നിങ്ങൾ വായിക്കാൻ പോവുന്നത് ഒരു സയൻസ് ഫിക്ഷൻ ത്രില്ലറിനെക്കുറിച്ചല്ല. വാൾട്ട് ഡിസ്നിയോ വാർണർബ്രോസോ പടച്ചുവിടുന്ന സാങ്കൽപിക കഥകളും പേടിപ്പെടുത്തുന്ന കഥാപാത്രങ്ങളും നിറഞ്ഞ സിനിമയെക്കുറിച്ചുമല്ല. മറിച്ച്, സമീപ ഭാവിയിൽ മനുഷ്യർക്ക് മുന്നിൽ വെളിപ്പെട്ടേക്കാവുന്ന വിചിത്രവും പരിഭ്രാന്തി ജനിപ്പിക്കുന്നതുമായ മറ്റൊരു ലോകത്തെക്കുറിച്ചാണ്. കേൾക്കുേമ്പാൾ അസംഭവ്യമെന്നോ അസംബന്ധമെന്നോ തോന്നാനിടയുള്ളതിനാൽ ചില ചോദ്യങ്ങളോടെയല്ലാതെ ഉള്ളടക്കത്തിലേക്ക് കടക്കാനാവില്ല. വെറും പന്ത്രണ്ടു വർഷം മുമ്പ് വാട്സ് ആപിനെ കുറിച്ച് നമുക്ക് ചിന്തിക്കാനാവുമായിരുന്നോ? 15 വർഷത്തിനപ്പുറം ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ ഉണ്ടാക്കാൻ പോവുന്ന ‘വിപ്ലവ’കരമായ മാറ്റങ്ങളെ കുറിച്ചും?
ഇന്നിപ്പോൾ ചെറിയ കുട്ടികളുടെയടക്കം കൈപ്പിടിയിലെ കണ്ണും കാതും നാക്കുമായി മൊബൈൽ ഫോൺ മാറി. ഒരു ജനസമൂഹവും അതിന്റെ വലയത്തിൽനിന്ന് നിന്ന് പുറത്തല്ല. ഇന്നും ദാരിദ്ര്യത്തിന്റെ വടുക്കൾ പേറുന്ന ഇന്ത്യയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ വാട്സ് ആപ് ഉപയോഗിക്കുന്ന ജനതയുള്ളത്; 39.1കോടി! ഫെയ്സ്ബുക്ക് ഉപേയാഗിക്കുന്നതാവട്ടെ 33 കോടിയും! പുറത്തുകടക്കാൻ കഴിയാത്ത വലകളാൽ എല്ലാവരും പരസ്പരം ബന്ധിക്കപ്പെട്ടിരുക്കുന്നു. ഭക്ഷണവും പഠനവും വിനോദവും വിവാഹവും രാഷ്ട്രീയവും എന്നുവേണ്ട സകലതും ഓൺലൈൻ ലോകത്തേക്ക് മാറ്റിപ്പണിത് കോവിഡ് കാലം അതിനെ അഴിയാക്കുരുക്കാക്കി.
ഞെട്ടിക്കുമോ മെറ്റാവേഴ്സ് വേൾഡ്?
പറഞ്ഞുവന്നത് ഇപ്പോൾ കാണുന്ന ലോകം ഒരു പത്ത് വർഷം മുമ്പ് പോലും സങ്കൽപ്പിക്കാനാവുമായിരുന്നില്ല എന്നാണ്. ഇനി കുറഞ്ഞ കാലത്തിനുള്ളിൽ സംഭവിക്കാൻ പോവുന്നതും നമ്മുടെ സങ്കൽപ്പങ്ങൾക്കതീതമായതാണ്. മനുഷ്യന്റെ സ്വാഭാവികമായ ചിന്താശേഷിക്കും അധ്വാനശേഷിക്കും അപ്പുറത്ത് നിർമിതബുദ്ധിയും ജനിറ്റിക് എഞ്ചിനീയറിങ്ങുമാണ് ഈ ദശകത്തിന്റെ ഇന്ധനമായി മാറുക. വിചിത്രമായ വഴികളിലൂടെ പറക്കുകയും കുതിക്കുയും ചെയ്യുന്ന ‘മനുഷ്യ കമ്പ്യൂട്ടറുകളുടെ’ യുഗം. മറ്റൊരർത്ഥത്തിൽ മനുഷ്യന്റെ സ്വഭാവ സവിശേഷതകൾ ഉൾചേർന്ന റോബോട്ടുകളുടെ /ഹ്യൂമനോയ്ഡുകളുടെ യുഗം. ഹോളിവുഡ് കുട്ടിച്ചിത്രങ്ങളുടെയും യൂണിവേഴ്സൽ ത്രില്ലറുകളുടെയും റോബോട്ടിക് മൂവികളുടെയും ഒക്കെ രൂപത്തിൽ മാസ്മരികവും വന്യവും ഭീതിജന്യവും ആയ ലോകങ്ങൾ മനുഷ്യരുടെ ഇടയിൽ തന്നെ അനാവരണം ചെയ്യപ്പെടാൻ പോകുന്നു. സിനിമക്കകത്തേക്ക് ഇറങ്ങിച്ചെന്ന് കാണാൻ കഴിയുന്ന ‘ത്രീഡി ഇഫക്ടിൽ’ ജീവിതം മാറിമറഞ്ഞേക്കാം.
ഫെയ്സ്ബുക്ക് സ്ഥാപകൻ സുക്കർ ബർഗ് ഏതാനും ആഴ്ച മുമ്പ് പങ്കുവെച്ച കാര്യങ്ങൾ അറിഞ്ഞാൽ ഇതൊരു കേവലമായ ആശയമല്ലെന്നും സമീപ വർഷങ്ങൾക്കുള്ളിൽ സംഭവിക്കാനിടയുള്ള യാഥാർത്ഥ്യമാണെന്നും തിരിച്ചറിയാം. അഞ്ച് വർഷത്തിനുള്ളിൽ ഫെയ്സ്ബുക്കിനെ സോഷ്യൽ മീഡിയ നെറ്റ്‌വർക്കിൽ നിന്ന് ഒരു ‘മെറ്റാവേഴ്സ് കമ്പനി’ ആക്കി മാറ്റുമെന്നാണ് ഫെയ്സ്ബുക്ക് ഉടമ പറഞ്ഞത്. വെർച്വൽ (ഭാവനാത്മകമായ) പരിതസ്ഥിതിയിൽ ആളുകൾക്ക് കളിക്കാനും ജോലിചെയ്യാനും യാത്ര ചെയ്യാനും ആശയവിനിമയം നടത്താനും ഭക്ഷണം കഴിക്കാനും കഴിയുംവിധം വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകൾ ഉപയോഗിക്കാൻ കഴിയുന്ന ഓൺലൈൻ ലോകമാണ് മെറ്റാവേഴ്സ്. ഉള്ളടക്കം പുറത്തുനിന്ന് നോക്കി കാണുന്നതിനുപകരം നിങ്ങളെതന്നെ ഉൾക്കൊള്ളുന്ന ഇന്‍റർനെറ്റ് എന്നാണ് ഫെയ്സ്ബുക്ക് സി.ഇ.ഒ അതിനെ വിശേഷിപ്പിച്ചത്. ഇനി ചെറിയ തിളങ്ങുന്ന ദീർഘചതുരങ്ങളിലൂടെ ജീവിക്കാൻ പാടില്ലെന്നാണ് ആളുകളോട് അദ്ദേഹം പറയുന്നത്.
ഡിസൈനർ ശിശുക്കൾ
ശാസ്ത്രാന്വേഷണ വഴിയിൽ അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു മേഖലയാണ് ജനിതക എഞ്ചിനീയറിങ്. ജീനോം എഡിറ്റിംഗ്, ജീനോം എഞ്ചിനീയറിംഗ്, ജീൻ എഡിറ്റിംഗ് എന്നിങ്ങനെ പല പേരുകൾ അതിനുണ്ട്. ഒരു ജീവിയുടെ ജീനിൽ ഡി.എൻ.എ കൂട്ടിച്ചേർക്കുകയോ വെട്ടിമാറ്റി ഇല്ലാതാക്കുകയോ പരിഷ്കരിക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യുന്നതാണിത്. നൂതനമായ ‘ക്രിസ്പർ ടെക്നോളജി’യുടെ വരവ് ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ ദൗത്യം എളുപ്പമാക്കുകയുണ്ടായി. രോഗ ചികിത്സാരംഗത്തെ വൻ മുന്നേറ്റങ്ങളിലൊന്നായി ഇതു ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും മനുഷ്യരടക്കമുള്ള ജീവികളുടെ പാരമ്പര്യ സ്വഭാവത്തിന്റെ വാഹകരായ ജീനുകളിൽ പുറത്തുനിന്ന് വരുത്തുന്ന മാറ്റങ്ങൾ എങ്ങനെയാണ് മനുഷ്യകുലത്തെ മാറ്റിയെഴുതുക എന്നത് പ്രവചിക്കാനാവുന്നതല്ല. മുമ്പെങ്ങും അത്ര പരിചിതമല്ലാത്ത ജനിതക എസ്.എം.എ ( സ്പൈനൽ മസ്കുലാർ അട്രോഫി) എന്ന രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നത് നിലവിൽ തന്നെ ആശങ്കയുയർത്തുന്നുണ്ട്. നവീന ജീവിത സാഹചര്യങ്ങളെ സ്വാംശീകരിക്കുന്നതിലൂടെ എന്തൊക്കെ തരം അനാരോഗ്യ ചുറ്റുപാടാണ് മനുഷ്യകുലത്തെ കാത്തിരിക്കുന്നതെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
സമീപകാല മനുഷ്യ ചരിത്രത്തിലൊന്നും സംഭവിക്കാത്ത പലതും ജനിറ്റിക് എഞ്ചിനീയറിങ് മൂലം യാഥാർത്ഥ്യമായേക്കാം. സാങ്കേതിക വിദ്യകളിലൂടെ ചികിൽസാ ശാസ്ത്രം മാനവരാശിക്ക് സംഭാവന ചെയ്ത നേട്ടങ്ങൾക്കപ്പുറത്തേക്കാണ് അതിന്റെ പോക്ക്. ജീൻ എഡിറ്റിങ് സങ്കേതിക വിദ്യ കൊണ്ട് ഏറ്റവും മികച്ച മനുഷ്യക്കുഞ്ഞുങ്ങളെ/ഡിസൈനർ ബേബികളെ ഉണ്ടാക്കിയെടുക്കാൻ കഴിയുമോ എന്ന ഗവഷേണം ലാബുകളിൽ പുരോഗമിക്കുകയാണ്. അതിന്റെ ധാർമികതയും അധാർമികതയും ഒരുവശത്ത് ചർച്ച ചെയ്യുന്നതിനോടൊപ്പം അതിവേഗത്തിലാണ് ഗവേഷണങ്ങൾ. ജനിതകശാസ്ത്രം ഇത്തരത്തിൽ പുരോഗമിക്കുമ്പോൾ, മാനവികതയുടെ ഭാവിയുടെ ഗതി മാറുമെന്ന് ഗവേഷകരിൽ തന്നെ ചിലർ മുന്നറിയിപ്പു നൽകുന്നു. ഇതിൽ ഏറ്റവും പ്രധാനമായത് ഭ്രൂണത്തിെന്‍റ തിരഞ്ഞെടുപ്പാണ്. ഒരു വ്യക്തിയുടെ ഭാവി ഭ്രൂണാവസ്ഥയിൽത്തന്നെ തീരുമാനിക്കപ്പെടുമ്പോൾ സ്വയം തെരഞ്ഞെടുപ്പിനുള്ള അവകാശംകൂടിയാണ് ഹനിക്കപ്പെടുന്നത്. മാതാപിതാക്കൾക്ക് ഒരു പെൺകുട്ടിയെക്കാൾ ഒരു ആൺകുട്ടിയെയോ മറ്റെന്തിനേക്കാളും ചില പ്രത്യേക സ്വഭാവ സവിശേഷതകളും കഴിവുകളുമുള്ള കുട്ടിയെയോ തിരഞ്ഞെടുക്കാം. ഇത് ഒരേസമയം കൗതുകകരവും പ്രകോപനപരവുമായ ആശയമാണെന്ന് ‘ഓപ്പൺ ഫിലാന്ത്രോപ്പി’യുടെ സഹ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹോൾഡൻ കർണോഫ്സ്കി മുന്നറിയിപ്പു നൽകുന്നുണ്ട്. ജനന വൈകല്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതിനപ്പുറം മിക്ക മാതാപിതാക്കളും ഇത് ചെയ്യാൻ ആഗ്രഹിക്കില്ല. എന്നാൽ ചില മാതാപിതാക്കൾ തീർച്ചയായും ചെയ്യും. അതിനാൽ ഭാവിയിൽ മാനവികത എന്നത് വ്യത്യസ്ത ജനിതക ചരിത്രങ്ങളുള്ള ഗ്രൂപ്പുകളായി ചിതറിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.
ജനിതകമാറ്റം വരുത്തിയ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ സഹായിച്ചുവെന്ന ചൈനീസ് ഗവേഷകനായ ജിയാൻകുയിയുടെ വെളിപ്പെടുത്തൽ കേട്ട് ലോകം നടുങ്ങിയത് മൂന്നു വർഷം മുമ്പാണ്. ‘വൈദ്യശാസ്ത്ര ധാർമികതക്ക് നിരക്കാത്തത്’ എന്ന് നിരീക്ഷിച്ച് ചൈനീസ് കോടതി ഇയാളെ മൂന്നു വർഷം തടവിന് ശിക്ഷിച്ചെങ്കിലും ഈ പരീക്ഷണങ്ങൾക്ക് ചൈനീസ് സർക്കാർ സമ്പൂർണ്ണ നിരോധനമേർപ്പെടുത്തിയതായി അറിവില്ല. എച്ച്.ഐ.വിയെ പ്രതിരോധിക്കാൻ തക്കവണ്ണം മനുഷ്യ ഭ്രൂണത്തിെന്‍റ ജീനിൽ എഡിറ്റിങ് നടത്തി രണ്ട് സ്ത്രീകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നിക്ഷേപിക്കുകയായിരുന്നു. അതിൽ ഒരമ്മ 2018 നവംബറിൽ ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകി. മൂന്നാമത്തെ കുഞ്ഞ് ജനിച്ചത് എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല. മെഡിക്കൽ എത്തിക്സ് സംബന്ധിച്ച ദേശീയ നിയന്ത്രണങ്ങൾ മനഃപൂർവ്വം ലംഘിച്ചുവെന്നും മനുഷ്യന്റെ പ്രത്യുത്പാദനത്തിന് ജീൻ എഡിറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചത് കുറ്റകൃത്യമാണെന്നും നിരീക്ഷിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
കർശനനിയന്ത്രണങ്ങളെല്ലാം മറികടന്നുകൊണ്ട് പല രാജ്യങ്ങളുടെയും പരീക്ഷണശാലകളിൽ മനുഷ്യഭ്രൂണങ്ങളിൽ ജനിതകപരിഷ‌്കരണം, ഭിന്നജീവി സങ്കരങ്ങളെ സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങൾ, മനുഷ്യ ക്ലോണിങ് പരീക്ഷണങ്ങൾ എന്നിവയൊക്കെ നടക്കുന്നുണ്ടെന്ന് പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങൾക്കായി പരീക്ഷണശാലയിൽ മനുഷ്യഭ്രൂണങ്ങൾ സൃഷ്ടിക്കുകയും നശിപ്പിക്കുകയുമൊക്കെ ചെയ്യുന്നതിലെ ധാർമികതയും നൈതികതയുമൊക്കെ വൻ ചർച്ചാ വിഷയമാണിപ്പോൾ.
ചിപ്പുകൾ ഘടിപ്പിച്ച മനുഷ്യർ
ന്യൂറൽ എഞ്ചിനീയറിങ്ങിെന്‍റ ഭാവി സാധ്യതയെക്കുറിച്ച് പറയാൻ തുടങ്ങിയാൽ എങ്ങുമെത്തില്ല. മൈക്രോചിപ്പുകൾ ഘടിപ്പിച്ച് പണിയെടുക്കുകയും യാത്രകൾ ചെയ്യുകയും ചെയ്യുന്ന മനുഷ്യരെക്കുറിച്ചും മനുഷ്യ തലച്ചോറുകളെകുറിച്ചും സങ്കൽപിക്കാനാവുമോ? എന്നാൽ, മൃഗങ്ങൾക്ക് കോളർബെൽറ്റ് ഘടിപ്പിച്ച് നിരീക്ഷിക്കുന്നതുപോലെ ചിപ്പുകൾ തെലിക്കുള്ളിൽ നിക്ഷേപിച്ച് മനുഷ്യനെ തൊഴിലിടത്തിലേക്ക് തള്ളിവിടുന്ന ലോകം സംഭവിച്ചുകൊണ്ടിരിക്കുന്നു. ആഗസ്റ്റ് 2017 യു.എസിലെ വിസ്കോൺസിലെ ത്രീ സ്ക്വയർ മാർക്കറ്റിലെ വെൻഡിങ് മെഷീൻ വിൽപ്പന കമ്പനിയിലെ തൊഴിലാളികൾ മൈക്രോചിപ്പുകൾ സ്ഥാപിക്കുന്നതിനായി ഓഫീസിന്റെ കഫറ്റീരിയയിൽ ഒന്നിന് പുറകെ ഒന്നായി അണിനിരന്നുനിന്ന് ഒരു ടാറ്റൂ ആർട്ടിസ്റ്റിനുമുന്നിലേക്ക് കൈ നീട്ടി. ഒരു ധാന്യ വലുപ്പമുള്ള ചിപ് തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിലെ മാംസത്തിലേക്ക് അയാൾ തള്ളി. തുടർന്ന് 41 ജീവനക്കാർക്ക് കമ്പനി മാനേജ്മെന്റിൽ നിന്ന് ‘ഐ ഗോട്ട് ചിപ്ഡ്’ എന്ന് എഴുതിയ കോംപ്ലിമെന്ററി ടീ ഷർട്ടുകൾ ലഭിച്ചു. ജോലിസ്ഥലത്തെ ലഘുഭക്ഷണങ്ങൾ കൈത്തണ്ട ഉപയോഗിച്ച് വാങ്ങുന്നതിനുള്ള പണരഹിത പേയ്‌മെൻറ് സംവിധാനം എന്ന രീതിയിൽ ആയിരുന്നു മൈക്രോ ചിപ്പിങ്ങിനെ അവർ വിശേഷിപ്പിച്ചത്. ‘ചിപ്പിംഗ് പാർട്ടി’ എന്ന പേരിൽ ഈ വാർത്തക്ക് ലഭിച്ച വൻ പ്രാധാന്യം കമ്പനിയുടെ ഒരു മാർക്കറ്റിംഗ് തന്ത്രം കൂടിയായിരുന്നുവത്രെ.
ഇന്നിത് പല രാജ്യങ്ങളിലെയും കമ്പനികൾ തൊഴിലാളികളുടെ ശരീരത്തിൽ ചിപ്പ് ഘടിപ്പിക്കാൻ തുടങ്ങിക്കഴിഞ്ഞു. പല രാജ്യങ്ങളും പൗരന്മാരുടെ ഐഡൻറിറ്റിയായി ചിപ്പുകൾ നിർബന്ധമാക്കുന്ന കാലം അതിവിദൂരമല്ല. 1998 ൽ റീഡിംഗ് യൂണിവേഴ്സിറ്റിയിലെ സൈബർനെറ്റിക്സ് പ്രൊഫസറായ കെവിൻ വാർവിക്ക് തന്റെ കൈയ്യിൽ ഒരു ചിപ്പ് സ്ഥാപിക്കുകയുണ്ടായി. സാങ്കേതികവിദ്യയെ ശരീരവുമായി സംയോജിപ്പിക്കുക എന്നത് മനുഷ്യരാശിയുടെ അടുത്ത പടിയാണെന്ന ‘ട്രാൻസ് ഹ്യുമനിസ്റ്റ്’ ആശയം യഥാർത്ഥ്യമാവുമോ എന്നറിയാനുള്ള നീക്കമായിരുന്നു അത്. ഇന്നിപ്പോൾ തലച്ചോറുകളുടെ അകത്തേക്ക് വരെ കടന്നുചെല്ലാൻ പാകത്തിൽ ആ ആശയം എത്തിനിൽക്കുന്നു.
മനുഷ്യന്‍റ നാഡീവ്യൂഹ വ്യവസ്ഥയുടെ പരിമിതികളും തകരാറുകളുമായി ബന്ധപ്പെട്ട പ്രശ്ന്ങ്ങൾക്ക് പരിഹാരം കാണുക എന്നതായിരുന്നു ന്യൂറോ സയൻസിന്റെ ദൗത്യമെങ്കിൽ അതിലേക്ക് രണ്ടായിരമാണ്ടോടെ ‘ന്യൂറൽ എഞ്ചിനീയറിംഗ്’ എന്ന പുതിയ പഠന മേഖലയും കടന്നുവന്നു. ഇന്നിപ്പോൾ ഈ രണ്ട് ഗവേഷണ മേഖലകൾ സംയോജിപ്പിച്ച് മനുഷ്യന്റെ തലച്ചോറിന്റെ എഞ്ചിനീയറിങ്ങിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. അഥവാ തലച്ചോറിനെ ഒരു മെഷീൻ പോലെ പ്രവർത്തിപ്പിക്കാമെന്ന തലത്തിലേക്ക് വരെ. ഒരു ഉദാഹരണം പറഞ്ഞാൽ, നമ്മുടെ മനസ്സ് ഉപയോഗിച്ച് പുറത്തുള്ള വസ്തുക്കൾ നീക്കാനും മാറ്റാനും ശക്തി നൽകും വിധം രാസ- വൈദ്യുത-കാന്തി -അന്യഗ്രഹ സിഗ്നലുകൾ ഉപയോഗിക്കാൻ കഴിവ് ലഭിക്കുമെന്ന്! ഇതുവഴി മറ്റ് ഗ്രഹങ്ങളിലെ ജീവിതത്തിന്റെ കൃത്യമായ തെളിവുകൾ നമുക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ‘അവഞ്ചേഴ്സ്’ എന്ന സിനിമയിലെ കഥാപാത്രങ്ങളെ പോലെ മനുഷ്യർ പരിണാമത്തിന് വിധേയരായേക്കാമെന്ന്. 2025 ഓടെ അന്യഗ്രഹജീവികളുടെ ലക്ഷണങ്ങൾ കണ്ടെത്തുെമന്നാണ് നാസ ശാസ്ത്രജ്ഞരുടെ പ്രവചനം.
മറ്റൊന്ന് ആയുർദൈർഘ്യം വർധിപ്പിക്കുന്നതിനും വാർധക്യം മന്ദഗതിയിലാക്കുന്നതിനുമുള്ള ഗവേഷണമാണ്. മനുഷ്യശരീരത്തിലെ ജീവശാസ്ത്രപരമായ ‘ക്ലോക്കുകളുടെ’ അറ്റക്കുറ്റപ്പണികൾ നടത്തുക എന്ന സാധ്യതയാണ് ഗവേഷകർ അതിൽ കാണുന്നത്. വലിയ ആരോഗ്യപ്രശ്നങ്ങളില്ലാതെ 100 വയസ്സിനു മുകളിൽ നന്നായി ജീവിക്കുന്ന ധാരാളം ആളുകൾ ഉണ്ടായേക്കാം. ഈ മുന്നേറ്റങ്ങൾ എല്ലാവരിലേക്കും ഒറ്റയടിക്ക് വ്യാപിക്കില്ലെങ്കിൽകൂടി ഈ മാനദണ്ഡങ്ങളിലൂടെ വീണ്ടും ലോകം പലതായി വിഭജിക്കപ്പെട്ടേക്കാം.
പുനഃർജനി കാത്ത് കിടക്കുന്നവർ
മനുഷ്യന്റെ ജനിതകരേഖകൾ വായിച്ചെടുത്ത് മരണത്തെയും തോൽപ്പിക്കാനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രലോകത്തിലെ ഒരു വിഭാഗം. ജീവൻ തിരിച്ചുകിട്ടുന്ന കാലത്ത് സ്വന്തം ശരീരങ്ങളിലേക്ക് തിരികെ കേറാൻ ‘ക്രയോജനിക്’ വിദ്യ ഉപയോഗിച്ച് ശരീരം ശീതീകരിച്ച് ലാബിൽ സൂക്ഷിച്ചിട്ടുണ്ട് ഇതിനകം ഈ ലോകം വിട്ടുപോയ നിരവധിപേർ. ഭൗതിക ശാസ്ത്ര പ്രഫസറായ റോബർട്ട് സി. എട്ടിങ്നർ യു.എസിലെ മിഷിഗണിൽ 45 വർഷം മുമ്പ് സ്ഥാപിച്ച ‘ക്രയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ട്’ ആണ് അതിൽ ഏറ്റവും വലുത്. സെലിബ്രിറ്റികൾ അടക്കം 250ലേറെ പേരാണ് അമരത്വം നേടാൻ തങ്ങളുടെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ നൽകി ലക്ഷങ്ങൾ അടച്ച് ഇവിടെ ‘കാത്തുകിടക്കു’ന്നത്. ഇതിൽ വാൾട്ട് ഡിസ്നിയും ഉൾപ്പെടുന്നു. മനുഷ്യന്റെ അമരത്വത്തെ സാധൂകരിക്കും വിധം 1965 ൽ എട്ടിങ്നർ രചിച്ച ഒരു പുസ്തകമാണ് ക്രയോണിക്സിന്റെ ആധാരം. ‘ദ പ്രോസ്പെക്ട് ഓഫ് ഇമ്മോർട്ടാലിറ്റി’ എന്നാണതിന്റെ പേര്. വളരെ വളരെ താഴ്ന്ന ഊഷ്മാവിൽ മൃതശരീരത്തെ പ്രത്യേകതരം പെട്ടിയിൽ ഫ്രീസ് ചെയ്ത് സൂക്ഷിക്കുകയാണെന്ന് ഒറ്റവാചകത്തിൽ പറയാം. ഇങ്ങനെ സൂക്ഷിക്കുന്നതിനുള്ള പ്രക്രിയകൾ ഒരാൾ മരിച്ച് മിനിട്ടുകൾക്കകം ആരംഭിക്കും. ഒരാളുടെ ജനിതകപരമായ കോശങ്ങളെ -130 ഡിഗ്രിക്കും താഴെയുള്ള താപനിലയിലേക്ക് കൊണ്ടുവരിയാണിതിൽ. തുടർന്ന് ദ്രാവക നൈട്രജനിൽ വലിയ ചേംബറുകളിൽ സൂക്ഷിക്കും. ഡി.എൻ.എയും അവയവങ്ങളുടെ ഘടനയും കേടാവാതെ അതേപടി നിലനിർത്താനാണിത്. ഇങ്ങനെ ചെയ്യുന്നതിന് മുമ്പ് കോശങ്ങളിൽ ഉള്ള നീരിൻറ അംശം പൂർണ്ണമായി നീക്കും. മൃതദേഹം ഫ്രീസിങ്ങിൽ ആയിരിക്കുേമ്പാൾ വെള്ളം ക്രിസ്റ്റലുകൾ ആയി മാറി കോശസ്തരങ്ങളെ പൊട്ടിച്ചുകളയാൻ സാധ്യതയുള്ളതിനാൽ അതൊഴിവാക്കാനാണ് ജലാംശം പൂർണമായി നീക്കം ചെയ്യുന്നത്. ശേഷം ‘വിട്രിഫിക്കേഷൻ’ എന്ന പ്രക്രിയക്ക് വിധേയമാക്കും. നീക്കം ചെയ്ത ജലാംശത്തിന് പകരമായി കോശങ്ങളിലേക്ക് കെമിക്കൽ ദ്രാവകം കടത്തിവിടുന്നതാണിത്. ജീവനുള്ള ശരീരത്തിലെ രക്തം പോലെ ഈ രാസദ്രാവകം വഴി ആന്തരികാവയവങ്ങളെ സജ്ജമാക്കി നിലനിർത്തുന്നു.
മനുഷ്യന്‍റെ മരണമില്ലായ്മക്കായി നടത്തുന്ന അന്വേഷണങ്ങളെ അസംബന്ധമെന്നും അപകടകരമെന്നും ചൂണ്ടിക്കാട്ടുന്ന പഠനങ്ങളും മുന്നറിയിപ്പുകളും പല തലങ്ങളിൽനിന്നും ഉയരുന്നുണ്ട്. മരണമെന്ന യാഥാർത്ഥ്യത്തെ ചോദ്യം ചെയ്യുന്നുവെന്നും പ്രാപഞ്ചിക ശക്തിയെ വെല്ലുവിളിക്കുന്നുവെന്നതുമാണ് അതിൽ പ്രധാനമായത്. ഇത്തരത്തിൽ മൃതദേഹം സൂക്ഷിക്കേണ്ടതിന് വരുന്ന ഭീമമായ ചെലവ് സംബന്ധിച്ചും മരിച്ചയാളുടെ ജീവൻ തിരിച്ചു കിട്ടുമെന്നതിൽ ശാസ്ത്രീയാടിത്തറ തന്നെ ഇല്ല എന്നതടക്കമുള്ള പല തലങ്ങളിലേക്ക് ആ ചർച്ചകൾ വികസിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, 2016ൽ ചാർലെസ് ടാൻറി എന്നയാൾ ക്രയോജനിക് പ്രിസർവേഷന് അനുകൂലമായി എഴുതുകയുണ്ടായി. ഒരു മനുഷ്യന്റെ അന്ത്യാഭിലാഷം എന്ന നിലയിൽ ആയിരുന്നു ഇതിനെ അദ്ദേഹം ന്യായീകരിച്ചത്.
‘ജസീക്ക സിമുലേഷൻ’ അഥവാ മരണ സംഭാഷണം
ഇനി, മരിച്ചവരുടെ ലോകേത്തക്ക് ജീവിച്ചിരിക്കുന്നവർക്ക് കടന്നുചെല്ലാനാവുമോ? അടുത്തിടെ ബി.ബി.സിയിൽ ഒരു ആർട്ടിക്കിൾ വായിച്ച് തലക്കടിയേറ്റ പോലെ ഇരുന്നുപോയി. വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ കാമുകിയുമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്റെ സഹായത്തോടെ ഒരു യുവാവ് നടത്തിയ ആശയവിനിമയം ആയിരുന്നു അത്. യഥാർത്ഥത്തിൽ അവർ രണ്ടുപേരും ചാറ്റു ചെയ്യുകയായിരുന്നുവോ? ആ കഥയിലൂടെ കടന്നുപോവുേമ്പാൾ വിഭ്രമാത്മകമായ ഒരു അവസ്ഥയിലേക്ക് വായക്കാരനെത്തും. അങ്ങനെയൊന്ന് സാധ്യമല്ലെന്ന് ഉറച്ചു വശ്വസിക്കുന്നവരുടെ പോലും ഹൃദയമിടിപ്പുകൾക്ക് അപ്പാൾ വേഗം കൂടും. മരിച്ചുപോയ ജെസീക്കയോട് ജോഷ്വ സംസാരിച്ചു. അവൾ പോയതിനുശേഷമുള്ള അയാളുടെ വിഷാദനാളുകളെക്കുറിച്ച്, ജെസീക്കയുടെ മരണത്തിനു മുമ്പും ശേഷവുമുള്ള കാര്യങ്ങളെകുറിച്ച് കീബോർഡിലൂടെ അവർ പരസ്പം കൈമാറി. ജോഷ്വോയെ അമ്പരപ്പിക്കും വിധം അവരുടെ രണ്ടുപേരുടെയും ഭൂതകാലത്തിന്റെ ഓർമ്മകൾ അവളും പങ്കുവെച്ചു. മരണാനുഭവത്തെകുറിച്ചും അവളിപ്പോൾ കടന്നുപോവുന്ന ജീവിതത്തെക്കുറിച്ചും പറഞ്ഞു. മരിച്ചവരുടെ ലോകം ഒരിക്കലും ജീവിച്ചിരിക്കുന്നവരുടെ മുമ്പിൽ വെളിപ്പെട്ടിട്ടില്ല. അതൊരു പ്രഹേളികയാണെന്നാണ് ശാസ്ത്ര ലോകം പോലും കരുതുന്നത്. പിന്നെ ഇതെങ്ങനെ സാധ്യമായി?! അതാണ് എ.ഐയുടെ അഥവാ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്റെ കളികൾ.
എ.ഐ ഉപയോഗിച്ച് നിർമിച്ച പ്ലാറ്റ്ഫോമിൽ ജെസീക്കയുടെ ഡിജിറ്റൽ വ്യക്തിത്വത്തെ റിക്രിയേറ്റ് ചെയ്യുകയായിരുന്നു. ജോഷ്വോയുടെ ഫോണിൽ കാമുകിയുടെ ഫീച്ചേർസ് എല്ലാം ഡിജിറ്റൽ ശേഖരങ്ങൾ ആയി ഉണ്ടായിരുന്നു. അങ്ങനെ ഇപ്പുറത്ത് ജീവിച്ചിരിക്കുന്ന ജോഷ്വോയും അപ്പുറത്ത് മരിച്ചുപോയ ‘ഡിജിറ്റൽ ജസീക്ക’യും വീണ്ടും ഒന്നിച്ചു. ‘ജസീക്ക സിമുലേഷൻ’ എന്നതിന് പേരുമിട്ടു! ഇതൊരു സൂചനയാണ്. അതിവേഗം കുതിക്കുന്ന ടെക്നോളജിയുടെ ചിറകിലേറി മനുഷ്യൻ ഏതറ്റത്തേക്കാണ് സഞ്ചരിക്കാൻ പോവുന്നത് എന്നതിന്റെ.
ലാഭക്കണ്ണുകൾ മണ്ണിലും വിണ്ണിലും
യാഥാർത്ഥ്യത്തെയും അയഥാർത്ഥ്യത്തെയും സമ്മേളിപ്പിക്കുന്ന എ.ഐ. അതിൽ ഭൂഗോളത്തിലുള്ളവരെക്കൂടാതെ സ്പേസിലേക്കു കൂടി ചേക്കേറിയ മനുഷ്യർ! ഇതിലൊരു ഘട്ടത്തിൽ സ്വയം പുനഃർനിർമിക്കുന്ന ബഹിരാകാശ പേടകങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും കൂടുതൽ മനുഷ്യർക്ക് ബഹിരാകാശ നിലയങ്ങളിലേക്ക് ചേക്കേറാൻ അത് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ ശ്രമങ്ങളുടെ പ്രാരംഭദശയിലാണ് യു.എസ് വ്യവസായിയും ‘സ്പേസ് എക്സ്’ കമ്പനിയുടെ എന്ന സ്ഥാപകനുമായ ഇലോൺ മസ്കും സ്പേസ്ഫ്ലൈറ്റ് രംഗത്തെ മറ്റൊരു അതികായനായ ‘ബ്ലൂ ഒറിജിൻ’ കമ്പനിയുടെ ജെഫ് ബെസോസും. ഭൂമിയിൽ നിന്ന് ബഹിരാകാശ നിലയങ്ങളിലേക്ക് മനുഷ്യരുമായി ‘ഷട്ടിൽ സർവീസ്’ നടത്തുന്ന റോക്കറ്റുകളുടെ പരീക്ഷണപ്പുരയിലാണ് ഈ രണ്ടു കമ്പനികളും. ലോക സമ്പന്നന്മാർ ഇപ്പോൾ വൻ നിക്ഷേപമിറക്കുന്ന വിപണിയാണ് ബഹിരാകാശ ടൂറിസം. 2030തോടെ മുന്നൂറ് കോടി ഡോളറിന്റെ നിക്ഷേപം ഇതിൽ നടക്കുമെന്ന് ഈ രംഗത്തെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മറ്റൊന്ന്, നിർമിത ബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന അത്യന്താധുനികവും കനത്ത പ്രഹര ശേഷിയുള്ളതുമായ ആയുധങ്ങൾ വികസിപ്പിച്ചെടുത്ത് പ്രതിരോധ സന്നാഹത്തിലേക്ക് കൂട്ടിച്ചേർക്കുന്ന തിരക്കിട്ട പണികളിലാണ് ലോകത്തെ ശാക്തിക രാജ്യങ്ങളും ചേരികളും. ബോംബുകൾ വർഷിക്കുന്ന കുഞ്ഞൻ ഡ്രോണുകളും നിരീക്ഷണത്തിനുള്ള എ.ഐ കാമറകളും തൊട്ട് കൂറ്റൻ മിസൈലുകളും ആളില്ലാ യുദ്ധവിമാനങ്ങളും വരെ അതിന്റെ പരിധിയിൽ വരുന്നു. വൻകിട സ്വകാര്യ കമ്പനികളുമായാണ് ഭരണകൂടങ്ങൾ ഇതിനായി കൈകോർക്കുന്നത്. സാമ്പ്രദായിക യുദ്ധ മുഖങ്ങൾക്കും യുദ്ധതന്ത്രങ്ങൾക്കുമപ്പുറത്തുള്ള ഗതിയിലാണ് സഞ്ചാരമെന്ന് സൂക്ഷിച്ചുനോക്കിയാൽ കാണാനാവും. ‘യന്തിരന്മാർ’ തമ്മിൽ ഏറ്റുമുട്ടുന്നത് ഇനി സിനിമകളിൽ മാത്രമായിരിക്കില്ല.
നിർമിത ബുദ്ധിയിലൂടെ ഭൂമിയിയും ബഹിരാകാശത്തും പുതിയതും യഥാർത്ഥവുമായ അധിക രൂപങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കാം. മനുഷ്യരെ ഒഴിവാക്കിെക്കാണ്ട് പണിയെടുക്കുന്ന യന്ത്രമനുഷ്യർ ഇപ്പോൾ തന്നെ പല മേഖലകളിലും സ്ഥാനം പിടിച്ചുകഴിഞ്ഞു. വീടകങ്ങൾ മുതൽ ചികിൽസാ രംഗത്തുവരെ യന്ത്രമനുഷ്യരുടെ സാന്നിധ്യം കണ്ടു തുടങ്ങിയിരിക്കുന്നു. ഇതൊക്കെ നല്ല ആശയങ്ങളാണെന്ന് ശാസ്ത്രാന്വേഷണ കുതുകികൾ വാദിക്കുന്നുണ്ട്. ഭാവി ലോകത്തിന്റെ വികാസം അതിലധിഷ്ഠിതമാണെന്നാണ് അവരുടെ പക്ഷം. എന്നാൽ, അത്തരം മുന്നേറ്റങ്ങളുടെ പ്രത്യാഘാതങ്ങൾ പ്രവചിക്കാൻ പ്രയാസമാണെന്നും മറുവാദമുണ്ട്. മനുഷ്യാധ്വാനം വേണ്ട ജോലികൾ അടക്കം ജീവിതത്തിന്റെ പല വശങ്ങളും അത് മാറ്റിമറിക്കുമെന്നും നമ്മുടെ പല ആവാസവ്യവസ്ഥകളെയും തൊഴിൽ സംസ്കാരത്തെയും സാമൂഹ്യ സ്ഥാപനങ്ങളെയും ബന്ധങ്ങളെയും അടിമുടി ഉഴുതുമറിക്കുമെന്നുമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
ജനിതക എഞ്ചിനീയറിങ്ങിലൂടെ രൂപ-സ്വഭാവ പരിണാമത്തിന് വിധേയമാക്കിയ ജീവരൂപങ്ങൾക്ക് മാത്രം അതിജീവിക്കാൻ കഴിയുന്ന വ്യവസ്ഥയെക്കുറിച്ച് വളരെ നേരത്തെ മുന്നറിയിപ്പു നൽകിയ ഫ്രഞ്ച് ചിന്തകനാണ് ആന്ദ്രേ ഗോർസ്. അതിനനുസൃതമായ രാഷ്ട്രീയ-സാമൂഹ്യ- പാരിസ്ഥിതിക-ആരോഗ്യ കാലാവസ്ഥകൾ പല തലങ്ങളിലൂടെ ബോധപൂർവ്വവും ആസൂത്രിതമായും രൂപപ്പെടുത്തുമെന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് അദ്ദേഹം പങ്കുവെച്ചത് അക്ഷരാർത്ഥത്തിൽ നമ്മുടെ അനുഭവ തലങ്ങളിലേക്ക് ചേക്കേറിത്തുടങ്ങിയിരിക്കുന്നു.
‘ദ ഗ്രേറ്റ് റീസെറ്റ്’
നാലാം വ്യവസായ വിപ്ലവം കൊണ്ടുവരുന്ന സാങ്കേതിക മുന്നേറ്റത്തിലൂടെ ഏതെങ്കിലും തരത്തിൽ ക്രിയാത്മകവും ഗുണാത്മകവും ആശാവഹവുമായ ലോകം ഉയർന്നുവന്നേക്കാമെന്ന പ്രതീക്ഷയെ അസ്ഥാനത്താക്കുന്നതാണ് ഏറ്റവും ഒടുവിൽ ജനീവയിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടി. ഈ ഉച്ചകോടിയിൽ പ്രധാനമായും കേന്ദ്രീകരിച്ച ചർച്ച ‘ദ ഗ്രേറ്റ് റീസെറ്റ്’ ഇനീഷ്യേറ്റീവിനെക്കുറിച്ചുള്ളതാണ്. കോവിഡ് ഉയർത്തിക്കൊണ്ടു വന്ന എല്ലാ വെല്ലുവിളികളിൽ നിന്നും സകല മേഖലകളെയും പുനഃക്രമീകരണത്തിലൂടെ ലോകത്തെ വീണ്ടെടുക്കുക എന്നതാണ് ‘ഗ്രേറ്റ് റീസെറ്റ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോേബാട്ടിക്സും ഓട്ടോമാറ്റിക് വാഹനങ്ങളും നാനോ, ബയോ ടെക്നോളജിയും മെറ്റീരിയൽ സയൻസും ഊർജ്ജ സംഭരണവും ക്വാണ്ടം കമ്പ്യൂട്ടിങ്ങും അടക്കം നാലാം വ്യവസായ വിപ്ലവത്തിന്റെ സകല സാധ്യതകളും സന്നാഹങ്ങളും ഉപയോഗിച്ചാണ് പോസ്റ്റ് കോവിഡ് ലോകത്തെ ലോക സാമ്പത്തിക ശക്തികൾ റീസെറ്റ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്!
ഇതിലെ മുഖ്യ പങ്കാളികൾ ആഗോള കോർപ്പറേറ്റുകളും അവരെ പിന്താങ്ങുന്ന ഭരണകൂടങ്ങളുമായിരിക്കും എന്നിടത്ത്, മനുഷ്യരാശിയുടെയും പരിസ്ഥിതിയുടെയും ഭാവിയെക്കുറിച്ചുള്ള തീവ്രമായ ഉത്കണ്ഠകൾ തുലോം തുച്ഛമായാണ് കാണപ്പെടുന്നത് എന്നത് ദൗർഭാഗ്യകരമാണ്. കോവിഡ് മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കുന്നു എന്ന ഉപരിപ്ലവമായ വായനകൾക്കപ്പുറത്ത് അതിന്റെ മറവിൽ പോസ്റ്റ് കോവിഡ് കൊണ്ടുവരുന്ന തീവ്ര മുതലാളിത്തത്തിന്റെ അജണ്ടയായ ‘ഗ്രേറ്റ് റീസെറ്റിനെ’ക്കുറിച്ച് മുൻ ധാരണയുണ്ടാവുക എന്നതും അതിനനുസൃതമായി പ്രതിരോധ പദ്ധതികൾ ഒരുക്കുക എന്നതുമാണ് മാനവരാശിയുടെ രക്ഷ ആഗ്രഹിക്കുന്ന വ്യക്തികളും സംഘങ്ങളും പ്രസ്ഥാനങ്ങളും ഏറ്റവും അടിയന്തരമായി ചെയ്യേണ്ടത്.
ഡാറ്റ-സൈബർ ഇടങ്ങളിലെ വ്യക്തി സുരക്ഷയും ചൂഷണ രാഹിത്യവും ഉറപ്പുവരുത്തുന്ന, നൈതികതയും ജനാധിപത്യമൂല്യങ്ങളും ഉൾച്ചേർന്നുള്ള പ്ലാറ്റ്ഫോമുകൾക്കും അന്തർദേശീയ നിയമസംവിധാനങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുകയും ഊർജ്ജിതമായി പണിയെടുക്കുകയും ചെയ്യുക എന്നതാണ് അതിൽ അതിപ്രധാനം.