കരയെക്കുറിച്ച് മാത്രമെഴുതി കേരള ചരിത്രം കടലിനെ മറന്നു

Ocean as Method: Thinking with the Maritime എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി പ്രശസ്ത ചരിത്രരചയിതാവ് ഡോ. ദിലീപ് മേനോനുമായി (University of Witwatersrand, Johannesburg, South Africa) ഡോ. രഞ്ജിത്ത് കല്യാണി നടത്തുന്ന സംഭാഷണം. കേരളത്തിലെ പ്രബലമായ ചരിത്രമെഴുത്ത് രീതികളുടെ പരിമിതികളെ മറികടക്കാൻ എങ്ങനെയാണ് സമുദ്രാത്മകമായ ആലോചനകൾ സഹായിക്കുക എന്ന് ദിലീപ് മേനോൻ വിവരിക്കുന്നു. കാലബോധങ്ങളുടെ ബഹുത്വം, അന്തർ-വൈജ്ഞാനികത തുടങ്ങിയ പ്രമേയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ മുന്നോട്ടുവെക്കുന്ന അഭിമുഖം. മട്ടാഞ്ചേരിയിലെ പുരാതന ജൂതഭവനമായ ഹലെഗുവയിൽ, ആഴി ആർക്കൈവ്സ് എന്ന കൂട്ടായ്മ നടത്തുന്ന ‘Sea : A Boiling Vessel’ (കടൽ: തിളയ്ക്കുന്ന ചെമ്പ്) എന്ന കലാപ്രദർശനവുമായി ബന്ധപ്പെട്ട പ്രഭാഷണ പരിപാടിക്ക് 2023 ജനുവരി 2ന് ഡോ. ദിലീപ് മേനോൻ കൊച്ചിയിൽ എത്തിയപ്പോൾ നടത്തിയ സംഭാഷണം. 2022 ഡിസംബർ 13ന് ആരംഭിച്ച് 2023 ഏപ്രിൽ 30 വരെ നടക്കുന്ന ഈ കലാപ്രദർശനത്തിൽ കേരളീയവും സഹകരിക്കുന്നു.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി താങ്കളുടെ ഗവേഷണത്തിന്റെയും ആലോചനകളുടെയും ഒരു പ്രധാന പ്രമേയം സമുദ്രകേന്ദ്രീകൃതമായ ചരിത്രരചന എന്നതാണ്. സമുദ്രാത്മകമായി ചിന്തിക്കുന്നതിനെ പറ്റിയും സമുദ്രത്തെ ഒരു “മെത്തേഡ്” ആയി കാണുന്നതിനെ പറ്റിയും താങ്കൾ പറയുന്നു. ഇത്തരം അന്വേഷണങ്ങളുടെ പശ്ചാത്തലത്തെ കുറിച്ച് പറയാമോ?

സമുദ്രത്തെ വിസ്മരിച്ച് കരയുടെ മാത്രം ചരിത്രമായി എഴുതപ്പെടുന്നു എന്നത് കേരള ചരിത്ര രചനയെ സംബന്ധിച്ച കൗതുകകരമായ ഒരു കാര്യമാണ്. ഹങ്കറിയെപ്പോലെ നാല് ഭാഗവും കരയാൽ വലയം ചെയ്യപ്പെട്ട ഒരു ഭൂപ്രദേശമാണ് കേരളം എന്നാണ് കേരള ചരിത്രം വായിക്കുന്ന ഒരാൾക്ക് തോന്നുക. ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നതാണ് പ്രധാന ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം ആരായുന്ന ഒരാൾ ചെന്നെത്തുക വർഗ്ഗസമരം, ഭരണകൂടം, ഭൂമി, കർഷക പ്രക്ഷോഭങ്ങൾ തുടങ്ങിയവയിൽ ഊന്നുന്ന മാർക്സിസ്റ്റ് ചരിത്രരചനാ രീതിശാസ്ത്രങ്ങൾക്ക് കേരളത്തിൽ ലഭിക്കുന്ന പ്രാമുഖ്യത്തിലേക്കാണ്. അതായത്, കേരളത്തെക്കുറിച്ചുള്ള ആഖ്യാനങ്ങൾ കേന്ദ്രീകരിക്കുന്നത് ഉയർന്ന തോതിലുള്ള രാഷ്ട്രീയവൽക്കരണ പ്രക്രിയ, ചില വിഭാഗങ്ങളുടെ ഉത്പതിഷ്ണുവൽക്കരണം (radicalisation) തുടങ്ങിയവയിലാണ്. ഈ രാഷ്ട്രീയ പ്രക്രിയ പ്രധാനമായും കർഷകരുടെയും തൊഴിലാളികളുടെയും സമര ചരിത്രമാണ്. ആദിവാസി വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ സാമൂഹ്യ വിഭാഗങ്ങൾ ഇതിൽനിന്നും ഒഴിവാക്കപ്പെട്ടവരാണ്. ക്ഷേത്രം, ഭൂസ്വത്ത്‌, ഭൂഉടമ, ജന്മി, കുടിയാൻ എന്നിവയിൽ കേന്ദ്രീകരിക്കുന്ന കേരള ചരിത്രരചനയുടെ പ്രബലധാരയിൽ മുന്നിട്ട് നിൽക്കുന്നത് മേൽജാതിക്കാർ ആണ് എന്നതാണ് രണ്ടാമത്തെ പ്രശ്നം. ജാതി എന്ന പ്രശ്നത്തെയും എൻ്റെ മുൻ വിദ്യാർത്ഥിയായ സൂരജ് യെങ്ഡെ പറയുന്നപോലെ ദളിതത്വം (dalitality) എന്ന പ്രശ്നത്തെയും സംബന്ധിച്ചുള്ള അന്ധത വെളിപ്പെട്ടുവരുന്നത് ഇവിടെയും കാണാം.

സമുദ്രത്തെക്കുറിച്ച് എഴുതണമെങ്കിൽ നമുക്ക് കുറേക്കൂടി ദീർഘമായ കാലബോധം ആവശ്യമുണ്ട്. അപകോളനീകരണവാദ ചിന്തകർ ലോകമാസകലമുണ്ടായ എല്ലാ ആധുനികതകളെയും സംബന്ധിച്ച് പറയുന്നതുപോലെ, നമ്മളെ സംബന്ധിച്ച ആധുനിക കേരളം എന്ന ഭാവനയും കൊളോണിയലിസം എന്ന ആശയവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ദീർഘമായ കാലബോധത്തിൽ ചിന്തിക്കുമ്പോൾ നിങ്ങൾക്ക് ആദ്യം ജൂതരെയും പിന്നീട് ക്രിസ്ത്യാനികളെയും അതിനുശേഷം ഇസ്ലാമിനെയും കാണാം. നേരത്തെ തന്നെ ഇവിടെ ഇസ്‌ലാം ഉണ്ടാവുന്നുണ്ട്- ഇസ്‌ലാം ഉണ്ടായി ഒരു നൂറു വർഷത്തിനകം തന്നെ കേരളത്തിൽ അവരെ കാണാം. ആയിരക്കണക്കിന് വർഷങ്ങളായി ഇവർ ഇവിടെ ഉണ്ട്. കേരള ചരിത്രം ഒരു മേൽജാതി ഹിന്ദു ചരിത്രമായി എഴുതപ്പെട്ടതുകൊണ്ട് ഈ പറഞ്ഞ മറ്റു ചരിത്രങ്ങൾ ഒഴിവാക്കപ്പെടുകയാണ് ഉണ്ടായത്. അഥവാ മറ്റു ചരിത്രങ്ങളെ ഉൾച്ചേർക്കുന്ന ഒരു സമീപനമാണ് കാണാനാവുക. അതായത്, താമ്രഫലക ശാസനങ്ങളുടെയും മറ്റും പഠനത്തിലൂടെ ഈ ജനവിഭാഗങ്ങൾക്ക് അംഗീകാരം കല്പിച്ചുകൊടുക്കുന്നതിന്റെയും അവരെ കേരളത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന്റെയും ചരിത്രം കാണാം. ഇവർ വ്യതിരിക്തമായ സാംസ്കാരിക പശ്ചാത്തലങ്ങൾ ഉള്ള വേറിട്ട വിഭാഗങ്ങൾ ആണെന്നുള്ള മനസ്സിലാക്കലുകൾ ഇവിടെ തുടങ്ങുന്നുണ്ട്. ഇങ്ങനെ, ചരിത്രരചനയെ സംബന്ധിച്ച ശിഥിലീകരണം (fragmentation) സംഭവിക്കുന്നത് ചില തരത്തിലുള്ള വിസ്‌മൃതികളിൽ നിന്നും ആധുനികതയെ സംബന്ധിച്ച നിശ്ചിതമായ ചില ബോധ്യങ്ങളിൽ നിന്നും
ചില രാഷ്ട്രീയ നിലകളിൽ നിന്നുമാണ്.

ആഴി പ്രദർശന വേദിയിൽ ദിലീപ് മേനോൻ സംസാരിക്കുന്നു.

Ocean as Method: Thinking with the Maritime എന്ന പുസ്തകത്തിൽ താങ്കൾ എഴുതിയ Oceanic Histories: From the Terrestrial to the Maritime എന്ന അദ്ധ്യായത്തിൽ ഈ വിസ്‌മൃതിയാണ് ഭൂതകാല അന്വേഷണങ്ങളുടെ പ്രേരകം എന്ന് പറയുന്നുണ്ട്. ഒരുപക്ഷെ മാർക്സിസ്റ്റ് ചരിത്രരചനാ രീതികൾക്ക് പുറത്ത് സമുദ്രാത്മകമായ വർക്കുകളോടുള്ള വിസ്‌മൃതിയും പ്രധാനമല്ലേ? ഉദാഹരണത്തിന് സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ മുതൽ ഇളംകുളം കുഞ്ഞൻപിള്ള വരെയുള്ള മറ്റു ധാരയിൽ നിന്നും ചരിത്ര രചനയിൽ ഇടപെട്ടിരുന്നവർ, താങ്കളുടെ കൃതികളിൽ പരാമർശിക്കുന്ന പാറേമ്മാക്കൽ തോമാക്കത്തനാർ, കേസരി ബാലകൃഷ്ണപിള്ള തുടങ്ങിയവരുടെ സംഭാവനകളോടുള്ള വിസ്‌മൃതിയുടെ പ്രശ്നം ഇവിടെയില്ലേ?

ചില ചരിത്രരചനാ രീതിശാസ്ത്രങ്ങൾക്ക് കൈവന്ന മേൽക്കോയ്മയാണ് കാതലായ പ്രശ്നം. നമ്മുടെ സർവകലാശാലകളിലും സ്‌കൂളുകളിലും ചരിത്രം പഠിപ്പിക്കപ്പെടുന്ന രീതിയും ഗവേഷണ വിഷയങ്ങളുടെ തെരഞ്ഞെടുപ്പും നോക്കുക. ഇവിടെയൊക്കെ കാര്യമായി പരിഗണിക്കപ്പെടുന്നത് ബൃഹത്-പ്രശ്നങ്ങൾ എന്ന് വിളിക്കപ്പെടുന്ന ദേശീയത, കൊളോണിയലിസം, ഭരണകൂടം, തുടങ്ങിയവയാണ്. മറ്റുതരത്തിലുള്ള വ്യക്തികളും പ്രദേശങ്ങളും ഈ പ്രബലധാരയോട് ചേരാത്തടത്തോളം കാലം അവ അരികുകളിൽ തന്നെയാണ് നിൽക്കുന്നത്. മുഖ്യധാരക്ക് പുറത്തുള്ള, excentric ആയ ഇത്തരം ചരിത്രരചയിതാക്കളെ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു സാഹിത്യ വിമർശകനായിരുന്ന ബാലകൃഷ്ണപിള്ള, വക്കീൽ ആയിരുന്ന കെ.പി പത്മനാഭമേനോൻ തുടങ്ങിയവരൊക്കെ ഇതിൽ പെടും. പതിനേഴാം നൂറ്റാണ്ടിൽ Jacobus Canter Visscher എന്ന പുരോഹിതൻ തൻ്റെ സഹോദരിക്ക് അയച്ച കത്തുകളെ അവലംബമാക്കി അതി ഗംഭീരമായ, നാല് വോളിയങ്ങൾ ഉള്ള കേരള ചരിത്രമാണ് പത്മനാഭമേനോൻ എഴുതിയിട്ടുള്ളത്. ഈ കത്തുകളുടെ ടിപ്പണികൾ എന്ന രീതിയിൽ എഴുതപ്പെട്ട ഈ കൃതിയിൽ ഹോളണ്ട് ഉൾപ്പെടുന്ന ഒരു സമുദ്രാത്മക സ്ഥലത്തിന്റെ (oceanic space) ഭാഗമായാണ് കേരളത്തെ കണക്കാക്കുന്നത്.

Ocean as Method: Thinking with the Maritime, ബുക്ക് കവർ

മറ്റു ഭൂപ്രദേശങ്ങളിലേക്ക് നീളുന്ന കേരള ചരിത്രങ്ങൾ അനുഭാവികം എന്നനിലയിൽ മാത്രമായാണ് പരിഗണിക്കപ്പെടുന്നത്. State archive കളുമായി ബന്ധപ്പെട്ട ഒരുതരം വസ്തുനിഷ്ഠതാവാദം (objectivity) പത്തൊൻപതാം നൂറ്റാണ്ടുമുതൽ ചരിത്രരചനാ രീതിശാസ്ത്രങ്ങളിൽ പിടിമുറുക്കുന്നുണ്ട്. ഭരണകൂടങ്ങൾക്ക് എതിരായി സംസാരിക്കാൻ പോലും സ്റ്റേറ്റ് ആർക്കൈവുകൾ ഉപയോഗിക്കേണ്ടി വരുന്നു എന്ന വിരോധാഭാസവും ഇവിടെയുണ്ട്. അപ്പോൾ പ്രധാന ചോദ്യം സബാൾട്ടൻ സ്‌പേസുകളിൽ നിന്നുള്ള ചരിത്രത്തെപ്പറ്റി നമ്മൾ എങ്ങനെ ചിന്തിച്ചു തുടങ്ങും എന്നതാണ്. സബാൾട്ടൻ വിഭാഗങ്ങളിൽ നിന്ന് വരുന്നവർ എന്ന അർത്ഥത്തിലല്ല സബാൾട്ടൻ എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. മറിച്ച് പല രീതിയിൽ മേൽക്കോയ്മകൾ ചെലുത്തപ്പെട്ട, പാർശ്വവല്കൃതമായ ഭാവനകൾ എന്ന രീതിയിലാണ്. ഇപ്രകാരമാണ് നമ്മൾ വർത്തമാന പുസ്തകത്തിൽ വിവരിക്കുന്ന തദ്ദേശീയ ക്രിസ്ത്യാനികളുടെ റോമിലേക്കും ബാഹിയയിലേക്കുമുള്ള യാത്രകളെ കുറിച്ച് ചിന്തിച്ചു തുടങ്ങുക. അതുപോലെ ആയിരം വർഷം പഴക്കമുള്ള, റോമുമായുള്ള നമ്മുടെ കുരുമുളക് വ്യാപാരത്തെപ്പറ്റി ബാലകൃഷ്ണപിള്ള ആലോചിക്കുന്നത് നമ്മൾ കണക്കിലെടുക്കുക. ഇവിടെ ഏറ്റവും പ്രധാനമായി ഞാൻ കാണുന്ന ഒരു കാര്യം, ഇത്തരത്തിൽ ഒഴിവാക്കപ്പെട്ട മേഖലകളിലേക്ക് മഹ്മൂദ് കൂരിയയെയും യാസർ അറഫാത്തിനെയും പോലുള്ള ഇന്ത്യൻ ഓഷ്യനിൽ ഗവേഷണം നടത്തുന്ന ഒരു പറ്റം യുവ മലയാളി മാപ്പിള ഗവേഷകരുടെ കടന്നുവരവാണ്‌. ജീവിതങ്ങളെ അത് സംഭവിച്ച രീതിയിൽ തന്നെ രേഖപ്പെടുത്താൻ തുടങ്ങുകയാണ് ഇവർ. ഒരു ശരാശരി മലയാളികളുടെ ജീവിതം എപ്രകാരമാണ് ഒരു പൊക്കിൾകൊടി ബന്ധം കണക്കെ ഗൾഫ് നാടുകളുമായി ബന്ധപ്പെട്ടുകിടക്കുന്നത് എന്ന് നോക്കൂ. ഗൾഫ് ഇല്ലാതെ കേരളത്തിന് നിലനിൽപ്പില്ല എന്ന് പറയേണ്ടി വരും.

മഹ്മൂദ് കൂരിയ
യാസർ അറഫാത്

പക്ഷെ ചില കാരണങ്ങളാൽ സമുദ്രാത്മകത ഇവിടെയും അകറ്റി നിർത്തപ്പെട്ടിരിക്കുന്നു. ഇതിന്റെ ഒരുകാരണമായി ഞാൻ കരുതുന്നത് മേല്പറഞ്ഞപോലെ ഒരു ഹിന്ദു മേൽജാതി ഭാവനയുടെ ആധിപത്യ സ്വഭാവമാണ്. അതായത് ഇവിടെ ഗൾഫിൽ പോകുന്നത് “തെറ്റായ” ആളുകൾ ആണ്. ഉദ്ധരണി ചിഹ്നത്തോടെയാണ് ഇവിടെ തെറ്റായ എന്ന പദം ഞാൻ ഉപയോഗിക്കുന്നത്. ഇവയൊക്കെയാണ് വിസ്‌മൃതി, ഒഴിച്ചുനിർത്തൽ എന്നീ പ്രമേയങ്ങളുമായി ബന്ധപ്പെടുത്തി നമ്മൾ അടിയന്തിരമായി ആലോചിക്കേണ്ട കാര്യങ്ങൾ.

താങ്കൾ ഈ പറഞ്ഞു നിർത്തുന്നത് ചരിത്രത്തെക്കാൾ ഉപരി സമുദ്രാത്മകമായ ആലോചനയുടെ വർത്തമാനകാല വിവക്ഷകളെ പറ്റിക്കൂടിയാണ്. ഇതിനെപറ്റി കൂടുതൽ പറയാമോ?

വർത്തമാന വിവക്ഷകളെപറ്റി ആലോചിക്കുമ്പോൾ പ്രധാനമായ ഒരുകാര്യം, ഒരുതരം കേരളാ അസാധാരണത്വം (kerala exceptionalism) ചുറ്റിപ്പറ്റിയുള്ള വൈകാരികതയെ കുറിച്ചുള്ളതാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഹിന്ദുത്വ കൂടുതൽ പിടിമുറുക്കുമ്പോൾ നമ്മുടെ ഈ വൈകാരികത അധികരിക്കുന്നു. നമ്മൾ നമ്മളെപ്പറ്റി എന്തോ സവിശേഷ ജനതായായി കരുതുന്നു. ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ, വ്യവസായവൽക്കരണം കൂടാതെതന്നെ മറ്റു രാജ്യങ്ങളോട് കിടപിടിക്കുന്ന സാമൂഹിക വികസന സൂചികയിലെ നേട്ടങ്ങൾ നേടിത്തന്ന കേരള വികസന മാതൃക തുടങ്ങിയവയൊക്കെ നമ്മൾ ഈ വൈകാരികതയിലേക്ക് കണ്ണിചേർക്കുന്നു. ഇവിടുത്തെ പ്രധാന പ്രശ്നം ഈ വൈകാരികതക്ക് നമ്മൾ ഒടുക്കേണ്ട വിലയെന്ത് എന്നതാണ്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ പാടേ അവഗണിക്കുന്നു എന്നതാണ് ഈ വൈകാരികതക്ക് നാം ഒടുക്കുന്ന ഒരു വില. കേരളം എന്നത് ഒരു ജാതി-ഹിന്ദു സമൂഹം മാത്രമല്ല ഒരു പുരുഷാധിപത്യ സമൂഹം കൂടിയാണ് എന്ന വസ്തുതയെക്കുറിച്ച് ആലോചിക്കാനുള്ള നമ്മുടെ വിമുഖതയാണ് ഇതിന്റെയെല്ലാം പരിണിതഫലം. ഈ യാഥാർഥ്യം നമുക്കുമുന്നിലേക്ക് ആവർത്തിച്ച് കടന്നുവരുന്നുണ്ട്. പൊതുസ്ഥലങ്ങളിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കുറവ്, പെണ്ണെഴുത്ത് പോലുള്ള പ്രസ്ഥാനങ്ങൾക്ക് നേരെ പുരുഷ-നിരൂപകരിൽ നിന്നുണ്ടായ കൊടിയ, നാണംകെട്ട അക്രമങ്ങൾ, അടുത്തകാലത്ത് അനേകം യാഥാസ്ഥിതിക ഹിന്ദുക്കൾ സുപ്രീംകോടതിയുടെ ശബരിമലയിലെ സ്ത്രീകളുടെ പ്രവേശന വിധിക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങൾ തുടങ്ങിയവയൊക്കെ നമ്മുടെ ഏച്ചുകെട്ടലിലെ മുഴച്ചിരിക്കലിന്റെ ലക്ഷണങ്ങളാണ്. നമ്മൾ അമർത്തിവെക്കപ്പെടുന്ന ഈ കാര്യങ്ങളെല്ലാം പുറത്തുവരും.

കടപ്പാട്: indiatoday.in

ആർ.എസ്.എസിന് ഏറ്റവുമധികം ശാഖകളുള്ള സ്ഥലമാണ് കേരളം. ഈ വസ്തുത പലരെയും അമ്പരപ്പിക്കാറുണ്ടെങ്കിലും കേരളത്തിൽ ജീവിക്കുന്ന, കേരളത്തെ അടുത്തറിയുന്ന ആർക്കും ഇതിൽ അമ്പരപ്പുണ്ടാകാൻ ഇടയില്ല. നമ്മുടെ മുന്നിൽ കണ്ണുമിഴിച്ചു നിൽക്കുന്ന ഈ വസ്തുതയെക്കുറിച്ച് നമ്മൾ എങ്ങനെ ചിന്തിക്കും, എന്ത് പ്രവർത്തിക്കും എന്നതാണ് പ്രശ്നം. എന്തുകൊണ്ടാണ് കേരളത്തിൽ 5000 ത്തിൽ അധികം ആർ.എസ്.എസ് ശാഖകൾ ഉള്ളത്, ഇവർ ആരുടെ ഇടയിലാണ് പ്രവർത്തിക്കുന്നത്? സാവധാനത്തിൽ ഉള്ള ഒരു രാഷ്ട്രീയമാറ്റത്തിന് നമ്മൾ ദൃക്‌സാക്ഷികൾ ആവുകയാണോ? ഈ മാറ്റം ത്രിപുരയിലും ബംഗാളിലും സംഭവിച്ചതുപോലെ, പെട്ടെന്നുള്ള ഒരു പൊട്ടിത്തെറിയിലേക്ക് എത്തി കാര്യങ്ങളെ മാറ്റിമറിക്കുമോ? ഇത്തരം
പ്രക്ഷോഭാത്മകമായ ഭാവനകളെ പരിഗണിക്കാതിരിക്കുന്ന ഒരുതരം അലസതയിലേക്ക് നേരത്തെ പറഞ്ഞ കേരള അസാധാരണത്വത്തെപ്പറ്റിയുള്ള വൈകാരികത നമ്മളെ എത്തിക്കുന്നുണ്ട്.

ഇവിടെ കലകൾക്കും സാഹിത്യത്തിനും സവിശേഷമായ പങ്കുണ്ടെന്നാണോ താങ്കൾ കരുതുന്നത്? താങ്കളുടെ രചനകളിൽ മറ്റു മുഖ്യധാരാ ചരിത്രരചയിതാക്കളിൽ കാണാത്ത തരത്തിൽ കലയ്ക്കും സാഹിത്യത്തിനും വലിയ പ്രാധാന്യം നൽകി കാണുന്നു. പ്രത്യേകിച്ചും അമിതാവ് ഘോഷിന്റെ കൃതികളിലെ വിവരണങ്ങൾ താങ്കളുടെ രചനകളിൽ ഉടനീളം കാണാം. “ലോകാവസാനത്തെ കല” എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?

അമിതാവ് ഘോഷ് എഴുത്ത് തുടങ്ങിയ കാലം മുതൽതന്നെ അവ എന്നെ വലിയ രീതിയിൽ പ്രചോദിപ്പിക്കുന്നുണ്ട്. കൂടുതൽ വിശാലമായ ഭൂമിശാസ്ത്ര ഭാവനകളെപ്പറ്റി നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന ആദ്യത്തെ ഇന്ത്യൻ നോവലിസ്റ്റാണ് അമിതാവ് എന്നതാണ് ഒരു കാരണം. ഈ ഭൂമിശാസ്ത്ര ഭാവനകൾ കരയെ മാത്രം അടിസ്ഥാനപ്പെടുത്തുന്നവയല്ല. സുന്ദർബൻസിലെ കണ്ടലുകളെക്കുറിച്ചായാലും ഇന്ത്യയിൽനിന്നും ഈജിപ്തിലേക്കും കിഴക്കൻ ആഫ്രിക്കയിലേക്കും ഉള്ള ആളുകളുടെ യാത്രകളെ കുറിച്ചായാലും ബംഗ്ലാദേശികളുടെ വെനീസിലേക്കുള്ള കുടിയേറ്റമായാലും ലോകം ഒരു പരസ്പരബന്ധിതമായ സ്ഥലമാണ് എന്ന അവബോധം അമിതാവിൻ്റെ കൃതികളിൽ ഉടനീളം കാണാം. ആളുകളുടെ സഞ്ചാരത്തിലൂടെയാണ് ലോകം ബന്ധിപ്പിക്കപ്പെട്ട സ്ഥലമാകുന്നത്. ആളുകളുടെ സഞ്ചാരം എന്നത് ബുദ്ധിജീവികൾ കരുതുന്നതുപോലെ പലപ്പോഴും അവരവരുടെ തിരഞ്ഞെടുപ്പല്ല. അവർ നിർബന്ധിപ്പിക്കപ്പെടുകയാണ്. ആളുകളുടെ സഞ്ചാരത്തിന് പിന്നിൽ സാമൂഹികവും എക്കോളജിക്കലും ആയ നിർബന്ധിപ്പിക്കലുകൾ ഉണ്ട്. ഈ കാര്യങ്ങളെ പരിഗണിക്കുന്നതിൽ സമൂഹ ശാസ്ത്രങ്ങൾ അവയുടെ നിയതമായ നടപ്പുരീതികളിൽ നിന്നും വ്യതിചലിക്കാൻ തയ്യാറല്ല എന്നതാണ് ഘോഷിന്റെ ഒരു വാദം. സമൂഹശാസ്ത്രങ്ങൾക്ക് ഒരുതരം ഉദാസീനതയും അലസതയുമുണ്ട്. അതുകൊണ്ടാണ് അമിതാവ് പലതരത്തിലുള്ള excentric ചിന്തകരെ ആശ്രയിക്കുന്നത്. പ്രകൃതിയുമായുള്ള ബന്ധം സംബന്ധിച്ച് പ്രബല ആധുനികതാവാദത്തിൽ നിന്ന് വ്യത്യസ്തമായ ആലോചനകൾ നടത്തുന്ന തദ്ദേശീയ അമേരിക്കക്കാർ മറ്റു indigenous ചിന്തകർ തുടങ്ങിയവരെയാണ് അമിതാവ് ആശ്രയിക്കുന്നത്. പരാജയപ്പെടുത്തി
കീഴപ്പെടുത്തി ചൂഷണം ചെയ്യാനുള്ള ഒന്നാണ് പ്രകൃതി എന്നത് ഒരു ആധുനികതാ വാദമാണ്. Indigenous ചരിത്രങ്ങൾ, വാമൊഴി ചരിതങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ മുന്നോട്ട് വയ്ക്കുന്ന ഭാവനകളിലേക്ക് തിരിച്ചുപോകാനാണ് അമിതാവ് ശ്രമിക്കുന്നത്. ഈ ശ്രമം ശരിക്കും പ്രബലമായ അക്കാദമിക് പാരഡൈമിൽ നിന്നുള്ള പുറത്തുകടക്കലാണ്. ഇവിടെയാണ് കലകളുടെ പ്രാധാന്യം.

അമിതാവ് ഘോഷ്

“ലോകാവസാനത്തെ കല” എന്നതിലെ ലോകാവസാനം എന്ന പ്രയോഗം ഭീതിജനകമാണ്. പരിമിത വിഭവങ്ങളുള്ള ഒരു ലോകത്താണ് ജീവിക്കുന്നത് എന്നതിനെപ്പറ്റി നമുക്കുണ്ടാവേണ്ട അവബോധത്തെപ്പറ്റിയാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്. വിഭവ പരിമിതിയേപ്പറ്റിയുള്ള അവബോധത്തോടെ ജീവിക്കുന്ന അനേകം ആളുകൾ ലോകത്തുണ്ട്. അവർ അവരുടെ ആവശ്യങ്ങളും അവരുടെ പരിസ്ഥിതിയിൽ ലഭ്യമായ വിഭവങ്ങളും തമ്മിൽ സ്വരച്ചേർച്ചയുണ്ടാക്കുന്നു. മത്സ്യ തൊഴിലാളികൾ, ആദിവാസികർ തുടങ്ങിയ ഒരുപാട് ജനവിഭാഗങ്ങൾ ഇപ്രകാരം ജീവിക്കുന്നവരാണ്. നമുക്കറിയാവുന്നതുപോലെ മരം മുറിച്ച് വന നശീകരണം നടത്തുന്നത് ആദിവാസികൾ അല്ല. ജൈവവൈവിധ്യത്തെക്കുറിച്ചും പ്രാദേശിക
ചരിത്രത്തെക്കുറിച്ചും നല്ല അറിവുള്ളവരും എക്കോളജി സംരക്ഷിക്കുന്നവരും ആണ് ആദിവാസികൾ. ഇത് കാണണമെങ്കിൽ നമ്മൾ ഓരങ്ങളിലേക്ക് നോക്കേണ്ടതുണ്ട്. ഓരങ്ങൾ എന്നതുകൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നാണു ഞാൻ അർഥമാക്കുന്നത്. മറ്റുതരത്തിലുള്ള ചരിത്രങ്ങളും ജീവിതവും സാധ്യമാക്കുന്ന തരത്തിലുള്ള ഭാവനകളെ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആർട്ടിസ്റ്റുകളുടെ ഒരു സ്വാതന്ത്ര്യമെന്താണെന്നു വച്ചാൽ എന്നെയും നിങ്ങളെയും പോലെ അവർക്ക് പ്രസാധനത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥക്ക് വഴങ്ങിക്കൊടുക്കേണ്ടതില്ല. നിങ്ങളോ ഞാനോ എഴുതുമ്പോൾ ഉദ്ധരണികളും പ്രമാണങ്ങളും ഉപയോഗിച്ച് ആധികാരികത ഉറപ്പുവരുത്തേണ്ടിവരും. ചിലപ്പോൾ നമ്മൾ ഗ്രന്ഥസൂചിയിൽ
ആധികാരിക സ്രോതസ്സുകളെ പറ്റി പറയും. ഈ സ്രോതസ്സുകൾക്ക് ആധികാരികത കല്പിച്ചുകിട്ടുന്നത് അവ നിലവിലുള്ള പാരഡൈം പിന്തുടരുന്നതുകൊണ്ടാണ്, വ്യതിചലിക്കുന്നതുകൊണ്ടല്ല. ഈ അർത്ഥത്തിൽ ആർട്ടിസ്റ്റുകൾ സ്വതന്ത്രരാണ്. അവർ സർവതന്ത്ര സ്വതന്ത്രർ ആണെന്നല്ല, വ്യത്യസ്ത ഭാവനകൾ നിർമ്മിക്കുന്ന കാര്യത്തിൽ അവർ സ്വതന്ത്രരാണ്. സാമൂഹ്യ ശാസ്ത്രകാരന്മാർ എന്ന നിലയിൽ നമ്മളെ സംബന്ധിച്ച് വ്യത്യസ്തമായ ഒരു ഭാവന നിർമ്മിക്കണമെങ്കിൽ നമ്മൾ നിലവിലുള്ള ഗ്രന്ഥസഞ്ചയത്തെതന്നെ അടിസ്ഥാനപ്പെടുത്തേണ്ടിവരും.

എന്റെ അഭിപ്രായത്തിൽ ലോകാവസാനത്തെ കുറിച്ച് ആലോചിക്കാൻ നമ്മുടെ ശുഷ്കമായ അക്കാദമിക് ചട്ടക്കൂടുകൾക്കു പുറത്തുള്ള ഭാവനകളെ ആശ്രയിക്കേണ്ടിവരും. നമ്മുടെ അക്കാദമിക് ചട്ടക്കൂടുകൾ ആദ്യകാല കൊളോണിയലിസത്തിന്റെയും നിലവിലുള്ള കൊളോണിയലിസത്തിന്റെയും ഉല്പന്നമാണ്. ദക്ഷിണാർദ്ധ ലോകത്തെയും തദ്ദേശീയ ഭാവനകളെയും അവമതിക്കുന്ന കൊളോണിയൽ ആധുനികതയുടെ തുടർച്ചയായ നമ്മുടെ അക്കാദമിക് വ്യായാമങ്ങളേക്കാൾ ലോകാവസാനത്തെ കല ആയിരിക്കും നമ്മളെ രക്ഷിക്കാൻ ഉതകുന്നത്. ഇവിടെ എങ്ങനെയാണ് നമുക്ക് പുതിയ ഭാവനകൾ സൃഷ്ടിക്കാനാവുക എന്നത് ഒരുപ്രശ്‌നമാണ്. അമിതാവ് ഘോഷിന്റെ കൃതികൾ ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

സമുദ്രത്തെ താങ്കൾ കാണുന്നത് ആശയങ്ങളുടെയും വസ്തുക്കളുടെയും ആളുകളുടെയും സഞ്ചാരപഥം എന്ന നിലക്കാണ്. അപ്പോൾ ഈ സമുദ്രത്തെ ചരിത്രാന്വേഷണത്തിന്റെ ഒരു പ്രവേശനബിന്ദുവായി കാണുന്നത് ഒരുതരം laissez-faire സമീപനമല്ല? ഭരണകൂടങ്ങളുടെയും മറ്റ് അധികാര വ്യവസ്ഥകളുടെയും കർതൃത്വത്തെ കുറച്ചുകാണലാവില്ലേ ഇത്? മാർക്സിയൻ വീക്ഷണകോണിൽ നിന്ന് ഈ ഒരു ചോദ്യം താങ്കൾക്ക് നേരിടേണ്ടിവരില്ലേ?

ഇത് വളരെ പ്രധാനമായ ഒരു ചോദ്യംതന്നെയാണ്. നിങ്ങൾക്കറിയാവുന്നതുപോലെ എക്കാലവും ഞാൻ സൂക്ഷിക്കുന്ന ഒരു നിലപാട് ആശയങ്ങളെ വൈകാരികമായി സമീപിക്കുന്നതിന് എതിരായാണ്. ഒരാശയം പൂർണമായി ഉപേക്ഷിച്ച് മറ്റൊന്ന് നമ്മളെ രക്ഷിക്കും എന്നുകരുതിയുള്ള പ്രയാണം ഒരുതരം യുട്ടോപ്യ തേടിയുള്ള അലയലാണ്. സമുദ്രം എന്നത് മൂലധനത്തിന്റെയും ഭരണകൂടങ്ങളുടെയും നിയമ സംവിധാനങ്ങളുടെയും ബൗദ്ധിക സ്വത്തിന്റെയും മറ്റും കോയ്മകൾക്കും സ്വാധീനവലയങ്ങൾക്കും പുറത്തുള്ള ഒന്നല്ല എന്നത് തീർച്ചയാണ്. ലോകത്തിലെ 90 ശതമാനം ചരക്കുനീക്കവും നടക്കുന്നത് സമുദ്രം വഴിയാണ്. നിങ്ങൾ ഈ ചരക്കുനീക്കം പരിശോധിക്കുകയാണെങ്കിൽ അതിൽ നിയമസംവിധാനങ്ങളുടെയും അന്താരാഷ്‌ട്ര നിയന്ത്രണങ്ങളുടെയും തൊഴിൽ ബന്ധങ്ങളുടെയുമൊക്കെ പ്രവർത്തനം കാണാനാകും. ഒഴുകാനുള്ള പ്രവണത, ചലിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ എന്നിങ്ങനെയുള്ള വെള്ളത്തിന്റെ രൂപകങ്ങളെക്കുറിച്ചുള്ള ആലോചനകളിലൂടെ മാത്രം സമുദ്രത്തെ സമീപിച്ച് വഴിതെറ്റി പോകാതിരിക്കാനാണ് നമ്മൾ ഇവിടെ ശ്രദ്ധിക്കേണ്ടത്. സമുദ്രം എന്നത് വലിയ നിയന്ത്രണങ്ങൾ ഉള്ള ഒരു സ്ഥലമാണ്. Laleh Khalili യുടെ ശ്രദ്ധേയമായ വർക് (1) സമുദ്രത്തെ അധികരിച്ചുള്ള മുതലാളിത്തത്തെപ്പറ്റിയാണ്. 90 ശതമാനം ചരക്കുനീക്കം നടക്കുന്ന ഒരു സ്ഥലത്തെപ്പറ്റി ആലോചിച്ചു തുടങ്ങുമ്പോൾ തന്നെ നിങ്ങൾ മുതലാളിത്തത്തെപ്പറ്റിയുള്ള ആലോചനയുടെ ഭാഗമാവുകയാണ്.

Laleh Khalili

ഇവിടെ നമ്മൾ സമുദ്രത്തെക്കുറിച്ചാലോചിക്കുന്നത് കരയുടെ ചരിത്രരചനകളുടെ ഒരു തുടർച്ച എന്ന നിലയിലല്ല. ഒരു കപ്പലിനെ ഒരു കരയുടെ ചെറുമാതൃകയായി സങ്കൽപ്പിച്ചോ അല്ല. ദേശാന്തര ഗമനങ്ങളുടെ അനുഭവങ്ങളെക്കുറിച്ച് നമ്മൾ എങ്ങനെയാണ് ആലോചിക്കുക? ശ്രീലങ്കൻ യുദ്ധത്തെപ്പറ്റി ആലോചിച്ചാൽ 30 വർഷംകൊണ്ട് എങ്ങനെയാണ് സിംഹളരുടെ ഭരണവർഗം തമിഴ് വംശജരെ നിലംപരിശാക്കിയത് എന്നുകാണാം. അതിനുശേഷം നമ്മൾ കാണുന്നത് ശ്രീലങ്കൻ തമിഴർ സമുദ്രങ്ങൾ താണ്ടി ഇറ്റലി, കാനഡ, എന്നിങ്ങനെ പലനാടുകളിലേക്ക്
കുടിയേറുന്നതാണ്. ശ്രീലങ്കൻ സിവിൽ വാറിൽ നിന്നുണ്ടാകുന്ന ഈ തമിഴ് ഡയസ്പോറ ഇന്ന് ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്നു. മ്യാന്മറിൽ അടിച്ചമർത്തപ്പെടുന്ന റോഹിങ്ക്യകൾ സമുദ്രം താണ്ടി പലനാടുകളിൽ ചെന്നെത്തുന്നു. വിയറ്റ്നാമീസ്, കമ്പോഡിയൻസ് എന്നിങ്ങനെ ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. രാജ്യങ്ങളുടെ അതിർത്തികൾ എന്നനിലയിൽ സമീപിക്കുമ്പോഴാണ് സമുദ്രങ്ങൾ സഞ്ചാരങ്ങൾ തടയുന്ന ഒന്നാകുന്നത്. അങ്ങനെയല്ലാതെ സമീപിക്കുമ്പോൾ എക്കാലവും മാനുഷിക ചേതനയുടെ സജീവ പ്രവർത്തനങ്ങളുടെ ഇടങ്ങളായിരുന്നു സമുദ്രങ്ങൾ എന്ന് കാണാം. അതിന് ധൈര്യവും സാഹസികതയും മാത്രം മതിയായിരുന്നു. ആറാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും അറബികൾ നടത്തിയ സമുദ്ര സഞ്ചാരങ്ങൾ ആലോചിക്കുക. ഇന്ന് നമുക്ക് ലോകമാസകലമുള്ള സഞ്ചാരപഥങ്ങളായി സമുദ്രങ്ങൾ കാണാനാകും.

ഇതാണ് താങ്കൾ ‘വാക്കിങ് ഓൺ വാട്ടർ’ (2) എന്നതുകൊണ്ട് അർഥതമാക്കുന്നത്. അല്ലേ?

അതെ, ‘വാക്കിങ് ഓൺ വാട്ടർ’ തന്നെ. ഈ പ്രതിഭാസത്തെപ്പറ്റിയാണ് നമ്മൾ ആലോചിക്കേണ്ടത്. ആഗോളവൽക്കരണത്തെപ്പറ്റി ആലോചിക്കേണ്ടത് നമ്മളെപ്പോലെ സാമൂഹികമായ ഉന്നതിയിലുള്ള സ്വതന്ത്ര വ്യക്തികളുടെ തൊഴിലാവശ്യത്തിനും മറ്റും വേണ്ടിയുള്ള സഞ്ചാരമായി മാത്രമല്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, കാര്യമായി ശ്രദ്ധിക്കപ്പെടാതെ ആളുകളുടെ ഒഴുക്ക് നടന്നുകൊണ്ടിരിക്കുന്നു. ആഗോള താപന ഫലമായി സമുദ്രനിരപ്പ് ഉയരുന്നതോടുകൂടി ഇനിയും കൂടിയ അളവിൽ മനുഷ്യസഞ്ചാരം നടക്കാൻ പോവുകയാണ്.

A wooden boat with 28 refugees from Africa. (AP Photo/Andoni Lubaki)

താങ്കളുടെ വർക്കിൽ വലിയരീതിയിൽ ഒരു സ്ഥലാധിസ്ഥിത യുക്തി (spatial logic) കടന്നുവരുന്നുണ്ട്. എന്നാൽ പൂർണമായും ഈ യുക്തിയെ അടിസ്ഥാനപ്പെടുത്തുന്നവയാണ് ഭൂമിശാസ്ത്രം പോലുള്ള ജ്ഞാനശാഖകൾ. ഏതാനും പതിറ്റാണ്ടുമുമ്പ് സോഷ്യൽ സയൻസിലെ spatial turn നെ പറ്റിയുള്ള ചർച്ചകൾ സജീവമായിരുന്നല്ലോ. ഒരു ചരിത്രരചയിതാവ് സ്ഥല കേന്ദ്രീകൃതമായി ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന വിജ്ഞാനശാഖകൾ സംബന്ധിച്ച കൊടുക്കൽ വാങ്ങലുകളെക്കുറിച്ച് പറയാമോ?

അത്തരത്തിലുള്ള ആലോചന പ്രധാനമാണ്. നമ്മുടെ ഈ സംഭാഷണത്തിൽ ഞാൻ ഊന്നുന്ന ഒരുകാര്യം സോഷ്യൽ സയൻസിന്റെ കേവലമായ അക്കാദമിക പ്രവർത്തനങ്ങളുടെ പരിമിതികളെ കുറിച്ചാണല്ലോ. പലപ്പോഴും നമ്മൾ പ്രാദേശിക പഠനങ്ങൾ, മേഖലാ പഠനങ്ങൾ തുടങ്ങിയ വേർതിരിവുകൾ സൃഷ്ടിക്കപ്പെടുന്ന പാരഡൈമുകളിൽ പെട്ടുപോവുകയാണ്. ഞാൻ ഒരു ഭൂമിശാസ്ത്രകാരൻ, മറ്റൊരാൾ സാഹിത്യ നിരൂപകൻ എന്നിങ്ങനെയുള്ള വേർതിരിവുകൾ. നമ്മൾ ഇവിടെ മനസ്സിലാക്കേണ്ടത് പ്രപഞ്ചത്തിലെ മനുഷ്യ നിലനിൽപ്പുമായി ബന്ധപ്പെട്ട വ്യത്യസ്ത ഭാവനകൾ ആണിവ. ആ നിലക്ക് ഇത് ലളിതമാണ്. നമ്മളെല്ലാവരും പ്രപഞ്ചത്തെക്കുറിച്ച് ആലോചിക്കുന്ന മനുഷ്യരാണ് എന്ന് മനസ്സിലാക്കാൻ വലിയ ബൗദ്ധിക വ്യായാമമൊന്നും ആവശ്യമില്ല. സോഷ്യൽ സയൻസസ്, ഹ്യൂമാനിറ്റീസ്, കവിത, കലകൾ, സംഗീതം, തുടങ്ങിയ ബഹുവിധമായ ചിന്തനങ്ങളെ എങ്ങനെ ഒരുമിച്ചുകൊണ്ടുവരും എന്നതാണ് നമ്മൾ ആലോചിക്കേണ്ടത്. അതുപോലെ മറീൻ ബയോളജി പോലെ പലതരത്തിലുള്ള സയൻസസുമായി നമ്മൾ ഇടപെടേണ്ടതുണ്ട്. മനുഷ്യേതരമായ വിവേകങ്ങൾ, ജന്തുക്കളുടെയും സസ്യങ്ങളുടെയും മറ്റും ജീവിതം തുടങ്ങിയവയൊക്കെ ശ്രദ്ധിക്കുന്നതിലൂടെ മനുഷ്യകേന്ദ്രീകൃതമല്ലാത്ത സിദ്ധാന്തവൽക്കരണത്തിന്റെ സാധ്യതകൾ നമ്മൾ ആരായേണ്ടതുണ്ട്. ഇത്തരം സാധ്യതകൾ ആരായുന്നില്ല എന്നതാണ് എല്ലാ വൈഞ്ജാനിക ശാഖകളുടെയും ആത്യന്തിക പരാജയം. അതിനാലാണ് ഇത്തരം ജ്ഞാനശാഖകളുടെ ഒത്തുചേരലുകളെക്കുറിച്ച് നമുക്ക് ആലോചിക്കേണ്ടി വരുന്നത്. ഇത്തരത്തിലുള്ള ഭാവനകളെ നമ്മൾ വിളിക്കുന്നത് indigenous എന്നാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ ഈ വാക്കും ഉദ്ധരണിചിഹ്നത്തോടെ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ്. കാരണം കൊളോണിയൽ ആധുനികതയുടെ പ്രബലധാരയിൽ നിന്ന് നോക്കുമ്പോഴാണ് അതിനുപുറത്തുള്ള ഒന്നിനെ നമ്മൾ indigenous ആയി കാണുന്നത്.

Indigenous ഭാവനകളെ പറ്റി പഠിച്ച Eduardo Viveiros de Castro, Claude Levi Strauss തുടങ്ങിയ പല നരവംശ ശാസ്ത്രജ്ഞരും ആളുകൾ എങ്ങനെയാണ് മനുഷ്യേതരം എന്ന ആശയത്തോട് ബന്ധപ്പെട്ടിരുന്നത്, അഥവാ ഈ ബന്ധപ്പെടൽ എന്നതിനെ ലോകത്തിലെ തങ്ങളുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട ഒരു വിവേകമായി മനസ്സിലാക്കിയിരുന്നത് എന്നതിനെപ്പറ്റി വിശദീകരിക്കുന്നുണ്ട്. അവിടെ നിങ്ങളുടെ ഭാവനാലോകത്ത് മൃഗങ്ങൾ, പരേതാത്മാക്കൾ പ്രേതങ്ങൾ തുടങ്ങിയ പലതുമുണ്ട്. ആധുനിക സാമൂഹ്യ ശാസ്ത്രങ്ങളുടെ പ്രാപ്തിയെപ്പറ്റിയുള്ള സന്ദേഹങ്ങളിലേക്കാണ് ഇതൊക്കെ വിരൽചൂണ്ടുന്നത്. സോഷ്യൽ സയൻസ് എന്ന വാക്കുതന്നെ പരിശോധിക്കുക. ഭാവനകളെ ശുഷ്കമാക്കുന്ന ഒരു ശാസ്ത്ര പരീക്ഷണത്തിന്റെ രീതികളെ പിൻപറ്റാൻ ഉള്ള ത്വര സോഷ്യൽ സയൻസസ് എന്ന വാക്കിലുണ്ട്. മറ്റുള്ളവർ ചെയ്തകാര്യങ്ങൾ
ആവർത്തിക്കുകയും അവ മറ്റു സ്ഥലങ്ങളിൽ ചെയ്തുനോക്കി ഒരേപോലത്തെ ഫലങ്ങളാണ് ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതി. ഇത് പോലെയല്ല മനുഷ്യരുടെ ജീവിതം. 2015 ഇൽ സിറിയൻ ശരണാർത്ഥികൾ യൂറോപ്പിലേക്ക് പായുമ്പോൾ നീന്താൻ അറിയാത്തവർ പോലും സമുദ്രങ്ങൾ താണ്ടുന്നത് നമ്മൾ കണ്ടു. ലോകമാസകലമുള്ള മനുഷ്യരുടെ വിശ്വാസത്തെയും ഭാവനകളെയും സംബന്ധിച്ച കുതിച്ചുചാട്ടങ്ങളെപ്പറ്റി നമ്മൾ ആലോചിക്കേണ്ടതുണ്ട്. അതിനു നമ്മൾ അന്തർ-വൈജ്ഞാനികമായി (transdisciplinary) ആലോചിക്കേണ്ടതുണ്ട്.

സമുദ്രാത്മകമായി മുതലാളിത്തത്തെ കുറിച്ച് ചിന്തിക്കുന്നതിനെപ്പറ്റി താങ്കൾ പറഞ്ഞുവല്ലോ. എന്നാൽ സാമ്പത്തിക ശാസ്ത്രജ്ഞർ ഇതിനെ മറ്റൊരുരീതിയിലാണ് കാണുന്നത്. അവർ മുതലാളിത്ത വളർച്ചയുടെ ഘട്ടങ്ങളെപ്പറ്റിയാണ് സംസാരിക്കാറുള്ളത്. അവരുടെ വീക്ഷണകോണിൽ സമുദ്രാത്മകത ഏറ്റവും കൂടുതൽ കാണാവുന്ന ഒന്നാണ് വാണിജ്യ മുതലാളിത്തം (mercantile capitalism). താങ്കൾ പറയുന്നത് വ്യവസായിക മുതലാളിത്തത്തെയും (industrial  capitalism) ഫിനാൻസ് മുതലാളിത്തത്തെയും (finance capitalism) സമുദ്രാത്മകമായി മനസ്സിലാക്കണം എന്നാണോ?

സമയത്തെ നമ്മൾ എങ്ങനെ മനസ്സിലാക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പ്രധാന ചോദ്യമാണ് ഇത്. പ്രകൃതിയുടെമേലുള്ള നമ്മുടെ ആധിപത്യത്തെയാണ് മനുഷ്യചരിതത്തിന്റെ സമയ ഖണ്ഡങ്ങളായി നമ്മൾ കൽപ്പിക്കുന്നത്. സമയവും കാലബോധവും മനുഷ്യർക്ക് മുൻപും ശേഷവും നിലനിക്കുന്നതാണ്. ചരിത്രഘട്ടങ്ങളുടെ മാറ്റം എന്നത് മാർക്സിസ്റ്റുകൾക്ക് വളരെ പ്രിയപ്പെട്ട കാര്യമാണ്. അടിമത്വത്തിൽ നിന്നും ജന്മിത്വത്തിലേക്കും ജന്മിത്വത്തിൽ നിന്ന് മുതലാളിത്തത്തിലേക്കും പിന്നീട് mercantile, industrial, finance എന്നിങ്ങനെയുള്ള മുതലാളിത്തത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കുമുള്ള വളർച്ചയെക്കുറിച്ച് അവർ സംസാരിക്കാറുണ്ട്. Industrial capitalism ത്തിന്റെ ഘട്ടം financialisation ന് വഴിയൊരുക്കി എന്ന് ചിലർ പറയുന്നു. stocks, futures, risk -assessment തുടങ്ങിയവയെപ്പറ്റിയൊക്കെ ആലോചിച്ച് ഇന്ന് നമ്മൾ capitalisation of debt ഇൽ എത്തിനിൽക്കുന്നു. കടത്തെ ഒരു ചരക്കായി കാണുന്ന സമ്പദ് വ്യവസ്ഥയിൽ ആണ് നമ്മൾ ഇന്ന് പ്രവർത്തിയെടുക്കുന്നത്. അതായത് ആളുകൾക്ക് എന്തുണ്ട് എന്നുള്ളതല്ല, ആളുകൾ എന്തിന്റെയൊക്കെ ഉടമകളാണ്‌ എന്നതാണ് പ്രധാനം. വിവരസാങ്കേതികവിദ്യയെ പറ്റി ആലോചിച്ചാൽ ഈ വ്യവസായത്തിൽ ഉണ്ടാക്കപ്പെടുന്ന തൊഴിലുകൾ തെരുവിൽ നമ്മൾ കാണുന്ന ഒരു സാധാരണക്കാരന് വേണ്ടിയുള്ളതല്ല എന്നുകാണാം. ഈ വ്യവസായം ലക്ഷ്യംവെക്കുന്നത് ഒരു പുത്തൻ ഗുമസ്തവർഗ്ഗത്തിന്റെ ബുദ്ധിയെയോ നിർമ്മിത ബുദ്ധിയെയോ ആണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് കാലബോധത്തിന്റെ പലമകളുടെ
ആവശ്യത്തെയാണ്. സമയബോധത്തിന്റെ കാര്യത്തിൽ നമ്മളൊക്കെ Hegelian ആണ്. നമ്മൾ ഒരൊറ്റ സമയബോധത്തിലാണ്. Hegel ന്റെ ചിന്തയിൽ നമുക്ക് ലോകത്തിന്റെ ആയിരിക്കുന്ന അവസ്ഥയിലേക്കുള്ള സമയത്തിന്റെ രൂപമാറ്റം കാണാം. പറഞ്ഞുവരുന്നത് നമ്മൾ finance capitalsm ത്തിൽ ജീവിക്കുന്നു എന്നു പറയുമ്പോൾ എല്ലാവരും അതിൽ അല്ല ജീവിക്കുന്നത്. ചിലർ അതിലാണ്, ചിലർ അതിലല്ല. മുതലാളിത്തം എന്നത് ലോകത്തിന്റെ ഇന്നത്തെ അവസ്ഥകളെ വിശദീകരിക്കാവുന്ന ഏക paradigm അല്ല. അടിസ്ഥാന ആവശ്യങ്ങൾ മാത്രം നിവർത്തിക്കുന്ന തരത്തിലുള്ള കൃഷി മുതൽ industrial capitalism വും finance capitalism വും ഇന്ന് പലയിടങ്ങളിലുമുണ്ട്. കേരളം മാത്രം എടുത്താലും നമുക്ക് കാലബോധത്തിന്റെ പലമകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് കാണാം. ഇങ്ങനെത്തന്നെയാണ് സമുദ്രങ്ങളുടെയും കാര്യം. സമുദ്രത്തെപ്പറ്റി നമ്മൾ ഇപ്പോൾ നമ്മൾ ആലോചിക്കുമ്പോൾ പായ്ക്കപ്പലുകളിലൂടെയുള്ള വ്യാപാരം (dhow) മുതൽ ആഡംബര യാത്രാക്കപ്പലുകലുകളുടെ (sea liners) സഞ്ചാരവും വലിയ കാർഗോകൾ വഴിയുള്ള ചരക്കുനീക്കവും ഒക്കെ നമുക്ക് കാണാനാകും. കടലിൽ ഇവയെല്ലാം കണ്ടുമുട്ടുന്നുണ്ടെങ്കിലും ഇവയെല്ലാം ഒരേ സമയഗണനയിൽ ഉള്ളവയാവണമെന്നില്ല.
കാലബോധങ്ങളുടെ ബഹുത്വത്തെ മനസ്സിലാക്കാൻ അൽപ്പംകൂടി
സൂക്ഷ്മഭേദങ്ങളോടുകൂടിയ (nuanced) സമയധാരണ നമുക്കാവശ്യമുണ്ട്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, പ്രകൃതിക്കോ സമയത്തിനോ മേലെ ആധിപത്യം സ്ഥാപിക്കാൻ മനുഷ്യർക്ക് ആയിട്ടില്ല എന്ന വസ്തുതയോടുള്ള ഇടപെടൽകൂടി ആണ് ഇത്.

സൊമാലിയൻ കടൽക്കൊള്ളക്കാർ. കടപ്പാട്: npr.org

ഒരു ഉദാഹരണമെടുക്കാം. സോമാലിയൻ കടൽകൊള്ളക്കാരെപ്പറ്റി ആലോചിക്കൂ. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കിഴക്കൻ ആഫ്രിക്കൻ തീരങ്ങളിൽ വലിയ കപ്പലുകളെ ആക്രമിക്കുകയും കീഴ്‌പ്പെടുത്തി അപഹരിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ട് തടവിൽ വെക്കുകയും മറ്റും ചെയ്യുന്ന സമയമുണ്ടായിരുന്നു. ഇതൊരു ഗൂഢപ്രശ്നമാണ്. നമ്മൾ
കരുതുന്നത് ഇവർ ഒരു അവികസിത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വരുന്ന പാപ്പരായ ആളുകളാണെന്നാണ്. അവർ വലിയ കപ്പലുകൾ കയ്യടക്കി നമുക്ക് ചിന്തിക്കാവുന്നതിനേക്കാൾ വലിയ അനേകം മില്യൺ ഡോളറുകളുടെ മോചനദ്രവ്യം ആവശ്യപ്പെടുന്നു. സത്യത്തിൽ നമുക്ക് എന്തുകൊണ്ടാണ് ഈ പ്രതിഭാസം തടയാൻ കഴിയാത്തത്? ലോകത്തിന്റെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നുനോക്കിയാൽ, ഏതാനും സൈനിക സംഘങ്ങളെ അയച്ച് കുറെ ബോംബിട്ട് നിഷ്കളങ്കർ-കുറ്റവാളികൾ എന്ന വേർതിരിവൊന്നുമില്ലാതെ ആളുകളെ കൊന്നൊടുക്കി തീർക്കേണ്ട ഒരു പ്രശ്നമാണ് ഇത്. പലയിടങ്ങളിലും അമേരിക്ക ഇത് ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇപ്രകാരം സോമാലിയൻ കൊള്ളക്കാരുടെ കാര്യത്തിൽ ചെയ്യാത്തത് എന്നത് ജിജ്ഞാസകരമായ ഒരു കാര്യമാണ്.

നാവിക സംബന്ധമായ ഇൻഷുറൻസ്, Lloyds എന്നിവയെപ്പറ്റി മനസ്സിലാക്കിയാൽ ഈ വിഷയത്തിലെ നിഗൂഢത വെളിപ്പെടും. ഇൻഷുറൻസ് കൊടുക്കുന്നതിലൂടെ Lloyds ന്റെ സമ്പത്ത് കുന്നുകൂടുന്നു. കടൽക്കൊള്ളയുടെ റിസ്ക് ഏറ്റവും കൂടുതൽ ഉള്ളപ്പോഴാണ്
ഇൻഷുറൻസ് ആവശ്യമായി വരിക. അപ്പോൾ കടൽകൊള്ള നിലനിൽക്കുന്നത് financial capital മായി ബന്ധപ്പെട്ടുകൊണ്ടുകൂടിയാണ്. എല്ലാ ആപത്സന്ധികളും അവസരമാക്കപ്പെടുന്നു എന്നുപറയുന്നപോലെ. റിസ്ക് നിയന്ത്രിക്കുന്നതിലൂടെയും റിസ്കിൽ നിക്ഷേപിക്കുന്നതിലൂടെയും റിസ്ക് ലഘൂകരിക്കുന്നതിലൂടെയും മറ്റും ഉണ്ടാക്കപ്പെടുന്ന ലാഭവുമായി ബന്ധപ്പെട്ടാണ് ഈ പ്രതിഭാസം നിർത്തണോ തുടരണോ എന്ന് തീരുമാനിക്കപ്പെടുന്നത്.

Jatin Dua

ഇവിടെയും സമയവുമായി ബന്ധപ്പെട്ട ചോദ്യം കടന്നുവരുന്നു. ഇവിടെ രണ്ടുതരം സമയങ്ങളുടെ കൂട്ടിമുട്ടലും യോജിക്കലും സംഭവിക്കുന്നു. ഒന്ന് ദരിദ്രമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ സമയം. പലരും കടൽക്കൊള്ളയെ primitive accumulation നുള്ള വഴിയായാണ് കാണുന്നത്. അവർ കുറച്ചു കാശുണ്ടാക്കിയശേഷം വിരമിച്ച് കല്യാണം കഴിച്ച് കുഞ്ഞുങ്ങളുമായി സന്തോഷമായി ജീവിക്കുന്നു. ഇതിനെപ്പറ്റി Jatin Dua യുടെ ഗംഭീരമായ വർക് ഉണ്ട്. Jatin ഈ കടൽക്കൊള്ളക്കാരുടെ കൂടെ ഇടപഴകി അവരോടൊപ്പം പുകയിലയോക്കെ ചവച്ച് ചെയ്ത ഒരു എത്തനോഗ്രാഫിക് വർക്ക്. Jatin പറയുന്നത് ഇവർ Pirates of the Caribbean ലെ Johnny Depp നെപോലെ ഒന്നുമല്ല. ഇതൊരു തൊഴിലായി കാണുന്ന സാധാരണ ആളുകളാണ് ഇവർ എന്നാണ്. മറ്റേതൊരു ജോലിയെയും പോലെ കടൽകൊള്ളയെയും ഒരു ജോലിയായി കാണുന്നു. പക്ഷെ, കടൽക്കൊള്ള നടത്തുന്ന സമയം മുതൽ പൊടുന്നനെ അവരുടെ ജീവിതം financial capital മായും capitalisation of risk എന്ന ആശയവുമായും ബന്ധമുള്ളതാകുന്നു. ഇവിടെ പൊടുന്നനെ Lloyds ഉം സബാൾട്ടൺ ആയ കടൽക്കൊള്ളക്കാരും ബന്ധമുള്ളവരാകുന്നു. രണ്ടു സമയങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്നു.

കാലബോധവുമായി (temporality) ബന്ധപ്പെട്ട് താങ്കളുടെ പുസ്തകത്തിൽ പലയിടങ്ങളിൽ വിവരണങ്ങളുണ്ട്. അതിലൊന്ന് ആഗോളവൽക്കരണത്തെ ചരിത്രവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. ആഗോളവൽക്കരണത്തെ present perfect ആയും present continuous ആയും കാണുന്നതിനെപ്പറ്റി താങ്കൾ പറയുന്നു. അതുപ്പോലെ ഭാവികാലത്തെത്തെപ്പറ്റി ഒരു അപായ ബോധം ഉടനീളം താങ്കൾ പ്രകടിപ്പിക്കുന്നുണ്ട്. ബാ‍ൻഡൂം​ഗ് സമ്മേളനത്തെത്തിന്റെ (3) പശ്ചാത്തലത്തിൽ Bandung at sea (4) യെ പറ്റി താങ്കൾ പറയുന്നത് അവർ ഒരേ വർത്തമാനകാലം പങ്കിട്ട്, ഒരുമിച്ചുള്ള ഭാവിയെ സ്വപ്നം കാണുന്നതിൽ ഒരേ ഭൂതകാലത്തെപ്പറ്റിയുള്ള വിവക്ഷകളും ഉണ്ടെന്നാണ്. ചരിത്രരചനയെ പറ്റി ഭൂതകാലവും വർത്തമാനകാലവും പ്രധാനമാണ്. എന്നാൽ ഭാവികാലം എന്ന ആലോചനയും താങ്കളുടെ എഴുത്തിൽ വലിയരീതിയിൽ കടന്നുവരുന്നുമുണ്ട്. ഇത്തരത്തിൽ ചരിത്രചനയിലെ കാലബോധത്തിന്റെ സങ്കീർണതകളെക്കുറിച്ച് പറയാമോ?

ഒരർഥത്തിൽ നിങ്ങൾ നേരത്തെ ചോദിച്ച ചോദ്യവുമായി ബന്ധമുള്ളതാണ് ഈ ചോദ്യവും. നമ്മൾ ഭൂതവും ഭാവിയും വർത്തമാനവും ആലോചിക്കുന്നത് ഒന്ന് മറ്റൊന്നിന്റെ തുടർച്ച, അല്ലെങ്കിൽ പുരോഗതി തുടങ്ങിയ നിലകളിലൊക്കെയാണ്. വർത്തമാനകാലത്തെ ഒരിക്കൽ ഭാവികാലം ആയിരുന്നു എന്നനിലയിൽ ആലോചിക്കാം. Reinhart Koselleck “Futures Past” (5) എന്ന ആശയത്തിൽക്കൂടെ ഇതാണ് സൂചിപ്പിക്കുന്നത്. ഓരോ വർത്തമാനകാലവും ഭൂതകാലത്തിലെ ഭാവികാലങ്ങളാണ്. എല്ലാ ഭാവികാലവും സമയത്തിന്റെ നിരന്തരമായ ഒഴുക്കിൽ വർത്തമാനകാലങ്ങൾ ആയി മാറുന്നു. സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും അല്ലെങ്കിൽ നമ്മുടെതന്നെ ജീവിതയാത്രകളെയും പറ്റി ആലോചിച്ചാൽ ഇത് മനസ്സിലാകും. ഭൂതം, ഭാവി, വർത്തമാനം എന്നീ ആശയങ്ങൾ ദൃഢതയില്ലാത്തവയാണ്. ഴാങ് ലൂക് ഗൊദാർദ്ദ്‌
പറഞ്ഞതുപോലെ ഒരോ ആഖ്യാനത്തിനും ഒരു തുടക്കവും നടുഭാഗവും ഒടുക്കവും വേണം പക്ഷെ ഈ ക്രമത്തിൽത്തന്നെ വേണമെന്നില്ല. ഗൊദാർദ്ദ്‌ ഇത് പറയുന്നത് തമാശമട്ടിലാണെങ്കിലും ഇതിനെപ്പറ്റി എങ്ങനെയാണ് കൂടുതൽ ആലോചിക്കുക? അതായത് ഒരുപാട് ആളുകൾ വർത്തമാനകാലത്ത് ജീവിക്കുന്നത് ഭാവിയിലാണ്. വ്യക്തമാക്കി പറഞ്ഞാൽ, മനുഷ്യരായി പരിഗണിക്കപ്പെടാത്ത സർവനാശത്തിന്റെ വക്കിൽ ജീവിക്കുന്ന പല സബാൾട്ടൻ വിഭാഗങ്ങളെയും തദ്ദേശീയ ജനതകളെയും സംബന്ധിച്ച് ഭാവികാലം എന്ന സങ്കല്പലോകം മാത്രമാണുള്ളത്.

നമുക്ക് പലർക്കും ഭാവികാലം എന്നത് ഒരു തുടർച്ചയാണ്. നമ്മുടെ മാതാപിതാക്കൾ നമുക്ക് നല്ല വിദ്യാഭ്യാസം തന്നതുകൊണ്ടു നമ്മൾ ഇവിടെയെത്തി. നമ്മൾ നമ്മുടെ കുട്ടികൾക്ക് നല്ലവിദ്യാഭ്യാസം കൊടുത്ത് ഇതുപോലത്തെ സ്ഥലങ്ങളിൽ എത്തിക്കുന്നു. ആ അർത്ഥത്തിൽ ഭൂതം, വർത്തമാനം, ഭാവി എന്നിവ അതെ ക്രമത്തിൽ അനുഭവിക്കാനാവുക എന്നത് വർഗ്ഗപരമായ ഒരു ആഡംബരമാണ്. അതുപോലെ ലോകത്തെ നോക്കിക്കാണുന്ന രീതികളെക്കുറിച്ച് പുനരാലോചനകൾക്ക് വിധേയമാക്കാതെ നമ്മൾ പുലർത്തിപ്പോരുന്ന വൈകാരികതകളും ഒരു തുടർച്ചയാണ്. നമ്മൾ സബാൾടേൺ വിഭാഗങ്ങൾക്കൊപ്പം ചിന്തിക്കുക എന്നതാണ് ഭാവികാലത്തെ കുറിച്ച് ആലോചിക്കുന്നതിനെപ്പറ്റിയുള്ള ഒരു പ്രധാന കാര്യം. നമ്മൾ അത് അംഗീകരിക്കാൻ വിസമ്മതിക്കുകയും എലോൺ മുസ്‌ക് ചന്ദ്രമണ്ഡലത്തിൽ കോളനികൾ സ്ഥാപിക്കുന്നതാണ് ഭാവികാലം എന്ന് കരുതുകയും ചെയ്യുന്നു. ഇങ്ങനെയാണ് സമയത്തെക്കുറിച്ച് വ്യത്യസ്തമായി നമുക്ക് ചിന്തിക്കാനാവുക. ചരിത്രത്തിലും സോഷ്യൽ സയൻസിലും സ്വപ്നാടനം നടത്തുന്ന നമ്മളിൽ പലർക്കും ഉണർന്നെണീക്കാനുള്ള ആഹ്വാനം ഇരകളാക്കപ്പെട്ടവരുടെ ചരിത്രത്തിൽനിന്നും അവരുടെ ലോകഭാവനകളിൽ നിന്നുമാണ് ഉണ്ടാവുക.

അധികവായനക്ക്

1. Laleh Khalili (2020) എഴുതിയ Sinews of war and trade: shipping and
capitalism in the Arabian Peninsula എന്ന പുസ്തകം കാണുക,  പ്രസാധകർ : Verso Books.

2. Dilip Menon (2020) എഴുതിയ Walking on Water: Globalization and History എന്ന പ്രബന്ധം കാണുക. Global Perspectives, University of California Press. https://doi.org/10.1525/gp.2020.12176

3. പുതുതായി സ്വതന്ത്രരായ ആഫിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങൾ
പരസ്പര സഹകരണത്തെക്കുറിച്ചും വ്യാപാര ബന്ധങ്ങളെക്കുറിച്ചും ഒരുമിച്ചുള്ള
ഭാവിയെക്കുറിച്ചും ചർച്ചചെയ്യാൻ 1955 ഇൽ ഇൻഡോനേഷ്യയിലെ ബാന്ഡുങിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം.

4. Russell West-Pavlov (2018) എഡിറ്റ് ചെയ്ത the Global South and Literature എന്ന പുസ്തകത്തിൽ Dilip Menon എഴുതിയ Thinking about the Global South: Affinity and Knowledge എന്ന അദ്ധ്യായം, പ്രസാധകർ: Cambridge University Press.
Dilip Menon മുതൽപേർ (2022) എഡിറ്റ് ചെയ്ത Ocean as Method: Thinking with the Maritime (2022) എന്ന പുസ്തകത്തിൽ Dilip Menon എഴുതിയ Oceanic Histories: From the Terrestrial to the Maritime എന്ന അദ്ധ്യായം. പ്രസാധകർ: Routledge India എന്നിവ കാണുക.

5. Reinhart Koselleck (2004)എഴുതിയ Futures Past: On the Semantics of Historical Time എന്ന പുസ്തകം കാണുക, പ്രസാധകർ: Columbia University Press.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read