Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“A star remains pinned on a wall in the public imagination.”
– Catherine Deneuve
ആധുനിക ലോകത്ത് രാഷ്ട്രീയത്തെ ഏറ്റവും ശക്തമായി ദൃശ്യവൽക്കരിക്കുന്ന കലാരൂപങ്ങളിലൊന്നാണ് തെരുവ് കല. ഈ കലാരൂപത്തെ ആഗോള രാഷ്ട്രീയ ഭാഷയാക്കി മാറ്റിയ അപൂർവ വ്യക്തിത്വമാണ് ബാങ്ക്സി. അജ്ഞാതനായി ഇന്നും തുടരുന്ന ബാങ്ക്സിയുടെ പേരും ഊരും അറിയാത്തവർക്കുപോലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പരിചിതമാകും. അധികാരത്തിന്റെയും ഭരണകൂടത്തിന്റെയും നിയന്ത്രണത്തിന് പുറത്താണ് അദ്ദേഹത്തിന്റെ കല നിലകൊള്ളുന്നത് എന്നതാണ് ബാങ്ക്സിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ടതാക്കുന്നത്.
പലസ്തീന്‍ പ്രതിരോധത്തെ ഏറ്റവും എസ്തറ്റിക്കലായി അവതരിപ്പിച്ച കലാകാരിൽ മുൻനിരയിലാണ് ബാങ്ക്സി. അവസാനമായി ബാങ്ക്സി ലോകശ്രദ്ധയാകർഷിക്കുന്നത് ലണ്ടനിലെ റോയൽ കോർട്സ് ഓഫ് ജസ്റ്റിസ് കോംപ്ലക്സിൽ അദ്ദേഹം വരച്ച ചിത്രം കാരണം ഉടലെടുത്ത പ്രശ്നങ്ങളോടെയായിരുന്നു. പക്ഷേ, ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഓർമ്മിക്കാൻ കാരണം ഉപരിസൂചിത വാക്യമാണ്. ബാങ്ക്‌സിയുടെ ജീവിതത്തിൽ കാണാൻ കഴിയുന്നത് ആ വാക്കുകളുടെ പ്രായോഗിക തലമാണ്.


പലസ്തീനുവേണ്ടി തെരുവിലിറങ്ങിയ, ഏകദേശം 900 ആക്ടിവിസ്റ്റുകളെ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു ആദ്യം സൂചിപ്പിച്ച ചിത്രം. പരമ്പരാഗത ബ്രിട്ടീഷ് ജഡ്ജിന്റെ വേഷത്തിലുള്ള ഒരാൾ തന്റെ ചുറ്റിക കൊണ്ട് പ്രതിഷേധക്കാരുടെ തലകളിലേക്ക് അടിക്കുന്നതാണ് ചിത്രത്തിലെ പ്രധാന ദൃശ്യഭാഷ. ചുവപ്പിന്റെ സൂക്ഷ്മ ഉപയോഗം ഭരണകൂട അക്രമത്തിന്റെ അടയാളമായി ചിത്രത്തിൽ കാണാം. ഉദ്യോഗസ്ഥർ അധികം വൈകാതെ തന്നെ ഈ ചിത്രം മായ്ച്ചുകളഞ്ഞു.


എങ്കിലും, മായ്ച്ചുകളഞ്ഞ ചിത്രത്തിന്റെ ആകൃതിയിൽ ഭിത്തിയിൽ അവശേഷിച്ച നിഴൽരൂപം (silhouette) പുതിയൊരു അർത്ഥതലം തുറന്നു. ഭരണകൂട ഭീകരതയും അതിനെ മൂടിവയ്ക്കാനുള്ള സെൻസർഷിപ്പും ഒരേ സമയം പ്രതിനിധീകരിക്കുന്ന ചിഹ്നമായി ആ ശൂന്യത സോഷ്യൽ മീഡിയയിലും കലാസർക്കിളുകളിലും ചർച്ചയായി. മായ്ച്ചുകളഞ്ഞത് അങ്ങനെ മറ്റൊരു കലാസൃഷ്ടിയായി മാറി. കലാകാരനും അധികാരവും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിന്ന് ജനിച്ച ഒരു ഇന്ററാക്ടീവ് ആർട്ട് അനുഭവം.
ബാങ്ക്സിയുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇന്നും അജ്ഞാതമാണ്. ചുവരിൽ മാത്രമേ അദ്ദേഹത്തെ കാണാൻ പറ്റൂ. ഇതും കൂടി ആയാൽ ഡെന്യുവിന്റെ വാക്കിൽ നിന്ന് അദ്ദേഹത്തെ കണ്ടെത്തിയതിൽ തെറ്റില്ലെന്ന് നിങ്ങൾ തന്നെ പറയും. കാരണം, അദ്ദേഹം കലാകാരനാണ്. ചുമരിലാണ് വരക്കുന്നത്. ചുമരിൽ തന്നെയാണ് ജീവിക്കുന്നത്. അദ്ദേഹത്തെ കുറിച്ചുള്ള ബാക്കി വിവരങ്ങൾ അലഭ്യവും!. എന്തായാലും, ബ്രിസ്റ്റോളിൽ നിന്നാണ് അദ്ദേഹം കലാജീവിതം ആരംഭിച്ചത്. തന്റെ യഥാർത്ഥ പേര്, രൂപം, വ്യക്തിഗത ജീവിതം എന്നിവ മറച്ചുവെച്ച് അദ്ദേഹം തെരുവിനെ തന്റെ കാൻവാസാക്കി. ഈ അജ്ഞാതമായി തുടരൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. വ്യക്തിയെക്കാൾ ആശയത്തിന് മുൻഗണന നൽകുന്ന സമീപനം.
2000കളുടെ തുടക്കത്തിൽ തന്നെ പലസ്തീനുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കലകൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. വെസ്റ്റ് ബാങ്കിലെ ‘വേർതിരിവ്’ മതിലിൽ വരച്ച ചിത്രങ്ങൾ ഇതിൽ പ്രധാനമാണ്. മതിലിന്മേൽ തുറന്നിരിക്കുന്ന കൽപ്പിത ജനലുകൾ, സമാധാനത്തിന്റെ ചിഹ്നങ്ങളുമായി കളിക്കുന്ന കുട്ടികൾ, ആയുധധാരിയായ സൈനികരെ നേരിടുന്ന പൂക്കൾ തുടങ്ങിയ അദ്ദേഹത്തിന്റെ ദൃശ്യ ഭാഷകൾ അധിനിവേശത്തിന്റെ ക്രൂരതയെ അതിശയകരമായി സാവധാനത്തോടെ അവതരിപ്പിച്ചു. മതിൽ ഒരു രാഷ്ട്രീയ ഘടനയല്ലാതെ ഒരു ആശയമായി മാറുന്നു അതിനെ ചോദ്യം ചെയ്യുന്ന കലയുടെ ഇടപെടൽ തീർത്തും വിചിത്രവും.
കലാസ്ഥാപനങ്ങളോടും വിപണിയോടും ബാങ്ക്സി പുലർത്തുന്ന നിലപാടും ശ്രദ്ധേയമാണ്. ലേലശാലയിൽ വിൽക്കപ്പെട്ട തന്റെ ഒരു ചിത്രം സ്വയം കീറി നശിപ്പിച്ച സംഭവം കലയുടെ കമോഡിഫിക്കേഷനോട് ഉള്ള അദ്ദേഹത്തിന്റെ വിമർശനമായിരുന്നു. കല പ്രതിഷേധത്തിന്റെ ഭാഷയായിരിക്കണം എന്നതാണ് ബാങ്ക്സിയുടെ അടിസ്ഥാന വിശ്വാസം. അതുപോലെതന്നെ, പലസ്തീൻ വിഷയത്തിൽ ബാങ്ക്സി സ്വീകരിക്കുന്ന നിലപാട് മാനവികതയുടെ തലത്തിലാണ്. അത് ഒരു പ്രത്യേക ദേശീയതയിലോ മതത്തിലോ ഒതുങ്ങുന്നില്ല. അധിനിവേശവും അധികാരവുമാണ് അദ്ദേഹത്തിന്റെ കലയിൽ പ്രതിസ്ഥാനത്ത്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ ചിത്രങ്ങൾ ലണ്ടനിൽ നിന്ന് ഗസ്സയിലേക്കും, മതിലുകളിൽ നിന്ന് സോഷ്യൽ മീഡിയയിലേക്കും, അതുവഴി ലോകമെമ്പാടും സഞ്ചരിക്കുന്നുണ്ട്.
ബാങ്ക്സിയുടെ കലയിൽ ഹിംസ നേരിട്ട് മഹത്വവൽക്കരിക്കപ്പെടുന്നില്ല. പക്ഷേ, അധികാരത്തിന്റെ ന്യായീകരണങ്ങളാണ് വിച്ഛേദിക്കപ്പെടുന്നത്. നിയമം, കോടതി, പോലീസ്, സൈന്യം തുടങ്ങിയ ഘടനകൾ അദ്ദേഹത്തിന്റെ കലയിൽ പലപ്പോഴും പരിഹാസത്തിന്റെ കേന്ദ്രങ്ങളാകുന്നു. ഈ പരിഹാസമാണ് ബാങ്ക്സിയുടെ ഏറ്റവും ശക്തമായ ആയുധം. ചിരിപ്പിക്കുന്ന ദൃശ്യങ്ങൾക്കുള്ളിൽ അസ്വസ്ഥത നിറച്ച ഒരു രാഷ്ട്രീയ തന്ത്രം.


ബാങ്ക്സിയുടെ ഒരു നിമിഷം
ഗ്രാഫിറ്റിയാൽ പൊതിഞ്ഞിരിക്കുന്ന വെസ്റ്റ് ബാങ്ക് ബാരിയർ ബത്ലഹേം പട്ടണത്തെ ഇസ്രായേലിന്റെ ശേഷിപ്പുകളിൽ നിന്ന് വേർതിരിച്ച് നിര്‍ത്തുന്നുണ്ട്. 2003-ൽ ശക്തമായ ആഗോള വിവാദങ്ങൾക്കിടയിൽ പൂർത്തിയാക്കിയ ഈ മതിൽ സാധാരണയായി സെപ്പറേഷൻ വാൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2005-ൽ ബാങ്ക്സി ആദ്യമായി ഈ മതിലിൽ വരച്ചപ്പോൾ, ബക്കറ്റും സ്പേഡും കൈവശം വച്ച രണ്ട് ചെറിയ കുട്ടികൾ മതിലിലെ വിള്ളലിന് അരികിൽ ഇരിക്കുന്നതും ആ വിള്ളലിലൂടെ മനോഹരമായ മണൽത്തീരം കാണുന്നതുമായ ആ ചിത്രം ലോകമെമ്പാടും വൈറലായി. മതിലിൽ ആദ്യമായി വരച്ച സമയത്തെ ഒരു അനുഭവം ബാങ്ക്സി പറയുന്നുണ്ട്: ഒരു തദ്ദേശീയൻ “നീ ഇതിനെ വളരെ സുന്ദരമാക്കി” എന്ന് പറഞ്ഞതിന് പിന്നാലെ “പക്ഷേ ഞങ്ങൾക്ക് ഇത് സുന്ദരമാകുന്നത് വേണ്ട, ഞങ്ങൾ ഈ മതിലിനെ വെറുക്കുന്നു; നീ വീട്ടിലേക്ക് പോ” എന്നും പറഞ്ഞു. ബാങ്ക്സി മടങ്ങിപ്പോയി. എന്നാൽ 2007-ൽ വീണ്ടും തിരികെ വന്നു. പ്രാദേശികവും അന്താരാഷ്ട്രവുമായ നിരവധി കലാകാരരോടൊപ്പമായിരുന്നു ഈ വരവ്. അന്ന് മുതൽ മതിൽ ഒരു ക്യാൻവസായി മാറി; കോൺക്രീറ്റ് മുഖം മറ്റൊരു തിരിച്ചറിവ് കൈവരിച്ചു; ഭീഷണിയുടെ പാളികൾ പതുക്കെ സ്പ്രേ പെയിന്റിനാൽ മറഞ്ഞു. ബെത്ലഹേമിലെ വെസ്റ്റ് ബാങ്ക് ബാരിയറിൽ കാണുന്ന ഹെലികോപ്റ്റർ ചിത്രം ബാങ്ക്സിയുടെ ചിത്രങ്ങളിൽ ഒന്നാണെങ്കിലും, അത് അദ്ദേഹമാണെന്ന് ഉറപ്പില്ല. ഇന്ന് ഈ സ്ഥലം ‘ദി വാൾഡ് ഓഫ് ഹോട്ടൽ’ (The Walled Off Hotel) എന്നാണ് അറിയപ്പെടുന്നത്. 2005-ൽ ബാങ്ക്സി ആദ്യമായി കണ്ടുമുട്ടിയ തദ്ദേശീയനായ വിസാം സൽസയുമായുള്ള സഹകരണത്തിലൂടെയാണ് ഇത് രൂപംകൊണ്ടത്. മതിൽ ഇന്ന് മുകളിലെ അറ്റങ്ങൾ ഒഴികെ എല്ലായിടത്തും ഗ്രാഫിറ്റിയാൽ മൂടപ്പെട്ടിരിക്കുന്നു; ഒരിക്കൽ പലസ്തീൻ പ്രദേശങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന വാച്ച് ടവറുകൾ ഇപ്പോൾ പഴയത്ര ഭീഷണിയുള്ളവയല്ല. ലോകമെമ്പാടുമുള്ള കലാകാരന്മാർ ഇവിടെ വരയ്ക്കാൻ എത്തുന്നുണ്ട്; ഹോട്ടലിനരികിലെ പെയിന്റ് സ്റ്റോർ അവരെ സഹായിക്കുന്നുമുണ്ട്; ഹോട്ടലിന്റെ ഇരുവശത്തിലൂടെയും കലയൊഴുകി ദൂരത്തേക്ക് നീളുന്നു.


2017-ൽ ബാൽഫോർ പ്രഖ്യാപനത്തിന്റെ നൂറാം വാർഷികത്തെ ഐറോണിയായി ഓർമ്മിപ്പിക്കുന്ന ബാങ്ക്സിയുടെ “Er… Sorry!” എന്ന ചിത്രം മതിലിലുണ്ട്; രണ്ട് ചെറു ഉറുമ്പുകൾ മതിൽ തുറക്കാൻ ശ്രമിക്കുന്നതും, ആരാധകർ പുനഃസൃഷ്ടിച്ച ഫ്ലവർ ത്രോവർ ചിത്രവും സമീപത്ത് കാണാം. അസൽ ചിത്രം പട്ടണത്തിനടുത്തുള്ള ഒരു കാർ വാഷിന്റെ ചുവരിലാണെന്നതും അതുതന്നെ ഒരു ടൂറിസ്റ്റ് ആകർഷണമാണെന്നതും അത്ഭുതമാണ്.
ഇറ്റാലിയൻ കലാകാരന്മാരായ ജോറിറ്റ് ആഗോച്ചും സാൽവറ്റോറെ ഡി ലൂയിസും, ഇസ്രായേലി സൈനികനെ തല്ലിയതിന് തടവിലായ ശേഷം പലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായ അഹേദ് തമിമിയുടെ വൻ മ്യൂറൽ വരച്ചതിനാൽ വാൻഡലിസം ആരോപിച്ച് അറസ്റ്റിലായി; അവരുടെ വിസകൾ റദ്ദാക്കി, രാജ്യം വിടാൻ ഉത്തരവിട്ടു, പത്ത് വർഷത്തേക്ക് ഇസ്രായേലിലേക്കുള്ള പ്രവേശനം നിരോധിച്ചു. മറ്റിടങ്ങളിൽ, ഗസ്സയിലെ പ്രതിഷേധത്തിനിടെ ഇസ്രായേലി സ്നൈപ്പർ വെടിവെച്ചുകൊന്ന പാരാമെഡിക് നഴ്സ് റസാൻ അൽ നജ്ജാറിനെ ആശുപത്രി യൂണിഫോമിൽ പുഞ്ചിരിയോടെ കാണിക്കുന്ന ചിത്രം (ടാക്കി സ്പാറ്റീൻ), വിമാന അപഹരണത്തിൽ പങ്കെടുത്ത PFLP അംഗമായ ലെയ്‌ല ഖാലിദിനെ ആക്രമണായുധവുമായി കാണിക്കുന്ന പഴയ മ്യൂറൽ എന്നിവ—പലസ്തീൻ ‘വീരർ’ എന്ന നിലയിൽ വ്യത്യസ്തമായി വായിക്കപ്പെടുന്ന രണ്ട് ഉദാഹരണങ്ങൾ—കാണാം. ഓസ്ട്രേലിയൻ കലാകാരൻ ലഷ് സക്സിന്റെ വലിയ സാറ്റയറിക്കൽ ചിത്രങ്ങൾ —ഡോണൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു എന്നിവരെ ലക്ഷ്യമാക്കി—എവിടെയും കാണാം; Rick & Morty കാർട്ടൂണുകളും ഒരു വാച്ച് ടവർ ‘പിക്കൽ’ ആയി മാറ്റിയതും ശ്രദ്ധേയമാണ്. അത് വരയ്ക്കുമ്പോൾ ഒരു ഗാർഡ് ടവറിന്റെ ജനലിൽ നിന്ന് തന്നെ മൂത്രമൊഴിച്ചതായി പറയുന്നുണ്ട്. Cake Stencils എന്ന സ്റ്റെൻസിൽ കലാകാരന്റെ കറുപ്പ്-വെളുപ്പ് സിലൂവറ്റുകൾ മതിലിന്റെ പശ്ചാത്തലത്തിൽ ജീവിതദൃശ്യങ്ങൾ വരക്കുന്നു. മറ്റൊരു പലസ്തീൻ കലാകാരനായ ടാക്കി സ്പാറ്റീൻ മതിലിൽ വരച്ച ചെറിയ വാതിലിലൂടെ മറുവശത്തേക്ക് നോക്കുന്ന ആലിസിനെ ‘Palestinians in Wonderland’ എന്ന എഴുത്തോടെ ചിത്രീകരിക്കുന്നു. ലിവർപൂളിലെ Secret Society of Super Villain Artists സംഘത്തിന്റെ ‘Palestine Division’ ലോഗോയും കാണാം. മതിലിനടുത്തായി, ബെത്ലഹേമിലേക്കുള്ള റോഡരികിൽ, ഫ്ലാക്ക് ജാക്കറ്റ് ധരിച്ച ബാങ്ക്സിയുടെ പ്രശസ്തമായ Dove of Peace ‘Welcome to Palestine’ ബോർഡിനരികിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നു.


മതിൽ ഇന്നും വിവാദമാണ്; ചിലർക്ക് ഇതിന് ഒരു ശ്രദ്ധയും വേണ്ട. ബാങ്ക്സിയോട് ‘ഞങ്ങൾ ഈ മതിലിനെ വെറുക്കുന്നു’ എന്ന് പറഞ്ഞ ആ വയോധികന്റെ വാക്കുകൾ അതിന് സാക്ഷിയാണ്. എങ്കിലും സന്ദർശകർ—രാത്രി താമസിക്കുന്നവരോ ദിവസയാത്രക്കാരരോ—ഈ ബാരിയറിനെ കുറിച്ച് കുറച്ചെങ്കിലും അറിവ് കൈവശം കൊണ്ടുപോകുന്നു; അതിനാലാണ് ബാങ്ക്സി ഹോട്ടലിൽ ഇത്ര നിക്ഷേപിച്ചത്. ഗ്രാഫിറ്റിയാണ് ആകർഷണമെങ്കിലും, ലക്ഷ്യം പഠനവും അനുഭവവുമാണ്; കഥകളിലൂടെ മറുവശത്തേക്ക് കൊണ്ടുപോകുക എന്നതാണ്. ബെത്ലഹേം, വെസ്റ്റ് ബാങ്ക് ബാരിയർ, വാൾഡ് ഓഫ് ഹോട്ടൽ എന്നിവ 2019 ജനുവരി 2-3 തീയതികളിലാണ് സന്ദർശിച്ചത്; ബെത്ലഹേമിലെ മാൻജർ സ്ക്വയറിലെ സ്റ്റാർ ബി കോഫിയിലെ ലൈത്ത് സുബെഹ് നൽകിയ മാർഗ്ഗനിർദേശത്തിനും നന്ദി.
***
ബാങ്ക്‌സിയെക്കുറിച്ച് മുമ്പൊരിക്കൽ കേട്ട കഥയാണിത്. എന്തൊരു മനുഷ്യൻ, സത്യം പറഞ്ഞാൽ ഒരു ഇല്ലുമിനാറ്റി, ചുറ്റും ജീവിക്കുന്ന പോലെ, എല്ലാ കാര്യങ്ങളിലും പ്രത്യേകിച്ച്, രാഷ്ട്രീയത്തിൽ ഇടപ്പെട്ട് രക്ഷപ്പെടുന്നു. നീതിക്ക് വേണ്ടി ഒരു നിമിഷം പോരാടുന്നു, വീണ്ടും അപ്രതക്ഷ്യമാകുന്നു!
വീണ്ടും കാര്യത്തിലോട്ട് തന്നെ വരാം. ബാങ്ക്സിയുടെ ജീവിതവും കലാപ്രവർത്തനങ്ങളും സമകാലിക അധികാരഘടനകളോടുള്ള സ്ഥിരമായ സംഘർഷത്തിന്റെ രേഖകളായി വായിക്കാവുന്നതാണ്. സ്വന്തം തിരിച്ചറിയൽ മറച്ചുവെച്ച് തെരുവിനെ തന്നെ പ്രദർശനശാലയാക്കി മാറ്റുന്ന അദ്ദേഹത്തിന്റെ സമീപനം, കലയും സ്ഥാപനവൽക്കരണവും തമ്മിലുള്ള അതിരുകൾ ദ്രവ്യമാക്കുന്നു. ഗാലറിയിൽ അല്ല, പൊതുസ്ഥലത്ത്, ആവർത്തന സാധ്യതയുള്ള ഒരു ചിത്രത്തിലാണ് ബാങ്ക്സിയുടെ രചനകൾക്ക് രാഷ്ട്രീയ ഊർജ്ജം ലഭിക്കുന്നത്. ഫൂക്കോയുടെ അധികാര–ശിക്ഷാ സങ്കൽപ്പങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ, മതിലുകൾ, ക്യാമറകൾ, പൊലീസ്, കോടതി തുടങ്ങിയ ഭരണകൂട ചിഹ്നങ്ങൾ ബാങ്ക്സിയുടെ കലയിൽ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നുണ്ടെന്നത് മറ്റൊരു സവിശേഷതയാണ്. അവയുടെ ഗൗരവം പരിഹാസത്തിലൂടെയാണ് നമ്മൾ വീക്ഷിക്കുന്നത്. ആരാണ് സംസാരിക്കാൻ അർഹർ, എന്താണ് ദൃശ്യമാകുന്നത്, എന്താണ് മറച്ചുവെക്കപ്പെടുന്നത് എന്ന ചോദ്യങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉയർത്തുന്നത്.


പൊതുസമൂഹത്തിന്റെ ശ്രദ്ധ ഏറ്റവും ആവശ്യമായ സമയങ്ങളിലാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ പലപ്പോഴും ഉണ്ടാവുന്നതും. 2025 സെപ്റ്റംബർ 8ന് ലണ്ടനിലെ റോയൽ കോർട്ട്സ് ഓഫ് ജസ്റ്റിസ് മതിലിൽ അദ്ദേഹം വരച്ച മ്യൂറലിന്റെ കാര്യം തന്നെ നോക്കിയാൽ അത് വ്യക്തമാകും. പ്രോ–പലസ്തീൻ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റുകളും കോടതി വിധികളും നടന്നതിന് പിന്നാലെയായിരുന്നു ഇത്. അതിനാൽ തന്നെ നീതിയും അധികാരവും പ്രതിഷേധവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശക്തമായ വിമർശനമായാണ് പലരും ഇതിനെ വായിച്ചത്, എങ്കിലും ബാങ്ക്സി നേരിട്ട് ഒന്നും പറഞ്ഞില്ല. ഇതിന് മുമ്പ് 2024ൽ ഗ്ലാസ്റ്റൻബറി ഫെസ്റ്റിവലിൽ, അഭയാർഥി പ്രതിസന്ധിയെ സൂചിപ്പിച്ച് ജീവൻരക്ഷാ ജാക്കറ്റുകളണിഞ്ഞ മനുഷ്യരൂപങ്ങൾ നിറച്ച ഒരു ബോട്ടിനെ ജനക്കൂട്ടത്തിലേക്ക് അയച്ചതുപോലെ, സ്ഥിരം ചിത്രങ്ങളിൽ നിന്ന് പങ്കാളിത്തപരമായ ഇടപെടലുകളിലേക്കാണ് അദ്ദേഹത്തിന്റെ സമീപകാല പ്രവർത്തനങ്ങൾ മാറുന്നത്. കരിയർ മുഴുവൻ യുദ്ധവിരുദ്ധ നിലപാടാണ് ബാങ്ക്സിയുടെ കലാ കേന്ദ്രം; CND Soldiers, Napalm, Happy Choppers തുടങ്ങിയ ചിത്രങ്ങളിൽ സമാധാന ചിഹ്നങ്ങളും കുട്ടികളുടെ പ്രതീകങ്ങളും ക്രൂര യുദ്ധദൃശ്യങ്ങളോട് കൂട്ടിച്ചേർത്ത് അദ്ദേഹം ശക്തമായ സന്ദേശം നൽകുന്നു.
ഇനിയും അദ്ദേഹത്തിന്റെ സന്ദേശം ഉണ്ടാകട്ടെ! തുടങ്ങിയിടത്ത് നിന്നു തന്നെ അവസാനിപ്പിക്കാം. ഡെന്യുവിന്റെ വാക്ക് എത്രെ സത്യമാണ്.

