കേരളത്തിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി പൊതുവെ ആശ്രയിക്കാറുള്ളത് സ്വന്തം ജില്ലകളേക്കാൾ മറ്റ് ജില്ലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്. പ്ലസ് വൺ മുതലുള്ള ഉയർന്ന ക്ലാസ്സുകളിൽ പഠിക്കുന്നതിന് സ്വന്തം ജില്ലകളിൽ അഡ്മിഷൻ ലഭിക്കാത്തതും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും വിദ്യാർത്ഥികളുടെ ഇഷ്ടാനുസരണമുള്ള കോഴ്സുകൾ പലപ്പോഴും സ്വന്തം ജില്ലയിൽ ലഭ്യമല്ലാത്തതുമാണ് ഇതിന് കാരണം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പല ജില്ലകളിലായി വിവിധതരം കോഴ്സുകൾ പഠിക്കുന്നുണ്ട്. ഇത്തരത്തിൽ പഠിക്കാനെത്തുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ എണ്ണം വർഷംതോറും കൂടിവരുകയുമാണ്. പ്രധാനമായും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളെയാണ് പട്ടികവർഗ്ഗ വിദ്യാർത്ഥികൾ കൂടുതലായും ആശ്രയിക്കുന്നത്. ഈ ജില്ലകളിലേക്ക് എത്തുന്നതാകട്ടെ പ്രധാനമായും വയനാട്, അട്ടപ്പാടി, ഇടുക്കി പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ്. എന്നാൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും പലപ്പോഴും വിദ്യാർത്ഥികൾക്ക് പട്ടികവർഗ്ഗ വകുപ്പിന്റെ ഭാഗത്തു നിന്നും ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളും ഗ്രാന്റുകളും സമയബന്ധിതമായി ലഭിക്കാറില്ല എന്നതാണ് വസ്തുത.
പട്ടികവർഗ്ഗ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന പ്രധാനപ്പെട്ട ജില്ലകളിലൊന്നാണ് എറണാകുളം. പട്ടികവർഗ്ഗത്തിൽ നിന്നുള്ള 150ൽ പരം വിദ്യാർത്ഥികളും പട്ടികജാതി-വർഗ്ഗ കണക്കെടുക്കുമ്പോൾ 500ലധികവും വിദ്യാർത്ഥികളാണ് ഈ ജില്ലയെ മാത്രം ആശ്രയിച്ചു പഠിക്കുന്നത്. ഇതും ഓരോ വർഷവും കൂടിവരുന്നുണ്ട്. വയനാട്, അട്ടപ്പാടി തുടങ്ങിയ മേഖലകളിൽ നിന്ന് വരുന്ന അതിപിന്നോക്കം നിൽക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക, കുറുംബ, മുഡുഗ, മുതുവാൻ, മന്നാൻ, വേടൻ, ചക്ളിയ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവരാണ് വിദ്യാർത്ഥികളിലേറെയും. എന്നാൽ എറണാകുളം ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പഠിക്കുന്ന പട്ടികജാതി-വർഗ്ഗ വിദ്യാർത്ഥികൾക്ക് പലതരത്തിലുള്ള വിവേചനങ്ങൾ നേരിടേണ്ടി വരുന്നതായി വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു. ഈ ജില്ലയിലേക്ക് വിവിധ കോഴ്സുകൾ പഠിക്കാനായെത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ടത്ര പിന്തുണ പട്ടികജാതി-വർഗ്ഗ വകുപ്പിൽ നിന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എറണാകുളം ജില്ലയിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറിന്റെ ഭാഗത്ത് നിന്നും ആദിവാസി വിദ്യാർത്ഥികളോടുണ്ടായ വിവേചനപരമായ പെരുമാറ്റങ്ങൾ അതിന് തെളിവാണ്. ചില വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും ജാതി വിവേചനങ്ങളും നേരിടേണ്ടിവരുന്നുണ്ട്. ഇത്തരത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ഇടപെടലുകൾ പട്ടികജാതി-വർഗ്ഗ വിദ്യാർത്ഥികളുടെ ഭാവിയെയും ക്ഷേമപ്രവർത്തനങ്ങളെയും താറുമാറാക്കുന്നതായി ആദിവാസി ഗോത്രമഹാസഭയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ‘ആദിശക്തി സമ്മർ സ്കൂൾ’ എന്ന വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതിനിധികളായ വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.
“കേരളത്തിലുടനീളം വിവിധയിടങ്ങളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ഒട്ടനവധി പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നുണ്ട്. അതിൽ പ്രധാനമാണ് വിദ്യാർത്ഥികൾക്ക് മതിയായ ഹോസ്റ്റൽ സൗകര്യമില്ല എന്നുള്ളത്. ഇതുമൂലം പല വിദ്യാർത്ഥികളുടെയും താമസം വഴിമുട്ടിയ അവസ്ഥയിലാണ്. അതുപോലെ പലവിധത്തിലുള്ള ജാതീയവും വംശീയവുമായ വിവേചനങ്ങളും ഈ വിദ്യാർത്ഥികൾ അനുഭവിക്കുന്നുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ നാട്ടിലേക്ക് സ്കൂളും കോളേജുമില്ലേ എന്ന ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും ചോദ്യം അതിലേക്ക് വിരൽ ചൂണ്ടുന്നതാണ്. അവിടെത്തന്നെ പഠിച്ചാ മതിയായിരുന്നല്ലോ? നിങ്ങൾക്ക് കൂണ് പറിക്കാൻ പോയിക്കൂടെ? തുടങ്ങിയ ചോദ്യങ്ങളാണ് ചില അധ്യാപകരുടെയും ഭാഗത്ത് നിന്നും നേരിടേണ്ടി വരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ച് അറിയാത്തവരല്ല ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. മാത്രമല്ല ഒരു വിദ്യാർത്ഥി എവിടെ പഠിക്കണം എന്നുള്ളത് ആ വിദ്യാർത്ഥിയുടെ ചോയ്സ് കൂടിയാണ്. ചില ഉദ്യോഗസ്ഥർ അനാവശ്യ ചോദ്യങ്ങളിലൂടെ വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്ന സമീപനമാണ് തുടരുന്നത്. കേരളത്തിലെ കലാലയങ്ങൾ ദലിത്-ആദിവാസി-ക്വിയർ-സ്ത്രീ സൗഹൃദമാണെന്ന് പറഞ്ഞ് പുരോഗമനം നടിക്കുന്ന കേരളത്തിന്റെ കാപട്യത്തെ തുറന്നുകാണിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.” ‘ആദിശക്തി സമ്മർ സ്കൂൾ’ പ്രതിനിധി വിജീഷ് സാക്ഷ്യപ്പെടുത്തുന്നു.
പട്ടിക വിഭാഗങ്ങൾക്ക് ഒട്ടനവധി വിദ്യാഭ്യാസ പദ്ധതികൾ സർക്കാർ തലത്തിൽ ഉണ്ടെന്ന് പറയുമ്പോഴും അവ വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി കിട്ടുന്നില്ല എന്ന പ്രശ്നവും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. പട്ടികവിഭാഗങ്ങൾക്ക് ലഭിക്കേണ്ട ഗ്രാന്റുകൾ, പഠനോപകരണങ്ങൾ എന്നിവയുടെ ലഭിക്കാതിരിക്കുന്നതും കാലതാമസമുണ്ടാകുന്നതും പതിവായിരിക്കുന്നു. പട്ടികവിഭാഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഗ്രാന്റുകളുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന നിഷേധാത്മക സമീപനത്തെക്കുറിച്ചും വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിച്ചു. കാലങ്ങളായി തുടരുന്നതും അടിസ്ഥാനാവശ്യങ്ങൾക്കു പോലും തികയാത്തതുമായ തുകയാണ് ഇന്നും ഹോസ്റ്റൽ അലവൻസായി നൽകുന്നത്. എന്നാൽ കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് പുനഃപരിശോധന നടത്തുവാനോ, മാറ്റങ്ങൾക്കനുസൃതമായ ഫണ്ടുകൾ അനുവദിക്കാനോ വകുപ്പ് തയ്യാറാവുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
“കഴിഞ്ഞ മൂന്ന് വർഷത്തോളമായി ‘ആദിശക്തി സമ്മർ സ്കൂളിന്റെ’ നേതൃത്വത്തിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് വിവിധ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കൽ, പ്രവേശന ചെലവുകൾ കണ്ടെത്തൽ, ട്യൂഷൻ ക്ലാസ്സുകൾ, താത്കാലിക ഹോസ്റ്റൽ സൗകര്യങ്ങളൊരുക്കൽ തുടങ്ങിയവ സർക്കാർ സഹായമില്ലാതെ തന്നെ നടക്കുന്നുണ്ട്. എന്നിട്ടും ആയിരത്തിലധികം കുട്ടികൾക്ക് വിവിധ കലാലയങ്ങളിൽ പ്രവേശനവും ഹോസ്റ്റൽ സൗകര്യവും നേടികൊടുത്ത ഞങ്ങൾക്കെതിരെ ദുഷ്പ്രചാരണം അഴിച്ചുവിടുകയാണ് എറണാകുളം ജില്ലയിലെ പട്ടികവർഗ്ഗ വികസനവകുപ്പിലെ ഉദ്യോഗസ്ഥർ.” ആദി സമ്മർ സ്കൂളിൻ്റെ (ഇൻറിജീനസ് പീപ്പിൾസ് കളക്റ്റീവ്) ചെയർപേഴ്സണായ രേഷ്മ പറഞ്ഞു.
പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് സ്വകാര്യസ്ഥലത്തെ താമസത്തിന് നൽകിവരുന്ന തുകയായ 3500 രൂപ കാലോചിതമായി വർദ്ധിപ്പിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. പട്ടികവർഗ്ഗ വകുപ്പ് പ്രതിമാസ ഹോസ്റ്റൽ അലവൻസും മറ്റ് ചെലവുകളും കണക്കാക്കി ധനകാര്യവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത് 7000 രൂപയാണ്. എന്നാൽ എസ്.ടി ഡയറക്ടറുടെ ഈ നിർദ്ദേശം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് ധനകാര്യവകുപ്പ് തടഞ്ഞുവച്ചിരിക്കുകയാണ്. കൊച്ചി നഗരത്തിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ക്ഷേമകാര്യങ്ങൾ അന്വേഷിക്കാനും ആവശ്യമായ മെന്ററിംഗ്-ഗൈഡൻസ് നിർദ്ദേശിക്കാനും സാമൂഹിക പ്രതിബദ്ധതയുള്ള സോഷ്യൽ വർക്കറെ നിയോഗിക്കണമെന്നും ജില്ലാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പരിഹാര പദ്ധതികൾ നടപ്പാക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഡിസംബർ 10, മനുഷ്യാവകാശ ദിനത്തിൽ ആദിശക്തി സമ്മർ സ്കൂളിന്റെ മുൻകൈയിൽ ആദിവാസി-ദലിത് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.