

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ലൂയിജി പിരാൻഡെല്ലോ എഴുതിയ ഒരു കഥയുണ്ട് – ‘യുദ്ധം’. കഥ നടക്കുന്നത് ഒന്നാം ലോക മഹായുദ്ധകാലത്താണ്. നിർബന്ധിത സൈനിക സേവനത്തിന് വിധിക്കപ്പെട്ട തങ്ങളുടെ മക്കൾ യുദ്ധക്കളത്തിലേക്ക് പോകുന്നത് കാണാൻ തീവണ്ടിയിൽ റോമിലേക്ക് പോകുന്ന രക്ഷിതാക്കളുടെ സംഭാഷണമാണ് കഥയിലുള്ളത്. സന്തതികൾക്കുമേൽ രക്ഷിതാക്കളുടെ അവകാശം എത്രത്തോളം എന്ന നിർണ്ണായക ചോദ്യം ഈ കഥ മുന്നോട്ടുവെയ്ക്കുന്നു. യുവാക്കളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന മനോവേദനയാണ് കഥയുടെ അന്തർധാര. രക്ഷിതാക്കൾക്ക് കുട്ടികൾക്ക് മേൽ യാതൊരവകാശവുമില്ലെന്ന് ‘യുദ്ധം’ നമ്മളെ ഓർമ്മിപ്പിക്കുന്നു.
1918 ലാണ് പിരാൻഡെല്ലൊ ഈ കഥ എഴുതിയത്. അതിനുശേഷം ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോൾ യുദ്ധസാഹചര്യമല്ലാതിരുന്നിട്ട് കൂടി കുട്ടികളെ രക്ഷിതാക്കളിൽ നിന്നും അവരുടെ സമൂഹത്തിൽ നിന്നും ഭരണകൂടം തട്ടിയെടുക്കുകയാണ്. കുട്ടികൾക്കുമേൽ ആത്യന്തികമായ അവകാശം രക്ഷിതാക്കളിൽ നിന്നും സമുദായത്തിൽ നിന്നും വിപണി സമ്പദ് വ്യവസ്ഥയുടെ ഭരണകൂടം പിടിച്ചെടുത്തുകൊണ്ടിരിക്കുന്നു. കുട്ടികൾ ദേശസാൽക്കരിക്കപ്പെടുകയാണ്. അതിനാൽ കുട്ടികളെ നേർവഴിക്ക് നയിക്കാൻ രക്ഷിതാക്കൾക്ക് അവകാശമില്ലാതായിരിക്കുന്നു. കുട്ടികളെ രാഷ്ട്രത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് വളർത്തി വലുതാക്കുക മാത്രമാണ് വിപണി സമ്പദ് വ്യവസ്ഥയുടെ കാവലാളായ ദേശരാഷ്ട്ര സംവിധാനത്തിൽ രക്ഷിതാക്കളുടെ ആകെയുള്ള ഉത്തരവാദിത്വം.


ഇന്ത്യ മാതിരി രാഷ്ട്രങ്ങളിൽ കുടുംബവും കുട്ടികളും തമ്മിലുള്ള ബന്ധം അത്ര ശിഥിലമായിട്ടില്ലെങ്കിലും, ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലും വിപണി സമ്പദ്ഘടന വളർച്ച മുറ്റിയ പശ്ചാത്യ രാഷ്ട്രങ്ങളിൽ കുട്ടികളെ വളർത്താൻ ഭരണകൂടത്താൽ ചുമതലപ്പെട്ടവർ മാത്രമായിട്ടുണ്ട് രക്ഷിതാക്കൾ. 15-16 വയസ് കഴിഞ്ഞാൽ കുട്ടികളെ വിപണി സമ്പദ്ഘടന സ്വയം ഏറ്റെടുത്തു കൊള്ളും. അതുവരെ വിപണി സമ്പദ് വ്യവസ്ഥയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ കുട്ടികളെ വളർത്തി വലുതാക്കുക മാത്രമാണ് രക്ഷിതാക്കളുടെ കടമ. കുട്ടികൾ എന്താവശ്യപ്പെട്ടാലും അവയൊക്കെ വിപണിയിൽ നിന്നും വാങ്ങിക്കൊടുക്കുക എന്ന ചുമതല രാഷ്ട്രം രക്ഷിതാക്കളെ ഏൽപ്പിച്ചിരിക്കുന്നു. കുട്ടികൾ അക്രമാസക്തരായാൽ അവരെ രക്ഷിതാക്കൾ ശാസിക്കുന്നതും നിയന്ത്രിക്കുന്നതും മിക്ക യൂറോ – അമേരിക്കൻ ഭരണകൂടങ്ങളും നിയമപരമായി തന്നെ വിലക്കുന്നുണ്ട്.
ന്യായാന്യായങ്ങളിലും ധർമ്മാധർമ്മങ്ങളിലും ഭരണകൂടത്തിനല്ലാതെ ആർക്കും ഇടപെടാൻ അവകാശമില്ല എന്നതാണ് വിപണി സമ്പദ്ഘടനയുടെ മുഖമുദ്ര. കാരണം അതിൽ ഭരണകൂടം മാത്രമാണ് വിധികർത്താവ്. ഹിംസയുടെ ആദ്യത്തെയും അവസാനത്തെയും പരമാധികാരി ഭരണകൂടം മാത്രമാണെന്ന് ഓർമ്മിപ്പിക്കുകയാണ് കുട്ടികളെ ശാസിക്കുമ്പോൾ രക്ഷിതാക്കളെ ശിക്ഷിക്കുന്ന പാശ്ചാത്യ ഭരണകൂടങ്ങൾ. കുടംബം, അയൽപക്കം, സമുദായം എന്നിങ്ങനെയുള്ള മധ്യസ്ഥതകളെയും തീർപ്പുകളെയും അവിടെ ഒഴിവാക്കിയിരിക്കുന്നു. അവിടെ ധർമ്മാധർമ്മങ്ങളെ പറ്റിയും ന്യായാന്യായങ്ങളെ പറ്റിയും വ്യാകുലപ്പെടേണ്ട ബാധ്യത കുടുംബത്തിനോ സമൂഹത്തിനോ ഇല്ല. അതിനാൽ വിപണി സമ്പദ്ഘടനയുടെ ഭരണകൂട സംവിധാനത്തിൽ കുടുംബം/അയൽപക്കം/സമുദായം എന്നത് പരസ്പര ബന്ധങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും കടമകളുടെയും സമുച്ചയമാകാൻ അനുവദിക്കില്ല.
വ്യക്തി, ഭരണകൂടം, മാർക്കറ്റ് ഇതു മൂന്നും മാത്രമാണ് വിപണി സമ്പദ്ഘടനയുടെ അംഗീകൃത യാഥാർത്ഥ്യങ്ങൾ. അച്ഛൻ, അമ്മ, സന്തതികൾ, അയൽപക്കം, സമുദായം എന്നീ മാനുഷിക ബന്ധങ്ങൾക്ക് പകരം പൗരർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളേ വിപണി സമ്പദ്ഘടനയിൽ അംഗീകൃതമായിട്ടുള്ളൂ. അതിനാൽ ഓരോ വ്യക്തിയും പരസ്പരബന്ധമില്ലാത്ത പ്രത്യേകം പ്രത്യേകം സ്വതന്ത്ര യൂണിറ്റാണവിടെ. വ്യക്തികൾക്ക് ആവശ്യമുള്ളതെല്ലാം മാർക്കറ്റിൽ കിട്ടുന്നതിനാൽ പരസ്പരമുള്ള കടപ്പാടുകൾക്കും ഉത്തരവാദിത്വങ്ങൾക്കും വിപണി സമ്പദ്ഘടനയിൽ സ്ഥാനമില്ല. വ്യക്തിയുടെ ഭൗതികാവശ്യങ്ങളെ പരിഗണിക്കുന്ന മഹാരക്ഷകർത്താവായി സമ്പദ്ഘടനയും അതനുസരിച്ചു ഭരണകൂടവും വികസിക്കുമ്പോൾ ഗാർഹികവും സാമുദായികവുമായ മാനുഷിക ബന്ധങ്ങൾ അപ്രസക്തമായി തീരുന്നുണ്ട്. കാരണം സന്താന പരിപാലനം, തൊഴിൽ, തൊഴിലില്ലായ്മ, വാർദ്ധക്യം, രോഗം, വിശപ്പ് എന്നിങ്ങനെ ഗാർഹിക സാമൂഹിക സഹകരണം വേണ്ട രംഗങ്ങളിലെല്ലാം വ്യക്തിയുടെ ക്ഷേമം പല യൂറോ – അമേരിക്കൻ രാജ്യങ്ങളിലും മഹാരക്ഷകർത്താവായ ഭരണകൂടം ഏറ്റെടുത്തിരിക്കുന്നു.
ആഗോള വാണിജ്യവ്യാപാരത്തിൽ തന്ത്രപരമായി തന്നെ സാമ്പത്തിക അസന്തുലിതത്വം സൃഷ്ടിച്ച് അതിൽ നിന്നും കണക്കറ്റ ധനസമാഹരണം നടത്തിക്കൊണ്ടാണ് തങ്ങളുടെ പൗരജനങ്ങൾക്കു വേണ്ട മഹാരക്ഷാകർതൃത്ത്വ ധർമ്മങ്ങൾ യൂറോ – അമേരിക്കൻ ഭരണകൂടങ്ങൾ നിറവേറ്റി പോരുന്നത്. അത്തരം മഹാരക്ഷാകർതൃത്ത്വ ഭരണകൂട സമൂഹങ്ങളിൽ ഭരണകൂടവും പൗരസമൂഹവും തമ്മിൽ നേരിട്ടാണ് ഉത്തരവാദിത്വവും കടമകളും. കുടുംബം, അയൽപക്കം, സമുദായം എന്നിവയിലുള്ള മാനുഷികമായ പരസ്പര ഉത്തരവാദിത്വങ്ങളോ കടമകളോ അതിനാൽ ദുർബ്ബലമായി തീർന്നിട്ടുണ്ട് അവിടങ്ങളിൽ. ഇപ്പോൾ അവിടങ്ങളിലും ആഭ്യന്തരമായ സാമ്പത്തിക അസമത്വം തീവ്രമായതിനാൽ പഴയ ക്ഷേമ നടപടികൾ പലതും വെട്ടിക്കുറക്കുകയാണ്. മാനുഷിക ബന്ധങ്ങൾ മുന്നേ തന്നെ ശിഥിലമാക്കപ്പെട്ടതിൻ്റെ ഫലമായി അരക്ഷിതത്വത്തിൻ്റെ എല്ലാ അതിഭാരങ്ങളും വ്യക്തികൾ ഒറ്റയ്ക്കുതന്നെ പേറേണ്ട ദുർഗതി വന്ന് ചേർന്നിരിക്കുന്നു.
ആഗോള വാണിജ്യ വ്യാപാരത്തിലെ സാമ്പത്തിക അസമത്വത്തിൻ്റെയും അനീതിയുടെയും ഭാരം പേറുന്ന ഇന്ത്യ മാതിരി രാജ്യങ്ങളിലാകട്ടെ ഭരണകൂടത്തിന് പശ്ചാത്യ ഭരണകൂടങ്ങളെ പോലെ മഹാരക്ഷിതാവായി ഉയരാൻ കഴിയില്ല. കാരണം അത്തരം രാജ്യങ്ങളിൽ ഭരണവർഗ്ഗത്തിൻ്റെ നിലനില്പ് തന്നെ രാഷ്ട്രവിഭവങ്ങളെ പുറത്തേക്ക് കടത്തിക്കൊണ്ടുപോകാൻ ഒത്താശ ചെയ്യുന്നതിലൂടെയാണ്. വിഭവങ്ങളുടെ ബാഹ്യവും ആഭ്യന്തരവുമായ കടത്തൽ കാരണം ഈ രാഷ്ട്രങ്ങൾ സാമ്പത്തികമായി ഉയരാതെ തന്നെ തുടരുന്നു. അതിനാൽ ഇവിടങ്ങളിൽ കുടുംബം/അയൽപക്കം/സമുദായം എന്നീ മാനുഷിക ബന്ധങ്ങൾ നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. പ്രളയവും ഉരുൾ പൊട്ടലും വരുമ്പോൾ ഇവിടെ ഭരണകൂടത്തെ തന്നെ മാതൃകാപരമായി നയിക്കുന്നത് നമ്മുടെ അടിത്തട്ടു സമൂഹങ്ങളിൽ ഇന്നും ദൃഢമായി നിലനിൽക്കുന്ന നാട്ടുബന്ധ മാനുഷികതയാണല്ലോ.
വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കൾക്ക് ഉത്തരവാദിത്വമുണ്ടെന്നും, മക്കൾ അതു നിറവേറ്റിയില്ലെങ്കിൽ പൈതൃകസ്വത്ത് മക്കളിൽ നിന്നും മാതാപിതാക്കൾക്കു തിരികെ വാങ്ങാൻ അവകാശമുണ്ടെന്നും ഇന്ത്യൻ കോടതി വിധിക്കുന്നതുപോലെ ഏതെങ്കിലും അമേരിക്കൻ കോടതിക്കു വിധിക്കേണ്ട ആവശ്യമില്ല (മക്കൾ രക്ഷിതാക്കൾക്കു പണം കൊടുക്കണമെന്നു പെൻസിൽവേനിയ പോലെ രണ്ടു മൂന്നു സ്റ്റേറ്റുകളിൽ വൃദ്ധജനസംരക്ഷണ വ്യവസ്ഥയുണ്ടെങ്കിലും അവ മിക്കവാറും നിയമത്തിൽ ഒതുങ്ങുന്നു). അവിടെ വാർദ്ധക്യകാലത്തെ അത്യാവശ്യങ്ങൾ പണമില്ലാത്ത കുറേപ്പേർക്ക് ഭരണകൂടവും, പണക്കാർക്ക് യഥേഷ്ടം മാർക്കറ്റും നിറവേറ്റിക്കൊടുക്കും. ശാരീരികാവശ്യങ്ങൾക്കപ്പുറമുള്ളവ ഭരണകൂടത്തിനോ മാർക്കറ്റിനോ നിർവ്വഹിക്കാൻ സാധ്യമല്ലാത്തതിനാൽ അമേരിക്കയിൽ മിക്കവർക്കും ഉറക്കഗുളികയില്ലാതെ കണ്ണടയ്ക്കാൻ പറ്റില്ലെന്നു മാത്രം (വൈകാരികാഘാതങ്ങളാൽ അശാന്തമായ മനസ്സിനെ മരവിപ്പിച്ചു കിടത്താനുള്ള വിദ്യ ഉറക്കഗുളിക വിപണിയായി ഉയരുന്നുവെന്നു സാരം).
ഉത്തരാധുനിക വിദ്യാഭ്യാസം
കുട്ടികളുടെ രണ്ടാം വീടായ വിദ്യാലയത്തെ ‘ശിശു സൗഹൃദ’മാക്കിക്കൊണ്ടാണ് കുട്ടിയുടെ മേൽ കുടുംബത്തിനും സമുദായത്തിനുമുള്ള അവകാശങ്ങളെ ഭരണകൂടം ഒന്നാമതായി നിർജ്ജീവമാക്കുന്നത്. വിദ്യാലയം ശിശു സൗഹൃദമാക്കുക എന്നതിനർത്ഥം കുട്ടികൾക്ക് ‘ബാലാവകാശങ്ങൾ’ നൽകുക എന്നതാണ്. കുട്ടികളെ നിയന്ത്രിക്കാനോ നേർവഴിയിൽ നയിക്കാനോ ഉള്ള ധാർമ്മികമായ ഉത്തരവാദിത്വം ബാലാവകാശങ്ങളുടെ നിഴലിൽ അധ്യാപകർക്കു നഷ്ടപ്പെടുന്നുണ്ട്. അപ്പോൾ കുട്ടികൾ അവകാശങ്ങൾ മാത്രമുള്ളവരും എന്നാൽ കടമകൾ ഒന്നുമില്ലാത്തവരുമായിട്ടാണ് വളരുന്നത്. കുട്ടികളുടെ അവകാശങ്ങൾ നിയമപരമായി എഴുതിവെയ്ക്കുകയും അവരുടെ കടമകൾ അലിഖിതമായി വീട്ടിലും വിദ്യാലയത്തിലും അപ്രസക്തമാക്കപ്പെടുകയും ചെയ്യുന്നു. അതായത് ബാലാവകാശങ്ങളുടെ മറവിൽ ഭരണകൂടം കുട്ടികളെ അമിതമായി ലാളിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതേ ഭരണകൂടം തന്നെ കുട്ടികൾ കുറ്റവാളികളായി മാറുമ്പോൾ ഉണർന്നു ഇടപെടുകയും, അവർക്കു മേൽ ഭരണകൂട ഹിംസ മുറപോലെ നടപ്പിലാക്കുകയും ചെയ്യുന്നു.


വിദ്യാലയത്തെ ‘ശിശുസൗഹൃദ’ മാക്കുന്നതിൻ്റെ ആദ്യപടിയെന്നത് അവർക്ക് ഓരോ ഘട്ടത്തിലും അവശ്യം ലഭിക്കേണ്ട വിദ്യാഭ്യാസ നിലവാരം ലഭ്യമാക്കാതെ തന്നെ എല്ലാവരെയും (കുട്ടി, കുടുംബം, സ്കൂൾ, സമൂഹം) സന്തോഷിപ്പിക്കാനായി നൂറ് ശതമാനം റിസൾട്ട് നിർമ്മിക്കുക എന്നതാണ്. ഒട്ടും പഠിക്കാതെ തന്നെ എല്ലാവർക്കും ജയിക്കാനുള്ള അവസരം വിപണിയധിഷ്ഠിത സമ്പദ്ഘടന തുറന്നിട്ടിരിക്കുന്നു. മതിയായ മിനിമം യോഗ്യത നേടിക്കൊടുക്കാതെ തന്നെ കുട്ടികളെ ജയിപ്പിച്ച് വിടുന്നത് ‘ശിശുസൗഹൃദപരം’ എന്ന് വാഴ്ത്താമെങ്കിലും, അത്തരം വിദ്യാഭ്യാസാന്തരീക്ഷത്തിൽ എവിടെയും ജയിക്കാൻ മാത്രം അവകാശമുള്ളവരായി കുട്ടികളും, എന്നാൽ മിനിമം യോഗ്യത നേടി കൊടുക്കാൻ കടമയില്ലാത്തവരായി ഭരണകൂട സംവിധാനങ്ങളും മാറുന്നുണ്ട്. അമേരിക്കയുമായി താരതമ്യം ചെയ്താൽ ചില സ്കാൻഡിനേവിയൻ ഭരണകൂടങ്ങൾക്കു കീഴിൽ മാത്രമാണ് അടിസ്ഥാന യോഗ്യതകൾ എല്ലാ കുട്ടികൾക്കും നേടിക്കൊടുക്കുന്ന പൊതുവിദ്യാഭ്യാസം നിലവിലുള്ളത്.
അടിസ്ഥാന യോഗ്യതകൾ ആർജ്ജിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാതെ വെറുതേ സ്ഥാനക്കയറ്റം നൽകിക്കൊണ്ട് പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ കപടമായി ലാളിക്കുന്ന ഭരണകൂടം യഥാർത്ഥത്തിൽ ‘ശിശുസൗഹൃദം’ ‘ബാലാവകാശം’ എന്ന ബാനറുകൾ കാട്ടി കുട്ടികളെയും കുടുംബത്തെയും സമൂഹത്തെയും സമർത്ഥമായി കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസം സമ്പൂർണ്ണമായും വിപണിക്കു കാഴ്ചവെയ്ക്കുന്ന രാഷ്ട്രീയഘടനയിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യഥേഷ്ടം ഉന്നതപഠനത്തിന് കുട്ടികളെ എത്തിക്കുന്നതിനുള്ള തന്ത്രം മാത്രമാണ് അടിസ്ഥാനയോഗ്യതകൾ പോലും കൊടുക്കാതെയുള്ള നൂറ് ശതമാനം വിജയാഘോഷം.
നമ്മുടെ രാജ്യത്ത് ഉന്നത വിദ്യാഭ്യാസം സമ്പൂർണ്ണമായി സർക്കാർ ചെലവിൽ നടക്കുന്നു എന്ന് സങ്കല്പിക്കുക; അപ്പോൾ അവിടെയെല്ലാം കഠിനമായ മത്സരപ്പരീക്ഷകൾ വഴി യാതൊരു ബാലകാരുണ്യവും കാണിക്കാതെ കുട്ടികളെ അരിച്ചെടുക്കാൻ തുടങ്ങും. ഉന്നതവിദ്യാഭ്യാസത്തിൽ സ്വാശ്രയ കോളേജുകൾ മാത്രമല്ല ഇനി സ്വകാര്യ സർവ്വകലാശാലകളും വരാനിരിക്കുമ്പോൾ അവിടങ്ങളിലേക്കു ബിരുദം നേടാൻ, പണവുമായി എത്രത്തോളം കുട്ടികളെ എത്തിക്കാമോ അത്രത്തോളം കുട്ടികളെ എത്തിക്കണമെങ്കിൽ ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള പൊതുവിദ്യാഭ്യാസം, അടിസ്ഥാന ശേഷികൾ വേണ്ട വിധം നേടാത്ത ഒരു വഴിപാട് മാത്രമാക്കാതെ നിവൃത്തിയില്ല.
വിദ്യാലയത്തെ ശിശുസൗഹൃദമാക്കുന്നതിൻ്റെ രണ്ടാമത്തെ തന്ത്രം പോസ്റ്റ്മോഡേൺ തത്വചിന്തകൾ കൊണ്ട് പാഠ്യപദ്ധതിയെ കലുഷിതമാക്കുക എന്നതാണ്. അടിസ്ഥാന അവശ്യ യോഗ്യതകൾ കിട്ടാതെ വേണം പൊതുവിദ്യാലയത്തിലെ കുട്ടികൾ വളരാൻ എന്ന കാര്യത്തിൽ വിപണി സമ്പദ് വ്യവസ്ഥയുടെ ഭരണകൂടത്തിനു നിർബ്ബന്ധമുണ്ട്. അടിസ്ഥാന മിനിമം യോഗ്യതകൾ കുട്ടിക്ക് കിട്ടാതിരിക്കണമെങ്കിൽ, കുട്ടി എന്തെഴുതിയാലും അതൊക്കെ ശരിയാണെന്നു സമ്മതിക്കലാണ് വിദ്യ. ‘അന്തിമമായി എല്ലാം ശരിയാണ്, ആർക്കും അതു ശരി, ഇതു ശരി എന്നു വിധിക്കാൻ കഴിയില്ല’ എന്ന പോസ്റ്റ്മോഡേൺ തത്വം പാഠ്യപദ്ധതിയിൽ കലർത്തിയതോടെ ഉത്തരപേപ്പറിൽ കുട്ടി എന്തെഴുതി വെച്ചാലും അതൊക്കെ ‘കുട്ടിയുടെ ശരി’യായി തീരുന്നു ശിശുസൗഹൃദ വിദ്യാലയത്തിൽ.
ഉത്തരാധുനിക പാഠ്യപദ്ധതിയിൽ കുട്ടികൾ ചെയ്യുന്നതെല്ലാം ശരിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നതിനാൽ ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം കുട്ടികൾ അറിയാതെ പോകുകയാണ്. ‘കാക്ക’ എന്ന് ഉത്തരം വേണ്ടിടത്ത് ‘പുച, പൂച, ക, കക, നയ’ ഇങ്ങനെ കുട്ടിയുടെ തോന്നലിനൊത്ത് എന്തെഴുതിയാലും അതൊക്കെ കുട്ടിയുടെ ശരിയായി അധ്യാപകർ ഉൾക്കൊണ്ടുകൊള്ളണം എന്നതാണ് ഉത്തരാധുനിക പാഠ്യപദ്ധതിയുടെ മൂല്യനിർണ്ണയ നയം. ലിഖിത ഭാഷയിലെ ശരി മാതൃകകൾ ഇവിടെ കുട്ടികൾ പരിചയപ്പെടുന്നില്ല. വെളുത്ത പേപ്പറിൽ ചുവന്ന മഷികൊണ്ട് തെറ്റുതിരുത്തി കൊടുത്താൽ കുട്ടിയുടെ മനസ്സിൽ ഭയവും സങ്കോചവും സങ്കടവും വന്ന് ഭാവിയിൽ വലിയ പോറലായി, അവർ ആത്മവിശ്വാസമില്ലാത്തവരായി മാറുമെന്നാണ് ഉത്തരാധുനിക വിദ്യാഭ്യാസ മന:ശാസ്ത്രം. അതനുസരിച്ച് തെറ്റുതിരുത്തൽ മാർഗ്ഗനിർദ്ദേശം കുട്ടിയുടെ മേലുള്ള മുതിർന്നവരുടെ ക്രൂരഹിംസയായി പരിഗണിക്കപ്പെടുന്നു.
ആശയവിനിമയം സാധ്യമാക്കുന്നതിനായി ഭാഷാപ്രയോഗത്തിൽ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങൾ ശിശുസൗഹൃദ പാഠ്യപദ്ധതി അപ്രസക്തമാക്കി കളഞ്ഞിരിക്കുന്നു. ഇവിടെ ഭാഷാപ്രയോഗത്തിലൂടെ നേടുന്ന സാമൂഹികമായ ഒരുമയുടെയും ദൃഢതയുടെയും പ്രാധാന്യം കുട്ടികൾക്ക് അറിയാൻ അവസരമില്ല. വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥ വായിച്ചിട്ട്, ”ഇതിൽ അഖ്യാതം എവിടെ?” എന്നു ചോദിച്ച അധ്യാപകനായ ബഷീറിൻ്റെ ജ്യേഷ്ഠൻ അബ്ദുൾ ഖാദറിനെ പോലെ ഇളിഭ്യരായി പോകുന്നുണ്ട് കുട്ടികളെ ഭാഷാപ്രയോഗത്തിലെ അടിസ്ഥാന ശരി മാതൃകകൾ പരിചയപ്പെടുത്താൻ ഒരുമ്പെടുന്ന അധ്യാപകർ. ബഷീർ വ്യാകരണം പാലിക്കാതെയാണ് എഴുതിയതെന്നും, അതുകൊണ്ടാണ് അദ്ദേഹം വലിയ എഴുത്തുകാരനായതെന്നും വാദിച്ചുകൊണ്ട് കുട്ടികൾക്ക് ഭാഷയിൽ ശരി വേണ്ട എന്ന ഉത്തരാധുനിക യുക്തി സ്ഥാപിക്കപ്പെട്ടിരിക്കുന്നു!
ഭാഷയെന്നത് വ്യക്തിപരതയുടെ അഹംഭാവ ശാഠ്യങ്ങൾ വിട്ട് സഹകരണത്തിലേയ്ക്കും ത്യാഗത്തിലേക്കും സ്വീകരണത്തിലേക്കും മനുഷ്യരെ നയിക്കുന്ന സാമൂഹിക നിർമ്മിതിയുടെ വിനിമയ വ്യവസ്ഥയാണ്. വ്യക്തി ആശയവിനിമയത്തിൻ്റെ സാമൂഹിക വ്യവസ്ഥക്കു സ്വമേധയാ വിധേയനാകുമ്പോൾ ഭാഷ പിറക്കുന്നു. അതിനാൽ ഭാഷാവ്യവസ്ഥകൾ അപ്രധാനമാക്കപ്പെടുന്ന പാഠ്യപദ്ധതി കുട്ടിയിലെ സാമൂഹിക സഹകരണ ബോധത്തെ മുരടിപ്പിക്കുന്നുണ്ട്. ഭാഷാവ്യവസ്ഥകളെ അറിയുമ്പോഴേ അതിൽ നിന്നും പുതിയ അർത്ഥവ്യവസ്ഥകളും സംഭവിക്കുന്നുള്ളൂ. ഉപ്പുനിയമ ലംഘനം നടത്തിയത് അടിച്ചേൽപ്പിക്കപ്പെട്ട, അസ്വാഭാവികമായ വ്യവസ്ഥക്കു പകരം സ്വാഭാവികമായ ഒരു നിയമ വ്യവസ്ഥയെ പുന:സ്ഥാപിക്കുന്നതിനു വേണ്ടിയെന്ന പോലെ ഭാഷയിലെ നിയമലംഘനങ്ങളും പുതിയ ഭാഷാവ്യവസ്ഥകൾ സൃഷ്ടിക്കുന്നു.


കുട്ടികളിൽ കുരുന്നിലേ തന്നെ സംഭവിക്കുന്ന ഭാഷയിലെ ശരിമാതൃകകളുടെ തിരോധാനം ഭാഷയിൽ മാത്രം അവസാനിക്കുന്ന ഒന്നല്ല. അവരുടെ എല്ലാ വ്യവഹാരങ്ങളിലും ഈ ബോധന മന:ശാസ്ത്രം അവരുടേതു മാത്രമായ ശരികളെ നിർമ്മിക്കുകയും ഒരു കൊലപാതകം നടത്തിയാലും, അതിൽ തെറ്റുതിരിച്ചറിയാനോ പശ്ചാത്തപിക്കാനോ ആവർത്തിക്കാതിരിക്കാനോ വേണ്ട സാമൂഹിക വിവേചനബോധത്തെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭാഷാപഠനത്തിൽ ശരി മാതൃകകൾ റദ്ദാക്കപ്പെട്ടിരിക്കുന്നതു പോലെ മനുഷ്യത്വത്തിൻ്റെ അനുകരണീയ മാതൃകകളും പാഠപുസ്തകളിൽ കുട്ടികൾ ഇന്നു പരിചയപ്പെടുന്നില്ല.
ഇപ്രകാരം തൻ്റേതായ ശരികൾക്ക് നൂറ് ശതമാനം സർട്ടിഫിക്കറ്റ് കിട്ടുന്ന വിദ്യാർത്ഥിയുടെ അനുകരണീയ ലോകം വയലൻസ് ആദർശമാക്കിയ വിഷ്വൽ മീഡിയ ആകുന്നു. ടി.വിയും അതിനു ശേഷം ഇൻ്റർനെറ്റും സ്മാർട്ഫോണും വന്നതോടെ കുട്ടികളുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ടുള്ള ഇടപെടൽ യഥാർത്ഥ ലോകമെന്നതിനേക്കാൾ വിഷ്വൽ മീഡിയയുടെ കൃത്രിമ ലോകമാണ്. അതായത് കുടുംബം, വിദ്യാലയം, അയൽപക്കം ,സമുദായം എന്നീ യാഥാർത്ഥ്യങ്ങളിൽ നിന്നും വിട്ട് വിഷ്വൽ മീഡിയയുടെ നിർമ്മിത ലോകമാണ് കുട്ടികളെ നയിക്കുന്നത്. ഇപ്രകാരം കുട്ടികളുടെ നിയന്ത്രണം സമ്പൂർണ്ണമായും കുടുംബം, വിദ്യാലയം എന്നീ യഥാർത്ഥ മാനുഷിക വിഹാരകേന്ദ്രങ്ങളിൽ നിന്നും എടുത്തു മാറ്റി നിഴലാട്ടങ്ങളുടെ സ്ക്രീനുകളിലേക്കു മാറ്റി പ്രതിഷ്ഠിക്കപ്പെട്ട കാലത്താണ് നാം ജീവിക്കുന്നത്.
വിഷ്വൽ മീഡിയ സർവ്വതന്ത്ര സ്വതന്ത്രമായ അതിൻ്റേതായ ശരികൾ മാത്രമുള്ള അധീശലോകമാണ്. കാർട്ടൂൺ കഥകളും സിനിമയും ചൂതുകളിയും മാരക ഗെയിമുകളും നിറച്ചതും, ആവിഷ്ക്കാര വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ പേരിൽ ഉല്പാദനത്തിലും ഉപഭോഗത്തിലും ഭരണകൂട നിയന്ത്രണങ്ങൾ ബോധപൂർവ്വം ഒഴിവാക്കിയതുമായ ആഗോള സ്വയംഭരണ സാമ്രാജ്യമാണ് വിഷ്വൽ മീഡിയ. ചലച്ചിത്രത്തിൻ്റെ വരവോടെ കാഴ്ചക്കുമുന്നിലെ എല്ലാ മതിലുകളും തകർക്കപ്പെട്ടിരിക്കുന്നു. മനുഷ്യരുടെ സ്വകാര്യതകളും ക്രൂരതകളും കലാപരമായ ആവിഷ്ക്കാരത്താൽ പരസ്യമായ കാഴ്ച വിഭവങ്ങളാക്കപ്പെട്ടിട്ടുണ്ട്. പ്രകാശവിന്യാസം, നിറങ്ങൾ, നിഴലുകൾ, ചലനങ്ങൾ, മനുഷ്യരുടെ ദൃശ്യപരിമിതികളെ മറികടക്കുന്ന ക്യാമറയുടെ പതിനായിരം ആങ്കിൾ കണ്ണുകൾ ഇവ ഒത്തുചേരുമ്പോൾ സൃഷ്ടിക്കപ്പെടുന്ന വശീകരണശക്തിയെ വെല്ലാൻ സാധാരണ മനുഷ്യരുടെ വെറും ഇടങ്ങളായ കുടുംബത്തിനും വിദ്യാലയത്തിനും സമുദായത്തിനും എളുപ്പമല്ലാതായിരിക്കുന്നു.
വിഷ്വൽ മീഡിയയുടെ ഗാഢസൗഹൃദത്തിൽ നിന്നും ഇറങ്ങിവരുന്ന കുട്ടികൾക്ക് വീട്ടിൽ രക്ഷിതാക്കളുടെയും സ്ക്കൂളിൽ അധ്യാപകരുടെയും ജീവിതചലനങ്ങൾ പഴയ ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രങ്ങളിലെ കഥയും ഭാവാഭിനയവും പോലെ വെറും കോമാളിത്തങ്ങളാണ്. കുട്ടികളെ കുടുംബത്തിൽ നിന്നും വിദ്യാലയത്തിൽ നിന്നും മോചിപ്പിച്ച് അവരവരുടെ സ്വാർത്ഥ സുഖങ്ങളിലും അതിൻ്റെ ശരികളിലും മാത്രം മുഴുകുന്ന ‘ഉത്തമ പൗര – ഉപഭോക്താക്കൾ’ മാത്രമാക്കാൻ വേണ്ടി വിഷ്വൽ മീഡിയയുടെ ചതുരക്കള്ളിയിൽ തളച്ചിരിക്കുന്നു എന്നു പറയേണ്ടി വരും.


യഥാർത്ഥത്തിൽ ഭരണകൂടത്തിൻ്റെ ദൗത്യം കുട്ടികളെ കുടുംബത്തിനും വിദ്യാലയത്തിനും തിരികെ ഏൽപ്പിക്കുക എന്നതും, അതിനായി കുടുംബത്തെയും വിദ്യാലയത്തെയും, അവയിലെ പരമ്പരാഗത ഏകാധിപത്യ പ്രവണതകളെ നിർവീര്യമാക്കി ജനായത്തവൽക്കരിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കുക എന്നതുമാണ്. ഭരണകൂടത്തിൻ്റെ തിട്ടൂരങ്ങൾക്കൊത്ത് ചലിക്കുന്ന കളിപ്പാവകളാകുന്നതിനു പകരം കുടുംബവും വിദ്യാലയവും ജനായത്തത്തിൻ്റെ സാംസ്കാരിക സ്വയംഭരണ സ്ഥാപനങ്ങളാകുന്നതിനുള്ള പരിശീലനമാണ് ഭരണകൂടം നൽകേണ്ടത്. അപ്പോൾ കുട്ടികൾക്ക് ജനായത്തപരമായ അവകാശങ്ങൾ മാത്രമല്ല അതോടൊപ്പം അതിൻ്റെ കടമകളും സുപ്രധാനമായി തീരും. കുട്ടികളോട് മുതിർന്നവർ ജനായത്തപരമായി പെരുമാറണം എന്നതുപോലെ പ്രസക്തമാണ് കുട്ടികളുടെ പെരുമാറ്റവും ജനായത്തപരമാകണമെന്നത്. ജനായത്തത്തിൻ്റെ ആന്തരിക സത്ത സഫലമാകുന്നത് അത് അടിത്തട്ടിൽ വേരൂന്നി മുകളിലേക്ക് വളരുമ്പോഴാണല്ലോ. അപ്പോഴാണല്ലോ, ഭരണപരമായ ഒരു രാഷ്ട്രീയ പദ്ധതി മാത്രമായി ചുരുങ്ങാതെ, ജനായത്തം സമൂഹത്തിൻ്റെ സാംസ്കാരിക അടിത്തറ തന്നെയാകുക.
ജനായത്ത ഭരണക്രമത്തിലും ഭരണകൂടഹിംസ അനിവാര്യമാകയാൽ കുട്ടികളെ നേർവഴിക്കു നയിക്കാനുള്ള അധികാരാവകാശങ്ങൾ തീർച്ചയായും ഭരണകൂടത്തിനു മാത്രമല്ല രക്ഷിതാക്കൾക്കും അധ്യാപകർക്കുമുണ്ട്. കേന്ദ്രീകൃതഭരണകൂടത്തിൻ്റെ അമിതാധികാരത്തെ നിയന്ത്രിക്കുന്ന അധികാര വികേന്ദ്രീകരണവും അടിത്തട്ടു ശാക്തീകരണവും കൂടിയാണത്. അമിതാധികാരവും അധികാര ദുർവിനിയോഗവുമാണ്- അത് രക്ഷിതാക്കളുടേതായാലും അധ്യാപകരുടേതായാലും ഭരണകൂടത്തിൻ്റേതായാലും – തടസ്സപ്പെടുത്തേണ്ടത്. “The child is not the mere creature of the state; those who nurture him and direct his destiny have the right, coupled with the high duty, to recognize and prepare him for additional obligations.” എന്ന് ഭരണകൂടത്തിൻ്റെ ദുരധികാരത്തെ വിമർശിച്ചുകൊണ്ട് രക്ഷിതാക്കളുടെ അവകാശങ്ങളെ സ്ഥാപിച്ച അമേരിക്കൻ സുപ്രീംകോടതി വിധി ഓർക്കുക.
വിപണി സമ്പദ്ഘടന സാമൂഹികജീവിതത്തിൻ്റെ എല്ലാ തലങ്ങളിലേക്കും പടർന്നു കയറി കുടുംബം, അയൽപക്കം, സമുദായം എന്നീ മാനുഷിക ബന്ധങ്ങളെ നിഷ്പ്രഭമാക്കിയ യൂറോ – അമേരിക്കൻ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും, യു.എൻ. തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ വഴി പ്രാന്തസ്ഥലികളായ ഇതര രാഷ്ട്രങ്ങളിലേക്കു ശിശുസൗഹൃദ വിദ്യാഭ്യാസവും ബാലാവകാശ നിയമങ്ങളും ഏകപക്ഷീയമായി പ്രക്ഷേപണം ചെയ്യുകയാണ്. അന്താരാഷ്ട്ര കരാറുകളുടെ ഭാഗമായി ഇറക്കുമതി നിയന്ത്രണങ്ങൾ എടുത്തു മാറ്റുന്നതു പോലെയും, ഏതു മേഖലയിലും നൂറ് ശതമാനം വിദേശ നിക്ഷേപത്തിനു വാതിൽ തുറന്നിട്ടുകൊടുക്കുന്നതുപോലെയും യൂറോ – അമേരിക്കൻ വിദ്യാഭ്യാസ പാഠ്യപദ്ധതി ശൈലികളെയും അതേപടി ഇങ്ങോട്ടു വരവേൽക്കുന്നു. സാമ്പത്തിക രംഗത്തെന്ന പോലെ സാംസ്ക്കാരിക രംഗത്തും അതിശക്തമായ യൂറോ – അമേരിക്കൻ ആധിപത്യത്തിൻ്റെ ഇരകളാണ് മൂന്നാം ലോകരാഷ്ട്രങ്ങൾ ഇന്ന്. ചേരിചേരാ പ്രസ്ഥാനത്തിൻ്റെ തിരോധാനത്തോടെ മൂന്നാം ലോകത്തു നിന്നുള്ള സാംസ്കാരിക ചെറുത്തുനില്പുകൾ വറ്റി വരണ്ടിരിക്കുന്നു.
ഇന്നും തുടരുന്ന ആഗോള അസമത്വ വാണിജ്യ വിനിമയങ്ങളാൽ സമ്പന്നമായ പാശ്ചാത്യ ഭരണകൂട സംവിധാനങ്ങളിലെ ഗാർഹിക, സാമുദായിക ബന്ധങ്ങളിൽ നിന്നും തുലോം വ്യത്യസ്തമാണ് ഇന്ത്യ മാതിരി രാജ്യങ്ങളിലെ മാനുഷിക ബന്ധങ്ങൾ. കുടുംബത്തിൽ രക്ഷിതാക്കളും മാതാപിതാക്കളും പരസ്പരം അവകാശങ്ങളും കടമകളും കൊണ്ട് ബന്ധിതരാണിവിടെ. ഈ സമൂഹത്തിലേക്കാണ് കടമകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യത്തെ മാത്രം പരിപോഷിപ്പിക്കുന്ന ബാലാവകാശങ്ങൾ രക്ഷിതാക്കളുടെ /അധ്യാപകരുടെ അവകാശങ്ങളെ അട്ടിമറിച്ചു കടത്തി വിട്ടിരിക്കുന്നത്. അതായത് ലഹരി സേവയുണ്ടോ എന്നറിയാൻ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതും, അവരെ ചോദ്യം ചെയ്യുന്നതും ബാലാവകാശ ലംഘനത്തിൽ പെട്ട് ‘ചൈൽഡ് ലൈനി’ൽ പരാതിപ്പെട്ടാൽ അധ്യാപകർ കുറ്റവാളികളായി തീരും.
നമ്മുടെ രാജ്യത്ത് ഇപ്പോൾ അധ്യാപകരുടെ മേൽനോട്ടത്തിൽ നിന്നും കുട്ടികളെ ‘സ്വതന്ത്ര’രാക്കിയെങ്കിൽ ഇനി വരാൻ പോകുന്നത് രക്ഷിതാക്കൾക്ക് കുട്ടികൾക്ക് മേലുള്ള അവകാശങ്ങൾ കൂടി നിയമപരമായി തന്നെ റദ്ദാക്കുക എന്നതാണ്. അണുകുടുംബഘടനയിലേയ്ക്കു വന്നതോടെ തന്നെ കുട്ടികൾ അവകാശങ്ങൾ മാത്രമുള്ളവരും കടമകൾ ഒന്നുമില്ലാത്തവരുമായി കുടുംബങ്ങളിലും അതിലാളനയ്ക്കു പാത്രങ്ങളാണിപ്പോൾ. വിദ്യാലയത്തിലെന്ന പോലെ വീട്ടിലും കുട്ടികളുടെ ‘സ്വകാര്യത’യെ മാനിക്കാതെ അവരുടെ ബാഗ് രക്ഷിതാക്കൾ പരിശോധിച്ചതോ അവരെ ശാസിച്ചതോ സ്കൂളിൽ അറിഞ്ഞാൽ, അത് രക്ഷിതാക്കൾക്കെതിരെ പരാതിയായി മാറി ഭരണകൂടം ഇടപെടുന്ന സ്ഥിതി വരും. കുട്ടികളുടെ ഈവിധ അവകാശങ്ങൾ വീട്ടിൽ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നറിയാൻ വീടിനെ നിരന്തരം വിദ്യാലയത്താൽ നിരീക്ഷണവിധേയമാക്കും. അങ്ങനെ വീടും സ്ക്കൂളും ഭരണകൂടവും തമ്മിലുണ്ടാകേണ്ട പരസ്പര പൂരകമായ ജൈവബന്ധം അട്ടിമറിക്കപ്പെടുന്നു. അകൽച്ചയുടെയും സംശയത്തിൻ്റെയും ശത്രുതയുടെയും പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത ഇടങ്ങളായി അടിസ്ഥാന മാനുഷിക സ്ഥലികൾ മാറുകയാണ്.


വ്യക്തിസ്വാതന്ത്ര്യം, ബാലാവകാശങ്ങൾ, ശിശുകേന്ദ്രിത വിദ്യാഭ്യാസം ഇവയുടെ ആഗോള മോഡലായ അമേരിക്കയിൽ ലഹരി ഉപയോഗത്തിൽ ദീർഘകാല പ്രശ്നങ്ങൾ ഉള്ളവരുടെ 90 ശതമാനവും 18 വയസ്സിനു മുന്നേ തന്നെ ലഹരിക്ക് അടിപ്പെട്ടവരാണ്. അവിടെ കൗമാരക്കാരിൽ അപകടമരണം, കൊലപാതകം, ആത്മഹത്യ ഇവയുടെ മുഖ്യകാരണവും ലഹരിസേവ തന്നെ. കുട്ടികളെ അവകാശങ്ങളുടെ മാത്രം ഉപഭോക്താക്കളായി ഭരണകൂടം ലാളിച്ചു വളർത്തുന്ന സാംസ്കാരിക ഘടനയുടെ പ്രതിഫലനമാണിത്. ബാലപരിചരണത്തിൻ്റെ ഈ സാംസ്കാരിക ഘടനയുടെ തിക്തഫലങ്ങളായ കുടുംബ – സമുദായ ശൈഥില്യങ്ങളെ അവിടങ്ങളിൽ ഭരണകൂട ജാഗ്രതയും സാമ്പത്തിക പിന്തുണയും കൊണ്ട് ഒരളവോളം ഭൗതികമായി അതിജീവിക്കാൻ വ്യക്തികൾക്കു കഴിഞ്ഞേക്കും. എന്നാൽ ഭരണകൂട പിന്തുണ തുലോം ദുർബ്ബലമായ നമ്മുടെ സമൂഹത്തിൽ ആഘാതങ്ങൾ മുഴുവൻ ഏറ്റുവാങ്ങാൻ കുടുംബവും സമുദായവും വിധിക്കപ്പെട്ടിരിക്കുന്നു. അതിനാൽ കുട്ടികളെ ശാസിക്കാനും നേർവഴി കാട്ടാനും ഭരണകൂടത്തിനു മാത്രമേ അധികാരമുള്ളൂ എന്ന വിപണി സമ്പദ് വ്യവസ്ഥയുടെ ദു:ശാഠ്യവും ദുരധികാരവും ഉള്ളടങ്ങിയ കേവല ഉപഭോക്തൃ നിർമ്മാണ വിദ്യാഭ്യാസശൈലി നമ്മുടേതു പോലുള്ള നാടുകളിൽ അപരിഹാര്യമായ സംഘർഷങ്ങളെ വിളിച്ചു വരുത്തുകയാണിപ്പോൾ.
ചേരിചേരാ പ്രസ്ഥാനത്തിൻ്റെ സജീവ നാളുകളിൽ യു.എൻ, യുനെസ്കോ തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ അധിനിവേശ സ്വഭാവമുള്ള പശ്ചാത്യ സാംസ്കാരിക പദ്ധതികളെ തിരിച്ചറിയാനും വിമർശിക്കാനും ചെറുക്കാനും ബദൽ സാംസ്കാരിക പദ്ധതികൾ ആവിഷ്ക്കരിക്കാനും കഴിവുള്ള രാഷ്ട്രീയ – ബൗദ്ധിക നേതൃത്വം മൂന്നാംലോകങ്ങൾക്കുണ്ടായിരുന്നു. അധിനിവേശത്തിൻ്റെ സാംസ്കാരിക രൂപങ്ങളെ അറിയാനുള്ള ആത്മാർത്ഥതയും ബൗദ്ധിക പരിജ്ഞാനവും മൂന്നാം ലോക രാഷ്ട്രീയ നേതൃത്വത്തിന് ഇപ്പോൾ കൈമോശം വന്നിട്ടുണ്ട്. അതിനാൽ കുടുംബം, വിദ്യാലയം, കുട്ടികൾ, സമുദായം ഇവരെയെല്ലാം ഇന്ന് ആഗോള വിപണിയുടെ സാംസ്കാരിക പദ്ധതികൾ ചുറ്റി വളഞ്ഞിരിക്കുന്നു. ഭരണകൂട ലാളനയാൽ ശരിയും തെറ്റും തിരിച്ചറിയാനാവതെ വഷളാക്കപ്പെട്ട കേവല ഉപഭോക്താക്കളായ തലമുറകളാണ് ജനായത്ത വിരുദ്ധ ഭരണകൂടങ്ങളുടെ വളക്കൂറുള്ള മണ്ണായി മാറുന്നത്.
മര്യാദ പഠിപ്പിക്കലിൻ്റെ പരമാധികാരി ഭരണകൂടം മാത്രമല്ലെന്നും കുടുംബത്തിനും വിദ്യാലയത്തിനും സമുദായത്തിനും അതിൽ സാരമായ പങ്കുണ്ടെന്നും നമ്മുടെ അധികാര രാഷ്ട്രീയത്തെ അറിയിക്കേണ്ടതുണ്ട്. യഥാർത്ഥ അധികാര വികേന്ദ്രീകരണമെന്നത് ഭരണകൂടം തട്ടിയെടുത്ത അടിത്തട്ട് സ്ഥാപനാധികാരങ്ങളെ തിരികെ കൊടുക്കുന്നതാണ്. അപ്പോഴാണ് ഏറ്റവും കുറച്ചു മാത്രം ഹിംസ പ്രയോഗിക്കുന്ന ജനായത്ത ഭരണകൂടങ്ങൾ ഉണ്ടാകുന്നതും വീടും വിദ്യാലയവും ജനായത്തപരമാകുന്നതും. കുട്ടികൾ രക്ഷിതാക്കളെയും അധ്യാപകരെയും അനാവശ്യമായി ഭയക്കേണ്ടതില്ലാത്തതുപോലെ പ്രധാനമാണ് രക്ഷിതാക്കളും അധ്യാപകരും കുട്ടികളെ അനാവശ്യമായി ഭയക്കേണ്ടതില്ലാത്തതും.