സാമൂഹ്യ വികസനവും സാമ്പത്തിക അസമത്വങ്ങളും

വികസനം എന്ന ആശയത്തെക്കുറിച്ചുള്ള ചിന്തകളിൽ കേരള വികസന മാതൃക എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രയോഗങ്ങൾക്ക് എന്ത് സ്ഥാനമാണുള്ളത്? കേരളത്തിന് സവിശേഷമായി ഉണ്ടെന്ന് പറയപ്പെടുന്ന ഈ വികസന മാതൃകയെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?

മൂർത്തമായിട്ടുള്ള ചോദ്യമാണിത്. അതിന്റെ ഉത്തരത്തിലേക്ക് വരുന്നതിന് മുമ്പ് ആമുഖമായി ചില കാര്യങ്ങൾ പറയാനുണ്ട്. വികസനത്തെ സംബന്ധിച്ച് മൂന്ന് കാര്യങ്ങളിൽ ഇതുവരെ അഭിപ്രായ ഐക്യമുണ്ടായിട്ടില്ല. ഒന്ന്, എന്താണ് വികസനം? രണ്ട്, വികസനത്തിന്റെ സ്രോതസ്സ് എന്താണ്? മൂന്ന്, എന്താണ് വികസനത്തിന്റെ മാനദണ്ഡം. ഈ മൂന്ന് കാര്യങ്ങളിലും സൈദ്ധാന്തിക തലത്തിലും പ്രായോഗിക തലത്തിലും അഭിപ്രായ ഐക്യം ഇന്നുവരെ സാധ്യമായിട്ടില്ല. വികസനം എന്നത് ദാരിദ്ര്യം അനുഭവിക്കുന്ന ഒരാളെ സംബന്ധിച്ച് അനിവാര്യമായ ഒന്നല്ല. അടുത്തിടെ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിനോട് എന്തായിരുന്നു വേണ്ടത് എന്ന് ചോദിച്ചിരുന്നെങ്കിൽ വികസനമാണ് വേണ്ടതെന്ന് അയാൾ പറയില്ലായിരുന്നു. ഭക്ഷണമാണ് ആവശ്യം എന്നായിരിക്കും മധുവിന്റെ മറുപടി. പോഷകക്കുറവ് കൊണ്ട് മരിക്കുന്ന കുട്ടികൾക്കും ദാരിദ്ര്യത്താൽ രോഗികളായി ത്തീർന്നവർക്കും ഒന്നും ആവശ്യം വികസനമല്ല. ആദിവാസികൾ ഒരിക്കലും വികസനം വേണം എന്ന് പറയാറില്ല. ഞങ്ങളുടെ ഊരിനടുത്ത് കേന്ദ്ര സർവ്വകലാശാല വേണമെന്നോ, എയർ പോർട്ട് വേണമെന്നോ, മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വേണമെന്നോ അവർ ആവശ്യപ്പെടാറില്ല. അവരുടെ പ്രശ്നം വികസനമല്ല, അതിജീവനമാണ്. വികസനം ദരിദ്രരുടെ പ്രശ്നമല്ല. അവരെ സംബന്ധിച്ച് ആവശ്യം അടുത്തനേരത്തെ ഭക്ഷണമാണ്. അടുത്തനേരത്തെ ഭക്ഷണം ഉറപ്പാക്കിയിട്ടുള്ളവർക്കാണ് വികസനം വേണ്ടിവരുന്നത്. വികസനം ഒരു മുതലാളിത്ത ആശയമാണ്. അത് രണ്ടാംലോക മഹായുദ്ധത്തിന് ശേഷമാണ് നിലവിൽ വരുന്നത്. പ്രത്യേകിച്ച് അമേരിക്കയുടെ ആഭിമുഖ്യത്തിൽ. കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും സോഷ്യലിസ്റ്റ് ചിന്താഗതികളെയും തടയുന്നതിന് വേണ്ടിയാണ് വികസനം എന്നൊരു സങ്കൽപ്പം അമേരിക്ക അവതരിപ്പിക്കുന്നത്. മൂന്നാംലോക രാജ്യങ്ങൾ അവികസിതമാണെന്ന് അവരാണ് പറഞ്ഞത്. മുതലാളിത്തം ചരിത്രത്തിൽ വിജയിച്ചതുകൊണ്ട് വികസനം എന്ന ആശയവും വിജയിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാരെക്കൊണ്ട് പോലും വികസനം എന്ന ആശയത്തെ അംഗീകരിപ്പിക്കാനും അതിനെ ഒരു പ്രത്യയശാസ്ത്രതലത്തിലേക്ക് ഉയർത്താനും അവർക്ക് കഴിഞ്ഞു. അത് മുതലാളിത്തത്തിന്റെ വിജയമാണ്. ദരിദ്രർ ഒരിക്കലും ആവശ്യപ്പെട്ടിട്ടല്ല ഈ വികസനം വരുന്നത്. വസ്ത്രം, ഭൂമി, പാർപ്പിടം, ആരോഗ്യം തുടങ്ങിയ അടിസ്ഥാനകാര്യങ്ങളാണ് അവർ എപ്പോഴും ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ വികസനം എന്നത് ഒരു അജണ്ട എന്ന നിലയിൽ ഒരിക്കലും ദരിദ്രർക്ക് വേണ്ടിയുള്ള പരിപാടിയായിരുന്നില്ല എന്നു പറയാം. ജനങ്ങൾക്ക് വേണ്ടി എന്ന പേരിൽ വികസനത്തിന്റെ ഉദ്ദേശത്തെക്കുറിച്ച് പണ്ഢിതന്മാർ ചിന്തിക്കുന്നു, അതിന്റെ ആവശ്യത്തെക്കുറിച്ച് ഭരണാധികാരികൾ ചിന്തിക്കുന്നു. വികസനവുമായി ബന്ധപ്പെട്ട പദ്ധതികളെല്ലാം വിദഗ്ധർ ജനങ്ങൾക്ക് വേണ്ടി ഉണ്ടാക്കുന്നതാണ്. ബ്യൂറോക്രസിയാണ് എല്ലാം ചെയ്യുന്നത്. ജനങ്ങൾ അവിടെ എവിടെയുമില്ല.

ഡോ. എം കുഞ്ഞാമൻ

കേരളത്തിന്റെ ഉദാഹരണം നോക്കൂ. പ്ലാനിംഗ് ബോർഡിൽ ആദിവാസികളുടെ വികസനകാര്യങ്ങൾക്കായി ഒരു വിദഗ്ധൻ ഇല്ല. ആദിവാസികൾക്ക് എന്താണ് വേണ്ടത് എന്ന് തീരുമാനിക്കുന്നത് ആദിവാസികളല്ല. അവർക്ക് വേണ്ടി കുറേ ബ്യൂറോക്രാറ്റുകൾ തീരുമാനങ്ങളെടുക്കുന്നു. കൊളോണിയൽ ചിന്തയുടെ നവരൂപമാണത്. കോളനിയിലെ ആളുകൾക്ക് എന്താണ് വേണ്ടതെന്ന് ഞങ്ങൾക്കറിയാം എന്നാണ് സാമ്രാജ്യത്വ രാജ്യ ങ്ങൾ ചിന്തിച്ചിരുന്നത്. സ്വാതന്ത്ര്യം കിട്ടിയെങ്കിലും ആ ചിന്ത മാറിയിട്ടില്ല. ഇന്ത്യൻ സ്വാതന്ത്ര്യം ഒരു ഭരണമാറ്റം മാത്രമായിരുന്നു. പാശ്ചാത്യ അധികാരികളിൽ നിന്നും പാശ്ചാത്യവത്കരിക്കപ്പെട്ട ഇന്ത്യൻ അധികാരികളിലേക്കുള്ള ഒരു ഭരണമാറ്റം. ഇതുതന്നെയാണ് ആദിവാസി വികസനത്തിന്റെ കാര്യത്തിൽ നമ്മൾ ഇപ്പോൾ അവലംബിക്കുന്നത്. ഭരണാധികാരികൾ ദൈവീകതയുള്ളവരാണ് എന്ന ചിന്തയാണ് നിലനിൽക്കുന്നത്. ഭരണാധികാരികളും മതാധികാരികളും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തവർ ആകരുത്. എന്നാൽ നരേന്ദ്രമോദിയേയും മാതാ അമൃതാ നന്ദമയിയേയും നമുക്ക് ചോദ്യം ചെയ്യാൻ കഴിയില്ല എന്നതാണല്ലോ സ്ഥിതി. അങ്ങനെ വന്നതോടെ ജനങ്ങൾക്ക് യാതൊരു സ്ഥാനവും അഭിപ്രായവും ഇല്ലാത്ത മേഖലയായി വികസനം മാറുകയുണ്ടായി. വികസനം ഒരു വിശ്വാസത്തിന്റെ തലത്തിലേക്ക് ഉയർന്നു. അത് ഒരു മതമായി മാറിയിരിക്കുന്നു. വികസനത്തെ ചോദ്യം ചെയ്താൽ രാജ്യ ദ്രോഹകുറ്റം ചുമത്തി കേസെടുക്കാം എന്ന സ്ഥിതിയാണുള്ളത്. വികസനത്തെ സംബന്ധിച്ച നിലവിലെ സ്ഥിതി ഇതാണ്.

ഇനി കേരളത്തിന്റെ കാര്യത്തിലേക്ക് വരാം. കേരള മോഡൽ എന്നത് അക്കാദമിക് രംഗത്തും നയരൂപീകരണ രംഗത്തും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഉയർന്ന മാനവിക വികസന സൂചികയുണ്ട് എന്നതാണല്ലോ കേരള വികസനത്തെ ഒരു മാതൃകയായി പറയാൻ കാരണം. ജോൺ റോൾസ് എന്ന ചിന്തകന്റെ ‘എ തിയറി ഓഫ് ജസ്റ്റിസ്’ എന്ന പുസ്തകത്തിൽ പറയുന്നു, “നമ്മൾ ഒരു വ്യവസ്ഥിതിയെ വിലയിരുത്തുമ്പോൾ അതിലെ ശക്തർക്ക് എന്ത് നേട്ടമുണ്ടായി എന്നല്ല, ഏറ്റവും അശക്തർക്ക് എന്ത് നേട്ടമുണ്ടായി എന്നാണ് നോക്കേണ്ടത്”. സമൂഹത്തിലെ ദുർബല വിഭാഗങ്ങളോട് വ്യവസ്ഥിതി എന്താണ് ചെയ്തത്? Worst-off എന്ന വാക്കാണ് ജോൺ റോൾസ് ആ വിഭാഗങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഞാൻ ഒരു വികസന പ്രക്രിയയെ വിലയിരുത്തുന്നത് ഈ മാനദണ്ഢം വച്ചാണ്. അല്ലാതെ മാനവിക വികസന സൂചിക വച്ചല്ല. ആദിവാസികളോട്, ദളിതരോട്, സ്ത്രീകളോട് ആ വികസന പ്രക്രിയ എങ്ങനെയാണ് ഇടപെട്ടത് എന്ന് വിലയിരുത്തണം. അങ്ങനെ നോക്കുമ്പോൾ കേരള മോഡൽ വികസന മാതൃകയ്ക്ക് ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. വളരെയേറെ അർദ്ധസത്യങ്ങളും അസത്യങ്ങളുമാണ് അതിനെക്കുറിച്ച് പ്രചരിക്കുന്നതെന്ന് കാണാൻ കഴിയും. ഇങ്ങനെ സംഭവിക്കാൻ കാരണം, പലപ്പോഴും അതിനെ വിശകലനം ചെയ്യുന്നത് പഴയ ഫ്യൂഡൽ കുടുംബങ്ങളിൽ നിന്നുള്ള രാഷ്ട്രീയക്കാരും ഗവേഷകരുമാണ് എന്നതാണ്. രാഷ്ട്രീയനേതാക്കളുടെയും ഗവേഷകരുടെയും സാമൂഹിക പശ്ചാത്തലം അവർ നടത്തുന്ന വിലയിരുത്തലുകളിലും പ്രതിഫലിക്കും. പുറംതള്ളപ്പെട്ട സാമൂഹിക വിഭാഗങ്ങളിൽ നിന്നും ഗവേഷകർ ഉണ്ടായിവരുന്നത് അടുത്തകാലത്ത് മാത്രമാണല്ലോ. അവർ കേരള വികസന മാതൃകയെ കാണുന്നത് ഈ രീതിയിലല്ല. കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടായി എന്ന് അവകാശപ്പെടുമ്പോഴും അതിന്റെ ഗുണഭോക്താക്കളാകാൻ ദുർബലജനവിഭാഗങ്ങൾക്ക് കഴിഞ്ഞില്ല. ഭൂപരിഷ്കരണം നടപ്പിലാക്കി എന്ന് പറയുമ്പോഴും ദളിതർക്ക് ഭൂമി ലഭിച്ചിട്ടില്ല. ആദിവാസി ഭൂമി സംരക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. ദളിതർക്ക് കുടികിടപ്പവകാശം കൊടുത്തത് അഭിമാനനേട്ടമായാണ് രാഷ്ട്രീയ നേതൃത്വങ്ങൾ പറയുന്നത്. എന്നാൽ കുടികിടപ്പവകാശത്തെക്കുറിച്ചായിരുന്നില്ല ഭൂപരിഷ്കരണ നിയമം പറഞ്ഞിരുന്നത്. കുടികിടപ്പവകാശം കുടികിടപ്പുകാരന് എന്നതല്ല അന്നത്തെ മുദ്രാവാക്യം. കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക് എന്നുതന്നെയായിരുന്നു.

കേരളത്തിൽ ആദിവാസി മേഖലകളില്ല, കുടിയേറ്റ മേഖലകളാണുള്ളത്. കുടിയേറ്റ മേഖലയിൽ താമസിക്കുന്ന ചെറിയ വിഭാഗമാണ് ആദിവാസികൾ. അതുകൊണ്ടുതന്നെ ആദിവാസികൾക്കായി ട്രൈബൽ സ്പാൻ ഫണ്ട് വഴി ആവിഷ്കരിക്കുന്ന പരിപാടികളുടെ ഗുണഭോക്താക്കൾ അവിടെ താമസിക്കുന്ന കുടിയേറ്റക്കാരായി മാറുകയാണ്. ‘ഗ്ലോബലൈസേഷൻ: എ സബാൾട്ടൺ പേഴ്സ്പെക്ടീവ്’ എന്ന എന്റെ പുസ്തകത്തിൽ ഞാൻ ഇക്കാര്യം വിശദമാക്കുന്നുണ്ട്. ആദിവാസികളുടെ പേരിൽ വികസനം ത്വരിതപ്പെടുത്തി, ആ സ്ഥലം വികസിപ്പിച്ച് ആദിവാസികളെ ഒഴിവാക്കുകയാണ് ശരിക്കും നടക്കുന്നത്. ആദിവാസി പ്രദേശങ്ങൾ വികസിക്കുകയും ആദിവാസികൾ പുറന്തള്ളപ്പെടുകയും ചെയ്തു. കേരളത്തിൽ ഉയർന്നുവന്ന ഒരു ഉപരിമധ്യവർഗ്ഗമാണ് ഇവിടെ നടക്കുന്ന വികസനത്തിന്റെ ഗുണഭോക്താക്കൾ. അവരുടെ നേതൃത്വ ത്തിൽ റിയൽ എസ്റ്റേറ്റ് ലോബി നിയന്ത്രിക്കുന്ന ഒരു വികസനം ശക്തമായി തന്നെ മുന്നോട്ടുപോകുന്നുണ്ട്. ദുർബല വിഭാഗങ്ങൾ അതിൽ നിന്നും പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഹെഗൽ 1820ൽ എഴുതിയ പുസ്തകമുണ്ട്, ‘ഫിലോസഫി ഓഫ് റൈറ്റ്സ്’. സമ്പത്താണ് സ്വാതന്ത്ര്യം തരുന്നത് എന്ന് അദ്ദേഹം അതിൽ പറയുന്നുണ്ട്. സമ്പത്ത് മനുഷ്യനെ ശാക്തീകരിക്കുന്നു. സമ്പത്തില്ലാത്തവർക്ക് സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയുന്നില്ല. കേരളത്തിൽ സവർണ്ണർക്ക് കൂടുതൽ സ്വാതന്ത്ര്യമുണ്ടാകുന്നത് അതുകൊണ്ടാണ്. ദുർബലജനവിഭാഗങ്ങളെ സമ്പന്നരാക്കുന്ന വികസനം കേരളത്തിൽ നടന്നിട്ടില്ല.

ജോൺ റൗൾസ്‌

അസമത്വങ്ങൾ പരിഹരിച്ച് സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതിൽ വികസനത്തിന് എന്ത് പങ്കാണുള്ളത്?

എന്താണ് സാമ്പത്തിക നീതി? പരിപൂർണ്ണ നീതി എന്ന ഒന്നില്ല. ‘ഐഡിയ ഓഫ് ജസ്റ്റിസ്’ എന്ന പുസ്തകത്തിൽ അമർത്യസെൻ അതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. നീതിപൂർണ്ണമായ ഒരു വ്യവസ്ഥിതി നിർമ്മിക്കുക എന്നത് പ്രയാസമാണ്. നമ്മൾ ചെയ്യേണ്ടത് അനീതികൾ കുറച്ച് നീതി ഉറപ്പുവരുത്തുകയാണ്. സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കുക എന്നതാണ് സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതിന് വേണ്ടത്. സാമ്പത്തിക സമത്വം കൊണ്ടുവരാൻ അധീശവിഭാഗങ്ങളാണ് തടസ്സമായി നിൽക്കുന്നത്. ദളിതർക്കും ആദിവാസികൾക്കും പ്രാതിനിധ്യമുള്ള സർക്കാരുകളുണ്ടായിട്ടും ഇത് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ജനാധിപത്യത്തിന്റെ പ്രശ്നമാണിത്. ഇന്ത്യയിൽ ജനാധിപത്യമുണ്ട്. പക്ഷെ സ്വാതന്ത്ര്യമില്ല.

കേരളത്തിന്റെ ഭരണരംഗം നാളുകളായി പങ്കിട്ടുകൊണ്ടിരിക്കുന്ന ഇടത് വലതു മുന്നണികളുടെ വികസന കാഴ്ച്ചപ്പാടിൽ മൗലികമായ എന്തെങ്കിലും വ്യത്യാസമുള്ളതായി താങ്കൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ?

വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ അവർ തമ്മിൽ വ്യത്യാസമൊന്നുമില്ല. യു.ഡി.എഫ് മുതലാളിത്തവർഗ്ഗ മുന്നണിയാണ്. എൽ.ഡി.എഫ് ഒരു ബഹുവർഗ്ഗമുന്നണിയും. അത് ഒരു തൊഴിലാളിവർഗ്ഗമുന്നണിയല്ല. തൊഴിലാളി നേതാക്കന്മാർ മുതൽ തോമസ് ചാണ്ടി വരെയുള്ളവർ അതിലുണ്ട്. ഇവിടെ ഇടതുപക്ഷം ബഹുവർഗ്ഗ പ്രസ്ഥാനമാണ്. അതിൽ മുതലാളിമാരുണ്ട്, തൊഴിലാളികളുണ്ട്, സവർണ്ണരുണ്ട്. അവർ ജാതിവ്യത്യാസങ്ങൾ അവലംബിക്കുന്നുമുണ്ട്. മുതലാളിത്തം തന്നെയാണ് ഇടതുപക്ഷം ഇവിടെ നടപ്പിലാക്കുന്നത്. മുതലാളിത്തത്തിന്റെ പ്രത്യേകത കൂടിയാണത്. മൂന്ന്-നാല്നൂറ്റാണ്ടുകളായി ആവിർഭവിച്ച് പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനം കൂടിയാണ് മുതലാളിത്തം. അതാത് കാലഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് അതിന് സ്വയം മാറാൻ കഴിയും എന്നതാണ് അതിന്റെ വിജയം. ഇന്ന് മുതലാളിത്തത്തെ നിർവചിക്കാൻ തന്നെ പ്രയാസമാണ്. വ്യാവസായിക മുതലാളിത്തമായി തുടങ്ങിയ മുതലാളിത്തം കുത്തക മുതലാളിത്തവും ക്ഷേമ മുതലാളിത്തവും ധനമുതലാളിത്തവും സംരംഭക മുതലാളിത്തവും ആയി മാറിക്കൊണ്ടേയിരിക്കുന്നു. അതാത് സന്ദർഭങ്ങളിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് അത് സ്വയം നിർവ ചിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്നു. ഇടതുപക്ഷം തന്നെ ഇന്ന് മുതലാളിമാർ എന്ന വാക്ക് ഉപയോഗിക്കുന്നില്ലല്ലോ. ബിസ്നസ് സംരംഭകർ എന്നാണ് പറയുന്നത്. മുതലാളിത്തത്തെക്കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാട് തന്നെ മാറിപ്പോയിരിക്കുന്നു.

കേരളീയം പ്രസിദ്ധീകരിച്ച ‘ഹാരിസൺസ്: രേഖയില്ലാത്ത ജന്മി’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ഡോ. എം കുഞ്ഞാമൻ (2020 ജനുവരി 21)

സംവരണ വിഷയത്തിൽ താങ്കളുടെ സമീപനം വളരെ വ്യത്യസ്തമാണല്ലോ?

സംവരണത്തെ വളരെ വൈകാരികമായിട്ടാണ് ആളുകൾ സമീപിക്കുന്നത്. യുക്തിപരമായിട്ടല്ല. അംബേദ്കർ പ്രാതിനിധ്യത്തിന്റെ പ്രശ്നമായാണ് സംവരണത്തെ കണ്ടത്. ഭരണത്തിലും അധികാരത്തിലും പ്രാതിനിധ്യം കൊടുക്കാനുള്ള ഒരു മാർഗ്ഗമായാണ് അദ്ദേഹം അതിനെ കണ്ടത്. പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കുന്നത് തൊട്ടുകൂടായ്മയുടെ കാരണത്താലാണ്. ആദിവാസികൾക്ക് അനുവദിക്കുന്നത് ഭൂമിശാസ്ത്രപരമായ അവരുടെ വേർപെടൽ കൊണ്ടാണ്. മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ലഭിക്കുന്നത് സാമൂഹികവും വിദ്യാ ഭ്യാസപരവുമായ അവരുടെ പിന്നോക്കാവസ്ഥ കാരണമാണ്. സാമ്പത്തികമല്ല, സാമൂഹികാവസ്ഥയാണ് പരിഗണിച്ചത്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലുള്ള മുസ്ലീംങ്ങളുടെ സ്ഥിതിയും ഇതാണ്. ഇന്ത്യയിൽ 18 കോടി മുസ്ലീംങ്ങളുണ്ട്. അവർ ന്യൂനപക്ഷമല്ല. പക്ഷെ അടിച്ചമർത്തപ്പെട്ട വിഭാഗമാണ്. മറ്റ് പല ഒ.ബി.സി വിഭാഗങ്ങളേക്കാൾ ദയനീയമാണ് അവരുടെ സ്ഥിതി. ആദിവാസികളെയും ദളിതരെയും മുസ്ലീംങ്ങളെയും നോക്കിയാൽ സംവരണത്തിലൂടെ ഉയർന്നുവന്നിട്ടുള്ളത് അതിലെ ഒരു ചെറിയ വിഭാഗം മാത്രമാണ്. അവർ ഒരു വരേണ്യ വിഭാഗമായി ഇന്ന് മാറിയിരിക്കുന്നു. ഭരണവർഗ്ഗത്തിന്റെ ഭാഷയിൽ സംസാരിക്കുന്നു. ചില സാമൂഹികവിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ലാത്തതിന്റെ പ്രശ്നമായിട്ടാണ് അംബേദ്കർ സംവരണത്തെ കണ്ടത്. അത് പരിഹരിക്കപ്പെട്ടില്ല. സംവരണത്തിലൂടെ ഒരു ചെറിയ വിഭാഗം ആളുകൾ വരേണ്യരായി മാറുകയാണ് ചെയ്തത്. എന്റെ ഈ വാദം ദളിത്-ആദി വാസി പ്രസ്ഥാനങ്ങൾക്ക് സ്വീകാര്യമായിരിക്കില്ല. ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന ജഗ്ജീവൻ റാമിന്റെ മകളും ലോകസഭാ സ്പീക്കറുമായിരുന്നല്ലോ മീരാകുമാർ. ദളിത് വിഭാഗത്തിൽ നിന്നുള്ളവരാണ് അവർ. മീരാകുമാർ ഇന്ത്യൻ ഫോറിൻ സർവ്വീസിൽ നിന്നാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. അത്തരം പശ്ചാത്തലമുള്ള ഒരാളുടെ മക്കൾക്ക് സംവരണം നൽകുന്നത് തെറ്റാണെന്ന് ഞാൻ പറയും. സംവരണം രണ്ടോ മൂന്നോ തലമുറകളിൽ ഒതുക്കി നിർത്തണം എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ സംവരണത്തിലൂട ഒരു വരേണ്യവിഭാഗം ഉയർന്നു വരും. ഇന്ന് പ്രത്യയശാസ്ത്രം എന്ന നിലയിൽ ബ്രാഹ്മണ്യം ഇന്ത്യയിൽ നിലനിൽക്കുന്നത് രാഷ്ട്രീയത്തിലും ബ്യൂറോക്രസിയിലുമാണ്. ഇതിൽ എത്തിച്ചേർന്ന ദളിതരും ആദിവാസികളുമെല്ലാം ഇതിന്റെ ഭാഗമായി മാറുകയാണ്. സംവരണത്തിന്റെ ലക്ഷ്യം ഈ രീതിയിൽ മാറരുത്. സാമ്പത്തിക സംവരണം വേണമെന്ന് പറയുന്ന ബി. ജെ.പിയുടെയും ഇടതുപക്ഷത്തിന്റെയും ഉദ്ദേശശുദ്ധി ശരിയല്ല. സമ്പത്ത് തുല്യമായി പുനർവിതരണം ചെയ്യണം എന്ന് പറയാൻ അവർ തയ്യാറല്ല. സമൂലപരിവർത്തനത്തിൽ അവർക്കും താത്പര്യമില്ല. മൗലികമായ രാഷ്ട്രീയ-സാമ്പത്തിക പ്രശ്നമാണ് സമ്പത്തിന്റെ, ഭൂമിയുടെ, പൊതു വിഭവങ്ങളുടെ പുനർവിതരണം എന്നത്. സംവരണത്തേക്കാൾ പ്രധാനം അതാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 6, 2023 12:50 pm