ഇന്ത്യ സ്വതന്ത്രമായതിനെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിന്റെ ഭാഗമായി മാറിയതോടെ ഗാന്ധിയൻ ആദർശങ്ങൾ പിന്തുടർന്നിരുന്ന മഹാത്മ ഗാന്ധിയുടെ പിന്തുടർച്ചക്കാരായ പൊതുപ്രവർത്തകർ നിർമ്മാണാത്മക പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച പ്രസ്ഥാനമാണ് സർവ സേവാ സംഘം. ആചാര്യ വിനോബാ ഭാവേ നേതൃത്വം നൽകിയിരുന്ന ഈ പ്രസ്ഥാനം 1948 മുതൽ ഇന്ത്യയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നിരവധി നിർമ്മാണാത്മക പ്രവർത്തനങ്ങളും സന്നദ്ധ സേവനങ്ങളും നടത്തിവരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി രാജ്യത്തുടനീളം ഈ പ്രസ്ഥാനത്തിനായി ഭൂമി ദാനം ചെയ്യപ്പെടുകയും കെട്ടിടങ്ങൾ നിർമ്മിച്ചുകൊടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ വ്യക്തികളും ഭരണപരമായ തീരുമാനത്തിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളും അത്തരത്തിൽ ആസ്തികൾ സർവ്വ സേവാ സംഘത്തിന് നൽകിയിട്ടുണ്ട്. അത്തരത്തിൽ 1960കളിൽ ഉത്തർപ്രദേശിലെ വാരണാസിയിൽ സർവ സേവാ സംഘം വാങ്ങിയ സ്ഥലം ഏറ്റെടുക്കുന്നതിനും കെട്ടിടങ്ങൾ പൊളിക്കുന്നതിനും ഉത്തര റെയിൽവേ എടുത്ത തീരുമാനിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. കെട്ടിടം നില്‍ക്കുന്ന സ്ഥലം റെയില്‍വേയുടേതാണെന്നും നിയമവിരുദ്ധമായാണ് നിര്‍മ്മാണം നടത്തിയതെന്നും ആരോപിച്ചാണ് ഉത്തരമേഖലാ റെയില്‍വേ രംഗത്ത് വന്നിട്ടുള്ളത്. ഈ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഗാന്ധിയൻ പ്രവർത്തകർ.
ഗംഗയുടെ തീരത്തുള്ള സർവ സേവ സംഘത്തിന്റെ വാരണാസിയിലെ 12.89 ഏക്കർ ഭൂമി റെയിൽവേയുടെതാണെന്നാണ് ഉത്തര റയിൽവേ പറയുന്നത്. എന്നാൽ സംഭാവനകളിലൂടെ ഫണ്ട് ശേഖരിച്ചാണ് വാരണാസിയിലെ ഈ ഭൂമി റെയിൽവേയിൽ നിന്ന് വാങ്ങിയതെന്നും 1960 നും 1970 നും ഇടയിൽ തവണകളായി പണം അടച്ചിരുന്നുവെന്നുമാണ് സർവ സേവ സംഘ് വ്യക്തമാക്കുന്നത്. ഗാന്ധിയുടേയും വിനോബാ ഭാബെയുടേയും അഹിംസ ആശയങ്ങളുടെ പ്രചരണാര്‍ത്ഥം 1962 ല്‍ ജയപ്രകാശ് നാരായണന്‍ സ്ഥാപിച്ചതാണ് ഇവിടെയുള്ള ചില കെട്ടിടങ്ങള്‍. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന പ്രീസ്‌കൂൾ, സർവ സേവാ സംഘ് പ്രകാശൻ എന്ന പബ്ലിക്കേഷൻ ഹൗസ്, ഗസ്റ്റ് ഹൗസ്, ലൈബ്രറി, മീറ്റിംഗ് ഹാൾ, പ്രകൃതി ചികിത്സാ കേന്ദ്രം, യുവജന പരിശീലന കേന്ദ്രം, ഖാദി ഭണ്ഡാർ, മഹാത്മാഗാന്ധിയുടെ പ്രതിമ എന്നിവയാണ് റെയിൽവെ അവകാശം ഉന്നയിക്കുന്ന ഭൂമിയിലുള്ളത്. ഈ ഭൂമിയിൽ അവകാശം ഉന്നയിക്കുന്നതിനൊപ്പം ഗാന്ധിയന്‍ തത്വചിന്ത പഠിപ്പിക്കുന്ന വിദ്യാ സന്‍സ്ഥാന്‍ എന്ന സ്ഥാപനവും 40-ലധികം ജീവനക്കാര്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ക്വാട്ടേഴ്‌സും അടങ്ങുന്ന കെട്ടിടം ജൂണ്‍ 30 ന് പൊളിക്കുമെന്നും അറിയിച്ചാണ് റെയിൽവെ നോട്ടീസ് പതിച്ചത്. ഈ ഉത്തരവിനെതിരെ ഗാന്ധിയൻ സംഘടനകൾ സമർപ്പിച്ച റിട്ട് ഹർജി അലഹബാദ് ഹൈക്കോടതി സ്വീകരിച്ചില്ല. ഭൂ ഉടമസ്ഥത സംബന്ധിച്ച തർക്കം വാരാണസിയിലെ സിവിൽ കോടതിയിലാണ് പരിഗണിക്കേണ്ടത് എന്ന നിലപാടാണ് ഹൈക്കോടതിയെടുത്തത്. ഇതോടെ വസ്തുവിന്റെ ഉടമസ്ഥ സംബന്ധിച്ച അവകാശം ഉറപ്പാക്കുന്നതിനുള്ള സത്യാഗ്രഹ സമരം ശക്തമാക്കിയിരിക്കുകയാണ് ഗാന്ധിയൻ പ്രസ്ഥാനങ്ങൾ.
2023 മെയിൽ സർവ സേവാ സംഘിന്റെ വാരാണസിയിലെ സ്ഥാപനങ്ങളുടെ പൂട്ടുകൾ പ്രാദേശിക ഭരണകൂടം ബലമായി തുറന്നതിനെത്തുടർന്ന് സംഘ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ എല്ലാ രേഖകളും പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കാനാണ് ഹൈക്കോടതി വാരണാസി ഭരണകൂടത്തോട് നിർദ്ദേശിച്ചത്. വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് 2023 ജൂൺ 26ന് റവന്യൂ രേഖകൾ പ്രകാരം ഭൂമി റെയിൽവേയുടെതാണെന്ന് വിധിച്ചു. തുടർന്ന് ജൂൺ 27ന് ഭൂമി തങ്ങളുടേതാണെന്നും അതിനാൽ സംഘടനയുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എല്ലാവരും ഒഴിയണമെന്നും ആവശ്യപ്പെട്ട് തർക്ക ഭൂമി പരിസരത്ത് ഉത്തര റെയിൽവേ നോട്ടീസ് പതിച്ചു. ജില്ലാ മജിസ്ട്രേറ്റ് പാസാക്കിയ 2023 ജൂൺ 26ലെ ഉത്തരവും 2023 ജൂൺ 27ലെ ഉത്തര റെയിൽവേ ഇറക്കിയ കെട്ടിടങ്ങൾ പൊളിക്കാനുള്ള നോട്ടീസും റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ട് കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്.
ഈ ഭൂമി നിയമവിരുദ്ധമായി കയ്യേറിയതാണ് എന്ന് ഇപ്പോൾ റെയിൽവെ പറയുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും സർവ്വ സേവാ സംഘത്തെയും ഗാന്ധിയൻ ആദർശങ്ങളെയും ഇന്ത്യയിൽ നിന്നും ഇല്ലാതാക്കാനാണ് ആർ.എസ്.എസ്-ബി.ജെ.പി ശ്രമിക്കുന്നതെന്നുമാണ് സർവ്വ സേവാ സംഘത്തിന്റെ ദേശീയ പ്രസിഡന്റ് ചന്ദൻപാൽ പറയുന്നത്. “ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രാഷ്ട്രീയ പാർട്ടിയായി മാറിയതോടെ കക്ഷിരാഷ്ട്രീയ താൽപര്യമില്ലാത്ത ഗാന്ധിയൻമാർ ഗാന്ധി മുന്നോട്ടുവച്ച നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് സർവ സേവാ സംഘം രൂപീകരിച്ചത്. ആചാര്യ വിനോബാ ഭാവേ നേതൃത്വം നൽകിയ പ്രസ്ഥാനത്തിന് ഗാന്ധിയന്മാരായ കോൺഗ്രസ് നേതൃത്വത്തിന്റെയും പിന്തുണയുണ്ടായിരുന്നു. ഭരണകർത്താക്കളായ ഡോ. രാജേന്ദ്ര പ്രസാദ്, ലാൽ ബഹാദൂർ ശാസ്ത്രി, ജഗ്ജീവൻ റാം തുടങ്ങിയവരെല്ലാം സർവ്വ സേവാ സംഘത്തെ എല്ലാവിധത്തിലും പിന്തുണിച്ചിരുന്നു. അവരുടെയെല്ലാം പിന്തുണയോടെയാണ് നോർത്തേൺ റെയിൽവെ ഈ സ്ഥലം സംഘത്തിന് അനുവദിക്കുന്നത്. പാഠ പുസ്തകങ്ങളിൽ നിന്നു പോലും ഗാന്ധിജിയെ പുറത്താക്കുന്ന ബി ജെ പി അതിന്റെ ഭാഗമായി തന്നെയാണ് ഇപ്പോൾ ഈ കെട്ടിടങ്ങൾ തകർക്കാൻ ശ്രമിക്കുന്നത്. ഞങ്ങൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമെല്ലാം കത്തുകൾ അയച്ചു. ആരും ഞങ്ങളെ കേൾക്കാൻ തയ്യാറായിട്ടില്ല. ഗാന്ധിയൻ സ്ഥാപനങ്ങൾ തകർക്കപ്പെടുന്നതിൽ അവർക്ക് ഒരുതരത്തിലുള്ള ആശങ്കയും ഇല്ല.” എന്നും സർവ്വ സേവാ സംഘത്തിന്റെ ദേശീയ പ്രസിഡന്റ് ചന്ദൻപാൽ കേരളീയത്തോട് പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് ഗാന്ധി, വിനോബ ഭാബെ, ജെപി എന്നിവരുടെ പേരുകള്‍ മായ്ക്കാനുള്ള ആര്‍.എസ്.എസ്-ബി.ജെ.പി ശ്രമത്തിന്റെ ഭാഗമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ നടക്കുന്ന ഈ ഇടപെടലെന്നാണ് ഗാന്ധിയൻ പ്രസ്ഥാനങ്ങൾ വിലയിരുത്തുന്നത്.
1948 ഫെബ്രുവരിയിൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പദ്ധതികൾ ചർച്ച ചെയ്യാൻ സേവാഗ്രാമിൽ ഒരു യോഗം ചേരാൻ ഗാന്ധിജി പദ്ധതിയിട്ടിരുന്നു. എന്നാൽ 1948 ജനുവരി 30-ന് ഗാന്ധി കൊല്ലപ്പെട്ടതോടെ ഗാന്ധിയൻ ആശയങ്ങളും തത്ത്വചിന്തകളും പ്രചരിപ്പിക്കുന്നതിനായി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പ്രമുഖ ഗാന്ധിയന്മാരായ ആചാര്യ വിനോബ ഭാവെ, കിഷോർലാൽ മഷ്‌റുവാല, ജെ.സി കുമരപ്പ, കാക്ക കലേൽക്കർ, ജയപ്രകാശ് നാരായണൻ ഉൾപ്പെടെയുള്ളവരും സേവാഗ്രാമിൽ യോഗം ചേർന്ന് സർവ സേവാ സംഘം എന്ന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. ഗാന്ധിയൻ ആശയങ്ങൾ ഉയർത്തിപിടിക്കുന്ന സർവ സേവാ സംഘത്തിന് രാജ്യത്തുടനീളം സ്ഥാപനങ്ങളും പ്രവർത്തകരുമുണ്ട്.