നല്ല ഭക്ഷണം ഉറപ്പാക്കാൻ പ്രയാസങ്ങളുണ്ട്, പരിഹാരങ്ങളും

ഭക്ഷ്യവിഷബാധ ജീവൻ കവരുന്ന സാഹചര്യം കേരളത്തിൽ ആവർത്തിച്ചതോടെ സർക്കാർ കർശനമായ പരിശോധനകളും സുരക്ഷാ മാനദണ്ഡങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഹോട്ടലുകൾ വ്യാപകമായി റെയ്ഡ് ചെയ്യപ്പെടുകയും പഴകിയതും മായം കലർന്നതുമായ ഭക്ഷണം പിടിച്ചെടുക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. വൻകിട ഹോട്ടൽ, ബേക്കറി വ്യവസായങ്ങളും ചെറുകിട ഹോട്ടൽ, തട്ടുകട ശൃംഖലകളും ഏറെയുള്ള കേരളത്തിൽ സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. കർശനമായ പരിശോധനകൾക്കെതിരെ പലപ്പോഴും ഹോട്ടൽ ഉടമകൾ പരാതിയുമായി രംഗത്തുവരാറുമുണ്ട്. എങ്ങനെയാണ് സങ്കീർണ്ണമായ ഈ വിഷയത്തെ മതിയായ ജീവനക്കാരില്ലാത്ത സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് കൈകാര്യം ചെയ്യാൻ പോകുന്നത്? ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഒന്ന് മുതൽ നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ പശ്ചാത്തലത്തിൽ, അടുത്തിടെ നടന്ന റെയ്ഡുകളിലൂടെ വാർത്തകളിൽ ഇടം നേടിയ ഫുഡ് സേഫ്റ്റി ഓഫീസ‍ർ ഡോ. രേഖ മോഹൻ സംസാരിക്കുന്നു.

‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഹോട്ടലുകളിലെ പരിശോധന ശക്തമാക്കിയിരിക്കുകയാണല്ലോ. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനകളുടെ ഭാഗമാകുന്നുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത്. ഇതിന്റെ ഭാഗമായ പ്രവർത്തനങ്ങൾ എങ്ങനെയാണ് മുന്നോട്ടുപോകുന്നത്? ഭക്ഷ്യസുരക്ഷ-ആരോഗ്യ വകുപ്പുകൾ ഇതിന് എത്ര മാത്രം സജ്ജമാണ്?

ഇപ്പോൾ പുതിയതായി പ്രത്യേകിച്ചൊന്നും ഞങ്ങൾ ചെയ്യുന്നില്ല. ചെയ്യുന്ന കാര്യങ്ങൾക്ക് വാർത്താപ്രാധാനം ലഭിച്ചു എന്നതു മാത്രമേയുള്ളൂ. ഭക്ഷ്യസുരക്ഷാ വകുപ്പിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ദൈനംദിനം ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് ഇതെല്ലാം. ഇപ്പോൾ ജനങ്ങൾ അതിനെക്കുറിച്ച് കൂടുതൽ അറിയുന്നു എന്നുമാത്രം. ഒരു സ്ഥാപനം നടത്താനായിട്ടും, ഭക്ഷണ വിതരണ, ഉല്പാദന, സംഭരണ കേന്ദ്രങ്ങളും അടക്കം ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ സ്ഥാപനങ്ങളും ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് എടുക്കണം എന്നുള്ളതും, സ്ഥാപനത്തിലെ എല്ലാ ജോലിക്കാർക്കും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണമെന്നുള്ളതും ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച് റിപ്പോർട്ട് വേണം എന്നുള്ളതും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് ആക്ടിൽ പണ്ടുമുതൽ പറയുന്ന കാര്യങ്ങളാണ്. ജനങ്ങൾ അതിനെക്കുറിച്ചെല്ലാം ഇപ്പോഴാണ് ശ്രദ്ധിച്ചു തുടങ്ങിയതെന്നു മാത്രം.

പുതുതായി നടത്തുന്ന ചില കാര്യങ്ങളുണ്ട്. കുറച്ചുകൂടി എൻഫോഴ്സ്മെന്റ് നമ്മൾ ശക്തമാക്കുന്നുണ്ട്. ഇത് നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണെങ്കിലും ഭക്ഷ്യവിഷബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കുറച്ചുകൂടി ഊന്നൽ കൊടുത്തുകൊണ്ട് കൂടുതൽ ‌സൂക്ഷ്മ പരിശോധനകൾ നടത്തുന്നുണ്ട്, കൂടുതൽ ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്. പിന്നെ ഹെൽത്ത് ഇൻസ്പെക്ടർമാ‍രെ കൂടി ഉൾപ്പെടുത്തുന്നത് ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനല്ല. സാനിറ്ററി ആസ്പെക്റ്റ്സ്, അതായത് ഭക്ഷണ ഉത്പാദന, വിതരണ, സംഭരണ കേന്ദ്രങ്ങളിലെ ശുചിത്വം പരിശോധിക്കാനും, അതുപോലെ ഹെൽത്ത് കാർഡ് പരിശോധിക്കാനുമാണ് ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് അധികാരമുള്ളത്.

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർ‍ഡ് ആക്ട് പ്രകാരം ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും അതിന്മേലുള്ള നിയമനടപടികൾ സ്വീകരിക്കാനും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർക്ക് മാത്രമേ അധികാരമുള്ളൂ. ഭക്ഷ്യസുരക്ഷാ ഓഫീസർ എന്നുള്ളത് ഒരു സ്റ്റാറ്റ്യൂട്ടറി പോസ്റ്റായതിനാലും കൃത്യമായ ജ്യൂറിസ്ഡിക്ഷൻ ഉള്ളതിനാലും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർക്കു മാത്രമെ ഭക്ഷ്യസുരക്ഷ പരിശോധന നടത്തുവാൻ സാധിക്കുകയുള്ളൂ.

രേഖ മോഹൻ പരിശോധനക്കിടയിൽ

ആറ് ലക്ഷത്തോളം ഹോട്ടലുകളും, 160 ഓളം ഉദ്യോഗസ്ഥരും. ജീവനക്കാരുടെ കുറവും അക്കാരണത്താലുള്ള പരിശോധനകളുടെ കുറവും ഭക്ഷ്യവിഷബാധ കൂടുന്നതിന് കാരണമായിട്ടുണ്ടോ? ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മുന്നിലുള്ള വെല്ലുവിളികൾ എന്തെല്ലാമാണ്? പുതിയ പ്രഖ്യാപനങ്ങൾ കൂടാതെ സർക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതലായി എന്ത് പിന്തുണയാണ് ഉണ്ടായിട്ടുള്ളത്?

ഒരു നിയോജക മണ്ഡലത്തിന് ഒരു ഓഫീസർ എന്ന രീതിയിലാണ് നിയമനമുള്ളത്. ഞങ്ങളുടെ പ്രവർത്തന മേഖല വളരെ വലുതാണ്. ഉത്പാദന, വിതരണ, സംഭരണ കേന്ദ്രങ്ങൾ ഒരുപാടുണ്ട്. വളർന്നുവരുന്ന ഈ ബിസ്നസ്സ് മേഖലയ്ക്ക് ആനുപാതികമായി പുതിയ പോസ്റ്റുകൾ നമുക്കില്ല. അത് ഫലപ്രദമായി നിയമം നടപ്പിലാക്കുന്നതിനും പരിശോധനകൾ നടത്തുന്നതിനും വിലങ്ങുതടിയാവുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, വാഹനം എല്ലാം കുറവാണ്. കരാറിന് എടുത്തിട്ടുള്ള മൂന്ന് വാഹനങ്ങൾ മാത്രമാണ് തൃശൂർ ജില്ലയിൽ നിലവിൽ ഡിപ്പാർട്ട്മെന്റിനുള്ളത്. വാഹനങ്ങളുടെ കുറവും സംവിധാനങ്ങളുടെ അഭാവവും ഓഫീസിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. എന്നാൽ ജീവനക്കാരുടെ അപര്യാപ്തതയാണ് ഏറ്റവും വലിയ പ്രശ്നം. ഇത്രയും വലിയൊരു ഏരിയയിൽ കൃത്യമായ പരിശോധനകൾ നടത്താൻ കഴിയാത്ത ഒരവസ്ഥയാണുള്ളത്. എത്ര ശ്രമിച്ചാലും അത് സാധിക്കില്ല. പരമാവധി ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ഈ നിലക്കുള്ള പരിശോധനകൾ കൊണ്ട് നമുക്ക് സുരക്ഷ ഉറപ്പുവരുത്താൻ കഴിയില്ല.

ഹോട്ടൽ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിരിക്കുകയാണല്ലോ. സുരക്ഷ ഉറപ്പാക്കുവാൻ ഹെൽത്ത് കാർഡ് സഹായകരമാകുമോ? ഹെൽത്ത് കാർഡുകളുടെ ആധികാരികത എങ്ങനെയാണ് ഉറപ്പാക്കാൻ കഴിയുന്നത്?

ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾക്കാർക്ക് കമ്മ്യൂണിക്കബിൾ ആയിട്ടുള്ള അല്ലെങ്കിൽ ഭക്ഷണത്തിൽ കൂടി പകരുന്ന അസുഖങ്ങൾ ഇല്ല എന്നു ഉറപ്പുവരുത്താനാണ് ഹെൽത്ത് കാർഡുകൾ. ക്ഷയം, ത്വക് രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ സാക്ഷ്യപ്പെടുത്തി തരുന്നതാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്. അതും പുതുതായി വന്ന ഒന്നല്ല, ഫിറ്റ്നസ് സ്റ്റാന്റെർഡ് ആക്ട് 2006 ൽ പ്രധാനമായി പറയുന്ന കാര്യമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണം എന്നുള്ളത്. മെഡിക്കൽ പ്രാക്ടീഷ്നർ സാക്ഷ്യപ്പെടുത്തുന്നു എന്നുള്ളത് തന്നെയാണ് അതിന്റെ ആധികാരികത.

ഹെൽത്ത് കാർഡ് മാതൃക

പിടിച്ചെടുത്ത സാമ്പിളുകൾ പരിശോധിക്കാനായി നാഷണൽ അക്രിഡിറ്റേഷനുള്ള മൈക്രോബയോളജി ലാബുകൾ വേണമല്ലൊ. കേരളത്തിൽ നിലവിൽ അംഗീകാരമുള്ള എത്ര ലാബുകളുണ്ട്? പരിശോധനയ്ക്ക് അയച്ചാൽ ഫലമറിയാൻ കാലതാമസം വരാറുണ്ടോ? അത് പ്രവർത്തനങ്ങളെ ബാധിക്കാറുണ്ടോ?

നമ്മുടെ ലാബുകൾക്ക് കുറെ പരിമിതികളുണ്ട്, ലാബിന്റെ പരിമിതികളെക്കുറിച്ച് കൃത്യമായി പറയാൻ ഞാൻ ആളല്ല. കാരണം ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരാളല്ല. എങ്കിലും നമ്മുടെ ലാബുകൾക്ക് പരിമിതികൾ ഉണ്ടെന്ന് ഞാനും മനസ്സിലാക്കുന്നുണ്ട്.

റിസൾട്ടുകൾക്ക് കുറച്ച് കാലതാമസം വരാറുണ്ട്. ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും കുറവാണ് കാരണമെന്ന് തോന്നുന്നു. അത് കൂടുതൽ അറിയാൻ അവിടുത്തെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോട് സംസാരിക്കേണ്ടി വരും. റിസൾട്ടുകൾ വൈകുന്നത് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഭക്ഷ്യവിഷബാധ കണ്ടെത്തണമെങ്കിൽ മൈക്രോ ബയോളജി ടെസ്റ്റുകൾ ചെയ്യേണ്ടതാണ്. അതിനൊക്കെ നമുക്ക് ബുദ്ധിമുട്ടുകളുണ്ട്.

ഹോട്ടലുകളിലേക്ക് മാത്രമായി ചുരുക്കേണ്ടതല്ലല്ലോ ഭക്ഷ്യസുരക്ഷ നടപടികൾ, ഹോട്ടലുകളിലേക്ക് ലഭ്യമാകുന്ന പച്ചക്കറികൾ, ഇറച്ചി, വെള്ളം ഉൾപ്പെടെയുള്ള അസംസ്കൃത ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടതില്ലെ?

ആരാണ് പറയുന്നത് ഇവിടെ ഹോട്ടലുകളിലേക്ക് മാത്രമായാണ് പരിശോധനകൾ ചുരുക്കുന്നതെന്ന്. എല്ലാ ഭക്ഷണ ഉത്പാദന, വിതരണ, കേന്ദ്രങ്ങളും ഈ നിയമത്തിന്റെ പരിതിയിൽ വരുന്നതാണ്. പച്ചക്കറി ആയാലും, ഇറച്ചിയായാലും, വെള്ളമായാലും, പലചരക്കുകളായാലും ഏത് ഭക്ഷ്യ അസംസ്കൃത വസ്തുക്കളായാലും സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ ശേഖരിക്കുകയും അവ പരിശോധനയ്ക്ക് അയക്കുകയും അതിൽ പ്രശ്നങ്ങൾ കണ്ടെത്തുന്ന സാമ്പിളുകൾ വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ നിയമ നടപടികളുമായി മുന്നോട്ടുപോവുന്നുണ്ട്. ജനങ്ങൾ അത് അറിയുന്നില്ല എന്നതുകൊണ്ട് മാത്രം ഡിപ്പാർട്ട്മെന്റ് അത്തരം പ്രവർത്തനങ്ങൾ നടത്തുന്നില്ല എന്നു കരുതരുത്. കൃത്യമായ പരിശോധനകളും നടപടികളും നടക്കുന്നുണ്ട്.

ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പരിശോധനക്കിടയിൽ

എവിടെയും പാചകം ചെയ്ത്, എവിടെയും വിൽക്കാം എന്നതാണല്ലോ നിലവിലെ സാഹചര്യം. ഹോട്ടലുകൾക്കും, വഴിയോര കടകൾക്കും അനുമതി നൽകുന്നതിൽ കുറേക്കൂടി സൂക്ഷ്മത ആവശ്യമല്ലെ? അനുമതിയുടെ കാര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് എത്രമാത്രം ഇടപെടാൻ കഴിയുന്നുണ്ട്?

ഹോട്ടലുകൾക്കും കടകൾക്കും അനുമതി നൽകുന്നതിൽ കുറേക്കൂടി സൂക്ഷ്മത ആവശ്യമാണ്. പക്ഷെ ഈ പ്രീ-ലൈസൻസിങ് ഇൻസ്പെക്ഷൻ നടത്തുന്നതിനായി നമുക്ക് ഒരുപാട് പരിമിതികൾ ഉണ്ട്. പ്രധാന പ്രശ്നം ജീവനക്കാരുടെ അഭാവം തന്നെയാണ്. ഫുഡ് ബിസ്നസിന് ആനുപാതികമായി ഫുഡ് സേഫ്റ്റി ഓഫീസർമാരെ നിയമിക്കാത്തിടത്തോളം കാലം വലിയ പ്രയാസങ്ങൾ നമ്മൾ നേരിടും. അല്ലാതെ നമ്മളെകൊണ്ട് ചെയ്യാൻ പറ്റാത്തൊരു കാര്യത്തിൽ ഉറപ്പു പറയാൻ കഴിയില്ല. കൂടുതൽ നിയമനങ്ങളിലൂടെ മാത്രമെ കൂടുതൽ ഫലപ്രദമായ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കൂ.  

ഭക്ഷ്യവിഷബാധയെത്തുടർന്ന് അടച്ച ഹോട്ടൽ തൃശൂരിൽ വീണ്ടും തുറന്ന് പ്രവർത്തിക്കുകയും ഇതറിഞ്ഞ് ഹോട്ടൽ അടപ്പിക്കാനെത്തിയ താങ്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായല്ലോ. ഹോട്ടൽ ഉടമകൾ എന്തുകൊണ്ടാണ് ഇത്രയധികം പ്രകോപിതരാകുന്നത്? നിലവിലെ സുരക്ഷാ പരിശോധനകൾ, പുതിയ മാനദണ്ഡങ്ങൾ ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ടോ?

നിയമനടപടിയുമായി മുന്നോട്ട് പോവുമ്പോൾ മിക്കവാറും ഹോട്ടൽ ഉടമകളും നടത്തിപ്പുകാരും സഹകരിക്കുന്നവരാണ് എന്ന് പറയാതെ വയ്യ. ഭീഷണികളോ ബുദ്ധിമുട്ടുകളോ ഉണ്ടാകുന്ന സാഹചര്യങ്ങൾ കുവറാണ്. അവർക്ക് താത്പര്യമില്ലെങ്കിൽ പോലും നിയമത്തെ മാനിച്ചുകൊണ്ട് ആ ഒരു പ്രത്യേക സാഹചര്യത്തിന്റെ നിയമ നടപടികൾക്ക് വിധേയരാവുന്നവരാണ് മിക്കവരും. വേറെ ഒരു ചെറിയ വിഭാഗം നമ്മളെ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ഒക്കെ ചെയ്യുന്നുണ്ട്. ഹോട്ടലുടമകൾ എന്തുകൊണ്ട് പ്രകോപിതരാവുന്നു എന്നു ചോദിച്ചാൽ അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അത് ഓരോരുത്തരുടെയും സ്വഭാവത്തിന്റെ ഭാഗമാണ്. അത്തരം പ്രശ്നങ്ങൾ നിയമപരമായി തന്നെ നേരിടും. പിന്നെ, ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവരുടേതായ ബുദ്ധിമുട്ടുകൾ ഉണ്ടാവും. അതില്ല എന്നു പറയുന്നില്ല. നമ്മുടെ നാട്ടിലെ തൊഴിലാളി ക്ഷാമം, കുടിയേറ്റ തൊഴിലാളികളുടെ വരവ് അങ്ങനെ പലബുദ്ധിമുട്ടുകൾ ഉണ്ട്.

പക്ഷെ ഞങ്ങളുടെ പരിമിതികൾക്കും ഹോട്ടൽ നടത്തുവരുടെ പരിമിതികൾക്കും അപ്പുറം സുരക്ഷിതമായ ഭക്ഷണം ഒരുക്കുക എന്നത് അടിസ്ഥാനപരമായ ആവശ്യമാണ്. അതിനുവേണ്ടി ഏതറ്റംവരെയും ഞങ്ങൾ പരിശ്രമിക്കുന്നുണ്ട്. അത് ഹോട്ടൽ ബിസിനസ്സിനെ ഹനിക്കുന്ന രീതിയിൽ ഉള്ളതല്ല. അവരുടെ പരിമിതികളും മനസ്സിലാക്കിക്കൊണ്ടാണ് ഞങ്ങൾ ഓരോ പരിശോധനകളും നടത്താറുള്ളത്. പൊതുജനാരോഗ്യത്തിന് ഭീഷണി വരാത്ത തരത്തിൽ, ഉപജീവനമാ‍ർഗം കണ്ടെത്തുന്ന കച്ചവടക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങളെയും അവരുടെ അവസ്ഥകളെയും മാനിച്ചുകൊണ്ടുതന്നെയാണ് ഞങ്ങൾ പ്രവ‍ർത്തിക്കുന്നത്. സ‍ർക്കാ‍ർ ഉദ്യോഗസ്ഥർ എന്ന നിലയ്ക്ക് നമുക്ക് അവരോടും ഉത്തരവാദിത്തമുണ്ട്, പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും ഉത്തരവാദിത്തമുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

5 minutes read February 4, 2023 3:42 pm