ചോരയൂറ്റുന്ന സർവൈലൻസ് നിയമം

പോലീസ് ഹെഡ് കോൺസ്റ്റബിൾ ഒരു കേസുമായി ബന്ധപ്പെട്ട് സമീപിച്ചാൽ രക്തമോ ശുക്ലമോ നൽകാൻ നമ്മൾ ബാധ്യസ്ഥനാണോ ? 2022 ഏപ്രിൽ 18 ന് ക്രിമിനൽ പ്രൊസീജിയർ (ഐഡന്റിഫിക്കേഷൻ) ബില്ലിന് (The Criminal Procedure (Identification) Bill, 2022) രാഷ്ട്രപതി അം​ഗീകാരം നൽകി ഒപ്പുവച്ചതോടെ അറസ്റ്റ് ചെയ്യപ്പെട്ടവരോ കസ്റ്റഡിയിൽ എടുക്കപ്പെട്ടവരോ ഇക്കാര്യത്തിൽ നിർബന്ധിതരായി തീർന്നിരിക്കുകയാണ്. ശിക്ഷിക്കപ്പെട്ടവർ, അറസ്റ്റ് ചെയ്യപ്പെട്ടവർ അല്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കപ്പെട്ടവർ എന്നിവരുടെ വിവിധ ശാരീരിക സവിശേഷതകൾ ശേഖരിക്കാൻ പോലീസിനും ജയിൽ അധികൃതർക്കും ഈ നിമയം അധികാരം നൽകുന്നു. കുറ്റവാളികളിൽനിന്ന് മാത്രമല്ല, കരുതൽ തടങ്കലിലാക്കപ്പെടുന്നവരിൽ നിന്ന് പോലും ബയോമെട്രിക് സാമ്പിളുകൾ അവരുടെ സമ്മതമില്ലാതെ ശേഖരിക്കാൻ കോടതിയുടെ അനുമതി കൂടാതെ ഇനി മുതൽ കഴിയും.

ഏതെങ്കിലും ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരാൾ ശിക്ഷിക്കപ്പെട്ടാലോ, ഏതെങ്കിലും അന്വേഷണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായാലോ ഹെഡ് കോൺസ്റ്റബിൾ മുതൽ മുകളിലുള്ള പോലീസ് ഓഫീസർക്കോ അല്ലെങ്കിൽ ജയിൽ വാർഡനോ, അല്ലെങ്കിൽ ഒരു ജുഡീഷ്യൽ മജിസ്ട്രേറ്റിനോ വിരലടയാളം, കൈപ്പത്തിയടയാളം, കാലടയാളം, ഫോട്ടോഗ്രാഫ്സ്, കൃഷ്ണമണിയുടെയും റെറ്റിനയുടെയും സ്കാൻ, ശുക്ലം, ഉമിനീർ, മുടി മുതലായ ഭൗതികമോ (Physical) ജൈവികമോ (Biological) ആയ സാമ്പിളുകളോ ഒപ്പ്, കൈയക്ഷരം തുടങ്ങിവയുടെ സാമ്പിളുകളോ ആവശ്യപ്പെടാമെന്നും ആയതുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് നിർദ്ദേശം നൽകാമെന്നുമാണ് പുതിയ നിയമം അനുശാസിക്കുന്നത്.

നിയമം പറയുന്നത്, പ്രകാരം സാമ്പിളുകൾ നൽകാൻ ബാധ്യതപ്പെട്ടവർ ആവശ്യം നിരസിക്കുകയോ എടുക്കുന്ന പ്രവൃത്തിയെ തടയുകയോ ചെയ്യുന്നത് പ്രസ്തുത നിയമത്തിലെ 6 (2) വകുപ്പു പ്രകാരം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 186 വകുപ്പ് പ്രകാരമുള്ള കുറ്റമായി കണക്കാക്കാം എന്നാണ്. ആയത് മൂന്ന് മാസം വരെ തടവോ, 500 രൂപ പിഴയോ, തടവും പിഴയും ഒരുമിച്ചോ കിട്ടാവുന്ന ഒരു കുറ്റകൃത്യം. അപ്പോൾ ഈ നിയമത്തിലെ 3 വകുപ്പ് പ്രകാരം സാമ്പിളുകൾ നൽകാൻ ബാധ്യതപ്പെട്ടവർ ആരൊക്കെയാണെന്ന സ്വഭാവിക ചോദ്യം ഉയർന്നേക്കാം.

പ്രസ്തുത നിയമത്തിലെ 3 വകുപ്പ് പ്രകാരം, 1) ഏതെങ്കിലും ഒരു നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവർ. 2) ക്രിമിനൽ നടപടി ക്രമത്തിലെ 117 വകുപ്പ് പ്രകാരം സമാധാനന്തരീക്ഷം നിലനിർത്തുന്നതിന്റെ ഭാഗമായോ, നല്ല നടപ്പിന്റെ ഭാഗമായി സെക്യൂരിറ്റി നൽകാൻ ഉത്തരവുകളുള്ളവരോ, 107, 108, 109 വകുപ്പുകളുടെ ഭാഗമായോ ആവശ്യപ്പെടുന്ന പക്ഷം അതിൽ ഉൾപ്പെട്ട പ്രതികൾ. (ഈ വകുപ്പുകളെല്ലാം ലോ ആന്റ് ഓർഡർ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തഹസിൽദാർ മുതൽ കളക്ടർ വരെയുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർക്ക് അധികാരം നൽകുന്ന വകുപ്പുകളാണ്). 3) നിലവിൽ കരുതൽ തടങ്കലിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടവർ എന്നിവരാണ് ആണ് നിയമപരമായി ബാദ്ധ്യതപ്പെട്ടവർ.

എന്നാൽ, ചുരുങ്ങിയത് ഏഴു വർഷം തടവ് ലഭിക്കുന്ന കുറ്റകൃത്യമോ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യമോ അല്ല അറസ്റ്റിന് കാരണമെങ്കിൽ അറസ്റ്റിലാവുന്ന വ്യക്തിക്ക് സാമ്പിളുകൾ നൽകാൻ ബാധ്യതയില്ല എന്നും മൂന്നാം വകുപ്പിൽ തന്നെ പറയുന്നുണ്ട്. അതായത് അതായത്, മൂന്നാം വകുപ്പ് പ്രകാരം ഏത് കേസുമായും ബന്ധപ്പെട്ട് അറസ്സ് ചെയ്യുന്ന ഏത് വ്യക്തിയോടും മേൽ പറഞ്ഞ ബയോളജിക്കൽ സാമ്പിളുകൾ അന്വേഷണ ഏജൻസിക്ക് ആവശ്യപ്പെടാമെങ്കിലും അത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട കുറ്റങ്ങളോ ഏഴു വർഷമോ അതിലധികമോ ആയി ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളോ അല്ലെങ്കിൽ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് ബയോളജികൽ സാമ്പിളുകൾ നൽകാതിരിക്കാം. എന്നാൽ ഇതിന്റെ പ്രായോഗികത പരിശോധിക്കുമ്പോൾ, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയിൽ നിന്ന് അന്വേഷണ ഏജൻസിക്ക് ബലപ്രയോഗത്തിൽ ഇത്തരം സാമ്പിളുകൾ ശേഖരിക്കാൻ കഴിയുന്നതരത്തിൽ ഈ നിയമം ദുരുപയോ​ഗം ചെയ്യപ്പെടാനും അങ്ങനെ ശേഖരിക്കുന്ന തെളിവുകൾക്ക് നിയമ സാധുത ലഭിക്കാനും സാധ്യതയുണ്ട് എന്നതാണ് ഗുരുതരമായ പ്രശ്നം.

സമ്മതവും വിസമ്മതവും ഏങ്ങനെ എടുക്കണമെന്നതിനെപ്പറ്റിയോ, ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ചോ പ്രസ്തുത നിയമത്തിൽ പറയുന്നില്ലെങ്കിലും ആയതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ചട്ടങ്ങൾ രൂപീകരിക്കാനുള്ള അധികാരം നിയമത്തിലെ 8 വകുപ്പ് വ്യവസ്ഥ ചെയ്യുന്നതിനാൽ തന്നെ അവ്യക്തതകൾ മറികടന്ന് ചട്ടങ്ങളുണ്ടാക്കാനാണ് സാധ്യതയുള്ളത്. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യം എന്താണെന്ന് ഈ നിയമം നിർവചിച്ചിട്ടില്ല എന്നതാണ് പ്രധാന അവ്യക്തത. സ്ത്രീകളും കുട്ടികളും പരാതിക്കാരായി വരുന്ന കുറ്റങ്ങളാണോ അതോ സത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗികാതിക്രമമാണോ അതോ സ്ത്രീകളും കുട്ടികളും ഇരകളായി വരുന്ന കുറ്റകൃത്യങ്ങളാണോ എന്നത് പ്രസ്തുത നിയമത്തിൽ വ്യക്തമല്ല. നിയമത്തിലെ ഈ അവ്യക്തത പ്രസ്തുത വകുപ്പിന്റെ ഭരണഘടനാപരമായ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. പ്രസ്തുത വകുപ്പ് ഭരണഘടനയുടെ അനുച്ഛേദം14 ന്റെ ലംഘനമായും യുക്തിപരമല്ലാത്ത വിവേചനത്തിന് വഴിവെക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഉദാഹരണത്തിന് ഇന്ത്യൻ ശിക്ഷാനിയമം 379 വകുപ്പ് പ്രകാരം മോഷണം മൂന്ന് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ്. മോഷണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഇരയായാലോ പരാതിപ്പെട്ടാലോ ആയതുമായി ബന്ധപ്പെട്ട് അറസ്സ് ചെയ്യപ്പെടുന്ന വ്യക്തി ബയോളജിക്കൽ സാമ്പിളുകൾ നൽകാൻ ബാധ്യസ്ഥനാണോ അല്ലയോ എന്ന ചോദ്യം ഉയർന്നു വരാം. അപ്രകാരം സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിൽ ബയോളജിക്കൽ സാമ്പിളുകൾ നൽകാൻ ബാധ്യസ്ഥമാണെന്ന് വന്നാൽ നിയമത്തിന്റെ കണ്ണിൽ ഒരേ സ്വഭാവത്തിലുള്ള കുറ്റകൃത്യത്യത്തെ പരാതി കൊടുക്കുന്ന വ്യക്തി പുരുഷനോ, സ്ത്രീയോ എന്നത് നോക്കി വ്യത്യസ്ത തരത്തിൽ പരിഗണിക്കപ്പെടാവുന്ന അവസ്ഥ സംജാതമാകും. അത് ഭരണഘടന നിർദേശിക്കുന്ന യുക്തിപരമായ വിവേചനത്തിന്റെ (Rational Discrimination) പരിധിയിൽ നിൽക്കാതെ വരികയും ഭരണഘടനയുടെ അനുച്ഛേദം14 ൽ പറയുന്ന തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമാവുകയും ചെയ്യും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള ലൈംഗികാതിക്രമം എന്ന് നിയമം കൃത്യമായി പറഞ്ഞിരുന്നെങ്കിൽ ഈ അവ്യക്തത ഒഴിവാക്കാമായിരുന്നു.

നിയമത്തിലെ നാലാം വകുപ്പ് പ്രകാരം ഇങ്ങനെ ശേഖരിക്കുന്ന സാമ്പിളുകൾ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ ദേശീയ തലത്തിൽ തന്നെ സംവിധാനമുണ്ടാക്കി 75 വർത്തേക്ക് സൂക്ഷിച്ച് വയ്ക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇപ്രകാരം ചെയ്യുന്ന പക്ഷം ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരുടെ ബയോളജിക്കൽ സാമ്പിളുകൾ പെട്ടെന്ന് ലഭ്യമാക്കാനും വേഗത്തിലുള്ള ശാസ്ത്രീയ അന്വേഷണത്തിന് അത് സഹായമാകും എന്നുമാണ് നിയമ നിർമ്മാണം നടത്തിയവർ അവകാശപ്പെടുന്നത്. എന്നാൽ ഏതെങ്കിലും കേസിൽ കുറ്റവിമുക്തനാക്കുകയോ, ആരോപണ വിമുക്തനാക്കുകയോ (Discharge) ചെയ്ത ഒരാളുടെ സാമ്പിളുകൾ അപ്പീലുകൾ പോലുള്ള മറ്റു തുടർ നടപടികൾക്കുള്ള സാധ്യത ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം നശിപ്പിച്ചു കളയാമെന്നും പറയുന്നു. തങ്ങളുടെ ബയോമെട്രിക് ഡേറ്റ സുരക്ഷിതമാണെന്നും അത് നിയമാനുസൃതം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂവെന്നും ശക്തമായ ഡേറ്റ സംരക്ഷണ നിയമത്തിന്റെ അഭാവം നിലനിൽക്കുന്ന ഇന്ത്യയിൽ എങ്ങനെയാണ് ജനങ്ങൾക്ക് ഉറപ്പാക്കാനാവുക?

പുതിയ നിയമം വരുന്നത് വരെ The Identification of Prisoners Act, 1920 എന്ന നിയമപ്രകാരമായിരുന്നു അന്വേഷണ ഏജൻസികൾ വിരലടയാളങ്ങളും കാലടയാളങ്ങളുമടക്കുള്ള അളവുകളും അടയാളങ്ങളും ശേഖരിച്ചിരുന്നത്. അപ്പോൾ തന്നെ ഭരണഘടനയുടെ 20(3) അനുച്ഛേദം ഒരു പൗരന് നൽകുന്ന, ഒരാൾ അയാൾക്കെതിരെ തന്നെ സാക്ഷിയാകാതിരിക്കാനുള്ള അവകാശത്തിന്റെ ലംഘനം (Right against Self Incrimination) എന്ന പ്രശ്നവും സങ്കീർണതയും നിലനിൽക്കുകയും ചെയ്തിരുന്നു. ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിലും സാങ്കേതികവിദ്യയുടെ പുതിയ വികാസങ്ങൾ കണക്കിലെടുത്തുള്ള ശാസ്ത്രീയമായ അന്വേഷണങ്ങൾക്ക് സൗകര്യപ്പെടുത്തേണ്ട ഒരു സ്റ്റേറ്റിന്റെ ബാധ്യതയെ പരിഗണിച്ച് സ്‌റ്റേറ്റ് ഓഫ് ബോംബെ V/s കാത്തി കാലു (The State Of Bombay vs Kathi Kalu) എന്ന കേസിന്റെ ഉൾപ്പെടെയുള്ള വിധിന്യായങ്ങളിലൂടെ സുപ്രീം കോടതി DNA പരിശോധക്ക് വേണ്ടി രക്ത സാമ്പിളുകളെടുക്കാം എന്ന തരത്തിൽ വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു. അത്തരം വിധിന്യായങ്ങൾ പരിഗണിച്ചും ലോ കമ്മീഷനുകളുടെയും മളീമത് കമ്മിറ്റിയുടെയും നിർദ്ദേശങ്ങൾ പരിഗണിച്ചുമാണ് പുതിയ നിയമം കൊണ്ടുവന്നതെന്നാണ് സർക്കാറിന്റെ വാദം.

നിലവിലെ പോലീസിനെ ലോ ആന്റ് ഓർഡർ, ക്രിമിനൽ ഇൻവസ്റ്റിഗേഷൻ എന്നിങ്ങനെ രണ്ടായി തിരിക്കണമെന്ന ക്രിമിനൽ നീതിവ്യവസ്ഥയുടെ പരിഷ്കരണങ്ങൾക്ക് വേണ്ടി 2000 ൽ മുൻ സുപ്രീം കോടതി ജസ്റ്റിസ് വി.എസ് മളീമത് ചെയർമാനായ മളീമത് കമ്മറ്റി വളരെ പ്രധാനപ്പെട്ട പല നിർദ്ദേശങ്ങളും നൽകിയിരുന്നു. അത്തരം അടിയന്തിര സ്വഭാവമുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും ഉള്ളപ്പോളാണ് അതാന്നും പരിഗണിക്കാതെ, സ്വകാര്യത സൂക്ഷിക്കാൻ വേണ്ട സംവിധാനം പോലുമില്ലാതെ ഒരു പോലീസ് കോൺസ്റ്റബിളിന് വരെ എന്തെങ്കിലും കുറ്റാരോപണത്തിന്റെ പേരിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ കഴിയുന്നവിധമുള്ള ഇത്തരം ഒരു നിയമം സർക്കാർ കൊണ്ടുവന്നത്.

മാത്രമല്ല, 2010 ലെ Selvi V/s State of Karnataka എന്ന കേസിൽ അന്വേഷണത്തിന്റെ ഭാഗമായി നടത്തുന്ന നുണ പരിശോധകളുടെയും ബ്രയിൻ മാപ്പിംങ്ങ് പരിശോധനകളുടെയും ഭരണഘടനാ സാധ്യതയും സാംഗത്യവും കോടതി പരിശോധിക്കുകയും അത് കുറ്റാരോപിതർക്കെതിരെയുള്ള തെളിവായി ഉപയോഗിക്കുന്നത് ഭരണഘടനയുടെ 20(3) അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് വിധിപറയുകയും ചെയ്തിരുന്നു. DNA സാമ്പിളുകൾ എങ്ങനെയെടുക്കണമെന്നും ഉപയോഗിക്കപ്പെടണമെന്നും പറയുന്ന The DNA Technology (Use and Application) Regulation Bill, 2019 എന്ന ബിൽ ഇപ്പോഴും ലോകസഭയുടെ പരിഗണയിൽ മാത്രമാണുള്ളത്. കൂടാതെ, ആധാറിന് വേണ്ടിയെടുക്കുന്ന ബയോമെട്രിക് വിവരങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്താമോ ഇല്ലയോ എന്നുള്ള ചോദ്യവും ഇപ്പോഴും ഭരണഘടനാ കോടതികളുടെ പരിഗണനയിലാണ്.

ഓരോ വ്യക്തിയെ സംബന്ധിച്ചും ആയാളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാനുള്ള അവകാശം, ഭരണഘടന അനുച്ഛേദം 21ൽ ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. ഈയടുത്ത് പുട്ടസ്വാമി V/s യൂണിയൻ ഓഫ് ഇന്ത്യ (Justice K.S.Puttaswamy(Retd) vs Union Of India on 26 September, 2018) എന്ന കേസിലൂടെ സുപ്രീം കോടതി അസന്നിഗ്ദമായി ഇക്കാര്യം പറഞ്ഞിട്ടുള്ളതുമാണ്. മാത്രമല്ല, ഇങ്ങനെ ശേഖരിക്കപ്പെടുന്ന സാമ്പിളുകൾ വ്യക്തികൾക്കെതിരെ ഏത് സമയവും ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുള്ളതും സുരക്ഷിതമായ സൗകര്യങ്ങളില്ലാതെ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ആർക്കു വേണമെങ്കിലും ചോർത്തിയെടുക്കാവുന്നതും വ്യക്തികളുടെ തന്നെ സാമ്പത്തികവും ശാരീരികവുമായ സുരക്ഷക്ക് ഭീഷണിയാകാനും സാദ്ധ്യതയുള്ളതാണ്.

സങ്കേതികവിദ്യ വികസിച്ചതോടെ ഓരോ വ്യക്തിയും ഓരോ സാമ്പിളുകളായി മാറിയിട്ടുണ്ട്. ഏറ്റവും സ്വകാര്യമായുള്ള ഇടങ്ങളിൽ ഉപയോഗിക്കുന്ന ഓഫ് ചെയ്ത് വെച്ച മൊബൈൽ ഫോണുകൾ വരെ ചാരക്കണ്ണുകളാകുന്ന, സ്വകാര്യത എന്നത് വെറുമൊരു സ്വപ്നമാകുന്ന കാലത്ത് രാഷ്ട്ര താത്പര്യങ്ങൾക്കൊപ്പം വ്യക്തികളുടെ സ്വകാര്യത കൂടി സംരക്ഷിക്കുന്ന നിയമങ്ങളുണ്ടാക്കുക എന്നതാണ് ഒരു പരിഷ്കൃത സമൂഹത്തിന് വേണ്ട ധാർമ്മികതയും നൈതികതയും. അല്ലെങ്കിൽ അവ വ്യക്തികളുടെ തന്നെ ചോരയൂറ്റുന്ന നിയമങ്ങളായി മാറാൻ സാധ്യത വളരെ കൂടുതലാണ്. ക്രിമിനൽ കേസിൽ ഒരാൾ പ്രതിയായി എന്നതുകൊണ്ടോ, ശിക്ഷിക്കപ്പെട്ടു എന്നതുകൊണ്ടോ പൗരർ എന്ന നിലയിലുള്ള അവരുടെ അടിസ്ഥാനപരമായ അവകാശങ്ങൾ ഇല്ലാതാകുന്നില്ല. ആ അർത്ഥത്തിൽ ഈ നിയമം ഭരണഘടനാപരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ്, മനുഷ്യാവകാശങ്ങളുടെ പേരിലും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read