Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടും മുമ്പ് ഫിൽറ്റർ ഉപയോഗിച്ച് മുഖക്കുരു എഡിറ്റ് ചെയ്യും. എനിക്ക് നല്ലപോലെ ഇൻസെക്യൂരിറ്റി ഉണ്ട്. ക്ലിയർ സ്കിനുള്ള ആളുകളെ കാണുമ്പോ എനിക്ക് അതുപോലെ വേണം എന്ന് തോന്നാറുണ്ട്.”
കൊല്ലം സ്വദേശിയായ 20 വയസുള്ള ഐശ്വര്യയുടെ വാക്കുകളാണിത്. ‘ക്ലിയർ സ്കിൻ’ എന്നതിലൂടെ ഐശ്വര്യ ഉദ്ദേശിക്കുന്നത് മുഖത്ത് കുരുക്കളില്ലാത്ത, യാതൊരു പാടുകളുമില്ലാത്ത, കണ്ണാടി പോലെ തിളങ്ങുന്ന സ്കിൻ എന്നാണ്. എന്നാൽ അങ്ങനെ ആകില്ല എല്ലാ മനുഷ്യരുടെയും സ്കിൻ എന്നാണ് പൊതുവിൽ മനസ്സിലാക്കാൻ കഴിയുന്നത്. പക്ഷേ, എല്ലാ സ്കിന്നും അങ്ങനെ മാറ്റിയെടുക്കാം എന്ന അവകാശവാദമാണ് ബ്യൂട്ടി വ്ലോഗേഴ്സ് മുന്നോട്ടുവയ്ക്കുന്നത്. സൗന്ദര്യത്തെ കുറിച്ച് അവർ സൃഷ്ടിക്കുന്ന ‘സ്റ്റാൻഡേർഡ്സ്’ ഫോളോവേഴ്സിനിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ആ ബ്യൂട്ടി അളവുകോലുകൾക്ക് പുറത്തുള്ളവർ വല്ലാതെ അപകർഷതയും ബുള്ളിയിങ്ങും നേരിടേണ്ടിവരുന്നു.
ആരാണ് ബ്യൂട്ടി ഇൻഫ്ലുവൻസേഴ്സ് ?
സിനിമാ താരങ്ങൾ, മോഡലുകൾ, മാഗസിൻ മോഡലുകൾ എന്നിവരെയായിരുന്നു ബ്യൂട്ടി ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട പരസ്യങ്ങളിൽ മുൻപ് നാം കണ്ടിരുന്നത്. എന്നാൽ യൂട്യൂബ്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പെട്ടെന്നുണ്ടായ വളർച്ച ‘ബ്യൂട്ടി വ്ലോഗേഴ്സ്’ എന്ന ഒരു പുതിയ വിഭാഗത്തെ സൃഷ്ടിച്ചു. സൗന്ദര്യം, ഫാഷൻ, ചർമ്മസംരക്ഷണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവരുടെ കണ്ടന്റ്. ഈ വീഡിയോയ്ക്ക് ലഭിക്കുന്ന കാഴ്ചക്കാരുടെ എണ്ണം അനുസരിച്ച് ഇവർക്ക് യൂട്യൂബിൽ നിന്ന് വരുമാനം ലഭിക്കുന്നു. ഇത്തരം കണ്ടന്റുകളുടെ ഭാഗമായി സൗന്ദര്യ സംരക്ഷണത്തിനായുള്ള വസ്തുക്കൾ, മേക്കപ്പ് ഐറ്റംസ് എന്നിവ ഇവർ തങ്ങളുടെ ഫോളോവേഴ്സിനായി പരിചയപ്പെടുത്തുക പതിവാണ്. ഇവർ പരിചയപ്പെടുത്തുന്ന പ്രോഡക്റ്റുകൾ നിർമ്മിക്കുന്ന കമ്പനികളിൽ നിന്ന് ഇവർക്ക് വരുമാനം ലഭിക്കുന്നുണ്ട്.
മാർക്കറ്റിലെത്തുന്ന പുതിയ പ്രോഡക്റ്റുകളെ കുറിച്ച് ഇന്ന് ആളുകൾക്ക് വിവരം നൽകുന്നത് ഇത്തരം ബ്യൂട്ടി വ്ലോഗേഴ്സാണ്. അഫിലിയേറ്റ് മാർക്കറ്റിംഗ് വഴിയും ഇവർക്ക് വരുമാനമുണ്ടാക്കാൻ സാധിക്കും. കണ്ടന്റ് ക്രിയേറ്റേഴ്സ് പ്രമോട്ട് ചെയ്യുന്ന വസ്തുക്കൾക്കൊപ്പം അത് വാങ്ങാനുള്ള ലിങ്കും നൽകുന്നു. ഈ ലിങ്കുകളിലൂടെ വാങ്ങുന്ന ഫോളോവേഴ്സിന് വിലയിൽ ഓഫർ ലഭിക്കും. ഈ ലിങ്ക് വഴി ഉപഭോക്താക്കൾ വാങ്ങുമ്പോൾ വിൽപ്പനയുടെ ഒരു ശതമാനം കണ്ടന്റ് ക്രിയേറ്റർക്ക് ലഭിക്കുന്നു.


കേരളത്തിലെ ബ്യൂട്ടി ഇൻഫ്ലുവൻസർമാർ
സമൂഹ മാധ്യമങ്ങളിലൂടെ ചെറിയ ബ്യൂട്ടി ടിപ്പുകളും വീട്ടിൽ തന്നെ ചെയ്യാവുന്ന ചർമ്മ സംരക്ഷണവും ഒക്കെയായിരുന്നു ആദ്യമൊക്കെ കേരളത്തിലെ ബ്യൂട്ടി ഇൻഫ്ലുവൻസർമാർ കണ്ടന്റുകളാക്കിയിരുന്നത്. സോഷ്യൽ മീഡിയയുടെ വളർച്ചയും ഇൻഫ്ലുവൻസ് മാർക്കറ്റിങ്ങും ബ്യൂട്ടി വ്ലോഗിങ്ങ് ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിലേക്ക് നയിച്ചു. ഇന്റർനാഷണൽ ബ്രാന്റുകളുടെ പ്രോഡക്റ്റുകൾ വരെ പ്രമോട്ട് ചെയ്യുന്ന ഇൻഫ്ലുവൻസർമാർ കേരളത്തിലുണ്ട്. അവർ ഇന്ന് വലിയ സെലിബ്രിറ്റികളുമാണ്. ചർമ്മ-കേശ സംരക്ഷണം, മേക്കപ്പ്, ഫാഷൻ, സ്റ്റൈലിങ്ങ് സംബന്ധിച്ച് അറിവുകൾ സമൂഹത്തിന് പകരുന്നതിൽ ഇവർ പങ്കുവഹിച്ചിട്ടുണ്ട്. ഈ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ, പുതിയ ട്രെന്റുകൾ, പ്രോഡക്റ്റുകൾ എന്നിവ ഇവർ കണ്ടന്റുകളാക്കാറുണ്ട്. വീട്ടമ്മമാരും യുവതികളാണുമാണ് കേരളത്തിലെ ബ്യൂട്ടി വ്ലോഗേഴ്സിൽ കൂടുതലും. അതിൽ തന്നെ ബ്യൂട്ടി കോസ്മെറ്റിക്സ് സംബന്ധിച്ച് സർട്ടിഫൈഡ് കോഴ്സ് പാസായവരും ഉണ്ട്. ബ്യൂട്ടി കോസ്മെറ്റിക്സ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ കേരളത്തിലെ ആളുകൾ വലിയ രീതിയിൽ ഇവരെ വിശ്വസിക്കുന്നുണ്ടെന്ന് ഇവരുടെ ഫോളോവേഴ്സിന്റെ എണ്ണവും കമന്റുകളും നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
എറണാകുളം ജില്ലയിലെ കോളേജ് വിദ്യാർത്ഥിനികൾക്ക് ഇടയിൽ നടത്തിയ പഠനം പറയുന്നത് 45 ശതമാനം പേർ ഫാഷൻ ബ്യൂട്ടി വ്ലോഗേഴ്സിനെ വിശ്വസിക്കാവുന്ന സോഴ്സ് ആയി കാണുന്നു എന്നാണ്. 31 ശതമാനം പേർ പറയുന്നത് ഇൻഫ്ലുവൻസേഴ്സിന്റെ പ്രോഡക്റ്റ് റിവ്യൂവിൽ വിശ്വാസമുണ്ടെന്നാണ്. ഇൻഫ്ലുവൻസേഴ്സ് പറയുന്ന ശിപാർശകൾ 32 ശതമാനം പേരെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. 41 ശതമാനം പേർ അവരുടെ തിരഞ്ഞെടുപ്പുകളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും പഠനം പറയുന്നു
ബ്ലൂട്ടി വ്ലോഗിങ്ങും വാർപ്പ് സൗന്ദര്യ മാതൃകകളും
സൗന്ദര്യ സങ്കൽപ്പം എന്നത് എപ്പോഴും സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒന്നാണ്. മിക്കവാറും സിനിമാ താരങ്ങളെയും മോഡലുകളെയും അടിസ്ഥാനമാക്കിയാണ് സൗന്ദര്യ സങ്കൽപ്പം നിർവചിക്കപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ബ്യൂട്ടി ഇൻഫ്ലുവൻസർമാരാണ് സൗന്ദര്യം എന്നതിനെ പ്രധാനമായും നിർവചിക്കുന്നത്. നമ്മൾ ഏത് സൗന്ദര്യ സങ്കൽപ്പത്തെ ഉൾക്കൊള്ളണം, നമ്മൾ എന്ത് പ്രോഡക്റ്റ് വാങ്ങണം എന്ന് തുടങ്ങി നമ്മൾ നമ്മളെ എങ്ങനെ നോക്കിക്കാണം എന്ന് വരെ തീരുമാനിക്കുന്നത് അവരാണ്. സമൂഹത്തിന്റെ വ്യത്യസ്ത ഇടങ്ങളിൽ നിന്നുള്ളവരായതിനാൽ ആളുകൾക്ക് ഇവരോട് കൂടുതൽ അടുപ്പം തോന്നുക സ്വാഭാവികമാണ്. തങ്ങളെപ്പോലെ തന്നെ എന്ന ഒരു തോന്നലുണ്ടാക്കാൻ അത് സഹായിക്കുന്നു. മറ്റൊന്ന്, സോഷ്യൽ മീഡിയയിലെ ആശയ വിനിമയ സാധ്യതകൾ ഇൻഫ്ലുവൻസേഴ്സിനെ കൂടുതൽ എളുപ്പത്തിൽ സമീപിക്കാവുന്നവരാക്കി മാറ്റുന്നു. എന്നാൽ ഇത് ഗുണങ്ങളോടൊപ്പം പലതരത്തിലുള്ള പ്രശ്നങ്ങളിലേക്കും ഇത് നയിക്കുന്നുണ്ട്.
ബ്യൂട്ടി ഇൻഫ്ലുവൻസർമാർ പ്രോഡക്റ്റ് പ്രമോഷനുകൾക്കും വരുമാനത്തിനും വേണ്ടി ചെയ്യുന്ന കണ്ടന്റുകൾ പലപ്പോഴും ഡിജിറ്റൽ ഇടങ്ങളിലെ സൗന്ദര്യ അളവുകോലുകളായി (beauty standards) മാറുന്നുണ്ട്. World Journal of Biology Pharmacy and Health Sciences, 2025 ൽ പ്രസിദ്ധീകരിച്ച, തിരുവല്ല താലൂക്കിലെ 13നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഇടയിൽ നടത്തിയ പഠനം പറയുന്നത് അതിൽ പങ്കെടുത്ത 500 പേരിൽ 73 ശതമാനം (365) പേരും ശരീരവുമായി ബന്ധപ്പെട്ട് അസംതൃപ്തി (Body image dissatisfaction) ഉള്ളവരാണ് എന്നാണ്. 56 ശതമാനം പേരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്/മോഡൽസിനെ രൂപത്തിന്റ കാര്യത്തിൽ ആരാധനയോടെ കാണുന്നവരാണ്.
“ഇൻഫ്ലുവൻസർമാർ നമുക്ക് കൂടുതൽ സ്വീകാര്യമായി തോന്നാൻ കാരണം അതൊരു റിയൽ വ്യക്തിയാണല്ലോ? അല്ലാതെ പരസ്യത്തിൽ കാണുന്നതുപോലെ നടികളല്ല. നമ്മളെപ്പോലെ ഒരു വ്യക്തി എന്ന രീതിയിൽ നമുക്ക് അവരോട് ഒരു വിശ്വാസം വരുന്നു. എന്നാൽ ഇപ്പോൾ ഇൻഫ്ലുവൻസർ മാർക്കറ്റിങ്ങും ട്രഡീഷണൽ മാർക്കറ്റിങ്ങ് പോലെ തന്നെ ആയി. ആളുകൾക്ക് വേണ്ടതും ക്വിക് ഫിക്സസ് ആണ്.” കവിയും ആർട്ടിസ്റ്റുമായി അലീന പറയുന്നു.


കേരളത്തിലെ ആഘോഷിക്കപ്പെടുന്ന പല ബ്യൂട്ടി വ്ലോഗർമാരുടെയും പ്രധാനപ്പെട്ട കണ്ടന്റുകൾ ത്വക്ക്, മുടി, നിറം എന്നിവയുമായി ബന്ധപ്പെട്ടാണ്. ഇതിൽ ഏതെങ്കിലുമായി ബന്ധപ്പെട്ട് അവർ നേരിടുന്ന ഒരു പ്രശ്നം അവതരിപ്പിച്ചുകൊണ്ടാകും കണ്ടന്റ് തുടങ്ങുക. എന്നിട്ട് ആ പ്രശ്നം അവർക്ക് ഏറെ ബുദ്ധിമുട്ടാണ്ടാക്കി, ഈ പ്രോഡക്റ്റ് യൂസ് ചെയ്തപ്പോൾ അവരുടെ ആ പ്രശ്നം ഇല്ലാതെയായി എന്ന് പറയും. ഇവരുടെ ഫോളോവേഴ്സിനെ സംബന്ധിച്ച്, റിസൾട്ട് കിട്ടിയെന്ന് ഇൻഫ്ലുവൻസർമാർ പറയുന്നത് വളരെ വിശ്വാസയോഗ്യമായി തോന്നുകയും ചെയ്യും.
“നമ്മുടെ സ്കിന്നോ ഹെയറോ ആയി ബന്ധപ്പെട്ട് ഒരു പ്രശ്നം കൊണ്ടുവരും. എന്നിട്ട് അതിനുവേണ്ടി കുറേ പ്രോഡക്റ്റ് ഇറക്കുന്നത് പോലെ തോന്നിയിട്ടുണ്ട്. പല ബ്രാൻഡുകളും ഇതിനെ ബേസ് ചെയ്ത് കുറേ പ്രോഡക്റ്റ് ഇറക്കും. അത് ഇൻഫ്ലുവൻസേഴ്സ് പ്രമോട്ട് ചെയ്യും. കുറച്ച് നാൾ കഴിയുമ്പോൾ അടുത്ത പ്രശ്നം കൊണ്ടുവരും”. അധ്യാപികയും അഭിനേതാവും ഫ്രീലാൻസ് മോഡലുമായ അനീഷ മോഹൻ ചൂണ്ടിക്കാട്ടി.
“ഒരിടയ്ക്ക് റോസ്മേരി വാട്ടർ ട്രെൻഡിങ് ആയിരുന്നു. അതുപോലെ ട്രെന്റിങ്ങായിരുന്നു കൊറിയൻ സ്കിൻ. കൊറിയൻ സ്കിൻ പോലെ എങ്ങനെയാണ് ഇന്ത്യൻ സ്കിൻ ആവുക?” അനീഷ ചോദിക്കുന്നു


ബ്യൂട്ടി വ്ലോഗേഴ്സ് അനീഷ പറഞ്ഞതുപോലെ പലതരം ട്രെന്റ് കൾച്ചറുകൾ കണ്ടന്റുകളുടെ ഭാഗമായി പ്രചരിപ്പിക്കാറുണ്ട്. മോണിങ്ങ് സ്കിൻ കെയർ റുട്ടീൻ, നൈറ്റ് സ്കിൻ കെയർ, സമ്മർ സ്കിൻ കെയർ, ഹെയർ കെയർ റുട്ടീൻ, ഗെറ്റ് റെഡി വിത്ത് മീ എന്നിങ്ങനെ നീളുന്നു അവ. ഫേസ് വാഷും, മോയ്സചറൈസറിൽ നിന്നും ഫേസ് സ്ക്രബ്, സൺ സ്ക്രീൻ, ഫേസ് മാസ്ക്, ഫേസ് സിറം അങ്ങനെ നീളുന്നു ചർമ്മ സംരക്ഷണ പ്രോഡക്റ്റുകൾ. എട്ട് സ്റ്റെപ് ദൈർഘ്യമുള്ള ചർമ്മ സംരക്ഷണ രീതികൾ വരെയുണ്ട്. ഇതിനായി പല തരത്തിലുള്ള പ്രോഡക്റ്റുകൾ ഉപയോഗിക്കണം. സ്കിൻ സൈക്ലിങ്ങാണ് ഇപ്പോഴത്തെ ട്രെന്റിലൊന്ന്. മറ്റൊന്ന് കേശ സംരക്ഷണമാണ്. മുടി സ്മൂത്തായി, ഷൈനിങ്ങായി കിടക്കാനുള്ള ഷാമ്പുവും കണ്ടീഷണറും മുതൽ താരൻ മാറാൻ, മുടി കൊഴിച്ചിലിന്, മുടി വളരാൻ ഒക്കെയുള്ള പരിഹാരമായി ഹെയർ മാസ്ക്, ഹെയർ സിറം എന്നിങ്ങനെ ഓരോ പ്രോഡക്റ്റുകൾ വ്ലോഗേഴ്സ് അവതരിപ്പിക്കാറുണ്ട്.
ത്വക്ക് എന്നത് ശരീരത്തിലെ തന്നെ ഏറ്റവും വലിയ അവയവമാണ്. അതുകൊണ്ട് തന്നെ അത് ശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ സംരക്ഷിക്കപ്പെടേണ്ടതും അത്യാവശ്യമാണ്. പക്ഷേ, ഒരോ മനുഷ്യരുടെയും ത്വക്ക്, മുടി, ശരീരം എന്നവ വളരെ വ്യത്യസതമായിരിക്കും. ഇത്തരത്തിൽ ഇൻഫ്ലുവൻസമാർ പൊതുവായി പറയുന്ന പലതും എല്ലാവർക്കും ഒരു പോലെ സഹായകരമാകില്ല.
“ഇടയ്ക്കിടയ്ക്ക് ഓരോ പുതിയ സാധനങ്ങൾ ഇങ്ങനെ ഇഞ്ചക്ട് ചെയ്തിട്ട് അത് വെച്ചിട്ട് പ്രമോഷൻ നടത്തിക്കൊണ്ടിരിക്കും. ഒരു ഡെർമറ്റോളജിസ്റ്റിനെ കാണണമെന്നൊന്നും ആളുകൾ ചിന്തിക്കുന്നില്ല. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ സ്കിന്നിന്റെ പ്രശ്നം കാണിക്കാൻ ഹോസ്പിറ്റലിൽ പോയിരുന്നു. അപ്പോഴാണ് ഞാൻ അറിയുന്നത് സ്കിൻ ടെസ്റ്റ് ചെയ്യാൻ ലാബ് ഉണ്ടെന്ന്. ബ്ലഡ് ടെസ്റ്റ് ചെയ്യുന്നതുപോലെ സ്കിൻ എടുത്ത് ടെസ്റ്റ് ചെയ്ത്, എന്താണ് പ്രശ്നം എന്നും സൊല്യൂഷനെന്നും പറഞ്ഞുതരും. ഇത് ഇന്നും എത്രപേർക്ക് അറിയാം?” അനീഷ ചോദിക്കുന്നു.
“എന്തെങ്കിലും എളുപ്പവഴി ഉണ്ടോ എന്നാണ് നമ്മൾ നോക്കുന്നത്. ഹോസ്പിറ്റലിൽ പോകുന്ന ബുദ്ധിമുട്ടില്ല, കൺസൾട്ടിംഗ് ഫീ ഇല്ല, ഈസി അപ്രോച്ചാണ്. എല്ലാം ഇപ്പോൾ അങ്ങനെയാണ്. അൺ റിയലിസ്റ്റിക് സ്റ്റാൻഡേർഡ് ആണ് ഇവർ സെറ്റ് ചെയ്യുന്നത്. ഈ പ്രമോട്ട് ചെയ്യുന്ന പ്രോഡക്റ്റ് അവർക്ക് വർക്ക് ചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ എല്ലാവർക്കും അത് വർക്കാവില്ല. നമുക്കെല്ലാവർക്കും ഉള്ള സാധാരണ കാര്യങ്ങളാണ് ഇവർ പ്രശനമായി പറയുന്നത്. ഉദാഹരണത്തിന് സ്ട്രച്ച് മാർക്ക് നമ്മുടെ ശരീരം വണ്ണം വയ്ക്കുമ്പോഴും കുറയുമ്പോഴും ഉണ്ടാകുന്നതാണ്. വളരെ നോർമ്മലാണത്. നമ്മൾ ഒരു ഡെർമറ്റോളജിസ്റ്റിനോട് ചോദിച്ചാൽ അവർ പറയും ഇത് ഒഴിവാക്കാൻ പറ്റുന്നതല്ല, ഒരുപരിധി വരെ നമുക്ക് കുറയ്ക്കാമെന്ന്. എന്നാൽ ഇൻഫ്ലുവൻസേഴ്സ് പറയുന്നത് ഈ പ്രോഡക്റ്റ് യൂസ് ചെയ്താൽ ഇത് പൂർണമായും മാറും എന്ന്. അത് ആളുകളെ ചീറ്റ് ചെയ്യുകയാണ്. ഒപ്പം സ്ട്രെച്ച് മാർക്ക് മോശമാണെന്നും അതുണ്ടെങ്കിൽ എന്തോ കുറവാണെന്നുമുള്ള തോന്നലുണ്ടാക്കുന്നു.” ആസ്റ്റർ മെഡിസിറ്റിയിലെ ഡോ. റെയ്ന റോയ് കേരളീയത്തോട് പറഞ്ഞു.


ഇവർ കണ്ടന്റിൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഇത്തരം സൗന്ദര്യ അളവുകോലുകൾ നമുക്ക് കാണാൻ സാധിക്കും. കേരളത്തിലെ സെലിബ്രേറ്റഡ് ബ്യൂട്ടി വ്ലോഗേഴ്സിലൊരാളുടെ ഏറ്റവും കൂടുതൽ പോപ്പുലറായ വീഡിയോയുടെ ടൈറ്റിൽ തന്നെ ‘ഏഴ് ദിവസം കൊണ്ട് മുഖം വെളുപ്പിക്കാനുള്ള ചലഞ്ച്’ ആണ്. 2.9 മില്യൺ ആളുകളാണ് അത് കണ്ടിരിക്കുന്നത്. ഇതിൽ പഴയകാല ഫോട്ടോയും ഏഴ് ദിവസത്തിന് ശേഷമുള്ള ഫോട്ടോയുമുപയോഗിച്ചാണ് താരതമ്യം. ഇവരുടെ മറ്റൊരു വീഡിയോയിൽ പ്രമോട്ട് ചെയ്തിരിക്കുന്നതാകട്ടെ സ്കിൻ വെളുപ്പിക്കാനുള്ള ജാപ്പനീസ് ക്രീമാണ്. ഏഴ് ദിവസം കൊണ്ട് സ്ഥിരമായി ചുണ്ടിന് പിങ്ക് നിറം കിട്ടാനുമുള്ള വിദ്യയുമുണ്ടിതിൽ. പലപ്പോഴും my skin care journey വീഡിയോകളെല്ലാം റേസിസമാണ് മുന്നോട്ട് വെക്കുന്നത്. ഈ വീഡിയോകളിൽ ഇവർ മുൻപുണ്ടായിരുന്ന ഫോട്ടോയിൽ കറുത്ത നിറവും ഇപ്പോൾ സ്കിൻ കെയർ ചെയ്ത് വെളുത്തുവെന്ന രീതിയിലുമാണ് അവതരിപ്പിക്കുക. കറുത്ത നിറം മാറപ്പെടേണ്ടതാണ് എന്നാണ് പറയാതെ പറഞ്ഞുവെക്കുന്നത്.
ഉള്ളിൽ കഴിക്കുന്ന ഗമ്മികൾ പ്രമോട്ട് ചെയ്യുന്ന വ്ലോഗേഴ്സുമുണ്ട്. ഒരേതരം പ്രോഡക്റ്റിന്റെ പല ബ്രാന്റുകൾ അടുത്തടുത്ത ദിവസങ്ങളിൽ പ്രമോട്ട് ചെയ്യാറുണ്ട് പലരും. അതും കുറച്ചധികം ദിവസങ്ങളായി അവരുപയോഗിച്ച് അവർക്ക് മാറ്റമുണ്ടായി എന്ന രീതിയിലാണ് പ്രമോഷൻ. സ്പെഷ്യൽ ക്ലിനിക്കുകളിൽ പോയി സ്കിൻ-ഹെയർ ട്രീറ്റുമെന്റുകൾ ചെയ്യുന്നതും പ്രമോഷൻ കണ്ടന്റായി മാറുന്നുണ്ട്. ഗ്ലൂട്ടാത്തയോൺ ചികിത്സ, മൈക്രോ ബ്ലെയ്ഡിങ്ങ്, ഫില്ലറുകൾ തുടങ്ങി എക്സ്പേർട്ട് പ്രൊസീജിയേഴ്സ് വഴി അവർ ബ്യൂട്ടി സ്റ്റാൻഡേർഡുകൾ സെറ്റ് ചെയ്യുന്നു. മാത്രമല്ല ഇതും പ്രോഡക്റ്റുകൾ പോലെ തന്നെ പ്രോമോട്ട് ചെയ്യുകയും തങ്ങൾക്ക് മാറ്റമുണ്ടായി എന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, വീണ്ടും തങ്ങളുടെ മാറ്റത്തിന് കാരണം പല ബ്രാന്റുകളുെടെയും പ്രോഡക്റ്റ് ആണെന്ന രീതിയിൽ പ്രമോട്ട് ചെയ്യുന്നത് തുടരുകയും ചെയ്യുന്നവരുണ്ട്. ത്വക്കിന്റെ, മുടിയുടെ, ശരീരത്തിന്റെ ആരോഗ്യത്തിനപ്പുറം സൗന്ദര്യത്തിന്റെ അളവുകോലുകൾ പലതരത്തിൽ ഇവർ നിർമ്മിക്കുന്നു. ആ വാർപ്പ് മാതൃകകളിലേക്ക് നമ്മുടെ ശരീരത്തെ എത്തിക്കാൻ ഇതൊക്കെ ഉപയോഗിക്കണമെന്ന് നിരന്തരം ഓർമ്മപ്പെടുത്തുന്നു.
“ഞാൻ ഇങ്ങനെ ഒരു പ്രൊസീജിയർ ചെയ്തു, ബോട്ടോക്സ് ചെയ്തു, ഫില്ലർ എടുത്തു അതുകൊണ്ട് ഞാൻ സുന്ദരി ആയിരിക്കുന്നു എന്നുള്ള രീതിയിലാണ് അവതരിപ്പിക്കുന്നത് തന്നെ. ഇതാണ് ബ്യൂട്ടി സ്റ്റാൻഡേർഡ് എന്ന് സെറ്റ് ചെയ്തിട്ട് നമ്മൾ അറിയാതെ തന്നെ അത് വാങ്ങിക്കാനും ഉപയോഗിക്കാനും നിർബന്ധിതരാകുന്നു. എന്നാൽ നമ്മുടെ ബോഡിയിൽ ഉണ്ടാകുന്ന ഓരോ ചേയ്ഞ്ചിനും ഓരോ കാരണങ്ങളുണ്ട്. ഹോർമോണൽ ഇഷ്യൂ, മെറ്റബോളിക് ഇഷ്യൂ എന്നിവയുടെ ഭാഗമായി ബോഡി കാണിക്കുന്ന സൈനുമാകാം ഇത്തരം സ്കിൻ പ്രശ്നം. ഈ പറയുന്ന പ്രോഡക്റ്റുകൾ സ്കിന്നിനെ, ഹെയറിനെ എക്സ്റ്റേണൽ എന്ന് കൺസിഡർ ചെയ്താണ് പറയുന്നത്. നമ്മുടെ സ്കിന്നിന്റെ പുറമേ കാണിക്കുന്ന എല്ലാത്തിനും ഒരു മെറ്റബോളിക് കാരണമുണ്ടാകും. അതാരും ട്രീറ്റ് ചെയ്യുന്നില്ല. നമ്മളെപ്പോഴും എളുപ്പ മാർഗം തേടുന്നു. നമ്മൾ ഒരു ട്രാപ്പിൽപ്പെട്ട് ഇരകളാകുകയാണ്. ബ്യൂട്ടി കമ്പനികൾ സെറ്റ് ചെയ്യുന്ന സ്റ്റാൻഡേർഡിൽ വീഴുകയാണ്.” ഡോ. റെയ്ന റോയ് ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിൽ സമീപ കാലത്ത് നടന്ന ചില സംഭവങ്ങളും ഇതിനുള്ളിലെ അപകടങ്ങൾ ചൂണ്ടിക്കാണിക്കുന്നതാണ്. 2025 മാർച്ചിൽ കണ്ണൂർ സ്വദേശിയായ 18 വയസ് മാത്രം പ്രായമുള്ള ശ്രീനന്ദ മരിക്കുമ്പോൾ 25 കിലോഗ്രാം മാത്രമായിരുന്നു ശരീര ഭാരം. യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം കണ്ടിരുന്ന ‘അനോറെക്‌സിയ നെർവോസ’ എന്ന ഈറ്റിങ്ങ് ഡിസോർഡറായിരുന്നു ശ്രീനന്ദക്ക്. യൂട്യൂബിൽ കണ്ട, വെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള ‘വാട്ടർ ഡയറ്റ്’ ആയിരുന്നു ശ്രീനന്ദ പിന്തുടർന്നത്. ശാരീരികമായും മാനസികമായും മെഡിക്കൽ ഹെൽപ്പ് വേണ്ട ആരോഗ്യ അവസ്ഥക്ക് ശ്രീനന്ദ ആശ്രയിച്ചത് യൂട്യൂബിലാരോ പറഞ്ഞ എക്സ്ട്രീം വാട്ടർ ഡയറ്റ്!. 2023 സെപ്റ്റംബറിലാണ് മലപ്പുറത്ത് വെളുക്കാനുള്ള ക്രീം ഉപയോഗിച്ച് 14 വയസുകാരിക്ക് മെമ്പനസ് നെഫ്രോപ്പതി (Membranous nephropathy -MN) എന്ന വൃക്കരോഗം ബാധിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ അതേ ക്രീം ഉപയോഗിച്ച എട്ടുപേർക്ക് സമാന രോഗം കണ്ടെത്തി.


ബ്യൂട്ടി ബുള്ളിയിങ്ങും സൈബർ ഇടങ്ങളും
ബ്യൂട്ടി വ്ലോഗേഴ്സ് സെറ്റ് ചെയ്തുവെച്ചിരിക്കുന്ന അളവുകോലുകൾ പലപ്പോഴും സൈബറിടങ്ങളിൽ സ്ത്രീകളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുവെന്ന് മാത്രമല്ല സ്ത്രീകൾക്ക് നേരെയുള്ള ബുള്ളിയിങ്ങിന് കാരണമാകുന്നുമുണ്ട്.
യാഥാസ്ഥിതികമായ സൗന്ദര്യ സങ്കൽപ്പങ്ങളെ അടിസ്ഥാനമാക്കി സൈബർ ഇടങ്ങളിൽ നടക്കുന്ന ബുള്ളിയിങ്ങനെയാണ് ബ്യൂട്ടി ബുള്ളിയിങ്ങ് എന്ന് പറയുന്നത്. വാർപ്പ് സൗന്ദര്യ സങ്കൽപ്പങ്ങളിൽപ്പെടാത്തവർ, അല്ലെങ്കിൽ അത്തരം പ്രവണതകൾ പിന്തുടരാൻ ആഗ്രഹിക്കാത്തവർ സൈബറിടങ്ങളിൽ നേരിടുന്ന കമന്റുകൾ, ട്രോളുകൾ എല്ലാം ബ്യൂട്ടി ബുള്ളിയിങ്ങിന്റെ ഭാഗമാണ്. പലപ്പോഴും സ്ത്രീകളെയാണ് ഇത് കൂടുതലായി ബാധിക്കുക. ഇത് ആത്മവിശ്വാസ കുറവ് മുതൽ സാമൂഹിക ഉത്കണ്ഠ, വിഷാദം, അനോറെക്സിയ നെർവോസ പോലെയുള്ള സങ്കീർണ്ണ അവസ്ഥകളിലേക്ക് വരെ നയിക്കാമെന്ന് പഠനങ്ങൾ പറയുന്നു
“ബ്യൂട്ടി ഇൻഫ്ലുവൻസർമാർ പലപ്പോഴും ഫിൽറ്റർ ഉപയോഗിച്ചിട്ടാണ് വരുന്നത്. ഒരു 90 ശതമാനം ആൾക്കാരും ഫിൽറ്റർ ഉപയോഗിക്കും. ഒരു നോർമ്മൽ സ്കിൻ എങ്ങനെയാണ് ഇരിക്കുന്നത് എന്നുള്ളത് ആളുകൾ മറന്നേ പോയി. ഫിൽറ്റർ ഉപയോഗിക്കുന്നത് ഞാനെന്തോ കള്ളം ചെയ്യുകയാണെന്ന രീതിയിലാണ് എനിക്ക് തോന്നുക. അപ്പോൾ ഞാൻ ഫിൽറ്റർ ഉപയോഗിക്കാതെ വീഡിയോസ് ചെയ്യുമ്പോൾ ആൾക്കാർക്ക് തോന്നും എനിക്ക് എന്തോ പ്രശ്നമുണ്ടെന്ന്. എനിക്ക് മാൽന്യൂട്രീഷ്യൻ ഉണ്ട്, എന്റെ ഡയറ്റ് ശരിയല്ല, എനിക്ക് കോട്ടിസോൾ കൂടിയിട്ടാണ് എന്റെ ഫേസ് അങ്ങനെയിരിക്കുന്നതെന്നൊക്കെ എനിക്ക് ഒരുപാട് കമന്റ്സ് വന്നിട്ടുണ്ട്. ഭയങ്കര സ്മൂത്താണ്, പോർസ് ഇല്ല, ബംസില്ല ഹൈപ്പർ പിഗ്മെന്റേഷൻ ഇല്ല… അങ്ങനെയാണ് ശരിക്കും ഒരു ഫെയ്സ് ഇരിക്കേണ്ടത് എന്നാണ് ആളുകൾ വിചാരിക്കുന്നത്.” തനിക്ക് നേരിട്ട കമന്റുകളെക്കുറിച്ച് അലീന പറയുന്നു.
“കഴിഞ്ഞ വർഷം ഞാൻ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്റെ ആംഫിറ്റ് കാണുന്ന ഒരു ഫോട്ടോ ആയിരുന്നു. മറ്റ് പലരുടെയും ഫോട്ടോസും ഇതും വച്ച് എന്നെ മോശമാക്കിക്കൊണ്ടുള്ള ഒരു പോസ്റ്റ് എക്സിൽ കിടന്നു കറങ്ങുന്നുണ്ട്. ഞാൻ അതിനെതിരെ കംപ്ലെയിന്റ് ചെയ്തു. എങ്കിലും എനിക്ക് റെസ്പോൺസ് കിട്ടിയില്ല. സൈബർ സെല്ലിലേക്ക് മെയിൽ വഴിയാണ് ഞാൻ പരാതി അയച്ചത്. രണ്ട് തവണ വിളിച്ചിട്ട് റെസ്പോൺസ് കിട്ടാത്തതുകൊണ്ടും എന്നെ കാര്യമായി അത് ബാധിക്കാത്തതുകൊണ്ടും ഞാനത് വിട്ടു.” അനീഷ നിയമപരമായി പ്രതികരിച്ചപ്പോൾ നേരിട്ട അനുഭവം പങ്കുവെച്ചു.
“ഞാൻ ഒരു ഡോക്ടർ ആണ്, നൈറ്റ് ഷിഫ്റ്റ് എടുക്കുന്നതാണ്. അപ്പോൾ എനിക്ക് അണ്ടർ ഐ ബാഗുണ്ടാകും, എപ്പോഴും അത് അവിടെ കാണും. ഞാനൊരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ എനിക്ക് അറിയുന്നൊരു വ്യക്തി അതിനെ കളിയാക്കിക്കൊണ്ട് എനിക്ക് വ്യക്തിപരമായി മെസേജ് അയച്ചു”. ഡോ. റെയ്ന റോയ് തനിക്ക് നേരിട്ട അനുഭവം വ്യക്തമാക്കി.
“ഞാൻ ഒരുപാട് ബുള്ളിയിങ് സോഷ്യൽ മീഡിയയിൽ നേരിടുന്നുണ്ട്. അതിന്റെ ഒന്നാമത്തെ പ്രശ്നം ഞാൻ ജാതിയെ കുറിച്ചും, അൺകംഫർട്ടബിൾ ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു എന്നതാണ്. പൊതുസ്ഥലത്ത് ഇടം കിട്ടാൻ പാടില്ലാത്ത ഒരാളെപ്പോലെയാണ് എന്നെ അവർ കാണുന്നത്. എല്ലാം കൂടി ആകുമ്പോഴേക്കും ആൾക്കാർക്ക് എന്നെ കാണുമ്പോൾ ട്രിഗേർഡ് ആകും. ദരിദ്രമായ കുടുംബത്തിൽ നിന്ന് വരുന്നു എന്ന രീതിയിൽ, എന്റെ ഇല്ലായ്മകളായിരുന്നു സോഷ്യൽ മീഡിയയിൽ പറഞ്ഞത് എങ്കിൽ, അവർ എന്നെക്കുറിച്ച് എന്ത് വിചാരിക്കുന്നവോ അതുപോലെ ഞാൻ സോഷ്യൽ മീഡിയയിൽ പെരുമാറുകയാണെങ്കിൽ എനിക്ക് ഇത്രയും ബുള്ളിയിങ്ങ് വരില്ലായിരിക്കും. നമ്മൾ അതിനെയൊക്കെ ചലഞ്ച് ചെയ്യുന്നു. നമ്മൾ വിദ്യാഭ്യാസം നേടി, നമ്മൾ ഒരു ബെറ്റർ ലൈഫിന് വേണ്ടി ശ്രമിക്കുന്നു എന്നുള്ള കാര്യം തന്നെ കാസ്റ്റ് സൊസൈറ്റിയെ സംബന്ധിച്ച് ഉൾക്കൊള്ളാൻ പറ്റില്ല. അപ്പോൾ നമ്മൾ അതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ സംസാരിക്കുക കൂടി ചെയ്താൽ കാസ്റ്റിറ്റ് ആയിട്ടുള്ള ആൾക്കാർക്ക് തീർച്ചയായും ട്രിഗർ ആവും. അപ്പോൾ അവർ വയലന്റ് ആയിട്ടായിരിക്കും നമ്മളോട് റെസ്പോൺഡ് ചെയ്യുക. സ്വാഭാവികമായിട്ടും ഞാൻ സൈബർ ബുള്ളിയിങ്ങ് നേരിടും. ഞാൻ മനസ്സിലാക്കുന്നത് ഞാൻ ശരിയാണ് ചെയ്യുന്നത് എന്നാണ്.” അലീനയുടെ മറുപടിയിൽ ആത്മവിശ്വാസം നിറഞ്ഞു നിന്നു.
വിദ്വേഷ കമന്റുകൾ നേരിട്ടിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയ ഇൻക്ലൂസീവ് ആണെന്നാണ് ആർക്കിടെക്റ്റും സമൂഹ മാധ്യമങ്ങളിലെ ‘സോറിയാസിസ് അഡ്വക്കേറ്റു’മായ ഐശ്വര്യ ശശി പറയുന്നത്.
“എന്റെ ഇൻസ്റ്റഗ്രാം പേജ്, അതിലെ വീഡിയോ, ഫോട്ടോയ്ക്കൊക്കെ കിട്ടുന്ന റെസ്പോൺസസ് അതിനുള്ള തെളിവാണ്. സോഷ്യൽ മീഡിയയിൽ എല്ലാവർക്കും സ്പേസുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മെജോറിറ്റി സ്പേസ് കൺവെൻഷണൽ ബ്യൂട്ടി സ്റ്റാൻഡേർഡിന് ഫിറ്റ് ആകുന്നവർ എടുത്തിട്ടുണ്ട്. എന്നാലും എല്ലാവർക്കുമുള്ള ഇടം അവിടെയുണ്ടെന്ന് എനിക്ക് തോന്നുന്നു.”
എന്നാൽ സൈബറിടങ്ങളിൽ ഇൻക്ലൂസിവിറ്റി കുറഞ്ഞു എന്നാണ് അലീനയുടെ അഭിപ്രായം. “കാരണം, ലോകം കുറച്ചുകൂടി right wing മോഡിലേക്ക് മാറി. 2016ൽ black life matters മൂവ്മെന്റ്സ് പീക്കിൽ നിന്ന സമയത്ത്, ക്വിയർ മൂവ്മെന്റസ് പീക്കിൽ നിന്ന സമയത്ത്, ബോഡി പോസിറ്റിവിറ്റി പീക്കിൽ നിന്ന സമയത്ത് നമുക്കും സോഷ്യൽ മീഡിയയിൽ കുറച്ചുകൂടെ സ്പേസ് ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ എല്ലാം വിപരീതമായി. റൈറ്റ് വിങ്ങിലേക്ക് ചാഞ്ഞു. സ്കിന്നി ബോഡി തിരിച്ചുവന്നു. സ്കിന്നി ടൈപ്പ് ഓഫ് ക്ലോത്ത് തിരിച്ചുവന്നു. ലോ വേസ്റ്റ് തിരിച്ചുവന്നു. ബ്ലാക്ക് ലൈഫ് മാറ്റർ മൂവ്മെന്റിന്റെ ഇൻഫ്ലുവൻസ് കുറഞ്ഞു. ഇപ്പോൾ വൈറ്റ് ഫെമിനിറ്റി സെൻട്രൽ സ്റ്റേജ് എടുക്കുകയാണ്. അപ്പോൾ അതിനനുസരിച്ച് ഇവിടെയും റിഫ്ലക് ചെയ്യുമല്ലോ? ആളുകൾ ഇപ്പോൾ ട്രഡീഷണൽ, കൺവെൻഷണൽ ബ്യൂട്ടി സ്റ്റാൻഡേർഡിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരുതരത്തിൽ ഒരു റിവേഴ്സ് മോഡിലാണ് ഇപ്പോൾ. ഇത് സൈക്ലിക്കൽ ആണ് എന്ന് തോന്നുന്നു. പത്ത് വർഷം കഴിഞ്ഞ് പിന്നെയും ഈ ബോഡി പോസിറ്റിവിറ്റിയും കാര്യങ്ങളും തിരിച്ചു വരുമായിരിക്കും. പക്ഷേ, ഇപ്പോൾ ഇൻക്ലൂഷൻ കുറഞ്ഞു.”
പ്രതികരിക്കാൻ തുടങ്ങിയ ശേഷം ബുള്ളിയിങ് കമന്റുകൾ കുറവാണെന്ന് പറയുന്നു അനീഷ. “കുറച്ചുനാൾ മുൻപും വളരെ മോശം രീതിയിൽ അച്ഛനെ വച്ചിട്ട് വരെ ഒരാളുടെ കമന്റ് ഉണ്ടായിരുന്നു. ഞാൻ അയാൾക്ക് വ്യക്തിപരമായി മറുപടി കൊടുത്ത് കമന്റ് ഡിലീറ്റ് ചെയ്തു. ഞാനും എന്റെ പാർട്ണറും കൂടിയുള്ള ഫോട്ടോയുടെ കീഴിൽ രണ്ടുമൂന്ന് തവണ കമന്റ്സ് വന്നു. ഞങ്ങൾ രണ്ടുപേരുടെയും സ്കിൻ ടോൺ വ്യത്യസ്തമാണ്. അതിനെ ബേസ് ചെയ്ത് കമന്റ് വന്നിട്ടുണ്ട്. ഇപ്പോൾ ഞാൻ റെസ്പോണ്ട് ചെയ്യുന്നതുകൊണ്ടാകാം അത്തരം മോശം കമന്റുകൾ എനിക്ക് വളരെ കുറവാണ്.” സ്ത്രീകൾക്കാണ് ഇത്തരം അനുഭവങ്ങൾ കൂടുതൽ നേരിടേണ്ടി വരുന്നതെന്നും അനീഷ ചൂണ്ടിക്കാട്ടി.


ബ്യൂട്ടി ബുള്ളിയിങ്, നിറത്തിന്റേ പേരിൽ താൻ നേരിട്ടതിനെക്കുറിച്ച് കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുറന്ന് പറഞ്ഞത് അടുത്തിടെയാണ്. സമൂഹത്തിന്റെ വാർപ്പ് സൗന്ദര്യ മാതൃകകളിൽപ്പെടാത്ത നടിമാർക്കെതിരെയും ഇത്തരം സൈബർ ബുള്ളിയിങ്ങ് സമൂഹ മാധ്യങ്ങളിൽ കൂടുതലാണ്. ദേശീയ അവാർഡ് ജേതാവായ അപർണ്ണ ബാലമുരളി, നിത്യ മേനോൻ എന്നിവർക്ക് ശരീര ഭാരത്തിന്റെ പേരിൽ സൈബർ ബുള്ളിയിങ് നേരിടേണ്ടി വരുമ്പോൾ നിമിഷ സജയന് നേരെ നിറത്തിന്റെ പേരിലാണ് ബുള്ളിയിങ് ഉണ്ടാകുന്നത്. എഴുത്തുകാരിയും ക്യാൻസർ അതിജീവിതയുമായി നിഷ ജോസ് കെ മാണി ശരീര ഭാരത്തിന്റെ പേരിൽ തനിക്ക് നേരിട്ട സൈബർ ബുള്ളയിങ്ങിനെതിരെ പ്രതികരിച്ചിരുന്നു. സൈബറിടങ്ങളിൽ സ്ത്രീകളുടെ പ്രായം വരെ ബുള്ളിയിങ്ങിന് കാരണമാകാറുണ്ട്. പലപ്പോഴും 30 വയസ് കഴിഞ്ഞ സ്ത്രീകളെ ‘തള്ള’, ‘ചേച്ചി’ എന്നൊക്കെ കളിയാക്കി വിളിക്കുന്ന പ്രവണത കമന്റുകളിൽ വ്യാപകമായി കാണാം.
രാജ്യത്ത് ആദ്യമായി ബോഡി ഷെയിമിങ് റാഗിങ്ങിന്റെ പരിധിയിൽപ്പെടുന്ന കുറ്റകൃത്യമായി കണക്കാക്കുന്ന ബിൽ അവതരിപ്പിക്കപ്പെട്ടത് കേരളത്തിലാണ്. ഇതിൽ സൈബറിടങ്ങളിലെ ബോഡിഷെയ്മിങ്ങും ഉൾപ്പെടുന്നു. ബ്യൂട്ടി വ്ലോഗിങ് കൂടിയതിന്റെ ഭാഗമായി സംസ്ഥാനത്ത് ബ്യൂട്ടി പ്രോഡക്റ്റുകളുടെ വിൽപ്പനയിലും വർദ്ധനവുണ്ടായി. വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ വിപണിയിൽ നിന്നൊഴിവാക്കാൻ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ ആരഭിച്ച ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി ഏകദേശം ഏഴ് ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മതിയായ ലൈസൻസുകളോ, കോസ്‌മെറ്റിക്‌സ് റൂൾസ് 2020 നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമ്മിച്ച് വിതരണം ചെയ്യുന്ന ഈ പ്രോഡക്റ്റുകളിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തിയിരുന്നു. ഇത്തരം ഇടപെടലുകൾ സർക്കാരിന്റ ഭാഗത്ത് നിന്ന് തുടർന്നും ഉണ്ടായാൽ മാത്രമേ ഇൻക്ലൂസീവായ സൈബർ ഇടങ്ങളും ആരോഗ്യകരമായ സൗന്ദര്യ സംരക്ഷണ ശീലങ്ങളും ഉണ്ടാവുകയുള്ളൂ.
(This article has been published under the Laadli Media Fellowship 2025. The opinions and views expressed are those of the author. Laadli and UNFPA do not necessarily endorse the views.)

