മങ്ങലിന്റെ മിഴിവ്

“Blindness is
a new feeling,
a new experience,
a new state of experience”

– ബിനോദ് ബിഹാരി മുഖർജി

ചെമ്മൺ നിറത്തിലും മറ്റും രണ്ടു മൂന്ന് വരകൾ കൊണ്ട് ബിനോദ് ബിഹാരി ഒരു പാതയെ എഴുതുന്നു. ആരുമില്ലാതെ ഒരു പാത. ആളില്ലാത്ത പാത ഒരില്ലായ്കയല്ല, സ്വയം ഒരു ജീവിതമാണ്. ആർക്കും വന്നുകയറാവുന്ന ഒരിടവുമാണ്. ബിഹാരി വരച്ചതിൽ ഒഴിഞ്ഞ ഇടങ്ങൾ ഏറെ. ഇടങ്ങളെ അദ്ദേഹം തെളിക്കുകയായിരുന്നോ? ഭൂമിയിലെ ഇടങ്ങളിലേക്ക് തടഞ്ഞു നിർത്തപ്പെടുന്നവരെയാണോ ബിനോദ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്? അവർക്കുള്ള ഓഫറായിരുന്നോ ബ്രഷുകൾകൊണ്ട് സുന്ദരമാക്കിക്കൊണ്ടിരുന്ന ഒഴിഞ്ഞ ഇടങ്ങൾ?

ബിനോദ് ബിഹാരി മുഖർജി

ചിത്രകാരൻ ജനിച്ചത് ഒരു കണ്ണിലെ കാഴ്ചയില്ലായ്കയും മറുകണ്ണിൽ കഠിനമായ മയോപിക് രോഗവുമായാണ്. പാതി വയസ്സെത്തിയപ്പോൾ ആന്ധ്യം ആ മിഴികളെ മുഴുവനായി മൂടി. പുറം കാഴ്ചയില്ലാത്ത ബിനോദ് വീണ്ടും ഒരു 27 വർഷം ചരിത്രത്തിലേക്ക് കടലാസുകൾ വരച്ചുവച്ചു പോയി. ഇന്ത്യയിലിരുന്ന് ലോകത്തെ കണ്ട ടഗോറിൽ നിന്ന് ഒന്നാം കണ്ണും ലോകത്ത് നിന്ന് ഇന്ത്യയെ കണ്ട സത്യജിത് റായിയിൽ നിന്ന് രണ്ടാം കണ്ണും ബിഹാരി നേടിയതിന് ശാന്തിനികേതൻ സാക്ഷ്യം പറഞ്ഞേക്കാം. ശാന്തിനികേതനിൽ ടാഗോറിന്റെ വിദ്യാർത്ഥിയും റായിയുടെ അധ്യാപകനുമായിരുന്നു ബിനോദ് ബിഹാരി.

ഒരു പേരാൽ ആവണം, ശാഖകളും വേരുകളും ഇലകളും ചേർന്ന ഇളം കറുപ്പും കടും കറുപ്പും കൊണ്ടുപൊതിയുന്ന ഒരു മനുഷ്യൻ അതിലുണ്ട്. അതോ അയാൾക്കുള്ളിലോ ശാന്തിനികേതനിലെ ആ മരം (Scenes from Santhiniketan).

Scenes from Santhiniketan എന്ന ചിത്രം.

സ്റ്റുഡിയോയിലെ കലാകാരനെ ബിനോദ് വരയ്ക്കുമ്പോൾ സ്റ്റുഡിയോയിലെ ജംഗമങ്ങൾക്കിടയ്ക്ക് താനൊരു അല്പഘടകം മാത്രം (Artist in studio – Self portrait).

സ്വമുഖം സ്വയംപടമാക്കുമ്പോൾ ആ കണ്ണുകളുടെ ആഗിരണ പരിമിതി എത്രയാണെങ്കിലും അവയുടെ പ്രസരശേഷിക്ക് മുന്നിൽ നമ്മൾ ഇടം വലം നോക്കുന്നു (Self portraits).

സെൽഫ് പോട്രെയ്റ്റ്

ചിത്രാധ്യാപകനായ തന്നെ വരയ്ക്കുമ്പോൾ കളം മുഴുവൻ കുട്ടികളും അവരുടെ വരകളുമാണ്. അവരുടെ ആകാംക്ഷയും കിനാവും അവർ അന്യോന്യം പകർന്നു വരയ്ക്കുന്നു. വാൽസല്യത്തിന്റെ നനവുമായി അധ്യാപകൻ ഓരത്തൊരു കാഴ്ചക്കാരനായുമുണ്ട് (Self portrait as a teacher).

ശാന്തിനികേതന് ചുറ്റും ‘ഖോയി’ എന്ന് വിളിക്കുന്ന ഭൂവിശേഷമുണ്ട്. വരണ്ട് ചുവന്ന കയറിയിറക്കങ്ങളാണത്. ജീവന് മുൻപുള്ള ദേശം പോലെ. മുൻചിത്രകാരരുടെ വരകളിൽ ആ നിരകൾ വന്നിരുന്നില്ല. ശാന്തിനികേതനും അവിടവിടെയുള്ള ചെറുമരക്കൂട്ടങ്ങളും നാട്ടിൻപുറവുമാണ് അവിടെയുള്ള ജീവന്റെ വൃത്തചതുരങ്ങൾ. ബിനോദിനു മുമ്പ് അവയൊക്കെയാണ് ചിത്രപ്പെട്ടിരുന്നത്. ബിനോദ്, മാനെയോ മരഞ്ചാടിയെയോ കാത്തുനിന്നില്ല. ഈർപ്പമില്ലാത്ത വെറും ഖോയി മണ്ണിനെ വരച്ചു. എവിടെയോ ഒരു പുൽച്ചെടിയെ വരച്ചു. തന്നെയും ഒരു പുൽച്ചാടിയായി അയാൾ വരച്ചുവോ? പിന്നെ കാണുന്ന ദിക്കുകളിലെ അറ്റം വരെ പരപ്പുകൾ. ജീവശൂന്യതയുടെ (അ) ജീവബിന്ദുക്കൾ (Khoi).

‘ഖോയി’എന്ന ചിത്രം

മണ്ണ് പരന്നു വിഹരിക്കുകയാണ് ബിഹാരിയുടെ ചിത്രദേശങ്ങൾ നിറയെ. മങ്ങിയ മണ്ണും തെളിഞ്ഞ മണ്ണും. ഏകാകികളായ മരങ്ങളും ചെടികളും അരവനങ്ങളും. എല്ലാം പാതിയോ അതിലേറെയോ മങ്ങിമയങ്ങിയാണ്. ഒരാൾ വരയ്ക്കുമ്പോൾ പടം അയാളെയും വരയ്ക്കുകയാണോ? ബിനോദിന് മുന്നെ ഇന്ത്യൻ കാൻവാസുകൾ ഇത്രയും മങ്ങിയ പടർച്ചകൾ കണ്ടിരുന്നോ?

വിരാഡ് പൂച്ച എന്ന ചിത്രം

സത്യജിത് റായി, ബിനോദ് ബിഹാരിയെ കുറിച്ച് ‘ഉൾക്കണ്ണ്’ (Inner eye – യൂട്യൂബിൽ ലഭ്യമാണ്) എന്നൊരു ചിത്രമെടുത്തു. അതിനായി കണ്ടപ്പോൾ ആ ഭൂപ്രകൃതമെല്ലാം മാറിപ്പോയല്ലോ എന്നാശങ്കപ്പെട്ട റായിയോട്, “അവിടെ അത് (‘ഖോയി’ ഭൂപ്രകൃതി) ഇപ്പോഴുമുള്ള ഒരു സ്ഥലമുണ്ട്. പ്രാന്തിക് സ്റ്റേഷന് സമീപമുള്ള ‘താൽതോർ’. ചീപ് സാഹിബിന്റെ ബംഗ്ലാവിനടുത്തേക്ക് പോയാൽ നിനക്കത് കുറെക്കൂടി കാണാം. ഖോയിയെ ഒഴിവാക്കരുത്. അവിടെ ഒരു നിര ഖോയിയും നടുവിലായി ഒറ്റപ്പനമരത്തെയും നീ കാണും. അത്രയേയുള്ളു… പക്ഷേ അത് ഞാനാണ് എന്ന് നിനക്ക് പറയാം”. പുറം കാഴ്ച കൈവിട്ടുപോയ ആളാണ് എല്ലാ കാഴ്ചകളും കാണാൻ കഴിയുന്ന റായിക്ക് വഴിയും സ്ഥലവും പറഞ്ഞുകൊടുക്കുന്നത്.

റായിയുടെ ഹ്രസ്വ ചലച്ചിത്രത്തിൽ കാഴ്ചയില്ലാത്ത ബിനോദ് പടങ്ങളെഴുതുന്നത് കാണാം. ഇടംകൈ കടലാസിൽ നീളെ വച്ച് പ്രതലത്തിന്റെ അളവനുപാതങ്ങളോട് സംവദിച്ചുകൊണ്ടിരിക്കുന്നു. വലംകൈ വിസ്തീർണ്ണബോധത്തോടെ പടം വരയ്ക്കുന്നു. ഒരു സ്ത്രീ എണീക്കാനായി ആയുന്നു. കടലാസിൽ ജനിക്കുന്ന കഥാപാത്രങ്ങൾ നമ്മോട് ഉടനടി സംസാരിക്കുന്നു.

Scenes from Santhiniketan – Hand scrolls

പതിമൂന്നര മീറ്റർ (45.5 അടി) നീളത്തിൽ അദ്ദേഹം ശാന്തിനികേതൻ ചുറ്റുവട്ടങ്ങളെ ഒരു സഞ്ചാരവരയായി വരയ്ക്കുന്നുണ്ട്. കടലാസുകൾ തീവണ്ടി കണക്കെ നീളെനീളെ ചേർത്തൊട്ടിച്ചൊട്ടിച്ചാണത്. സാധാരണ കടലാസിന്റെ വീതിയിൽ നീണ്ട നാടുകാണാനായി നമ്മൾ പടത്തിന്റെ കൂടെ നടക്കാനിറങ്ങുന്നു. ഇടവേളകളിലും നെടുവേളകളിലും ഒന്നുമില്ലായ്കയെ മറ്റിടങ്ങളിൽ നമ്മളിത്ര കണ്ടിരിക്കില്ല. ഒരു കുടിലിന്റെ മേൽക്കൂര കണ്ട് അതിപ്പോൾ വീഴുമോ എന്ന് നമ്മൾ നിൽക്കുന്നു. തന്നോട് തന്നെ മിണ്ടുന്ന കുട്ടി, സ്ത്രീ, നാട്ടുമരം, വണ്ടിക്കാള, വഴിച്ചെടികൾ, അധ്വാനിക്കുന്നവർ, കളിക്കുന്ന കുട്ടികൾ, ഒന്നും പറയാതെ മനുഷ്യർ അവിടവിടെ. ഇടയ്ക്കിടെ കടലാസിലെ വിജനത കടൽത്തിര പോലെ കാൽവിരലുകളെ നുണഞ്ഞു കൊണ്ടിരിക്കും. പറഞ്ഞു തീരാതെ വരച്ചയാളും വരയുടെ തീരത്തൂടെ നടന്നയാളും വഴിമാറുന്നു (Scenes from Santhiniketan – Hand scrolls). ഹാൻഡ് സ്ക്രോളുകൾ ഏഷ്യൻ ചിത്രകാരരുടെ അപൂർവ്വ സങ്കേതമത്രേ.

ശാന്തിനികേതന്റെ ഒരു മേൽച്ചുവരിൽ പരസ്പരം ലയിക്കുന്ന മരങ്ങളും മനുഷ്യരും കുട്ടികളും പരിസര ജീവികളുമുള്ള ഒരു സ്വപ്നദേശം ബിനോദ് വരച്ചു. അതൊരുന്മേഷഷൗധമാണ്.

കാൻവാസിന്റെ ഇരുമാനങ്ങളെ അദ്ദേഹം മൂന്ന് മാനങ്ങളാക്കുന്നുണ്ട്. കടലാസിൽ രൂപങ്ങൾ വെട്ടിയൊട്ടിച്ചാണത്. കൃഷിക്കാരി/രൻ, വിരാട് പൂച്ച, കലം, തുടങ്ങിയവ കടലാസിൽ മുറിച്ചെടുത്ത രൂപങ്ങളാക്കുന്നു. അവയെ ചായം തേച്ച് വലിയ കടലാസിൽ ഒട്ടിച്ച പടമാക്കുന്നു. കലാകാരന്റെ കാഴ്ചയെ അറിയുമ്പോൾ പടത്തെ തൊട്ടു തലോടുന്ന ത്രിമാനതയും നമ്മൾ അറിയുന്നു.

ബിനോദ് ബിഹാരി മുഖർജിയും സത്യജിത് റേയും

നർത്തകിയുടെയും കൃഷിക്കാരന്റെയുമൊക്കെ മൂന്ന് മാനങ്ങൾ കുഴച്ചെടുക്കുന്ന ബിനോദ് ശില്പിയെയും നമുക്ക് റായിയുടെ ഹ്രസ്വ ചിത്രത്തിൽ കാണാം.

എറണാകുളം ദർബാർ ഹാളിൽ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 25 വരെ ബിനോദ് ബിഹാരി മുഖർജിയുടെ ചിത്രങ്ങളുടെ പ്രദർശനം നടക്കുന്നുണ്ട്. ക്യുറേറ്റർ: ആർ ശിവകുമാർ.

ഫീച്ചേർഡ‍് ഇമേജ്: ദർബാർ ഹാളിലെ പ്രദർശനത്തിൽ നിന്നും. കടപ്പാട്:thehindu (Photo Credit: Thulasi Kakkat)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

3 minutes read September 24, 2023 1:14 pm