പി നാരായണ മേനോന് ആദരാഞ്ജലികൾ. വാക്ക്, പാഠഭേദം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപക പ്രവർത്തകനായിരുന്ന പി നാരായണ മേനോൻ കേരളത്തിൽ നവസാമൂഹിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. തൃശൂർ കേരളവർമ്മ കോളേജിലെ മലയാളം വിഭാഗം അധ്യാപകനായിരുന്ന മാഷ് പാഠപുസ്തക കമ്മിറ്റികളിലും അധ്യാപകർക്കുവേണ്ടിയുള്ള റിഫ്രഷർ കോഴ്സുകളിലും സ്ഥിരം സാന്നിധ്യമായിരുന്നു. പാഠഭേദം മാസികയിലും ‘പാഠഭേദങ്ങളുടെ പ്രൊഫസര്‍’ എന്ന പുസ്തകത്തിലും പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഭാഷയെക്കുറിച്ചുള്ള ഒരു ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.
ഈ വിഷയം എന്റെ മനസ്സിൽ കടന്നുകൂടിയിട്ട് അരനൂറ്റാണ്ടിലേറെ ആയിരിക്കുന്നു. സെക്കൻഡ് ഫോറത്തിൽ (ഇന്നത്തെ ഏഴാം ക്ലാസ്) പഠിക്കുന്ന കാലത്ത് പാഠപുസ്തകത്തിൽ ‘ശിപായിലഹള’ എന്നൊരു പാഠമുണ്ടായിരുന്നു. ഇന്ത്യ അന്ന് സ്വതന്ത്രമായിരുന്നില്ല. ബ്രിട്ടീഷുകാരുടെ ഭരണകാലമായിരുന്നു. 1857ൽ പട്ടാളത്തിലെ ഏറ്റവും താഴെതട്ടിലുള്ളവരായ ശിപായികൾ ഒരു ലഹളയുണ്ടാക്കുകയും ബ്രിട്ടീഷ് ഭരണകൂടം അത് അടിച്ചൊതുക്കുകയും ചെയ്തു എന്നൊക്കെയാണ് അന്ന് ആ പാഠത്തിൽ പഠിപ്പിച്ചിരുന്നത്. ഇന്നത്തെ പോലെത്തന്നെ പാഠപുസ്തകങ്ങളിൽ ഉള്ളതെല്ലാം സത്യമാണെന്ന് കരുതിയാണ് അന്ന് പഠിച്ചിരുന്നത്.
പിന്നീട് ഏഴെട്ടു വർഷത്തിനു ശേഷം എനിക്ക് ഒരു യു.പി സ്കൂളിൽ അധ്യാപകനായി ജോലി കിട്ടി. അധ്യാപകർക്ക് ഏഴാം ക്ലാസുവരെ എല്ലാ വിഷയവും പഠിപ്പിക്കാനുള്ള ചുമതലയാണ് അന്നുണ്ടായിരുന്നത്. ആറാം ക്ലാസിൽ സാമൂഹ്യപാഠം പഠിപ്പിക്കാനുള്ള ചുമതല എന്നിൽ വന്നുചേർന്നു. അതിൽ ‘ഒന്നാം സ്വാതന്ത്ര്യസമരം’ എന്നൊരു പാഠമുണ്ടാ യിരുന്നു. 1857ൽ ത്സാൻസി റാണി, താന്തിയാതോപ്പി എന്നിവരുടെ നേതൃത്വത്തിൽ മുഗൾ പരമ്പരയിൽപെട്ട ബഹദൂർഷായെ ദൽഹി സിംഹാസനത്തിൽ അവരോധിച്ചുകൊണ്ട്, ബ്രിട്ടീഷുകാർക്കെതിരെ ഒന്നാംസ്വാതന്ത്ര്യസമരമായാണ് മേൽപ്പറഞ്ഞ ശിപായിലഹള ഒരു എനിക്ക് പഠിപ്പിക്കേണ്ടിവന്നത്. ഇതെന്നിൽ വല്ലാത്ത ആശയക്കുഴപ്പമുണ്ടാക്കി. പഠിച്ചതൊന്ന്, പഠിപ്പിക്കുന്നത് വേറെയൊന്ന്. ഇതിലേതാണ് സത്യം എന്ന ചിന്ത മനസ്സിൽ കടന്നുകൂടി. അതിൽ നിന്നാണ് തോറ്റവരുടെ ചരിത്രം എന്ന പരികൽപ്പന പതുക്കെപ്പതുക്കെ മനസ്സിൽ രൂപമെടുക്കുന്നത്.
ഓരോ കാലത്തും ജയിച്ചുവരുന്ന ശക്തികളാണ് ചരിത്രം നിർമ്മിക്കുന്നത്. അതിൽ തോറ്റവരെയൊക്കെ നീചന്മാർ, നിന്ദ്യന്മാർ, അവരത് അർഹിക്കുന്നത് എന്ന മട്ടിൽ അവതരിപ്പിക്കുകയാണ്. ജയിച്ചവരുടെ ഭാഗത്തുള്ള പരമയോഗ്യന്മാരാണെന്ന മട്ടിലാണ് അവതരണം. ഇതാണ് നാം കാണുന്ന ഗ്രന്ഥങ്ങളിൽ പൊതുവെയുള്ളത്. അങ്ങനെ വരുമ്പോൾ ചരിത്രം ജയിച്ചവരുടെ ചരിത്രം മാത്രമായി മാറുന്നു, തോറ്റവരുടേതല്ല. തോറ്റവരുടെ ചരിത്രത്തിന് രേഖകളില്ലെന്നും രേഖകൾ വച്ചു മാത്രമേ ചരിത്രനിർമ്മിതി സാധ്യമാകൂ എന്നുമാണ് ചരിത്രകാരന്മാരുടെ നിലപാട്. തോറ്റവരെ സംബന്ധിച്ച് എന്തു തെളിവാണ് നമുക്ക് കിട്ടാനുള്ളത്? പക്ഷേ, വസ്തുനിഷ്ഠമായി പരിശോധിക്കുമ്പോൾ സത്യം ഇതിനിടയിൽ എവിടെയോ ആണെന്ന തോന്നലാണ് ഉണ്ടാകുന്നത്. 1857ലേത് ഒന്നാം സ്വാതന്ത്ര്യസമരമമായിരുന്നോ, അതോ കേവലമൊരു ‘ശിപായിലഹള’ ആയിരുന്നോ എന്നു തീർത്തുപറയാൻ പറ്റില്ല. കാരണം സത്യം ഇതിനിടയിലാണ്.
എന്റെ വിശകലനത്തിൽ സത്യം ഇതുരണ്ടുമായിരുന്നില്ല. 1854 ലാണെന്ന് തോന്നുന്നു, ഇന്ത്യൻ പീനൽകോഡ് നടപ്പിലാക്കുന്നത്. അതിനു മുമ്പുള്ള ശിക്ഷാനിയമം ജാതിവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഉയർന്ന ജാതിയിൽപ്പട്ടവർക്ക് എന്തു കുറ്റം ചെയ്താലും ഒരു ചെറിയ ശിക്ഷയും താഴേക്കിടയിലുള്ളവർക്ക് നിസ്സാര കുറ്റത്തിനു പോലും വളരെ ക്രൂരമായ ശിക്ഷയും അതുവരെ പതിവായിരുന്നു. അത്തരമൊരവസ്ഥയിലാണ് നിയമത്തിന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്ന് (യഥാർഥത്തിൽ അങ്ങനെയല്ലെങ്കിലും) എഴുതിവച്ചിട്ടുള്ള ഇന്ത്യൻ പീനൽ കോഡ് ഇവിടെ നടപ്പിലാവുന്നത്. ഇതേ ഏറ്റവുമധികം അലോസരപ്പെടുത്തിയത് നിലവിലിരുന്ന നിയമത്തിന്റെ ആനുകൂല്യം അനുഭവിച്ചിരുന്ന ജനവിഭാഗത്തെയായിരുന്നു. അക്കാലത്ത് അധികാരം കൈയാളിയിരുന്ന ഫ്യൂഡൽ വ്യവസ്ഥയിലെ നാടുവാഴികളായി അക്കൂട്ടർ. അവർക്കുണ്ടായിരുന്ന പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് പെട്ടെന്ന് ഇല്ലാതായത്. ഈ യാഥാർഥ്യം ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞില്ല. അധികാരം നഷ്ടപ്പെട്ടവർ ബഹദൂർഷാ, ത്സാൻസി റാണി, താന്തിയാതോപ്പി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഫ്യൂഡൽ ശക്തികളുടെ തിരിച്ചുവരവിനുള്ളൊരു ശ്രമം മാത്രമായിരുന്നു. അതെന്നാണ് എന്റെ നിഗമനം. അതൊരിക്കലും ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യസമരമല്ല.
ഈയൊരു കാഴ്ചപ്പാടിൽ മറ്റ് പല ചരിത്രവസ്തുതകളും വിശകലനം ചെയ്യാൻ ശ്രമിക്കുകയുണ്ടായി. അക്കൂട്ടത്തിൽ ശ്രദ്ധയാകർഷിച്ചതാണ് ‘കുണ്ടറ വിളംബരം’. ചരിത്രപുസ്തകങ്ങളിലെല്ലാം വളരെ പ്രാധാന്യം കൽപ്പിച്ചിട്ടുള്ളതാണ് വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം. ബ്രിട്ടീഷ് ശക്തിക്കെതിരെ പടവെട്ടി വീര രക്തസാക്ഷിത്വം വരിച്ചവനായി വേലുത്തമ്പിയെ ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ ഇത്രമാത്രം പ്രസിദ്ധി കേട്ട കുണ്ടറ വിളംബരം ആരും തന്നെ കണ്ടിട്ടില്ല. പലരോടും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്തുകൊണ്ടാണിത് ചരിത്രപുസ്തകങ്ങളിലൊന്നും തന്നെ ചേർക്കാത്തത്? വളരെ കഷ്ടപ്പെട്ടതിനുശേഷം ഒരിക്കൽ തിരുവനന്തപുരത്തു വച്ച് വിളംബരം കാണുന്നതിനും വായിക്കുന്നതിനുമുള്ള അവസരം ലഭിക്കുകയുണ്ടായി. പകർപ്പെടുക്കാനുള്ള സൗകര്യങ്ങൾ അക്കാലത്ത് ഇല്ലാതിരുന്നതു മൂലം അതു സാധിച്ചില്ല.
ബ്രിട്ടീഷുകാരെ തുരത്തിയില്ലെങ്കിൽ നമ്മുടെ രാജാവിന്റെ ഭരണാധികാരം നഷ്ടപ്പെടുമെന്നും അങ്ങനെ വന്നാൽ ഇന്ന് നാമനുഭവിക്കുന്ന പല സൗഭാഗ്യങ്ങളും ഇല്ലാതാകുമെന്നുമുള്ള മുന്നറിയിപ്പാണ് അതിൽ കാണാൻ കഴിഞ്ഞത്. ‘ഗോബ്രഹ്മണഹിത’മനുസരിച്ച് ഭരിക്കുന്ന രാജാവ് എന്ന വാക്ക് തന്നെ അതിൽ ഉപയോഗിച്ചിരിക്കുന്നു. പുതിയൊരു രാജാവ് ഭരണാധികാരമേൽക്കാനായി അരിയിട്ടുവാഴ്ച നടത്തുന്ന അവസരത്തിൽ ‘ബ്രാഹ്മണഹിതം’ അനുസരിച്ച് ഭരിച്ചുകൊള്ളാമെന്നൊരു പ്രതിജ്ഞ എടുക്കാറുണ്ട്. സാമൂതിരിയെ അരിയിട്ടുവാഴ്ച നടത്തുമ്പോൾ ഇന്നും അത്തരമൊരു പ്രതിജ്ഞ ഉണ്ടെന്നു തോന്നുന്നു. അങ്ങനെ, ബ്രാഹ്മണഹിതം അനുസരിച്ചുള്ള ഭരണമാകുമ്പോൾ ബ്രാഹ്മണർക്കും അവരോടു ചേർന്നു നിൽക്കുന്ന സവർണഹിന്ദുക്കൾക്കും പലവിധ ആനുകൂല്യങ്ങളുമുണ്ട്. മറ്റുള്ളവർക്കെല്ലാം പലവിധ പീഡനങ്ങളും. ഇത്തരത്തിലുള്ള തങ്ങളുടെ പ്രത്യേക അധികാരാവകാശങ്ങൾ നഷ്ടപ്പെടുമെന്നുള്ളൊരു ഉദ്ബോധനം കൂടിയാണ് കുണ്ടറ വിളംബരം.
അതിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടണമെന്ന ഭാഗം മാത്രമെടുത്ത് അതാണ് കുണ്ടറ വിളംബരമെന്ന പേരിൽ പ്രചരിപ്പിക്കുകയാണ്. വിളംബരത്തിലെ ആഹ്വാനം ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാനു ള്ളതാണെന്നത് അർധസത്യം മാത്രമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാട്ടത്തിന് പ്രേരിപ്പിച്ചുവെന്ന മേന്മ തീർച്ചയായും അതിനുണ്ട്.എന്നാൽ,ആ പോരാട്ടം വിജയിച്ചിരുന്നുവെങ്കിൽ എന്നായിരുന്നു സംഭവിക്കുകയെന്ന് ആലോചിക്കുക. കൊളോണിയൽ ഫ്യൂഡലിസത്തിനു പകരം നിലവിലുണ്ടായിരുന്ന തിയോക്രാറ്റിക് ഫ്യൂഡലിസം തന്നെ തുടരും. ഇതിലേതാണ് തമ്മിൽ ഭേദമെന്നാണ് പിന്നീടു ചിന്തിച്ചത്. കൊളോണിയൽ ഫ്യൂഡലിസത്തിന് മറ്റെന്തൊക്കെയായാലും മനുഷ്യരെ തുല്യനിലയിൽ കാണുന്നൊരു മനോഭാവമുണ്ട്. ഇന്ത്യൻ പീനൽ കോഡിൽ പറഞ്ഞിട്ടുള്ളതുപോലെ, തിയോക്രാറ്റിക് ഫ്യൂഡലിസത്തിന് അങ്ങനെയൊരു കാഴ്ചപ്പാടില്ല. താങ്കൾക്ക് ആരാണ് ദീക്ഷ തന്നതെന്ന ചോദ്യത്തിത്തിന് ശ്രീനാരായണഗുരുസ്വാമികൾ വളരെ ശാന്തനായി ബ്രിട്ടീഷുകാരാണെന്ന് മറുപടി പറഞ്ഞതായി കേട്ടിട്ടുണ്ട്. ഒരുപക്ഷേ കൊളോണിയൽ ഫ്യൂഡലിസം വന്നതുകൊണ്ടാണ് ഒരു സ്വാമിയായി ജീവിക്കാൻ തനിക്ക് അവസരം ലഭിച്ചതെന്ന വസ്തുത തിരിച്ചറിഞ്ഞതുകൊണ്ടാവണം ശ്രീനാരായണഗുരു അങ്ങനെ പറഞ്ഞത്. മറിച്ച് തിയോക്രാറ്റിക് ഫ്യൂഡലിസമായിരുന്നുവെങ്കിൽ ശ്രീനാരായണഗുരുവിനോ അയ്യങ്കാളിക്കോ അവർ നടത്തിയ തരത്തിലുള്ള സമുദായ പ്രവർത്തനങ്ങൾ ഒരിക്കലും സാധ്യമാകുമായിരുന്നില്ല.
മഹാകവി കുമാരനാശാനും ഈ വസ്തുത തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നുവെന്നു കരുതണം. വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചപ്പോൾ മഹാത്മജിയും കോൺഗ്രസ്സും എല്ലാം അത് ബഹിഷ്കരിക്കുകയാണുണ്ടായത്. തദവസരത്തിൽ കുമാരനാശാൻ മദിരാശിയിൽ ചെന്ന് വെയിൽസ് രാജകുമാരനിൽനിന്ന് പട്ടും വളയും സ്വീകരിക്കുകയുണ്ടായി. നമ്മെ അടക്കി ഭരിക്കുന്ന ബ്രിട്ടീഷ് സർക്കാരിന്റെ സമ്മാനം സ്വീകരിച്ചതിനെ പറ്റി കേരളത്തിൽ വലിയ ആക്ഷേപമുണ്ടായി. നിലവിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയിൽ തനിക്ക് ഇത്രയൊക്കെ ഉയർന്നുവരാനും ഇത്രയെങ്കിലുമൊക്കെ അംഗീകാരം നേടാനും കഴിഞ്ഞത് തിയോക്രാറ്റിക് ഫ്യൂഡലിസത്തിനു പകരം കൊളോണിയൽ ഫ്യൂഡലിസം വന്നത് കൊണ്ടു മാത്രമാണെന്ന് കുമാരനാശാനും കരുതിയിരുന്നിരിക്കണം. തിയോക്രാറ്റിക് ഫ്യൂഡലിസമായിരുന്നവെങ്കിൽ താഴെ തട്ടിൽ നിന്ന് ഇങ്ങനെയൊരു വ്യക്തി ഉയർന്നുവരുന്നത് ഉപരിവർഗം ഒരിക്കലും സഹിക്കുമായിരുന്നില്ല.
ഏതാണ്ട് എ.ഡി 1500ൽ നവോത്ഥാന കാലഘട്ടം ആരംഭിച്ചു പതിനഞ്ചാം നൂറ്റാണ്ട് നവോത്ഥാന കാലഘട്ടമാണെന്നും പറയപ്പെ – ഡാർക്ക് ഏയ്സ് അതിനു മുമ്പുള്ള ആയിരം കൊല്ലം ചരിത്ര പുസ്തകങ്ങളിൽ വിവരിക്കപ്പെടുന്നു. ചിലയിടങ്ങളിൽ ഡാർക്ക് ഏയ്ജസ് എന്നും മറ്റു ചിലതിൽ മിഡിൽ ഏയ്ജസ് വിവരിക്കപ്പെടുന്നു. യഥാർഥത്തിൽ അത് ആണോ മിഡിൽ ഏയ്ജ് ആണോ? മലയാളപരിഭാഷകളിലും ഈ വ്യത്യാസം കാണാം. ലോകചരിത്ര പുസ്തകമായാലും യൂറോപ്യൻ ചരിത്ര പുസ്തകമായാലും എ.ഡി. 500 മുതൽ 1500വരെയുള്ള ആയിരം കൊല്ലം ഇരുണ്ട യുഗം, അന്ധകാരയുഗം എന്നിങ്ങനെ ചില പുസ്തകങ്ങളിൽ വിവരിക്കപ്പെടുമ്പോൾ മറ്റു ചില പുസ്തകങ്ങളിൽ മധ്യയുഗം എന്നാണു പറയുന്നത്. എന്താണ് ഈ വ്യത്യാസത്തിനു കാരണം? അത് എവിടെയും വ്യക്തമാക്കുന്നില്ല.
എന്നാൽ ഈ പേരുകളിൽ നിന്നു തന്നെ അത് എഴുതിയ ആൾ ഏതു പക്ഷക്കാരനാണെന്ന് നമുക്കു മനസ്സിലാക്കാൻ സാധിക്കും. ഈ ആയിരം കൊല്ലക്കാലം യൂറോപ്പിൽ കത്തോലിക്കാസഭയുടെ ഭരണമായിരുന്നു. കത്തോലിക്കാസഭയിൽ വിശ്വസിക്കുന്നൊരാൾ ആ കാലഘട്ടത്തെ ഒരിക്കലും ‘ഇരുണ്ടയുഗ’മെന്ന് വിശേഷിപ്പിക്കുമെന്നു കരുതാനാവില്ല. സഭയിൽ അന്ധമായി വിശ്വസിക്കുന്ന ചരിത്രകാരന്മാർ അതിനെ മധ്യയുഗമെന്നുവിളിച്ചു. പിശാചാണെന്നു മുദ്രകുത്തി ആളുകളെ ജീവനോടെ ചുട്ടെരിക്കുകയും ചലനസിദ്ധാന്തവും ഭൂമി ഉരുണ്ടതാണെന്നു പോലുള്ള ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെല്ലാം തെറ്റാണെന്നും അവ പിൻവലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ഒക്കെ ചെയ്തിട്ടുള്ള ആ കാലഘട്ടം വസ്തുനിഷ്ഠമായി കാര്യങ്ങൾ കണ്ടെത്താനാഗ്രഹിക്കുന്ന ചരിത്ര പണ്ഡിതന്മാർക്ക് ‘ഇരുണ്ട യുഗം’ തന്നെയായിരിക്കുമെന്നുറപ്പാണ്. മതത്തിന്റെ പേരിൽ അത്രയേറെ ഹിംസ നടന്നിട്ടുള്ള കാലമാണത്. ജോവൻ ഓഫ് ആർക്ക് ഒരുദാഹരണം മാത്രം. കത്തോലിക്ക സഭയ്ക്ക് ഇതൊന്നും ഇഷ്ടപ്പെട്ട കാര്യങ്ങളല്ല. സഭയെ അനുകൂലിക്കുന്നവർ ആ കാലത്തെ ‘മധ്യയുഗ’മെന്നു പറയുകയും ഇത്തരം പ്രവൃത്തികൾക്ക് ഓരോ ന്യായീകരണം കണ്ടെത്തുകയും ചെയ്യുമല്ലോ.
ഇപ്പോൾ ഇത് എടുത്തുപറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. നമ്മുടെ പത്താം ക്ലാസിലെ സാമൂഹ്യപാഠപുസ്തകത്തിൽ ഈ കാലഘ ട്ടത്തിന്റെ ചരിത്രം കൂടി ഉൾപ്പെടുത്തിയിരുന്നു. രണ്ടു ഭാഗവും അത്ര പ്രാധാന്യം കൊടുത്തില്ല, നിഷ്പക്ഷമായൊരു വിലയിരുത്തലാണ് ചേർത്തിരിക്കുന്നത്. നിഷ്പക്ഷമായൊരു വിലയിരുത്തലാവുമ്പോൾ സ്വാഭാവികമായും സഭ ചെയ്തിട്ടുള്ള ചില കൊള്ളരുതായ്മകൾ അതിൽ സ്ഥാനം പിടിക്കും. അതൊരിക്കലും മറച്ചുവയ്ക്കാൻ സാധിക്കില്ല. അതിന്റെ പേരിലാണ് പ്രസ്തുത പാഠം പിൻവലിക്കണമെന്നും ഇത്തവണത്തെ പരീക്ഷയ്ക്ക് പ്രസ്തുത പാഠത്തിൽ നിന്ന് ചോദ്യങ്ങൾ പാടില്ലെന്നും മറ്റുമുള്ള ആവശ്യങ്ങൾ ഉയർന്നുവന്നിട്ടുള്ളത്.
ഇങ്ങനെ സഭാചരിത്രമായാലും യൂറോപ്യൻ ചരിത്രമായാലും മാറ്റത് ചരിത്രഗ്രന്ഥമായാലും പരിശോധിക്കുമ്പോൾ നമുക്കു ബോധ്യപ്പെടുന്ന വസ്തുത, ചരിത്രകാരന്മാർക്ക് ഒരു പക്ഷമുണ്ടെന്നതാണ്. മിക്കവാറും അവർ ജയിച്ചവരുടെ പക്ഷത്താണ് നിലയുറപ്പിക്കുക. തോറ്റവർ ഒരിക്കലും പരിഗണിക്കപ്പെടുന്നില്ല.
ഈയൊരു മനോഭാവം വച്ചുകൊണ്ട് നമ്മുടെ പുരാണങ്ങളെയും പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് രാമായണവും മഹാഭാരതവും. ഇത് രണ്ടിന്റെയും ഒരു പ്രത്യേകത അത് എഴുതിയവർ തന്നെ കൃതിയിലെ മുഖ്യകഥാപാത്രങ്ങളാണെന്നതാണ്. വാല്മീകി രാമായണത്തിലെയും വ്യാസൻ ഭാരതത്തിലെയും പ്രധാന കഥാപാത്രങ്ങളിൽപെടുന്നവരാണ്. കഥ നടക്കുമ്പോൾ തന്നെ അവർ രചന ആരംഭിച്ചിരിക്കണമെന്നു വേണം കരുതുക. പക്ഷേ, എഴുതിത്തുടങ്ങുമ്പോൾ ആരാണ് ജയിക്കുകയെന്നറിയില്ല. അതിനാൽ പക്ഷം പിടിക്കാനും ബുദ്ധിമുട്ടാണ്. ഇതു മുൻകൂട്ടി കണ്ടുകൊണ്ടാകണം വ്യാസൻ മഹാഭാരതത്തിൽ ദുര്യോധനന് സുയോധനൻ എന്ന മറ്റൊരു പേരു കൂടി നൽകിയിരിക്കുന്നത്. വ്യാസൻ എന്തിനാണ് ഒരു വ്യക്തിക്ക് ഇങ്ങനെ രണ്ടു പേര് കൊടുത്തിരിക്കുന്നത്? മഹാഭാരതയുദ്ധത്തിൽ കൗരവന്മാരാണ് ജയിക്കുന്നതെങ്കിൽ മഹാരാജാവിന്റെ പേര് സുയോധനൻ എന്നറിയപ്പെടണം. അല്ലെങ്കിൽ അയാൾ ദുര്യോധനനാണ്. ദുഷിച്ച യുദ്ധം ചെയ്തവനാണ്. അതിനാൽത്തന്നെ നശിപ്പിക്കപ്പെടേണ്ടവനാണ്.
അതുപോലെത്തന്നെ വാല്മീകിരാമായണത്തിലും നാം വരികൾക്കിടയിലൂടെ വായിച്ചാൽ രാമന്റെ ഒരുപാട് കുറ്റങ്ങളും കുറവുകളും വാല്മീകി ഭംഗ്യന്തരേണ പറയുന്നതു കാണാൻ കഴിയും. അയോധ്യയിൽ നടന്ന അധികാര വടംവലികളെ പറ്റി സൂചനകളുണ്ട്. അയോധ്യയിൽ നടന്ന ഉപജാപങ്ങളെ പറ്റി ദേശമംഗലം വാരിയരുടെ ഒരു ലേഖനം പണ്ട് വായിച്ചതായി ഓർക്കുന്നു. അഭിഷേകവിഘ്നം, മന്ഥരയുടെ പങ്ക് എന്നൊക്കെ പറയുന്നതിലെ പൊള്ളത്തരം അതിൽ വളരെ വിശദമായി വരച്ചു കാട്ടു ന്നുണ്ട്. ഇതിഹാസങ്ങളുടെ കാലത്തു പോലും ഇങ്ങനെ ജയിച്ചവരുടെ പക്ഷത്തു നിൽക്കാനുള്ള പ്രവണതയുണ്ടായിരുന്നു. ഒരുപക്ഷേ രാവണനായിരുന്നു ജയിച്ചിരുന്നതെങ്കിൽ നമുക്ക് രാമായണത്തിനു പകരം രാവനായണമായിരുന്നേനെ ലഭിച്ചിരിക്കുക. അതിൽ രാവണൻ ചെയ്തതെല്ലാം ശരിയെന്നും രാമൻ ചെയ്തതെല്ലാം തെറ്റുമായിരിക്കുമെന്നുറപ്പാണ്. രാവണൻ ചെയ്തതാണ് ശരിയെന്ന് വിശ്വസിച്ചിരുന്ന ആളുകൾ കേരളത്തിലും തമിഴ്നാട്ടിലുമുണ്ടായിരുന്നു. കേരളത്തിൽ പള്ളത്ത് രാമൻ എന്നൊരു കവി രാവണായനം എഴുതാൻ ശ്രമങ്ങൾ നടത്തിയിരുന്നു. സഞ്ജയൻ അതിനെ കുറേ കളിയാക്കിയിട്ടുമുണ്ട്. കണ്ണൻ ജനാർദനൻ എന്നറിയപ്പെടുന്ന കുന്നത്ത് ജനാർദനമേനോൻ ‘രാവണപക്ഷം’ എന്ന പേരിൽ ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. രാവണന്റെ കാഴ്ചപ്പാടിലൂടെ വാല്മീകിരാമായണത്തിലെ തെളിവുകൾ വച്ചു തന്നെ രാവണനാണ് ശരിയെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് പ്രസ്തുത പുസ്തകം.
ഇഷ്ടപ്പെടാത്തവരെയൊക്കെ അസുരന്മാരും രാക്ഷസന്മാരുമായി ചിത്രീകരിക്കാനും അവരൊക്കെ ശിക്ഷിക്കപ്പെടേണ്ടവരാണെന്ന് സ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ ആധുനികകാലത്തും നടക്കുന്നുണ്ടെന്നാണ് എന്റെ കാഴ്ചപ്പാട്. ഈയൊരു വീക്ഷണകോണിൽ നിന്നുകൊണ്ട് തോറ്റവരുടെ ചരിത്രം പരിശോധിക്കുമ്പോൾ ഓരോ കാലഘട്ടത്തിലും തോറ്റു പോന്ന ജനതയാണ് കേരളീയർ എന്നു കാണാം. എന്നു മുതലാണ് ഇത് തുടങ്ങിയത്? നമ്മുടെ ഭാഷ തമിഴിൽ നിന്ന് ഉത്ഭവിച്ചു എന്നാണ് പലരും പറയുന്നത്. അതാണ് ഭാഷോൽപ്പത്തിയെ സംബന്ധിച്ച് ഇന്നത്തെ പ്രധാന സിദ്ധാന്തം. കേരളത്തിൽ എന്നു മുതലാണ് മനുഷ്യൻ അധിവസിച്ചു തുടങ്ങിയതെന്ന് പരിശോധിക്കണം. ശിലായുഗത്തിൽ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു. ഒരു പ്രമുഖ ചരിത്രകാരന്റെ രചനയിൽ ശിലായുഗത്തിൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നില്ലെന്നു പറയുന്നു. അതിന് കാരണമെന്താണ്? ശിലായുഗത്തിൽ മനുഷ്യർ ഉണ്ടായിരുന്നില്ലെന്നതിന് തെളിവെന്താണ്? തെളിവുകൾ കിട്ടിയിട്ടില്ല, അതാണ് തെളിവ്. തെളിവുകൾ കിട്ടാതിരിക്കുന്നതൊരു തെളിവായി കണക്കാക്കുന്നതെങ്ങനെ? മാത്രമല്ല, ആ പുസ്തകം പുറത്തിറങ്ങി എട്ടുപത്തു കൊല്ലം കഴിഞ്ഞപ്പോൾ നമുക്ക് തെളിവുകൾ ലഭിക്കുകയും ചെയ്തു. പ്രാചീന ശിലായുഗത്തിലും ഇവിടെ മനുഷ്യർ അധിവസിച്ചിരുന്നുവെന്നതിനു തെളിവുകൾ വയനാട്, അട്ടപ്പാടി, മറയൂർ, ചെന്തുരുണി മലനിരകൾ എന്നിവിടങ്ങളിൽ നിന്നു കിട്ടിയിട്ടുണ്ട്. അപ്പോൾ ഇവിടെ എന്നു മുതലാണ് മനുഷ്യവാസം ആരംഭിച്ചത്? പ്രാചീനശിലായുഗമെന്നു പറയുമ്പോൾ കുറഞ്ഞത് അയ്യായിരം വർഷത്തെ പഴക്കമെങ്കിലുമുണ്ട്. അന്നവർ ഏതു ഭാഷയായിരിക്കും സംസാരിച്ചിട്ടുണ്ടാവുക? തമിഴ് ഭാഷയുണ്ടായിട്ട് അങ്ങേയറ്റം 2500 വർഷമേ ആയിട്ടുള്ളൂ. അതിനാൽ, അന്നത്തെ ഭാഷ തമിഴാകാൻ വഴിയില്ല. അപ്പോൾ, അന്നത്തെ ഭാഷയായിരുന്നിരിക്കണം മലയാളത്തിന്റെ അടിത്തറ.
ആ ഭാഷയ്ക്ക് പിന്നീട് ഒരുപാട് ആക്രമണങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. അതിൽ ഏറ്റവും ആദ്യത്തേതാണ് തമിഴിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ചെന്തമിഴിന്റെ ഭാഗത്തു നിന്നുണ്ടായ അധിനിവേശം. ഏതാണ്ട് രണ്ടായിരത്തോളം വർഷം മുമ്പുണ്ടായ ചേരരാജ്യമാണെന്നു വിശ്വസിക്കാവുന്ന തരത്തിലാണ് പിന്നീട് സാമ്രാജ്യത്തിന്റെ കടന്നാക്രമണം. അത് പക്ഷേ കേരളം മുഴുവൻ പുസ്തകങ്ങളിൽ വന്നിട്ടുള്ളത്. നൂറ്റമ്പതോ കൂടിയാൽ ഇരുനൂറോ വർഷം മാത്രം നീണ്ടുനിന്ന ഒരു താൽക്കാലിക അധിനിവേശം മാത്രമായിരുന്നു അത്. സേലം, കോയമ്പത്തൂർ, തൃശ്ശിനാപ്പള്ളി മുതലായ പ്രദേശങ്ങൾ ഉൾപ്പെട്ടതും തമിഴ്നാടിന്റെ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്തിയിരുന്നതുമായ സ്ഥലമാണ് പഴയ ചേരരാജ്യം. അതിന്റെ കിഴക്കുഭാഗത്താണ് ചേരരാജ്യം.തമിഴ്നാടിന്റെ തെക്കേയറ്റമാണ് പാണ്ടിനാട്. പാണ്ടിനാടിനും ചേരരാജ്യത്തിനും കടൽത്തീരമുണ്ട്. എന്നാൽ ചേരരാജ്യത്തിന് കടൽത്തീരമില്ല. കടൽത്തീരം വരെ ഭരണമെത്തിക്കുക എന്നത് അക്കാലങ്ങളിൽ ഭരണാധികാരികളുടെ ലക്ഷ്യമായിരുന്നു. കടൽ വരെയുള്ള ഭൂമിക്കധിപൻ എന്നത് വലിയൊരു മേൻന്മയായി കണക്കായിരുന്നു. മൈസൂരിൻ്റെ ആക്രമണത്തിനു പിന്നിലും ഈയൊരു യഥാർത്ഥ്യമുണ്ട്.
അങ്ങനെ നോക്കുമ്പോൾ ചേരരാജ്യത്തിന്റെ ഒരു താൽക്കാലിക അധിനിവേശം മാത്രമാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. അതിനാൽ ത്തന്നെ ‘ചേരൻ’ എന്നു പറയുന്നത് മലയാളികൾക്ക് ഒരു വികാരമേയല്ല. എന്നാൽ തമിഴ്നാട്ടിൽ അങ്ങനെയല്ല. അവിടെ ‘ചേരൻ ട്രാൻസ്പോർട്ട്’ പ്രവർത്തിക്കുന്നുണ്ട്. ചേരൻ എന്നു പേരുള്ളവരും ധാരാളമുണ്ട്. അവർക്ക് ചേരരാജ്യം അവരുടേതായിട്ടാണ് അനുഭവപ്പെടുന്നത്. ഇവിടെ കേരളൻ എന്നല്ലാതെ ചേരൻ എന്നു പേരിടുന്നതായി അറിവില്ല. കേരളൻ എന്നതു തന്നെ പിന്നീട് കേളൻ, കേളു, കേളപ്പൻ എന്നൊക്കെയായി മാറാറുമുണ്ട്. കേരളം പഴയ ചേരരാജ്യമാണെന്ന് പറയുന്നത് ശുദ്ധഅസംബന്ധമാണ്. കുറച്ചുകാലം നീണ്ടുനിന്ന ഒരധിനിവേശം മാത്രമാണ് അതെങ്കിലും അക്കാലത്ത് നമ്മുടെ ഭാഷയിൽ ഒരുപാട് തമിഴ്പദങ്ങൾ കടന്നുകൂടി. അതിന്റെ ഫലമായി നമ്മുടെ ഭാഷ തന്നെ തമിഴ് പരിണമിച്ചുണ്ടായതാണെന്ന് വിശ്വസിക്കാവുന്ന ഒരവസ്ഥയിൽ എത്തിച്ചേരുകയാണ്. അപ്പോഴാണ് സംസ്കൃതത്തിൻ്റെ അധിനിവേശം വരുന്നത്. അതോടെ കാര്യങ്ങളൊക്കെ മാറി. സംസ്കൃതപദങ്ങൾ ഉപയോഗിക്കുന്നതാണ് അന്തസ്സ്, പഴയപദങ്ങൾ ഉപയോഗിക്കുന്നത് മോശമാണെന്നുള്ള ധാരണ ബലപ്പെട്ടു.
സംസ്കൃതമാണ് യോഗ്യം. സംസ്കൃതമാണ് സഭയിൽ പറയേണ്ടത്. നമ്മുടെ നാടൻപദങ്ങളൊന്നും സഭയിൽ പറയാൻ കൊള്ളില്ല. മലയാളപദങ്ങൾ അസഭ്യപദങ്ങളായി മാറുന്നത് ഇങ്ങനെയൊരു സാഹചര്യത്തിലാണ്. കൊടുങ്ങല്ലൂരിലെ ഭരണിപ്പാട്ടുകളും ചേർത്തലയിലെ പൂരപ്പാട്ടുകളും തെറിപ്പാട്ടുകളായി മാറുന്നത്, അവയിലുള്ള നാടൻപദങ്ങൾ തെറിയാക്കി മാറ്റിയതുകൊണ്ടാണ്. തെറിയാക്കി മാറ്റിയതെങ്ങനെ? അത് നാടൻപദമാണ്, അസഭ്യമാണ് എന്നു പറഞ്ഞുകൊണ്ട് തെറിയാക്കി മാറ്റി പകരം സംസ്കൃതപദം ഉപയോഗിച്ചാൽ കേമം, തന്ത എന്നത് എത്ര നല്ല വാക്കാണ്! തമിഴ്നാട്ടിൽ ഇന്നും ബഹുമാനപൂർവം ഉപയോഗിക്കുന്ന പദമാണത്. പക്ഷേ, നമുക്കത് മിക്കവാറും ചീത്ത പറയാൻ ഉപയോഗിക്കുന്ന വാക്കായി മാറി. ‘തന്തയ്ക്ക് പിറന്നവൻ’ എന്ന പ്രയോഗത്തിലൊഴികെ മറ്റവസരങ്ങളിലെല്ലാം തന്ത എന്നത് മോശമായാണ് കണക്കാക്കുന്നത്. ഇങ്ങനെ എത്രയോ പദങ്ങൾ നഷ്ടപ്പെട്ടുപോയി.
മലയാളത്തിൽ ഇന്നുപയോഗിക്കുന്നവയിൽ ഏതെല്ലാമാണ് സംസ്കൃതപദങ്ങൾ എന്നു തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ഭാഷ മാറിപ്പോയിരിക്കുന്നു. സംസ്കൃതം കൂടി പഠിച്ചിട്ടുള്ളവർക്ക് മാത്രമേ അത് തിരിച്ചറിയാൻ കഴിയൂ. അത്രയ്ക്ക് സംസ്കൃതത്തിന്റെ ആധിപത്യം ഇവിടെ വന്നു. അപ്പോഴും ശുദ്ധ ദ്രാവിഡഭാഷയായ മലയാളത്തിന് അവഗണനയാണുണ്ടായത്. പിന്നീടാണ് ഇംഗ്ലീഷിന്റെ വരവ്. ഇംഗ്ലീഷിന്റെ അധിനിവേശത്തിൽ സംസ്കൃതപദങ്ങളും പിന്തള്ളപ്പെട്ടു. ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കുന്നതാണ് ഉത്തമമെന്ന സ്ഥിതിയായി. ഒരുപക്ഷേ നമ്മുടെ സാധാരണ സംഭാഷണത്തിൽ തന്നെ നാമറിയാതെ അവ കടന്നുകൂടുന്നു. ആദ്യ കാലത്ത് പെണ്ണ് പെറ്റു എന്നു പറഞ്ഞിരുന്നത് സംസ്കൃത പ്രഭാവകാലത്ത് ‘ഭാര്യ പ്രസവിച്ചു’ എന്നായെങ്കിൽ, ഇന്നത് ‘വൈഫിന്റെ കൺഫൈൻമെന്റ് കഴിഞ്ഞു’ എന്നായി മാറിയിരിക്കുന്നു. ഇതാണുണ്ടായ വ്യത്യാസം. ഇവിടെയൊക്കെ മലയാളഭാഷ തോൽപ്പിക്കപ്പെടുകയാണ്, മാത്രമല്ല. ഭാഷോൽപ്പത്തിയെപ്പറ്റി പറയുമ്പോൾ അത് തമിഴിൽ നിന്നാണെന്ന് പറയുന്ന വിഭാഗമാണ് ഇന്ന് കൂടുതലായുള്ളത്, അതല്ല, സംസ്കൃതത്തിൽ നിന്നാണെന്ന് പറയാവുന്ന തരത്തിൽ കാര്യങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. ഈ നിലയ്ക്ക് പോയാൽ ഒരു നൂറ്റാണ്ടു കഴിയുമ്പോൾ ഇംഗ്ലീഷിൽ നിന്നാണ് മലയാളഭാഷയുണ്ടായതെന്ന് പറയുന്ന അവസ്ഥയിൽ എത്തിച്ചേരുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭാഷയ്ക്കുണ്ടായ ഈ പരാജയം കൊണ്ടാണ് മലയാളം ഒരിക്കലും നമ്മുടെ ഭരണഭാഷയാകാത്തത്. 1956ൽ ഭാഷാസംസ്ഥാനങ്ങൾ നിലവിൽ വന്നപ്പോൾ തന്നെ തമിഴ്നാട്ടിൽ ഭരണഭാഷ തമിഴാക്കി മാറ്റി. മറ്റ് സംസ്ഥാനങ്ങളിലും അധികം വൈകാതെ തന്നെ സമാന പ്രഖ്യാപനങ്ങളുണ്ടായി. പക്ഷേ, ഇവിടെ എന്തുകൊണ്ടത് ചെയ്യുന്നില്ല? എല്ലാ വർഷവും നവംബർ 1 ന് ഔദ്യോഗികഭാഷ മലയാളമാക്കുമെന്ന ഭീഷണി മുടങ്ങാതെ മുഴക്കുമെങ്കിലും ഇതുവരെ അതു വേണ്ടപോലെ നടപ്പാക്കിയിട്ടില്ല.
സംസ്കൃതം കലർന്ന മലയാളം വേണോ ഇംഗ്ലീഷ് കലർന്ന മലയാളം വേണോ എന്ന ആശയക്കുഴപ്പമാണ് അതിന് കാരണം. ലോവർ ഡിവിഷൻ ക്ലർക്കിനെ അധോമണ്ഡല ഗുമസ്തൻ എന്നു പറയണോ, അതോ എൽ.ഡി.സി. എന്നു പറയണോ? അതുപോലെ അപ്പർ ഡിവിഷൻ ക്ലർക്കിനെ ഉപരിമണ്ഡല ഗുമസ്തൻ എന്നു വിളിക്കണോ, അതോ യു.ഡി.സി എന്നു വിളിച്ചാൽ മതിയോ? മലയാളം ഔദ്യോഗികഭാഷയാക്കാനുള്ള ചർച്ചയിൽ ഒന്നുകിൽ സംസ്കൃതം, അല്ലെങ്കിൽ ഇംഗ്ലീഷ്. അവ തമ്മിലുള്ള ഏറ്റുമുട്ടലാണ്. അത് വരുമ്പോൾ സാധാരണ മലയാളവും മലയാളിയും എന്തു ചെയ്യാൻ, തോറ്റു പോവുകയല്ലാതെ!