പാലക്കാടൻ ചൂടിൽ പാകപ്പെടുത്തിയ പടങ്ങൾ

കോട്ടയം ആർട്ട് ഫൗണ്ടേഷൻ ഓരോ ജില്ലകളിലെ കലാകാരരുടേതായ ചിത്ര, ശില്പ പരമ്പര കോട്ടയത്ത് നടത്തുകയാണ്. ‘മലയാഴ്മ 6’ ൽ പാലക്കാടാണ് ജില്ല. റ്റി.ആർ ഉദയകുമാർ ക്യൂറേറ്റ് ചെയ്യുന്ന പ്രദർശനം ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ ലളിതകലാ അക്കാദമി ഹാളിൽ.

ഇവിടെ നിരക്കുന്ന പാലക്കാട്, നമുക്ക് ഒട്ടു പരിചയമുളള എഴുത്തുമുറിയിലേതല്ല. മാധ്യമവും തലമുറയും മറിയുമ്പോൾ മറ്റൊരു പാലക്കാടാണീ വെള്ള മുറികളിൽ നിറങ്ങളാവുക. പാലക്കാട് ഒരു വിശേഷ പ്രദേശമാണ്. കേരളത്തിലെ ഭിന്ന ഭിന്നമായ ആവാസങ്ങളിലൊന്ന്. ഒന്നല്ല, ഒന്നിലെ പലത്. ഉഷ്ണമാപിനിയിൽ 43 ഡിഗ്രി രസം തുളുമ്പി ആവിയാകുന്ന പാലക്കാടൻ കാറ്റും കൊണ്ടാണ് കലാകാരർ ഈ ഏപ്രിലിൽ കോട്ടയത്തെത്തിയത്.

ജയ പി.എസ് വെള്ളച്ചുവരിൽ ഒട്ടിച്ചേർത്തിരിക്കുന്ന നാല് സ്റ്റീൽ തളികകൾ നിറയെ ആണിപ്പഴുതുകളാണ്. പക്ഷേ ശ്രദ്ധിക്കുമ്പോൾ ഓരോ പ്ലേറ്റിലും ഓരോ അക്ഷരമാണെന്നും അവ നാലും കൂടിയാൽ G A Z A എന്നാണെന്നും വായിക്കുമ്പോൾ ആണിദ്വാരങ്ങൾ മാഞ്ഞ് വെടിയുണ്ടത്തുളകളാവുന്നു. ഗാസയിലെ ചുവരുകളും ഹൃദയങ്ങളും നിറയെ ബുള്ളറ്റുകളാണ്. ഇറ്റ്ഫോക്കിൽ നാടകവുമായി വന്ന ഇസ്രായേൽ സംവിധായക ഈനറ്റ് വീസ്മൻ പറഞ്ഞു, തന്റെ രാജ്യം ഗാസയിലെ എല്ലാ പള്ളിക്കൂടങ്ങളിലും ആശുപത്രികളിലും ബോംബിട്ടുവെന്ന്. നിസ്സഹായതയുടെ വെടിമരുന്ന് വിതറുന്ന നമ്മളടങ്ങുന്ന പുറംലോകം. ഈനറ്റിന്റെ ഏറ്റുപറച്ചിൽ ഏറ്റുപറയുന്ന ജയ പി.എസിന്റെ ഈ ചെറു ഇൻസ്റ്റലേഷനിൽ, നോക്കിനിൽക്കുന്നയാളിന്റെ ദിശയിൽ നിന്നാണ് ആ വെടിയുണ്ടകൾ പാഞ്ഞിട്ടുള്ളത്. പൂജാമുറിയിലെ ദൈവചിത്രങ്ങൾ പോലെയാണ് സ്റ്റീൽ തളികകൾ ചുവരിൽ ഒട്ടിയിരിക്കുക. താഴെ പൂജാമേശയിൽ പഴങ്ങൾ, ഭൂഗോളം, വിശുദ്ധപുസ്തകം. പുസ്തകത്താളുകൾ മറിച്ചുനോക്കുമ്പോൾ മുഖങ്ങളുടെയും ഉടലുകളുടെയും പിടച്ചിലുകളാണ്. കറുപ്പിലുള്ള വരകൾക്കിടയ്ക്ക് ചുവന്ന തുള്ളികൾ, പടർച്ചകൾ, ചാലുകൾ.

ജയ പി.എസിന്റെ ഇൻസ്റ്റലേഷൻ

മൺനിരപ്പിൽ നിന്നുയരുന്ന പലതരം തുരുത്തുകളാണ് ശ്രീജ പള്ളത്തിന്റെ ചിത്രങ്ങളിൽ. ദുഖങ്ങളെയും കറകളെയും അലങ്കരിച്ച് സുന്ദരമാക്കിയാണവർ ബിംബങ്ങളുണ്ടാക്കുക. നമ്മളോടൊപ്പം ജീവിക്കുന്ന ‘മാലിന്യം’ എന്ന പ്രശസ്ത വസ്തുവെ ആഘോഷിക്കുന്ന മൂന്ന് കാൻവാസുകളുണ്ടിവിടെ. ഏവരും ചേർന്നുത്പാദിപ്പിക്കുന്ന ജീവിതമിച്ചം ചിലർ മാത്രം വാരേണ്ടി വരുമ്പോൾ ആ സ്ത്രീകളും ആ വസ്തുക്കളും വർണമനോഹരമാകുന്നത് ശ്രീജയുടെ ബ്രഷ് കാണുന്നു. പ്രകൃതിയിലെ ഏറ്റവും സുന്ദരമായവയ്ക്കൊപ്പമാകുന്നു പുഷ്പാലംകൃതയായ ആ സ്ത്രീ അന്തരീക്ഷത്തിലെ പൂമെത്തയ്ക്കുമേൽ ചവിട്ടുന്ന മുച്ചക്ര സൈക്കിൾ പോലും. മാലിന്യത്തെയും അതു സമാഹരിക്കേണ്ടി വരുന്ന സ്ത്രീകളെയും ചിത്രത്തിലെത്തിക്കുമ്പോൾ അതുണ്ടാക്കുകയും തിരിഞ്ഞു നടക്കുകയും ചെയ്യുന്നവരെ കൂടെയാണ് കാൻവാസിന് പുറത്ത് ശ്രീജ വരച്ചിടുന്നത്.

ശ്രീജ പള്ളത്തിന്റെ ചിത്രം

പാലക്കാട് മലനാടാണെങ്കിലും മഞ്ഞുമലകൾ അവിടെയില്ല. ബസന്ത് പെരിങ്ങോടിന്റെ മനസ്സ് ഹിമമലകളെയും മേഘമലകളെയും നോക്കി നിൽക്കുന്നു. നീലയുടെ അവാന്തരങ്ങൾക്കും വെളുപ്പിനുമിടയിലും പച്ചയുടെ അലകൾ കാണുന്ന പാലക്കാടൻ ഭാവന. ഭൂമിയുടെ ഉച്ചിയിൽ അഭൗമം ആരംഭിക്കുന്ന വേദിയിലും പച്ചയോടൊപ്പം ജീവാകാരങ്ങളെ കണ്ടെത്താൻ ബസന്തും നമ്മളും ആയുന്നുണ്ട്.

ബസന്ത് പെരിങ്ങോടിന്റെ ചിത്രം.

ശ്രീവത്സൻ മങ്കര ഈ മുഖങ്ങളൊക്കെ എങ്ങോട്ടാണയയ്ക്കുക? കാലം ഹരിച്ചുകൊണ്ടിരിക്കുന്ന, ‘പഴയ’ എന്ന് പറയേണ്ട ഇന്ത്യൻ പോസ്റ്റ് കാർഡുകളുടെ മുഖവശത്തെ ഇടതുപാതിയിൽ വരച്ച മനുഷ്യ മുഖങ്ങൾ. വലതു പാതിയിൽ വിലാസങ്ങൾ പൂരിപ്പിക്കാതെ. പെട്ടെന്ന് അവ നമുക്കുള്ള കാർഡുകളാണെന്നും ആ മുഖങ്ങളെല്ലാം പലപ്രായ, ലിംഗങ്ങളിലെ ആദിവാസി സൗന്ദര്യങ്ങളാണെന്നും നമ്മളറിയുന്നു. ഇന്ത്യയിലെ നൂറിൽ എട്ടരപ്പേരാണ് ആദിവാസികൾ. അവരുടെ ഭാവാന്തരങ്ങളാണ് ശ്രീവത്സൻ നമുക്കയയ്ക്കുന്നത്. ആദിവാസി ജനതയെ കാണാതെയിരിക്കുന്നത് പൊതുവേ വാശിപോലെയാണ്. തന്മനസ്സിലെ അവരെ ചിത്രകാരൻ ഉഷാറും പ്രകാശവുമായി വരയ്ക്കുമ്പോഴും വേദന ഒന്നിലും മായുന്നില്ല. കേരളത്തിലെ ഒന്നര ശതമാനം ഗോത്ര ജനത കൂടെയെത്താതിരിക്കാൻ ശ്രദ്ധിക്കുന്ന മലയാളികളെയും കൂടിയാണ് ശ്രീവത്സൻ നമുക്ക് വരയ്ക്കാതെ വരച്ചയയ്ക്കുന്നത്.

ശ്രീവത്സൻ മങ്കരയുടെ വരകൾ.

റ്റി ശബരി ഗിരീഷ് വരച്ച ഒരമ്മയുടെ കണ്ണുകൾക്കാണോ അലൂമിനിയം ഭിക്ഷാപാത്രത്തിനാണോ ആഴമെന്ന് നമ്മൾ പലതവണ നോക്കുന്നു. ചിത്രകാരൻ കണ്ടെത്തിയ ഉയരക്കാഴ്ചയാണ് ചിത്രത്തിന്റെ ആഴവും ഫീലുമെന്ന് തോന്നുന്നു. മനുഷ്യ ദൈന്യത നമ്മളിൽ കരുണ എന്ന അനുഭവം ഉണ്ടാക്കുന്നു. പക്ഷേ ചിത്രകാരന്റെ ഉൾത്തടത്തിൽ എന്നോ ഉടക്കിയ ഒരു കാഴ്ചയെ നമ്മുടെ അനുഭവമാക്കുന്നതെങ്ങനെ എന്നതിന് പൊതുനിയമങ്ങളില്ല. ഈ ചിത്രത്തിൽ അതയാളുടെ ഹൃദയകാമറയുടെ ആം​ഗിളാണ്. മറ്റൊരു ചിത്രത്തിൽ ശബരി ഗിരീഷ് ഒരാനയെ ലോറിയിലേക്ക് കയറ്റുന്നു. നാലാം കാൽ ലോറിയിൽ കയറിയിട്ടില്ലാത്ത ആനയുടെ ഭാരം മുഴുവൻ അയാൾ നമുക്ക് തരുന്നു. വരിയായി പോകുന്ന കാളവണ്ടികളെയും ശബരി ഗിരീഷ് വയ്ക്കുന്നുണ്ട്. ആ പാലക്കാടൻ നാട്ടിൻപുറ മനുഷ്യരെ മറ്റു ചില മനുഷ്യർ അതുപോലെ വലിപ്പിക്കുന്ന ഭാരമാണ് അവർ ആനയിലേക്കും കാളയിലേക്കും ശബരി ഗിരീഷിലേക്കും നമ്മളിലേക്കും എടുത്ത് വയ്ക്കുന്നത്.

റ്റി ശബരി ഗിരീഷ് വരച്ച ചിത്രം.

തുമ്പിയുടെയും തവളയുടെയും ഫോസിലുകളെ വടിവും നെടിവുമോടെ നമുക്ക് മുന്നിൽ തെളിക്കുകയാണ് ശാസ്ത്രശർമ്മൻ. തുമ്പിയും തവളയും ഇന്നലെ ഇവിടൊക്കെ ചാടിപ്പറക്കുന്നുണ്ടായിരുന്നു. ഇന്നുണ്ടോ? നാളെയോ? മനുഷ്യർ ചാരിനിൽക്കുന്ന ജീവമതിലുകൾ ഉടഞ്ഞാൽ മനുഷ്യദേഹങ്ങൾ എത്ര കാലം എന്ന് ശാസ്ത്രശർമ്മൻ.

ശാസ്ത്രശർമ്മന്റെ വർക്ക്.

ഗർഭദീപ പ്രകാശത്തിൽ തന്നുടലിനും ഭാവത്തിനും നമുക്കുമുണ്ടാകുന്ന തെളിമയെ കാണുന്ന പെണ്ണാണ് ഫ്ലോറന്റോ ദീപ്തിയുടെ പടം. ജനന തരംഗങ്ങളാണവൾക്കു ചുറ്റും. ജീവനോളം നമ്മളെ മുഗ്ദ്ധരാക്കുന്നതെന്ത്?

സാറാ കോഹനെ നമുക്കോർമ്മയുണ്ട്. കൊച്ചിയിലെയും ഇന്ത്യയിലെയും ഏറ്റവും പ്രായം ചെന്ന ജൂതയായി തൊണ്ണൂറ്റി ഏഴാം പ്രായത്തിൽ മരിച്ച അവർ നമ്മുടെ പാവം നാടിന് വാഗ്ദത്ത ഭൂമിയോളം മതിപ്പുനൽകി ഇവിടെ കഴിഞ്ഞു. അവരുടെ പങ്കാളി ജേക്കബ് കോഹൻ അദ്ദേഹത്തിന്റെ അവസാന നിമിഷം സാറയുടെ കയ്യെടുത്ത് മകനെപ്പോലെ കൂടെയുണ്ടായിരുന്ന താഹ ഇബ്രാഹിമിന്റെ കയ്യിൽ വച്ച് ഇവരോടൊപ്പം ഉണ്ടാവണം എന്നു പറഞ്ഞുപോയി. താഹ അവർ പോകുന്നതു വരെ കൂട്ട് ആയിരുന്നു. സാറയമ്മച്ചിയുടെയും താഹയുടെയും ചേർന്ന കൈകളും സാറ കോഹന്റെ സ്നേഹക്കണ്ണുകളും ഹരിഹരൻ എസ് പ്രതിച്ഛായപ്പെടുത്തിയ ആറ് പടങ്ങൾ ഇവിടുണ്ട്.

ഹരിഹരൻ എസ് പകർത്തിയ ഫോട്ടോകൾ

മരവലുപ്പത്തിന് മുന്നിൽ മനുഷ്യച്ചെറുപ്പം സുദയദാസ് എസ് വരച്ചെടുത്തു. ആ മരത്തെ പക്ഷേ മനുഷ്യർ പാതി ഉയരത്തിൽ ചതുരതയോടെ മുറിച്ചെടുത്തിരിക്കുന്നു. പാലക്കാട്ടെ മഞ്ഞവയലിലെ വയൽത്തീയും കട്ടിപ്പുകയുമാണ് സരുൺദാസ് നമുക്കു വേണ്ടി കാണുന്നത്.

സുദയദാസിന്റെ പെയ്ന്റിം​ഗ്

മാസ്ക് വച്ച ഒരു പെണ്ണാളും രണ്ട് ആണാളും ചെറുവള്ളത്തിൽ വെള്ള മൂടിയ ശവദേഹവും ശവദാഹത്തിനുള്ള വിറകട്ടിയും ദഹനത്തീയും റാന്തലുമായി അക്കരയിലേക്ക് ചൂണ്ടിത്തുഴയുന്നത് മനുഷ്യർ തുഴഞ്ഞു കയറിയ ആ കോവിഡ് കാലത്ത് നിന്നാണ്. അല്ലെങ്കിൽ ആ സ്ത്രീ ചൂണ്ടി ഓർമ്മിപ്പിക്കുന്നത് നമ്മൾ ഓർക്കാതെ പോകരുതാത്ത ആ മാസങ്ങളെയാണ്. മൂന്നു പേരുടെയും ഓരോ കണ്ണുകളെ മാത്രമേ ഷിനോജ് ചോരൻ നമ്മളെ കാട്ടുന്നുള്ളു. അതുമതി.

ചെറിയ രണ്ട് കടലാസുകളിൽ വെള്ളത്തിൽ ചാലിച്ച നിറങ്ങൾ കൊണ്ടാണ് സുരേഷ് കെ നായർ മനുഷ്യാകാരങ്ങളെ ഭാവങ്ങളാക്കുന്നത്. രണ്ടു കടലാസിലും കുറെ കുഞ്ഞു കുഞ്ഞ് പടങ്ങൾ. എല്ലാം നമ്മളെയും നമ്മൾ അവരെയും നോക്കി നിൽക്കുന്നവ.

വേണു ഉഴുതയിലിന്റെ മരശില്പങ്ങൾ ചലിക്കുന്നുണ്ടോ എന്ന് സന്ദേഹിക്കും. രൂപങ്ങൾ അദ്ദേഹത്തിന് മരങ്ങൾ തന്നെ നൽകിയതോ അതോ സൃഷ്ടിയോ എന്നും നോക്കും നാം. ആരംഭ തടസ്സങ്ങൾ നീക്കുന്ന ദേവസങ്കല്പമാവാമത്. മനുഷ്യനോ നീരാളിയോ കരജീവിയോ സസ്യം പോലുമോ ഉദ്യമത്തിനൊരുമ്പെടും പോലെ ഒരു ശില്പം. നോട്ടദിശ മാറുമ്പോൾ സർപ്പമോ കുടുംബമോ രതിയോ സ്വപ്നമോ അരൂപമോ സ്വരൂപമോ ആകാവുന്ന രണ്ടു മൂന്ന് ശില്പങ്ങൾ.

വേണു ഉഴുതയിലിന്റെ ശില്പം.

കെ.എസ് ദിലീപ് കുമാറിന്റെ ചിത്രങ്ങൾ ചതുരച്ചട്ടത്തിൽ അവസാനിക്കാറില്ല. അവ രണ്ടെണ്ണം ചേർത്തുവച്ചാൽ പുതിയൊരു ചിത്രമാണ്. ഇവിടെ നാല് ചിത്രങ്ങൾ തിരശ്ചീനമായും ലംബമായും ചേർന്നിരിക്കുന്നു. നാല് കടൽക്കാഴ്ചകളിൽ മഞ്ഞയും ഓറഞ്ചും തവിട്ടുമൊക്കെയാണേറെ. മേഘാകൃതികൾ വിശേഷമാണ്. മേഘത്തുണ്ടിലിരിക്കുന്ന രണ്ടു കിളികളിൽ ഒന്ന് മേലേയ്ക്കും ഒന്ന് കീഴേയ്ക്കും നോക്കുന്നു. രണ്ട് പേർക്കും ഇരിപ്പിൽ സമാധാനക്കുറവില്ല, അവരുടെ നോട്ടത്തിൽ അതുണ്ടാവാം. മനുഷ്യർ കൂടുതൽ ശ്രദ്ധിക്കുക, ഒരുപക്ഷേ സന്ധ്യക്കടലിലേക്ക് ചാടാനൊരുമ്പെടുന്ന രണ്ടു സ്ത്രീകളെയാവും.

കെ എസ് ദിലീപ് കുമാറിന്റെ Sea Scapes പരമ്പരയിൽ നിന്ന്

ദിലീപിന്റെ ‘സീ സ്കേപ്സ്’ പരമ്പരയിൽ ഇവിടെ വച്ചിട്ടുള്ള നാലു ചിത്രങ്ങളിലെയും പരമ്പരയിലെ ഇതര പടങ്ങളിലെയും കടലുകൾ പാലക്കാട്ടുകാരും കോട്ടയംകാരുമെന്നല്ല, ആരും കണ്ടിട്ടില്ല. ഈ ആകാശവും മലയും പാറയടുക്കും മണലും ദിലീപ് ചുമന്നുകൊണ്ടുവരുന്നതാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

4 minutes read April 3, 2024 3:38 pm