കളങ്കിതരായ സഭാ നേതൃത്വം അധികാരത്തോട് സന്ധിയാകുമ്പോൾ

കുറച്ച് നാളുകളായി കേരളത്തിലെ സഭാ നേതൃത്വം സംഘപരിവാറിനോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ്പ് ജോസഫ് പാംപ്ലാനി, ഗീവർഗീസ് മാർ യൂലിയോസ്‌ എന്നിവർ തുടർച്ചയായി സംഘപരിവാർ അനുകൂല പരാമർശങ്ങൾ നടത്തുകയും ബി.ജെ.പി നേതൃത്വവുമായി നിരന്തരം ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ക്രിസ്ത്യാനികളും മതന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുമ്പോൾ എന്തുകൊണ്ടാണ് കേരളത്തിലെ സഭാ നേതൃത്വം ഇത്തരത്തിലൊരു നിലപാടെടുക്കുന്നത്? സഭാ നേതൃത്വം ഉൾപ്പെട്ട കേസുകൾ ബിഷപ്പുമാരെ സമ്മർദ്ദത്തിലാക്കുന്നുണ്ടോ? ലവ് ജിഹാദ് പോലെയുള്ള സംഘപരിവാർ അജണ്ടകൾ സഭ ഏറ്റെടുക്കുന്നതിന് പിന്നിലുള്ള കാരണമെന്താണ്? കാസ പോലുള്ള സംഘടനകളുടെ വിദ്വേഷ പ്രചാരണങ്ങൾ ക്രിസ്തീയ ദർശനങ്ങൾക്ക് വിരുദ്ധമാകുന്നതെങ്ങനെ? ദൈവശാസ്‌ത്രം, ബൈബിൾ വിജ്ഞാനീയം, സഭാ വിജ്ഞാനം എന്നിവയിൽ ​പഠനം നടത്തുകയും, ബാം​ഗ്ലൂരിലെ നാഷണൽ ബിബ്ലിക്കൽ കാറ്റിക്കിഷ്യൽ ആൻഡ് ലിറ്റർജിക്കൽ സെന്ററിൽ റിസോഴ്സ് പേഴ്സണായി പ്രവർത്തിക്കുകയും ചെയ്യുന്ന ബിജു തോമസ് സംസാരിക്കുന്നു. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി നടത്തിയ ചർച്ചയുടെ കൂടി പശ്ചാത്തലത്തിൽ നടത്തിയ അഭിമുഖ സംഭാഷണം.

2014 ൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചിട്ടുണ്ടല്ലോ. ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ സുപ്രീംകോടതിയിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പരാതി നൽകിയിരുന്നു. അതുപോലെ തന്നെ വിവിധ ക്രിസ്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ ജന്ദർ മന്ദിറിൽ പ്രതിഷേധവും നടന്നിരുന്നു. എന്താണ് ഇന്ത്യയിൽ നിലവിൽ ക്രിസ്ത്യാനികളുടെ അവസ്ഥ? എൻ.ഡി.എ സർക്കാരിന് കീഴിൽ അവർ സുരക്ഷിതരാണോ?

ഈ കുറച്ചു നാളുകളായി വിശ്വാസത്തിന്റെ പേരിൽ ധാരാളം പീഡനങ്ങളും പ്രയാസങ്ങളും ക്രൈസ്തവ വിശ്വാസികൾ നേരിടുന്നുണ്ട്. ഉത്തരേന്ത്യയിലും, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും നമ്മുടെ അടുത്തുള്ള കർണാടകയിൽ പോലും ക്രിസ്ത്യാനികൾക്കെതിരെ അക്രമം നടക്കുന്നുണ്ട്. അതിനാലാണ് കർണാടകയിലെ ആർച്ച് ബിഷപ്പിന് സുപ്രീംകോടതിയിൽ പോകേണ്ടിവന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഘപരിവാർ അജണ്ടയുടെ ഭാഗമായി തന്നെ സംഘടിതമായി ക്രിസ്ത്യാനികൾ ആക്രമിക്കപെടുന്നുണ്ട്. യഥാർത്ഥത്തിൽ ഹിന്ദുയിസത്തിന്റെ മുഖമുദ്ര എന്ന് പറയുന്നത് സഹിഷ്ണുതയാണ്. എല്ലാത്തിനെയും ഉൾകൊള്ളുന്നതും സ്വീകരിക്കുന്നതുമായ വിശാലമായ കാഴ്ചപ്പാടാണ് ഹിന്ദുയിസം. പക്ഷെ ഇപ്പോൾ സംഘപരിവാർ അതിനെ വളച്ചൊടിച്ച് മൗലികവാദത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഒരു ഇരട്ട മുഖമാണ് അവർ ഇപ്പോൾ കാണിക്കുന്നത്. ലോകത്തിന് മുന്നിൽ ഹിന്ദുത്വത്തെ അവതരിപ്പിക്കുമ്പോൾ സഹിഷ്ണുതയുടെ മുഖം അവതരിപ്പിക്കുകയും, ഇന്ത്യക്കുള്ളിൽ മൗലികവാദ അജണ്ട നടപ്പിലാക്കുകയുമാണ് സംഘപരിവാർ ചെയ്യുന്നത്. ലോകമനഃസാക്ഷിയുടെ മുന്നിൽ ഹിന്ദുരാഷ്ട്രം എന്നത് വിശാലാരാഷ്ടമാണെന്ന് തോന്നലുണ്ടാക്കുകയും, അതേസമയം ഇന്ത്യയിൽ വോട്ടിനുവേണ്ടി ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയുമാണ്. ഹിന്ദു എന്ന വികാരത്തെ ഉണർത്തി മറ്റു മതവിഭാഗങ്ങൾക്ക് എതിരാക്കുകയാണ് സംഘപരിവാർ ചെയ്തുകൊണ്ടിരിക്കുന്നത്.

ബാംഗ്ലൂർ ആർച്ചു ബിഷപ്പ് പീറ്റർ മച്ചാഡോ

രാജ്യവ്യാപകമായി ഇത്തരം പ്രശ്‍നങ്ങൾ നിലനിൽക്കുമ്പോഴും ബി.ജെ.പി യോട് അയിത്തമില്ല എന്ന നിലപാടാണ് കേരളത്തിലെ സഭാ നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. റബറിന് വില കൂട്ടി നൽകിയാൽ ബി.ജെ.പിക്ക് എം.പി യെ നൽകാമെന്നുള്ള ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെയും, മോദിക്ക് കീഴിൽ ക്രൈസ്തവർ സുരക്ഷിതരാണെന്ന ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടെ പ്രസ്താവനയെയും എങ്ങനെ നിരീക്ഷിക്കുന്നു?

ക്രൈസ്തവ മേലധ്യക്ഷന്മാരുടെ ധർമം ക്രിസ്തുവിന്റെ നിലപാടുകൾ ഉയർത്തിപ്പിടിക്കുക എന്നതാണ്. അതിന് കടകവിരുദ്ധമായാണ് ഇപ്പോഴത്തെ ഇവരുടെ നിലപാടുകൾ. അതായത് റബറിന്റെ വില 300 രൂപ ആക്കിയാൽ നിങ്ങൾക്കൊരു എം.പി യെ തരാമെന്ന് പറയുന്നു, എന്തൊരു വൈരുധ്യമാണത്‌. സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ ഒരു വലിയ വിഭാഗം റബർ കർഷകർ ആയതുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ ഒരു നിലപാടെടുക്കുന്നത്. ഒരു ക്രൈസ്തവ മേലധ്യക്ഷൻ അങ്ങനെ പറയാമോ എന്നത് ഒരു ചോദ്യമാണ്. ഇവിടുത്തെ ജനങ്ങൾക്ക് നീറുന്ന നൂറു, നൂറു പ്രശനങ്ങളുണ്ട്. ഈ പ്രശനങ്ങളെയെല്ലാം ഉൾക്കൊള്ളുന്ന ഒരു വിശാലതയാണ് ഒരു മെത്രാനുണ്ടാകേണ്ടത്. അദ്ദേഹം ഒരു സമുദായത്തിന്റെ മാത്രം നേതാവായി അധഃപതിക്കാൻ പാടില്ലാത്തതാണ്. മാത്രമല്ല, ഇവിടെ റബർ കർഷകർ മാത്രമല്ലലോ ഉള്ളത്. നെല്ല് കൃഷി ചെയ്യുന്നവരുണ്ട്, വാഴ കൃഷി ചെയ്യുന്നവരുണ്ട്, മത്സ്യത്തൊഴിലാളികളുണ്ട്. ക്രിസ്ത്യാനികൾക്കിടയിൽ തന്നെ വിവിധങ്ങളായ കൃഷികളും ജോലികളും ചെയ്യുന്നവരുണ്ട്. ഇപ്പോൾ ഇവിടെ ഒരു വിഭജനം നടന്നുകൊണ്ടിരിക്കുകയാണ്. റബർ കർഷകരുടെ കാര്യം സുറിയാനി ക്രിസ്ത്യാനികൾ പറയും, മത്സ്യത്തൊഴിലാളികളുടെ കാര്യം ലത്തീൻ സഭ പറയും എന്ന വിധത്തിൽ. രാഷ്ട്രീയം മതപരമായി വിഭജിക്കപ്പെട്ടതിന് കൂട്ട് നിൽക്കുകയാണ് ഇവിടുത്തെ മത നേതൃത്വം. കുറേക്കൂടി വിശാലമായി മനുഷ്യനെ അവതരിപ്പിക്കേണ്ടതാണ് മതത്തിന്റെ ചുമതല. മനുഷ്യരെല്ലാം ഒരേ ദൈവത്തിന്റെ മക്കളാണെന്ന ബോധം കൊടുക്കേണ്ട മത മേലധ്യക്ഷന്മാർ സങ്കുചിതമായി ചിന്തിച്ചുകൊണ്ട് റബർ കർഷകന്റെ കാര്യം മാത്രം പറയുക എന്നത് വളരെ ദയനീയമായ ഒരു അവസ്ഥയാണ്. അവരുടെ തന്നെ മൂല്യം നഷ്ടപ്പെടുത്തുകയാണ് അവർ ചെയ്യുന്നത്. ഇതിനു കാരണം അവരുടെ സുരക്ഷിത ബോധമാണ്. ക്രിസ്തീയ വിശ്വാസത്തിന്റെ പേരിൽ ഒരു ബിഷപ്പും ഇവിടെ പീഡിപ്പിക്കപ്പെട്ടിട്ടില്ല. പീഡിപ്പിക്കപ്പെടുന്നത് സാധാരണ മനുഷ്യരും, സ്റ്റാൻ സ്വാമിയെപ്പോലെ പ്രവാചക ദൗത്യം ഏറ്റെടുത്തിട്ടുള്ള പുരോഹിതന്മാരുമാണ്. സ്റ്റാൻ സ്വാമി ഇവിടെ പീഡിപ്പിക്കപ്പെട്ടു. എന്തിനു വേണ്ടിയാണ് സ്റ്റാൻ സ്വാമി പീഡിപ്പിക്കപ്പെട്ടത്? അദ്ദേഹം ഒരു തീവ്രവാദി ആയിരുന്നോ? അല്ല. അദ്ദേഹം ആദിവാസികൾക്കുവേണ്ടി ജാതി-മത പരിഗണനകൾക്ക് അപ്പുറത്ത് നിലപാടെടുത്തു. അതിന്റെ പേരിൽ അദ്ദേഹത്തെ മാവോയിസ്റ്റ് എന്ന് വിളിച്ചു ക്രൂശിക്കുകയായിരുന്നു. അപ്പോൾ സഭ എന്ത് ചെയ്തു എന്ന് കൂടി നാം പരിശോധിക്കണം. കുറച്ചു മെയിലുകൾ അയക്കുക എന്നല്ലാതെ ഈ മെത്രാന്മാർ ഒന്നും ചെയ്യ്തില്ല. അദ്ദേഹം ക്രിസ്തുവിനെപ്പോലെ രക്തസാക്ഷിത്വം വഹിക്കുകയാണ് ചെയ്തത്. ആധുനികലോകത്ത് വിശുദ്ധനായി മരണം വരിച്ച സ്റ്റാൻ സ്വാമി നമ്മുടെ മുന്നിലുള്ളപ്പോഴാണ്‌, റബറിന് മുന്നൂറു രൂപ കൂട്ടിയാൽ ഞങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്ന് ഇവിടുത്തെ സഭാ പിതാക്കന്മാർ പറയുന്നത്. അതുപോലെ തന്നെ മദർ തെരേസക്ക് നൽകിയ ഭാരതരത്ന തിരിച്ചെടുക്കണമെന്ന് പറയുന്നവരുടെ അജണ്ടക്ക് കൂട്ട് നില്ക്കാൻ എങ്ങനെയാണ് ക്രൈസ്തവ മേലധ്യക്ഷമാർക്ക് കഴിയുന്നത്? അത് നിലനില്പിന്റെ രാഷ്ട്രീയമാണ്.

2021ൽ ദില്ലിയിലെ ദ്വാരകയിൽ ബജറം​ഗദൾ, ആർ.എസ്.എസ് പ്രവർത്തകർ തകർത്ത പള്ളി.

ക്രിസ്ത്യാനികൾ സുരക്ഷിതരാണെന്നാണ് ആലഞ്ചേരിയുടെ വാദം. ഒരു വാദത്തിന് വേണ്ടി ഇത് ശരി വച്ചാലും ക്രിസ്ത്യാനികളുടെ അവസ്ഥ മാത്രമാണോ പുരോഹിതർ പരിഗണിക്കേണ്ടത്? ഇന്ത്യയിലെ മറ്റു മത ന്യൂനപക്ഷങ്ങളും, ദലിത്-ആദിവാസി വിഭാഗങ്ങളും പീഡനം അനുഭവിക്കുന്നുണ്ടെങ്കിൽ ക്രിസ്തീയ ദർശനമനുസരിച്ച് അവർക്കൊപ്പം നിൽക്കേണ്ട ബാധ്യതയില്ലേ?

ക്രൈസ്തവ ന്യൂനപക്ഷം തന്നെ സുരക്ഷിതരാണെന്ന് പറയുന്നത് ഒരു വിരോധാഭാസമാണ്. ഒരു ക്രൈസ്തവ മേലധ്യക്ഷൻ ഒരു ക്രിസ്തുശിഷ്യനാണെങ്കിൽ അയാൾ സങ്കുചിതമായി ചിന്തിക്കേണ്ട ആളല്ല. അദ്ദേഹം വിശാലമായി ചിന്തിക്കേണ്ട ആളാണ്. ആരൊക്കെ പുറത്താക്കപെടുന്നോ, ആർക്കൊക്കെ നീതി നിഷേധിക്കപെടുന്നുണ്ടോ, ആരൊക്കെ അന്യവൽക്കരിക്കപ്പെടുന്നുണ്ടോ അവർക്കു വേണ്ടി നിൽക്കേണ്ടവരാണ് ക്രൈസ്തവർ. ഉദാഹരണത്തിന് മാർപ്പാപ്പ, അദ്ദേഹം മുസ്ലിം അഭയാർത്ഥികൾക്ക് വേണ്ടി സംസാരിക്കുന്നു. മാർപ്പാപ്പ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളോട് ആഹ്വാനം ചെയ്തത് പലായനം ചെയ്തു വരുന്ന മുസ്ലിം സമൂഹത്തെ സ്വീകരിക്കുവാനാണ്. മാനവികതയുടെ പക്ഷം ചേർന്നുകൊണ്ടാണ് മാർപ്പാപ്പ അത്തരത്തിൽ നിലപാടെടുക്കുന്നത്. ആ മാർപ്പാപ്പയുടെ പിൻഗാമികൾ ആകേണ്ടവരാണ് ഇവിടെ സങ്കുചിത നിലപാടെടുക്കുന്നത്. ക്രിസ്ത്യാനികൾ സുരക്ഷിതരാണ്, അതുകൊണ്ടെല്ലാമായി എന്നാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ ചിന്തിക്കുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്ത്യാനികൾ സുരക്ഷിതരായിരിക്കാം. എന്നാൽ മറ്റിടങ്ങളിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നത് മറച്ചുവെച്ച് ഇവിടുത്തെ ക്രിസ്ത്യാനികളുടെ കണ്ണിൽ പൊടിയിടുന്നത് ശരിയല്ല. ആരെല്ലാം മതത്തിന്റെ പേരിലോ, ജാതിയുടെ പേരിലോ, ലിംഗത്തിന്റെ പേരിലോ മാറ്റി നിർത്തപ്പെടുന്നുവോ അവർക്കു വേണ്ടി ശബ്ദിക്കേണ്ടവരാണ് ക്രൈസ്തവ മേലധ്യക്ഷന്മാർ. അത് മറന്നുകൊണ്ട് സങ്കുചിത നിലപാടെടുക്കുന്നത് നിലനിൽപ്പിന്റെ പ്രശ്നമാണ്.

2023ൽ ദില്ലിയിലെ ജന്തർ മന്ദിറിൽ വിവിധ ക്രിസ്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ സംഘപരിവാർ അക്രമങ്ങൾക്കെതിരെ നടന്ന പ്രതിഷേധം

വാസ്തവത്തിൽ ബി.ജെ.പിയോട് സഭാ നേതൃത്വം കാണിക്കുന്ന താല്പര്യത്തിന് പിന്നിലുള്ള വസ്തുതാപരമായ ഘടകങ്ങൾ എന്താണ്? ഇപ്പോൾ നടക്കുന്നത് നിലനില്പിന്റെ പ്രശ്നമാണ് എന്ന് പറയുമ്പോൾ എന്ത് സാഹചര്യമാണ് സഭയുടെ നിലനില്പിനെ ബാധിക്കുന്ന തരത്തിലുള്ളത്. കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെട്ട ഭൂമി വിവാദം ഇതിനൊരു കാരണമാണോ?

പല മതമേലധ്യക്ഷന്മാരും സംശയത്തിന്റെ നിഴലിലാണ് എന്നതാണ് ഒരു കാരണം. മുൻപുണ്ടായിരുന്ന സഭാ മേലധ്യക്ഷന്മാരുടെ വിശ്വാസ്യത ഇന്നുള്ളവർക്കില്ല. ഞങ്ങളുടെ രൂപതയുടെ കാര്യം പറഞ്ഞാൽ, വർക്കി വിതയത്തിൽ പിതാവിനോ, ജോസഫ് പാറേക്കാട്ടിൽ പിതാവിനോ ഉള്ള വിശ്വാസ്യത ഇന്നുള്ളവർക്കില്ല. അതിനു കാരണം ഇന്നത്തെ പിതാക്കന്മാർ തന്നെ വരുത്തിവച്ച ചില വിപത്തുകളാണ്. പലരും കേസുകളിൽ അകപ്പെട്ടിരിക്കുന്നു. കോടതിയിൽ നിന്നും എതിരെയുള്ള വിധികൾ വന്നിരിക്കുന്നു. പലരും അവരുടെ ആത്മീയമായ അധികാരത്തിന് അപ്പുറത്ത് ഭൗതികമായ അധികാരം ഉപയോഗിച്ച് ചില പ്രശനങ്ങളിൽ ചെന്നുപെട്ടിട്ടുണ്ട്. ഇപ്പോൾ തന്നെ കേന്ദ്ര സർക്കാരിനെതിരെ സംസാരിക്കുന്നവരെ അവർ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലൂടെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിച്ച കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. കേന്ദ്ര സർക്കാരിന്റെ കൈയിലുള്ള ആയുധമാണ് ഇ.ഡി അല്ലെങ്കിൽ സി.ബി.ഐ. കത്തോലിക്ക സഭകളിൽ, സഭയുടെ സ്വത്തിന്റെ സംരക്ഷണം ബിഷപ്പുമാരുടെ ചുമതലയാണ്. ഈ സ്വത്തുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉണ്ടായ ചില നിയമപരമല്ലാത്ത നീക്കങ്ങൾ ഉപയോഗിച്ചാണ് ബി.ജെ.പി മുതലെടുക്കുന്നത്. ഈ കേസുകൾ വച്ച് സഭയെ വരുതിയിലാക്കാൻ സാധിക്കുമോ എന്നതാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഈ സമ്മർദത്തിന് കീഴടങ്ങുന്ന വിധത്തിൽ നമ്മുടെ മത മേലധ്യക്ഷന്മാർ മാറിയത് അവരുടെ ഭാഗത്ത് പ്രശനങ്ങൾ ഉള്ളതുകൊണ്ടാണ്. സത്യസന്ധമായാണ് ഇവർ പ്രവർത്തിച്ചിരുന്നതെങ്കിൽ ആരെയും ഭയപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. ഇവർ ഭയപ്പെടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. അധികാരത്തെ ഭയപ്പെടുകയും, അധികാരികളെ പ്രീണിപ്പിക്കുകയും ചെയ്യേണ്ട അവസ്ഥ ഇവിടുത്തെ സഭ നേതൃത്വത്തിനുണ്ട്. ആ സാഹചര്യമാണ് അധികാര കേന്ദ്രങ്ങൾ മുതലെടുക്കുന്നത്.

എന്താണ് ആലഞ്ചേരിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിന്റെ വിശദാംശങ്ങൾ ? ആലഞ്ചേരിക്ക് ഇതിൽ എന്ത് പങ്കാണുള്ളത്?

ആലഞ്ചേരി പിതാവിനെതിരെ നിലവിൽ 16 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ കേസിൽ തനിക്ക് ഉത്തരവാദിത്വമില്ല എന്ന് പറഞ്ഞ് അദ്ദേഹം പല കോടതികളെയും സമീപിച്ചു. സെഷൻസ് കോടതി മുതൽ സുപ്രീംകോടതി വരെ അദ്ദേഹം പോയി. ഞാൻ മനസിലാകുന്നത് സുപ്രീംകോടതിയിൽ ഒരു സിറ്റിങ്ങിന് പത്തു മുതൽ പതിനഞ്ചു ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരെ വച്ചാണ് കേസ് വാദിച്ചത്. കോടിക്കണക്കിന് രൂപ സഭ ഇതിന് വേണ്ടി ചിലവഴിച്ചിട്ടുണ്ട്. ഇത് ആരുടെ പൈസയാണ്? ഇത് സാധാരണ വിശ്വാസികൾ കൊടുക്കുന്ന പൈസയാണ്. ഇതിനെയും നമ്മൾ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇത്രയും തുക ചെലവഴിച്ചിട്ടും സുപ്രീംകോടതി അദ്ദേഹം വിചാരണ നേരിടണം എന്നാണ് പറഞ്ഞത്. ഇവിടെ ഒരു പ്രശനമുണ്ട്. രാഷ്ട്രീയക്കാർ പോലും കോടതികളിൽ നിന്നും പ്രതികൂലമായ പരാമർശമുണ്ടായാൽ രാജി വയ്ക്കുന്ന കീഴ്‌വഴക്കം ഇവിടെയുണ്ട്. കെ.എം മാണി, സജി ചെറിയാൻ എന്നിവരൊക്കെ ഇതിനു ഉദാഹരണങ്ങളാണ്. എന്നാൽ ഇവിടെ കോടതി അദ്ദേഹം വിചാരണ നേരിടണം എന്ന് പറഞ്ഞിട്ടും, കോടതിയിൽ നിന്നും ജാമ്യം എടുത്ത് മേജർ ആർച്ച് ബിഷപ്പ് ആയി തുടരുക എന്നത് ധാർമികമായി തെറ്റായ കാര്യമാണ്. രാഷ്ട്രീയക്കാർക്കുണ്ടാകേണ്ട ധാർമ്മികബോധം പോലും മത മേലധ്യക്ഷന്മാർക്ക് ഇല്ലാതായിരിക്കുന്നു. അദ്ദേഹം തീർച്ചയായും രാജി വച്ചിട്ടായിരുന്നു അന്വേഷണത്തെ നേരിടേണ്ടത്. അപ്പോൾ സാമാന്യ ബോധമുള്ളവർക്ക് ഇതിനെയും ബി.ജെ.പി ബാന്ധവത്തെയും കൂട്ടി വായിക്കാതെ തരമില്ല. ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, FCRA -യുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതെല്ലം ജോർജ് ആലഞ്ചേരിക്ക് മുന്നിൽ നിൽക്കുകയാണ്. മദ്യനയത്തിന്റെ കാര്യത്തിൽ ദില്ലി ഉപമുഖ്യമന്ത്രിയെ അഴിക്കുള്ളിലാക്കാൻ ശേഷിയുള്ള ഭരണകൂടമാണ് കേന്ദ്രത്തിലുള്ളത്. അതിനാൽ ആ അധികാരത്തെ ഇവർ ഭയപ്പെടുന്നുണ്ട്. വാസ്തവത്തിൽ കേരളത്തിൽ ഒരു സീറ്റെങ്കിലും പിടിക്കാനുള്ള ബി.ജെ.പി യുടെ കെണിയിൽപെട്ടിരിക്കുകയാണ് ഇവർ. ഈ കെണിയിൽ വീഴാൻ മാത്രം കളങ്കിതരാണ് നമ്മുടെ മത മേലധ്യക്ഷന്മാർ. അതിനു കാരണം ഭൂമി ഇടപാടിൽ കമ്മീഷൻ റിപോർട്ടുകൾ ആലഞ്ചേരിക്കെതിരാണ് എന്നതാണ്. ഭൂമി ഇടപാടിന്റെ കാര്യത്തിൽ സഭ തന്നെ മൂന്നു കമ്മീഷനുകളെ വച്ചിട്ടുണ്ട്. ഒന്നാമത്തേത് ബെന്നി മാരാംപറമ്പിൽ കമ്മീഷൻ, രണ്ടാമതായി ഇഞ്ചോടി കമ്മീഷൻ, മൂന്നാമതായി വത്തിക്കാൻ തന്നെ KPMG എന്ന കമ്പനിയെയും ഭൂമി ഇടപാട് പഠിക്കാൻ നിയോഗിച്ചു. ഈ മൂന്ന് കമ്മീഷൻ റിപ്പോർട്ടുകളും കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരാണ്. ഈ മൂന്നു റിപ്പോർട്ടുകളും ഗുരുതരമായി ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായി എന്ന് തെളിയിക്കുന്നതാണ്. സഭയിപ്പോൾ ഉടനെ തന്നെ കുർബാന വിവാദം കൊണ്ടുവന്നത് ഇത് മറയ്ക്കാനാണ്. നമ്മുടെ നിയമവ്യവസ്ഥ അനുസരിച്ചും പ്രഥമ ദൃഷ്ട്യാ ഈ കേസിൽ മെറിറ്റുള്ളതുകൊണ്ടാണ് സുപ്രീംകോടതി ഉൾപ്പെടെ അദ്ദേഹത്തോട് വിചാരണ നേരിടാൻ പറഞ്ഞിരിക്കുന്നത്. ഒരാളോട് വിചാരണ നേരിടാൻ പറഞ്ഞാൽ പ്രഥമദൃഷ്ട്യാ ആ കേസിൽ മെറിറ്റുണ്ട് എന്നത് തന്നെയാണ് സത്യം.

ഈസ്റ്റർ ദിനത്തിൽ ദില്ലിയിലെ തിരുഹൃദയ കത്തീഡ്രൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

സഭ കുറച്ചുകാലമായി ഉയർത്തുന്ന ആരോപണമാണല്ലോ ലവ് ജിഹാദ്. കൃത്യമായ മുസ്ലിം വിദ്വേഷം സമൂഹത്തിൽ നിർമിച്ചെടുക്കാൻ ഈ ആരോപണത്തിന് സാധിച്ചിട്ടുണ്ട്. സഭയുടെ നിലപാടും ഈ ആരോപണത്തെ ഊട്ടി ഉറപ്പിക്കുന്നതാണ്. എന്താണ് കേരളത്തിന്റെ സാഹചര്യത്തിൽ ഇതിന് പിന്നിലെ വസ്തുതകളും താല്പര്യങ്ങളും?

ഇതൊരു കൃത്യമായ അജണ്ടയുടെ ഭാഗമായ ആരോപണമാണ്. സംഘപരിവാർ ഉത്തരേന്ത്യയിൽ പരീക്ഷിച്ചു വിജയിച്ച ഒരു അജണ്ടയാണിത്. ഞാൻ പറയുന്നത് ഏത് തീവ്രവാദം ആയാലും എതിർക്കപ്പെടേണ്ടതാണെന്നാണ്. ക്രിസ്ത്യൻ തീവ്രവാദം ആയാലും, മുസ്ലിം തീവ്രവാദം ആയാലും, ഹിന്ദു തീവ്രാവാദം ആയാലും ശക്തമായി എതിർക്കപ്പെടേണ്ടതാണ്. കേരളത്തിൽ കാലങ്ങളായി ഒരു മത സൗഹാർദം നിലനിൽക്കുന്നുണ്ട്. മുസ്ലിങ്ങളും, ക്രിസ്ത്യാനികളും തമ്മിൽ യാതൊരു പ്രശനവുമില്ലാത്ത ഒരു അന്തരീക്ഷം ഇവിടെ നിലനിന്നിരുന്നു. ഈ സൗഹാർദ്ദത്തിന് ബോധപൂർവം വിള്ളലുണ്ടാക്കാനുള്ള പരിശ്രമം ഇവിടെ നടക്കുന്നുണ്ട്. സ്ത്രീകളും, പുരുഷന്മാരും ബോധപൂർവം മതത്തിന്റെ പേരിൽ ‘ലവ് ജിഹാദ്’ നടത്തുന്നതായി എന്റെ അറിവിലില്ല. കേരളത്തിലെ കണക്കുകൾ എടുത്തു നോക്കിയാൽ കേരളത്തിൽ കൂടുതൽ മിശ്രവിവാഹം നടന്നിട്ടുള്ളത് ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലാണ്. ആ കണക്കിനെ മറച്ചു വച്ച് ഏതെങ്കിലും ഒരു മുസ്ലിം പുരുഷനോ സ്ത്രീയോ ക്രിസ്ത്യൻ കുട്ടികളെ കല്യാണം കഴിക്കുന്നതിനെ ‘ലവ് ജിഹാദ്’ ആക്കുന്നത് ഒരു അജണ്ടയാണ്. ഇത് ബോധപൂർവം ഇസ്ലാമോഫോബിയ വളർത്തുക എന്ന അജണ്ടയുടെ ഭാഗമാണ്.

ഇത്തരത്തിൽ ഒരു അജണ്ട ഉണ്ടാകുന്നതിന്റെ കാരണമെന്താണ്?

സകലതിനെയും ദൈവമായി കണക്കാക്കുന്ന വിശാല കാഴ്ചപ്പാട് ഇവിടുത്തെ ഹിന്ദുക്കൾക്കുണ്ട്. ഹിന്ദുക്കളെല്ലാം വർഗീയവാദികൾ ആയിരുന്നെങ്കിൽ ബി.ജെ.പിക്ക് ക്രിസ്ത്യാനികളെ പിടിക്കേണ്ട ആവശ്യം വരില്ലായിരുന്നു. ഇവിടുത്തെ ഹിന്ദുക്കൾ എതിർക്കുന്നതുകൊണ്ടാണ് ബി.ജെ.പിക്ക് ഇവിടെ ഭരണം ലഭിക്കാത്തത്. സംഘപരിവാറിൻരെ ഹിന്ദുത്വവാദത്തിനെതിരെ പോരാടി മരിച്ചവരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ഗൗരി ലങ്കേഷ്, കൽബുർഗി, ഗോവിന്ദ് പൻസാരെ ഇവരെല്ലാവരും ഹിന്ദുക്കളാണ്. ഗാന്ധിജി ഉൾപ്പെടെയുള്ളവർ ഹിന്ദുത്വ വാദത്തിനെതിരെ പോരാടി മരിച്ചതാണ്. അതിനാൽ ബി.ജെ.പി യുടെ മതമൗലികവാദം യഥാർത്ഥ ഹിന്ദുക്കളുടെ ഇടയിൽ വിലപോകില്ല എന്നവർക്കറിയാം. അപ്പോൾ ഏതെങ്കിലും വിധത്തിൽ മത ന്യൂനപക്ഷങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചിട്ട് ഒരു വിഭാഗത്തെ കൂടെ നിർത്തി അധികാരത്തിൽ വരുക എന്നതാണ് ബി.ജെ.പി യുടെ ലക്ഷ്യം. അതിനാലാണ് അവർ ലവ് ജിഹാദ് പോലുള്ള അജണ്ടകൾ സമൂഹത്തിലേക്ക് കുത്തിവയ്ക്കുന്നത്.

കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ) പോലുള്ള സംഘടനകളുടെ പ്രവർത്തനം വിദ്വേഷം പരത്തുന്നതിന് കാരണമാകുന്നുണ്ടല്ലോ?

തീർച്ചയായും. കാസ (CASA) യെ ഒരു ക്രിസ്തീയ സംഘടന ആയി ഞാൻ കാണുന്നില്ല. അതൊരു തീവ്രവാദ സംഘടനയാണ്. കാസ മതപരമായ ധ്രുവീകരണം ഉണ്ടാക്കുകയും തീവ്രവാദം വളർത്തുകയുമാണ് ചെയ്യുന്നത്. ക്രിസ്ത്യാനികൾക്കിടയിൽ ഒരു മതത്തോട് മാത്രം വിരോധം സൃഷ്ടിക്കുകയാണ് കാസ ചെയ്യുന്നത്. എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്നതാണ് ക്രൈസ്തവ ദർശനം. പ്രത്യേകിച്ചും രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം എല്ലാ മതങ്ങളിലും സത്യവും വിശുദ്ധവുമായതുണ്ടെന്നും ആ മതങ്ങളെയെല്ലാം ആദരിക്കണമെന്നുമാണ് സഭ പഠിപ്പിക്കുന്നത്. ആ വീക്ഷണമാണ് ഫ്രാൻസിസ് മാർപാപ്പ പറയുന്നത്. നമ്മൾ ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്ന സഹതീർത്ഥാടകരാണെന്നാണ് സഭ പഠിപ്പിക്കുന്നത്. ശത്രുത മനോഭാവത്തോടു കൂടിയല്ല നമ്മളൊരു മതത്തെയും കാണേണ്ടത്. സഹതീർത്ഥാടകർ എന്ന നിലയിൽ മറ്റു മതക്കാരോട് സഹവർത്തിത്വം പുലർത്തേണ്ടതുണ്ട്. എന്നാൽ കാസ ഉയർത്തുന്ന കാഴ്ചപ്പാട് അതല്ല. കാസ ഒരു മതത്തോട് വിരോധം ജനിപ്പിക്കുകയും, ആ വിരോധം വച്ചുകൊണ്ട് തങ്ങളുടെ മതത്തിന്റെ സങ്കുചിതത്വത്തെ, മൗലികവാദത്തെ വളർത്താൻ ശ്രമിക്കുകയാണ്. അതിനെയാണ് തീവ്രവാദം എന്ന് വിളിക്കേണ്ടത്.

ഈസ്റ്റർ ദിനത്തിൽ ബിഷപ്‌ റെമിജിയോസ് ഇഞ്ചനാനിയിലിനെ സന്ദർശിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

കേരളത്തിലെ ക്രൈസ്തവർക്കിടയിൽ നിലവിൽ ഒരു അരക്ഷിതബോധം നിലനിൽക്കുന്നുണ്ടോ? ഉണ്ടെകിൽ അതിന് പിന്നിലുള്ള കാരണങ്ങളെന്താണ്?

മറ്റ് സമുദായങ്ങളെല്ലാം ഇവിടെ ഏറ്റവും സുരക്ഷിതരായിരിക്കുന്നത് ക്രൈസ്തവർ ആണെന്നാണ് പറയുന്നത്. ഈ ഭയം ഉണ്ടാക്കലും ഒരു അജണ്ടയുടെ ഭാഗമാണ്. നമ്മളെ കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് കൂടി അറിയണം. ഇന്നും കേരളത്തിൽ വിദ്യാഭ്യാസപരമായും, സാംസ്കാരികപരമായും, സാമ്പത്തികമായുമെല്ലാം ഒരു സുരക്ഷിത സമുദായം എന്ന് പറയുന്നത് ക്രിസ്ത്യൻ സമുദായമാണ്. ഏതെങ്കിലും ഒരു സമുദായത്തിനെതിരെ വിരോധമുണ്ടാക്കി ക്രിസ്ത്യാനികൾക്കിടയിൽ അരക്ഷിത ബോധം സൃഷ്ടിക്കുന്നത് ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. എല്ലാ സമുദായത്തെയും ഉൾക്കൊള്ളുന്ന വിശാലത വേണം. പാറേക്കാട്ടിൽ പിതാവിനൊക്കെ ഉണ്ടായിരുന്ന വിശാലത മാതൃകയാക്കേണ്ടതാണ്. നിലക്കൽ പ്രശ്‌നം എത്ര തന്മയത്വത്തോടെയാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ഈ സഹാനുഭൂതിയാണ് നമ്മൾ മാതൃകയാക്കേണ്ടത്.

ഹിന്ദു ഐക്യവേദി വിഴിഞ്ഞം സമരത്തിന് എതിരായി നടത്തിയ മാർച്ചിൽ കെ.പി ശശികല സംസാരിക്കുന്നു.

വിഴിഞ്ഞം അന്താരഷ്ട്ര തുറമുഖത്തിനെതിരെയുള്ള സമരത്തിൽ ബി.ജെ.പിയും സംഘപരിവാറും സമരനേതൃത്വത്തിലുള്ള ലത്തീൻ സഭക്ക് എതിരായിരുന്നു. വൈദികർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യമാണ് അന്ന് പോർട്ട് അനുകൂലികൾ എന്ന പേരിൽ സംഘപരിവാർ ഉയർത്തിയത്. കെ.പി ശശികല, വത്സലൻ തില്ലങ്കേരി തുടങ്ങിയ ഹിന്ദു ഐക്യവേദി നേതാക്കൾ സമരത്തെ വർഗീയ പ്രശ്നമാക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തിയിരുന്നു. സഭക്കെതിരെയുള്ള ബി.ജെ.പിയുടെ യഥാർത്ഥ മുഖം പുറത്തുവന്ന ഒരു സമകാലീന അനുഭവം കൂടിയായിരുന്നു അത്. എന്തുകൊണ്ടാണ് സുറിയാനി സഭകൾക്ക് ഇത്തരം പ്രശനങ്ങൾ മനസിലാകാത്തത്?

ഫാസിസത്തിന്റെ ഒരു പ്രത്യേകത, അതൊരു വംശീയമായി നിർമിക്കപ്പെട്ട ഒന്നാണ് എന്നതാണ്. തങ്ങളാണ് ശ്രേഷ്ഠൻ എന്നുള്ള ഒരു വാദമാണത്. ഹിറ്റ്ലർ ഒക്കെ ഉയർത്തിയത് അതാണല്ലോ. തങ്ങൾ ശ്രേഷ്ടരാണെന്ന ഒരു വിചാരം സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ നിലനില്കുന്നുണ്ട്‌. ഇവിടെ ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ വിദ്യാഭ്യാസപരമായും, സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ. അരക്ഷിതാവസ്ഥയിലൂടെയാണ് അവർ കടന്നുപോകുന്നത്. ഇത് സുറിയാനി ക്രിസ്ത്യാനിയെ ബാധിക്കാത്തത് എന്തുകൊണ്ടാണ്? റബർ കർഷകരുടെ പ്രശ്‌നം സുറിയാനി ക്രിസ്ത്യാനിയുടെ പ്രശ്നമായിരിക്കുമ്പോൾ തന്നെ, ക്രിസ്ത്യാനിയായ മത്സ്യത്തൊഴിലാളിയുടെ പ്രശ്‌നം സുറിയാനി ക്രിസ്ത്യാനികൾക്ക് ബാധകമാകാത്തത് എന്തുകൊണ്ടാണ്? അതൊരു തരം ഫാസിസ്റ്റ് പ്രവണത സഭയിൽ രൂഢമൂലമായതുകൊണ്ടാണ്. എല്ലാവരും ഒരേപോലെ ക്രിസ്ത്യാനികളാണെങ്കിൽ റബർ കർഷകന്റെ പ്രശ്നം പോലെ മത്സ്യത്തൊഴിലാളിയുടെ പ്രശ്നവും നമ്മെ ബാധിക്കേണ്ടതാണ്. റബർ കർഷകൻ സുറിയാനി ആവുകയും, മത്സ്യത്തൊഴിലാളി ലത്തീൻ ആവുകയും ചെയ്തതുകൊണ്ട് ലത്തീൻകാരുടെ പ്രശ്‌നം ഞങ്ങൾക്ക് പ്രശ്‌നമല്ല, അത് ലത്തീൻ ബിഷപ്പുമാർ നോക്കട്ടെ എന്ന് പറയുന്നത് ഒരു തരം വരട്ടുവാദമാണ്. അത്തരത്തിൽ സഭ അധപതിച്ചു പോയിരിക്കുന്നു. മാർപ്പാപ്പ ഉയർത്തിപ്പിടിക്കുന്ന ദർശനമല്ല ഇക്കാര്യത്തിൽ സിറോ മലബാർ സഭ ഉയർത്തിപ്പിടിക്കുന്നത്. മത്സ്യത്തൊഴിലാളി പ്രശ്നത്തിൽ സിറോ മലബാർ സഭ ലത്തീൻ സഭയോട് തോളോട് തോൾ ചേർന്ന് നിൽക്കേണ്ടതല്ലേ? അവരും കത്തോലിക്കാരല്ലേ? അവരും ക്രിസ്ത്യാനികളല്ലേ ? മത്സ്യത്തൊഴിലാളികൾക്ക് വീടും ഭൂമിയും നഷ്ടപ്പെടുകയാണ്. അതൊന്നും സീറോ മലബാർ സഭയിലെ ബിഷപ്പുമാരുടെ പ്രശ്‌നമല്ല.

ബിഷപ്പ് ഓസ്കാർ റൊമേരോ

ചരിത്രപരമായി അധികാരത്തോടൊപ്പം നിൽക്കുക എന്ന ഒരു നിലപാടാണോ സഭാ നേതൃത്വം എക്കാലവും കേരളത്തിൽ സ്വീകരിച്ചിട്ടുള്ളത്. അത്തരത്തിൽ അധികാരത്തിന്റെ കൂടെ നിൽക്കാനുള്ള ശ്രമമായി ഇപ്പോഴത്തെ സഭയുടെ നീക്കങ്ങളെ കാണാമോ?

യാതൊരു സംശയവുമില്ല ആ കാര്യത്തിൽ. അധികാരത്തിനൊപ്പം നിൽക്കുക എന്ന ശൈലിയാണ് സഭ ഇപ്പോൾ സ്വീകരിക്കുന്നത്. ആർക്കാണ് അധികാരത്തിനൊപ്പം നിൽക്കേണ്ടത്. അത് അധികാരത്തിന്റെ ഗുണഭോക്താക്കൾക്കാണ്. സഭ ഒരു ബെനഫിഷ്യൽ ചർച്ച് ആവുക എന്നതിനുപരി പ്രോഫറ്റിക്കൽ ചർച് ആവുക എന്നവസ്ഥയിലേക്ക് മാറണം. സഭക്ക് ഒരു പ്രോഫറ്റിക്കൽ ദൗത്യം ഉണ്ടെന്നാണ് ഫ്രാൻസിസ് മാർപ്പാപ്പയെല്ലാം പറയുന്നത്. സഭ ഇവിടെ സുരക്ഷിതത്വമാണ് തേടുന്നത്, അതിന് അധികാരികളുടെ പിന്തുണ വേണ്ടിവരും. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലൊക്കെ സഭ ഈ രീതിയിലല്ല പ്രവർത്തിച്ചിട്ടുള്ളത്. സഭ അവിടുത്തെ അധികാരത്തോടു മല്ലടിച്ചാണ് പ്രവർത്തിച്ചത്. നീതിക്കു വേണ്ടി അവർ പോരാടി. അങ്ങനെ വെടിയേറ്റ് മരിച്ച ആർച്ചു ബിഷപ്പ് ഓസ്കാർ റൊമേരോയെ ആണ് മാർപ്പാപ്പ ഇപ്പോൾ വിശുദ്ധനായി പ്രഖ്യാപിച്ചിരിക്കുന്നത്. രോമാരായെ പോലെയുള്ള ബിഷപ്പുമാരെ ഭാരതം ഇന്ന് തേടുകയാണ്. അധികാരത്തിന് ഓശാന പാടുന്നവരല്ല, അധികാരത്തെ ചോദ്യം ചെയ്യുന്നവരാണ് റൊമേരോയെ പോലെ പ്രവാചക ദൗത്യമുള്ള ബിഷപ്പുമാർ. ഈ പ്രവാചക ദൗത്യം സഭയിൽ ഇന്ന് നഷ്ടപ്പെട്ടുപോയി. അതുകൊണ്ടാണ് അവർ അധികാരികളെ പ്രീണിപ്പിക്കുകയും, പിൻചെല്ലുകയും ചെയ്യുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read