പരാജയം തുടർക്കഥയായ കോഴിമാലിന്യ സംസ്കരണം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കൃത്യമായി സംസ്കരിക്കാത്ത മാലിന്യം, അത് ജൈവമോ അജൈവമോ ആകട്ടേ വലിയ പ്രതിസന്ധികളിലേക്ക് സമൂഹത്തെ തള്ളിവിടും എന്നുറപ്പാണ്. സംസ്കരണവുമായി ബന്ധപ്പെട്ട് ഏറെ സങ്കീ‍ർണ്ണതകളിലൂടെ കടന്നുപോകുന്ന അറവ് മാലിന്യങ്ങൾ സംസ്ഥാനത്ത് ഉടനീളം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഇക്കാര്യം കൂടതൽ വ്യക്തമാക്കുന്നു. അതിൽ ഭൂരിഭാ​ഗവും ‘ചിക്കൻ വെയ്സ്റ്റ്’ എന്ന കോഴിമാലിന്യമാണ്. കോഴിക്കടകൾ കേരളത്തിൽ അത്രയധികമുണ്ട്, കോഴിയിറച്ചിയുടെ ഉപയോ​ഗവും ഭക്ഷണ വിഭവങ്ങളിൽ കൂടിവരുകയാണ്. അറവുശാലകളിൽ നിന്നും വരുന്ന കോഴിമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള പ്ലാന്റുകൾ സ്വകാര്യ സംരംഭകരുടെ മുൻകൈയിൽ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്. എന്നാൽ വളരെ സൂക്ഷ്മതയോടെ സംസ്കരിക്കേണ്ട കോഴിമാലിന്യങ്ങൾ അശാസ്ത്രീയമായും അലംഭാവത്തോടെയും ഈ പ്ലാന്റുകളിൽ കൈകാര്യം ചെയ്യപ്പെടുന്നതിന്റെ ഫലമായി തദ്ദേശീയരായ ജനങ്ങൾക്ക് ഈ സംസ്കരണശാലകൾ തലവേദനയായി മാറി. ജനരോഷം പ്ലാന്റുകൾക്കെതിരെ പലയിടങ്ങളിലും ഉയർന്നുവന്നു. എന്നിട്ടും ഭരണസംവിധാനങ്ങൾക്ക് കൃത്യമായ ഒരു പരിഹാരം കണ്ടെത്താൻ കഴിയാത്ത പ്രശ്നമായി ഇത് നീണ്ടുപോവുകായണ്.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിൽ പ്രവ‍ർത്തിക്കുന്ന ഫ്രഷ് കട്ട് എന്ന സ്വകാര്യ പ്ലാന്റിനെതിരെ സമീപത്തെ നാല് പഞ്ചായത്തുകളിലുള്ള നാലായിരത്തോളം ജനങ്ങൾ സമരവുമായി രം​ഗത്ത് വന്നപ്പോഴാണ് കേരളത്തിന്റെ പൊതു ശ്രദ്ധയിലേക്ക് ഈ വിഷയം കൂടുതലായി കടന്നുവരുന്നത്. എന്താണ് കോഴി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ? ജനങ്ങൾ ശക്തമായ എതിർപ്പുമായി രം​ഗത്ത് വരാനുള്ള കാരണമെന്താണ്? കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്ലാന്റുകളെയും അവയ്ക്കെതിരായുണ്ടായ ജനരോഷത്തെയും ആസ്പദമാക്കി ഒരു അന്വേഷണം.

ഫ്രഷ് കട്ട് പ്ലാന്റിന് എതിരായ സമരത്തിന്റെ പന്തലിൽ ഉയർന്ന ബാനർ

കോഴിമാലിന്യ സംസ്കരണം

ഒരു കോഴിയെ അറുക്കുമ്പോൾ അതിന്റെ 30 ശതമാനവും മാലിന്യമായി പോകുമെന്നാണ് കണക്കാക്കുന്നത്. ഇതനുസരിച്ച്, ഒരു കിലോഗ്രാം കോഴിയെ അറുക്കുമ്പോൾ ഏകദേശം 300 ഗ്രാം മാലിന്യം ഉണ്ടാകുന്നു. 2022-ൽ ശുചിത്വ മിഷൻ നടത്തിയ വിലയിരുത്തൽ പ്രകാരം, സംസ്ഥാനത്തെ 16,000 കോഴിവിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് പ്രതിദിനം 1,080 ടൺ കോഴിമാലിന്യം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിൽ ചെറിയൊരു ഭാഗം മാത്രമേ ശാസ്ത്രീയമായി സംസ്കരിക്കപ്പെടുന്നുള്ളൂ. സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനമുളള ചിക്കൻ സ്റ്റാളുകൾ സംസ്ഥാനത്ത് എവിടെയുമില്ല. മുമ്പ് ഇത്തരം കോഴി മാലിന്യങ്ങൾ പന്നി ഫാമുകൾക്ക് കൈമാറുകയായിരുന്നു ചെയ്തിരുന്നത്. മാലിന്യങ്ങൾ അറവുശാലകളിൽ നിന്നും ശേഖരിക്കുന്ന പ്രക്രിയ കൃത്യമായി നടക്കാത്തതിനാൽ കോഴി വെയ്സ്റ്റ് പൊതു ഇടങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയുന്നത് പതിവായിരുന്നു.

ഈ സാഹചര്യം കണക്കിലെടുത്താണ് എല്ലാത്തരം കോഴി മാലിന്യങ്ങളും സംസ്കരിച്ച്, ഉപയോഗപ്രദമായ അസംസ്കൃത വസ്തുക്കൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന റെൻഡറിംഗ് പ്ലാന്റുകൾ എന്ന ആശയം ശുചിത്വ മിഷൻ മുന്നോട്ടുവച്ചത്. കേന്ദ്രീകൃത കോഴിമാലിന്യ സംസ്കരണ സംവിധാനമൊരുക്കുക എന്നതാണ് ഈ സാങ്കേതികവിദ്യയിലൂടെ ശുചിത്വ മിഷൻ ലക്ഷ്യമിട്ടത്. തൂവലുകൾ ഉൾപ്പെടെയുള്ള എല്ലാ കോഴി മാലിന്യങ്ങളും ആവിയിൽ വേവിച്ച് പൊടിയാക്കി മാറ്റുന്ന രീതിയാണിത്. ഇത് മൃഗങ്ങൾക്കും മത്സ്യങ്ങൾക്കുമുള്ള തീറ്റ നി‍ർമ്മിക്കാനുള്ള അസംസ്കൃത വസ്തുവായി ഉപയോ​ഗിക്കാം. ഉയ‍ർന്ന ഊഷ്മാവിൽ സംസ്കരിക്കുന്നതിനാൽ ഇതിൽ നിന്നുമുണ്ടാക്കുന്ന ഉത്പന്നങ്ങൾ പൂർണ്ണമായും അണുവിമുക്തമായിരിക്കും എന്നും ശുചിത്വ മിഷൻ ഉറപ്പുപറയുന്നു.

കോഴിമാലിന്യത്തിന്റെ കണക്ക്

ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ 2019 ൽ കണ്ണൂരിലെ പാപ്പിനിശ്ശേരിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ പ്ലാന്റ് സ്ഥാപിച്ചത്. പാപ്പിനിശ്ശേരി മാതൃകയുടെ വിജത്തിന്റെ അടിസ്ഥാനത്തിൽ, 2021 ഒക്ടോബറിൽ തദ്ദേശ സ്വയംഭരണ വകുപ്പ് കോഴി ഇറച്ചി സ്റ്റാളുകൾക്കും കോഴി മാലിന്യ സംസ്കരണ പ്ലാന്റുകൾക്കും ലൈസൻസ് നൽകുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അതിനുശേഷമാണ് മറ്റ് ജില്ലകളിലും കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കപ്പെടുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്. അനുമതി നൽകുന്നതിനുമുമ്പ്, പ്ലാന്റുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല ഫെസിലിറ്റേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഈ രീതിയിൽ വിപുലമായ അടിത്തറയൊരുക്കിയാണ് സർക്കാർ റെൻഡറിംഗ് പ്ലാന്റുകൾ ആരംഭിച്ചതെങ്കിലും മാലിന്യ സംസ്കരണം ഫലപ്രദമായി മുന്നോട്ടുപോയില്ല. പ്ലാന്റുകൾക്കെതിരെ ജനരോഷം വ്യാപകമായി ഉയർന്നുവന്നു. സാങ്കേതിക ​ഗുണമേന്മ കുറഞ്ഞ പ്ലാന്റുകൾ ​ഗുണത്തേക്കാൾ ഏറെ ദോഷമായി മാറുകയും നാട്ടുകാരുടെ ജീവിതം ​ദുസ്സഹമാക്കിത്തീർക്കുകയും ചെയ്തു. പല പ്ലാന്‍റുകൾക്കുമെതിരെ പൊതുജനം സമരരം​ഗത്തേക്ക് വന്നു. അമ്പായത്തോട് ഫ്രഷ് കട്ട് പ്ലാന്റിനെതിരായ സമരമാണ് അതിൽ ഏറെക്കാലം പരിഹാരമാകാതെ നീണ്ടതും ഒടുവിൽ പൊലീസ് ഇടപെടലിലേക്ക് എത്തിയതും.

ഫ്രഷ് കട്ട് പ്ലാന്റിന് എതിരായ സമരപന്തലിൽ നിന്നും

ജീവിക്കാൻ വേണ്ടിയുള്ള സമരം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരം പൊതുസമൂഹത്തിൽ ചർച്ചയായി മാറുന്നത് ഒക്ടോബ‍ർ 21ന് ആണ്. അന്നാണ് പ്ലാന്റിനെതിരായ സമരം സംഘ‍ർഷത്തിലേക്കും തീവെയ്പ്പിലേക്കും നീങ്ങിയത്. ആറ് വർഷം നീണ്ടുനിന്ന ജനകീയ സമരം സംഘർഷത്തിലേക്ക് നീങ്ങാനുള്ള കാരണങ്ങളെക്കുറിച്ച് പൊലീസിനും ജനങ്ങൾക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനവും ബാഹ്യശക്തികളുടെ ഇടപെടലുമാണ് സംഘർഷാവസ്ഥയ്ക്ക് കാരണമെന്നാണ് പോലീസ് ഭാഷ്യം.

എന്നാൽ സമരത്തിൽ പങ്കെടുത്ത നാട്ടുകാർക്ക് പറയാനുള്ളത് മറ്റൊരു വശമാണ്. “ഞങ്ങളാരും അക്രമികളല്ല… ഞങ്ങളുടെ മക്കൾക്ക് ജീവിക്കാൻ വേണ്ടിയുള്ള സമരമാണിത്…” നാട്ടുകാരനായ ഉബൈദ് ഇങ്ങനെയൊരു മുഖവുരയോടെയാണ് സംസാരിച്ച് തുടങ്ങിയത്. സംഘർഷ ദിവസം നടന്ന കാര്യങ്ങളെല്ലാം ഉബൈദ് ഓ‍ർമ്മിച്ചെടുത്തു. തീർത്തും സമാധാനമായി മുന്നോട്ടുപോയ സമരത്തെ പ്രക്ഷുബ്ധമാക്കുന്നതിൽ അന്നവിടെ ഉണ്ടായിരുന്ന റൂറൽ എസ്.പി അടക്കമുള്ള പൊലീസ് ഉദ്യോ​ഗസ്ഥ‍ർക്ക് പങ്കുണ്ടെന്നും ഉബൈദ് കൂട്ടിച്ചേർത്തു.

സംഘർഷാവസ്ഥ രൂക്ഷമാക്കുന്നതിനും സമരത്തെ അടിച്ചമർത്താനും ഫ്രഷ് കട്ട് അധികൃതർ മനഃപൂ‌ർവ്വം പ്ലാന്റിനുള്ളിലെ വണ്ടി കത്തിച്ചതാണെന്ന് നാട്ടുകാർ സംശയിക്കുന്നു. പൊലീസിന്റെ സംരക്ഷണത്താൽ ചുറ്റപ്പെട്ട ഫാക്ടറി പരിസരം കടന്ന് ആർക്കാണ് വണ്ടി കത്തിക്കാൻ സാധിക്കുക എന്ന സംശയമാണ് അവർ ചോദിക്കുന്നത്.

“ഇസ്ലാം മത വിശ്വാസികളായ സ്ത്രീകളും കുട്ടികളും നോമ്പ് കാലത്തുപോലും പകൽ മുഴുവൻ വ്രതം അനുഷ്ഠിച്ച് വൈകുന്നേരം വീട്ടിലേക്ക് തിരിച്ചുപോയാണ് സമരം മുന്നോട്ടുകൊണ്ടുപോയിരുന്നത്.” സമര സമിതിയിലെ രക്ഷാധികാരികളിലൊരാളായ നാസർ ഫൈസി കൂടത്തായി കൂട്ടിച്ചേർത്തു.

“ആറ് വർഷമായി തുടരുന്ന ഈ സമരം ഒരു ഗതാഗത തടസ്സം പോലും ഉണ്ടാക്കിയിട്ടില്ല. ഇത്രയും സമാധാനപരമായി മുന്നോട്ടുപോയ സമരം അക്രമാസക്തമായതിന്റെ കാരണം നാട്ടുകാരല്ല, അത് സമരത്തെ ഇല്ലാതാക്കാനുള്ള ഫ്രഷ് കട്ട് മാനേജ്മെന്റിന്റെ താത്പര്യത്തിന് വേണ്ടി പൊലീസ് കരുനീക്കിയതാണ്.” നാസർ ഫൈസി പറഞ്ഞു.

നാസർ ഫൈസി

ഒക്ടോബർ 21ലെ സമരത്തിൽ പങ്കെടുത്ത മിക്ക ആളുകളും ഇപ്പോഴും ഒളിവിലാണ്. പൊലീസ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുമെന്ന ഭയം എല്ലാവർക്കുമുണ്ട്. ഒളിവിൽ കഴിയുന്നവരെ അന്വേഷിച്ച് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൊലീസ് വീടുകൾ കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.

“എല്ലാ കാലത്തും എല്ലാ മനുഷ്യരെയും പിടിച്ചുനിർത്താൻ പറ്റില്ല. ജനങ്ങളുടെ പ്രതികരണത്തെ തീവ്രവാദമെന്നും നക്സലിസമെന്നും പേരിട്ട് വിളിക്കേണ്ട കാര്യമില്ല. മനുഷ്യന്റെ ക്ഷമ നശിക്കുമ്പോളുണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങളാണുണ്ടായത്.” നാസർ ഫൈസി അഭിപ്രായപ്പെട്ടു.

ജനരോഷം രൂപപ്പെടാനുള്ള കാരണങ്ങൾ

കോഴിമാലിന്യം സംസ്കരിക്കുന്നതിനുള്ള കോഴിക്കോട് ജില്ലയിലെ ഏക പ്ലാന്റാണ് അമ്പായത്തോട് കരിമ്പാലക്കുന്നിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട്. ഇവിടേക്ക് വലിയ തോതിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കോഴിമാലിന്യം എത്തുകയും അത് കൃത്യമായി സംസ്കരിക്കാതിരിക്കുകയും ചെയ്തത് താമരശ്ശേരി താലൂക്കിലെ നാല് പഞ്ചായത്തുകളിലെ (കട്ടിപ്പാറ, കോടഞ്ചേരി, താമരശ്ശേരി, ഓമശ്ശേരി) ജനജീവിതത്തെയാണ് സാരമായി ബാധിച്ചത്. അറവ് മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം ഈ പഞ്ചായത്തുകളുടെ ഭാഗമായ പ്രദേശങ്ങളിലേക്കെല്ലാം വ്യാപിച്ചു. ചാലിയാറിന്റെ കൈവഴിയായ ഇരുതുള്ളി പുഴയിലേക്കാണ് ഫാക്ടറിയിൽ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത്. 2019ൽ പ്ലാന്റ് പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ നാട്ടുകാർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട് തുടങ്ങി. അങ്ങനെയാണ് 2020ൽ കരിമ്പാലക്കുന്ന് നിവാസികൾ ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമിതി രൂപീകരിച്ച് സമരം ആരംഭിക്കുന്നത്. പിന്നീട് മറ്റ് സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ കൂടി സമരത്തിൽ പങ്കുചേരുകയും സംയുക്ത ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരം ശക്തിപ്പെടുകയും ചെയ്തു.

ഒക്ടോബർ 21ന് നടന്ന മാർച്ചിൽ പങ്കെടുക്കുന്ന സ്ത്രീകളും കുട്ടികളും. കടപ്പാട്:thehindu

2021ൽ കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന ബഹുജന മാർച്ചോടെ സമരം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അങ്ങനെയാണ് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളുമെല്ലാം ഈ പ്രശ്നത്തിൽ ഇടപെടുന്നത്. 2023 മെയ് മാസം ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ നിയമസഭാ പരിസ്ഥിതി സമിതി തെളിവെടുപ്പ് നടത്തുന്നത് അതിനെ തുടർന്നാണ്. ജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിലായിട്ടുണ്ടെന്നും ചർച്ച നടത്തി പരിഹാരം കണ്ടെത്തുമെന്നും സമിതി ഉറപ്പ് നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. അങ്ങനെയാണ് ദുരന്തത്താൽ പൊറുതിമുട്ടുന്ന സമീപ പഞ്ചായത്തുകളിലെ ഇരകൾ കൂടി ചേർന്ന് ഇരുതുള്ളിപുഴ സംരക്ഷണ ജനകീയ സമിതി രൂപീകരിച്ച് സമരം ശക്തിപ്പെടുത്തുന്നത്. നിരവധി പൊതുയോഗങ്ങൾ, കളക്ട്രേറ്റ് മാർച്ച്, കമ്പനിക്ക് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം എന്നീ സമരമാർഗങ്ങൾ ഈ സമയത്ത് അരങ്ങേറി. എന്നാൽ നിരന്തര സമരങ്ങളെ തുടർന്ന് ജനപ്രതിനിധികളും കളക്ടറുമായി നടന്ന ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ പാലിക്കാൻ കമ്പനി തയ്യാറാകാതെ വന്നതോടെയാണ് ഒക്ടോബർ 21ന് ശക്തമായ പ്രതിഷേധ സമരം അരങ്ങേറിയത്.

കോഴിക്കോട് ജില്ലയിൽ പ്രതിദിനം ഉണ്ടാകുന്നത് 100 ടണ്ണിൽ അധികം ചിക്കൻ മാലിന്യമാണെന്നാണ് സർക്കാർ കണക്ക്. അവധി ദിനങ്ങളിലും ആഘോഷ ദിവസങ്ങളിലും ഇത് ഇരട്ടിയായി മാറും. മാലിന്യം സംസ്കരിക്കാനായുള്ളത് ഫ്രഷ് കട്ട് എന്ന ഏക കേന്ദ്രം മാത്രം. എന്നാൽ ഫ്രഷ് കട്ട് സംസ്‍കരണ കേന്ദ്രത്തിന്റെ ശേഷി 30 ടൺ മാത്രമാണ്. ഫ്രഷ് കട്ട്‌ ദിവസവും ശേഖരിക്കുന്നതാകട്ടേ 100 ടൺ മാലിന്യവും. അനുവദിച്ചതിലും അധികം മാലിന്യം ശേഖരിച്ച് വയ്ക്കുകയും അത് സമയോചിതമായി സംസ്കരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നതാണ് കട്ടിപ്പാറയിലെ ഒരു പ്രധാന പ്രശ്നമെന്ന് ജനങ്ങൾ പറയുന്നു. കോഴിമാലിന്യം സംസ്കരിക്കാതെ കൂടിക്കിടന്ന് ദുർഗന്ധം രൂക്ഷമാകുന്നു.

ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ 2025 ഫെബ്രുവരി 24ന് നടന്ന യോഗത്തിൽ 20 മുതല്‍ 25 ടണ്ണോളം അഴുകാത്ത, പുതിയ കോഴിമാലിന്യം മാത്രമേ കട്ടിപ്പാറ പ്ലാന്റിലേക്ക് കൊണ്ടുപോകുയുള്ളൂ എന്ന് സമര സമിതിക്ക് ഉറപ്പ് നൽകിയിരുന്നു. കോഴിക്കോട് ജില്ലയെ താലൂക്ക് അടിസ്ഥാനത്തില്‍ സോണുകളായി തിരിച്ച് അവിടങ്ങളില്‍ വലിയ കണ്ടെയ്‌നര്‍ ഫ്രീസര്‍ സ്ഥാപിക്കുമെന്നും ഈ കണ്ടെയ്നറുകളില്‍ സംഭരിക്കുന്ന അഴുകാത്ത മാലിന്യം കട്ടിപ്പാറ പ്ലാന്റിലേക്ക് കൊണ്ടുപോകുമെന്നും മാര്‍ച്ച് 31ന് ഉള്ളിൽ ഇത് നടപ്പിലാക്കുമെന്നും ഫ്രഷ് കട്ട് അധികൃതർ ആ യോഗത്തിൽ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളൊന്നും നടക്കാതെ വന്നതും ജനരോഷം ഇരട്ടിപ്പിച്ചു.

ഫ്രഷ് കട്ട് പ്ലാന്റിന്റെ മതിൽക്കെട്ടിന് ഉൾവശം

“ഞങ്ങൾക്ക് മാത്രമെന്താണ് മാഷെ ഇങ്ങനെ?” നിഷ്കളങ്കരായ കുട്ടികൾ ഈ ചോദ്യം പതിവായി ചോദിച്ച് തുടങ്ങിയിരിക്കുന്നു എന്ന കാര്യം ഓമശ്ശേരിയിലെ ആസാദ് മെമ്മോറിയൽ എൽ.പി സ്കൂളിലെ പി.ടി.എ പ്രസിഡന്റ് മുജീബ് നിറകണ്ണുകളോടെയാണത് പങ്കുവെച്ചത്. മാലിന്യ സംസ്കരണ പ്ലാന്റിന്റെ അശാസ്ത്രീയമായ പ്രവർത്തനം കേവലം പാരിസ്ഥിതിക പ്രശ്നം മാത്രമായി കണക്കാക്കാൻ കഴിയില്ലെന്നാണ് മുജീബിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. കുട്ടികളും വൃദ്ധരും രോഗികളും ഉൾപ്പെടുന്ന ഒരു വലിയ സമൂഹത്തിന്റെ ജീവിതത്തെ അത് താളം തെറ്റിച്ചിരിക്കുന്നു.

കൂടുതലും വൈകുന്നേരങ്ങളിലാണ് പ്ലാന്റിൽ നിന്നും ദുർഗന്ധം പടരുന്നത്. വിദ്യാർത്ഥികളുടെ പഠനത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്. ദുർഗന്ധം ഉള്ളിലേക്ക് കയറാതിരിക്കാൻ മിക്ക വീടുകൾക്കും ആവശ്യാനുസരണം അടച്ചുറപ്പില്ല. സ്കൂൾ വിട്ട് വിദ്യാർത്ഥികൾ പഠിക്കാനിരിക്കുന്ന സമയത്ത് ശ്വാസമെടുക്കാൻ പോലും കഴിയാത്ത സാഹചര്യമുള്ളതായി നാട്ടുകാർ പറയുന്നു. പ്ലാന്റിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന വീടുകളുടെ സ്ഥിതി ഇതാണ്.

“എനിക്കും എന്റെ മരുമകൾക്കും ശ്വാസം മുട്ട് തുടങ്ങിയത് ഈയടുത്താണ്. എന്ത് കാര്യമുണ്ടായാലും മനുഷ്യരെ ഇങ്ങനെ ഉപദ്രവിക്കരുത്. അതൊക്കെ ദൈവത്തിന്റെ അടുത്ത് കുറ്റമുള്ള പരിപാടിയാണ്.” പ്രദേശവാസിയായ ഖദീജ പറഞ്ഞു. പ്ലാന്റിന്റെ സമീപത്ത് താമസിക്കുന്നവർക്ക് ശ്വാസം മുട്ടലും അലർജിയും സാധാരണമായി കഴിഞ്ഞിരിക്കുന്നു. പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതിന് മുമ്പ് ഇത്തരം അസുഖങ്ങളൊന്നും പ്രദേശത്ത് വ്യാപകമായിരുന്നില്ലെന്നും ചുരുങ്ങിയ കാലത്തിനിടയിലാണ് ആരോഗ്യപ്രശ്നങ്ങൾ വ്യാപിച്ചതെന്നും നാട്ടുകാർ പറയുന്നു. വായു മലിനീകരണം ആസ്ത്മ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഒരു റെൻഡറിംഗ് പ്ലാന്റിൽ മാലിന്യങ്ങൾ വേവിക്കുന്നതും ഉണക്കുന്നതുമായ പ്രക്രിയകളാണ് ദുർഗന്ധം പുറത്തേക്ക് വരുന്നതിന്റെ പ്രധാന ഉറവിടങ്ങൾ. 115 മുതൽ 145°C വരെയുള്ള ഉയർന്ന താപനിലയിൽ 40–90 മിനിറ്റ് നേരത്തേക്ക് മാലിന്യം പ്രോസസ്സ് ചെയ്യുന്നു. റെൻഡറിംഗ് പ്ലാന്റുകളിൽ നിന്ന് പുറന്തള്ളുന്ന വാതകങ്ങളിൽ അടങ്ങിയിരിക്കുന്ന അസ്ഥിര ജൈവ സംയുക്തങ്ങൾ (Volatile Organic Compounds) വളരെ ഗുരുതര സ്വഭാവമുള്ളതാണ്. അതിൽ ഓർഗാനിക് ആസിഡുകൾ, ആൽക്കഹോളുകൾ, ആൽഡിഹൈഡുകൾ, അമിനുകൾ, അലിഫാറ്റിക് ഹൈഡ്രോകാർബണുകൾ, ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ എന്നിവ ഉൾപ്പെടുന്നു. ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങളുടെ തീവ്രത കൂട്ടാൻ പ്ലാന്റ് പുറത്തുവിടുന്ന ഈ വാതകങ്ങൾക്കാകും. ഹൃദ്രോഗമുള്ളവർ, കുഞ്ഞുങ്ങൾ, പ്രായമായവർ, തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, ഗർഭിണികൾ എന്നവരെ ഇത് സാരമായി ബാധിക്കാനിടയുണ്ട്. നിലവിലുണ്ടായിരുന്ന അസുഖങ്ങളുടെ തീവ്രത വർധിപ്പിക്കാനും ഈ വാതകങ്ങൾക്കാകുമെന്ന് പഠനങ്ങൾ കണ്ടെത്തിയിരുന്നു.

മമ്പാടിലെ ദുരിത ജീവിതം

“ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഈ തോട്ടിൽ വേനലിൽ പോലും നല്ല വെള്ളമുണ്ടായിരുന്നു. കുളിർമയുള്ള വെള്ളം. ഇപ്പോ തോടിന്റെ അവസ്ഥ വളരെ മോശമാണ്.” ചാലിയാർ സംരക്ഷണ സമിതിയുടെ ചെയർമാൻ മുസ്തഫ മമ്പാട് പങ്കുവെച്ചത് ഓർമ്മകൾ മാത്രമല്ല, അമർഷവും കൂടിയായിരുന്നു. നാല് വർഷമായി മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പുലിപ്പാടത്ത് പ്രവർത്തിച്ച് വരുന്ന ബീറ്റോൺ കോഴിമാലിന്യ സംസ്കരണ സ്ഥാപനം എങ്ങനെയാണ് പരിസ്ഥിതിയെ ബാധിച്ചതെന്നും, മാനേജ്മന്റും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള അന്തർധാരയെ കുറിച്ചും മുസ്തഫ വിവരിച്ചു. മമ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട പാലക്കടവിലാണ് കോഴിമാലിന്യം സംസ്‌കരിച്ച് ജൈവവളം നിർമിക്കുന്ന ബീറ്റോൺ ഫാക്ടറി പ്രവർത്തിക്കുന്നത്. നിരവധി ആദിവാസി കുടുംബങ്ങളാണ് കമ്പനിക്ക് ചുറ്റും താമസിക്കുന്നത്. കഴിഞ്ഞ മൂന്നുകൊല്ലമായി ദുർഗന്ധം സഹിക്കുകയാണെന്നും പരാതികൾക്ക് പരിഹാരം വേണമെന്നും നാട്ടുകാർ ശക്തമായി ആവശ്യപ്പെടുന്നു.

മുസ്തഫ മമ്പാട്

“ആദ്യ കാലത്ത് റൂബി പ്ലാന്റേഷൻസ് റവന്യൂ ഭൂമിയായിരുന്നു. പിൽക്കാലത്ത് അവിടുത്തെ തദ്ദേശീയരായ ആദിവാസി ജനങ്ങളെ ആട്ടിയോടിച്ച് മാനേജ്മന്റ് ഭൂമി തട്ടിയെടുക്കുകയും ആ ഭൂമി പലതായി മറിച്ച് വിൽക്കുകയുമാണുണ്ടായത്.” മുസ്തഫ ആരോപിക്കുന്നു. ചാലിയാർ പുഴയും അതിലേക്കെത്തുന്ന നിരവധി കൈതോടുകളും പ്ലാന്റ് നിൽക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ്. പ്ലാന്റിൽ നിന്നുള്ള മലിനജലം ഈ തോടുകൾ വഴിയാണ് ചാലിയാറിലേക്കാണ് ഒഴുക്കുന്നത്. മുണ്ടയാട് തോട്ടിലേക്കാണ് കമ്പനി മാലിന്യം മുഖ്യമായും ഒഴുക്കിവിടുന്നത്. നാല് വർഷമായി പ്രവർത്തിക്കുന്ന പ്ലാന്റിന്റെ ഉൾവശം കാണാനോ പ്രവർത്തനരീതി മനസ്സിലാക്കാനോ നാട്ടുകാർക്ക് ഇതുവരെ സാധിച്ചിട്ടില്ല. അധികാരികളോട് പലതവണ ഈ ആവശ്യം ഉന്നയിച്ചതാണെങ്കിലും ഇന്നും ഈ പ്ലാന്റ് ജനങ്ങൾക്ക് അപരിചിതമാണ്.

“തൊഴിൽ വാഗ്ദാനം ചെയ്താണ് ഇവർ ജനങ്ങളെ തെറ്റിധരിപ്പിച്ചത്. പ്ലാന്റിനെതിരെ നിലവിൽ ജനകീയ സമരം നടക്കുന്നുണ്ട്. എന്നാൽ സമരത്തിൽ പങ്കെടുക്കുന്നവരെ സ്വാധീനിക്കാനുള്ള ശ്രമം മാനേജ്മെന്റ് നടത്തുന്നുണ്ട്. ഞാൻ വികസന പദ്ധതികൾക്കോ ഇത്തരത്തിലുള്ള മാലിന്യ സംസ്കരണ പ്ലാന്റുകൾക്കോ എതിരല്ല. പക്ഷേ, പരിസ്ഥിതിയെയും ജനങ്ങളെയും മോശമായി ബാധിക്കുന്ന ഇത്തരം അനീതികൾക്കെതിരെ പോരാടുക തന്നെ വേണം.” മുസ്തഫ കൂട്ടിച്ചേർത്തു.

മമ്പാട് പ്ലാന്റിനെതിരെയും ജനങ്ങളുടെ സമരം ശക്തിപ്പെടുകയാണ്. മാലിന്യ സംസ്കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി പ്രവർത്തകർ 2025 മെയ് 15ന് മലപ്പുറം മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. അന്ന് ജില്ലാ കളക്ടർ നേരിട്ട് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല.

മമ്പാട് ബീറ്റോൺ കോഴിമാലിന്യ ഫാക്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി പ്രവർത്തകർ മലപ്പുറം മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുന്നിൽ നടത്തിയ സമരം. കടപ്പാട്:thehindu

സമരങ്ങൾ വ്യാപകമാകുന്നു

കോഴി മാലിന്യ സംസ്കരണ പ്ലാന്റിന് എതിരായ സമരങ്ങളും ജനകീയ പ്രതിഷേധങ്ങളും കോഴിക്കോടോ മലപ്പുറത്തോ മാത്രമായി ഒതുങ്ങുന്നില്ല. കൊല്ലത്തെ മുളയിരാച്ചാലിലുള്ള കോഴി മാലിന്യ സംസ്കരണ പ്ലാന്റ് 2024 ഡിസംബറിൽ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി അടച്ചുപൂട്ടി. മലപ്പുറം ജില്ലയിലെ കണ്ണമംഗലം പഞ്ചായത്തിൽ കോഴി മാലിന്യ പ്ലാന്റിനെതിരെ ഇപ്പോഴും സമരം നടക്കുന്നുണ്ട്. തൃശൂർ വരവൂർ നടുവട്ടത്ത് കോഴിമാലിന്യ പ്ലാന്റിനെതിരെ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി കോട്ടക്കുന്നിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ നാട്ടുകാർ പലപ്പോഴായി സമരം നടത്തിയിട്ടുണ്ട്. കാസർകോട് അനന്തപുരം വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ ശക്തമായ സമരം നടന്നിരുന്നു. തൃശൂര്‍ പാണഞ്ചേരി നിന്നുകുഴിയിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്‍റിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായിതിനെ തുടർന്ന് പഞ്ചായത്ത് സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നൽകി. ഒറ്റപ്പാലം പനമണ്ണയിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണശാലയ്ക്കെതിരെ നാട്ടുകാര്‍ സമരത്തിലാണ്. ജനങ്ങളുടെ പ്രതിഷേധം ഇത്തരത്തിൽ കേരളത്തിലെമ്പാടും വ്യാപിക്കുകയാണ്. കേരളം പോലെ ജനസാന്ദ്രത കൂടിയ ഒരു പ്രദേശത്ത് കോഴി മാലിന്യ സംസ്കരണത്തിനായുള്ള റെൻഡറിംഗ് യൂണിറ്റുകൾ ശാസ്ത്രീയവും കാര്യക്ഷമവുമായി പ്രവർത്തിപ്പിക്കേണ്ടുന്നതിന്റെ അടിയന്തിര ആവശ്യമാണ് ഈ പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നത്.

കോഴിമാലിന്യ പ്ലാന്റിനെതിരെ കണ്ണമംഗലം പഞ്ചായത്തിൽ നടന്ന സമരം.

തുടക്കത്തിൽ സ്ഥാപിതമായ ഏകദേശം 40 കോഴിമാലിന്യ സംസ്കരണ പ്ലാന്റുകളിൽ 14 എണ്ണം മാത്രമാണ് ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നത് എന്നാണ് 2025 ജൂൺ 17ലെ ദി ഹിന്ദു ദിനപത്രത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിലേറെയും പൂട്ടിപ്പോയത് ജനങ്ങളുടെ പ്രതിഷേധം കാരണമാണ്. മലയാളികളുടെ ഭക്ഷണ മെനുവിൽ ചിക്കൻ വിഭവങ്ങൾ പലരൂപത്തിലും ഭാവത്തിലും ഉൾപ്പെടുന്ന ഒരു കാലമാണിത്. അതുകൊണ്ടുതന്നെ ചിക്കൻ വെയ്സ്റ്റ് എന്നത് ഇനിയും കൂടിവരുകയേയുള്ളൂ. നിലവിലുള്ള സംസ്കരണ സംവിധാനത്തിന്റെ അപാകതകൾ പരിഹരിച്ച് സർക്കാർ മുന്നോട്ട് നീങ്ങിയില്ലെങ്കിൽ കേരളത്തിന്റെ പരിസ്ഥിതിയേയും ആരോഗ്യത്തേയും സ്വൈര്യജീവിതത്തേയും പിടിച്ചുലയ്ക്കുന്ന ഒരു വലിയ സാമൂഹ്യ പ്രശ്നമായി കോഴി മാലിന്യങ്ങൾ വൈകാതെ മാറും.

Also Read

10 minutes read December 18, 2025 1:07 pm