ചലച്ചിത്രമേളകൾ അദൃശ്യരാക്കുന്ന സംവിധായികമാർ

ചലച്ചിത്ര മേളകൾ ലോകത്തെമ്പാടും എല്ലാക്കാലത്തും രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക വിഷയങ്ങളിലുള്ള പ്രതിഷേധങ്ങളുടെ വേദികൂടിയായി മാറാറുണ്ട്. സാംസ്കാരിക രം​ഗത്ത് ഏറെ ശ്രദ്ധേയമായ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും (ഐ.എഫ്.എഫ്.കെ) അത്തരം പ്രതിരോധ ശബ്ദങ്ങൾ എന്നും മുഴങ്ങിക്കേൾക്കാം. മിക്കപ്പോഴും അതൊരു പൊതുവിഷയത്തിലാകാം; എന്നാൽ ചിലപ്പോഴെല്ലാം അത് മേളയുടെ നടത്തിപ്പിനെതിരെയും ആകാറുണ്ട്. 2019 ൽ തിരുവനന്തപുരത്ത് വച്ച നടന്ന ഐ.എഫ്.എഫ്.കെ വേദി അത്തരമൊരു പ്രതിഷേധത്തിന് സാക്ഷിയായിരുന്നു. മത്സരവിഭാ​ഗത്തിലും ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാ​ഗത്തിലും സ്വതന്ത്ര സിനിമകൾ ഒഴിവാക്കപ്പെട്ടതിനെതിരെയും തീയേറ്ററിൽ റിലീസ് ചെയ്ത ബി​ഗ് ബജറ്റ് സിനിമകൾ വലിയ തോതിൽ ഉൾപ്പെടുത്തിയതിന് എതിരെയും ശക്തമായ എതിർപ്പുണ്ടായി. ഐ.എഫ്.എഫ്.കെയുടെ മുഖ്യവേദിയായ ടാ​ഗോർ തീയേറ്റർ പരിസരത്ത് ദിവസങ്ങളോളം പ്രതിഷേധ പരിപാടികൾ നീണ്ടുനിന്നു. മലയാളികളായ സ്ത്രീ സംവിധായകരുടെ സിനിമകൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടതും ആ സമരത്തിൽ ഒരു പ്രധാന വിഷയമായി ഉന്നയിക്കപ്പെട്ടു. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 12 സിനിമകളും പുരുഷ സംവിധായകരുടെ ചിത്രങ്ങളായിരുന്നു. ആ വർഷം വനിതാ സംവിധായകരുടെ ശ്രദ്ധേയമായ സിനിമകൾ ഉണ്ടായിരിക്കെയാണ് വിവേചനപരമായ ഈ സമീപനം ചലച്ചിത്ര അക്കാദമിയുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നത്. ജെ ​ഗീതയുടെ ‘റൺ കല്യാണി’, സുധ രാധികയുടെ ‘പക്ഷികൾക്ക് പറയാനുള്ളത്’, കൃഷ്ണവേണിയുടെ ‘തടിയനും മുടിയനും’ തുടങ്ങിയ സിനിമകളെ പുറത്തുനിർത്തിയാണ് കുമ്പളങ്ങി നൈറ്റ്‌സ്, ഉണ്ട, വൈറസ്, ഉയരെ, ഇഷ്‌ക് തുടങ്ങിയ റിലീസ് സിനിമകൾ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കപ്പെടുന്നത്.

അവ​ഗണിക്കപ്പെട്ട സിനിമകളുടെ കൂട്ടത്തിൽ വലിയ തോതിൽ നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ജെ ഗീത സംവിധാനം ചെയ്ത ‘റൺ കല്യാണി’. സ്വന്തം നാട്ടിൽ സിനിമയുടെ പ്രീമിയർ സ്‌ക്രീനിം​ഗ് നടത്തണമെന്ന സംവിധായികയുടെ മോഹമാണ് അന്ന് ഇല്ലാതായത്. പിന്നീട് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘റൺ കല്യാണി’ പ്രീമിയർ ആയി പ്രദർശിപ്പിക്കുകയും, പല അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലും അവാർഡുകൾ നേടുകയും ചെയ്തു. എന്തുകൊണ്ട് സിനിമ തിരഞ്ഞെടുക്കപ്പെട്ടില്ല എന്നതിന് വ്യക്തമായ മറുപടികളൊന്നും കേരള ചലച്ചിത്ര അക്കാദമിയോ, ഐ.എഫ്.എഫ്.കെ സംഘാടകരോ ആ വനിതാ സംവിധായകർക്ക് ആർക്കും നൽകിയില്ല. അവ​ഗണിക്കപ്പെട്ട ‘റൺ കല്യാണി’ പോലെയുള്ള സിനിമകൾ മറ്റ് മേളകളിൽ നേടിയ അം​ഗീകാരങ്ങളിലൂടെ ചലച്ചിത്ര അക്കാദമിയുടെ പുരുഷ പക്ഷപാതിത്വത്തിന് മറുപടി നൽകി. മൂന്ന് വർഷത്തിന് ശേഷം കുഞ്ഞില മാസിലാമണി എന്ന വനിത സംവിധായികയോട് വനിതകൾക്ക് വേണ്ടിയുള്ള ഒരു ചലച്ചിത്ര മേളയിൽ കേരള ചലച്ചിത്ര അക്കാദമി സ്വീകരിച്ച നിലപാട് ആ സ്ഥാപനത്തിന്റെ സ്ഥാപിത താത്പര്യങ്ങളെ ഒരിക്കൽ കൂടി തുറന്നുകാണിച്ചിരിക്കുകയാണ്. സിനിമാ മേഖലയിലെ സ്ത്രീകളോട്, പ്രത്യേകിച്ച് വനിതാ സംവിധായകരോട് ചലച്ചിത്ര മേളകളും അക്കാദമി പോലെയുള്ള ഔദ്യോ​ഗിക സംവിധാനങ്ങളും സ്വീകരിക്കുന്ന അവഗണനകളെ കോഴിക്കോട് വനിതാ ചലച്ചിത്ര മേളയിൽ വച്ച് കുഞ്ഞില മാസിലാമണി നടത്തിയ പ്രതിഷേധം വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുന്നു.

ചലച്ചിത്ര മേളയുടെ വേദിയിൽ നിന്നും കുഞ്ഞിലയെ അറസ്റ്റ് ചെയ്ത് നീക്കുന്നു

കുഞ്ഞില എന്ന ഒറ്റയാൾ പോരാട്ടം

2022 ജൂലൈ 16ന് കോഴിക്കോട് ആരംഭിച്ച മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ദിവസം തന്നെ കുഞ്ഞില പ്രതിഷേധവുമായി എത്തുകയായിരുന്നു. 2022ൽ പുറത്തിറങ്ങിയ ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജിയിലെ ‘അസംഘടിതർ’ എന്ന തന്റെ സിനിമ എന്തുകൊണ്ട് വനിതാ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നില്ല എന്ന് ചോദിച്ചുകൊണ്ട് സിനിമയുടെ സംവിധായികയായ കുഞ്ഞില മാസിലാമണി ആദ്യം ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് എഴുതുന്നു. കോഴിക്കോട് ന​ഗരത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അസംഘടിതരായ സ്ത്രീ തൊഴിലാളികൾ നടത്തിയ സമരങ്ങളെ ആസ്പദമായി രൂപം നൽകിയ സിനിമയാണ് കുഞ്ഞിലയുടെ ‘അസംഘടിതർ’. അന്നുതന്നെ ഉദ്ഘാടന വേദിയിലെത്തി കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തിനോടും സംഘാടകരോടും തന്റെ ചിത്രം എന്തുകൊണ്ട് പ്രദർശിപ്പിക്കുന്നില്ല എന്ന് കുഞ്ഞില നേരിട്ട് അന്വേഷിക്കുന്നു. അവർ മറുപടി നൽകാത്തതിനെ തുടർന്ന് കുഞ്ഞില ഉദ്ഘാടന വേദിയിൽ കയറി പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. ആ പ്രതിഷേധത്തോട് മാന്യമായി പ്രതികരിക്കുന്നതിന് പകരം പൊലീസിനെ ഉപയോ​ഗിച്ച് കുഞ്ഞിലയെ അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.

‘അസംഘടിതർ’ സിനിമയിൽ നിന്നും

കുഞ്ഞിലയുടെ ആ ഒറ്റയാൾ പോരാട്ടത്തെ തുടർന്ന് കേരള ചലച്ചിത്ര അക്കാദമിയുടെ സമീപനത്തിനെതിരെയും ഫെസ്റ്റിവൽ നടത്തിപ്പിനെതിരെയും വ്യാപകമായ പ്രതിഷേധങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നുവരാൻ തുടങ്ങി. അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും എന്തുകൊണ്ട് മലയാളി സ്ത്രീ സംവിധായകരുടെ ചിത്രങ്ങൾ ഒഴിവാക്കപ്പെട്ടുവെന്നുമുള്ള ചോദ്യങ്ങൾ ആസ്വാദകരും സിനിമാ പ്രവർത്തകരും ഉയർത്തി. സ്ത്രീകൾക്ക് വേണ്ടി എന്ന പേരിൽ നടത്തുന്ന ഒരു ചലച്ചിത്രമേളയിൽ സ്ത്രീകളെ ഒഴിവാക്കുന്നതിലെ വൈരുദ്ധ്യം സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായി. സിനിമ പിൻവലിച്ചും ഐക്യദാർഢ്യം പരസ്യമായി പ്രകടിപ്പിച്ചും നിരവധി വനിതാ ചലച്ചിത്ര പ്രവർത്തകർ കുഞ്ഞിലയ്ക്ക് പിന്തുണയുമായി എത്തി.

അക്കാദമിയുടെ ന്യായങ്ങൾ

മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ആകെ നാല് സിനിമകളും രണ്ട് ഡോക്യുമെന്ററികളുമാണ് മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ താരാ രാമാനുജൻ സംവിധാനം ചെയ്ത ‘നിഷിദ്ധോ’യും, മിനി ഐ.ജി സംവിധാനം ചെയ്ത ‘ഡിവോഴ്‌സും’ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) നിർമ്മിച്ചവയാണ്. ഐഷ സുൽത്താന സംവിധാനം ചെയ്ത ‘ഫ്‌ളഷ്’, വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘വൈറൽ സെബി’ എന്നിവയാണ് മറ്റ് രണ്ട് സിനിമകൾ.

“ഫെസ്റ്റിവൽ ഡിവിഷൻ ആണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്. 26ാമത് ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ച ലോക സിനിമകളിൽ നിന്നും അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിൽ ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ററികളിൽ നിന്നുമാണ് പ്രധാനമായും സിനിമകൾ തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് ദിവസമായി നടക്കുന്ന മേളയിൽ രണ്ട് തീയേറ്ററുകൾ മാത്രമാണുള്ളത്. ക്യുറേറ്റഡ് ആയ പാക്കേജുകളല്ല ഉള്ളത്. അത്രയും ലോം​ഗ് പ്രോസസിനുള്ള സമയമില്ലായിരുന്നു. വളരെ പെട്ടെന്ന് ആലോചിച്ച് നടത്തിയ ഫെസ്റ്റിവലാണ്. അതിൽത്തന്നെ അൺറിലീസ്ഡ് ആയ ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് സെലക്ട് ചെയ്തിട്ടുള്ളത്.” കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയി സി പ്രതികരിച്ചു.

വനിതാ ചലച്ചിത്രമേളയിലെ കുഞ്ഞിലയുടെ പ്രതിഷേധം

സംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന ഫിലിം ഫെസ്റ്റിവലിനെ കുറിച്ചുള്ള വിവരങ്ങൾ ചലച്ചിത്ര അക്കാദമിയുടെയോ ഐ.എഫ്.എഫ്.കെയുടെയോ വെബ്‌സൈറ്റുകളില്ലല്ലോ എന്ന ചോദ്യത്തിന് ഫെയ്‌സ്ബുക്ക് പേജിൽ പതിവായി പുതിയ കാര്യങ്ങൾ കൊടുക്കാറുണ്ടെന്നാണ് മറുപടി ലഭിച്ചത്. റിലീസ് ചെയ്യാത്ത സിനിമകൾ എന്ന നിബന്ധന മലയാള സിനിമകൾക്ക് മാത്രമാണ് ബാധകമെന്ന് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന സുധാ കൊങ്കര സംവിധാനം ചെയ്ത തമിഴ് സിനിമ ‘സൂററൈ പോട്ര്’ തെളിയിക്കുന്നു. ആമസോൺ പ്രൈം എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിൽ 2020 ഒക്ടോബർ 30ന് റിലീസ് ചെയ്ത സിനിമയാണ് ‘സൂററൈ പോട്ര്’. ‘അസംഘടിതർ’ എന്ന സിനിമ അത് ഉൾപ്പെടുന്ന ആന്തോളജി സിനിമയിൽ നിന്ന് എടുത്ത് പ്രത്യേകം പ്രദർശിപ്പിക്കാൻ സാങ്കേതിക തടസങ്ങൾ ഉണ്ടെന്നാണ് അക്കാദമിയുടെ പ്രതികരണം. എന്നാൽ മുൻ വർഷങ്ങളിൽ ഇതേ മേളയിൽ തന്നെ അത്തരത്തിൽ ആന്തോളജി സിനിമയിൽ നിന്നുമെടുത്ത്, ഹ്രസ്വ ചിത്രമായി സിനിമകൾ പ്രദർശിപ്പിച്ചിട്ടുണ്ട് എന്ന കാര്യം പലരും ചൂണ്ടിക്കാണിച്ചതും അക്കാദമിയെ പ്രതിരോധത്തിലാക്കി.

കുഞ്ഞിലാ മാസിലാമണിയുടെ പ്രതിഷേധത്തെ തുടർന്ന് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാനിരുന്ന ‘വൈറൽ സെബി’ എന്ന ചിത്രം സംവിധായിക വിധു വിൻസെന്റ് പിൻവലിച്ചിരുന്നു. എന്നാൽ ഈ പ്രതിഷേധങ്ങളോടെല്ലാം നിഷേധാത്മകമായ പ്രതികരണമാണ് അക്കാദമിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. “ഫിലിം ഫെസ്റ്റിവലുകളിൽ പലതരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകും. അതെല്ലാം വളരെ ജനാധിപത്യപരമായാണ് അക്കാദമി സ്വീകരിക്കുന്നത്. പ്രതിഷേധിക്കുന്നവർക്ക് പ്രതിഷേധിക്കാം.” അക്കാദമി സെക്രട്ടറി അജോയി സി പറയുന്നു.

സുതാര്യമല്ലാത്ത തിരഞ്ഞെടുക്കലും പുറന്തള്ളലും

“കഴിഞ്ഞ വനിതാ ഫിലിം ഫെസ്റ്റിവലിന് ഫെസ്റ്റിവൽ ഡയറക്ടർ എന്നൊരു തസ്തിക ഉണ്ടായിരുന്നു. അത് ഒരു പുരുഷനായിരുന്നു. എന്തുകൊണ്ട് ഒരു സ്ത്രീയെ വനിതാ ഫിലിം ഫെസ്റ്റിവലിൽ ഒരു ഫെസ്റ്റിവൽ ഡയറക്ടറായി നിയമിച്ചില്ല എന്നത് ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ ഇത്തവണ ആ പോസ്റ്റ് നീക്കം ചെയ്യുകയാണുണ്ടായത്. പ്രോഗ്രാം കമ്മിറ്റിയിൽ ആകെ ഒരു സ്ത്രീയാണുള്ളത്. പ്രധാനപ്പെട്ട പോസ്റ്റുകളിലൊന്നും സ്ത്രീകളില്ല. സിനിമകളുടെ തിരഞ്ഞെടുപ്പിന് മാനദണ്ഡങ്ങളുണ്ടാകണമെന്നതും സുതാര്യമാക്കണമെന്നതും ഈ ഫെസ്റ്റിവൽ തുടങ്ങിയ കാലം മുതലേ ഉള്ള ആവശ്യമാണ്. അക്കാദമി അത് ഇപ്പോഴും പരി​ഗണിച്ചിട്ടില്ല.” ചലച്ചിത്ര പ്രവർത്തകനായ പ്രതാപ് ജോസഫ് പറയുന്നു. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ കൃത്യമായ മാനദണ്ഡം വേണം എന്ന ആവശ്യം പരി​ഗണിക്കാതെ പോയതാണ് ഈ വർഷത്തെ പ്രതിഷേധത്തിനും കാരണമായിത്തീർന്നത്.

പ്രതാപ് ജോസഫ്

“കോഴിക്കോട് നടക്കുന്ന ഒരു ഫിലിം ഫെസ്റ്റിവലിനെ കുറിച്ച് കുഞ്ഞിലയുടെ പോസ്റ്റ് കാണുമ്പോൾ മാത്രമാണ് ഞാൻ അറിയുന്നത്. ചിലപ്പോൾ അവരുടെ സംവിധായകരുടെ ലിസ്റ്റിൽ എന്റെ പേര് വന്നിട്ടുണ്ടാകില്ല. ഞാൻ അവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകില്ല.” ചിരിച്ചുകൊണ്ട് ‘പുഴു’ സിനിമയുടെ സംവിധായിക റത്തീന പറഞ്ഞു. “ഫിലിം ഫെസ്റ്റിവൽ നടക്കുന്നതിനെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് ഫെസ്റ്റിവലിൽ ‘പുഴു’ ഇല്ലല്ലോ എന്ന കാര്യം അന്വേഷിക്കുന്നത്. അപ്പോഴാണ്, 2020-2021 കാലഘട്ടങ്ങളിൽ പൂർത്തിയായ സിനിമകളാണ് മേളയ്ക്ക് തിരഞ്ഞെടുത്തിട്ടുള്ളത് എന്ന് അക്കാദമി മറുപടി നൽകുന്നത്. അവരുടെ മാനദണ്ഡത്തിൽ പെടാത്തതുകൊണ്ട് സിനിമ ഇല്ലാത്തതിൽ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും തോന്നിയിരുന്നില്ല. പക്ഷെ മേളയെക്കുറിച്ചുള്ള കാര്യങ്ങൾ അക്കാദമിക്ക് നേരത്തെതന്നെ പുറത്തുവിടാമായിരുന്നു.” റത്തീന പറഞ്ഞു.

റത്തീന

ഒരു മലയാളി സംവിധായികയുടെ പ്രയത്നങ്ങൾ തീർച്ചയായും അം​ഗീകരിക്കപ്പെടേണ്ടതുണ്ടെന്നും എങ്കിൽ മാത്രമേ കൂടുതൽ സ്ത്രീകൾ സിനിമാ രംഗത്തേക്ക് എത്തുകയുള്ളൂവെന്നും സംവിധായിക വിധു വിൻസന്റ് പ്രതികരിച്ചു. “നമുക്ക് പറയാൻ ആകെ കുറച്ച് സ്ത്രീ സംവിധായകരെ ഉള്ളൂ. അപ്പോൾ ആ ആന്തോളജിയിൽ ഉൾപ്പെടുന്ന അസംഘടിതർ എന്ന ചിത്രം പ്രദർശിപ്പിക്കുന്നതിൽ എന്താണ് കുഴപ്പം? അതിന് പുറകിലുള്ള പ്രയത്നം വളരെ പ്രധാനമാണ്. അതിനെ റദ്ദ് ചെയ്തുകൊണ്ടല്ല നമ്മൾ ഇത്തരത്തിലുള്ള മേളകൾ ഒരുക്കേണ്ടത്. കേരള സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ച ചിത്രമാണ് ഫ്രീഡം ഫൈറ്റ്. അതിനകത്ത് വന്ന ചിത്രമാണ് അസംഘടിതർ. കോഴിക്കോട്ട് നടന്ന സമരത്തെ അഡ്രസ് ചെയ്ത, കോഴിക്കോട്ടുകാരിയായ ഒരു സ്ത്രീ ചെയ്ത സിനിമ കൂടിയാണ് അത്. അങ്ങനെ പല നിലക്കും കോഴിക്കോട് നടന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ വരേണ്ട സിനിമയാണ് അത്. ഒരു കൈകൊണ്ട് അനുഗ്രഹിക്കുകയും മറ്റെ കൈ കൊണ്ട് അടിച്ചിടുകയും ചെയ്യുന്ന പരിപാടിയാണ് ഇത്.” വിധു വിൻസന്റ് അഭിപ്രായപ്പെട്ടു.

വിധു വിൻസന്റ്

“ലോകം മുഴുവൻ നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ് ലിംഗവിവേചനം. അത് കേരളത്തിലും പ്രകടമാണ് എന്നതിന് തെളിവാണ് ഇതൊക്കെ. ഐ.എഫ്.എഫ്.കെയിൽ ‘റൺ കല്യാണി’ തിരഞ്ഞെടുക്കാത്തത് ജൂറിയുടെ ഡിസിഷനെന്നാണ് മറുപടി ലഭിച്ചത്. എന്നാൽ ആ വർഷം കാണിച്ച പല സിനിമകളും റിലീസ് ചെയ്ത സിനിമകളാണ്. ഇതിൽ ഒരു പോളിസി ഡിസിഷൻ അക്കാദമി എടുക്കേണ്ടതാണ്. ടാക്‌സ് പെയേഴ്‌സിന്റെ കാശ് വെച്ച് നടത്തുന്ന ഫെസ്റ്റിവലാണ്. ഫെസ്റ്റിവലിന്റെ ക്യാരക്ടർ എന്താണെന്ന് അവർ തീരുമാനിച്ച് സെലക്ഷൻ കമ്മിറ്റിക്ക് നിർദ്ദേശം കൊടുക്കണം. സ്ത്രീകളെ സംബന്ധിച്ച് സിനിമ എടുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഫിലിം ഫീൽഡ് ഇക്വൽ ലെവൽ പ്ലേയിം​ഗ് ഗ്രൗണ്ട് അല്ല. അതുകൊണ്ട് അവർക്ക് വേണ്ട അംഗീകാരവും പ്രോത്സാഹനവും നൽകേണ്ടതുണ്ട്. അല്ലാതെ ഫേവേഴ്‌സ് ആന്റ് ഫ്രണ്ട്ഷിപ്‌സിന്റെ പുറത്തല്ല സിനിമ തിരഞ്ഞെടുക്കേണ്ടത്.” സംവിധായിക ജെ ഗീത പ്രതികരിച്ചു.

ജെ ഗീത

“ഒരു ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ച വനിതാ സംവിധായികയെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയ രീതി ഞെട്ടിക്കുന്നതാണ് . ചലച്ചിത്രമേളയുടെ വേദികളിൽ എത്രയോ വിഷയങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. അന്നൊന്നും ആ പ്രതിഷേധങ്ങളെ നേരിട്ടത് പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തിട്ടല്ല.” സംവിധായകൻ ഡോ. ബിജു പറഞ്ഞു.

“കുഞ്ഞില ഉയർത്തിയ പ്രതിഷേധത്തിൽ ന്യായമായ ഒരു ചോദ്യമുണ്ട്. വനിതാ ചലച്ചിത്ര മേളയിലേക്ക് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ എന്തെങ്കിലും മാനദണ്ഡങ്ങളോ നിയമാവലിയോ ഉണ്ടോ? അക്കാദമിയിലെ ചില ആളുകൾക്ക് അവർക്ക് ഇഷ്ടമുള്ള ചില ആളുകളുടെ സിനിമ പ്രദർശിപ്പിക്കുക എന്നതാണ് നിലവിലെ രീതി. ഒ.ടി.ടി യിൽ വന്ന സിനിമകൾ ഒഴിവാക്കി പുതിയ സിനിമകൾക്ക് അവസരം നൽകി എന്നതാണ് അക്കാദമി പറയുന്ന ന്യായം. അപ്പോൾ സ്വാഭാവികമായി ഒരു ചോദ്യം കൂടി ഉയരും. ഐ.എഫ്.എഫ്.കെയിലും ഈ നിയമം നടപ്പിലാക്കുമോ? ഐ.എഫ്.എഫ്.കെയിൽ വർഷങ്ങളായി സ്വതന്ത്ര സംവിധായകർ ആവശ്യപ്പെടുന്ന ഒന്നാണ് തിരഞ്ഞെടുക്കപ്പെടുന്ന മലയാള സിനിമകൾ കേരളാ പ്രീമിയർ ആയിരിക്കണം എന്നത്. വനിതാ ചലച്ചിത്ര മേളയിൽ ഒ.ടി.ടി റിലീസ് ചെയ്ത സിനിമകൾ അക്കാദമി ഒഴിവാക്കിയെങ്കിൽ ഐ.എഫ്.എഫ്.കെയിലും അത് നടപ്പാക്കാൻ അക്കാദമി തയ്യാറാകണം.” ഡോ. ബിജു ചൂണ്ടിക്കാണിച്ചു.

ഡോ. ബിജു

ചലച്ചിത്ര അക്കാദമി നടത്തുന്ന ഐ.എഫ്.എഫ്.കെ അടക്കുമുള്ള മേളകളിൽ സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആക്ഷേപങ്ങൾ വർഷങ്ങളായി പരിഹരിക്കപ്പെടാതെ തുടരുകയാണ്. സ്വതന്ത്ര സിനിമകളും വനിതാ സംവിധായകരുടെ സിനിമകളും തുർച്ചയായി ഒഴിവാക്കപ്പെടകയും തീയേറ്ററിൽ റിലീസ് ചെയ്ത സിനിമകൾ പതിവായി അത്തരം വേദികൾ കയ്യടക്കുകയും ചെയ്യുന്നു. ചലച്ചിത്രമേളകളിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുകയും ഐ.എഫ്.എഫ്.കെയിൽ കേരള പ്രീമിയർ (പ്രസ്തുത സിനിമകളുടെ കേരളത്തിലെ ആദ്യ പ്ര​ദർശനം) നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് അക്കാദമിയുടെ സ്ഥാപിത താത്പര്യങ്ങളെ മറികടക്കാനുള്ള മാർ​ഗം എന്നാണ് ചലച്ചിത്രപ്രവർത്തകർ വ്യാപകമായി ആവശ്യപ്പെടുന്നത്.

പി.കെ റോസി ഫെസ്റ്റിവലിലും ഇല്ല സ്ത്രീകൾ

സ്ത്രീ സംവിധായകരുടെ സിനിമകൾക്ക് ഇടം ലഭിക്കാതെ പോകുന്ന പ്രശ്നം കേരള ചലച്ചിത്ര അക്കാദമിയുടെ സമീപനത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. മലയാള സിനിമയിലെ ആദ്യ നായികയായ പി.കെ റോസിയുടെ പേരിൽ നടന്ന ചലച്ചിത്രോത്സവത്തിൽ പോലും സ്ത്രീ സിനിമകൾക്ക് ഇടം കിട്ടാതെ പോയിട്ടുണ്ട്. 2022 ഏപ്രിൽ 9 ന് തമിഴ് സിനിമാ സംവിധായകൻ പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കൾച്ചറൽ സെന്റർ സംഘടിപ്പിച്ച വാനം ആർട് ഫെസ്റ്റിവലിനോട് അനുബന്ധമായി പി.കെ റോസി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ ആകെ 13 സിനിമകളാണ് പ്രദർശിപ്പിച്ചിരുന്നത്. ദലിത് സ്ത്രീയായിരുന്ന പി.കെ റോസിയുടെ പേരിൽ നടത്തിയ ആ മേളയിൽ പോലും ഒരു ദലിത് സംവിധായികയുടെ സിനിമ ഉൾപ്പെടുത്താൻ സംഘാടകർക്ക് കഴിഞ്ഞില്ല. ആന്റി-കാസ്റ്റ് മൂവീസ് ആണ് സെലക്ട് ചെയ്തിരുന്നതെന്നും കൊമേഴ്‌സ്യൽ സിനിമകളും വർത്തമാനകാല പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന സിനിമകളുമാണ് തിരഞ്ഞെടുത്തത് എന്നുമാണ് വാനം ആർട് ഫെസ്റ്റിവലിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.

പി.കെ റോസി ഫെസ്റ്റിവൽ ഷെഡ്യൂൾ

“പി.കെ റോസി എന്ന ആദ്യ സിനിമാ നടിയായ ദലിത് സ്ത്രീയെ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായിട്ടാകാം ഒരുപക്ഷെ ഇപ്പോൾ ഓർഗനൈസ് ചെയ്യുന്ന പല പരിപാടികളിലും അവരുടെ പേര് കൂടി ചേർക്കുന്നത്. പക്ഷെ അത്തരം തിരിച്ചുപിടിക്കലിന് ഒട്ടും യോജിക്കാത്ത തരത്തിലാണ് പരിപാടികൾ ഓർഗനൈസ് ചെയ്യപ്പെടുന്നത്. ഒരു സ്ത്രീയുടെ പോലും സിനിമ ഉൾപ്പെടുത്താതെയാണ് വിവേചനങ്ങൾക്ക് എതിരായും ഇൻക്ലൂസിവിറ്റിക്ക് വേണ്ടിയും വാദിക്കുന്ന ആൾക്കാർ നടത്തിയ ഫിലിം ഫെസ്റ്റിവലുകൾ പോലും സംഘടിപ്പിക്കപ്പെടുന്നത്. അപ്പോൾ എന്ത് ചേർത്തുപിടിക്കലാണ് നടക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ലീന മണിമേഖലൈ സംവിധാനം ചെയ്ത ‘മാടത്തി’യൊക്കെ സ്‌ക്രീൻ ചെയ്യാമായിരുന്നതാണ്.” റിക്ടർ സ്‌കെയിൽ 7.6 എന്ന ചിത്രത്തിന്റെ സംവിധായിക ജീവ കെ.ജെ പറയുന്നു.

ജീവ കെ.ജെ

“എന്റെ സിനിമ ഐ.എഫ്.എഫ്.കെയിൽ സെലക്ട് ചെയ്യപ്പെട്ടില്ല എന്ന ഒറ്റക്കാരണം കൊണ്ട് പല ഫെസ്റ്റിവലുകളിൽ നിന്നും തഴയപ്പെട്ടിട്ടുണ്ട്. സർക്കാർ നടത്തുന്ന ചില ഫെസ്റ്റിവലുകളിൽ വന്നാൽ മാത്രമേ മറ്റ് സ്ഥലങ്ങളിൽ സ്‌പെയ്‌സ് കിട്ടൂ. തീർച്ചയായും കോഴിക്കോട് സ്‌ക്രീൻ ചെയ്യേണ്ട സിനിമ തന്നെയാണ് അസംഘടിതർ. ചലച്ചിത്ര അക്കാദമി പറയുന്ന ന്യായീകരണങ്ങളാണ് അവരുടെ ക്രൈറ്റീരിയയെങ്കിൽ എന്തുകൊണ്ട് അവർ അത് ആദ്യം തന്നെ പറഞ്ഞില്ല? നമ്മുടെ ഫിലിം ഫെസ്റ്റിവലുകളുടെ ഉദ്ദേശങ്ങളിൽ പ്രധാനം കേരളത്തിലെ സംവിധായകരെ പ്രോത്സാഹിപ്പിക്കുക, പുതിയ സംവിധായകരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്. വേറെ ഭാഷകളിൽ നിന്നും ഒ.ടി.ടി റിലീസായ സിനിമകൾ എടുക്കാം, പക്ഷേ കേരളത്തിലെ സിനിമകൾ എടുക്കില്ല എന്ന് പറയുമ്പോൾ എന്ത് പ്രോത്സാഹനമാണ് ഇവിടെ ലഭിക്കുന്നത്?” ജീവ ചോദിക്കുന്നു.

“2020 ജനുവരിയിൽ എന്റെ സിനിമ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. അപ്പോൾ മാത്രമാണ് ഇങ്ങനെയൊരു ഫിലിം ഫെസ്റ്റിവൽ ഉള്ള കാര്യമറിയുന്നത്. അതൊരു പ്രിവിലേജ് ആയിരുന്നു.” ജീവ പറഞ്ഞു.

റൺ കല്യാണി പോസ്റ്റർ

‌സ്ത്രീകളുടെ സിനിമകൾ ഉൾപ്പെടുത്തപ്പെടണം എന്ന് സ്ത്രീകൾ ഏറ്റവും ശക്തമായി വാദിക്കേണ്ട ഒരു സ്ഥലത്ത് തന്നെയാണ് കുഞ്ഞിലയുടെ പ്രസക്തമായ പ്രതിഷേധം ഉയർന്നുവന്നത്. അതുകൊണ്ടുതന്നെ അതിന് വ്യാപകമായ പിന്തുണ കിട്ടുകയും ചെയ്തു. തുടർ ദിവസങ്ങളിൽ കൂടുതൽ ചലച്ചിത്ര പ്രവർത്തകർ അക്കാദമിയുടെ നിലപാടിനെതിരെ രം​ഗത്തുവന്നു. എന്നാൽ, തലപ്പത്ത് ഇരിക്കുന്നവർ മാറിയിട്ടും അക്കാദമിക്ക് മാറ്റമുണ്ടാകുന്നില്ല എന്ന് ഉറപ്പിക്കുകയാണ് സ്ത്രീകളുടെ കഥ പറയുന്ന ‘റൺ കല്യാണി’യും ‘അസംഘടിതരും’ എല്ലാം നേരിടുന്ന സ്ഥിരം അവ​ഗണന.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

July 19, 2022 5:54 pm