വിഴിഞ്ഞത്ത് നിന്നും ഇരകളുടെ സത്യവാങ്മൂലം

അദാനി തുറമുഖത്തിനെതിരായി നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ നവംബർ 27 ഞായറാഴ്ച രാത്രിയിൽ സമരപ്രവർത്തകർ ഏകപക്ഷീയമായി വളഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന വിവരണമാണ് വാർത്താ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. എന്നാൽ വിഴിഞ്ഞത്തെ മത്സ്യത്തൊലാളികൾക്കും സമരപ്രവർത്തകർക്കും എന്താണ് പറയാനുള്ളത്?

“എടി നിക്കെടി എന്ന് പറഞ്ഞുകൊണ്ട് വിഴിഞ്ഞം സ്റ്റേഷനിലെ ഒരു പോലീസ് ഓഫീസർ ഞങ്ങളുടെ പിന്നാലെ വന്നു. നീയൊക്കെ ഇവിടെ വലിയ ഷോ ആയിരുന്നല്ലോ എന്ന് ചോദിച്ചുകൊണ്ട് ആദ്യമേ തന്നെ എന്റെയും ലിസ്സിയുടെയും കാലുകളിൽ ലാത്തികൊണ്ട് അടിച്ചു. പോലീസ് റിമാൻഡ് ചെയ്ത സെൽട്ടന്റെ ഭാര്യയെയും അവർ ഓടിച്ചിട് ലാത്തികൊണ്ട് അടിച്ചു. ഓടെടി എന്ന് ആക്രോശിച്ചുകൊണ്ടാണ് ആ പോലീസ് ഓഫീസർ ഞങ്ങളെ വീണ്ടുമടിച്ചത്. ഫോൺ അവരു പിടിച്ചു വാങ്ങി. പിന്നീട് തുരുതുരാന്ന് അവർ എന്നെ അടിച്ചു. ഞാൻ കണ്ണ് പൊത്തി കരഞ്ഞുനിൽക്കുമ്പോഴാണ് എന്നെ അടിച്ചത്. പുരുഷ പോലീസ് ഓഫീസർമാരാണ് ഞങ്ങളെ അടിച്ചുകൊണ്ടിരുന്നത്.” വിതുമ്പിക്കരഞ്ഞുകൊണ്ട് അജിത ജോൺ നവംബർ 27ന് രാത്രിയിലുണ്ടായ അനുഭവങ്ങൾ വിവരിച്ചു.

അദാനി തുറമുഖത്തിനെതിരായി നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ നവംബർ 27 ഞായറാഴ്ച രാത്രിയിൽ സമരപ്രവർത്തകർ ഏകപക്ഷീയമായി വളഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന വിവരണമാമാണ് വാർത്താ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സാമൂഹ്യമാധ്യമങ്ങളിലടക്കം അത്തരം വിവരങ്ങളാണ് കൂടുതലായി പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ ഈ സംഭവങ്ങളെ തുടർന്ന് അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്ത് നേരിട്ടെത്തുമ്പോൾ മത്സ്യത്തൊഴിലാളികളായ സമരപ്രവർത്തകർക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു വിവരണമാണ്. അജിതയടക്കമുള്ള നിരവധി സ്ത്രീകൾക്കും, മൽസ്യത്തൊഴിലാളികൾക്കും പൊലീസ് അതിക്രമത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ടിയർ ഗ്യാസ് പ്രയോഗിച്ചും, ലാത്തികൊണ്ടും, തടികൊണ്ടടിച്ചുമാണ് പോലീസ് സമരപ്രവർത്തകരെ കൈകാര്യം ചെയ്തതെന്ന് അവർ പരിക്കുകൾ കാണിച്ചുകൊണ്ട് പറയുന്നു.

നവംബർ 26 ശനിയാഴ്ച ദിവസം പോർട്ടിന്റെ പ്രധാന കവാടത്തിലുള്ള സമരപ്പന്തലിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്ത സെൽട്ടൻ എന്ന മത്സ്യത്തൊഴിലാളി യുവാവിനെ അന്വേഷിച്ച് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് എത്തിയവർക്ക് നേരെയാണ് പൊലീസിന്റെ ക്രൂര മർദ്ദനമുണ്ടായത്. ശനി, ഞായർ ദിവസങ്ങളിലായി വിഴിഞ്ഞത്ത് നടന്ന സംഭവങ്ങൾ മത്സ്യത്തൊഴിലാളികളുടെ അതിജീവനസമരത്തെ അട്ടിമറിക്കുന്നതിനും, മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് സംഘർഷം സൃഷ്ടിക്കുന്നതിനും വേണ്ടി ആസൂത്രിതമായി പോലീസും, വർഗീയ സംഘടനകളും ചേർന്ന് നടത്തിയതാണെന്ന് സമരപ്രവർത്തകർ സംശയിക്കുന്നു.

അജിത ജോൺ

വിഴിഞ്ഞം സമരപ്പന്തലിന് സമീപം നവംബർ 26, ശനിയാഴ്ചയുണ്ടായ സംഘർഷവും, തുടർന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാനെയും, സഹായ മെത്രാനെയും നിരവധി മത്സ്യത്തൊഴിലാളികളെയും പ്രതി ചേർത്തതും, ഇതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും ഏറെ സംശയങ്ങളുയർത്തുന്നതായി സമരപ്രവർത്തകർ പറയുന്നു. ശനിയാഴ്ച വൈകീട്ട് നടന്ന സംഭവങ്ങളിൽ വിഴിഞ്ഞം പ്രദേശവാസികൾ എന്ന പേരിൽ പദ്ധതിക്ക് വേണ്ടി സമരം ചെയ്യുന്നവരുടെ പ്രകോപനപരമായ ഇടപെടലുണ്ടായിരുന്നതായി അവർ സാക്ഷ്യപ്പെടുത്തുന്നു. ശനിയാഴ്ച വൈകീട്ട് വിഴിഞ്ഞം പ്രധാന കവാടത്തിന് മുന്നിൽ നടന്ന സംഭവങ്ങൾ സമരപ്രവർത്തകർ ഇങ്ങനെ വിശദീകരിക്കുന്നു:

“അദാനി ഗ്രൂപ്പിന്റെ കരിങ്കല്ല് കയറ്റിയ ലോറികൾ ഇവിടെ വരുന്നത് ഞങ്ങൾ തടഞ്ഞിരുന്നു. നിർമ്മാണം തടയരുതെന്നു കോടതിയുടെ ഉത്തരുവുണ്ടെന്നാണ് ഡി.സി.പി ഞങ്ങളോട് പറഞ്ഞത്. എന്നാൽ 2019 ൽ വർക്ക് പെർമിറ്റ് തീർന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന്‌ ഞങ്ങൾ തിരിച്ചുപറഞ്ഞു. ഞങ്ങൾ ചോദിച്ചത് ഒന്ന് മാത്രമാണ്, നിർമ്മാണം വീണ്ടും തുടങ്ങാൻ ആരാണ് വർക്ക് പെർമിറ്റ് നൽകിയത്. വർക്ക് പെർമിറ്റ് ഹാജരാക്കാൻ ഞങ്ങൾ അവരോടു പറഞ്ഞു. ഇതൊന്നും ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ല. ഇത്തരം കാര്യങ്ങൾ പൊലീസുമായി സംസരിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിഴിഞ്ഞം പ്രദേശവാസികൾ എന്ന പേരിൽ പദ്ധതിക്ക് വേണ്ടി സമരം ചെയ്യുന്ന ഒരു കൂട്ടം ആളുകൾ ഞങ്ങളെ തെറി പറയുകയും, അസഭ്യം പറയുകയും ചെയ്യുന്നത്. ഈ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുവന്ന സ്ത്രീകളെ അവർ തെറി പറയുകയും തടയുകയും ചെയ്തു.” ഇതാണ് സംഘർഷങ്ങളുടെ തുടക്കമെന്ന് കോവളം ഫൊറോന വികാരിയായ ഫാദർ ഫ്രഡി സോളമൻ പറയുന്നു.

ഫാദർ ഫ്രഡി സോളമൻ

“പനവിള ഭാഗത്തു നിന്നും സമരത്തിന് വന്ന ഞങ്ങളെ സമീപവാസികൾ തടഞ്ഞു. ഞങ്ങൾ ഞങ്ങളുടെ സമരപ്പന്തലിലേക്കാണ് പോകുന്നത്. എന്നാൽ ഞങ്ങളെ സമീപവാസികൾ തടഞ്ഞപ്പോൾ പോലീസ് നിഷ്പക്ഷം നോക്കിനിക്കുകയായിരുന്നു. ഈ സംഘർഷം നടക്കുന്നതിനിടെയാണ് പദ്ധതിക്ക് വേണ്ടി സമരം ചെയ്യുന്ന സമീപവാസികളുടെ സമരപ്പന്തലിൽ നിന്നും ഞങ്ങൾക്ക് നേരെ കല്ലേറുണ്ടായത്. പിന്നീട് പല തവണ അവർ ഞങ്ങൾക്കെതിരെ അസഭ്യവർഷം നടത്തി. ഞാൻ ചോദിക്കുന്നത് നമ്മുടെ പോലീസും, ക്രമസമാധാന പാലകരും ആർക്കു വേണ്ടിയാണു പ്രവർത്തിക്കുന്നത്. ഈ രണ്ടു കൂട്ടരെയും മാറ്റിവിടുകയല്ലേ അവർ ചെയേണ്ടത്. എന്നാൽ പോലീസ് ഇത് നോക്കിനിന്നു. ഞങ്ങളുടെ ഇടയിലുള്ള പത്തോളം പേർക്ക് പരിക്ക് പറ്റി. ഇതിനിടയിൽ നടന്ന സംഘർഷത്തിൽ അവരുടെ സമര പന്തലിനു നാശനഷ്ടം ഉണ്ടാവുകയും ചെയ്തു.” പുല്ലുവിള സ്വദേശിയായ അമല ഷാജി പറയുന്നു.

അമല ഷാജി

വിഴിഞ്ഞത്തു ഞായറാഴ്ച ഉണ്ടായ സംഘർഷത്തിലും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടികളിൽ വീഴ്ചയുണ്ടായിട്ടുണ്ട്. ശനിയാഴ്ച നടന്ന സംഭവവികാസങ്ങളുടെ പേരിൽ അൻപതോളം പേർക്കെതിരെ കേസെടുത്തിരുന്നു. ഇതിനെത്തുടർന്നാണ് വിഴിഞ്ഞം ഇടവകയിലെ KLCA പ്രസിഡന്റ് ആയ സെൽറ്റൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്‌തത്‌. എന്നാൽതലേ ദിവസം സംഘർഷം നടക്കുന്ന സമയത്തു സെൽറ്റൺ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് സമരപ്രവർത്തകർ പറയുന്നു. “സെൽറ്റൺ എന്ന് പറയുന്ന വ്യക്തി ശനിയാഴ്ച രാവിലെ സമരപന്തലിൽ വന്നിരുന്നു. ആ സമയത്താണ് അദ്ദേഹത്തിന്റെ വള്ളം കടലിൽ മറിഞ്ഞതായി വിവരം കിട്ടിയത്. കോസ്റ്റ് ഗാർഡിന്റെ ഓഫീസിൽ പോയ് സെൽറ്റൻ തിരച്ചിലിനായി ബോട്ട് ആവശ്യപ്പെട്ടിരുന്നു. പിന്നീട്‌ മൽസ്യത്തൊഴിലാളികൾ തന്നെ സെൽട്ടന്റെ നേതൃത്വത്തിൽ കടലിൽ തിരച്ചിലിനു പോയിരിക്കുകയായിരുന്നു. അദ്ദേഹത്തെയാണ് പോലീസ് സന്ഘര്ഷങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തത്.” അമല ഷാജി പറയുന്നു. പോലീസ് സ്റ്റേഷനിൽ വിഴിഞ്ഞം ഇടവക വികാരി സെൽട്ടന്റെ അറസ്റ്റിനെ കുറിച്ച് അന്വേഷിക്കാൻ വിളിച്ചിട്ടും പോലീസ് വ്യക്തമായ ഉത്തരങ്ങൾ നൽകിയില്ല എന്നും അവർ പറഞ്ഞു.

“ഈ സഹോദരനെ (സെൽട്ടൺ) എങ്ങോട്ടു കൊണ്ടുപോയെന്നു ആർക്കുമറിയില്ല. അതന്വേഷിക്കാനായി ഇടവക വികാരി കമ്മിറ്റിയിലുള്ള നാലുപേരെ സ്റ്റേഷനിലേക്ക് പറഞ്ഞയച്ചു. പക്ഷെ അന്വേഷിക്കാൻ പോയ വ്യക്തികളെയും പോലീസ് അറസ്റ്റ് ചെയ്തു തിരുവനതപുരം കന്റോൺമെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരുടെ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്യപ്പെട്ടിരിക്കുകയായിരുന്നു. ഇവർ എവിടെയാണ്, എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയാത്ത ഒരു ദുരവസ്ഥ പോലീസ് സൃഷ്ടിച്ചു. ഇതിന്റെ സത്യാവസ്ഥ അറിയാനായി വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ ഒരു സംഘം പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു.” ഫാദർ ഫ്രഡി സോളമൻ പറയുന്നു.

നവംബർ 30ന് സമരപ്പന്തലിന് ചുറ്റും നിലയുറപ്പിച്ചിരിക്കുന്ന പൊലീസ് വ്യൂഹം

“സെൽട്ടന്റെ ഭാര്യ, ബന്ധുക്കൾ, അയൽവാസികൾ, ഒക്കെ അടങ്ങിയ സ്ത്രീകളുടെ ഒരു സംഘം വിഴിഞ്ഞം ഇടവക വികാരിയെ ചെന്ന് കണ്ടു പോലീസ് സ്റ്റേഷനിൽ ചെന്നു അറസ്റ്റ് ചെയ്തവരെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഞങ്ങൾ സ്റ്റേഷനിൽ എത്തുന്നത്. സ്റ്റേഷനിൽ ചെന്ന് ഞങ്ങളുടെ സഹോദരങ്ങൾ എവിടെയാണെന്ന് അന്വേഷിക്കുന്നതിനിടയിൽ സ്റ്റേഷന് മുകളിൽ നിന്നും, സ്റ്റേഷന്റെ വലതു വശത്തു നിന്നും ഞങ്ങൾക്ക് നേരെ കല്ലേറുണ്ടായി. കല്ലേറിൽനിന്നും രക്ഷപെടാൻ സ്റ്റേഷനിലേക്ക് കയറിയ ഞങ്ങളെ അവിടെ നിന്നും ഓടിപ്പിച്ചു. ഞങ്ങൾ എഫ്.ഐ.ആർ എഴുതുന്ന സ്ഥലത്ത് ഇരിക്കുമ്പോളാണ് പോലീസുകാർ പെട്ടെന്ന് ഗേറ്റ് തുറന്നു അവിടെ കിടന്ന കല്ലും, തടിയുമൊക്കെ എടുത്ത് ഞങ്ങളെ അടിച്ചത്. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ അജിത ജോൺ പറയുന്നു.

നവംബർ 30ന് വിഴിഞ്ഞം സമരപ്പന്തലിൽ നിന്നും

“ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പത്തു വൈദികരെ പോലീസ് തല്ലി ചതച്ചു. അതിനൊപ്പമാണ് എന്നെയും അടിച്ചത്. തുടയിലും, കയ്യിലും എനിക്ക് നീരുണ്ട്. നീ മീഡിയ അല്ലെ എന്ന് പറഞ്ഞാണ് എന്നെ തല്ലിയത്. ഞങ്ങൾ ബി.ജെ.പി ആണെടാ എന്ന് പറഞ്ഞുകൊണ്ടും, പോലീസുകാർ തല്ലി. രഹസ്യമായി ക്യാമറ ഓൺ ചെയ്തു വച്ചതിന്റെ പേരിൽ എന്റെ ചന്തിക്കടിച്ചു.” മാധ്യമപ്രവർത്തകനും, വിഴിഞ്ഞം സമരം നിരന്തരമായി പിന്തുടരുന്ന ജോഷി ശങ്കുമുഖത്തിനാണ് ഈ അവസ്ഥ ഉണ്ടായത്. “ഒരു ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പോലീസ് ആദ്യം ഉച്ചഭാഷിണിയിലൂടെ താക്കീത് കൊടുക്കണം, അതിനുശേഷം ജലപീരങ്കി പ്രയോഗിക്കാം. എന്നാൽ ഇവിടെ ആദ്യം തന്നെ പോലീസ് ബറ്റാലിയൻ ഇറങ്ങി ഗ്രനേഡ് പ്രയോഗിക്കുകയും, ശക്തമായ ലാത്തിച്ചാർഡ് നടത്തുകയുമാണ് ചെയ്തത്.” ജോഷി കൂട്ടിച്ചേർത്തു. പാളയം ജൂബിലി ഹോസ്പിറ്റലിൽ നിരവധി വൈദികരും, സമരപ്രവർത്തകരും ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇരുനൂറോളം മൽസ്യത്തൊഴിലാളിക്കു സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.

ജോയ് ജെറാൾഡ്

“ഇന്നലെ നിങ്ങൾ ഞങ്ങളുടെ ആളുകളെ അടിച്ചില്ലേ? ഞാനും ബി.ജെ.പി കാരനാണ്, നീയൊക്കെ ഇവിടെ നിന്നു പോകത്തില്ല, ളോഹയിട്ട ഒരു പാതിരിമാരും ഇവിടെ നിന്നും തിരിച്ചുപോകില്ല എന്ന് ആക്രോശിക്കുന്നവരും പോലീസുകാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇത് മുൻകൂട്ടി തയ്യാറാക്കപ്പെട്ട അക്രമമാണെന്നു ഞങ്ങൾ സംശയിക്കുന്നുണ്ട്. ഇത് കണ്ടെത്തുന്നതിനായി സമഗ്രമായ ഒരു ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഫാദർ ഫ്രഡി സോളമൻ പറയുന്നു. “മൽസ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങളൊന്നും ഇതുവരെയും സർക്കാർ അംഗീകരിച്ചിട്ടില്ല. സർക്കാർ ഉത്തരവ് ഇറക്കിയതുകൊണ്ടു മാത്രം കാര്യമില്ല. 2014 മുതൽ ഇവർ പല ഉത്തരവുകളും ഇറക്കിയിട്ടുണ്ട്. അതിനാൽ സർക്കാർ പറയുന്ന കാര്യങ്ങൾ ചെയ്തുകാണിക്കട്ടെ.” സമരസമിതി കമ്മിറ്റി അംഗം ജോയ് ജെറാൾഡ് പ്രതികരിച്ചു.

വിഴിഞ്ഞം അതിജീവന സമരക്കാരെ അക്രമികളായും, കലാപമുണ്ടാക്കുന്നവരായും ചിത്രീകരിക്കുന്ന ശ്രമങ്ങളെ അതിജീവിച്ചുകൊണ്ട് സമരം 135 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ അം​ഗീകരിക്കും വരെ പോർമുഖത്തുണ്ടാകുമെന്നും ആർക്കും സമരത്തെ തകർക്കാൻ കഴിയില്ലെന്നും സമരസമിതി പറയുന്നു. 

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read