ആ​ഗോള പ്രതിഭാസം മാത്രമല്ല കാലാവസ്ഥാ മാറ്റം

അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളിൽ വലയുകയാണ് ആഗോള ജനസമൂഹം. ഇന്ത്യയും അമേരിക്കയും അതിശൈത്യത്തിൽ തണുത്തു വിറയ്ക്കുമ്പോൾ ശൈത്യകാലത്തുണ്ടായ ഹീറ്റ് ഡോം കാരണം ചുട്ടുപൊള്ളുകയാണ് യൂറോപ്പ്. പതിവായുണ്ടാകുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ കാരണം ആഗോളതാപനം മാത്രമാണോ? മനുഷ്യരുടെ ഇ‌‌ടപെടലുകൾ എങ്ങനെയാണ് പ്രാദേശിക പരിസ്ഥിതിയെ ബാധിക്കുന്നത്? കാലാവസ്ഥാ വിദ്യാഭ്യാസം പ്രാദേശികമായി നൽകേണ്ടതിന്റെ പ്രാധാന്യം എന്താണ്? പൂനെ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീരിയോളജിയിലെ (IITM-Indian Institute of Tropical Meteorology) കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ കേരളീയത്തോട് സംസാരിക്കുന്നു.

2022 ൽ ഉഷ്ണകാറ്റ്, ശീതക്കാറ്റ്, ചുഴലിക്കാറ്റ്, പ്രളയം, തീവ്രമഴ, ഉരുൾപൊട്ടൽ എന്നിങ്ങനെ തുടർച്ചയായ തീവ്ര കാലാവസ്ഥാ സംഭവങ്ങൾ (extreme weather events) ഇന്ത്യയിലുണ്ടായതായി കാണാം. 2023 ആരംഭിച്ചതുതന്നെ ദില്ലിയിൽ അതിശൈത്യത്തിന്റെ വാർത്തകളുമായാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും പിന്നീട് അത് ചുവപ്പ് അലേർട്ട് ആയി മാറുകയും ചെയ്തു. കഴിഞ്ഞ വേനൽക്കാലത്തും ചൂട് കൂടിയ കാരണം റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട സ്ഥലമാണല്ലോ ദില്ലി. ഇന്ത്യ അതിതീവ്ര കാലാവസ്ഥ മാറ്റത്തിലേക്ക് പോകുന്നതിന്റെ സൂചനകളാണോ ഇതെല്ലാം? ഇത് ആവർത്തിപ്പിക്കപ്പെടാൻ സാധ്യതയുണ്ടോ?

2022 ലെ കാലാവസ്ഥ നോക്കായാൽ രൂക്ഷമായ ഉഷ്ണതരംഗം ഉണ്ടായിരുന്നതായി കാണാം. പ്രത്യേകിച്ച് ഉത്തരേന്ത്യ, നോർത്ത് വെസ്റ്റ് ഇന്ത്യ, ഇന്ത്യ-പാകിസ്ഥാൻ പ്രദേശങ്ങൾ, ബംഗ്ലാദേശ് എന്നിവടങ്ങളിലൊക്കെ ഉഷ്ണതരംഗം ഉണ്ടായിരുന്നു. ഇത് ഒരൊറ്റ ദിവസമോ ഒരാഴ്ചയോ, ഒരു മാസമോ നിലനിൽക്കുന്നതായിരുന്നില്ല. മാർച്ച് മുതൽ ഏപ്രിൽ, മെയ്, ജൂൺ വരെ ഏകദേശം മൂന്നര മാസത്തോളം നിലനിന്ന ഉഷ്ണതരംഗമാണ് ഇന്ത്യയൊട്ടാകെ അനുഭവപ്പെട്ടത്. കാഠിന്യമേറിയ, കൂടുതൽ കാലയളവിൽ അനുഭവപ്പെട്ട ഉഷ്ണതരംഗം ധാരാളം പ്രദേശങ്ങളെ ബാധിച്ചു. ദീർഘകാല പ്രവണതകൾ (Long-term trends) നോക്കിയാൽ ഇന്ത്യയിലെ ഉഷ്ണതരംഗങ്ങളുടെ ആവർത്തനം, കാഠിന്യം, ബാധിക്കുന്ന പ്രദേശങ്ങൾ എന്നിവ വർധിക്കുന്നതായി കാണാം. സമീപഭാവിയിൽ ഇനിയും ഇത് വർധിക്കാനാണ് സാധ്യത. ഇതൊരു ഒറ്റപ്പെട്ട കാലാവസ്ഥാ സംഭവമല്ല. ഇനിയത് സംഭവിക്കില്ല എന്ന് കരുതാൻ സാധിക്കുകയില്ല. കാരണം ഇന്ത്യയിൽ കാലാവസ്ഥാ മാറ്റം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇനിയും അതിന്റെ കാഠിന്യം വർധിക്കും. ആഗോള തലത്തിൽ കുറക്കാമെന്ന് പറയപ്പെടുന്ന കാർബൺ ബഹിർഗമനം ഇപ്പോഴും കുറച്ചിട്ടില്ല. എന്നാൽ അത് കുറച്ചാൽ തന്നെ നിലവിലെ താപനില കുറയാൻ സാധ്യതയില്ല, അപര്യാപ‍്തവുമാണ്. മുൻ കാലങ്ങളിൽ ആഗോളതലത്തിൽ ഉണ്ട‌ായ വർദ്ധനവിന്റെ പ്രതിഫലനങ്ങളാണ് നമ്മളിപ്പോൾ അനുഭവിക്കുന്നതെല്ലാം. കാരണം താപനില കൂടുമ്പോൾ അതിന്റെ പ്രതിഫലനങ്ങൾ എല്ലായിടത്തുമുണ്ടാകും. 2020 നും 2040 നും ഇടക്ക് 1 ഡിഗ്രി എന്നുള്ളത് 1.5 ഡിഗ്രി സെൽഷ്യസായി വർധിക്കും. കാർബൺ ബഹിർ‌ഗമനത്തിൽ രാജ്യങ്ങൾ അവരുടെ വാക്ക് പാലിച്ചാൽപ്പോലും അത് പര്യാപ്തമാകുകയില്ല. 2020 കഴിഞ്ഞു, 2023 ലെത്തി. 1.5 ഡിഗ്രി സെൽഷ്യസിലേക്ക് താപനില നീങ്ങുകയാണ്. IPCC (Intergovernmental Panel on Climate Change) റിപ്പോർട്ട് പ്രകാരം 2040-2060 കാലഘട്ടത്തിൽ താപനില 2 ഡിഗ്രി സെൽഷ്യസ് ആകുമെന്ന് പറയുന്നു. അതായത് global mean temperature ഇരട്ടിയാകും. ഇപ്പോൾ നമ്മളനുഭവിക്കുന്ന അതിതീവ്ര മഴ, കഠിനചൂട്  ഉഷ്ണ തരംഗങ്ങൾ, ചുഴലിക്കാറ്റുകൾ എന്നിവ ആ സമയത്ത് ഇതിലും തീവ്രമാകും.

കഠിന ചൂടിൽ വിയർക്കുന്ന ദില്ലി. കടപ്പാട്: bbc.com.

മൺസൂണിന് മുമ്പ് കിട്ടുന്ന മഴയൊന്നും ഉത്തരേന്ത്യയിൽ ഇത്തവണ കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ വളരെ വരണ്ട കാലാവസ്ഥയായിരുന്നു. വരണ്ട കാലാവസ്ഥയും കടുത്ത ഉഷ്ണ തരംഗവും കാട്ടുതീയുടെ സാധ്യത കൂട്ടി. കാ‌ട്ടുതീയും മനുഷ്യർ ഉണ്ടാക്കുന്ന തീയും ആ സമയത്ത് വളരെ കൂടുതലായിരുന്നു. കടുത്ത വരണ്ട കാലാവസ്ഥയും ഉഷ്ണതരംഗവും ഒരുമിച്ചുണ്ടാകുന്ന അവസ്ഥയെ compound events എന്നാണ് പറയുക. കാട്ടുതീ, വൈക്കോൽ കത്തിക്കൽ, അപ്രതീക്ഷിത തീപി‌ടുത്തങ്ങൾ പോലെയുള്ളവ  വരണ്ട ചൂടുള്ള കാലാവസ്ഥയായതുകൊണ്ട് പെട്ടെന്ന് പടരാം. ഇത്തരം അവസ്ഥകളിൽ നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ളവർ എയർക്കണ്ടീഷൻ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങും. ഇത് കൂടുതൽ കാർബൺ എമിഷൻ ഉണ്ടാക്കും. എന്നാൽ രാജസ്ഥാനിലെയോ പാകിസ്ഥാനിലെയോ ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർക്ക് കറണ്ടുപോലും ഉണ്ടാകില്ല. പവർകട്ട് കൂടുതലായിരിക്കും. അത്തരം പ്രദേശങ്ങളെ ചൂട് കാര്യമായി ബാധിക്കും. കാരണം തണുപ്പ് നൽകുന്ന സാഹചര്യമേ അവിടെയുണ്ടാകില്ല. അവർക്ക് അവരുടെ ശരീരോഷ്മാവ് ക്രമീകരിക്കാൻ വഴികളില്ല.

ദക്ഷിണേന്ത്യയിലെ കാര്യങ്ങൾ പരിശോധിച്ചാൽ ചൂട് മാത്രമല്ല, ഈർപ്പം (Humidity) പ്രത്യേകിച്ച് കേരളത്തിൽ കൂടുതലാണ്. കേരളത്തിന്റെ കാര്യം നോക്കിയാൽ ഭാവിയിലെ കാലാവസ്ഥാ പ്രശ്നങ്ങൾ താപനില കൂടുന്നത് കൊണ്ട് മാത്രമല്ല; ഈർപ്പവും, താപനിലയും ഒരുമിച്ച് കൂടുന്നതിന്റെ കൂടിയാണ്. അന്തരീക്ഷത്തിൽ ഈർപ്പം ഉണ്ടെങ്കിൽ വിയർക്കാനുള്ള സാധ്യത കുറയും. നമ്മുടെ ശരീരം തണുക്കുന്നത് ബാഷ്പീകരണം വഴിയാണ്. അന്തരീക്ഷത്തിൽത്തന്നെ ഈർപ്പമുണ്ടെങ്കിൽ വിയർക്കുന്നത് കുറയും. ശരീരത്തിന് താപനില ക്രമീകരിക്കാൻ കഴിയാതെ വരും. സൂര്യതാപം സംഭവിക്കാനുള്ള സാധ്യതകൾ പ്രത്യേകിച്ച് കേരളം പോലത്തെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ കൂടുതലാണ്.

മറ്റൊന്ന് ഇന്ത്യയിലെ ചുഴലിക്കാറ്റുകൾ കൂടുന്നതാണ്. ചക്രവാതച്ചുഴി ചുഴലിക്കാറ്റുകളെ വെച്ച് നോക്കുമ്പോൾ ദുർബലമാണ്. സമുദ്രോഷ്മാവ് കൂടിയതുകൊണ്ട് കൂടുതൽ ഈർപ്പം കടലിലുണ്ട്, നീരാവി അന്തരീക്ഷത്തിൽ കൂടുതലുണ്ട്. ആഗോളതാപനത്തിന്റെ വ്യക്തമായ ഉദാഹരണമാണിത്. താപനില കൂടുമ്പോൾ ഈർപ്പം കൂടും, ഈർപ്പം വഹിക്കാനുള്ള ശേഷി കൂടും. വായു ചൂട് പിടിക്കുന്നതിനനുസരിച്ച് കൂടുതൽ ഈർപ്പത്തെ ദീർഘസമയത്തേക്ക് വഹിക്കാൻ സാധിക്കും. അതുകൊണ്ട് ചക്രവാതച്ചുഴി പോലെ അത്ര ശക്തമാല്ലാത്തവയൊക്കെ കൂടുതൽ ഈർപ്പം വഹിക്കും. ഇത് കരയിലേക്ക് വരുമ്പോൾ ചെറിയൊരു പ്രദേശത്ത് മേഘവിസ്ഫോടനം പോലയുള്ളവ സംഭവിക്കാൻ കാരണമാകുന്നു. കാലാവസ്ഥാ മാറ്റം കൊണ്ടുള്ള ഇത്തരം സംഭവങ്ങൾ ഇനിയും വർധിക്കും. കാലാവസ്ഥാ മാറ്റം കാരണം മൺസൂണിന്റെ ക്രമം തന്നെ മാറിയിട്ടുണ്ട്. അന്തരീക്ഷം നീരാവി കുറച്ചധികനേരം പിടിച്ചപവെക്കുന്നു. മഴ പെയ്യുമ്പോൾ പിടിച്ചുവച്ച നീരാവി മുഴുവൻ ഒന്നോ രണ്ടോ ദിവസം കൊണ്ടോ മണിക്കൂറുകൾ കൊണ്ടോ പെയ്യുന്നു. അതിതീവ്ര മഴയും, വരണ്ട കാലാവസ്ഥയുമുണ്ടാകുന്നു. അങ്ങനെയൊരു ക്രമം വളരെ വ്യക്തമായി നമ്മൾ കാണുന്നുണ്ട്.  കേരളത്തിലും ഇന്ത്യയിലൊട്ടാകെയും  ഇത്തരത്തിൽ‌ മൺസൂൺ മഴയിൽ മാറ്റം കാണുന്നുണ്ട്. വരുന്ന ദശാബ്ദങ്ങളിൽ ഉഷ്ണ തരംഗങ്ങൾ, ചുഴലിക്കാറ്റുകൾ, മൺസൂൺ ക്രമത്തിലുള്ള വ്യത്യാസങ്ങൾ എന്നിവയെല്ലാം ഇനിയും രൂക്ഷമാകും.

2023 തുടക്കത്തിൽ ദില്ലിയിൽ അനുഭവപ്പെട്ട അതിശൈത്യം. കടപ്പാട്: rediff.com.

കാലാവസ്ഥക്ക് ഉയർച്ച താഴ്ചകളുണ്ട്. ഞങ്ങൾ അതിനെ decadal variability എന്ന് പറയും. ആഗോളതാപനില മുകളിലേക്ക് പോകുമ്പോഴും അതിന് ഉയർച്ച താഴ്ചകളുണ്ട്. ഒരു സൈക്കിളുണ്ട്. ആ സൈക്കിളിൽ തന്നെ ശീതതരംഗത്തിലേക്ക് പോകുന്ന അവസ്ഥകളുണ്ട്. ഈ വർഷത്തെ ശൈത്യമെടുത്താൽ ഉത്തരേന്ത്യയിൽ ശൈത്യകാലത്ത് മധ്യധരണ്യാഴിയിൽ (യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവയാൽ ചുറ്റപ്പെട്ട ഉൾക്കടൽ ആണ് മധ്യധരണ്യാഴി അഥവാ മെഡിറ്ററേനിയൻ കടൽ) നിന്ന് വരുന്ന weather system ഉണ്ട്. ഇതിനെ പശ്ചിമ അസ്വസ്ഥത (western disturbances) എന്ന് പറയും. ഇത് ഉത്തരേന്ത്യയിലേക്ക് ഈർപ്പം എത്തിക്കും. കാലവർഷം അല്ലാത്ത സമയങ്ങളിൽ, അതായത് ജൂൺ- സെപ്റ്റംബർ അല്ലാത്ത സമയങ്ങൾ മധ്യധരണ്യാഴിയിൽ നിന്ന് സഞ്ചരിക്കുന്ന weather system ആണ് പശ്ചിമ അസ്വസ്ഥത. ഇതാണ് ഇവിടെ ഈർപ്പം കൊണ്ടുവരുന്നത്. ഈ വർഷം ശൈത്യകാലത്ത് പശ്ചിമ അസ്വസ്ഥതയുടെ എണ്ണം കുറവായിരുന്നു. അതുപോലെതന്നെ പശ്ചിമ അസ്വസ്ഥത തമ്മിലുള്ള അകലം കൂടുതലായിരുന്നു. ഇതിന്റെ അഭാവം പ്രാദേശികമായി കൂടുതൽ തണുപ്പുണ്ടാക്കും. അതാണിപ്പോൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിൽ എത്രമാത്രം കാലാവസ്ഥാ വ്യതിയാനം സ്വാധീനം ചെലുത്തുന്നുണ്ട് എന്നത് വ്യക്തമല്ല.

അമേരിക്കയിലെ പല സ്ഥലങ്ങളിലും പെട്ടെന്ന് താപനില കുറയുന്നു. ആർട്ടിക്ക് പ്രദേശത്ത് നിന്ന് എത്തിയ ബോംബ് സൈക്ലോൺ എന്ന് വിളിപ്പേരുള്ള ശീതക്കാറ്റാണ് തണുപ്പിന് കാരണമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പോളണ്ട്, ഡെന്മാർക്ക്, ചെക്ക് റിപ്പബ്ലിക്, നെതർലൻഡ്‌സ്, ബെലാറൂസ്, ലിത്വാനിയ, ലാത്വിയ തുടങ്ങി യൂറോപ്പിലെ മിക്ക നഗരങ്ങളിലും ശൈത്യകാലത്തും ചൂടു കൂടുകയാണ്. ശൈത്യകാലത്തെ ചൂടിനെ എങ്ങനെ നേരിടുമെന്ന പ്രതിസന്ധിയാലാണ് യൂറോപ്പ്. താപഗോപുരം (ഹീറ്റ് ഡോം)  എന്ന പ്രതിഭാസമാണ് യൂറോപ്പിനെ ചുട്ട് പൊള്ളിക്കുന്നത് എന്നാണല്ലോ റിപ്പോർട്ട്. എന്താണ് ഇത്തരം പ്രതിഭാസങ്ങൾക്ക് പിന്നിലെ ശാസ്ത്രീയ വശം?

ഞങ്ങൾ ഇതിനെ പോളാർ ആംപ്ലിഫിക്കേഷൻ എന്നാണ് പറയുന്നത്. ആർട്ടിക് സർക്കിളിലെ ജെറ്റ് പ്രവാഹം മിഡ് ലാറ്റിറ്റ്യൂഡ് മേഖലകളിലേക്ക് വരും. അതായത് 30/40 ഡിഗ്രി വടക്കോട്ട് വരും. അപ്പോൾ അവിടെ അതിശൈത്യമുണ്ടാകും. ആഗോള കാലാവസ്ഥാ വ്യതിയാനം കൊണ്ടാണിതെന്ന് ചില പഠനങ്ങളിൽ പറയുന്നുണ്ട്. ഏറെക്കുറേ ഇത് ശരിയാണെന്ന് പറയാം.

2022 ഡിസംബറിൽ അമേരിക്കയിൽ അനുഭവപ്പെട്ട അതിശൈത്യം. കടപ്പാട്: arabiaweather.com

യൂറോപ്പിലിപ്പോൾ അനുഭവപ്പെടുന്ന ഹീറ്റ് ഡോം കുറച്ച് വർഷങ്ങളായി കാണുന്ന ഉഷ്ണതരംഗങ്ങളാണ്. ചില പ്രദേശങ്ങളിൽ മർദ്ദം കൂടുമ്പോൾ വായു നിശ്ചലാവസ്ഥയിലാവുകയും ചൂട് വർധിക്കുകയും ചെയ്യുന്നു. ആഗോളതാപനം കൊണ്ടുള്ള അധിക ചൂട് കൂടി ഇതിന്റെ ഭാഗമായി മാറും. ഉയർന്ന മർദ്ദം സ്വഭാവിക പ്രതിഭാസമായിരിക്കാം. എന്നാൽ അതിലേക്ക് കടക്കുന്ന ചൂട് ആഗോളതാപനത്തിന്റെ ഫലമാണ്. അതാണ് ഹീറ്റ് ഡോം എന്ന് പറയുന്നതും യൂറോപ്പിലിപ്പോൾ അനുഭവപ്പെടുന്നതും.

2014 ന് ശേഷം വീണ്ടുമൊരു സംസ്ഥാന കാലാവസ്ഥാ വ്യതിയാന കർമ്മ പദ്ധതി (Kerala State Action Plan on Climate Change 2023-2030) തയ്യാറാക്കിയിരിക്കുകയാണല്ലോ സംസ്ഥാന സർക്കാർ. രണ്ട് പ്രളയങ്ങൾക്കും തുടരെത്തുടരെയുണ്ടായ പ്രകൃതി ദുരന്തങ്ങൾക്കും ശേഷമുള്ള ആക്ഷൻ പ്ലാൻ എന്ന നിലയിൽ ഇത് എത്രത്തോളം പ്രാധാന്യമുള്ളതാണ്? കേരളം നേരിട്ടുകൊണ്ടിരുന്ന കാലാവസ്ഥാ പ്രശ്നങ്ങൾക്ക് വ്യക്തമായ പരിഹാരങ്ങൾ ഇതിൽ നിർദ്ദേശിക്കപ്പെടുന്നുണ്ടോ?

കേരളം ചെകുത്താനും കടലിനും ഇടക്കുള്ള അവസ്ഥയിലാണെന്ന് പറയാം. ഒരു ഭാഗത്ത് കടൽ‌ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ചുഴലിക്കാറ്റ്, ചക്രവാതച്ചുഴി, തീരശോഷണം, കടലാക്രമണം ഇവയെല്ലാം തീരപ്രദേശങ്ങളേയും മത്സ്യമേഖലയായും ബാധിക്കുന്നു മൺസൂണിൽ ഉണ്ടാകുന്ന മാറ്റങ്ങളെല്ലാം കേരളത്തെ സാരമായി ബാധിക്കുന്നുണ്ട്. മറുവശത്ത് കാലാവസ്ഥാ മാറ്റങ്ങളും മനുഷ്യന്റെ കൈകടത്തലുകൾ കാരണവും  പശ്ചിമഘട്ടവും മാറുന്നുണ്ട്. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിക അവസ്ഥകളെ തന്നെ നമ്മൾ മുഴുവനായി മാറ്റിയിട്ടുണ്ട്. നമ്മളെപ്പോഴും കാലാവസ്ഥാ വ്യതിയാനത്തെ മാത്രം കുറ്റം പറയുമെങ്കിലും കാലാവസ്ഥാ മാറ്റം കൊണ്ടുള്ള പ്രശനങ്ങൾ രൂക്ഷമാകാനുള്ള പ്രധാന കാരണം ഇത്തരം മേഖലകളിൽ മനുഷ്യർ നടത്തുന്ന നേരിട്ടുള്ള പ്രവർത്തികളാണ്. കാലാവസ്ഥാ മാറ്റത്തിന്റെ പേരിൽ നമുക്ക് പാശ്ചാത്യ രാജ്യങ്ങളെ കുറ്റം പറയാം. എന്നാൽ പ്രാദേശികമായി വന്ന മാറ്റങ്ങൾ ക്വാറിയിങ്ങ്, മൈനിങ്ങ്, ഭൂമിയുടെ വിനിയോഗത്തിലുള്ള മാറ്റം എന്നിവയലൂടെ നമ്മളുണ്ടാക്കിയതാണ്. ഭൂവിനിയോഗത്തിലുള്ള മാറ്റം പല കാരണങ്ങൾ കൊണ്ടുവരാം. പോളിസികൾ, ബിൽഡപ്പ് ഏരിയ, നിർമ്മാണ പ്രവർത്തനങ്ങൾ, വനത്തിനെ ഏക വിളത്തോട്ടങ്ങളാക്കുക, റോഡ് നിർമ്മാണം, വീട് നിർമ്മാണം ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് വളരെ വലിയ മാറ്റങ്ങളാണ് പരിസ്ഥിതിയിൽ വന്നിട്ടുള്ളത്. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ഇത്തരം പരിസ്ഥിതിലോല പ്രദേശങ്ങളെ ബാധിക്കുമ്പോൾ അവിടുത്തെ ഭൂമിക്ക് വെള്ളമോ മണ്ണോ തടഞ്ഞുനിർത്താൻ കഴിയാതെ വരുകയും ഉരുൾപൊട്ടൽ പോലത്തെ അവസ്ഥകൾ ഉണ്ടാകുകയും ചെയ്യുന്നു. കടലിനും മലകൾക്കും ഇടയിൽ കാലാവസ്ഥയും പരിസ്ഥിതിയും മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദ്രുതഗതിയിലുള്ള പരിഹാര മാർഗങ്ങൾ നമുക്കാവശ്യമാണ്.

സംസ്ഥാന കാലാവസ്ഥാ വ്യതിയാന കർമ്മ പദ്ധതി 2023-2030 കവർ, കടപ്പാട്: twitter

ഞങ്ങളുടെ സ്ഥാപനം, IITM (Indian Institute of Tropical Meteorology)  Kerala State Action Plan on Climate Change 2023-2030 ലെ ചില റിപ്പോർട്ടുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. എന്തൊക്കെ മാറ്റങ്ങളാണ് ഇവിടുത്തെ പ്രകൃതിക്കുണ്ടായത്, എന്തിലാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്, എന്നൊക്കെ റിപ്പോർട്ടിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ശാസ്ത്രജ്ഞന്മാർ, ഭരണാധികാരികൾ, നയരൂപീകരണ വിദഗ്ധർ, എഞ്ചിനീയർമാർ, പ്രദേശിക സമൂഹം എന്നിവരൊക്കെ ഉൾപ്പെട്ട ഒരു കൂട്ടായ പ്രവർത്തനമാണ് (Collective Action) കേരളത്തിൽ വേണ്ടത്. പ്രദേശിക സമൂഹങ്ങൾക്ക് ഈ കാര്യത്തിൽ വളരെ വലിയൊരു പങ്ക് വഹിക്കാൻ കഴിയും. ലോകം എന്തു ചെയ്യുമെന്ന് കാത്തിരിക്കാൻ സമയമില്ല. സംസ്ഥാന തലത്തിൽ മാത്രമല്ല, പഞ്ചായത്തു തലത്തിൽ തന്നെ പ്രവർത്തിക്കാൻ സാധിക്കും. ഓരോ പ‍ഞ്ചായത്തിന്റെയും ഭൂപ്രക‍തിയും കാലാവസ്ഥയും പ്രാദേശിക ഭൂപ്രകൃതിക്കനുസരിച്ച് വത്യാസപ്പെട്ടിരിക്കും. കോട്ടയത്തുള്ള ഒരു പഞ്ചായത്തിന്റെ കാലാവസ്ഥയാകില്ല പാലക്കാടുള്ള ഒരു പഞ്ചായത്തിന്റേത്. ഇതിൽ നിന്നെല്ലാം വത്യസ്തമായ കാലാവസ്ഥയാകും കൊച്ചിയിലോ ആലപ്പുഴയിലോ ഉള്ള പഞ്ചായത്തുകളിൽ. കാലാവസ്ഥാ മാറ്റങ്ങളെ പ്രാദേശികമായി മനസിലാക്കി പരിഹരിക്കാൻ ശ്രമിക്കണം. പഞ്ചായത്തു തലത്തിൽ പ്രാദേശികമായ വിലയിരുത്തൽ ആവശ്യമാണ്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള രേഖയെന്ന നിലയിൽ ആക്ഷൻ പ്ലാൻ പരിഗണിച്ച്,  പ്രദേശികമായ കാലാവസ്ഥാ പ്രശനങ്ങൾ കണ്ടെത്തി യോജ്യമായ ലഘൂകരണ മാർഗങ്ങൾ നോക്കണം.

കാലാവസ്ഥാ സജ്ജമായ (climate equipped) സ്കൂളുകളും കോളേജുകളും ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീനച്ചിൽ റിവർ ആന്റ് റെയ്ൻ മോണിറ്ററിംഗ് ഗ്രൂപ്പുമായി താങ്കൾ സഹകരിക്കുന്നുണ്ടല്ലോ? കാലാവസ്ഥാ മാറ്റം സംബന്ധിച്ചുള്ള ശാസ്ത്രീയ അറിവുകൾ സമൂഹത്തിന്റെ പല മേഖലകളിൽ നിന്നുള്ള മനുഷ്യർക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ കഴിയുന്നുണ്ടോ?

ഞാൻ നേരത്തെ പറഞ്ഞ കൂട്ടായ പ്രവർത്തനമാണ് മീനച്ചിൽ റിവർ ആന്റ് റെയ്ൻ മോണിറ്ററിംഗ്. കാർബൺ ബഹിർഗമനം കുറക്കുന്നതിനൊപ്പം പ്രാദേശിക പ്രർത്തനത്തിന്റെ (Local Action) പ്രാധാന്യത്തെക്കുറിച്ച് IPCC റിപ്പോർട്ട് പറയുന്നുണ്ട്. കളക്ടീവ് ലോക്കൽ ആക്ഷന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മീനച്ചിൽ റിവർ ആന്റ് റെയ്ൻ മോണിറ്ററിംഗ്. കേരളത്തിൽ മാത്രമല്ല സൗത്ത് ഏഷ്യ മുഴുവൻ മാതൃകയാക്കാവുന്ന ഒന്നാണ് ഈ ‌ഗ്രൂപ്പ്. കാരണം, കാലാവസ്ഥാ വെല്ലുവിളികളും അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളും ഇവിടെ സമാനമായാണ് നമ്മൾ കാണുന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രശ്നങ്ങളെ പ്രാദേശികമായി കണ്ടെത്തി നേരിടേണ്ടതാണ്. മീനച്ചിലാറിന് ഏകദേശം 78 കിലോമീറ്റർ നീളമുണ്ട്. മൺസൂണിൽ ഉണ്ടാകുന്ന എല്ലാത്തരം മാറ്റങ്ങളും മീനച്ചിലാറിനെ ബാധിക്കാറുണ്ട്. ചിലപ്പോൾ വളരെ വരളുകയും മറ്റ് ചിലപ്പോൾ വെള്ളപ്പൊക്ക അവസ്ഥയും മീനച്ചിലാറിൽ ഉണ്ടാകാറുണ്ട്. ഇത്തരം മാറ്റങ്ങളാണ് ഇങ്ങനെയൊരു ഗ്രൂപ്പ് രൂപീകരണത്തിലേക്കെത്തിച്ചത്. എന്നെപ്പോലെയൊരു ശാസ്ത്രജ്ഞൻ തുടങ്ങിയതല്ല അത്. പ്രാദേശിക തലത്തിൽ പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യർ തുടങ്ങിയതാണ്. എന്നിട്ട് ആ ഗ്രൂപ്പിലേക്ക് എന്നെയും അതുപോലെയുള്ള വിദഗ്ധരെയും നിർദ്ദേശങ്ങൾക്കും, പരിഹാരങ്ങൾക്കുമായി അവർ ഉൾക്കൊള്ളിച്ചു. താല്പര്യമുള്ള പഞ്ചായത്തുകളെ ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഇതിൽ ഉൾപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണ്. മഴമാപിനികൾ, തെർമോ മീറ്റർ, റിവർ സെകിയിൽ മുതലായവ സ്ഥാപിച്ചു. ഇതൊക്കെ സ്ഥാപിക്കാൻ വളരെ തുച്ഛമായ തുകയേ ആവശ്യമുള്ളൂ. പക്ഷെ അതിനും സാമ്പത്തിക സഹായങ്ങളും മറ്റ് സഹായങ്ങളും വേണം. ചില സ്ഥലങ്ങളിൽ ഇത്തരം സംവിധാനങ്ങൾ സ്ഥാപിക്കണമെങ്കിൽ മുൻസിപ്പാലാറ്റി/പഞ്ചായത്തിന്റെ അനുമതി വേണം. സ്കൂളുകളുകളിലും, പൊതു സ്ഥലങ്ങളിലും ഇവ സ്ഥാപിച്ച് നിരീക്ഷിക്കുന്നുണ്ട്. ഇത് കാലാവസ്ഥയെയും മീനച്ചിലാറിന്റെ മാറ്റങ്ങളെയും മനസിലാക്കാൻ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ മഴ പെയ്യുമ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ എത്ര വെള്ളം പൊങ്ങുമെന്ന് പറയാൻ സാധിക്കുന്ന തരത്തിലുള്ള ഒരു സംവിധാനം ഉണ്ടായി വന്നിട്ടുണ്ട്. 2019 ൽ വെള്ളപൊക്കമുണ്ടായപ്പോൽ കൃത്യമായ മുന്നറിയിപ്പ് കൊടുത്ത് ഒരു കോളനിയെ രക്ഷിക്കാൻ സാധിച്ചത് മാധ്യമങ്ങളിലുൾപ്പടെ റിപ്പോർട്ട് ചെയ്തിരുന്നു. അത്രമാത്രം കാര്യക്ഷമമായ സംവിധാനമാണ്. ഞങ്ങൾ കുറച്ചുപേർ അത് വളരെ ശാസ്ത്രീയമാക്കാൻ ശ്രമിക്കുന്നുണ്ട്.  ചെറിയൊരു പ്രദേശത്ത് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ വലിയ അളവിൽ മഴ പെയ്യുന്ന അവസ്ഥ ഇപ്പോൾ സാധാരണമാണ്. അത് നമുക്ക് അളക്കാൻ പറ്റുന്നില്ലെങ്കിൽ അതിനനുസരിച്ചുള്ള പ്രത്യാഘാതം നമുക്ക് മനസിലാക്കാൻ പറ്റാതെ പോകുകയും കാലാവസ്ഥാ പ്രതിവിധികൾ വൈകുകയും ചെയ്യും.

മീനച്ചിൽ റിവർ ആന്റ് റെയ്ൻ മോണിറ്ററിംഗിനെ സംബന്ധിച്ച് വന്ന പത്ര വാർത്ത, കടപ്പാട്: twitter

കേരളത്തിൽ ഒരോ മൂന്ന് കിലോമീറ്ററിലും സ്കൂളുകൾ ഉണ്ടെന്നാണ് പറയുന്നത്. മീനച്ചിൽ റിവർ ആന്റ് റെയ്ൻ മോണിറ്ററിംഗ് ഗ്രൂപ്പിൽ പ്രധാനമായും സ്കൂളുകളുകൾ, പ്രാദേശിക കമ്മ്യൂണിറ്റികൾ, കോളേജുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. സ്കൂളുകളിൽ മഴമാപിനി സ്ഥാപിച്ചതുകൊണ്ടുള്ള ഗുണം സ്കൂളുകളിൽ തുറസായ ഗ്രൗണ്ടുകളുള്ളതുകൊണ്ട് അളവുകൾ കൃത്യമാകും എന്നതാണ്. വിദ്യാർത്ഥികൾക്ക് കാലാവസ്ഥയെ കുറിച്ചും അതിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും മനസിലാക്കാൻ അത് അവസരമുണ്ടാകുന്നു. അതി തീവ്ര മഴയുണ്ടാകുമ്പോൾ മില്ലി മീറ്ററിൽ അത് എത്രയാണെന്ന് അളക്കാൻ ഒരു ധാരണയുണ്ടാകുന്നു. 100 മില്ലി മീറ്റർ മഴയെന്ന് കേട്ടാൽ എത്രമാത്രം മഴയെന്ന് മുതിർന്നവർക്ക് പോലും അറിയില്ലായിരിക്കും. പക്ഷെ മഴമാപിനി വെച്ച് അളക്കുമ്പോൾ 10 മില്ലിമീറ്റർ മഴ എത്രയാണെന്നും അതെത്രമാത്രം ബാധിക്കുമെന്നും 100 മില്ലിമീറ്റർ മഴ എത്രയാണെന്നും അതെത്രമാത്രം ബാധിക്കുമെന്നും കുട്ടികൾക്ക് മനസിലാക്കാൻ സാധിക്കും. ദീർഘകാലത്തിൽ എത്ര മാത്രം വ്യതിയാനങ്ങൾ വന്നിട്ടുണ്ടെന്നും മനസിലാക്കാൻ സാധിക്കും. മഴ പെയ്യുമ്പോൾ സമീപ പ്രദേശത്തെ തോട്ടിലോ ആറ്റിലോ എത്രത്തോളം വെള്ളം പൊങ്ങുമെന്നും അറിയാൻ സാധിക്കും. എല്ലാദിവസവും അവരുടെ അസംബ്ലിയിൽ 24 മണിക്കൂറിനുള്ളിൽ പെയ്ത മഴയുടെ അളവ്, ഉയർന്ന താപനില, താഴ്ന്ന താപനില എന്നിവ അവതരിപ്പിക്കും. ഇത് വളരെ വലിയൊരു മുന്നേറ്റമാണ്. ചില സ്കൂളുകളി‍ൽ ജലസംഭരണികൾ ഉണ്ട്. മഴ കുറഞ്ഞൊരു സീസണിൽ അതുമായി ഇതിനെ ബന്ധിപ്പിക്കാൻ സാധിക്കും. മഴ കുറഞ്ഞ ഒരു സീസൺ ഉണ്ടെങ്കിൽ അവർക്ക് കൂടുതൽ മഴവെള്ളം സംഭരിക്കണം എന്ന് അറിയാൻ കഴിയും. ഈ മോണിറ്ററിംഗ് ഒരു ശൃംഖല പോലെയാണ് പ്രവർത്തിക്കുന്നത്.  ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലയിലുള്ള സ്കൂളുകളിലെ വിവരങ്ങൾ ശേഖരിച്ച് സെന്റ് ജോർജ് കോളേജ് വിശകലനം നടത്തുന്നുണ്ട്. ശേഖരിക്കപ്പെടുന്ന വിവരങ്ങൾ വെച്ച് കാലക്രമേണ ഒരു ഗവേഷണം നടത്താനുള്ള സാധ്യത വരെയുണ്ട്.  ഇതിൽ നിന്നും കാലാവസ്ഥാ പ്രവചനത്തിന് കുറച്ച് കൂടി മെച്ചപ്പെട്ട മോഡലുണ്ടാക്കാൻ കഴിയും. വെള്ളത്തിന്റെ ഗുണനിലവാരം വരെ ഇതുവഴി അറിയാം.

കേരളത്തിലെ തീരശോഷണത്തിന് ഒരു പ്രധാന കാരണം വിഴിഞ്ഞം വാണിജ്യ തുറമുഖം പോലെയുള്ള വികസന പദ്ധതികളാണെന്ന് തദ്ദേശവാസികളായ മത്സ്യത്തൊഴിലാളി സമൂഹവും തീരപരിസ്ഥിതി വിദഗ്ദരും പറയുന്നുണ്ട്. ഇതുകൂടാതെ ആഗോള തലത്തിൽ സമുദ്ര ജലനിരപ്പ് ഉയരുന്നതിന്റെ ഭാഗമായ മാറ്റങ്ങൾ കേരളത്തിലെ കടലോര മേഖലയിലെ പ്രശ്നങ്ങളെ രൂക്ഷമാക്കുന്നുണ്ടോ?

കാലാവസ്ഥക്ക് പ്രധാന പങ്കുണ്ടെങ്കിലും പ്രാദേശികമായി വരുത്തുന്ന മാറ്റങ്ങൾ സാരമായി ബാധിക്കുന്നുണ്ട്. വിഴിഞ്ഞം പ്രോജക്ടിന്റെ സ്വാധീനം എത്രമാത്രം ഉണ്ടെന്നറിയണമെങ്കിൽ കമ്പ്യൂട്ടർ/ന്യൂമെറിക്കൽ മോഡലിംഗ് ചെയ്താൽ മാത്രമേ വ്യക്തമായി നമുക്ക് മനസിലാക്കാൻ പറ്റുകയുള്ളൂ. പക്ഷെ ഒരു തീരപ്രദേശത്തിന്റെ ഭൂപ്രകൃതിയിലോ നിരപ്പിലോ മാറ്റം വരുത്തുമ്പോൾ ആ തീരപ്രദേശത്തിന്റെ സമീപപ്രദേശങ്ങളിൽ അതിന്റെ പ്രതിപ്രവർത്തനമുണ്ടാകും. അത് വളരെ വ്യക്തമാണ്. National Centre for Earth Science Studies ന്റെ പഠനങ്ങൾ വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് തോന്നുന്നു. എന്നാൽ മോഡലിംഗ് പഠനം നടന്നിട്ടുണ്ടോയെന്ന് അറിയില്ല. കമ്പ്യൂട്ടർ/ന്യൂമെറിക്കൽ മോഡലിംഗ് പഠനങ്ങൾ നടത്തിയാൽ കാലാവസ്ഥ വ്യതിയാനം കാരണവും, വിഴിഞ്ഞം പ്രോജക്ടിന്റെ സ്വാധീനം കാരണവും തീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ പ്രത്യേകമായി അറിയാൻ കഴിയും. സമുദ്രജലനിരപ്പ് ഉയരുന്നുണ്ട്. അതുപോലെ തന്നെ തീരശോഷണത്തിന്റെ മറ്റൊരു കാരണമായ കടലാക്രമാണവും കൂടുന്നുണ്ട്. കാലാവസ്ഥ കൂടുതൽ തീവ്രമാകുന്നുണ്ട്. ചുഴലിക്കാറ്റാകൾ, മൺസൂൺ സമയത്തുള്ള അതിതീവ്ര കാറ്റുകൾ കൂടുകയാണ്. അത് തീരശോഷണത്തിന്റെ ആക്കം കൂട്ടുന്നു.

പലപ്പോഴും കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളും, സ്ത്രീകളുമാണ് കൂടതലായി അനുഭവിക്കേണ്ടി വരുന്നത്. ഇത്തരത്തിൽ കാലാവസ്ഥാ മാറ്റം കൊണ്ട് ദുരിതങ്ങൾ നേരിടുന്ന സമൂഹങ്ങൾക്കും, സ്ത്രീകൾക്കും ദുരിതാശ്വാസ സഹായം നൽകി സമാശ്വസിപ്പിക്കുക മാത്രമാണ് സർക്കാരുകൾ ചെയ്യാറുള്ളത്. അവർക്ക് നഷ്ടമാകുന്ന സാമൂഹിക ജീവിതത്തെക്കുറിച്ചും ഇത്തരം കാലാവസ്ഥാ ദുരന്തങ്ങൾ എങ്ങനെ അവരുടെ ശാരീരിക മാനസിക അവസ്ഥകളെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും കൂടുതൽ ചർച്ചകൾ ഉയർന്നുവരേണ്ടതല്ലേ?

കേരളത്തിലായാലും ആഗോള തലത്തിലായാലും ഇത്തരത്തിൽ ആദിവാസി,  മത്സ്യത്തൊഴിലാളി സമൂഹത്തെ പ്രത്യേകിച്ച് ഇവിടങ്ങളിലെ സ്ത്രീകളെയാണ് കാലാവസ്ഥാ മാറ്റം കാര്യമായി ബാധിക്കുക. വയനാട്ടിൽ വെള്ളപൊക്കമുണ്ടായപ്പോഴും ആദിവാസി സമൂഹമായിരുന്നു കൂടുതൽ പ്രശ്നങ്ങൾ അനുഭവിച്ചത്. കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള പാർശ്വഫലങ്ങളുടെ കാര്യത്തിൽ അസമത്വമുണ്ട്. അത്തരം വശങ്ങളും കൂടി ഉൾക്കൊള്ളുന്ന ഒരു നയം അത്യാവശ്യമാണ്. മാത്രമല്ല ഈ സമൂഹങ്ങളെക്കൂടി ഉൾപ്പെടുത്തി വേണം നയം ഉണ്ടാക്കേണ്ടത്. ദുരിതാശ്വാസം എന്നത് ഒരു താൽക്കാലിക ആശ്വാസം മാത്രമാണ്. ഉപജീവന മാർഗങ്ങൾ തന്നെ നഷ്ടമായിട്ടുള്ളവരെ സംബന്ധിച്ച് നിലനിൽപ്പ് തന്നെ വളരെ ബുദ്ധിമുട്ടാണ് അതാണ് ‍ഞാൻ നേരത്തെ ലോക്കൽ കളക്ടീവ് ആക്ഷൻ വേണമെന്ന് പറഞ്ഞത്. തദ്ദേശീയമായ അറിവുകൾ വളരെ പ്രധാനമാണ്. ആവാസ വ്യവസ്ഥകൾക്കനുസരിച്ചുള്ള അനുരൂപീകരണം (ecosystem based adaptations) എന്നതിന് പ്രധാന്യം നൽകണം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 26, 2023 12:24 pm