Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ലോക മുതലാളിത്തത്തിൻ്റെ സംഘാടകരും സംരക്ഷകരും പ്രോത്സാഹകരുമായി കോളനിയുഗത്തിൽ മിന്നിത്തിളങ്ങിയ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിങ്ങനെ പഴയ സാമ്രാജ്യത്വ ശക്തികൾ രണ്ടാം ലോകയുദ്ധത്തോടെ അസ്തമിച്ചപ്പോൾ, തൽസ്ഥാനത്തേക്ക് അമേരിക്ക പുതിയ സാമ്രാജ്യത്വ ശക്തിയായി ഉദിച്ചുയർന്നു. ലോക മുതലാളിത്തത്തിൻ്റെ സംഘാടനത്തോടും സംരക്ഷണത്തോടും പ്രോത്സാഹനത്തോടുമൊപ്പം സാമ്രാജ്യത്വ ശക്തികൾ തമ്മിലുള്ള മത്സരം രണ്ട് ലോകയുദ്ധങ്ങളെ വിളിച്ചുവരുത്തി ആധുനിക സാമ്രാജ്യങ്ങളുടെ തന്നെ നാശത്തിന് വഴി വെട്ടിയെങ്കിൽ, അതിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട്, ബഹുവിധ സാമ്രാജ്യങ്ങളെ കൈവിട്ട് ഏക സാമ്രാജ്യത്വ രാഷ്ട്രീയശക്തിയിലേക്ക് ലോക മുതലാളിത്തം അതിൻ്റെ ആത്മാവിനെ പ്രവേശിപ്പിച്ചു – അതാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക.
മുതലാളിത്തമെന്നത് അതിൻ്റെ ജന്മം കൊണ്ടുതന്നെ ദേശീയമല്ല, ദേശാതിർത്തികളെ അതിവർത്തിക്കുന്നതിലൂടെയാണ് അതിൻ്റെ പിറവി. രാഷ്ട്രാന്തരങ്ങളെ തമ്മിൽ ഉല്പാദന- ഉപഭോഗങ്ങളിലൂടെ കൂട്ടിയിണക്കി കൊണ്ടാണ് മുതലാളിത്തം ആവിർഭവിക്കുന്നതും വളരുന്നതും. മുതലാളിത്തത്തെ ഉല്പാദന-ഉപഭോഗങ്ങളുടെ രാഷ്ട്രാതിർത്തികൾ ഭേദിക്കുന്ന ഒരു കൂട്ടുകച്ചവടമെന്നും മനസ്സിലാക്കാം. നാസി ജർമ്മനിയുടെ കൂട്ടക്കുരുതികൾ വിതറിയ രാസ-വ്യാവസായിക അടിസ്ഥാന മേഖലകൾ ജർമ്മൻ കമ്പനികൾ വികസിപ്പിച്ചത് ഒറ്റയ്ക്കായിരുന്നില്ല. അമേരിക്കൻ കമ്പനികൾ ഇക്കാര്യങ്ങളിൽ ജർമ്മൻ കമ്പനികളുമായി പേറ്റൻ്റിലും ടെക്നോളജിയിലും സംയുക്ത സംരംഭമായിരുന്നു. നാസി തടങ്കൽപാളയങ്ങളിൽ പ്രയോഗിച്ച വിഷവാതകം (Zyklon B) ഉല്പാദിപ്പിച്ച ജർമ്മൻ കമ്പനിക്ക് (IG Farben) അമേരിക്കൻ കമ്പനികളുമായി ബിസിനസ് ബന്ധം ഉണ്ടായിരുന്നു.


ഒന്നും രണ്ടും ലോകയുദ്ധങ്ങളെ, വേണമെങ്കിൽ ലോക മുതലാളിത്തത്തിൻ്റെ സുസ്ഥിര സംരക്ഷകനായ ഏക സാമ്രാജ്യത്വശക്തിക്ക് വേണ്ടിയുള്ള പേറ്റുനോവായി കൂടി കണക്കാക്കാവുന്നതാണ്. യുദ്ധങ്ങളിൽ ബഹുമുഖ സാമ്രാജ്യത്വങ്ങൾ തകർന്നെങ്കിലും, ലോകമുതലാളിത്തം രണ്ട് ലോകയുദ്ധങ്ങളെ ആവോളം ഭക്ഷിച്ച് കൂടുതൽ കരുത്താർജ്ജിക്കുകയാണുണ്ടായത്. സമാധാനം മാത്രമുണ്ടെങ്കിൽ ലോക മുതലാളിത്തമില്ല. അതിനാൽ ലോക മുതലാളിത്തം പരമാധികാര ദേശരാഷ്ട്രങ്ങളുടെ (sovereign nation – state) ശരീരം സ്വീകരിച്ച് അമേരിക്കയായും ജർമ്മനിയായും ഇറ്റലിയായുമെല്ലാം പ്രത്യക്ഷപ്പെട്ട് പടവെട്ടി കൂടുതൽ ബലവത്തായി മാറി.
പരമാധികാര ദേശരാഷ്ട്രങ്ങളെ ആഗോള മുതലാളിത്തത്തിന് ഒളിച്ചിരിക്കുന്നതിനുള്ള ഒരു പുകമറ കൂടിയായി കാണണം. എല്ലാ ദേശരാഷ്ട്രങ്ങൾ തമ്മിലും ഉല്പാദന- ഉപഭോഗങ്ങളിൽ സമതുലിതമായ മത്സരം നിലനിൽക്കുന്നു എന്ന പുകമറയ്ക്കുള്ളിലാണ് ആഗോള മുതലാളിത്തം പ്രവർത്തിക്കുന്നത്. അതിനാൽ എല്ലാ രാജ്യങ്ങളും പരമാധികാര രാഷ്ട്രങ്ങളാണെന്ന് തത്വത്തിൽ സമ്മതിക്കുമ്പോൾ തന്നെ, ആഗോള മുതലാളിത്തത്തിൻ്റെ സംരക്ഷണവും പ്രോത്സാഹനവും ഏറ്റെടുക്കാൻ ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തെ വകവെയ്ക്കാത്ത ഒരതീത രാഷ്ട്രീയശക്തി ആവശ്യമാണ്, അതാണ് യു.എസ്.എ. കാരണം സാമ്രാജ്യത്വമില്ലാതെ ലോകമുതലാളിത്തമില്ല. എവിടെയും കേന്ദ്രീകൃത അധികാര ശക്തിയാണ് ലോക മുതലാളിത്തത്തിൻ്റെ ജീവവായു.
പഴയ കോളനി സാമ്രാജ്യത്വ കാലത്ത് പടിഞ്ഞാറൻ സാമ്രാജ്യത്വശക്തികൾ മാത്രമായിരുന്നു പരമാധികാര രാഷ്ട്രങ്ങൾ. എന്നാൽ കോളനി സാമ്രാജ്യത്വയുഗം അവസാനിച്ചപ്പോൾ പഴയ കോളനിഭൂമികൾ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ പോലെ അനേകം പരമാധികാര ദേശരാഷ്ട്രങ്ങളായി മാറി. അതോടെ യുദ്ധങ്ങൾ ആഭ്യന്തരമെന്ന പേരിലും അതിർത്തികൾ തമ്മിലെന്ന പേരിലും പടിഞ്ഞാറു നിന്നും പുതിയ പരമാധികാര രാഷ്ട്രങ്ങളിലേക്ക് ചുവടുമാറ്റിയിരിക്കുന്നു. തന്നെയുമല്ല അനേകം പരമാധികാര രാഷ്ട്രങ്ങളെ സന്ദർഭാനുസരണം ലോക മുതലാളിത്തത്തിൻ്റെ വരുതിക്ക് നിർത്താൻ (ആഭ്യന്തര കലാപങ്ങളിലൂടെ ഭരണം അട്ടിമറി, അതിർത്തി സംഘർങ്ങൾ, സൈനിക താവളകൾ, സൈനിക കരാറുകൾ, നികുതി ഭാരങ്ങൾ, വ്യാപര വിലക്കുകൾ, ആയുധസഹായം) സർവ്വാധികാര സാമ്രാജ്യത്വമായി യു.എസ്.എ. ഉയർത്തപ്പെടുകയും ചെയ്തിരിക്കുന്നു.
നിരവധി പരമാധികാര ദേശരാഷ്ട്രങ്ങളും അവയുടെയെല്ലാം മുകളിൽ സർവ്വ പരമാധികാരിയായ ഏക സാമ്രാജ്യത്വ അമേരിക്കയും ചേർന്നതാണ് കോളനിയനന്തരവും സമകാലികവുമായ ലോക മുതലാളിത്ത വ്യവസ്ഥ. ഒരർത്ഥത്തിൽ, ചരിത്രപരമായി നോക്കിയാൽ, സങ്കുചിതമായ അധിനിവേശ താല്പര്യങ്ങളുടെ തടവറയിൽ നിന്നാണ് പരമാധികാര രാഷ്ട്രങ്ങൾ പിറക്കുന്നതുതന്നെ. ആഭ്യന്തരവും വൈദേശികവുമായ കോളനിവൽക്കരണത്തിലൂടെ ലോക മുതലാളിത്തത്തെ പുഷ്ടിപ്പെടുത്തുന്നതിന് പടിഞ്ഞാറൻ യൂറോപ്പ് കണ്ടെത്തിയ രാഷ്ട്രീയഘടനയാണ് പരമാധികാര ദേശരാഷ്ട്രം.


കോളനിവൽക്കരണത്തിൻ്റെയും അതുവഴി ലോക മുതലാളിത്തത്തിൻ്റെയും സുസ്ഥിരതക്ക് വേണ്ടി പടിഞ്ഞാറൻ യൂറോപ്പ് ദേശരാഷ്ട്രമെന്ന രാഷ്ട്രീയ ശരീരം സ്വീകരിച്ചുവെന്നു പറയാം. കോളനിവൽക്കരണത്തിലൂടെ സാമ്രാജ്യങ്ങളായി വളർന്ന് ലോക മുതലാളിത്ത സംരക്ഷണവും പ്രോത്സാഹനവും സാധ്യമാക്കുക എന്നതാണ് വെസ്റ്റ്ഫേലിയൻ (The Westphalian system) പരമാധികാര പടിഞ്ഞാറൻ യൂറോപ്യൻ ദേശരാഷ്ട്രങ്ങളുടെ, 1648 ലെ സ്ഥാപന ദൗത്യം. അതിനാൽ ഈ പടിഞ്ഞാറൻ യൂറോപ്പ് രാജ്യങ്ങൾ ഏറെയും കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിൽ സാമ്രാജ്യത്വശക്തികളായി വളർന്നു., അതോടൊപ്പം ലോക മുതലാളിത്തവും.
അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ തദ്ദേശീയ ജനതകളെ പടിഞ്ഞാറൻ യൂറോപ്പിലെ കോളനി നിർമ്മാതാക്കളായ രാജ്യ ഭരണാധികാരികൾ തങ്ങളെപ്പോലെ തുല്യമായ പരമാധികാരമുള്ള സമൂഹങ്ങളായി കണക്കാക്കിയിരുന്നില്ല. പരമാധികാര രാഷ്ട്രവും ഭരണകൂടവും തദ്ദേശീയർക്കില്ലെന്ന പേരിൽ ഏഷ്യ, ആഫ്രിക്ക, അമേരിക്കൻ വൻകരകളുടെ മേലുള്ള സർവ്വാധികാരം പടിഞ്ഞാറൻ യൂറോപ്പ് രാജ്യങ്ങൾ പരസ്പരം പങ്കിട്ടെടുത്തു. പരമാധികാരം അനുവദിച്ചു കിട്ടാത്ത ഈ കോളനി വൻകരകളുടെ സമ്പത്തും അധ്വാനവും കവർന്നെടുക്കുന്നതിലൂടെ സംഭവിച്ച ആഗോള ഉല്പാദന-ഉപഭോഗ വിപ്ലവത്തെയാണ് നാം ലോക മുതലാളിത്തമെന്നു പറയുന്നത്. രാഷ്ട്രീയ പരമാധികാരം അംഗീകരിച്ചു കിട്ടാത്ത ഈ വൻകരകൾ ഇല്ലായിരുന്നെങ്കിൽ ലോക മുതലാളിത്തം സംഭവ്യമല്ല.
ആഗോള സെക്യുലർ നിയമങ്ങൾ
ലോകത്തിലെ എല്ലാ മനുഷ്യർക്കും ഒരേപോലെ ബാധകമാകുന്ന ആഗോള സെക്യുലർ നിയമങ്ങൾ കണ്ടുപിടിച്ചുകൊണ്ടാണ് പടിഞ്ഞാറൻ യൂറോപ്പിലെ രാഷ്ട്രങ്ങൾ കോളനി അടിമത്തത്തെ ന്യായീകരിച്ചത്. 16-ാം നൂറ്റാണ്ടിൽ തന്നെ – സ്പെയിൻ അമേരിക്കയിലെ തദ്ദേശീയ ഭൂമിയിൽ നടത്തിയ നരനായാട്ടിൻ്റെ കാലം മുതൽ – മതപരമായ പ്രത്യയശാസ്ത്രങ്ങളെ പിന്നിലാക്കി സെക്യുലർ പ്രത്യയശാസ്ത്ര നിയമങ്ങൾ രൂപപ്പെട്ടുവരുന്നുണ്ട്. ഇതുവരെ പരിചയമോ ശത്രുതയോ ഇല്ലാത്ത ഒരു പുതിയ ജനതയെയും, അവരുടെ ഭൂമികളെയും കൈവശപ്പെടുത്തുന്നതിൻ്റെ യുക്തിയായിട്ടാണ് 16-ാം നൂറ്റാണ്ടിൽ, അമേരിക്കൻ തദ്ദേശീയ ജനതയ്ക്കും യൂറോപ്യൻ അധിനിവേശ ശക്തികൾക്കും ഒരേപോലെ ബാധകമായ സെക്യുലർ നിയമങ്ങൾ സ്പെയിനിലെ സാലമാൻക സർവ്വകലാശാലയിലെ (University of Salamanca) വൈദിക പ്രമാണിമാരായ നിയമജ്ഞർ കണ്ടുപിടിക്കുന്നത്.
കുരിശുയുദ്ധങ്ങളിൽ മുസ്ലീം ഭൂമികൾ പിടിച്ചെടുക്കുന്നതിനും, കൂടാതെ തമ്മിൽ പടവെട്ടുന്നതിനും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾക്ക് മതപരവും രാഷ്ട്രീയവുമായ ന്യായങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം പരമ്പരാഗത ന്യായങ്ങൾ കൊണ്ട് 16-ാം നൂറ്റാണ്ടു മുതൽ തുടങ്ങിയ കോളനി അധിനിവേശങ്ങളെ നീതീകരിക്കാൻ പറ്റാതെ വന്നപ്പോൾ, കറുത്തവർക്കും വെളുത്തവർക്കും ഏതു മതക്കാർക്കും ഏതു ഭൂഖണ്ഡവാസികൾക്കും ബാധകമാകുന്ന ആഗോള നിയമത്തിൻ്റെ സെക്യുലർ പ്രത്യയശാസ്ത്രങ്ങൾ നിർമ്മിച്ചെടുക്കാൻ ഫ്രാൻസിസ്കോ ഡ വിറ്റോറിയയെ (Francisco de Vitoria) പോലുള്ള സ്പാനിഷ് കത്തോലിക്കാ പുരോഹിതപ്രമാണിമാർ തുടക്കം കുറിച്ചുവെന്നു പറയാം (ഇംപീരിയൽ സെക്യുലറിസത്തിൻ്റെ ചരിത്രം കൂടതലറിയാൻ ഈ ലേഖകൻ എഴുതിയ ലേഖനം വായിക്കാവുന്നതാണ്; ലിങ്ക്: https://panthi.in/the-colonial-origins-of-imperial-secularism-a-genealogy-of-modern-violence/).


കോളനി അധിനിവേശ ന്യായീകരണത്തിൻ്റെ സെക്യുലർ പ്രത്യയശാസ്ത്രത്തിൽ ഒന്നാമത്തേത്, മനുഷ്യർ പലവിധ വിശ്വാസികളും രാജ്യക്കാരുമാണെങ്കിലും എല്ലാവരും തുല്യരാണ് എന്നതത്രേ. രണ്ടാമത്തേത്, എല്ലാവർക്കും സഞ്ചാരത്തിനും കച്ചവടത്തിനും ഒരേപോലെ സ്വാതന്ത്ര്യമുണ്ട്. മൂന്നാമത്തേത് കടൽ, മല മുതലായവയിലെ വിഭവങ്ങൾ എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണ്. എന്നാൽ, എല്ലാവരും ഒരേപോലെ തുല്യരാണെങ്കിലും, അമേരിക്കയിലെ ആദിമ തദ്ദേശീയ സമൂഹങ്ങൾക്ക് സംഘടിതമായ ഭരണവ്യവസ്ഥയോ പരിഷ്ക്കാരമോ ഇല്ല; അവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. അവർ തദ്ദേശീയ ഭൂമി കച്ചവടത്തിനും മറ്റും ഉപയുക്തമാക്കുന്നതിന് യൂറോപ്പുകാർക്ക് എതിര് നിൽക്കുന്നു; അവർ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നു. അതിനാൽ അവരോട് യുദ്ധം ചെയ്ത് കീഴ്പ്പെടുത്തി അവരെ കുറ്റകൃത്യങ്ങളിൽ നിന്നും തടയണം. ഇതാണ് സാമ്രാജ്യത്വത്തിൻ്റെ സെക്യുലർ യുക്തി.
സംഘടിതമായ ഭരണവ്യവസ്ഥ അമേരിക്കൻ തദ്ദേശീയ ജനങ്ങളിൽ കാണുന്നില്ല എന്നത് ഒറ്റ നോട്ടത്തിൽ ശരിയായി തോന്നിയേക്കാം. കേന്ദ്രീകൃതവും ശക്തവും ലിഖിതവുമായ നിയമവ്യവസ്ഥകൾ പടിഞ്ഞാറൻ യൂറോപ്പിന് ഉണ്ടായേക്കാം. അതിനാൽ ആദിമ അമേരിക്കൻ സമൂഹങ്ങളെ അരാജക വ്യവസ്ഥയായി അളക്കുകയാണ് കോളനി അധിനിവേശം ചെയ്തത്. കാരണം ആദിമ അമേരിക്കൻ ഭരണവ്യവസ്ഥ വികേന്ദ്രീകൃതവും സ്വയംഭരണത്തിൽ അധിഷ്ഠിതവുമായിരുന്നു. സ്വയംഭരണം ശക്തിയാർജ്ജിച്ച സമൂഹങ്ങളിൽ കേന്ദ്രീകൃതവും ശക്തവുമായ ഭരണകൂട വ്യവസ്ഥ ആവശ്യമില്ല (ഇന്ത്യയിൽ മൗര്യഭരണകാലത്തെ പറ്റിയുള്ള പുതിയ പഠനങ്ങൾ വികേന്ദ്രീകൃതവും വൈവിധ്യമാർന്നതുമായ പ്രാദേശിക സ്വയംഭരണരീതികളെ ചൂണ്ടിക്കാട്ടുന്നുണ്ട്). യഥാർത്ഥത്തിൽ തദ്ദേശീയ അമേരിക്കൻ ജനങ്ങളുടെ സ്വയംഭരണ വ്യവസ്ഥയെ ഭരണകൂടമില്ലാത്ത അരാജകത്വമായി വ്യാഖ്യാനിക്കുകയായിരുന്നു യുറോപ്യൻ അധിനിവേശത്തിൻ്റെ രാഷ്ട്രീയ സാക്ഷര നിയമ പാണ്ഡിത്യം.
വെനസ്വേലയിലെ അധിനിവേശയുക്തി
ഇന്ന് വെനസ്വേലയിലെ ഭരണാധികാരിയെ യു.എസ്. ഭരണകൂടം സായുധരായി വന്നു തട്ടിക്കൊണ്ടുപോയി, മയക്കുമരുന്ന് കുറ്റവാളിയായി വിചാരണ ചെയ്യുമ്പോൾ അതിനെ അനുകൂലിക്കുന്നവർ ലോകത്ത് എത്രയോ പേരുണ്ട്. കാരണം അധിനിവേശയുക്തിയുടെ പരിഷ്ക്കരിച്ച സെക്യുലർ നിയമ പ്രത്യയശാസ്ത്രമാണ് അമേരിക്ക പ്രയോഗിക്കുന്നത്. അവിടുത്തെ എണ്ണ സമ്പത്ത് കവരാൻ, അവിടെ അതിക്രമിച്ച് കടക്കാൻ സെക്യുലർ യുക്തിയില്ലെങ്കിൽ സാധ്യമല്ല. അഫ്ഗാനിസ്ഥാനിലും ഇറാക്കിലും വിയറ്റ്നാമിലും എല്ലാം അമേരിക്കയുടെ കൂട്ടക്കുരുതികളെയും ഭൂവിഭവ കൊള്ളകളെയും നീതീകരിക്കുന്നത് മതവിശ്വാസമല്ല, തികച്ചും സെക്യുലറായ ന്യായങ്ങൾ തന്നെ. അതുകൊണ്ടാണ് എല്ലാ പരമാധികാര രാഷ്ട്രങ്ങൾക്കും മേലെ സർവ്വ പരമാധികാരിയ ഒരു രാഷ്ട്രം – അമേരിക്ക വേണമെന്നു പലരും കരുതുന്നത്.
ഫലത്തിൽ മതം ആയുധമാക്കിയുള്ള കൊള്ളയും നരഹത്യയുമെല്ലാം അപരിഷ്കൃതവും എന്നാൽ സെക്യുലർ ന്യായങ്ങൾ നിരത്തിയുള്ള കൂട്ടക്കുരുതികൾ പരിഷ്കൃതവുമായി കാണുന്നു ആധുനിക ലോകം. വെനസ്വേലയിലെ വെറുതേ കിടക്കുന്ന എണ്ണശേഖരം ആഗോള മുതലാളിത്തത്തിന് ഉപയുക്തമാക്കണമെങ്കിൽ സെക്യുലർ അധിനിവേശമേ മാർഗ്ഗമുള്ളൂ. ആഗോള മുതലാളിത്തത്തിൻ്റെ ഉത്ഭവവും വളർച്ചയും വികാസവും കോളനിവൽക്കരണത്തിലൂടെ മാത്രമായതിനാലും, അതിൻ്റെ യുക്തി തികച്ചും സെക്യുലർ ആയതിനാലും അമേരിക്കക്ക് വെനസ്വേലയെ കീഴ്പ്പെടുത്തി വരുതിയിലാക്കുന്നതിൽ യാതൊരു ലജ്ജയുമില്ല. കോളനിവൽക്കരണം പ്രധാനമായും സെക്യുലർ ആശയങ്ങളെ – ജനാധിപത്യം, മനുഷ്യാവകാശം, സാമ്പത്തികോന്നതി, പുരോഗതി, ഭൂവിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, വികസിതമായ ഉല്പാദനവും ഉപഭോഗവും – മുൻനിർത്തിയുള്ള ആക്രമണമായതിനാൽ അത് മിക്കവർക്കും സ്വീകാര്യമായിരിക്കുന്നു. അങ്ങനെ ലോക മുതലാളിത്തം അജയ്യമായി തുടരുന്നു.


സതി സമ്പ്രദായം നിരോധിക്കുന്നതിലൂടെ കൈയടി നേടുകയും, ഈ ജനസമ്മതി വഴി കോടിക്കണക്കിന് ഇന്ത്യക്കാരെ ഭക്ഷ്യക്ഷാമം വരുത്തി പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്യുന്ന സാമ്രാജ്യത്വ സെകുലറിസത്തിലാണ് ആഗോള മുതലാളിത്തം അന്ന് പരിലസിച്ചതെങ്കിൽ, ഇന്ന് വെനസ്വേലയിൽ ആരോപണം ലഹരി മാഫിയയും ഏകാധിപത്യവുമാണ്. എന്നാൽ കടപമായ അമേരിക്കൻ സെക്യുലർ സാമ്രാജത്വ ചികിത്സയുടെ അന്തിമഫലം വെനസ്വേലയുടെ മൊത്തം അധഃപതനവുമായിരിക്കും. ഇറാക്കിനെയും അഫ്ഗാനിസ്ഥാനെയും പോലെ ലോകവാർത്തകളിൽ നിന്നു തന്നെ എണ്ണസമ്പത്തിൻ്റെ വെനസ്വേലയും നാളെ അപ്രത്യക്ഷമാകാം.
തന്നെയുമല്ല, സാമ്രാജ്യത്വ അധിനിവേശങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അധിനിവേശത്തിന് വിധേയമായ ഭൂവിഭാഗങ്ങൾ ഏറെയും, കൂടുതൽ ഏകാധിപത്യപരവും മനുഷ്യാവകാശ വിരുദ്ധവും തീവ്രമതരാഷ്ട്രീയാധിഷ്ഠിതവും ആയി ലോക മുതലാളിത്തത്തിൻ്റെ താവളങ്ങളാകുന്നതും കാണാനാവും. സാമ്രാജ്യത്വം അതിൻ്റെ സെക്യുലർ യൃക്തി പ്രയോഗിച്ച് സർവ്വസമ്മതി നേടുന്നത് അപരലോകങ്ങളെ യഥാർത്ഥത്തിൽ സെക്യുലർ വിരോധികളാക്കി മാറ്റിക്കൊണ്ടാണ്. സെക്യുലറിസത്തിലൂടെ ലോകത്തെ മതവൽകൃതം എന്നും മതേതരം എന്നും സാമ്രാജ്യത്വം വിഭജിക്കുന്നു. മുസ്ലീം തീവ്രവാദത്തിനെതിരെയുള്ള യു.എസ് ൻ്റെ ആഗോള യുദ്ധപ്രഖ്യാപനവും ഇതു തന്നെയാണ് വ്യക്തമാക്കുന്നത്.
അതിനാൽ സാമ്രാജ്യത്വവുമായി സന്ധി ചെയ്യുന്നതും എന്നാൽ കപടമായ സാമ്രാജ്യത്വ വിരോധം പ്രദർശിപ്പിക്കുന്നതുമായ തീവ്രമത രാഷ്ടീയത്തിന് (മോദി ഭരണത്തിൻ്റെ ഇന്ത്യ തന്നെ ഉദാഹരണം) പകരം സാമ്രാജ്യത്വ വിരുദ്ധമായ സെക്യുലർ നീതി കരുപ്പിടിപ്പിക്കുക എന്നതാണ് ഇന്ന് നമ്മുടെ വെല്ലുവിളി. അതിനാകട്ടെ, നമുക്ക് പരമാധികാര ദേശരാഷ്ട്രം എന്ന പ്രത്യയശാസ്ത്ര കുരുക്കിനപ്പുറം കടന്ന് മനുഷ്യജനതയുടെ ആകെ സ്വയംഭരണത്തെപ്പറ്റി ആലോചിക്കാൻ കഴിയണം. പരമാധികാര രാഷ്ട്രം ലോകമുതലാളിത്തത്തിൻ്റെയും അതിൻ്റെ മാതാവായ കോളനി അധിനിവേശത്തിൻ്റെയും സൃഷ്ടിയായതിനാൽ അത് ആത്യന്തികമായി എവിടെയും-അകത്തും പുറത്തും-മനുഷ്യരുടെ സ്വയംഭരണത്തിനെതിരാണ്. കാരണം ലോക മുതലാളിത്തമെന്നത് മനുഷ്യരുടെ ഉല്പാദനത്തിൻ്റെയും ഉപഭോഗത്തിൻ്റെയും സ്വയംഭരണത്തിന് മേലുള്ള കടന്നുകയറ്റമത്രേ.
വെനസ്വേല എന്ന രാഷ്ട്രത്തിൻ്റെ പരമാധികാരത്തിന് മേലല്ല അമേരിക്ക എന്ന സർവ്വ പരമാധികാര സാമ്രാജ്യം കടന്നുകയറിയിരിക്കുന്നത്. പകരം വെനസ്വേലൻ ജനതയുടെ സ്വയംഭരണത്തിൻ്റെ കടയ്ക്കൽ അമേരിക്ക കത്തി വെച്ചിരിക്കുന്നു. രാഷ്ട്രത്തിൻ്റെ പരമാധികാരത്തെയും ജനങ്ങളുടെ സ്വയംഭരണാധികാരത്തെയും വേർതിരിച്ചു മനസ്സിലാക്കുമ്പോഴാണ് സ്വാതന്ത്ര്യം എന്നത് ആഴത്തിലുള്ള അർത്ഥമായി മാറുന്നത്. അപ്പോൾ നമ്മൾ സെക്യുലർ സാമ്രാജ്യത്വത്തിൻ്റെ കപടമായ പ്രത്യയശാസ്ത്ര ബന്ധനത്തിൽ നിന്നും പുറത്തുകടക്കാൻ തുനിയുന്നു. ഉല്പാദനത്തിലും ഉപഭോഗത്തിലുമുള്ള നമ്മുടെ സ്വയംഭരണം കവർന്നെടുത്ത് ലോക മുതലാളിത്തം വെച്ചു നീട്ടുന്ന കേവലമായ ഉപഭോഗ സാമ്രാജ്യത്തിലെ ചക്രവർത്തി പദവും അപ്പോൾ നാം ഉപേക്ഷിക്കും.
സമകാലീന ലോകത്തിലെ രാഷ്ട്രീയ വൈരുദ്ധ്യം അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ സർവ്വ പരമാധികാരവും ഇതര രാഷ്ട്രങ്ങളുടെ പരമാധികാരവും തമ്മിലല്ല. പകരം, അമേരിക്കയും ഇതര രാഷ്ട്രങ്ങളും പേറുന്ന പരമാധികാര രാഷ്ട്രവ്യവസ്ഥയും ലോക ജനതയുടെ സ്വയം ഭരണാധികാരവും തമ്മിലാണ്. ഇത് സ്വയംഭരണത്തിൽ അധിഷ്ഠിതമായ ഉല്പാദന – ഉപഭോഗങ്ങൾക്ക് വേണ്ടി ആഗോള മുതലാളിത്തത്തിൻ്റെ കേന്ദ്രീകൃതമായ ഉല്പാദന – ഉപഭോഗ വ്യവസ്ഥയ്ക്കെതിരെയുള്ള സമരമാണ്. കാരണം ഓരോ പരമാധികാര രാഷ്ട്രവും തദ്ദേശീയ ജനതയ്ക്ക് മേൽ വിഭവങ്ങൾ കരസ്ഥമാക്കാൻ പ്രയോഗിക്കുന്നത് സർവ്വ പരമാധികാരിയായ അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ അതേ സെക്യുലർ യുക്തികളാണ്; കോളനിയുഗം നിർമ്മിച്ചെടുത്ത അഭേദ്യമായ അതേ കൂരമ്പുകൾ ആണ്. അതുകൊണ്ട് പരമാധികാര രാഷ്ട്രവ്യവസ്ഥയെയും, ലോക മുതലാളിത്തത്തിൻ്റെ സുസ്ഥിരത ഉറപ്പാക്കുന്ന അതിൻ്റെ സെക്യുലർ പ്രത്യയശാസ്ത്രങ്ങളേയും സ്വയംഭരണത്തിൻ്റെ നീതിബോധം കൊണ്ട് പ്രതിരോധിക്കേണ്ടതുണ്ട്. അപ്പോഴേ നമുക്ക് വെനസ്വേലയെ പിന്തുണയ്ക്കാൻ ധാർമ്മികമായ അടിത്തറയൊരുക്കാനാവൂ.

