ചൂണ്ടക്കാരന്റെ ഉപമ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“Consider the subtleness of the sea; how its most dreaded creatures glide under water, unapparent for the most part, and treacherously hidden beneath the loveliest tints of azure. Consider also the devilish brilliance and beauty of many of its most remorseless tribes, as the dainty embellished shape of many species of sharks. Consider, once more, the universal cannibalism of the sea; all whose creatures prey upon each other, carrying on eternal war since the world began.” – Herman Melville, Moby Dick

തോറ്റുപോകുന്ന ജീവിതത്തെ കുറിച്ചാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥ ‘വാസനാവികൃതി’ സംസാരിച്ച് തുടങ്ങുന്നത്. സങ്കടവും അപമാനവും തുളുമ്പുന്ന ഒരു കള്ളന്റെ ആത്മഭാഷണമായിരുന്നു ആ കഥ. പിടിക്കപ്പെടാതെ വഴുതി നീങ്ങുക എന്നതാണ് ഒരു കള്ളന്റെ മിടുക്ക്. സ്വന്തം ബുദ്ധിമോശം കൊണ്ട് പൊലീസുകാരുടെ കെണിയിൽ വീണ് പോയ ഒരു കള്ളൻ, വ്രണിത നിമിഷങ്ങളിൽ നിറയുന്ന അയാളുടെ അറ്റമില്ലാത്ത ആത്മവിചാരം. കഥ നേടിയ ജീവിതത്തെ കുറിച്ചല്ല നേടാതെ പോയവയെ കുറിച്ചാണ് വിചാരണ നടത്തിയത്. വിജയമല്ല പരാജയമായിരുന്നു കഥയുടെ കാതൽ നിർണയിച്ചത്. എസ് ഹരീഷിന്റെ ‘ചൂണ്ടക്കാരൻ’ എന്ന കഥ വായിക്കുമ്പോൾ ഈ പഴയ കള്ളനെ ഓർത്തുപോയി. 2023 ൽ എന്നല്ല പലകാലങ്ങളിലേക്കും ഈ കഥ നീണ്ടുപോകുന്നു. പഴയ കള്ളനിൽ നിന്ന് പുതിയ ചൂണ്ടക്കാരനിൽ എത്തുമ്പോൾ പ്രാരാബ്ധങ്ങൾ ഏറിയിരിക്കുന്നു. ഭർത്താവ്, അച്ഛൻ, വ്യക്തി ഈ നിലകളിൽ അനവധി പ്രതീക്ഷകൾ സഫലീകരിക്കാൻ അയാൾ നിർബന്ധിതനാണ്. ചൂണ്ടയും മീനും ജീവിതത്തെ സംബന്ധിച്ച പഴയ ഒരു ഉപമയാണ്. ഒരിക്കലും കുടുങ്ങാത്ത മീനുകളെ പോലെ ആഗ്രഹങ്ങൾ നാലുപാടും പായുമ്പോൾ പ്രതീക്ഷകളുടെ ചൂണ്ടകൾ കൊരുത്ത് വിഫലമായി കാത്തിരിക്കുന്ന ഒരു മനുഷ്യന്റെ ഏകാന്തത എത്രമേൽ ആതുരമാണത്. പാറയിലേക്ക് ഉരുട്ടി കയറ്റുന്ന കല്ലുപോലെ ഉരുളുകയും കല്ലിക്കുകയും ചെയ്യുന്ന ജീവിതം അതിജീവനം കാത്തുകിടക്കുന്നു. ഉന്മാദത്തിനും ആത്മഹത്യയ്ക്കും യാഥാർത്ഥ്യത്തിനും സങ്കൽപ്പത്തിനും മധ്യേയിങ്ങനെ. മലയാളത്തിലെ ആദ്യ ചെറുകഥയായ വാസനാവികൃതിയെയും ചൂണ്ടക്കാരനെയും ചേർത്തുവയ്ക്കുന്നത് ആത്മ വിചാരണയും ആഗ്രഹലോകങ്ങളുമാണ്. കൈവെള്ളയിൽ നിന്ന് വഴുതിപ്പോകുന്ന ജീവിതമാണ്. അവമതിയും പിടിപ്പുകേടുമാണ്.

വാസനാവികൃതി

“ഒരു വലിയ ദിവസം മുഴുവന്‍ അയാള്‍ക്കും ഈ തോട്ടിലെ മീനുകള്‍ക്കുമിടയില്‍ നീണ്ടുനിവര്‍ന്നു കിടക്കുകയല്ലേ. ഒരു പകല്‍ കൊണ്ട് ജനിച്ചുജീവിച്ച് മരിച്ചുപോകുന്ന കുഞ്ഞുജീവികളുണ്ട്. അങ്ങനെ നോക്കിയാല്‍ ഒരു ജീവിതകാലമുണ്ട് മുന്നില്‍. മാത്രമല്ല, സങ്കല്പങ്ങളൊക്കെ വിട്ട് യാഥാര്‍ത്ഥ്യത്തിലേക്കെത്തേണ്ട സമയമായിരിക്കുന്നു. ദാ ഇപ്പോള്‍ ഇവിടെ കാണുന്നത് മാത്രമാണ് ശരിക്കുമുള്ളത്. ഈ സമയം മാത്രമാണ് ശരിക്കുമുള്ളത്. മുന്‍പ് അയാള്‍ ആലോചിച്ച് കൂട്ടിയതോ നടന്ന വഴികളോ ഒന്നുമില്ല. കുറച്ചൊക്കെ പായല്‍ നിറഞ്ഞ് വലിയ അനക്കമില്ലാത്ത ഈ തോട്, ചെറുതായി ഒഴുകുന്ന വെള്ളം, അതിനടിയിലെ ലോകം, അവിടെയുള്ള മീനുകള്‍, കരയ്ക്കുനില്‍ക്കുന്ന അയാള്‍, ഇത്രയും മാത്രമാണ് യഥാര്‍ത്ഥം.”

ഒടുവിൽ കാതലിലെ അടിമണ്ണിലേക്ക് തിരിച്ചിറങ്ങുന്ന മനുഷ്യന്റെ ഉൾത്തരിപ്പ്. സഫലമാകാത്ത ആധുനികത ഇത്തരത്തിൽ എത്രയോ ആഴമേറിയ ആത്മവിചാരങ്ങളുടെ സംഘർഷസ്ഥലം കൂടിയാണ്. ‘ചിന്താവിഷ്ടയായ സീത’യിൽ ആശാൻ പറഞ്ഞുവെച്ചതും മറ്റൊന്നല്ല. പരാജിതനും നിസ്സഹായനും മണ്ടനും വിഡ്ഢിയുമായ ഒരു പുരുഷൻ വാസനാവികൃതിയിൽ എന്നതുപോലെ ചൂണ്ടക്കാരനിലും തുടരുന്നുണ്ട്. അയാൾ ആധുനികത എത്രമേൽ ജീർണ്ണവും മുഷിപ്പനും ആണെന്ന് ഓർമിപ്പിക്കുന്നുണ്ട്. സ്നേഹിക്കാനും ആശിക്കാനുമുള്ള ചിലതല്ലാതെ മറ്റൊന്നും മനുഷ്യനെ ജീവിപ്പിക്കുന്നില്ല എന്ന് ആവർത്തിക്കുന്നുണ്ട്.

തുടരണോ തിരിച്ചുപോകണോ ഈ ആയലുകൾക്കിടയിൽ തുടരുന്ന ചിന്തകളുടെ പെരുങ്കടൽ. അവയിൽ ദ്വീപുകൾ പോലെ ഉയർന്നുപൊന്തുന്ന ചെറിയ പ്രതീക്ഷകൾ. അവയിൽ ഇളവേൽക്കുന്ന മനുഷ്യൻ. ‘ചൂണ്ടക്കാരൻ’ ഒരു സർവനാമം ആയിരിക്കുമ്പോഴും സവിശേഷമായ എല്ലാ മനുഷ്യാനുഭവങ്ങളിലേക്കും, വിശേഷിച്ച് ആധുനിക പുരുഷന്റെ ശേഷിയുടെ അധികാര നിർണയനങ്ങളിലേക്ക് നീണ്ടുകിടക്കുന്നു.

സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ‘ചൂണ്ടക്കാരൻ’ കഥ (2023 ജൂലായ് 31)

“ഇപ്പോള്‍ ഒരു പകല്‍ മുഴുവന്‍ കഴിഞ്ഞിരിക്കുന്നു, ഇരുട്ട് വീണിരിക്കുന്നു എന്നത് മാത്രമാണ് യാഥാര്‍ത്ഥ്യം. അന്നേരം അയാളുടെ ചൂണ്ട അല്പം അനങ്ങി. അങ്ങനെ സംഭവിച്ചോ എന്നയാള്‍ക്ക് തീര്‍ച്ചയില്ലായിരുന്നു. എങ്കിലും ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായക നിമിഷം ഇതാണെന്നു തീര്‍ച്ചപ്പെടുത്തി അയാള്‍ ചൂണ്ടക്കോലില്‍ മനസ്സും കയ്യും ഉറപ്പിച്ച് മുറുകെ പിടിച്ചു.”

യാഥാർത്ഥ്യങ്ങൾ പോലും സ്വപ്നങ്ങളായി കഴുത്തുഞെക്കുന്ന മനുഷ്യന്റെ നിസ്സഹായത കഥയിൽ ആഴത്തിൽ നിഴൽ വിരിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു റേഡിയോ സ്റ്റേഷൻ മനുഷ്യന്റെ മനസ്സിൽ ഉണർന്നിരിക്കുന്നു എന്ന് വിഖ്യാത സെൻ ബുദ്ധിസ്റ്റ് തിച് നാറ്റ് ഹാൻ പറയുന്നുണ്ട്. ഇങ്ങനെ ഒരു റേഡിയോ സ്റ്റേഷനിൽ നിന്നുള്ള ഇടമുറിയാത്ത പ്രക്ഷേപണമാണ് ‘ചൂണ്ടക്കാരൻ’ എന്ന കഥ. ഇതുപോലെ ഒരു റേഡിയോ അനവരതം പ്രവർത്തിക്കുന്നതുകൊണ്ട് തന്നെ നമ്മളും ഈ പറച്ചിലിന് കാത് കൂർപ്പിക്കുന്നു. കഥ പറഞ്ഞ് ജീവിതം തിരികെ വാങ്ങുന്നു. വർത്തമാന നിമിഷത്തെ മുറുകെ പുൽകുന്നു. ‘ദി ബാസ്റ്റർഡ് ഓഫ് ഇസ്‌താംബൂൾ’ എന്ന നോവലിൽ തുർക്കി എഴുത്തുകാരി എലിഫ് ഷഫാക് നിശബ്ദമായി ഗലാട്ട പാലത്തിന് സമീപം ചൂണ്ടയിട്ട് നിൽക്കുന്ന മുക്കുവ നിരയെ കുറിച്ച് എഴുതുന്നുണ്ട്. ഒരു കൈയിൽ കുടയും മറുകയ്യിൽ ചൂണ്ടയുമായി മുറുകുന്ന അവരുടെ ധ്യാനം. ഒരിക്കലും കിട്ടാത്ത മീനിന് വേണ്ടി മണിക്കൂറുകളോളം അവർ കുത്തനെ നിൽക്കും. പിറ്റേന്ന് ഒരിക്കലും കിട്ടാത്ത പെരുമീനിന് വേണ്ടി ചൂണ്ടയിൽ ഇരയായി കുരുക്കാൻ പാകത്തിൽ വല്ല പരലുകളെയും ആണ് മിക്കപ്പോഴും കിട്ടുക. എങ്കിലും ഏത് കുറവും നിറവായി കാണാനുള്ള പ്രാപ്തിയാണ് പകൽ ഒടുങ്ങുമ്പോൾ ഒഴിഞ്ഞ കയ്യുമായി വീടുകളിലേക്ക് ഒരു ബേജാറും കൂടാതെ മടങ്ങാൻ അവരെ പ്രാപ്തരാക്കുന്നതെന്ന് എലിഫ് എഴുതുന്നു. ചൂണ്ടക്കാരന്റെ ഉപമ നമ്മെ പഠിപ്പിക്കുന്നതും മറ്റൊന്നല്ല.

Also Read

3 minutes read January 2, 2024 11:52 am