തീരദേശ വിദ്യാർത്ഥികളുടെ അവകാശങ്ങളും ആവശ്യങ്ങളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തിലെ അടുത്ത ഭരണതലമുറയെ നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പിൽ ഏപ്രിൽ 9ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നവരിൽ പ്രധാനപ്പെട്ട വിഭാഗമാണ് വിദ്യാർത്ഥികൾ. വികസന പരിപാടികൾ സർവതല സ്പർശിയാണെന്ന് പറയപ്പെടുമ്പോഴും, തീരദേശ മേഖലകളിലെ വിദ്യാർത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം, ഗതാഗത സൗകര്യം, പരീക്ഷാ സൗകര്യങ്ങൾ, പഠനച്ചെലവ്, പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ മെച്ചപ്പെടുത്തൽ അനിവാര്യമാണ്. തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്ന വിദ്യാർത്ഥികൾ, “ഞങ്ങൾക്ക് എന്തുണ്ട്? എന്താണ് വേണ്ടത്?” എന്ന ചോദ്യങ്ങളുയർത്തി സ്വന്തം അവകാശങ്ങൾ ഉറച്ച ശബ്ദത്തിൽ വിളിച്ചുപറയേണ്ട സമയമാണിത്.

ബിരുദപഠനം നടത്തുന്ന തീരദേശ വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും അടിസ്ഥാന ആവശ്യങ്ങൾ ഏറെക്കാലമായി കേരളം ഭരിച്ച മുന്നണികൾ അവഗണിച്ച വിഷയങ്ങളാണ്. പട്ടികവിഭാഗങ്ങൾക്ക് തുല്യമായ ആനുകൂല്യങ്ങൾ പലപ്പോഴും ലഭിച്ചാലും, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവകാശങ്ങൾ അധികമായി അനുഭവപ്പെടുന്നില്ല. സംരക്ഷണം, സ്കോളർഷിപ്പ്, ആരോഗ്യപരിചരണം, ഹോസ്റ്റൽ സൗകര്യം തുടങ്ങിയ ഒട്ടനവധി മേഖലകളിൽ അവർ ഇപ്പോഴും കടുത്ത അവഗണന നേരിടുന്നു.

Representative image, Keraleeyam Archive

പ്രാഥമിക വിദ്യാഭ്യാസം

സ്കൂൾ വിദ്യാഭ്യാസത്തിൽ കുട്ടികളുടെ മെച്ചപ്പെട്ട പ്രകടനം ഉറപ്പുവരുത്താനും, പഠനത്തിൽ കൊഴിഞ്ഞുപോക്കിന്റെ തോത് കുറയ്ക്കാനും, മത്സ്യമേഖലയിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം അവരുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധിപ്പിക്കേണ്ടതാണ്. ആദിവാസി മേഖലയിൽ നിന്നുള്ള പ്രൈമറി സ്കൂൾ കുട്ടികളുടെ പഠനമാധ്യമം അവരുടെ തദേശീയ ഗോത്രഭാഷയായിരിക്കണമെന്ന് നിഷ്കർഷിക്കുന്ന പോലെയും അവരുടെ പാഠപുസ്തകങ്ങൾ ഗോത്ര ഭാഷയിൽ തയ്യാറാക്കണമെന്ന് പറയുന്ന പോലെയും പ്രധാനമാണത്. ഇത്‌ കുട്ടികളുടെ പഠന നിലവാരവും പഠനത്തിലുള്ള താൽപര്യവും വർദ്ധിപ്പിക്കും.

പാഠ്യപദ്ധതി പരിഷ്കാരം

കേരളത്തിലെ സ്കൂൾ, കോളേജ് സിലബസുകളിൽ കടലും കടൽപ്പണിക്കാരുടെ സംഭാവനകൾ ഉൾപ്പെടേണ്ടതാണ്. കഥകൾ, കവിതകൾ, ലേഖനങ്ങൾ, പ്രാദേശിക ചരിത്രം, പരിസ്ഥിതി പഠനം എന്നിവ വഴി അവരുടെ ജീവിതവും സംഭാവനകളും പ്രതിഫലിക്കണം. ഇത് തീരദേശ വിദ്യാർത്ഥികളെ കൾക്കൊള്ളൽ അല്ലെങ്കിൽ ഉൾപ്പെടുത്തലിന്റെ ഒരു ഭാഗമായി മാറും.

ഉന്നത വിദ്യാഭ്യാസവും തൊഴിലവസരങ്ങളും

സമുദ്ര-തീര പഠന കോഴ്സുകൾ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ആരംഭിക്കേണ്ടതാണ്. ഇത് വിദ്യാർത്ഥികളുടെ ഗവേഷണ ശേഷിയും തുടർപഠന സാധ്യതയും വർദ്ധിപ്പിക്കും, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യും. കുഫോസ് (Kerala University of Fisheries and Ocean Studies)–ൽ മത്സ്യമേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ സംവരണം, ഫീസ് ആനുകൂല്യങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. നിലവിലുള്ള സംവരണം വർദ്ധിപ്പിക്കുക മാത്രമല്ല, മത്സ്യത്തൊഴിലാളി സമുദായങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ, തൊഴിൽ സംവരണവും നടപ്പാക്കേണ്ടതാണ്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലഭിക്കുന്ന ഫീസ് ആനുകൂല്യങ്ങളും സ്‌റ്റൈഫന്റും സമയബന്ധിതവും കൃത്യവുമായും നൽകണം. ഇത് ഹോസ്റ്റലിലും മറ്റ് സാഹചര്യങ്ങളിലും നേരിടുന്ന വിവേചനങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും. ‌‌നഗരങ്ങളിൽ കേന്ദ്രീകരിച്ച് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഹോസ്റ്റലുകൾ തുടങ്ങുന്നത്, SC/ST ഡിപ്പാർട്ട്മെന്റിന്റെ ഹോസ്റ്റൽ മാതൃക പാലിച്ച്, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സുഗമമായ പഠന-ഗവേഷണ അന്തരീക്ഷം ഒരുക്കുക.

Representative image, Keraleeyam Archive

സാമൂഹ്യ-വിദ്യാഭ്യാസ സംവരണം

മത്സ്യമേഖലയിലെ വിദ്യാർത്ഥികളും ഉദ്യോഗാർഥികളും നേരിടുന്ന വിവേചനം ഒഴിവാക്കാനുള്ള പ്രധാന മാർഗമാണ് സംവരണം. മുന്നോക്ക സമുദായങ്ങൾക്കുള്ള സംവരണം നിലവിൽ ലഭ്യമാണെങ്കിലും, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കൊപ്പം പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്കും അർഹമായ തൊഴിൽ-വിദ്യാഭ്യാസ സംവരണം സർക്കാർ ഉറപ്പാക്കേണ്ടതാണ്. അല്ലാത്ത പക്ഷം, ഈ വിഭാഗം സർക്കാർ ജോലി മേഖലകളിലും മുഖ്യധാര സമൂഹത്തിലും പുറന്തള്ളപ്പെടും.

കടലോരങ്ങളിലെ ഓരോ വിദ്യാർത്ഥിയും അനേകം പ്രതിബന്ധങ്ങളോട് പടപൊരുതിയാണ് ഇന്ന് പഠനം തുടരുന്നത്. അവരെ എല്ലാവിധത്തിലും ഉൾക്കൊള്ളുന്നതിനുള്ള ശ്രമങ്ങൾ വിദ്യാഭ്യാസ നയങ്ങളിൽ തീർച്ചയായും ഉണ്ടാകേണ്ടതാണ്. പാഠപുസ്തകങ്ങളിലും പാഠ്യപദ്ധതികളിലും കടലും തീരവും ഉൾപ്പെടുത്തേണ്ടതും, കടൽ പ്രധാനമാണ് എന്ന പൊതുചിന്ത വളർത്തേണ്ടതും അനിവാര്യമാണ്. വാഗ്ദാനങ്ങളുടെ പ്രകടന പത്രികകൾ ഇക്കാര്യങ്ങൾ അവഗണിക്കുമ്പോൾ, തീരദേശത്തെ തൊഴിലാളികളും സ്ത്രീകളും വിദ്യാർത്ഥികളും തങ്ങളുടെ ആവശ്യങ്ങൾ ഉറക്കെ ഉയർത്തിക്കാണിക്കേണ്ടതുണ്ട്.

(ഡയറക്ടർ, ഓഷ്യൻ സ്റ്റുഡന്റസ് കമ്മ്യൂണിറ്റി)

Also Read

3 minutes read April 6, 2026 10:55 am