പയ്യന്നൂരിനുണ്ട് മറ്റൊരു രാഷ്ട്രീയം

സ്വാതന്ത്ര്യ സമരത്തിന്റെ നാളുകൾ തൊട്ടുതന്നെ വീറുറ്റ പ്രവർത്തകരുടെ സാന്നിദ്ധ്യം കൊണ്ട് ചരിത്രത്തിലിടം പിടിച്ച പ്രദേശമാണ് പയ്യന്നൂർ. ദേശീയ വിമോചന പ്രക്ഷോഭത്തിലെ ത്യാഗികളും ധീരരുമായ അനേകം ഭടന്മാർ ഇവിടെ നിന്നുണ്ടായി. ഉപ്പുസത്യാഗ്രഹത്തിന്റെ കേരളത്തിലെ സുപ്രധാന കേന്ദ്രമായ പയ്യന്നൂരിന് സ്വാതന്ത്ര്യസമരചരിത്രത്തിൽ ‘രണ്ടാം ബർദോളി’ എന്ന മറ്റൊരു വിശേഷണവും ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരിൽ നിന്നുള്ള മോചനം മാത്രമല്ല, ഗാന്ധിജിയുടെ നിർമ്മാണാത്മക-സാമൂഹ്യ പരിപാടികളിലും കേരളത്തിൽ മുന്നിട്ടുനിന്ന പ്രദേശമാണ് പയ്യന്നൂർ. ഖാദി പ്രചാരണം, അയിത്ത നിർമ്മാർജനം, ഹിന്ദി പ്രചാരണം, മദ്യവർജനം തുടങ്ങിയ മേഖലകളിൽ ഈ നാട് അതിന്റെതായ ശ്രദ്ധേയ സംഭാവനകൾ നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഘട്ടത്തിലും ഈ പരിപാടികൾ മിക്കതും തുടർന്നുകൊണ്ടിരുന്നു. താഴ്ന്ന ജാതിക്കാരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കുക മാത്രമല്ല; ജാതീയമായ അടിച്ചമർത്തലുകൾക്കെതിരായി ക്രിയാത്മകമായി പ്രതികരിക്കുകയും ദലിത് കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും വേണ്ടി ആയുഷ്കാലം മുഴുവൻ വിനിയോഗിക്കുകയും ചെയ്ത സ്വാമി ആനന്ദതീർത്ഥന്റെ നാമധേയം പ്രത്യേക പരാമർശം അർഹിക്കുന്നു.

ദേശീയസമര പാരമ്പര്യത്തിന്റെ തുടർച്ചയെന്നോണം പിന്നീടുണ്ടായിവന്ന കർഷക ബഹുജന സമരങ്ങളിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയുടെയും തൊഴിലാളി മുന്നേറ്റങ്ങളുടെയും ഒരു ശക്തികേന്ദ്രമായി പയ്യന്നൂർ മാറി. ആത്മാർത്ഥതയുള്ള ഒട്ടേറെ മനുഷ്യരുടെ നിസ്വാർത്ഥ പ്രവർത്തനം മൂലമാണ് സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് ആശയ അടിത്തറയുള്ള വായനശാലകൾ, കലാസമിതികൾ തുടങ്ങിയ നിരവധി സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പയ്യന്നൂരിലും അയൽ പ്രദേശങ്ങളിലും ഉണ്ടായിവന്നത്. സ്വാതന്ത്ര്യാനന്തരം മൂന്നു നാല് ദശകങ്ങൾ കഴിഞ്ഞപ്പോഴേക്കും നാട്ടിൽ മൊത്തമുണ്ടായ നാനാ മുഖമായ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ച ചലനങ്ങൾ നല്ലതും ചീത്തയുമായ ഒട്ടേറെ ഫലങ്ങൾ സൃഷ്ടിക്കുകയുണ്ടായി. അന്ധമായ കക്ഷിരാഷ്ട്രീയം, അമിതാധികാരപ്രയോഗങ്ങൾ, ജാതി-മത-വർഗീയ വേർതിരിവുകൾ തുടങ്ങിയവ സാധാരണ മനുഷ്യർക്കിടയിൽ ആശങ്കകളും അസ്വസ്ഥതകളും സൃഷ്ടിക്കുകയും അടിസ്ഥാന പ്രശ്നങ്ങളിൽപ്പോലും യോജിപ്പിലെത്തിച്ചേരാനുള്ള വസ്തുനിഷ്ഠവും മാനുഷികവുമായ കാഴ്ചപ്പാടുകൾ ദുഷ്കരമാക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെ വിമോചന സമരത്തിലൂടെ പുറത്താക്കാനുള്ള ശ്രമം വിജയിച്ചതോടെയാണ് ഒരർത്ഥത്തിൽ ഒട്ടേറെ സാമൂഹിക തിന്മകൾ കേരളത്തിലെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖമുദ്രയായി മാറിയത്. ഭരണഘടന നൽകുന്ന എല്ലാ സംരക്ഷണങ്ങളും സ്വാതന്ത്ര്യങ്ങളും കാറ്റിൽ പറത്തിയ അടിയന്തരാവസ്ഥ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാറി. എന്നാൽ ഇതിനെല്ലാം എതിരായി മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ഭരണഘടനാമൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സാമൂഹിക പ്രസ്ഥാനങ്ങൾ സമൂഹത്തിന്റെ ‘മുഖ്യധാര’യ്ക്ക് വെളിയിൽ രൂപപ്പെട്ടുകൊണ്ടിരുന്നു.

ജോൺസി ജേക്കബ്

സൈലന്റ്‌ വാലി പ്രക്ഷോഭവും പരിസ്ഥിതി ബോധവും

എഴുപതുകളുടെ അന്ത്യമാവുമ്പോഴേക്കും ലോകത്താകമാനം പരിസ്ഥിതി, ജനകീയാരോഗ്യം, മനുഷ്യാവകാശം തുടങ്ങിയ നവസാമൂഹ്യ പ്രസ്ഥാനങ്ങൾ വ്യാപകമായി പ്രവർത്തിച്ചുതുടങ്ങി. ഇന്ത്യയിലും കേരളത്തിലും വിശേഷിച്ച് പയ്യന്നൂരിലും പരിസര സംരക്ഷണ ശ്രമങ്ങളും ജനകീയാരോഗ്യ സംരക്ഷണ ശ്രമങ്ങളും നടക്കുന്നത് ചരിത്രപരമായ ഈ പശ്ചാത്തലത്തിലാണ്. 1962ൽ പുറത്തുവന്ന റേച്ചൽ കാർസന്റെ ‘നിശബ്ദ വസന്തം’ എന്ന കൃതി കീടനാശിനികൾ, രാസവിഷങ്ങൾ തുടങ്ങിയവ എങ്ങനെ ജീവൻ നശിപ്പിക്കുന്നു എന്നത് വ്യക്തമാക്കിത്തന്നു. അന്നുതൊട്ട് രാസവിഷങ്ങളുടെ ഉപയോഗത്തിനെതിരായ പ്രസ്ഥാനമായാണ് പരിസ്ഥിതി സമരങ്ങൾ മിക്കതും ആരംഭിച്ചത്. പ്രകൃതിയുടെ സമതുലിതാവസ്ഥ നിലനിൽക്കുന്നത് വിവിധ ജൈവ-അജൈവ മേഖലകൾ തമ്മിലുള്ള സങ്കീർണ്ണമായ പരസ്പരബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നും ആവാസവ്യവസ്ഥയ്ക്കകത്ത് ഏത് ജീവിയുടെയും പ്രാധാന്യം കുറച്ചുകാണാൻ കഴിയില്ലെന്നുമുള്ള ബോധം ശക്തിപ്പെട്ടു. മനുഷ്യന്റെ നിലനിൽപ്പ് പ്രകൃതിയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടതാണെന്ന യാഥാർഥ്യം ഉറക്കെയുറക്കെ പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ സാമ്പത്തിക പുരോഗതിയിൽ മാത്രം കണ്ണുനട്ട ഭരണകൂടങ്ങൾ, അപരിഹാര്യമായ വിധത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന പ്രകൃതിധ്വംസനം തുടർന്നുകൊണ്ടേയിരുന്നു. കടിഞ്ഞാണില്ലാത്ത ഈ പ്രകൃതിധ്വംസനത്തിന്റെ പരിണതഫലമാണ് ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ജൈവവൈവിധ്യനാശവും എല്ലാമെന്ന് ഇന്ന് തിരിച്ചറിയപ്പെടുന്നുണ്ടെങ്കിലും ഭരണാധികാരികൾ ഇപ്പോഴും ‘വികസനം’ എന്ന പേരിൽ നശീകരണ പദ്ധതികളുമായി കൂസലില്ലാതെ മുന്നോട്ടുപോകുന്നു. ഇത്തരം ആത്മഹത്യാപരമായ വികസന നയങ്ങളെ സജീവമായി എതിർക്കാൻ രംഗത്തുള്ളത് ജനപക്ഷത്തുള്ള ഏതാനും ശാസ്ത്രജ്ഞരും സാഹിത്യകാരന്മാരും കലാകാരന്മാരും പരിസ്ഥിതിസ്നേഹികളും മാത്രമാണ് എന്നും ‘മുഖ്യധാര’ എന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയകക്ഷികൾ അല്ലെന്നും തിരിച്ചറിയുമ്പോൾ ഈ ആക്ടിവിസ്റ്റുകൾ അനുഷ്ഠിക്കുന്ന സേവനം എത്രമാത്രം വിലപ്പെട്ടതാണെന്ന് ബോധ്യമാവും.

പരിസ്ഥിതിവിഷയത്തിലുള്ള ആദ്യത്തെ പ്രതിഷേധപ്രകടനം പയ്യന്നൂരിൽ നടക്കുന്നത് സൈലന്റ് വാലിയിൽ അണക്കെട്ട് നിർമ്മിക്കുന്നതിനെതിരെയാണ്. കേരളത്തിൽ തന്നെ ആദ്യമായി സൈലന്റ് വാലി നശിപ്പിക്കുന്നതിനെതിരെ പൊതുപ്രക്ഷോഭം ഉയർന്നത് പയ്യന്നൂരിൽ നിന്നാണ്. കേരളത്തിലെ പരിസരസംരക്ഷണ പ്രസ്ഥാനത്തിന്റെ മഹാഗുരുവായ പ്രൊഫ. ജോൺസി ജേക്കബിന്റെ നേതൃത്വത്തിലാണ് ഇത് ആരംഭിച്ചത്. പിന്നീട് പല സ്ഥലത്തുമുള്ള ആളുകളും സംഘടനകളും പ്രസ്ഥാനങ്ങളും അതിൽ എത്തിച്ചേരുകയായിരുന്നു. ഡോ. സതീഷ് ചന്ദ്രൻ, പ്രൊഫ. എം.കെ പ്രസാദ്, സുഗതകുമാരി, പ്രൊഫ. കെ.കെ നീലകണ്ഠൻ തുടങ്ങിയവരുടെ മുൻകൈകളും പിന്തുണയും നിരന്തരം സമരത്തിന് ഊർജ്ജം പകർന്നു. ഏതാനും ആക്ടിവിസ്റ്റുകളുടെ സ്ഥിരോത്സാഹത്തിൽ നിന്ന് ഉയർന്നുവന്ന ഈ സമരം വിജയം കണ്ടത് പരിസ്ഥിതി പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

വനയാത്രകളും പരിസ്ഥിതിക്യാമ്പുകളും നടത്തി കുട്ടികളിൽ പാരിസ്ഥിതികാവബോധം വളർത്തുന്നതിലും ആൻഖ്, സൂചീമുഖി തുടങ്ങിയ മാസികകളിലൂടെ അത് വികസിപ്പിക്കുന്നതിലും പയ്യന്നൂരിലെ കേരള പരിസ്ഥിതി വിദ്യാഭ്യാസ സമിതി (SEEK) വഹിച്ച പങ്ക് നിസ്തുലമാണ്. ജോൺസി മാഷിനെ തുടർന്ന് ടി.പി പദ്മനാഭൻ മാസ്റ്ററും വി.സി ബാലകൃഷ്ണനും മറ്റും ചേർന്ന് ഇത് മുന്നോട്ടുകൊണ്ടുപോവുന്നുണ്ട്. ഇ ഉണ്ണികൃഷ്ണൻ കാവുകൾ സംരക്ഷിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങളും ഉണ്ണിയും പിന്നീട് ബാബു കാമ്പ്രത്തും പാരിസ്ഥിതിക പ്രമേയങ്ങളുള്ള ഡോക്യുമെന്ററികളിലൂടെ നടത്തിയ ഇടപെടലുകളും എടുത്തുപറയണം. ബാബുവിന്റെ കാനം, കൈപ്പാട്, മദർ ബേർഡ് തുടങ്ങിയ ചിത്രങ്ങൾ അവാർഡുകളിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയവയാണ്. പിൽക്കാലത്ത്, നിയമരംഗത്ത് പ്രവർത്തിക്കുന്ന അഡ്വ. കാളീശ്വരം രാജ് ആദ്യകാലത്ത് പയ്യന്നൂരിൽ നിന്നും പരിസരവേദി ബുള്ളറ്റിൻ ഇറക്കിയ പരിസ്ഥിതി പ്രവർത്തകനായിരുന്നു.

നർമ്മദ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റ് ഓഫീസ് ധർണ്ണ

പബ്ലിക് ഹെൽത് ഫോറത്തിന്റെ ഇടപെടലുകൾ

പയ്യന്നൂരിലെ ചില ആശുപത്രികളുടെ/ഡോക്ടർമാരുടെ അനാസ്ഥയും അവഗണനയും മൂലം ഏതാനും രോഗികൾക്ക് നേരിട്ട ദുരിതങ്ങളുടെയും മരണത്തിന്റെയും പശ്ചാത്തലത്തിലാണ് വ്യാപകമായ പ്രതിഷേധവും തുടർന്ന് പബ്ലിക് ഹെൽത് ഫോറം എന്ന സംഘടനയും ഉണ്ടായത്. ഡോക്ടർ, ആശുപത്രി, മരുന്ന് എന്ന മൂന്ന് കാര്യങ്ങളിൽ കുരുങ്ങിക്കിടന്ന ആരോഗ്യരംഗത്തിന്റെ കൊള്ളരുതായ്മകൾ എത്രമാത്രം ആരോഗ്യനിഷേധകമാണ് എന്ന സാമാന്യമായ തിരിച്ചറിവുണ്ടായത്, പയ്യന്നൂർ സർക്കാർ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് ഡോക്ടർമാരുടെ അനാസ്ഥകൊണ്ട് പുഷ്പവല്ലി എന്ന യുവതി മരിച്ചപ്പോൾ അതിനുത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന ദീർഘമായ സമരത്തിന്റെ ഘട്ടത്തിലാണ്. സമഗ്രമായ ഒരു ആരോഗ്യ സങ്കൽപ്പവും, ആരോഗ്യം മനുഷ്യാവകാശമാണെന്ന സമീപനവും ഉയർത്തിപ്പിടിക്കുന്ന പബ്ലിക് ഹെൽത് ഫോറം എന്ന കൂട്ടായ്മ ആരോഗ്യരംഗത്ത് പൊളിച്ചെഴുത്ത് നടക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി പ്രചാരണങ്ങളും പ്രഭാഷണങ്ങളും പ്രസിദ്ധീകരണങ്ങളും ഉൾപ്പെടെയുള്ള മാർഗങ്ങൾ അവലംബിച്ചു. ആരോഗ്യത്തിന്റെ രാഷ്ട്രീയം ഇവിടെ മാത്രമല്ല കേരളത്തിലുടനീളം സജീവമായ ചർച്ചാവിഷയമായി. ആധുനിക ചികിത്സയെ അടിമുടി വിമർശവിധേയമാക്കുകയും ചികിത്സാവ്യവസ്ഥ എങ്ങനെ രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് പരിശോധിക്കുകയും ചെയ്തുകൊണ്ട് ലോകമെങ്ങും വൈദ്യത്തെക്കുറിച്ച് ഒരു പുനർവിചിന്തനത്തിനു തുടക്കം കുറിച്ച പ്രശസ്ത ചിന്തകൻ ഇവാൻഇല്ലിച്ചിന്റെ ‘ലിമിറ്റ്സ് റ്റു മെഡിസിൻ’ എന്ന പുസ്തകം പബ്ലിക് ഹെൽത് ഫോറം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കേരളത്തിലുടനീളം ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിച്ചു. ആരോഗ്യരംഗത്തെ പ്രശ്നങ്ങൾക്ക് സ്ഥാപനപരമായ പരിഹാരങ്ങൾ തേടുന്നതിനോടൊപ്പം തന്നെ ആ വിഷയത്തെ അതിന്റെ സമഗ്രതയിലും രാഷ്ട്രീയപ്രാധാന്യത്തോടെയും മനസ്സിലാക്കാനുള്ള ശ്രമങ്ങളും ഒരു ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള പരിപാടികളും തുടർന്നു.

‘ആമുഖം’എന്നപ്രസിദ്ധീകരണത്തിലൂടെയും സെമിനാറുകൾ, പൊതുയോഗങ്ങൾ തുടങ്ങിയവയിലൂടെയുമാണ് ആശയങ്ങൾ പ്രചരിപ്പിച്ചത്. സ്കിസോഫ്രേനിയ രോഗികളെ എങ്ങനെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പരിചരിക്കാം എന്ന് വിശദീകരിക്കുന്ന സിൽവാനോ അരിയേറ്റിയുടെ ‘Understanding & Helping the Schizophrenic’ എന്ന പുസ്തകം ഹെൽത് ഫോറത്തിനുവേണ്ടി ബി.ഐ മാധവൻ നമ്പൂതിരി മലയാളത്തിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത് നിരവധി ആളുകൾക്ക് പ്രയോജനപ്പെട്ടിരുന്നു. കേരളത്തിൽ മൊത്തം ഇതിന് സമാനമായ, ആരോഗ്യം മുഖ്യ വിഷയമായെടുത്ത, ചെറുസംഘങ്ങൾ ഉയർന്നുവന്നത് ആരോഗ്യ ചർച്ചയിൽ ഗുണപരമായ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് പബ്ലിക് ഹെൽത് ഫോറത്തിന്റെ പ്രവർത്തകരിൽ ഒരാളായ ഈ ലേഖകൻ ഉൾപ്പെടെയുള്ളവർ വിലയിരുത്തുന്നത്.
ഗോയ്റ്റർ രോഗം തടയാനെന്ന പേരിൽ കല്ലുപ്പ് നിരോധിച്ച് പകരം അയഡിൻ കലർത്തിയ ഉപ്പ് ഏല്ലാവർക്കും അടിച്ചേൽപ്പിക്കുന്നതിനെതിരായി ഒരു രണ്ടാം ഉപ്പു സത്യാഗ്രഹം വേണമെന്ന് ഹെൽത് ഫോറം കാമ്പെയ്ൻ നടത്തി. കവലയോഗങ്ങളും തെരുവ് നാടകങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടന്നു. സമരപരിപാടികളുടെ ഭാഗമായി സ്വാമി ആനന്ദതീർത്ഥന്റെ ആശ്രമത്തിൽ നിന്ന് ഉളിയത്ത് കടവിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്തത് ഡോ. ശിവരാമകാരന്ത് ആയിരുന്നു. അനാവശ്യമായ അയഡിൻ തീറ്റ ഹൈപ്പർതൈറോയ്ഡിസം, തൈറോടോക്സിക്കോസിസ് പോലുള്ള പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാക്കുമെന്ന് പ്രവർത്തകർ അന്ന് പ്രചരിപ്പിച്ചത് എത്ര ശരിയായിരുന്നുവെന്ന് ഇന്ന് ആളുകൾക്കറിയാം. ആഗോളവത്കരണ-ഉദാരവത്കരണ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യ ലോകവ്യാപാര സംഘടനയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കുന്നത് രാജ്യതാത്പര്യങ്ങൾക്കും സ്വാശ്രയ വികസനത്തിനും പ്രതികൂലമാണ് എന്നതിനാൽ ഗാട്ട്കരാർ, ഡങ്കൽ നിർദേശങ്ങൾ എന്നിവയ്ക്കെതിരെ വ്യാപകമായ ചർച്ചകൾ സംഘടിപ്പിച്ചു. ലോക വ്യാപാര സംഘടനയുമായി ഇന്ത്യ കരാർ ഒപ്പു വച്ച ദിവസം, പ്രതിഷേധ സൂചകമായി പയ്യന്നൂരിൽ ഹർത്താൽ ആചരിച്ചു.

പെരിങ്ങോം ആണവ നിലയത്തിനെതിരായ സമരത്തിൽ ഡോ. സുകുമാർ അഴീക്കോട് സംസാരിക്കുന്നു

ആരോഗ്യം എന്നത് കേവലം വ്യക്തിയുടെ വിഷയമല്ലെന്നും നമ്മുടെ ആഹാരം, കുടിവെള്ളം, പരിസരം, ശുചിത്വം ഇവയുമായെല്ലാം ബന്ധപ്പെട്ടുള്ള ഒരു സാമൂഹിക മൂല്യമാണെന്നും തിരിച്ചറിഞ്ഞ സ്ഥിതിക്ക്‌ കേവലം ആശുപത്രിയും മരുന്നുമൊന്നുമല്ല ആരോഗ്യവിഷയത്തിൽ നിർണ്ണായകമായത് എന്ന് വരുന്നു. പരിസ്ഥിതിയുടെ സംതുലിതത്വവും മനുഷ്യർക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും ശുചിത്വം പാലിക്കാനും സാധിക്കുന്ന അവസ്ഥയുമാണ് പരമപ്രധാനം. പാരിസ്ഥിതിക സമരങ്ങളുടെ ഒരു പ്രഭവസ്ഥാനമായി പയ്യന്നൂർ മാറുന്നത് ഈ തിരിച്ചറിവുള്ള ധാരാളം ആക്ടിവിസ്റ്റുകൾ ഇവിടെയുള്ളതുകൊണ്ടാണ്. തൃക്കരിപ്പൂരിലും ചീമേനിയിലും ഇരിണാവിലും നിർദേശിക്കപ്പെട്ട താപനിലയങ്ങൾ, മാടായിപ്പാറയിലെ കൽക്കരിഖനനം, കാക്കടവിലെ അണക്കെട്ട് തുടങ്ങിയവയ്‌ക്കെതിരെയും കാസറഗോട്ടെ എൻഡോസൾഫാൻ പീഡിതരുടെ പുനരധിവാസത്തിന് വേണ്ടിയുമുള്ള സമരങ്ങളിലും പയ്യന്നൂർ പ്രധാന പങ്കുവഹിച്ചു. കണ്ണൂർ-കാസറഗോഡ് ജില്ലകളിലെ എല്ലാ പാരിസ്ഥിതിക സമരങ്ങളിലും ഹെൽത് ഫോറത്തിന്റെ സജീവപങ്കാളിത്തം ഉണ്ടായിരുന്നു; മിക്കപ്പോഴും അവയെ സൈദ്ധാന്തികമായും പ്രായോഗികമായും നയിച്ചതും ഫോറത്തിന്റെ പ്രവർത്തകരായിരുന്നു.

പെരിങ്ങോം ആണവ നിലയത്തിനെതിരായ ബഹുജന മാർച്ച്

പെരിങ്ങോത്ത് നിർദിഷ്ട ആണവ നിലയത്തിനെതിരെയുള്ള ജനകീയസമരം ഐതിഹാസികമായ മാനങ്ങൾ കൈവരിച്ചു. ഡോ. ഡി സുരേന്ദ്രനാഥ്, എൻ. സുബ്രഹ്മണ്യൻ, കെ രാമചന്ദ്രൻ, കെ.എം വേണുഗോപാലൻ, ഷിജു പോൾ, കെ.പി രവീന്ദ്രൻ, കെ സഹദേവൻ എന്നിങ്ങനെ പൊതുപ്രവർത്തകരുടെ ഒരു നീണ്ടനിര തന്നെ ആണവ നിലയ വിരുദ്ധ പോരാട്ടത്തിൽ അണി നിരന്നിരുന്നു. ആണവലോബി പ്രചരിപ്പിച്ച എല്ലാ നുണകളെയും തുറന്നുകാട്ടി കേരളത്തിലെന്നല്ല രാജ്യത്തുടനീളമുള്ള ആണവവിരുദ്ധ ശാസ്ത്രജ്ഞരെയും ഊർജരംഗത്ത് വിവേകമുള്ള നിലപാടുകൾ പുലർത്തുന്നവരെയും എല്ലാം പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ആ സമരം ഇന്ത്യയിലെ ആണവവിരുദ്ധ സമരങ്ങളുടെ ചരിത്രത്തിൽ വിജയിച്ച ഒരേ ഒരു സമരമായി മാറി. കർണാടകയിലെ കൈഗയിലും തമിഴ്നാട്ടിലെ കൂടംകുളത്തും മഹാരാഷ്ട്രയിലെ ജെയ്താപ്പൂരും ബംഗാളിലെ ഹരിപ്പൂരും ഒക്കെ നടന്ന ആണവവിരുദ്ധ സമരങ്ങളിലും, മേധാപട്കറുടെ നേതൃത്വത്തിൽ നടക്കുന്ന നർമ്മദയിലെ പ്രക്ഷോഭത്തിലും എന്ന് വേണ്ട കേരളത്തിലും രാജ്യത്താകെയും നടക്കുന്ന എല്ലാ പരിസ്ഥിതിസംരക്ഷണ ശ്രമങ്ങളിലും പയ്യന്നൂരിലെ ആക്ടിവിസ്റ്റുകളുടെ സാന്നിധ്യവും സഹകരണവും ഉണ്ടായിരുന്നു; പശ്ചിമഘട്ട സംരക്ഷണ യാത്രയിലും അവർ പങ്കാളികളായിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിൽ സർവസ്വവും നഷ്ടപ്പെട്ട് ഭീതിയിൽ കഴിയേണ്ടിവന്ന അനാഥരായ മനുഷ്യരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പയ്യന്നൂരിൽ ചിത്രകാരന്മാരുടെ ഒരു പ്രതിഷേധസംഗമവും, കലാപത്തിന്റെ ഇരകൾ നെയ്ത്, പ്രകൃത്യാ ഉള്ള ചായങ്ങൾ മുക്കിയ ഖാദി കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തുകയുണ്ടായി. മാനസികമായി പീഡിപ്പിക്കപ്പെട്ട് തരിച്ചുനിൽക്കുന്ന മനുഷ്യരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു ശ്രമമായിരുന്നു അന്ന് ഹെൽത് ഫോറത്തിന്റെ മുൻകൈയിൽ കെ സഹദേവൻ, പി പ്രേമചന്ദ്രൻ തുടങ്ങിയ ആക്റ്റിവിസ്റ്റുകൾ നടത്തിയത്. കണ്ണൂർ ജില്ലയിലെ മികച്ച മിക്ക കലാകാരന്മാരും ഗുജറാത്തിൽനിന്നു ഡോ. സുരേന്ദ്ര ഗഡേക്കർ, ഡോ. സംഘമിത്ര എന്നിവരും സജീവമായി പങ്കെടുത്ത പ്രസ്തുത പരിപാടി ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇത് വർഗീയ അക്രമത്തിന്റെ ഇരകൾക്ക് പുതിയ ഒരു ഊർജം പകർന്നു. പരിപാടിയിൽ വച്ച് വരച്ച ചിത്രങ്ങൾ പോസ്റ്റ്കാർഡ് രൂപത്തിൽ പ്രിന്റ് ചെയ്ത് പിന്നീട് നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് മോദി വിരുദ്ധപ്രചരണം നടത്തുന്നതിനായി ഉപയോഗിച്ചിരുന്നു.

‘വികസനം’ വിമർശിക്കപ്പെടുന്നു

ആരോഗ്യം, അണക്കെട്ടുകൾ, താപനിലയം, ആണവ നിലയം, കീടനാശിനി, ഖനനം എന്നിങ്ങനെ പ്രത്യേകം പ്രത്യേകമായി പ്രശ്നങ്ങളെ സമീപിക്കുന്നത് ശരിയല്ലെന്നും മൊത്തത്തിൽ ‘വികസനം’ എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസത്തിന്റെ വിവിധ പ്രകടിതരൂപങ്ങൾ എന്ന നിലയ്ക്ക് തന്നെ ഇവയെ കാണണമെന്നും ഉള്ള ഒരു സമവായത്തിലെത്തിയത് പബ്ലിക്ക്ഹെൽത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂരിന് അടുത്തുള്ള കോറോത്ത് വെച്ച് നടന്ന വികസനത്തെക്കുറിച്ചുള്ള സെമിനാറിൽ ആണ്. പരിസ്ഥിതി വിരുദ്ധവും ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായ വികസന സങ്കൽപ്പത്തെ ഉടച്ചുവാർക്കുകയും മാനുഷികവും നിലനിൽക്കാവുന്നതും പ്രകൃതിസൗഹൃദപരവുമായ ബദൽ മാർഗങ്ങൾ, അനുയോജ്യ സാങ്കേതിക വിദ്യകൾ, പ്രായോഗികമായ പരിഹാരമാർഗങ്ങൾ എന്നിവ അന്വേഷിക്കുകയും വേണമെന്ന ചിന്ത ശക്തിപെട്ടത് ഈ സന്ദർഭത്തിലായിരുന്നു. പിന്നീട് കേരളത്തിൽ നടന്ന ബദൽ ഊർജം, ജൈവ കൃഷി തുടങ്ങിയവയെപ്പറ്റിയുള്ള അന്വേഷണശ്രമങ്ങൾ ഇതിന്റെ തുടർച്ചയാണ്. വയലുകളും തണ്ണീർതടങ്ങളും സംരക്ഷിക്കുവാനും പ്ലാസ്റ്റിക്കും മറ്റു ഖരമാലിന്യങ്ങളും നിർമ്മാർജനം ചെയ്യുവാനും വികേന്ദ്രീകൃത ശ്രമങ്ങളാരംഭിച്ചത് ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായാണ്.

വധശിക്ഷാ വിരുദ്ധ സമരം

ജൈവകൃഷി, ബദൽ ഊർജം എന്നിവയിൽ പ്രായോഗിക പരിശ്രമങ്ങളിൽ ഏർപ്പെടുന്നവർ, എഴുത്തുകാർ, പ്രഭാഷകർ, ഫോട്ടോഗ്രാഫർമാർ, കലാകാരർ, അദ്ധ്യാപകർ മാധ്യമപ്രവർത്തകർ, ഗവേഷകർ, സാധാരണക്കാരായ പ്രവർത്തകർ ഇങ്ങനെ വ്യത്യസ്ത രീതികളിൽ പരിസ്ഥിതി രംഗത്ത് സജീവമായി സാന്നിധ്യം ഉറപ്പിച്ച ആക്ടിവിസ്റ്റുകളുടെ ഒരു നീണ്ടനിര തന്നെ പയ്യന്നൂരിൽ ഉണ്ട്. പരിസ്ഥിതിക്ക് ഭീഷണി ഉയർത്തുന്ന ഏതെങ്കിലും ജനവിരുദ്ധ പദ്ധതികൾ നിർദേശിക്കപ്പെടുമ്പോളെല്ലാം അവയ്ക്കെതിരെ ബോധവത്കരണം നടത്താനും പ്രതിഷേധിക്കുവാനും അവർ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങും. ഇതിനു പുറമെ വധശിക്ഷക്കെതിരായും പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ അവകാശങ്ങൾക്കു വേണ്ടിയും നീതിക്കു വേണ്ടിയും ശബ്ദിക്കുന്ന, പൊരുതുന്ന മനുഷ്യാവകാശ പ്രവർത്തകരുണ്ട്. സാഹിത്യം, കല, സിനിമ തുടങ്ങിയവ മനുഷ്യവിമോചനത്തിനുള്ള ഉപാധികളായെടുത്ത് ഗൗരവത്തോടെ അവയെ സമീപിക്കുന്ന സാംസ്കാരിക പ്രവർത്തകരുണ്ട്. ഇവരൊക്കെ സാമ്പ്രദായിക സാമൂഹ്യ-രാഷ്ട്രീയ വേദികളുടെ മുഖ്യധാരയ്ക്ക് പുറത്തുനിന്നുകൊണ്ടാണ് മിക്കപ്പോഴും പ്രവർത്തിക്കുന്നത്. വികസനത്തോടുള്ള കാഴ്ചപ്പാടിലെ ഗുണപരമായ വ്യത്യാസമാണ് മുഖ്യധാര എന്ന് വിളിക്കപ്പെടുന്നവരിൽ നിന്ന് അവരെ വ്യത്യസ്തരാക്കുന്നത്. അവരുടെ കൂട്ടായ്മകളെ പലരും വിളിക്കുന്നത് നവസാമൂഹിക പ്രസ്ഥാനങ്ങൾ എന്നാണ്.

ആക്ടിവിസം സിനിമയിലൂടെ

മികച്ച ലോകസിനിമാ ക്ലാസിക്കുകൾക്ക് മലയാളഭാഷയിൽ സബ് ടൈറ്റിലുകളൊരുക്കി എല്ലാ വിഭാഗം ജനങ്ങൾക്കും സിനിമ ആസ്വാദ്യമാക്കാനുള്ള സംരംഭം ആദ്യമായി ആരംഭിച്ചത് പയ്യന്നൂരിലെ ഓപ്പൺ ഫ്രെയിമിലെ ആക്റ്റിവിസ്റ്റുകളാണ്. ജാതി-മത-വംശ-ലിംഗ വിഭജനങ്ങളും, സങ്കുചിത ദേശീയതകളും യുദ്ധവും പരിസരനശീകരണവും ലോകത്തു സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പ്രമേയമായുള്ള ഒട്ടേറെ ക്ലാസിക്കുകൾ മലയാളത്തിലുള്ള ശീർഷകങ്ങളോടെ ബഹുജനങ്ങൾക്കായി സൗജന്യമായി പ്രദർശിപ്പിക്കുന്ന പതിവ് ലോകത്തിലെവിടെയും സമാനതകളില്ലാത്ത ഒരു സാംസ്കാരിക പ്രവർത്തനമാണ്. മതദേശീയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം സ്ഥാപിച്ചെടുക്കാൻ വിവേകത്തിന്റെ വാക്കുകളെ നിശ്ശബ്ദമാക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തെ തുറന്നുകാട്ടുന്ന ആനന്ദ് പട്വർധന്റെ ‘വിവേക്’ (Reason) എന്ന ഡോക്യുമെന്ററിക്ക് കേരളത്തിലുടനീളം പ്രദർശിപ്പിക്കാനുള്ള മലയാളം സബ് ടൈറ്റിൽ, കമെന്ററി എന്നിവ ഒരുക്കിയത് ഓപ്പൺ ഫ്രെയിം ഫിലിംസൊസൈറ്റിയിലെ ആക്ടിവിസ്റ്റുകളാണ്.

ഓപ്പൺ ഫ്രെയിം ഫിലിം ഫെസ്റ്റിവൽ വേദി

ഇനിയെന്ത് ?

അനാവശ്യമായ അനേകം വികസനപദ്ധതികൾക്കെതിരെയുള്ള സമരങ്ങൾ അധികൃതരെ പദ്ധതി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കി. ദീർഘനാളത്തെ പോരാട്ടത്തിനു ശേഷം വിജയിച്ച സമരങ്ങളുടെ കൂട്ടത്തിൽ ഒന്ന് പയ്യന്നൂർ മുനിസിപ്പാലിറ്റി പരിധിയിലുള്ള പരിസ്ഥിതി ദുർബലപ്രദേശത്ത് കൂറ്റൻ ടാങ്കുകൾ സ്ഥാപിച്ച് പെട്രോളിയം ഉത്പന്നങ്ങൾ ശേഖരിച്ച് വെക്കാനുള്ള കെ.പി.പി.എൽ പദ്ധതിക്കെതിരെയുള്ള സമരമായിരുന്നു. ജനങ്ങളുടെ പ്രതിരോധമാണ് സർക്കാർ തങ്ങളുടെ തീരുമാനം പുനപ്പരിശോധിക്കാനും പദ്ധതി ഉപേക്ഷിക്കാനും കാരണമായത്‌. കൊവിഡ്‌-19 പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. പൗരത്വ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനെതിരെ പയ്യന്നൂരിലെ പൊതുസ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധസമരങ്ങൾ നടന്നു. ഈ വിഷയത്തിൽ ദില്ലിയിലും മറ്റു സ്ഥലങ്ങളിലും നടന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന പൊതുയോഗങ്ങളും പരിപാടികളും ഉണ്ടായി. കർഷകമാരണ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചത് തൊട്ട് ആവശ്യങ്ങൾ നേടിയെടുത്ത് അവർ വിജയിച്ചു മടങ്ങുന്നതുവരെയും കർഷകരുടെ ആവശ്യങ്ങളെ പിന്തുണച്ചുകൊണ്ടുള്ള ഒട്ടേറെ പരിപാടികൾ പയ്യന്നൂരിൽ നടക്കുകയുണ്ടായി. ചില ഘട്ടങ്ങളിൽ ഇവിടെനിന്നു പ്രതിനിധികൾ ദില്ലിയിൽ പോയി ചരിത്രം സൃഷ്ടിച്ച കർഷകസമരത്തോട് ഐക്യപ്പെടുകയുമുണ്ടായി. ഇതിനൊക്കെ മുൻകൈയെടുത്തത് മുഖ്യധാരാ പാർട്ടികളല്ല മറിച്ച്, ആക്ടിവിസ്റ്റുകളാണ് എന്നതും കർശനമായ കോവിഡ്‌ പ്രോട്ടോക്കോളുകൾ പോലും ഏതാണ്ട് ലംഘിച്ചുകൊണ്ടാണ് ഇതൊക്കെ നടന്നത് എന്നതും ശ്രദ്ധേയമാണ്.

കർഷക ബന്ദിന് ഐക്യദാർഢ്യം

ഇപ്പോഴും തീരുമാനമാവാതെ സമരം തുടരേണ്ടിവരുന്ന അനേകം പ്രശ്നങ്ങൾ ഇനിയും ബാക്കിയുണ്ട്: പശ്ചിമഘട്ടത്തിലെ പാരിസ്ഥികസുസ്ഥിരതയില്ലാത്ത പ്രദേശങ്ങളിൽ ഇപ്പോഴും തുടരുന്ന ചെങ്കൽ കരിങ്കൽ ഘനനം, എൻഡോസൾഫാൻ ഇരകൾക്ക് ഇനിയും ആശ്വാസവും പുനരധിവാസവും ചികിത്സാ സൗകര്യങ്ങളും ലഭിക്കാത്തത്, വികസനത്തിന്റെ പേരിൽ കണ്ടൽ വ്യാപകമായി നശിപ്പിക്കുന്നത്, തീരദേശപാലന നിയമങ്ങൾ ലംഘിച്ചു കടൽത്തീരത്ത് റോഡുകളും കെട്ടിടങ്ങളും നിർമ്മിക്കൽ, പുഴയിൽനിന്നും തീരത്തുനിന്നും മണ്ണെടുപ്പ്‌ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. വധശിക്ഷ ഉപേക്ഷിക്കുന്നതിന് വേണ്ടിയും പാർശ്വവത്കൃതരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയും നടന്ന സമരങ്ങൾ വിജയം കണ്ടില്ല. എങ്കിലും ഇത്തരം എല്ലാ സമരങ്ങളും നമ്മുടെ സമൂഹത്തെ ജനാധിപത്യവത്കരിക്കുന്നതിനും സാധാരണ മനുഷ്യരുടെ അടിസ്ഥാനപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളവയാണ്. മുകളിൽനിന്ന് അടിച്ചേൽപ്പിക്കപ്പെടുന്ന എല്ലാ വികസന പദ്ധതികളെയും സംശയത്തോടെ വീക്ഷിക്കുകയും ശാസ്ത്രീയമായി അതിന്റെ ഗുണദോഷ താരതമ്യം നടത്തുകയും ചെയ്ത ശേഷം മാത്രം അവയെ സ്വാഗതം ചെയ്യുകയുമാണ് ആക്ടിവിസ്റ്റ് നയം.

ഇപ്പോഴിതാ കെ-റയിൽ സിൽവർ ലൈൻ അഭിമാനകരമായ ഒരു ‘മഹാവികസനപദ്ധതി’യായി ജനങ്ങളുടെ മേൽ നിർബന്ധിച്ചു നടപ്പിലാക്കാനുള്ള പുറപ്പാടിനെതിരെ കേരളത്തിലാകെ എതിർപ്പുകൾ ഉയരുന്നു. 2018, 2019, 2020 വർഷങ്ങളിലുണ്ടായ പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ, കേരളത്തിന് കുറുകെ വരുന്ന കെ-റെയിൽ ജലനിർഗമാന മാർഗങ്ങൾ തടസ്സപ്പെടുത്തുന്നതിനും വെള്ളം കെട്ടിനിൽക്കുന്നതിനും സാധ്യത വർധിപ്പിക്കുമെന്നതിൽ സംശയമില്ല. ഇപ്പോൾതന്നെ ഏതാണ്ട് ഗുരുതരാവസ്ഥയിലായിക്കഴിഞ്ഞ നെൽവയലുകളെയും തണ്ണീർത്തടങ്ങളെയും ഇടനാടൻ കുന്നുകളെയും ഇത് നശിപ്പിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭം ആണ് വരാൻ പോകുന്നത് എന്ന് പദ്ധതിരേഖ സൂചിപ്പിക്കുന്നു. ഫലത്തിൽ സ്വകാര്യ താത്പര്യങ്ങൾക്കുവേണ്ടി നമ്മുടെ പ്രകൃതിവിഭവങ്ങളും സമ്പത്തും ചൂഷണം ചെയ്യാനും സംസ്ഥാനത്തിന്റെ പാരിസ്ഥിതിക-സാമ്പത്തിക തകർച്ച ത്വരിതപ്പെടുത്താനുമാണ് പദ്ധതി ഇടനല്കുക എന്നും കാലാവസ്ഥാ പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ അതിന്റെ ഫലങ്ങളെ ലഘൂകരിക്കുന്നതിനുപകരം അവയെ അതീവ ഗുരുതരമാക്കുവാൻ മാത്രമേ ഈ പദ്ധതി ഉതകൂ എന്നുമുള്ള ആശങ്കകൾ വ്യാപകമാണ്. ജനങ്ങൾ ഒറ്റക്കെട്ടായി എതിർത്താൽ മാത്രമേ ഈ പദ്ധതി ഉപേക്ഷിക്കാൻ അധികൃതർ തയ്യാറാവൂ. കേരളത്തെ സംബന്ധിച്ച് അതിജീവനമാണ്‌ വികസനത്തെക്കാൾ പ്രധാനമെന്ന ബോധവും വിവേകവും ഒടുവിൽ വിജയിക്കുമെന്നും സംസ്ഥാനത്തെ മുഴുവൻ തകർച്ചയിലേക്ക് നയിക്കാവുന്ന ഈ പദ്ധതി ജനാധിപത്യവിരുദ്ധമായ രീതിയിൽ നടപ്പിലാക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കുമെന്നും തന്നെയാണ് സമരം ചെയ്യുന്നവരുടെ പ്രതീക്ഷ.

കണ്ടങ്കാളി പെട്രോളിയം പദ്ധതിക്ക് എതിരായ സമരം

പരിരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാമാന്യബോധം ഇന്ന് വിദ്യാർത്ഥികൾക്കിടയിലടക്കം ശക്തമാണ്. പ്രളയവും വരൾച്ചയുമുൾപ്പെടെയുള്ള കാലാവസ്ഥാ വിപത്തുകൾ കേരളം ഇന്നെത്തി നിൽക്കുന്ന ദയനീയാവസ്ഥയുടെ സൂചകങ്ങളാണ്. വിഭവദുരുപയോഗം ഒഴിവാക്കിയും ആവശ്യങ്ങൾ കുറച്ചും നിലനിൽക്കാവുന്നതും പുതുക്കാവുന്നതുമായ ബദലുകൾ പ്രയോജനപ്പെടുത്തിയുമുള്ള ഒരു വികസനപാത തിരഞ്ഞെടുക്കുന്നില്ലെങ്കിൽ നമുക്കിനി ഏറെ മുന്നോട്ടുപോകാൻ കഴിയില്ല. ജീവിക്കാനുള്ള ഇടം നശിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്നവരെ ‘വികസന വിരുദ്ധർ’ എന്നാണ് മുഖ്യധാര വിളിക്കുന്നത്. ആത്മാർത്ഥതയുള്ള ആക്ടിവിസ്റ്റുകൾക്ക് ഈ അവഹേളനമാണ് തത്പരകക്ഷികൾ നൽകുന്ന പാരിതോഷികം! ജീവിക്കാനുള്ള ഇടം-ജൈവമേഖല-സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യസമരത്തിലെ പോരാളികൾ അവരാണ് എന്ന യാഥാർഥ്യം ഇന്നല്ലെങ്കിൽ നാളെ തിരിച്ചറിയപ്പെടും. അതാണ് പരിസ്ഥിതി ആക്ടിവിസ്റ്റുകളുടെ ഒരു ആശ്വാസം. പിന്തിരിഞ്ഞുനോക്കുമ്പോൾ, തങ്ങളുടെ നിലപാടുകൾ ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നത് അവർ കാണുന്നു; ഒപ്പം ഇതൊന്നും കാണാൻ കൂട്ടാക്കാത്ത, കണ്ണടച്ചിരുട്ടാക്കുന്ന ഒരു വിഭാഗം ഇവിടെ സൃഷ്ടിക്കാൻ പോകുന്ന കടുത്ത പാരിസ്ഥിതിക ഭവിഷ്യത്തുകൾ ആലോചിച്ചു നടുങ്ങുകയും ചെയ്യുന്നു.

ആക്ടിവിസ്റ്റുകളെക്കുറിച്ചും അവർ ഏറ്റെടുത്ത സമരങ്ങളെക്കുറിച്ചും പറയുമ്പോൾ സുതാര്യവും സത്യസന്ധവുമായ മാർഗ്ഗങ്ങളാണ് അവർ പിന്തുടർന്നു പോന്നത് എന്ന് കാണാം. അതേസമയം പ്രബല രാഷ്ട്രീയകക്ഷികളുടെ പ്രവർത്തനം നിർഭാഗ്യവശാൽ അക്രമത്തിലേക്കും അവിഹിതമായ ധനസമാഹരണത്തിലേക്കും ഗാന്ധി പ്രതിമകളും ചിത്രങ്ങളും തകർക്കുന്നതിലേക്കും സൈബറിടങ്ങളിൽ തെറിവിളിക്കുന്നതിലേക്കുമെല്ലാം അധഃപതിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഇത്തരം പ്രവണതകളെ തിരുത്താനും സഹിഷ്ണുതയും സമഭാവനയും കലർന്നതും സംശുദ്ധവുമായ ഒരു രാഷ്ട്രീയ പ്രവർത്തനശൈലി തിരിച്ചുകൊണ്ടുവരാനുമുള്ള പ്രേരകശക്തിയാവാനുള്ള ധാർമ്മിക ബാദ്ധ്യത കൂടി ഏറ്റെടുക്കാൻ സോഷ്യൽ ആക്ടിവിസ്റ്റുകളോട് കാലം ആവശ്യപ്പെടുന്നുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read