അലിഗഢിൽ നിന്നും തീഹാറിലേക്ക്: പൗരത്വസമരത്തിലെ വിദ്യാർത്ഥി മുന്നേറ്റം

”ന്യൂദല്‍ഹിയില്‍ ഒരു സര്‍വകലാശാലയുണ്ട്, തീവ്രവാദത്തിന്റെ നഴ്സറിയാണത്” എന്ന് പറഞ്ഞുകൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി 2008ല്‍ അഹമ്മദാബാദില്‍ കാമ്പയിന്‍ ആരംഭിച്ച വര്‍ഷം തന്നെയാണ് ബീഹാർ സ്വദേശി മീരാന്‍ ഹൈദര്‍ സീനിയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിയായി ജാമിയയില്‍ പഠനം ആരംഭിക്കുന്നത്. തുടര്‍ന്ന് അവിടെനിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക്, ഇന്റര്‍നാഷണല്‍ ബിസിനസില്‍ എം.ബി.എ എന്നിവ പൂര്‍ത്തിയാക്കിയ മീരാന്‍ 2019 ല്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസില്‍ എം.ഫില്‍ ബിരുദം നേടി. നിലവില്‍ മാനേജ്മെന്റ് സ്റ്റഡീസില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് മീരാന്‍. സര്‍വകലാശാലക്കകത്തും പുറത്തും രാഷ്ട്രീയവേദികളിലെ സജീവ സാന്നിധ്യം. ജാമിയ വിദ്യാര്‍ത്ഥികളുടെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടായ്മകളിലൊന്നായ ജാമിയ സ്റ്റുഡന്‍സ് ഫോറത്തിന്റെ 2017-2018 കാലയളവിലെ കണ്‍വീനറായ മീരാന്‍, ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ഥിവിഭാഗത്തിനോടൊപ്പവും പ്രവര്‍ത്തിച്ചിരുന്നു. ഓഖ്ല, ജാമിയ നഗര്‍ പ്രദേശങ്ങളിലെ വ്യത്യസ്ത രാഷ്ട്രീയ സാംസ്‌കാരിക വേദികളില്‍ മീരാന്‍ സജീവമായിരുന്നു. മികച്ച വാഗ്മി കൂടിയായ മീരാന്‍ പിന്നീട് രാഷ്ട്രീയ ജനതാദളില്‍ അംഗത്വമെടുക്കുകയും അതിന്റെ യൂത്ത് വിങ്ങിന്റെ ദല്‍ഹി ഘടകം അധ്യക്ഷനാവുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിംങ്ങളുടെ പൗരത്വത്തെ തന്നെ വെല്ലുവിളിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലും തുടര്‍ന്ന് ജാമിയ മില്ലിയക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിലും മുന്‍നിരയില്‍ മീരാന്‍ ഹൈദറിനെ കാണാം. മീരാന്‍ ഇപ്പോള്‍ ഒരു വര്‍ഷത്തിലധികമായി തീഹാര്‍ ജയിലിലാണ്. ജാമിയ മില്ലിയ ഇസ്ലാമിയയിലെ ഐതിഹാസികമായ പൗരത്വ ഭേദഗതി വിരുദ്ധ സമരങ്ങള്‍ക്ക് രൂപീകരിക്കപ്പെട്ട ജാമിയ കോഡിനേഷന്‍ കമ്മിറ്റിയുടെ പ്രധാനനേതാക്കളില്‍ ഒരാളായ മീരാന്‍ കോവിഡ്19 ലോക്ഡൗണ്‍ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടുകൊണ്ടിരിക്കെയാണ് ദല്‍ഹി പൊലീസിനാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.

മീരാൻ ഹൈദർ

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ സജീവമായി നിലകൊള്ളുകയും സമരം ചെയ്ത മുസ്ലിങ്ങളുൾപ്പെടെയുള്ളവർക്ക് നേരെയുണ്ടായ ഭരണകൂട ഭീകരതയ്‌ക്കെതിരേ ശബ്ദമുയര്‍ത്തുകയും ചെയ്ത വിദ്യാര്‍ത്ഥിനേതാക്കളെ യു.എ.പി.എ, രാജ്യദ്രോഹം തുടങ്ങിയ ഭീകര നിയമങ്ങള്‍ ചുമത്തി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തടവിലിട്ടിരിക്കുകയാണ് രാജ്യത്തെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന ദല്‍ഹി പോലീസ്. ഇരുപതിലധികം പൗരത്വവിരുദ്ധ സമരനായകര്‍ തടവറയിലാണ്. ഇവരാരും ഭരണകൂടത്തിന്റെ ‘വെറുതെ’യുള്ള ഉന്നങ്ങള്‍ ആയിരുന്നില്ല എന്നതിന് ഇവരുടെ രാഷ്ട്രീയജീവിതം മറുപടിയാണ്. ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികളായ മീരാന്‍ ഹൈദര്‍, ആസിഫ് തന്‍ഹ, സഫൂറ സര്‍ഗാര്‍, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥികളായ ശര്‍ജീല്‍ ഇമാം, ദേവാങ്കണ കലിത, നടാഷ നര്‍വാള്‍, ദല്‍ഹി സര്‍വകലാശാലയില്‍ നിന്നു ബിരുദം പൂര്‍ത്തിയാക്കി നിലവില്‍ എം.ബി.എ വിദ്യാര്‍ത്ഥിയായ ഗുല്‍ഫിഷ ഫാത്തിമ എന്നീ ഏഴ് വിദ്യാര്‍ത്ഥിനേതാക്കള്‍ ഭീകരനിയമം ചുമത്തപ്പെട്ടു വേട്ടയാടപ്പെട്ടു.

സി.എ.എ പ്രക്ഷോഭങ്ങളിലെ പരിചിത മുഖമാണ് ബീഹാറിലെ കാക്കോ ഗ്രാമത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥി നേതാവ് ശര്‍ജീല്‍ ഇമാം. ഐ.ഐ.ടി ബോംബൈയില്‍ നിന്നും ബി.ടെക്കും എം.ടെക്കും പൂര്‍ത്തിയാക്കിയ ശേഷമാണ് മോഡേണ്‍ ഹിസ്റ്ററിയില്‍ ബിരുദാനന്തരബിരുദത്തിന് വേണ്ടി 2013 ല്‍ ഇമാം ജെ.എന്‍.യു വില്‍ എത്തുന്നത്. ദില്ലിയിലെ ഷഹീന്‍ബാഗില്‍ പൗരത്വവിരുദ്ധസമരത്തിന്റെ സജീവ സന്നദ്ധ പ്രവര്‍ത്തകനായിട്ടാണ് ഇമാം തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 2013 ഡിസംബര്‍ 13നും 2020 ജനുവരി 16നും പൗരത്വനിയമത്തെയും ദേശീയ പൗരത്വ പട്ടികയെയും എതിര്‍ത്തു കൊണ്ട് ഇമാം നടത്തിയ പ്രസംഗങ്ങളാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. പൗരത്വനിയമ വിരുദ്ധ സമരങ്ങളുടെ ഏറ്റവും ശക്തമായ ഇടപെടലായി പിന്നീട് മാറിയ റോഡ് ഉപരോധിച്ചുള്ള അനിശ്ചിതകാല നിരാഹാരസമരങ്ങള്‍ക്കുള്ള ആഹ്വാനമായിരുന്നു ഇമാമിന്റെ പ്രസംഗങ്ങള്‍. ഇന്ത്യയിലെ അഞ്ചു ബി.ജെ.പി സംസ്ഥാനങ്ങളാണ് ഇമാമിനെതിരെ ഭീകരനിയമം ചുമത്തിയത്.

ശര്‍ജീല്‍ ഇമാം

ജാമിയ മില്ലിയ്യ ഇസ്ലാമിയയിലെ സോഷ്യോളജി ഗവേഷക വിദ്യാര്‍ത്ഥിയായ സഫൂറ സര്‍ഗാറിനെ ഡല്‍ഹിയില്‍ പൗരത്വസമരം വഴി കലാപം ആസൂത്രണം ചെയ്തെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തിയും ജാമിയ മില്ലിയയിൽ നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരം നയിച്ചെന്നാരോപിച്ച് മറ്റു വകുപ്പുകള്‍ ചേര്‍ത്തും 2020 ഏപ്രില്‍ രണ്ടാം വാരമാണ് അറസ്റ്റ് ചെയ്യുന്നത്. ജാമിയയിലെ സി.എ.എ വിരുദ്ധ സമരങ്ങളുടെ പ്രധാന കൂട്ടായ്മയായ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സ്ഥാപക നേതാവും മീഡിയ കോര്‍ഡിനേറ്ററുമായിരുന്ന സഫൂറ അറസ്റ്റിലാകുമ്പോള്‍ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. കോവിഡ് ഭീഷണി നിലനില്‍ക്കെ ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെ സഫൂറയെ ജയിലിലടച്ചത് വ്യാപക പ്രതിഷേധങ്ങള്‍ക്കും കടുത്ത ആശങ്കകള്‍ക്കും വഴിവെച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുള്‍പ്പടെയുള്ള വേദികള്‍ സഫൂറയെ തടവറയിലിട്ട ഇന്ത്യന്‍ ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ രംഗത്തുവന്നു. ജമ്മു സ്വദേശിയായ സഫൂറ വിദ്യാര്‍ത്ഥി സമരങ്ങളുടെ ആലോചനാവേദികള്‍ നിയന്ത്രിക്കാന്‍ മാത്രം സംഘാടകശക്തിയും നേതൃപാടവവുമുള്ള വിദ്യാര്‍ത്ഥിനേതാവാണ്. 2020 ജൂണ്‍ 23 നാണ് ദല്‍ഹി ഹൈക്കോടതി സഫൂറയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടന്ന മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ടാണ് ദല്‍ഹിയിലേത് വംശഹത്യയല്ല കലാപമാണെന്നും കലാപം ആസൂത്രണം ചെയ്തത് പൗരത്വസമരക്കാരാണെന്നും ആരോപിച്ച് ദല്‍ഹി പൊലീസ് ജാമിയ മില്ലിയയിലെ മൂന്നാം വര്‍ഷ പേര്‍ഷ്യന്‍ വിദ്യാര്‍ത്ഥി ആസിഫ് ഇക്ബാല്‍ തന്‍ഹയെ അറസ്റ്റ് ചെയ്തത്. സി.എ.എ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിനേതാവാണ് ആസിഫ്. ജവഹര്‍ലാല്‍ നെഹ്റു വിദ്യാര്‍ത്ഥി നജീബ് അഹ്‌മദിന്റെ നിര്‍ബന്ധിത തിരോധാനം, രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ മുസ്ലിം വിരുദ്ധ അതിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സമരങ്ങളിലെ സജീവമുഖമായിരുന്ന ജാര്‍ഖണ്ഡ് സ്വദേശി ആസിഫ് ജാമിയ സര്‍വകലാശാലയിലെ എസ്.ഐ.ഒ നേതാവായിരുന്നു.

ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശായില്‍ വിദ്യാര്‍ത്ഥികളായ നടാഷ നര്‍വാള്‍, ദേവാങ്കണ കലിത എന്നീ വിദ്യാര്‍ത്ഥികളും പിന്നീട് പൗരത്വസമരങ്ങളിൽ സജീവമായത് കൊണ്ട് ഭരണകൂടത്തിന്റെ വിലങ്ങുകള്‍ക്കുള്ളിലായി. ഡല്‍ഹിയിലെ കോളേജുകളില്‍ വനിതാ വിദ്യാർത്ഥിനികള്‍ക്കുണ്ടായിരുന്ന ഹോസ്റ്റല്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ട് നിലവില്‍ വന്ന പിഞ്ച്‌റതോടിന്റെ സ്ഥാപകാംഗമായിരുന്നു എസ്.എഫ്‌.ഐ നേതാവ് കൂടിയായിരുന്ന നടാഷ നര്‍വാള്‍. നടാഷ ഭരണകൂടഭീകരതയുടെ ഇരയാണെന്നും അവള്‍ ഒരിക്കല്‍ ജയിലറകള്‍ ഭേദിച്ചു തന്റെ അടുക്കലേക്ക് വരുമെന്നും പ്രതീക്ഷിച്ച പിതാവ് നര്‍വാള്‍ മകള്‍ ജയിലിനകത്തായിരിക്കെ തന്നെ കൊറോണാ വൈറസ് ബാധിച്ച് മരണപ്പെട്ട വാര്‍ത്ത നമ്മള്‍ വായിച്ചതാണ്. ജെ.എന്‍.യുവില്‍ എം.ഫില്‍ വിദ്യാര്‍ത്ഥിയും പിഞ്ച്‌റതോട് പ്രവര്‍ത്തകയുമായ ദേ വാങ്കണ കലിത സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. 2020 മെയ് 20 നു അറസ്റ്റ് ചെയ്യപ്പെട്ട് 2021 ജൂണ്‍ 15 നാണ് ദല്‍ഹി ഹൈക്കോടതി ആസിഫിനും നടാഷക്കും ദേവാങ്കണക്കും ജാമ്യം അനുവദിച്ചത്.

ദേവാങ്കണ കലിത, നടാഷ നര്‍വാള്‍

പൗരത്വഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കന്‍ ദല്‍ഹിയിലെ സീലാംപുരില്‍ സ്ത്രീകളുടെ നേതൃത്വത്തിലെ പ്രതിഷേധത്തിന്റെ സംഘടാകയായിരുന്നു ഗുല്‍ഫിഷ ഫാത്തിമ. പൗരത്വനിയമത്തെക്കുറിച്ചു പ്രാദേശിക തലത്തില്‍ സ്ത്രീകള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ ശ്രമിച്ച ഗുൽഫിഷ ഫാത്തിമ മതേതര ഭരണഘടനാ തത്വങ്ങള്‍ മുറുകെ പിടിക്കുന്നതിന് ശക്തമായ ശബ്ദമായി പ്രവര്‍ത്തിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധത്തിന്റെ മറവില്‍ പ്രദേശത്ത് അശാന്തി സൃഷ്ടിക്കാന്‍ പദ്ധതി ഇടുകയും കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും ചെയ്തു എന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു ഗുല്‍ഫിഷയെ.

ഗുൽഫിഷ ഫാത്തിമ. ഫോട്ടോ: ഷഹീൻ അബ്ദുല്ല

2019 ഡിസംമ്പര്‍ മുതല്‍ സമാധാനപരമായി പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി നേതാക്കളെ ഭരണകൂടം വേട്ടയാടുകയായിരുന്നു. 2020 ഫെബ്രുവരിയിൽ പൊലീസിന്റെ സഹായത്തോടെ ഹിന്ദുത്വഭീകരര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മുസ്ലിം വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അക്രമകാരികളെ അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല, വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 21 പൗരത്വസമരനായകരെ ഗൂഢാലോചന കേസില്‍ യു.എ.പി.എ ചുമത്തി ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കാല്‍ലക്ഷം വിദ്യാര്‍ത്ഥികളുടെ നിരാഹാരസമരം

2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ അലിഗഢ് മുസ്ലിം സര്‍വ്വകലാശാലക്കെതിരായ ഹിന്ദുത്വശക്തികളുടെ മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് വ്യാപകമായ പിന്തുണകള്‍ ലഭിച്ചുതുടങ്ങി. മുഖ്യമന്ത്രിയായി യോഗിയും പ്രധാനമന്ത്രിയായി മോദിയും വന്ന പശ്ചാത്തലത്തിൽ പ്രദേശത്തെയും സംസ്ഥാനത്തെയും ഹിന്ദുത്വ കൂട്ടായ്മകളും മുസ്ലീം വിരുദ്ധത ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നേതാക്കളും സര്‍വകലാശാലയെ ഏറ്റവും മോശമായ രീതിയില്‍ അവതരിപ്പിക്കാൻ തുടങ്ങി. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ എല്ലായ്പോഴും അതിന്റെ ന്യൂനപക്ഷരാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുകയും അതിനായി നിലകൊള്ളുകയും ചെയ്തുപോന്നു എന്നത് ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് കാരണങ്ങളായി. രാജ്യവാപകമായി അരങ്ങേറിയ പൗരത്വഭേദഗതി വിരുദ്ധ സമരങ്ങള്‍ക്ക് ഏറ്റവും ആദ്യം വേദിയായ ക്യാമ്പസ് അലിഗഢ് യൂണിവേഴ്‌സിറ്റിയായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ ബൗദ്ധിക അക്കാദമിക ചര്‍ച്ചകള്‍ പലപ്പോഴും സംഭവിക്കാറുള്ള സര്‍വ്വകലാശാലയില്‍, ലോക്‌സഭയില്‍ അമിത്ഷാ ബില്‍ അവതരിപ്പിച്ച ദിവസം മുതല്‍ തന്നെ അതു സംബന്ധിച്ച ചര്‍ച്ചകളും സംവാദങ്ങളും നടന്നിരുന്നു. 2019 ഡിസംബര്‍ 9ന് കെന്നെഡി ലോണില്‍ വെച്ച് നടന്ന വിദ്യാര്‍ത്ഥികളുടെ പൊതുയോഗത്തിനു ശേഷം മുസ്ലിം വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ബില്ലിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ തെരുവിലിറങ്ങുകയായിരുന്നു. ഡിസംബര്‍ 10നു ലോക്‌സഭയില്‍ ബില്‍ പാസാക്കിയതോടെ യൂണിവേഴ്‌സിറ്റിയില്‍ 15,000 ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രതിഷേധമാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കുകയുണ്ടായി. ഡിസംബര്‍ 11 മുതല്‍ നിത്യവും സര്‍വകലാശാലയിലെ ചരിത്രപ്രസിദ്ധമായ ബാബെ സയ്യിദ് മഹാപ്രതിഷേധങ്ങള്‍ക്ക് വേദിയായി.

സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ ചെയര്‍മാനും എസ്‌.ഐ.ഒ നേതാവുമായ അബ്ദുല്ല ആസാം, ഷര്‍ജില്‍ ഇമാം, സര്‍വകലാശാല വിമന്‍സ് കോളജ് യൂണിയന്‍ ചെയര്‍പേഴ്സണായിരുന്ന അഫ്രീന്‍ ഫാത്തിമ, ജിതേന്ദ്ര സുന, ശുഹൈബ് പി.വി തുടങ്ങിയവർ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ അഭിസംബോധന ചെയ്തു. അതേ വേദിയില്‍ വെച്ച്, ഡിസംബര്‍ 11 നാണ് സര്‍വകലാശാലയില്‍ 25,000 വിദ്യാര്‍ഥികളുടെ കൂട്ട നിരാഹാരസമരം പ്രഖ്യാപിച്ചത്. ഹോസ്റ്റല്‍ മെസ്സില്‍ തയ്യാറാക്കിയിരുന്ന ഭക്ഷണം സമീപത്തെ ചേരികളില്‍ വിതരണം ചെയ്തു കൊണ്ട് പ്രതിഷേധങ്ങളെ അവര്‍ കൂടുതല്‍ ഹൃദ്യമാക്കി. ഡിസംബര്‍ 12 ന് കഫീല്‍ഖാന്‍, മഷ്‌കൂര്‍ ഉസ്മാനി, യോഗേന്ദ്ര യാദവ്, അഡ്വ. ഫവാസ് ഷഹീന്‍ തുടങ്ങിയവര്‍ ക്യാമ്പസില്‍ എത്തിയിരുന്നു. അതേ ദിവസം തന്നെ ഹോസ്റ്റലുകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ കൂട്ടത്തോടെ സമരമുഖത്തേക്ക് എത്തുകയും ആവേശത്തോടെ പങ്കാളികളാവുകയും ചെയ്തു. ഡിസംബര്‍ 13 ന് വിദ്യാര്‍ത്ഥി യൂണിയന്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലേക്ക് മാര്‍ച്ച് ആഹ്വാനം ചെയ്തു. മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു കൂട്ടം യൂണിവേഴ്‌സിറ്റി പ്രഫസര്‍മാരും സന്നിഹിതരായിരുന്നു. സമരം നടത്തിയവരില്‍ പേരു വ്യക്തമാക്കിയ 20 വിദ്യാര്‍ഥികള്‍ക്കും പേരറിയാത്ത 200 വിദ്യാര്‍ത്ഥികള്‍ക്കും എതിരെ കലാപശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് പ്രതികാരം ചെയ്തത്.

ജാമിയയിലെ പാര്‍ലമെന്റ് മാര്‍ച്ചുകള്‍

പൗരത്വസമരത്തിന്റെ മറ്റൊരു പ്രഭവകേന്ദ്രമായിരുന്നു രാജ്യതലസ്ഥാനത്തെ ജാമിയ മില്ലിയ ഇസ്ലാമിയ. ലോക്‌സഭയില്‍ പൗരത്വബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ തന്നെ ജാമിയയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. ഡിസംബര്‍ 10 മുതല്‍ നിരവധി പ്രതിഷേധങ്ങളും പ്രകടനങ്ങളും ജാമിയയുടെ മണ്ണില്‍ സംഘടിപ്പിക്കപ്പെട്ടു. വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഡിസംബര്‍ 13 ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്ന് സംയുക്ത പാര്‍ലിമെന്ററി മാര്‍ച്ചിന് ആഹ്വാനം ചെയ്തു. ക്യാമ്പസിനകത്ത് ഒതുങ്ങിയിരുന്ന തങ്ങളുടെ ശബ്ദം പാര്‍ലമെന്റിലേക്ക് എത്തിക്കുവാനും പൊതുസമൂഹത്തിലേക്ക് വ്യാപിപ്പിക്കുവാനും ലക്ഷ്യം വെച്ചാണ് പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ വിദ്യാര്‍ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. അന്നേദിവസം മൂന്ന് മണിയോടെ ജാമിയ മുതല്‍ പാര്‍ലിമെന്റ് വരെ മാര്‍ച്ചിനായി വിദ്യാര്‍ഥികള്‍ അണിനിരന്നു. മെയിന്‍ ഗേറ്റിനു 200 മീറ്ററിനപ്പുറം പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിഷ്‌കരുണം മര്‍ദനമുറകള്‍ പ്രയോഗിച്ചു. പ്രകോപിപ്പിക്കുവാനും അക്രമാസക്തരാക്കുവാനുമുള്ള പൊലീസിന്റെ ഓരോ ശ്രമത്തെയും ക്ഷമയും ദൃഢതയും കൈമുതലാക്കി വിദ്യാര്‍ത്ഥികള്‍ പ്രതിരോധിക്കുകയായിരുന്നു. ആ സംഘത്തില്‍ നിന്നും 42 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ക്യാമ്പസിനകത്തേക്ക് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും സമരത്തില്‍ പങ്കെടുക്കാതിരുന്ന വിദ്യാര്‍ഥികള്‍ പോലും പൊലീസിന്റെ അക്രമങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. പിന്നീട് ദിവസങ്ങളോളം ജാമിയ വിദ്യാര്‍ഥികള്‍ പാര്‍ലമെന്റ് മാര്‍ച്ചുകള്‍ക്കായി ജാമിയയുടെ റോഡിലേക്ക് ഇറങ്ങി. എല്ലാ ദിവസവും ഭീകരമായ പൊലീസ് മര്‍ദ്ദനങ്ങൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നു.

ജാമിയ, അലിഗഢ് പൊലീസ് അതിക്രമങ്ങള്‍

വിദ്യാര്‍ത്ഥികളുടെ അറസ്റ്റിലും പൊലീസിന്റെ ക്രൂരമായ അക്രമങ്ങളിലും പ്രതിഷേധിച്ച് യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനങ്ങളോട് നിസ്സഹകരിക്കുവാനും പരീക്ഷകള്‍ ബഹിഷ്‌കരിക്കുവാനും ജാമിയയിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്തു. ദൈര്‍ഘ്യമേറിയ ഒരു സമരമുഖമാണ് മുന്നിലുള്ളതെന്നറിയുകയും അതില്‍ നിന്നൊരിക്കലും പിന്നോട്ടില്ലെന്ന് ഉറപ്പിക്കുകയും ചെയ്ത വിദ്യാര്‍ഥികള്‍ ചര്‍ച്ചകളും, പ്രസംഗങ്ങളും, മുദ്രാവാക്യങ്ങളും, കഥകളും, കവിതകളുമായി ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് കീഴില്‍ സര്‍ഗാത്മക സമരത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി അണിനിരന്നു. സമാധാനപരമായി മുന്നോട്ട് നീങ്ങിയ സമരങ്ങള്‍ കേന്ദ്ര സർക്കാരിനെ അസ്വസ്ഥമാക്കി. സമരം അക്രമാസക്തമാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ പരമാവധി ശ്രമിച്ച പോലീസ്, DTC ബസിനു തീയിട്ടെന്ന വാര്‍ത്ത ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ, അവസരം മുതലെടുത്ത് അഴിഞ്ഞാടുകയായിരുന്നു. കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും ലാത്തിചാര്‍ജുകളും ഒക്കെയായി ക്യാമ്പസിനകത്ത് പോലും അക്രമം അഴിച്ചുവിടാന്‍ പൊലീസ് മടിച്ചില്ല. ജാമിയയുടെ വിവിധ കവാടങ്ങളിലൂടെ ഇരച്ചുകയറിയ പൊലീസ് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. പല വിദ്യാര്‍ഥികളെയും വളഞ്ഞിട്ട് ആക്രമിച്ചു. ലൈബ്രറിയും ആരാധനാലയവും വരെ ആക്രമിക്കപ്പെട്ടു.

ജാമിയയിലെ വിദ്യാർത്ഥി പ്രതിഷേധം. ഫോട്ടോ: ഷകീബ് കെ.പി.എ

സർക്കാർ പിന്തുണയോടെയുള്ള സമാനമായ പൊലീസ് ഭീകരതയ്ക്കാണ് അതേ ഡിസംബര്‍ 15ന് അലിഗഢ് ക്യാമ്പസും സാക്ഷിയായത്. ദല്‍ഹി പൊലീസിന്റെ അക്രമത്തിനു വിധേയരായ ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമാധാനപരമായി നടന്ന പ്രതിഷേധമാര്‍ച്ചിലേക്ക് നുഴഞ്ഞുകയറിയ ഹിന്ദുത്വവാദികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ശേഷം യാതൊരു മുന്നറിയിപ്പും കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗ്രനേഡുകളും കണ്ണീര്‍വാതക ഷെല്ലുകളും വെടിയുണ്ടകളും പ്രയോഗിക്കപ്പെടുകയായിരുന്നു. പൊലീസ് ഹോസ്റ്റലുകളില്‍ കയറി മുറികള്‍ക്ക് തീയിട്ടു. ക്യാമ്പസിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ നശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്കുള്ള വഴിയില്‍ തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്തു. 25 ഓളം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. പേരറിയുന്ന 500 പേര്‍ക്കും പേരറിയാത്ത 2000 പേര്‍ക്കുമെതിരെ പൊലീസ് FIR ഫയല്‍ ചെയ്തു. യുണിവേഴ്‌സിറ്റി അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി.

സ്വതന്ത്ര ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ക്രൂരമായ അക്രമമായിരുന്നു ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ മഹാഭൂരിഭാഗം പഠിക്കുന്ന രാജ്യത്തെ രണ്ട് പ്രമുഖ കേന്ദ്രസര്‍വ്വകലാശാലകളിൽ നടന്നത്. എന്നാൽ, ജാമിയയിലും അലിഗഡിലും വിദ്യാര്‍ത്ഥികള്‍ ഏറ്റുവാങ്ങിയ പ്രഹരങ്ങള്‍ വെറുതെയായില്ല. അവരില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ട് രാജ്യവ്യാപകമായി വിദ്യാര്‍ത്ഥിപ്രക്ഷോഭങ്ങള്‍ ഉടലെടുത്തു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ഐ.ഐ.ടി, മുംബൈ സര്‍വകലാശാല, ഡി.യു, ഐ.ഐ.ടി ഡല്‍ഹി ഹൈദരാബാദ് സര്‍വകലാശാല, പാറ്റ്‌ന യൂണിവേഴ്‌സിറ്റി, ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി, പുതുച്ചേരി കേന്ദ്ര സര്‍വകലാശാല, മദ്രാസ് ഐ.ഐ.ടി, അഹമ്മദാബാദ് ഐ.ഐ.ടി, കാണ്‍പൂര്‍ ഐ.ഐ.ടി, പൂനെ സാവിത്രി ഫൂലെ സര്‍വകലാശാല, നദ്വത്തുല്‍ ഉലമ, ഐ.ഐ.എസ്. സി ബംഗളൂരു തുടങ്ങി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുകളടക്കം മുമ്പെങ്ങും കാര്യമായ സമരങ്ങളോ പ്രക്ഷോഭങ്ങളോ നടന്നിട്ടില്ലാത്ത ക്യാമ്പസുകള്‍ വരെ പ്രതിഷേധങ്ങള്‍ക്ക് വേദികളായി. കേരളത്തിലും ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറി. കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് കോഴിക്കോട് ഫാറൂഖ് കോളേജില്‍ സംയുക്ത വിദ്യാര്‍ത്ഥി സമിതിക്ക് കീഴില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിനായി അണിനിരന്നതോടെയാണ് കേരളത്തിലെ ക്യാമ്പസ് സമരങ്ങള്‍ക്ക് തുടക്കമാവുന്നത്. എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് തുടങ്ങി ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സി.എ.എ വിരുദ്ധ സമരത്തിന്റെ അലയൊലികള്‍ മുഴങ്ങി.

നിരാഹാരമനുഷ്ഠിച്ചും, ചര്‍ച്ചകള്‍ നടത്തിയും, തെരുവുകള്‍ സ്തംഭിപ്പിച്ചും, പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയും, ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയും, തടവറകളില്‍ കഴിഞ്ഞും വിദ്യാര്‍ഥികള്‍ ശക്തിപകര്‍ന്ന പ്രക്ഷോഭമാണ് പൗരത്വ നിയമ വിരുദ്ധ സമരം. അവരിൽ പലരും ഇന്നും ജയിലറകൾക്കുള്ളിലാണ്. (മീരാൻ ഹൈദർ, ശർജീൽ ഇമാം, ​ഗുൽഫിഷ എന്നിവർക്ക് ഇപ്പോഴും ജാമ്യം ലഭിച്ചിട്ടില്ല. അവർ തിഹാർ ജയിലിൽ തുടരുകയാണ്). നിരവധി വിദ്യാർത്ഥികളുടെ പേരിൽ ഗുരുതരമായ കേസുകൾ തുടരുന്നു. പക്ഷെ, സി.എ.എ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭം ഉയർത്തിയ ആവേശവും പ്രതീക്ഷയും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

(കോഴിക്കോട് ഫാറൂഖ് കോളേജ് കെമിസ്ട്രി ബിരുദധാരിയാണ് ലേഖിക)