ നാടായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തെ സംബന്ധിച്ച് പൊലീസിന് മാത്രമായി ചുമതലയേൽപ്പിച്ച് കൈയൊഴിയാൻ കഴിയുന്ന കാര്യമല്ല ആൾക്കൂട്ട നിയന്ത്രണം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 26, 2023 12:33 pm