ഓഫ്‌റോഡ്-2
കേരളം പോലെ, ബോംബെ പോലുള്ള സ്ഥലങ്ങൾ… നോക്കൂ ശൃംഖലാ ദേശങ്ങളുടെ കാര്യം… ഞാൻ ഇതുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു (കണക്ടഡ്). ആറുമാസം മുമ്പ് അബ്ദുറസാഖ് ഗൂർണ ദൽഹി ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ ഇംഗ്ലീഷ് പ്രൊഫസർ നിഷാത് സൈദി, ചരിത്രകാരൻ ദിലീപ് എം.മേനോൻ (വിറ്റ്‌വാട്ടർസ്രാന്റ് യൂണിവേഴ്‌സിറ്റി) എന്നിവരുമായി സൂമിൽ നടത്തിയ സംഭാഷണത്തിലാണ് കേരളത്തെ പരാമർശിച്ചത്. ഇപ്പോൾ ഗൂർണ സാഹിത്യ നോബൽ ജേതാവാണ്. കിഴക്കനാഫ്രിക്കയിലെ സാൻസിബാറിൽ ജനിച്ച് യു.കെയിൽ പ്രവാസ ജീവിതം നയിക്കുന്ന അദ്ദേഹം കേരളം എന്ന ദേശത്തെ എങ്ങിനെ കാണുന്നു? ഇന്ത്യൻ മഹാസമുദ്ര തീരദേശം എന്ന നിലയിലാണ് അദ്ദേഹം കേരളത്തെ പരിഗണിക്കുന്നത്. ഈ പ്രദേശങ്ങളെല്ലാം സമാനമായ നിരവധി സാംസ്‌ക്കാരിക സന്ദർഭങ്ങൾ പങ്കുവെക്കുന്നു. ഗൂർണയുടെ കേരള പരാമർശം ഇതാണ് ഓർമ്മിപ്പിക്കുന്നത്. എന്നാൽ നോബൽ സമ്മാന പ്രഖ്യാപനം വന്നപ്പോൾ കേരളത്തിലെ വായനാസമൂഹം പൊതുവിൽ ഇത് ഏത് എഴുത്തുകാരൻ എന്ന് നെറ്റി ചുളിച്ചു. (എൻ.എസ് മാധവനടക്കമുള്ളവർ എഴുതിയത് (വളരെക്കുറച്ചു പേർ) വിസ്മരിക്കുന്നില്ല). ആ സമീപനത്തിന്റെ പുറകിൽ കേരളം, പ്രത്യേകിച്ചും മലബാർ തീരം ഇന്ത്യൻ മഹാസമുദ്ര തീരദേശം കൂടിയാണെ വസ്തുതയെക്കുറിച്ചുള്ള അറിവില്ലായ്മ കൂടിയുണ്ട്. അങ്ങിനെയൊരു ചരിത്രം കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ ഇനിയും കരിക്കുലത്തിൽ വന്നിട്ടില്ല. ഇന്ത്യൻ മഹാസമുദ്ര ലോക ചരിത്രം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചരിത്ര വിദ്യാർഥികളും ഗവേഷകരും പണ്ഡിതരും സജീവമായി പ്രവർത്തിക്കുന്ന മേഖലയാണ്. കോളനി അനന്തര ചരിത്രം മനസ്സിലാക്കാൻ ഈ പഠനം അനിവാര്യമായിരിക്കുന്നു. നിരവധി യുവ മലയാളി ചരിത്രകാൻമാർ വിദേശ യൂണിവേഴ്‌സിറ്റികളിൽ ഈ വിഷയം പഠിക്കുന്നു, പഠിപ്പിക്കുന്നു. എന്നാൽ ഇത്തരമൊരു പഠനത്തിന്റെ പ്രതിഫലനങ്ങളൊന്നും കേരളത്തിലെ സിലബസുകളിൽ കാണാനാകില്ല. അതിനാൽ തന്നെ ഈ വിഷയത്തിലുള്ള മലയാളി ഗവേഷകരെ കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ അന്വേഷിക്കുന്നതിൽ അർത്ഥവുമില്ല. അത് സാഹിത്യ വായനയേയും പഠനങ്ങളേയും ബാധിക്കുന്നതിൽ അതിശയിക്കേണ്ടതുമില്ല.
ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലെ കഥകളാണ് ഗൂർണ എഴുതിയ പത്തു നോവലുകളിലും ചെറുകഥകളിലുമുള്ളത്. കേരളത്തിലെ യൂറോ/ലാറ്റിനമേരിക്കൻ സെൻട്രിക്കായ വായനക്കാർക്കും സാഹിത്യ പണ്ഡിതർക്കും ഒരു നിലയിൽ നമ്മുടെ കൂടി കഥയാണ് അബ്ദുറസാഖ് എഴുതിയതെന്ന് ഇനിയും മനസ്സിലായിട്ടില്ല. സത്യത്തിൽ ഈ നോബൽ സമ്മാനം ഇന്ത്യൻ മഹാസമുദ്ര തീരദേശം എന്ന നിലയിൽ കേരളത്തിനു കൂടി അവകാശപ്പെട്ടതാണെന്നതാണ് യാഥാർഥ്യം. ഒരു പക്ഷെ ടാഗോർ ഒഴിച്ചുള്ള ഒരു സാഹിത്യ നോബൽ ജേതാവിനും കേരളം എന്ന പ്രദേശത്തെക്കുറിച്ചറിയാനിടയില്ല. ഇത്രയധികം വായനക്കാരുണ്ടായിട്ടും ഒരു നോബൽ ജേതാവും (ഗുന്തർ ഗ്രാസ് കൊൽക്കത്തയിൽ കുറച്ചുനാൾ ജീവിച്ചു, പക്ഷെ അദ്ദേഹത്തിനും കേരളത്തെക്കുറിച്ചറിയാം എന്നതിന് തെളിവില്ല) കേരളത്തെക്കുറിച്ച് പറയുകയോ എഴുതുകയോ ചെയ്തത് കണ്ടിട്ടില്ല. രണ്ടു വർഷം മുമ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഓർഹാൻ പാമുക്ക് വന്നപ്പോൾ നിരവധി മലയാളി വായനക്കാർ അദ്ദേഹത്തെ കണ്ടിരുന്നു, പക്ഷെ കേരളം ഒരു വാനയക്കാരുടെ ദേശം എന്ന നിലയിൽ പാമുക്ക് തിരിച്ചറിഞ്ഞുവോ? ഉറപ്പില്ല. ഈയൊരു പശ്ചാത്തലത്തിലാണ് നോബൽ സമ്മാനം നേടുന്നതിന് ആറു മാസം മുമ്പ് ഗൂർണ കേരളത്തെക്കുറിച്ച് പറഞ്ഞതിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്. നമ്മൾ ഇന്ത്യൻ മഹാസമുദ്ര തീരവാസികൾ എന്ന നിലയിൽ ഗൂർണയുടെ ജീവിത പരിസരവുമായി ബന്ധപ്പെട്ടവർ കൂടിയാണ്. ഈ തിരിച്ചറിവ് ഈ വർഷത്തെ സാഹിത്യ നൊബേൽ ചർച്ചകളിൽ അനിവാര്യമാണെന്നു തന്നെ കരുതണം.
ഗൂർണയുടെ മാതൃഭാഷ സ്വാഹിലിയാണ്. പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വിഖ്യാത സഞ്ചാര ചരിത്രകാരൻ ഇബ്‌നുബത്തൂത്ത കണ്ണൂരിലെ ഏഴിമലയിൽ സ്വാഹിലി സംസാരിക്കുന്ന ഒരു ഖാളിയെ (മുസ്ലീം പുരോഹിതൻ) കണ്ടതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് കിഴക്കനാഫ്രിക്കയിലെ മാതൃഭാഷ 14-ാം നൂറ്റാണ്ടിലെ കേരളത്തിൽ പ്രവേശിച്ചിരുന്നുവെന്നർഥം. ആ ബന്ധത്തെ കണ്ടെത്താൻ ഗൂർണക്ക് കഴിഞ്ഞു, അതിനാൽ അദ്ദേഹത്തിന്റെ സംഭാഷണത്തിൽ കേരളം കടന്നുവന്നു. വായനക്കാർ എന്ന നിലയിൽ ആ ബന്ധം കണ്ടെത്താൻ കഴിയാത്തതിനാൽ ഈ എഴുത്തുകാരൻ കേരളത്തിലെ ഒരു വലിയ വിഭാഗത്തിനിടയിൽ അപരിചിതനായിരിക്കുന്നു. മലയാളത്തിൽ വിവർത്തനം ചെയ്യപ്പെടാത്തതും ഒരു പ്രധാന കാരണമാണ്. അദ്ദേഹത്തിന്റെ കേജസ് (കൂടുകൾ) എന്ന കഥമാത്രമാണ് (വിവർത്തനം: ആശാനായർ) മലയാള പരിഭാഷയിലുള്ളത്. ഇന്ത്യൻ മഹാസമുദ്ര തീരപാതയിലൂടെ ചരക്കുകളും (ഗുഡ്‌സ്) ദൈവങ്ങളും (ഗോഡ്‌സ്) വന്നു. ആ തീരപാത ഇസ്‌ലാമിന്റെ വ്യാപനത്തിന് കാരണമായി. ഗൂർണയുടെ ലോകം കിഴക്കനാഫ്രിക്കയിലെയും അവിടെ നിന്നും പലായനം ചെയ്ത മുസ്ലീംങ്ങളുടേയും കഥകളാണ്.
ഗൂർണയുടെ പുതിയ നോവൽ ആഫ്റ്റർ ലൈവ്‌സിൽ ‘പിഞ്ഞാണത്തിലെഴുത്ത്’, ‘വസിയിലെഴുത്ത്’ എന്ന സംഗതി കടന്നുവരുന്ന ഒരു സന്ദർഭമുണ്ട്. കേരളത്തിലെ, പ്രത്യേകിച്ചും മലബാറിലെ, മുസ്ലീംങ്ങൾക്കിടയിൽ ഒരു കാലത്ത് (ഇപ്പോഴും അത് പൂർണ്ണമായും വിട്ടുപോയിട്ടില്ല) അസുഖമുണ്ടായാൽ പിഞ്ഞാണത്തിൽ മഷികൊണ്ട് ഖുർആൻ സൂക്തങ്ങൾ എഴുതി അത് കുടിക്കുന്ന രീതിയുണ്ടായിരുന്നു. അതാണ് വസിയിലെഴുത്ത്. ഇത് സാൻസിബാറിലും യമനിലും സുഡാനിലും സോമാലിയയിലുമൊക്കെ മുസ്ലീംങ്ങൾക്കിടയിലുണ്ടായിരുന്നു. (അന്ധവിശ്വാസം എന്ന് പിൽക്കാലത്ത് വിമർശിക്കപ്പെട്ടിട്ടുമുണ്ട്). ഈ സാമ്യം ഇന്ത്യൻ മഹാസമുദ്ര തീരപാതയിലൂടെയാണ് കേരളത്തിലെത്തിയത്. ആ പാത പല രാജ്യങ്ങളുടേയും ജീവിതപ്പാത കൂടി ആയി മാറുന്നു എന്നന്വേഷിക്കാൻ ഗൂർണയുടെ നോവലുകൾ തീർച്ചയായും പ്രേരിപ്പിക്കുന്നു. അങ്ങിനെയുള്ള അന്വേഷണം ഇന്നും വേണ്ട പോലെ വെളിപ്പെടാതെ കിടക്കുന്ന കേരളത്തെ പുറത്തുകൊണ്ടുവരാൻ കൂടി സഹായിച്ചേക്കാം, ചരിത്ര പഠനങ്ങൾക്ക് ഒരു തിരുത്തായി. ഇതേ നോവൽ ആരംഭിക്കുന്നത് ഗുജറാത്തികളായ പലിശക്ക് പണം കൊടുക്കുന്ന രണ്ടുപേരെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. കിഴക്കനാഫ്രിക്കയിൽ ഒരു കാലത്ത് ഗുജറാത്തി ബ്ലേഡുകാർ സജീവമായിരുന്നു. അത് 20 വയസ്സുവരെയുള്ള സാൻസിബാർ ജീവിതത്തിൽ ഈ എഴുത്തുകാരൻ തന്നെ നേരിൽ കണ്ടിട്ടുള്ളതുമാണ്. ബ്ലേഡുകാർ വഴി ഇന്ത്യയും വസിയിലെഴുത്തിലൂടെ കേരളവും നോബൽ സമ്മാന ജേതാവിന്റെ ആഖ്യാനത്തിൽ ഇടം പിടിച്ചിരിക്കുന്നു എന്നു പറയാം. ഗൂർണ ഇസ്‌ലാമിന്റെ അനുതാപ വീക്ഷണത്തിലൂന്നുകയും പൗരോഹിത്യ/മതരാഷ്ട്ര വാദത്തെ കഠിനമായി വിമർശിക്കുകയും ചെയ്യുന്നുമുണ്ട്. അദ്ദേഹത്തിന്റെ നയ്പാൾ, സൽമാൻ റുഷ്ദി പഠനങ്ങൾ ഈ വഴിയിലേക്ക് വെളിച്ചം വീശുന്നവയുമാണ്.
വിഖ്യാത സുഡാനീസ് എഴുത്തുകാരൻ ത്വയ്യിബ് സാലിഹിനെ വായിച്ചതോടെയാണ് കിഴക്കനാഫ്രിക്കൻ സാഹിത്യം എന്നെ ആകർഷിക്കാൻ തുടങ്ങിയത്. കിഴക്കനാഫ്രിക്കൻ സാഹിത്യത്തിന്റെ ആണിക്കല്ല് എന്നു വിളിക്കപ്പെടുന്ന നൂറുദ്ദീൻ ഫറയുടെ ഫ്രം എ ക്രൂക്ക്ഡ് റിബ്ബ്, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഐവറി കോസ്റ്റുകാരനായ അഹ്‌മദ് കുറൂമയുടെ രചനകൾ, സുഡാനി എഴുത്തുകാരി ലൈല അബു ലൈലയുടെ നോവലുകൾ- ഇത്തരത്തിലുള്ള വായന അപരിചിതമായ ഭൂഖണ്ഡങ്ങൾ തുറന്നതിനോടൊപ്പം മലബാർ ജീവിതത്തിന്റെ നിരവധി സമാന സന്ദർഭങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവർ അത് എഴുതി, മലബാർ-കേരള ജീവിതം ഇനിയും എഴുതപ്പെട്ടിട്ടില്ല എന്ന വസ്തുത അവശേഷിക്കുകയും ചെയ്യുന്നു.
ഗൂർണയുടെ സാഹിത്യ ലോകം ഒറ്റ വാചകത്തിൽ എങ്ങിനെ പറയാം? കിഴക്കനാഫ്രിക്കയിലെ സാൻസിബാറിൽ നിന്നും പലായനം ചെയ്ത് ബ്രിട്ടനടക്കമുള്ള സ്ഥലങ്ങളിലെത്തിയ മനുഷ്യരുടെ കഥകളാണ് അദ്ദേഹം പറയുന്നത്. ആഖ്യാന ദേശം മിക്കപ്പോഴും യു.കെ. അടക്കമുള്ള രാജ്യങ്ങളാണ്. എന്നാൽ അതിന്റെ വേര് സാൻസിബാറിലോ ഇതര കിഴക്കനാഫ്രിക്കൻ രാജ്യങ്ങളിലോ ആയിരിക്കും. പ്രവാസ ഭൂമിയിലാണ് കഥകൾ നടക്കുന്നത്. ഉദാഹരണത്തിന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൂടുകൾ എന്ന കഥയുടെ തുടക്കം നോക്കുക: ഹമീദിന് പലപ്പോഴും തോന്നിയിട്ടുണ്ട് തന്റെ ജീവിതം ഈ കടമുറിക്കുള്ളിൽ ഒതുങ്ങാനുള്ളതാണെന്ന്. പക്ഷേ അവൻ അതിൽ അസ്വസ്ഥനായില്ലെന്നു മാത്രമല്ല, ഒരിക്കൽ അവനെ വല്ലാതെ ഭയപ്പെടുത്തിയിരുന്ന, രാത്രിയുടെ നിശ്ശബ്ദയാമങ്ങളിൽ, നഗരത്തെയും, ഗ്രാമത്തെയും വേർതിരിച്ചിരുന്ന ചതുപ്പുകളിൽ നിന്നുയരുന്ന വ്യത്യസ്തങ്ങളായ ശബ്ദവീചികളെ നിസ്സംഗതയോടെ കേൾക്കാനും ഇപ്പോൾ ശീലിച്ചു കഴിഞ്ഞിരിക്കുന്നു. നഗരം വിസ്തൃതമായത്, ചതുപ്പ് നികത്തിക്കൊണ്ടായിരുന്നല്ലോ. ഗൂർണയുടെ ആഖ്യാന ശൈലിയുടെ മാതൃക ഈ കഥയുടെ തുടക്കത്തിലുണ്ട്. പലായനത്തിന്റെ, അഭയാർത്ഥിത്വത്തിന്റെ ഏറ്റവും ഭീകരമായ സന്ദർഭം പോലും ഒട്ടും ലൗഡല്ലാതെ, മനുഷ്യ ബന്ധങ്ങളുടെയും അതിലെ പ്രശ്‌നങ്ങളുടേയും സങ്കീർണ്ണതകളിലേക്ക്, അനുതാപത്തോടെ മാത്രമാണ് ഈ എഴുത്തുകാരൻ നോക്കുന്നത്. അത് പൊളിറ്റിക്കലി കറക്ടാണെന്നും കരുതുന്നു അദ്ദേഹം.
വാസ്‌ഗോഡഗാമയുടെ 15ാ-ം നൂറ്റാണ്ടിലെ കിഴക്കനാഫ്രിക്കയിലേക്കുള്ള വരവ്, കൃത്യമായി പറഞ്ഞാൽ മൊമ്പാസയിലേക്കുള്ള വരവ് സാൻസിബാറുൾപ്പെടെയുള്ള പ്രദേശങ്ങളെ ആദ്യം പോർച്ചുഗീസ് കോളനിയാക്കി. 1498ലാണ് ഗാമ മലബാർ തീരത്തെത്തുന്നത്. അതേ വർഷം തന്നെ ഗാമ മൊമ്പാസയിലുമെത്തുന്നു. 1498 മാർച്ച് 2-29 നായിരുന്നു അത്. 1498 മെയ് 20നാണ് ഗാമ മലബാർ തീരത്ത് എത്തുന്നത്. ഇന്ത്യൻ മഹാസമുദ്ര സമൂഹങ്ങൾ കോളനിയാക്കപ്പെടുന്നതിന്റെ തുടക്കമായിരുന്നു അത്. പിന്നീട് സാൻസിബാർ ജർമൻ, ബ്രിട്ടീഷ് കോളനിയായി. ഒമാന്റെയും കോളനിയായി. 1964ൽ സാൻസിബാർ സുൽത്താൻ ജംഷദ് അബ്ദുള്ളയെ പുറത്താക്കാൻ നടന്ന വിപ്ലവത്തിലാണ് ഗൂർണക്ക് സഹോദരനൊപ്പം രാജ്യം വിട്ടോടിപ്പോകേണ്ടി വന്നത്. എഴുത്തുകാരനും കുടുംബവും അറബ് വംശജരായ ആഫ്രിക്കക്കാരായിരുന്നു. അവർ തനത് ആഫ്രിക്കക്കാരല്ലെന്നും (ഇന്ന് ഇന്ത്യയിൽ പറഞ്ഞുകൊണ്ടിരിക്കുന്ന അതേ തനത് വാദം) സുൽത്താൻ പക്ഷക്കാരാണെും പറഞ്ഞ് ആക്രമിക്കപ്പെട്ടു, നിരവധി പേർ കൊല്ലപ്പെട്ടു.
ഇങ്ങിനെ രാജ്യം വിട്ടോടിപ്പോയ അദ്ദേഹം സ്വന്തം രാജ്യം സന്ദർശിക്കുന്നത് 17 വർഷത്തിനു ശേഷമാണ്. അപ്പോഴേക്കും സാൻസിബാർ ടാൻസാനിയയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. ഇങ്ങിനെ വിട്ടോടിപ്പോന്ന സ്വന്തം ദേശത്തെയാണ് ഗൂർണ പുനഃസൃഷ്ടിക്കുന്നത്. താൻ യു.കെയിലാണ് കഴിയുന്നതെങ്കിലും മാനസിക ജീവിതം സാൻസിബാറിൽ തന്നെയാണ് എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ വിശദാംശങ്ങളാണ് ഗൂർണയുടെ നോവലുകൾ. ഇവ പ്രവാസ/ഡയസ്‌പോറ സാഹിത്യത്തിലെ ഉജ്ജ്വല അധ്യായമാകുന്നു. ഒപ്പം കോളനി വാഴ്ച്ച/കോളനി അനന്തര ജീവിതം എന്നിവയുടെ എഴുത്തായും ഈ രചനാലോകം സ്പന്ദിച്ചുകൊണ്ടിരിക്കുന്നു.
1994ൽ പുറത്തിറങ്ങിയ, ബുക്കർ സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയിലിടം പിടിച്ച ‘പാരഡൈസ്’ എന്ന നോവൽ പിതാവിന്റെ കടത്തിന്റെ പേരിൽ അടിമപ്പണിയെടുക്കേണ്ടി വരുന്ന യൂസുഫ് എന്ന കൗമാരക്കാരന്റെ കഥയാണ്. ഒരു ഹോട്ടൽ മുതലാളിയിൽ നിന്നും പണം കടം വാങ്ങുകയും (കടം,വായ്പ്പക്കെണി എന്നിവ പോസ്റ്റ് കൊളോണിയൽ പഠനങ്ങളിൽ പ്രധാന സൂചനകളാണ്) അത് തിരിച്ചുകൊടുക്കാത്തതിന്റെ പേരിൽ അയാൾക്ക് അടിമയെപ്പോലെ കൈമാറ്റം ചെയ്യപ്പെടുകയുമാണ് യൂസുഫ്. മധ്യ ആഫ്രിക്കയിലേക്ക് കാരവൻ ഹോട്ടലുമായി പോകുന്ന യൂസുഫ് ടാൻസാനിയയിലെ, ഭാവനാ ദേശമായ കവ (നമുക്കും മലമ്പുഴക്കടുത്ത് കവ എന്ന സ്ഥലമുണ്ട്) സ്വദേശിയാണ്. ആ യാത്രയിൽ ആഫ്രിക്കയിലെ വിവിധ ഗോത്രങ്ങളുടെ ശത്രുതയും പകയും യൂസഫ് കാണുന്നു. കോംഗോയിലെത്തുന്ന യൂസുഫ് കാണുന്ന കാഴ്ച്ചകൾ യൂറോപ്പിലുള്ളവർ എഴുതിയ ഒന്നായിരുന്നില്ല. കോംഗോയിലെ ചെമ്പടക്കമുള്ള വിഭവങ്ങൾ കടത്തിക്കൊണ്ടു പോയതിനു ശേഷം യൂറോപ്യൻ ചരിത്രകാരൻമാർ സംസ്‌ക്കാര ശൂന്യമായ സ്ഥലം എന്നാണ് കോംഗോയെ വിശേഷിപ്പിച്ചത്. ഇതിനെ യൂസുഫിന്റെ കാഴ്ച്ചകളിലൂടെ ഗൂർണ ചോദ്യം ചെയ്യുന്നു. അയാൾ തിരിച്ച് കവയിലെത്തുമ്പോൾ ഒന്നാം ലോക യുദ്ധം ആരംഭിച്ചിരുന്നു. അവിടെ യൂസുഫ് ജർമ്മൻ സൈന്യവുമായുള്ള മുഖാമുഖത്തിലേക്ക് പ്രവേശിക്കുന്നു.
2001ൽ പുറത്തിറങ്ങിയ ‘ബൈ ദ സീ’യിൽ ഇങ്ങിനെ വായിക്കാം: ഞാൻ സംസാരിക്കുന്നത് ഭൂപടങ്ങളോടാണ്. ചിലപ്പോൾ അവ എന്നോടും സംസാരിക്കുന്നു. വിചിത്രമെന്ന് ഇതിനെ വിളിക്കാമോ എന്നെനിക്കറിയില്ല. കേട്ടുകേൾവിയില്ലാത്തത് എന്ന് എന്തായാലും പറയാൻ പറ്റില്ല. ഭൂപടങ്ങൾ പിറക്കുന്നതിനു മുമ്പ് ലോകം പരിധികളില്ലാത്തതായിരുന്നു. ഭൂപടങ്ങളാണ് ലോകത്തിന് രൂപവും ഘടനയും തീർത്തത്. അതിർത്തികളുണ്ടാക്കിയത്. സ്വന്തമാക്കലിനും പിടിച്ചടക്കലിനും വേദിയൊരുക്കിയത്. അല്ലെങ്കിൽ ഈ പ്രദേശങ്ങൾ പാഴ്‌നിലങ്ങളോ കൊള്ളയടിക്കപ്പെടാനുള്ള സ്ഥലങ്ങളോ മാത്രമാകുമായിരുന്നു. ഭൂപടങ്ങൾ ഭാവനയുടെ തുമ്പുകളിൽ മനസ്സിലാക്കാവുന്നവയും സ്ഥാപിക്കാവുന്നതുമായി ഭൂമിയെ മാറ്റി: എന്നാൽ ഈ ഭൂപട സിദ്ധാന്തം കോളനി വാഴ്ച്ചക്കാരുടേതായിരുന്നു. അവർ അതിർത്തികളുണ്ടാക്കിയത് കൊള്ളയടിക്കാനുള്ള എളുപ്പത്തിനു വേണ്ടികൂടിയായിരുന്നു. ഈ വിമർശനം ഉന്നയിക്കാനാണ് ഒരു കഥാപാത്രത്തിന്റെ ഭൂപട സിദ്ധാന്തം എഴുത്തുകാരൻ അവതരിപ്പിക്കുന്നത്.
‘ലാസ്റ്റ് ഗിഫ്റ്റ്’ എന്ന നോവലിലെ നായകൻ അബ്ബാസ് പറയുന്നു: ലക്ഷക്കണക്കിനാളുകൾക്ക് ദേശാടനം തകർച്ചയുടേയും പരാജയത്തിന്റേയും നിമിഷമാണ്. ഒഴിവാക്കാൻ കഴിയാത്ത പരാജയം. വ്യഥ നിറഞ്ഞ പറക്കൽ, മോശം നിലയിൽ നിന്ന് തീർത്തും വഷളായ നിലയിലേക്ക്, വീട്ടിൽ നിന്ന് വീടില്ലായ്മയിലേക്ക്, പൗരനിൽ നിന്ന് അഭയാർത്ഥിയിലേക്ക്, ഏറെക്കുറെ ശാന്തമായ ജീവിതത്തിൽ നിന്ന് കൊടും ഭീതിയുടെ നീചതയിലേക്ക്: ഈ വാക്കുകൾ പലായനം ചെയ്ത ഒരു മനുഷ്യന്റെയാണ്. അയാൾക്ക് മാത്രമേ ഇങ്ങിനെ പറയാൻ കഴിയൂ. അതുകൊണ്ട് അബ്ബാസിൽ വാനയക്കാർ ഗൂർണയുടെ ആത്മകഥ (നിങ്ങൾ വായിക്കുന്ന ഈ കഥ തന്നെയാണ് ഞാൻ എന്നദ്ദേഹം പറഞ്ഞുവല്ലോ) തന്നെ കാണുന്നു.
‘ഡെസേർഷൻ’ എന്ന നോവലിൽ കഥ പറയുന്നത് റാഷിദ് ആണ്. എസ്റ്റേറ്റ് മാനേജറായ ബർട്ടൺ എന്ന പാശ്ചാത്യന്റെ കാഴ്ചകളെ വിശകലനം ചെയ്യുന്ന രീതിയിലാണ് നോവൽ രചിക്കപ്പെട്ടിരിക്കുന്നത്. അറബികളുമായി ചേർന്ന് ആഫ്രിക്കക്കാർ തങ്ങളുടെ രക്തം അവിശുദ്ധമാക്കിയെന്ന് ബർട്ടൺ പറയുന്നു. മൊമ്പാസയിൽ 1899ലാണ് കഥ നടക്കുന്നത്. റാഷിദ് എന്ന കഥാപാത്രവും ഇന്നത്തെ ഗൂർണയെ പല നിലയിൽ ഓർമ്മിപ്പിക്കുന്നു. കോളനി അനന്തര ജീവിതത്തിലേക്കാണ് അയാളുടെ വാദങ്ങൾ തുറക്കുന്നത്. രണ്ടു കിഴക്കനാഫ്രിക്കൻ കുടുംബങ്ങളുടെ പ്രണയ കഥകളിലൂടെയാണ്, പ്രണയത്തിലൂടെ അവർ കടന്നുപോകുന്ന ഭൂഖണ്ഢങ്ങളിലൂടെയാണ് ഈ നോവൽ വികസിക്കുന്നത്. കിഴക്കൻ ആഫ്രിക്കയിലെ മനുഷ്യരുടെ പ്രണയ ചരിത്രം കൂടിയാണിത്. പ്രണയബന്ധങ്ങൾ മായ്ച്ചു കളയുന്ന ഭൂപടങ്ങളുടെ ചുരുളുകൾ ഈ നോവലിന്റെ താളുകളിൽ നിവരുന്നു. ആഫ്രിക്കക്കാർ പ്രണയം പോലുള്ള വികാരങ്ങളില്ലാത്ത ‘അപരിഷ്‌കൃതരാണെന്ന’ വാദം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.
‘ആഫ്റ്റർ ലൈവ്‌സ്’ കോളനികളുടെ ചരിത്രത്തിൽ നിന്നും ആഫ്രിക്കൻ കാഴ്ച്ചക്കോൺ ഒഴിവാക്കിയതിനെതിരെക്കൂടി പ്രവർത്തിക്കുന്നു. ജർമ്മൻ, ബെൽജിയൻ, ഫ്രഞ്ച്, ബ്രിട്ടീഷ് കോളനിക്കാലം ഇല്യാസിന്റേയും ഹംസയുടേയും ഓർമ്മകളിൽ കൂടി പുറത്തുവരുന്നു. ഇല്യാസിന്റെ സഹോദരി ആഫിയ ഗൂർണയുടെ ഏറ്റവും കരുത്തയായ സ്ത്രീ കഥാപാത്രമാണ്. കോളനിക്കുവേണ്ടി പ്രവർത്തിക്കേണ്ടി വന്ന കിഴക്കനാഫ്രിക്കൻ പട്ടാളക്കാരുടെ കഥ പറയുന്ന നോവൽ കൂടിയാണിത്.
‘ഡോട്ടി’ എന്ന നോവലിൽ അഭയാർത്ഥികളുടെ സ്ത്രീ ജീവിതം അവതരിപ്പിക്കുന്നു. പുറം സമൂഹങ്ങൾ അഭയാർത്ഥികളെ ഒന്നായിക്കാണുന്നു. സ്ത്രീ, പുരുഷൻ, കുട്ടി (ട്രാൻസ്‌ജെൻഡർ ഒട്ടും കടന്നുവരുന്നില്ല) എന്ന വ്യത്യാസമില്ലാതെ. ഡോട്ടിയിൽ ഒരു അഭയാർത്ഥി സ്ത്രീ ആർത്തവ രക്തം തുടച്ചുകളയാനുള്ള പഴന്തുണിയുണ്ടോ എന്നു ചോദിക്കുമ്പോഴാണ് ആണിന്റേയും പെണ്ണിന്റേയും പ്രശ്‌നങ്ങളിലെ വ്യത്യാസം നമുക്ക് കാണാൻ കഴിയുക. അതുപോലെ തന്നെയാണ് കുട്ടികളുടെ സവിശേഷമായ പ്രശ്‌നങ്ങളും. അഭയാർത്ഥികളുടെ കുടുംബങ്ങൾ ഗൂർണ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന പ്രമേയമാണ്. പ്രത്യേകിച്ചും കുട്ടികൾ. ഇന്ത്യൻ മഹാസമുദ്ര തീര സമൂഹങ്ങളിലെല്ലാം കുടുംബം എന്നത് പ്രധാനപ്പെട്ട സംഗതിയായി പ്രവർത്തിക്കുന്നു. അഭയാർത്ഥികളിലെ യുവതികളുടെ ജീവിതം സങ്കീർണ്ണവും അങ്ങേയറ്റം വിഷമം നിറഞ്ഞതുമാണെ് ഗൂർണ പറഞ്ഞിട്ടുണ്ട്. അഭയാർത്ഥിക്കുടുംബ ഘടന, അതിലെ പ്രശ്‌നങ്ങൾ, സങ്കീർണ്ണതകൾ, കുടുംബത്തിൽ മാത്രമായുള്ള അഭയങ്ങൾ- ഇങ്ങിനെയുള്ള ലോകം നെഞ്ചുകീറും മട്ടിൽ ഈ സാഹിത്യ ലോകത്തുണ്ട്.
കോളനി അനന്തര ചിന്തകൻ എന്ന നിലയിലും ഗൂർണ പ്രാധാന്യം അർഹിക്കുന്നു. വിവിധ യൂണിവേഴ്‌സിറ്റികളിൽ കോളനി വാഴ്ച്ച-അനന്തര ലോകം, ഇന്ത്യൻ മഹാസമുദ്ര ചരിത്രത്തിന്റെ പ്രാധാന്യം എന്നീ പ്രമേയങ്ങൾ കരിക്കുലത്തിലും ഗവേഷണത്തിലും വന്നതിൽ യു.കെയിലെ കെന്റ് യൂണിവേഴ്‌സിറ്റി അധ്യാപകൻ എന്ന നിലയിൽ അദ്ദേഹം വഹിച്ച പങ്കും വളരെ വലുതാണ്. സൽമാൻ റുഷ്ദിയുടെ ‘ഇമാജിനറി ഹോം ലാന്റ്’ എന്ന വിഖ്യാത പ്രബന്ധം ഗൂർണയെ അദ്ദേഹത്തിന്റെ പോസ്റ്റ് കൊളോണിയൽ പഠനത്തിൽ സ്വാധീനിച്ചിട്ടുണ്ട്. സോയിങ്ക, അച്ചാബെ, ഗൂഗി വാങ് തിയോ എന്നിവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. 1994ൽ വി.എസ് നയ്പ്പാളിന്റെ ‘എ വേ ഇൻ ദ വേൾഡി’നെക്കുറിച്ച് ടൈംസ് ലിറ്ററി സപ്ലിമെന്റിൽ എഴുതിയ ലേഖനം നയ്പ്പാളിന്റെ ഈ ഉദ്ധരണിയോടെ തുടങ്ങുന്നു: നമുക്കു ചുറ്റുമുള്ള ഏറ്റവും ലളിതമായ കാര്യത്തിലും ക്രൂരതയുടെ ഓർമ്മകൾ തുടിച്ചു നിൽക്കുന്നു: പ്രത്യേകിച്ചും അഭയാർത്ഥി ജീവിതത്തിൽ ഈ വരികൾ അങ്ങേയറ്റം പ്രധാനപ്പെട്ടതാകുന്നു. ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലെ കൊളോണിയൽ വയലൻസ്, അടിമക്കച്ചവടം അങ്ങിനെയുള്ള നിരവധി കാര്യങ്ങൾ (കേരളത്തിലെ അടിമക്കച്ചവടത്തെക്കുറിച്ച് വിനിൽ പോൾ എഴുതിയ കാര്യങ്ങൾ പെട്ടെന്ന് ഓർമ്മയിലേക്ക് കടന്നുവരുന്നു) ഗൂർണയുടെ സാഹിത്യത്തിലും കോളനി അനന്തര ചിന്തകളിലും കടന്നുവരുന്നു. ഒമാനിലക്ക് ഏറ്റവും കൂടുതൽ അടിമക്കടത്ത് നടന്നത് സാൻസിബാറിൽ നിന്നായിരുന്നു. 2019ൽ ബുക്കർ സമ്മാനം ലഭിച്ച ഒമാൻ എഴുത്തുകാരി ജോഖ അൽഹാരിതിയുടെ ‘സെലസ്റ്റിയിൽ ബോഡീസ്’ എന്ന നോവലിൽ ഈ അടിമക്കച്ചവടത്തിന്റെ പല മുഹൂർത്തങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. അമിതാവ് ഘോഷ് ഇന്ത്യൻ മഹാസമുദ്ര തീരക്കച്ചവട ബന്ധങ്ങളെ പരിശോധിക്കുന്നുണ്ട്. പല പ്രശ്‌നങ്ങളുമുണ്ടെങ്കിലും ഈ സമുദ്ര വ്യാപാരപാത അതിജീവനത്തിനും സഹായിച്ചതായി ഘോഷ് വാദിക്കുന്നു. അതിനോട് ഗൂർണ ഇങ്ങിനെ പ്രതികരിച്ചു: ഘോഷ് ഒരു കാര്യം വിസ്മരിക്കുന്നു, ആ അതിജീവനപാതയിലൂടെ ഒഴുകിപ്പോയ മനുഷ്യരക്തത്തെക്കുറിച്ച്.
ഇസ്‌ലാം-മുസ്ലീം മിത്തുകളും കഥകളും കവിതകളും ആഖ്യാനങ്ങളും മായ്ച്ചുകളയപ്പെട്ട, തീർത്തും ആചാരപരമായ (പ്രാക്ടീസിംഗ്) ഒരു മതത്തെയല്ല അതിന്റെ സംസ്‌ക്കാരത്തിലേക്കാണ് താൻ നോക്കുന്നതെന്നും ഇംഗ്ലീഷിൽ എഴുതുന്ന തന്റെ കൃതികൾ ഇനിയും മാതൃഭാഷയായ സ്വാഹിലിയിൽ വന്നിട്ടില്ലെന്നും നോബൽ സമ്മാനം സ്വാഹിലി വിവർത്തനങ്ങൾക്ക് ഇടയാക്കിയേക്കുമെന്നും അദ്ദേഹം പറയുമ്പോൾ പ്രവാസം ഒരാളെ ദേശത്തിൽ നിന്നും മാതൃഭാഷയിൽ നിന്നും കൂടി എങ്ങനെ പുറത്താക്കുന്നുവെന്നതിന്റെ ഉദാഹരണം കൂടിയായി മാറുന്നു.
‘കേരള ബന്ധ’ത്തിലേക്കു തന്നെ വരാം. നവംബർ 3-13 ദിവസങ്ങളിൽ യു.എ.ഇയിലെ ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലെ വിശിഷ്ടാതിഥിയായി അബ്ദുറസാഖ് ഗൂർണ പങ്കെടുക്കും. അമിതാവ് ഘോഷും സംബന്ധിക്കുന്നുണ്ട്. ഇരുവരും ഇന്ത്യൻ മഹാസമുദ്ര തീര ചരിത്രത്തെക്കുറിച്ച് സംഭാഷണം നടത്താനും ഇടയുണ്ട്. ഈ മേളയിലെ ഏറ്റവും വലിയ സാന്നിധ്യം യു.എ.ഇയിലെ പ്രവാസി മലയാളികളാണ്. അവർ ഗൂർണയുമായി എന്തു സംസാരിക്കും, അതിനോട് അദ്ദേഹം എങ്ങിനെ പ്രതികരിക്കും, ഇന്ത്യൻ മഹാസമുദ്ര തീര കഥകളെക്കുറിച്ചുള്ള നോബലിന് അതിന്റെ ശൃംഖലാ ദേശത്തിനും പങ്ക് അവകാശപ്പെടാമെന്ന് അദ്ദേഹം പറയുമോ? അല്ലെങ്കിൽ അത്തരമൊരു ചർച്ചയിലേക്ക് പ്രവാസി മലയാളികളോ, മേളയിൽ പങ്കെടുക്കുന്ന മലയാളി എഴുത്തുകാരോ അദ്ദേഹത്തെ കൊണ്ടുപോകുമോ? ഈ സാഹിത്യ നോബൽ സമ്മാനം അങ്ങിനെയൊരു ചോദ്യം കൂടി ഇപ്പോൾ ഉയർത്തുന്നു.