അതിജീവനത്തിന്റെ അവസാന ബസ്സ്

സമരക്കടലായി വിഴിഞ്ഞം: പരമ്പര ഭാ​ഗം – 1

തീരശോഷണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ ആരംഭിച്ച സമരം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനിടയിൽ മുഖ്യമന്ത്രിയുമായും മന്ത്രിസഭാ ഉപസമിതിയുമായും നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടു. അ​​ദാനി ​ഗ്രൂപ്പിന്റെ തുറമുഖ പ​ദ്ധതിക്കെതിരെ ഇത്രയും ശക്തമായ ഒരു ജനവികാരം എങ്ങനെയാണ് തിരുവനന്തപുരത്തെ തീര​ദേശ​ഗ്രാമങ്ങളിൽ രൂപപ്പെട്ടത്?
കേരളീയം അന്വേഷണ പരമ്പര.

“ഇത് നമക്ക് രക്ഷപ്പെടാനുള്ള അവസാന ബസ്സാണ്. ഇതിലെങ്കിലും നമ്മൾ കയറണം.” മുല്ലൂരിലെ തുറമുഖ കവാടത്തിന് മുന്നിലുള്ള സമരപന്തലിൽ നിന്ന് ആ ആഹ്വാനം ഉറക്കെ കേൾക്കാമായിരുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണ വിരുദ്ധ സമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ പന്തലിൽ വലിയതുറ ഫെറോനയിലെ സ്ത്രീകളായിരുന്നു അന്ന് സമരപങ്കാളികൾ. പന്തലിലേക്ക് കടന്നുചെല്ലുമ്പോൾ ആ സ്ത്രീകൾ സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് രക്ഷപ്പെടാനുള്ള അവസാന മാർ​ഗമാണ് ഈ സമരമെന്ന് സംസാരിക്കുകയായിരുന്നു. വലിയതുറക്കാർ മാത്രമല്ല, കടലുകയറിക്കൊണ്ടേയിരിക്കുന്ന തിരുവനന്തപുരത്തെ തീരദേശ ഗ്രാമങ്ങൾ മിക്കതും ഇന്ന് ഈ സമരത്തെ അവസാന പ്രതീക്ഷയായാണ് കാണുന്നത്. കാരണം ഇനിയും വിട്ടുനൽകാൻ അവർക്ക് തീരങ്ങൾ ബാക്കിയില്ല. അദാനി ​ഗ്രൂപ്പിന്റെ തുറമുഖ നിർമ്മാണം തുടങ്ങിയ ശേഷം വർഷങ്ങളായി സംരക്ഷിച്ചുകൊണ്ടിരുന്ന പലതും അവർക്ക് നഷ്ടമായിരിക്കുന്നു. പ്രത്യേകിച്ച്, പൂന്തുറ, വലിയതുറ പ്രദേശങ്ങളിലുള്ളവർക്ക് ഈ സമരം ഒരു അതിജീവന പ്രശ്നം കൂടിയായി മാറിയിരിക്കുകയാണ്.

വലിയതുറ കടൽപ്പാലം. ഫോട്ടോ: നിഖിൽ വർ​ഗീസ്

തകർന്ന പാലവും മനുഷ്യരും

കടലിലേക്ക് നീണ്ടുപോകുന്ന കടൽപ്പാലത്തിന്റെ തൂണുകളിൽ അലച്ചുതല്ലി ചിതറുന്ന കടൽത്തിരകൾ. സായാഹ്നം ചിലവിടാനും അസ്തമയം കാണാനുമായെത്തിയ കുട്ടികളും മുതിർന്നവരും പാലത്തിൽ പലയിടത്തായി നിന്നു. അവരെ അമ്പരിപ്പിച്ചുകൊണ്ട് ഓടിവന്ന് കടലിലേക്ക് എടുത്ത് ചാടിക്കളിക്കുന്ന പ്രദേശവാസികളായ കുട്ടികൾ. പാലത്തിലിരുന്ന് ചൂണ്ടയിൽ മീൻ പിടിക്കുകയും അവിടെ വച്ചുതന്നെ വിൽക്കുകയും ചെയ്യുന്ന മത്സ്യബന്ധനത്തൊഴിലാളികൾ. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം വലിയതുറ കടൽപാലത്തിലെ സ്ഥിരം വൈകുന്നേരക്കാഴ്ചയായിരുന്നു ഇത്. ഇന്ന് പാലം അവിടെ കാണാമെങ്കിലും ആരം അതിനടുത്തെങ്ങുമില്ല. കടൽക്ഷോഭത്താൽ വിള്ളലേറ്റ് ചാഞ്ഞുപോയ വലിയതുറ കടൽപാലത്തിൽ സന്ദർശനം നിരോധിച്ചിരിക്കുകയാണ്. 1825ൽ പണിത ‘വലിയതുറ ഗ്രേറ്റ് ഹാർബർ’ എന്ന കടൽപ്പാലം ഏത് നിമിഷവും തകർന്നു വീഴാം. കടലിലേക്ക് മറിഞ്ഞുവീഴാൻ നിൽക്കുന്ന പാലം മാത്രമല്ല, പാലത്തിന്റെ ഇരുവശത്തും കടൽക്ഷോഭത്താൽ തകർന്ന വീടുകളും ഉൾപ്പെടുന്ന ദാരുണ കാഴ്ചയാണ് ഇന്ന് വലിയതുറ തീരത്തുള്ളത്. തകർന്ന വീടുകളിൽ നിന്നും കുറച്ച് അപ്പുറമുള്ള ഒരു സിമന്റ് ​ഗോഡൗണിലേക്ക് പ്രദേശവാസികൾ മാറ്റപ്പെട്ടിരിക്കുന്നു.

വലിയതുറയിലെ തകർന്ന വീടുകൾ. ഫോട്ടോ: ആരതി എം.ആർ

“എന്റെയൊക്കെ വീട് അവിടെയാണ് ഉണ്ടായിരുന്നത്.” കടലിലേക്ക് ചൂണ്ടി ലില്ലി (പേര് യഥാർത്ഥമല്ല) പറഞ്ഞു. ആ സിമന്റ് ഗോഡൗണിൽ രണ്ട് വർഷത്തോളമായി അഭയം പ്രാപിച്ച അമ്പത്തിരണ്ടുകാരിയാണ് ലില്ലി. കടൽഭിത്തി കെട്ടിയതിന് അരികിലുള്ള ഒരു പൊതുടാപ്പിൽ നിന്ന് വെള്ളമെടുക്കുകയായിരുന്നു അവർ. മീൻ വിറ്റ് ഉപജീവനം നടത്തിയിരുന്ന അവരുടെ കുടുംബത്തിന് ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു. അതിന് പുറമെയാണ് വീട് കൂടി നഷ്ടപ്പെടുന്നത്. ഇത് ലില്ലിയുടെ മാത്രം പ്രശ്‌നങ്ങളല്ല. വലിയതുറ ഗോഡൗണിലും, യു.പി സ്‌കൂളിലുമായി വീട് നഷ്ടപ്പെട്ട് അഭയാർത്ഥികളാകേണ്ടി വന്ന ഒട്ടനവധി പേരുടെ കഥകളിൽ ഒന്ന് മാത്രം. ഇതുപോലെ എഴുപതോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. “അടുത്ത പ്രാവശ്യം വോട്ട് ചോദിച്ച് ഇങ്ങോട്ട് വരട്ടെ… ഞങ്ങൾ എങ്ങനെ മറുപടി പറയുമെന്ന് അപ്പോൾ കാണിച്ചു കൊടുക്കാം.” ലില്ലി അമർഷത്തോടെ പറഞ്ഞുകൊണ്ട് വെള്ളം നിറച്ച കുടവുമെടുത്ത് ഗോഡൗണിലെ മുറിയിലേക്ക് നടന്നുനീങ്ങി.

പൊതുടാപ്പിൽ നിന്ന് വെള്ളം നിറച്ച് ഗോഡൗണിലേക്ക് നടന്ന് നീങ്ങുന്ന ലില്ലി. ഫോട്ടോ: ആരതി എം.ആർ

സമരത്തിലേക്ക് വഴിമാറിയ ജീവിതം

തിരുവനന്തപുരം ജില്ലയിലെ വടക്കൻ തീരപ്രദേശങ്ങളിൽ രൂക്ഷമായ തീരശോഷണവും കടലാക്രമണവും ഉണ്ടാകാൻ തുടങ്ങിയിട്ട് ആറ് വർഷത്തിലേറെയായി. കൃത്യമായി പറഞ്ഞാൽ 2015ൽ അദാനി സീ പോർട്ടിന്റെ നിർമ്മാണം ആരംഭിച്ചത് മുതൽ പ്രശ്‌നങ്ങളും തുടങ്ങുകയായിരുന്നു. പനത്തുറ, പൂന്തുറ, വലിയതുറ, ശംഖുമുഖം തുടങ്ങി അദാനി പോർട്ടിന് വടക്കോട്ടുള്ള തീരങ്ങളെല്ലാം നാമവശേഷമായി തീരുകയും ജനങ്ങൾ പലായനം ചെയ്യുകയും ചെയ്തിരിക്കുന്നു. ഗോഡൗണുകളിലും സ്‌കൂളുകളിലുമായി തുടരുകയാണ് അവരുടെ അഭയാർത്ഥി ജീവിതം.

തീരശോഷണത്തിനും കടലുകയറി വീട് നഷ്ടമായി പോകുന്നതിനും ശാശ്വത പരിഹാരം കാണുക എന്നതാണ് ഒക്ടോബർ 26ന് 100 ദിവസം പിന്നിട്ടിരിക്കുന്ന വിഴിഞ്ഞം സമരം ആവശ്യപ്പെടുന്നത്. ലത്തീൻ അതിരൂപതയുടെ പിന്തുണയുള്ള സമരസമിതി ജൂലൈ 20 ന് സെക്രട്ടേറിയറ്റ് മുന്നിൽ തുടങ്ങിയ സമരം ആഗസ്റ്റ് 16 മുതൽ അദാനി തുറമുഖ കവാടത്തിലേക്ക് മാറ്റുകയായിരുന്നു. നാല് തവണ മന്ത്രിസഭാ ഉപസമിതിയുമായും ഒരുവട്ടം മുഖ്യമന്ത്രിയുമായും ലത്തീൻ അതിരൂപത പ്രതിനിധികളും സമര സമിതി നേതാക്കളും ചർച്ച നടത്തിയിട്ടും പരിഹാരമാകാതെ സമരം തുടരുകയാണ്.

മുല്ലൂരിലെ തുറമുഖ കാവടത്തിൽ നിന്ന് മുദ്രാവാക്യം ഉയർത്തുന്ന സമരപ്രവർത്തകർ. ഫോട്ടോ: ആരതി എം.ആർ

“അദാനി സീ പോർട്ട് വരുന്നതിനെ കുറിച്ചുള്ള ആശങ്കകൾ 2010 മുതൽ സർക്കാരിനോട് ഞങ്ങൾ വ്യക്തമായി പങ്കുവെച്ചിരുന്നതാണ്. 2013ൽ ഏഴ് ഏജൻസികൾ നടത്തിയ പരിസ്ഥിതി ആഘാത പഠനങ്ങളിലും തീരശോഷണം ഉണ്ടാകുമെന്നും മത്സ്യസമ്പത്തിന് കുറവുണ്ടാകുമെന്നും പറഞ്ഞിരുന്നു. പക്ഷേ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ശാസ്ത്രത്തെ അവഗണിക്കുകയാണുണ്ടായത്. കൂടാതെ എതിർ അഭിപ്രായം പറഞ്ഞവരെ വികസന വിരോധികളായി മുദ്ര കുത്തുകയും ചെയ്തു.” വിഴിഞ്ഞം സമരത്തിന്റെ ജനറൽ കൺവീനർ ഫാദർ യൂജിൻ എച്ച്. പെരേര അഭിപ്രായപ്പെട്ടു.

“സംയുക്ത സമര സമിതിയുടെ പേരിൽ കർഷക-മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ എയർപോർട്ടിന്റെ മുമ്പിൽ നടത്തിയ സമരത്തിൽ രൂപതയിലുള്ള അച്ചൻമാരെ ഞങ്ങൾ കൊണ്ടുവന്നിരുന്നു. മത്സ്യബന്ധനഗ്രാമങ്ങളിലെ സ്ത്രീകളുടെ ഇടയിൽ വലിയതുറയിലെയും പൂന്തുറയിലെയും സ്ത്രീകൾ അനുഭവിക്കുന്ന ദുരിതം പറഞ്ഞു മനസിലാക്കി സമ്മർദം ചെലുത്തിയതോടെയാണ് രൂപത ഈ സമരം ഏറ്റെടുത്തത്.” സമരം ലത്തീൻ കത്തോലിക്കാ സഭ ഏറ്റെടുത്തതിനെ കുറിച്ച് മേഴ്‌സി അലക്‌സാണ്ടർ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപം 2022 ജൂൺ 5ന് തുടങ്ങിയ സമരത്തിന് നേതൃത്വം നൽകിയവരിൽ മേഴ്‌സി അലക്സാണ്ടറും ഉണ്ടായിരുന്നു.

മേഴ്‌സി അലക്‌സാണ്ടർ

വീട് നഷ്ടപ്പെട്ടവർ കഴിയുന്ന അഭയാർത്ഥി ക്യാമ്പുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. വസ്ത്രം മാറാനോ, കുഞ്ഞിന് മുലയൂട്ടാനോ പോലും സ്വകാര്യതയില്ലാത്ത വൃത്തിഹീനമായ ടോയ്‌ലറ്റുകളും അടച്ചുറപ്പില്ലാത്തതും മുറികളെന്ന് വിളിക്കപ്പെടുന്നതുമായ ക്യാബിനുകളുമാണ് ക്യാമ്പിലുള്ളത്. ഒരു കുടുംബത്തിന്റെ എല്ലാ പണികളും നോക്കിനടത്തുന്ന സ്ത്രീകൾക്ക് ഈ അഭയാർത്ഥി ജീവിതം വളരെയേറെ ദുരിതം നിറഞ്ഞതാണ്. അ​ദാനി തുറമുഖത്തിനെതിരായ സമരത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കൂടുതലുണ്ടാകാൻ കാരണം ഈ ദുരിതങ്ങൾ കൂടിയാണ്. “ഇനി അദാനി എങ്ങനെ കല്ലിടും? കടലിൽ കൂടി കല്ല് കൊണ്ടുവന്നാൽ ഞങ്ങൾ കടലിൽ വച്ച് അവരെ തടയും. കരയിൽ സ്ത്രീകളും കടലിൽ പുരുഷന്മാരും ഒരുപോലെ അദാനിയെ നേരിടും.” മേഴ്‌സി അലക്‌സാണ്ടർ ആവേശത്തോടെ പറഞ്ഞു.

“ഇത് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മാത്രം പ്രശ്‌നമല്ല. പശ്ചിമഘട്ടത്തിന്റെ മുഴുവൻ പ്രശ്‌നമാണ്. പ്രളയം വന്നിട്ടും പഠിക്കുന്നില്ലല്ലോ? പശ്ചിമഘട്ടം ഇടിച്ചു നിരത്തിയിട്ട് പിന്നെയെന്ത് പരിസ്ഥിതി സംരക്ഷണം? ഇങ്ങനെ പോയാൽ മുപ്പത് വർഷത്തിനുള്ളിൽ കേരളം ഇല്ലാതാകും. അതുകൊണ്ട് ഇത് ജീവന്റെ നിലനിൽപ്പിനായുള്ള സമരമാണ്. അല്ലാതെ, പിണറായി സർക്കാരെ അട്ടിമറിക്കണമെന്നൊന്നും ഞങ്ങൾക്കില്ല. കടൽ ഞങ്ങടെ പോറ്റമ്മയാണ്. പോറ്റമ്മയെ സംരക്ഷിച്ചാൽ മാത്രമേ നാളെ ഞങ്ങളുടെ തലമുറയ്ക്ക് അഭിമാനത്തോടെ തലയുയർത്തി ജീവിക്കാനാകൂ. അതുകൊണ്ട് എന്തുവില കൊടുത്തും ഞങ്ങൾ ഈ സമരം വിജയിപ്പിക്കും.” മേഴ്‌സി അലക്‌സാണ്ടർ പറയുന്നു.

വലിയതുറ ഗോഡൗണിൽ മുറികളായി തരംതിരിച്ചിരിക്കുന്ന ക്യാബിനുകളിൽ ഒന്ന്. ഫോട്ടോ: ആരതി എം.ആർ

ആഭ്യന്തര അഭയാർത്ഥികളാക്കപ്പെടുന്നവർ

1996ൽ കുമാർ കമ്പനി വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് പഠനം നടത്താൻ എത്തിയപ്പോൾ തന്നെ തീരദേശവാസികളുടെ കടുത്ത എതിർപ്പ് ഉണ്ടായിരുന്നു. 2015 ചിങ്ങം ഒന്നിനാണ് കരാർ ഒപ്പിടാൻ അദാനി കേരളത്തിലെത്തുന്നത്. കോസ്റ്റൽ വാച്ച് എന്ന സംഘടന ‘അദാനി ഗോ ബാക്ക്’ മുദ്രാവാക്യമുയർത്തി അന്ന് കരിങ്കൊടി കാണിച്ചിരുന്നു. പക്ഷെ 2015ൽ ഉമ്മൻചാണ്ടി സർക്കാർ മത്സ്യത്തൊഴിലാളികൾക്കുള്ള പാക്കേജ് പ്രഖ്യാപിച്ചതോടെ അന്ന് കൂടെയുണ്ടായിരുന്ന രൂപത സമരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. “ഉമ്മൻചാണ്ടി കരാർ ഒപ്പിട്ടെങ്കിലും അദാനിക്ക് ഇപ്പോൾ എല്ലാ പിന്തുണയും നൽകി നിലനിർത്തുന്നത് എൽ.ഡി.എഫാണ്. ഇടതായാലും വലതായാലും മത്സ്യത്തൊഴിലാളികൾ വോട്ട് ബാങ്ക് മാത്രമാണ്. ആർക്കും നമ്മളിനി വോട്ട് ചെയ്യരുത്. നോട്ടയ്ക്ക് വോട്ട് ചെയ്ത് വീട്ടിലിരിക്കണം.” മേഴ്‌സി രോഷത്തോടെ പറഞ്ഞു.

സമരം വിജയത്തിലെത്തിയതിന് ശേഷം മാത്രമേ മടങ്ങുകയുള്ളൂവെന്ന ഉറച്ച നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ. തുറമുഖ നിർമ്മാണം കാരണമല്ല, കാലാവസ്ഥാ വ്യതിയാനം കാരണമാണ് കടലേറ്റം ഉണ്ടാകുന്നതെന്നാണ് സർക്കാരിന്റെ നിലപാടെങ്കിലും അത് വിശ്വാസത്തിലെടുക്കാൻ മത്സ്യത്തൊഴിലാളികൾ തയ്യാറായിട്ടില്ല. കടൽ കണ്ട് വളരുന്ന, കടലും തീരവും തൊഴിലിടമായ മനുഷ്യർക്ക് തീരത്തുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അത്രമാത്രം വ്യക്തതയുണ്ട്. പോർട്ട് നിർമ്മാണം നിർത്തിവെച്ചുകൊണ്ട് പഠനം നടത്തണമെന്നതാണ് വിഴിഞ്ഞം സമരം മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. കാലാവസ്ഥാ വ്യതിയാനം കൊണ്ട് മാത്രമാണ് വലിയതുറയിലും ശംഖുമുഖത്തും തീരം നഷ്ടപ്പെട്ടതെന്ന് അവർ അംഗീകരിക്കുന്നില്ല. വർഷങ്ങൾക്ക് മുമ്പ് മത്സ്യബന്ധനത്തുറമുഖത്ത് ചെറിയ പുലിമുട്ട് നിർമ്മിച്ചപ്പോഴാണ് പനത്തുറയിലും പൂന്തുറയിലും തീരം നഷ്ടമായി തുടങ്ങിയത്. തീരശോഷണം രൂക്ഷമാകാതിരിക്കാൻ പൂന്തുറയിൽ ഗ്രോഇൻസ് ഇട്ട് തുടങ്ങിയപ്പോൾ ബീമാപള്ളി തീരം നഷ്ടപ്പെടാൻ തുടങ്ങി. ബീമാപള്ളിയിൽ ഗ്രോഇൻസ് ഇട്ടപ്പോൾ ചെറിയതുറ തീരവും, ചെറിയതുറയിൽ ഗ്രോഇൻസ് ഇട്ടപ്പോൾ വലിയതുറ തീരവും നഷ്ടമാകാൻ തുടങ്ങി. അതിനിടയിലാണ് അദാനി പോർട്ടിനായി കടലിൽ കല്ലിടൽ ആരംഭിച്ചത്. അതോടെ വിഴിഞ്ഞത്തിന് വടക്കോട്ടുള്ള തീരമെല്ലാം വലിയ തോതിൽ നഷ്ടമാകാൻ തുടങ്ങി. “വിഴിഞ്ഞം ജൈവവൈവിധ്യം ഏറെയുള്ള വാഡ്ജ് ബാങ്കാണ്. അവിടെയാണ് ഡ്രഡ്ജിം​ഗ് നടത്തി നശിപ്പിച്ചത്. ഇനി അതിനെയൊക്കെ എങ്ങനെ തിരിച്ചു പിടിക്കാനാണ്?” മേഴ്‌സി അലക്‌സാണ്ടർ ചോദിക്കുന്നു.

തുറമുഖ കവാടത്തിലെ അനിശ്ചിതകാല സമരത്തിന്റെ പന്തൽ. ഫോട്ടോ: ആരതി എം.ആർ

സമരമുഖത്തെ ആശങ്കകൾ, ചോദ്യങ്ങൾ

മുല്ലൂരിലെ തുറമുഖ കവാടത്ത് ഉയർത്തിയ സമരപന്തൽ പൊളിച്ചുമാറ്റണമെന്നാണ് ഹൈക്കോടതി വിധി പറയുന്നത്. എന്നാൽ തങ്ങൾ ആവശ്യപ്പെടുന്ന വിഷയങ്ങളിൽ തീരുമാനമുണ്ടാകാതെ സമരപന്തൽ പൊളിക്കാനോ സമരം നിർത്താനോ മത്സ്യത്തൊഴിലാളികൾ തയ്യാറല്ല. സർക്കാർ ബലപ്രയോഗത്തിലൂടെ സമരപന്തൽ പൊളിക്കില്ലെന്നും അവർ കരുതുന്നു. ഇതിനിടയിൽ സമര സമിതി ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ അംഗീകരിച്ച വ്യവസ്ഥകൾ ഒക്ടോബർ 27ന് ഉത്തരവായിറക്കിയിട്ടുണ്ട്. പക്ഷെ ഇത് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് സമരക്കാർ പറയുന്നത്. “ആളുകളുടെ ഇടയിൽ കൺഫ്യൂഷൻ ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സമരം നിർത്തുന്നില്ല എന്ന് പൊതുസമൂഹത്തിന്റെ മുന്നിൽ വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് ഈ ഉത്തരവ്. സമരം ചെയ്യുന്നവരുടെ പ്രതിനിധികളില്ലാതെ ഒരു നാലംഗ പഠന സമിതിയെയും, 5000 രൂപ മാസ വാടകയും നൽകാമെന്നൊക്കെയുള്ള വ്യവസ്ഥകളാണ് ഉത്തരവിൽ ഉൾപ്പെടുന്നത്. അതൊന്നുമല്ല ഞങ്ങൾ ആവശ്യപ്പെടുന്നത്.” മേഴ്‌സി അലക്‌സാണ്ടർ പറയുന്നു.

വിഴിഞ്ഞം മുതലുള്ള വടക്കൻ തീരങ്ങളിൽ തീരശോഷണം കാരണം വീടും ഉപജീവനമാർഗവും നഷ്ടപ്പെടുന്നവരാണ് അധികമെങ്കിൽ തെക്കൻ തീരങ്ങളിൽ തീരം കൂടുകയാണ്. കപ്പൽച്ചാൽ വരുന്നതോടെ ആ തീരങ്ങൾ കൂടി അദാനി പോലുള്ള കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കേണ്ടി വരുമോ എന്ന് തിരുവനന്തപുരത്തെ മത്സ്യബന്ധനത്തൊഴിലാളികൾ ഭയപ്പെടുന്നുണ്ട്. “കോർപ്പറേറ്റീവ് ഭീമന്മാർക്ക് അടിയറവ് പറയുന്നത് ഒരു തൊഴിലാളി സർക്കാരിന് ഭൂഷണമല്ല. പാരിസ്ഥിതിക അഭയാർത്ഥികളെ സൃഷ്ടിക്കുന്ന ഭരണകൂട ഭീകരതയാണിത്. പ്രകൃതിദുരന്തങ്ങളോ, യുദ്ധമോ സംഭവിക്കുമ്പോഴാണ് ആളുകൾ അഭയാർത്ഥികളാകുന്നത്. എന്നാൽ തീരദേശ മത്സ്യത്തൊഴിലാളികളെ കരുതിക്കൂട്ടി അഭയാർത്ഥികളാക്കാനുള്ള പാരിസ്ഥിതിക അഴിമതിയാണ് ഇവിടെ നടക്കുന്നത്.” സമരസമിതി കൺവീനർ ഫാദർ തീയോഡേഷ്യസ് ഡിക്രൂസ് രോഷത്തോടെ പറഞ്ഞു.

തുറമുഖ കാവടത്തിന് സമീപം പോർട്ട്‌ നിർമ്മാണത്തിനായി കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ല്. ഫോട്ടോ: ആരതി എം.ആർ

“നർമ്മദയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട നാടോടികളെ പോലെ ഞങ്ങളും ആകേണ്ടി വരും. എവിടെ പോകും, എന്ത് തൊഴിലെടുക്കും? എത്ര പേർക്ക് സർക്കാരിന് ജോലി കൊടുക്കാനാകും. അദാനി ജോലി വാഗ്ദാനം നടത്തിയെങ്കിലും മത്സ്യബന്ധനത്തൊഴിലാളികൾക്ക് പോർട്ടിലെ സെക്യൂരിറ്റി ജോലിയാണ് കൊടുത്തിരിക്കുന്നത്. ബാക്കി തൊഴിലുകളെല്ലാം അയൽ സംസ്ഥാനത്തൊഴിലാളികളാണ് ചെയ്യുന്നത്. വിഴിഞ്ഞം സിംഗപ്പൂരാക്കും മലേഷ്യയാക്കും എന്നൊക്കെ പറഞ്ഞ് നടന്നവർ ഇന്ന് എവിടെ? മുമ്പ് പോർട്ടിനെതിരെ ഞങ്ങൾ നടത്തിയ സമരത്തിനെ തെറിവിളിക്കുകയും കൂകിവിളിക്കുകയും ചെയ്തവർ ഇന്ന് വിഴിഞ്ഞം സമരത്തിൽ ഞങ്ങളോടൊപ്പം പങ്കെടുക്കുന്നുണ്ട്.” മേഴ്‌സി അലക്‌സാണ്ടർ പറഞ്ഞു.

അദാനി തുറമുഖത്തിനെതിരെ മേഴ്‌സി അലക്‌സാണ്ടറിനെ പോലെയുള്ളവർ മുമ്പ് പ്രതിഷേധിച്ചപ്പോൾ വേണ്ടത്ര പിന്തുണ തീരത്ത് നിന്നും അവർക്ക് കിട്ടിയിരുന്നില്ല. എന്നാൽ ഇപ്പോൾ തിരുവനന്തപുരത്തെ തീരദേശ ​ഗ്രാമങ്ങൾ ഒറ്റക്കെട്ടായി ‘അദാനി ​ഗോ ബാക്ക്’ എന്ന മു​​ദ്രാവാക്യം ഉയർത്തുകയാണ്. അന്താരാഷ്ട്ര തുറമുഖം വലിയ വികസനം കൊണ്ടുവരുമെന്ന് വിശ്വസിച്ചവർ പോലും ജീവിതാനുഭവങ്ങളിൽ നിന്ന് ആ വിചാരം തിരുത്തിയിരിക്കുന്നു. എങ്ങനെയാണ് ഈ ഒരു മാറ്റം തീരങ്ങളിൽ ഉണ്ടായത്? രക്ഷപ്പെടാനുള്ള അവസാന ബസ്സാണ് ഈ സമരം എന്ന ചിന്ത എങ്ങനെയാണ് രൂപപ്പെട്ടത്? (തുടരും).

ഫീച്ചേർഡ് ഇമേജ്: വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരത്തിന്റെ നൂറാം ദിവസം വള്ളം കത്തിച്ച് പ്രതിഷേധിക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 29, 2022 3:15 pm