ദലിത് ദൈവികതയുടെ പ്രതിരോധവും ക്യാപ്റ്റൻ മില്ലറും

ഭരണകൂട പരമാധികാരത്തിന്റെ ഏറ്റവും പ്രകടമായ രാഷ്ട്രീയ നിർവഹണം നടന്നുകൊണ്ടിരിക്കുകയും ജനസാമാന്യത്തിന്റെ സാംസ്കാരിക അബോധസമ്മതി ഒരു രാഷ്ട്രീയ കാലാവസ്ഥയായി പരുവപ്പെടുകയും ചെയ്ത കാലിക സന്ദർഭങ്ങളിൽ കല അതിന്റെ അതിജീവന തന്ത്രങ്ങളെ സർവ്വശക്തമായി പുറത്തെടുക്കും. പരമതദ്വേഷത്തിന്റെയും പൗരാണിക-ബ്രാഹ്മണ്യ ഭരണകൂട നിർമ്മിതിയുടെയും ഇന്ത്യൻ പശ്ചാത്തലത്തിൽ അക്രമാധികാരം നിരങ്കുശം വ്യാപിക്കുകയും, ആ വ്യാപനഭീതിയിലും തീവ്രതയുള്ള രാഷ്ട്രീയ-ജനകീയ പ്രതിരോധങ്ങൾ രൂപപ്പെടാത്തതിനെയും കുറിച്ച് നിരന്തരം ചിന്തിക്കുന്നത് തന്നെ ആശാവഹം എന്ന് കരുതാം. പക്ഷേ ഇന്ത്യയുടെ സവിശേഷമായ ചരിത്രം, ദേശീയതയുടെ രാഷ്ട്രീയമാനങ്ങൾ, ദൈവശാസ്ത്രത്തിന്റെ സാംസ്കാരിക ശേഷി എന്നിങ്ങനെ തികച്ചും സാംസ്കാരിക ബദ്ധമായ എണ്ണം പറഞ്ഞ വിഷയങ്ങളിലേക്ക് കണ്ണെത്തിക്കുന്ന പുനർചിന്തകളുടെ സാഹചര്യമാണ് മോദിയുടെ രാഷ്ട്രീയ കാലം ഒരർത്ഥത്തിൽ ഇന്ത്യയിൽ സജ്ജമാക്കിയത്.

ധനുഷ്, ക്യാപ്റ്റൻ മില്ലറിൽ നിന്നുള്ള ദൃശ്യം

ഘാതക ബ്രാഹ്മണ്യത്തെ ആദർശാത്മകമായി പുനഃക്രമീകരിക്കുന്ന സാംസ്കാരിക ദേശീയതാ ജീവിതത്തിൽ ഹൈന്ദവീകരണം ഒരു സ്വാഭാവികതയിട്ടാണ് നിലകൊള്ളുന്നത്. അതിനെ നിഷ്ചേഷ്ടം അനുഗമിക്കുന്ന ജനസാമാന്യം ഒരുവശത്ത് നിൽക്കുമ്പോൾ തന്നെയും ഈ ഘാതക ബ്രാഹ്മണ്യത്തിന്റെ പ്രത്യയശാസ്ത്ര ചരിത്രങ്ങളെയും പ്രയോഗങ്ങളെയും നിർദാക്ഷിണ്യം പിളർക്കുന്ന മറ്റൊരു ജനസാമാന്യത്തെയും ഈ കാലം സമ്മാനിച്ചുകൊണ്ടിരിക്കുന്നു. അക്രമാധികാര ഹിന്ദുത്വത്തിന്റെ കാലത്ത് കൂടുതൽ വിവൃതമാക്കപ്പെടുന്നത് ഇന്ത്യൻ ദേശീയതയുടെ ചരിത്രമാണ്. ആ ചരിത്രത്തിൽ തന്നെ പ്രബുദ്ധ ഇന്ത്യയെ ഭാവന ചെയ്ത അംബേദ്കറാണ് മുഖ്യ കേന്ദ്രമായി നിലകൊള്ളുന്നത്.

ഭരണീയമായ സംഘപരിവാര ഇന്ത്യയ്ക്ക് മുമ്പുള്ള രാഷ്ട്രീയകാലങ്ങളെയെടുക്കാം, അവിടെ ദേശീയതയുടെ സ്വാതന്ത്ര്യം കാര്യമായി ചരിത്രവൽക്കരിക്കപ്പെട്ടിട്ടില്ല. കുറേക്കൂടി സൂക്ഷമമായി പറയുകയാണെങ്കിൽ ചരിത്രരചനാ പദ്ധതികൾക്ക് പുറത്ത് നിൽക്കുന്ന ആവിഷ്ക്കാരങ്ങളിൽ ഇന്ത്യൻ ദേശീയതയുടെ വൈരുദ്ധ്യ/അടരുകൾ പ്രശ്നവൽക്കരിക്കപ്പെട്ടിട്ടില്ല. പ്രത്യേകിച്ച് ജനസാമാന്യ പൊതുബോധത്തെ രൂപപ്പെടുത്തുന്ന സിനിമ പോലുള്ള മാധ്യമങ്ങളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം കൊളോണിയൽ/ബ്രിട്ടീഷ് വിരുദ്ധ ഭാവുകത്വത്തിൽ മാത്രം അടയാളപ്പെടുകയായിരുന്നു. ഈ കൊളോണിയൽ വിരുദ്ധ മാത്രമായ ചരിത്രാവിഷ്ക്കാരങ്ങളിൽ ജാതിവിരുദ്ധ – ജന്മിത്ത ഉൻമൂലന സമരങ്ങളും ദലിത് ബഹുജനമുന്നേറ്റങ്ങളും നായകരുമൊക്കെ തീർത്തും അദൃശ്യമാക്കപ്പെട്ടു. എന്നാൽ അങ്ങനെയുള്ള പ്രഖ്യാപിത അദൃശ്യവൽക്കരണത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഈ കാലം ആത്മസ്വാതന്ത്ര്യത്തിന്റെ സമരകാലങ്ങളെയും സമര ബോധങ്ങളെയും പുനഃപ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. അഭ്യന്തര കൊളോണിയലിസമെന്ന വൈദിക-ബ്രാഹ്മണ്യ ക്രമത്തെ എതിരിടുന്ന ചരിത്രം എക്കാലവും നിർണ്ണായകമാണ്. ഹിന്ദുത്വ ഇന്ത്യയെ രൂപപ്പെടുത്തുന്ന പ്രൊപ്പഗാണ്ടാ സിനിമകൾ ഭരണകൂട ഒത്താശയോടെ യാഥാർത്ഥ്യമാകുമ്പോൾ അതേ ജാഗ്രതയിൽ തന്നെയാണ് ചരിത്രബദ്ധ സിനിമകളും ആവിഷ്ക്കരിക്കപ്പെടുന്നത് എന്ന് നമുക്ക് സമാശ്വസിക്കാം. ആ ധാരയെ മുന്നോട്ടുനയിക്കുന്ന പുതിയ ഇന്ത്യൻ സിനിമയാണ് ‘ക്യാപ്റ്റൻ മില്ലർ’.

ബാഹ്യവും ആഭ്യന്തരവുമായ രണ്ട് തരം കൊളോണിയലിസത്തെയും പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള ചരിത്രവീക്ഷണമാണ് ക്യാപ്റ്റൻ മില്ലറുടേത്. ആരിൽ നിന്നുമാണ് നാം ആത്യന്തികമായി സ്വാതന്ത്ര്യം കൈവരിക്കേണ്ടത് ? എന്ന അനലീസന്റെ (ധനുഷിന്റെ) ചോദ്യം തന്നെയാണ് സിനിമയുടെ കാതൽ. അരുൺ മതേശ്വരന്റെ മൂന്നാമത്തെ സിനിമയാണിത്. റോക്കി, സാനി കായിദം എന്നിവയാണ് മുൻ കാല ചിത്രങ്ങൾ. സ്വതന്ത്രപൂർവ്വ ഇന്ത്യയിൽ അയിത്ത ജാതി സമൂഹങ്ങളുടെ നേതൃത്വത്തിലുണ്ടായ വിമോചന മുന്നേറ്റങ്ങളെ മറ്റൊരു രീതിയിൽ മിലിറ്റന്റ് ആലങ്കാരികതയോടെ ആവിഷ്ക്കരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ.

ക്യാപ്റ്റൻ മില്ലറിൽ നിന്നുള്ള ദൃശ്യം

ബ്രിട്ടീഷ് ഭരണത്തെ ഗറില്ലാ മുറകൾ കൊണ്ട് എതിരിടുന്ന രാമ-ഹനുമാൻ ബിംബാവലികളുടെ ആഖ്യാനമായ RRR പോലുള്ള വക്രബുദ്ധി സിനിമകളെയാണ് നിരീക്ഷണാവബോധം കൊണ്ട് മില്ലർ മറികടക്കുന്നത്. ഹിന്ദുത്വയുടെ അകമ്പടി കാഴ്ച്ചകളെ നിരാകരിക്കുക മാത്രമല്ല അതിന്റെ ഉറവയെ തന്നെ ഭേദിക്കുന്നിടത്താണ് ക്യാപ്റ്റൻ മില്ലർ സമകാലികമാകുന്നത്. ബ്രിട്ടീഷ് കാലത്ത് നിന്നുകൊണ്ട് 600 വർഷത്തെ കോവിലിന്റെയും കോരനാർ മൂർത്തിയുടെയും ചരിത്രം പറഞ്ഞാണ് സിനിമ ആരംഭിക്കുന്നത്. ദലിത് ജനത കെട്ടിപ്പടുത്തതാണ് കോവിൽ, പക്ഷേ അവർക്ക് അതിലേക്ക് പ്രവേശനം സാധ്യമല്ല. കോരനാർ മൂർത്തിയെ കാലങ്ങളായി സംരക്ഷിക്കുന്നത് ഈ അയിത്തജാതി സമൂഹങ്ങളാണ്. കോവിലധികാരികളായ മേൽജാതി – നാട്ടുയവരുടെ നിരന്തര മർദ്ദനം ആ ജനതയെ പരമാധി നിർവീര്യരാക്കാൻ ശ്രമിക്കുന്നതാണ്. അനലീസന്റെ സഹോദരൻ സെങ്കോലൻ (ശിവരാജ് കുമാർ) സ്വാതന്ത്ര്യ സമരപ്പോരാളിയാണ്. നാട്ടുരാജാവിന്റെ പടയാളികളുടെ അക്രമത്തിനിടയിലാണ് ഇരുവർക്കും അവരുടെ അമ്മയെ നഷ്ടമാകുന്നത്. ചെരുപ്പ് ധരിക്കാൻ അനുവദിക്കാത്ത മർദ്ദിത വ്യവസ്ഥയിൽ കടുത്ത എതിർപ്പുള്ള അനലീസൻ ബൂട്ട് നൽകുന്ന ബ്രിട്ടീഷ് സൈന്യത്തിലാണ് ചേരുന്നത്. പക്ഷേ തന്റെ തന്നെ മനുഷ്യരെ കൊന്നൊടുക്കുന്നതിന്റെ സംഘർഷ വ്യഥകൾ താങ്ങാവാതെ സൈന്യം വിടുന്നു. ശേഷം ഭീമമായ തുക വാഗ്ദാനം ചെയ്യപ്പെടുന്ന ‘കുറ്റവാളി’യായി അനലീസൻ മാറുന്നു. ഒരേസമയം ഭീമാകാര ബ്രിട്ടീഷ് സൈനിക സംവിധാനങ്ങളോടും അതിന്റെ ഉപജാപക നാട്ടുടയവരോടും മിലിറ്റന്റായി തന്നെ പോരിടുന്ന കഥാപാത്രമാണ് ക്യാപ്റ്റൻ മില്ലർ. ബ്രിട്ടീഷ് സൈന്യം നൽകിയ പേര് തന്നെയാണത്.

നടി നിവേദിത സതീഷ്, ക്യാപ്റ്റൻ മില്ലറിൽ നിന്നുള്ള ദൃശ്യം

കോരനാർ മൂർത്തി സിനിമിയിൽ ആദ്യന്തം പ്രസക്തമാണ്. ആരാലും കാണാത്ത, അമൂല്യ രത്നങ്ങളാൽ നിർമ്മിതമായ കോവിൽ സ്വത്തായ മൂർത്തിയെ ബ്രിട്ടീഷുകാർ കരസ്ഥമാക്കുന്നതും അത് സാഹസികമായ യുദ്ധത്തിലൂടെ കരസ്ഥമാക്കാൻ ശ്രമിക്കുകയാണ് മില്ലറും സംഘവും. സാങ്കേതികത്തികവിൽ മികച്ച കാഴ്ചയും ശബ്ദാനുഭവവുമാണീ സിനിമ. സിദ്ധാർത്ഥ നണ്ണിയുടെ സിനിമോട്ടോഗ്രഫി, ജി.വി പ്രകാശിന്റെ സംഗീതം, ഉമാദേവിയുടെ വരികൾ… അങ്ങനെ സമ്പൂർണ്ണമായൊരു പാക്കേജാണ് ക്യാപ്റ്റൻ മില്ലർ. അധഃസ്ഥിത നായകത്വത്തിന്റെ അറിവും തിരിച്ചറിവുമാണ് സിനിമയുടെ പ്രമേയത്തെ ശക്തവും സംവേദനക്ഷമവുമാക്കുന്നത്.‌ദലിത ദൈവശാസ്ത്രത്തിന്റെ രാഷ്ട്രീയം തന്നെയാണ് ക്യാപ്റ്റൻ മില്ലറിലെ പ്രതിരോധ മൂല്യം. പൗരാണിക കഥകളിൽ നിന്നോ ഭാവനകളിൽ നിന്നോ പ്രതിഷ്ഠിക്കപ്പെട്ട ദൈവങ്ങൾ ദലിതർക്കില്ല. തങ്ങളുടേതായ മർദ്ദിത ദൈനംദിനത്തിൽ ജനതയോട് ചേർന്ന് പോരാടി, ജീവിച്ച് മരിച്ച ‘നര ദിവ്യാകൃതി’യുള്ള ദൈവങ്ങൾ മാത്രമാണ് ദലിത് ദൈവികയുടെ മൂലധനം. വീരചരമങ്ങളും ബലിയായ രക്തസാക്ഷിത്വങ്ങളും അനന്തരം തെയ്യമാകുന്ന മൂർത്ത മാനവിക ദൈവികതയാണത്. പൂർവികരായ പിതാമഹൻമാരും മാതാമഹതികളുമാണ് ദലിത് ദൈവമൂർത്തികൾ. നാടിനെ കാത്തുരക്ഷിച്ച വീരത്വമാണ് കോരനാർ മൂർത്തി. കേവലമായൊരു ശൈവലിംഗ പ്രതിഷ്ഠയ്ക്കപ്പുറം അനലീസിന്റെ തന്നെ വീര മുഖത്തെ പ്രതിഫലിപ്പിക്കുന്ന മനുഷ്യ രൂപത്തിലാണ് കോരനാർ ദൈവം അവതരിപ്പിക്കപ്പെടുന്നത്. അത് ബ്രാഹ്മണ്യ-ഹിന്ദുത്വ ദൈവികത നിരന്തരം പ്രയോഗിക്കുന്ന സ്വാംശീകരണ തന്ത്രങ്ങളെയാണ് അകറ്റി നിർത്തുന്നത്. സിനിമയും ആ സവിശേഷതയെ ഉൾക്കരുത്താക്കുന്നു. “We are Indians, firstly and lastly ” എന്ന അംബേദ്ക്കർ വാചകവും ചിന്തയും അനുഗമിക്കുന്ന കാഴ്ച്ചയായി ക്യാപ്റ്റൻ മില്ലറെ സംഗ്രഹിക്കാം.

സംവിധായകൻ അരുൺ മതേശ്വരൻ

ദലിത് ജ്ഞാനപാരമ്പര്യത്തിന്റെ പ്രതിരോധ മൂല്യങ്ങൾ സിനിമകളെ നയിക്കുന്ന ഒരു ജനകീയ വാണിജ്യ ഘടകമായി മാറിയിരിക്കുന്നതായി കാണാം. ഈയിടെ എല്ലാ വിധ പ്രേക്ഷകരിലും വൻ വിജയമായ 12th Fail എന്ന സംവദിക്കുന്നതും ഉദ്ധരിക്കുന്നതും ‘Educate, agitate, organize’ തുടങ്ങിയ ജ്ഞാനാർജ്ജന – രാഷ്ട്രീയത്തിന്റെ ചരിത്ര വാചകങ്ങളാണ്. തീവ്ര ഏകാധിപത്യം ഒരു വശത്ത് മന്ദ പ്രജ്ഞരെ വാർത്തെടുക്കുമ്പോൾ പ്രജ്ഞ കൊണ്ടുതന്നെ പ്രതിരോധം നിലയുറപ്പിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ സിനിമയാണ് ക്യാപ്റ്റൻ മില്ലർ .

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

4 minutes read January 17, 2024 11:30 am