വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം പറഞ്ഞു തുടങ്ങാം.1961 ൽ നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ലാഗോസിൽ ഒരു പാർട്ടി സംഘടപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ തങ്ങളുടെ എട്ട് വയസ്സ് മാത്രം പ്രായമുള്ള മകളെ ആ പാർട്ടിയിലെ വിശിഷ്ട വ്യക്തികളിലൊരാളായ ഹുസൈൻ എന്നയാൾക്ക് പരിചയപ്പെടുത്തി. ഹുസൈൻ എന്ന പേരുകേട്ടതോടെ ആ കൊച്ചു കുട്ടി പെട്ടെന്ന് നിശബ്ദയായി. എന്ത് ചെയ്യണമെന് ആശയക്കുഴപ്പത്തിലുമായി. തന്റെ മുന്നിലെ അതിഥിയോട് ഹസ്തദാനം ചെയ്യാൻ അവളുടെ അമ്മ ആവശ്യപ്പെട്ടു. പരിഭ്രമത്തോടെ ആ കുട്ടി ഉച്ചത്തിൽ ചോദിച്ചു: “അയാൾക്ക് എങ്ങനെ ഒരു ഇന്ത്യൻ പേര് കിട്ടി?” ആ കൊച്ചു പെൺകുട്ടി ഞാനായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ഹസൻ, ഹുസൈൻ, സക്കീന, അഹമ്മദ് തുടങ്ങിയവ ഇന്ത്യക്കാരുടെ മാത്രം പേരുകളായിരുന്നു, അപ്പോൾ ആഫ്രിക്കയിലെ ഒരാൾക്ക് എങ്ങനെ ആ പേര് ലഭിച്ചു? ഈ ചോദ്യം എന്നെ ആകെ കുഴപ്പത്തിലാക്കി.
എന്റെ അമ്മയുടെ മാതാപിതാക്കൾ ലഖ്‌നൗവിൽ നിന്നുള്ളവരായിരുന്നു, ചരിത്രപരമായി ഹിന്ദു-മുസ്ലിം സംസ്‌കാരങ്ങളുടെ സമന്വയത്തിന് പെരുമ കേട്ട നാടാണ് ഞങ്ങളുടേത്. മുഹറം ദിനത്തിൽ മുസ്ലീങ്ങൾക്കായി ഹിന്ദുക്കൾ കുടങ്ങളിൽ പൊതുസഥലത്ത് കുടിവെള്ളം വയ്ക്കാറുള്ളത് ഒക്കെ എന്റെ ഓർമ്മയിലുണ്ട്. ഈ ഐക്യവും സൗഹാർദ്ദവും സ്വാതന്ത്ര്യാനന്തരം പൊടുന്നനെ ഉണ്ടായി വന്നതല്ല. ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക് ആവുന്നതിനുമുമ്പ് തന്നെ അങ്ങനെയൊരു ബഹുസ്വരതയുടെ സവിശേഷ സംസ്കാരം ഇവിടെ ഉടലെടുത്തിരുന്നു. അവാദ് വംശത്തിലെ അവസാന രാജാവായ വാജിദ്-അലി-ഷായുടെ (Wajid-Ali-Shah) ഭരണകാലത്തു നടന്ന വളരെ പ്രശസ്തമായ ഒരു സംഭവമുണ്ട്. ഒരിക്കൽ മുഹറത്തിന്റെ പത്താം ദിവസമായ ആഷുറ, ഹിന്ദു ഉത്സവമായ ഹോളിയുടെ അതേ ദിവസമായിരുന്നു. ഹോളി ദിനമായിട്ടും തന്റെ പ്രജകൾ തെരുവുകളിൽ നിറങ്ങൾ വിതറിക്കൊണ്ട് ആഘോഷിക്കുന്നില്ലെന്നു പുലർച്ചെ എഴുന്നേറ്റപ്പോൾ തന്നെ രാജാവിന് മനസ്സിലായി. തങ്ങളുടെ മുസ്ലിം രാജാവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, ആഷുറ ഒരു വിലാപ ദിനമായതിനാൽ അന്നേദിവസം ഹോളി ആഘോഷിക്കേണ്ടെന്ന് ആളുകൾ തീരുമാനിച്ചതായി ആരാണ് പറഞ്ഞതെന്ന് അദ്ദേഹം സെക്രട്ടറിയോട് ചോദിച്ചു. ഹിന്ദുക്കളുടെ ഈ ഐക്യദാർഢ്യം തിരിച്ചറിഞ്ഞ രാജാവ് തന്നെ ആദ്യം ഹോളിയുടെ ആഘോഷത്തിന്റ ഭാഗമായ നിറങ്ങൾ എറിഞ്ഞുകൊണ്ട് ആഘോഷത്തിന് തുടക്കം കുറിച്ചു. അങ്ങനെ ഹിന്ദുക്കൾ രാവിലെ ഹോളി ആഘോഷിക്കുകയും വൈകുന്നേരം വിലാപത്തിലും മറ്റ് മുഹറം ആചാരങ്ങളിലും രാജാവിനൊപ്പം പങ്കുചേരുകയും ചെയ്തു.
പ്രവാചകന്റെ ചെറുമകനായ ഇമാം ഹുസൈനോടും സ്‌നേഹത്തിന്റെയും ആദരവിന്റെയും ദുഖത്തിന്റെയും സമാനമായ വൈകാരികത ലഖ്‌നൗവിലെ ജനങ്ങൾക്കുണ്ട്. സാധാരണയായി ഷിയ മുസ്ലിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന നിരവധി “ഇമാംബരകൾ” അല്ലെങ്കിൽ അസംബ്ലി ഹാളുകളുമായി ലഖ്‌നൗവിലെ ഹിന്ദുക്കൾക്കു ബന്ധമുണ്ട്. പഴയ നഗര പ്രദേശത്തെ “കിഷ്ണു ഖലീഫയുടെ ഇമാംബര” അത്തരത്തിലുള്ളതാണ്. 1880-ൽ നിർമ്മിച്ച ഒരു അസ്സംബ്ലി ഹാൾ മുസ്ലിം മത വിശ്വാസികളുടെകൂടെ ഹിന്ദു ഭക്തർ മുഹറം ആചരിക്കുന്നത്തിനു പ്രശസ്തമാണ്. അതുപോലെ അവാധിലെ ഷിയാ നവാബുകളുടെ ആസ്ഥാനമായ ലഖ്‌നൗവിൽ, രാജാ ടികൈത് റായ്, രാജാ ബിലാസ് റായി തുടങ്ങിയ ഹിന്ദു പ്രഭുക്കന്മാർ കർബല യുദ്ധത്തെ പ്രതിനിധീകരിക്കുന്ന പതാക സ്ഥാപിക്കാനായി അസംബ്ലി ഹാളുകൾ നിർമ്മിച്ചിട്ടുണ്ട്. ഇതും മുസ്ലിം ഹിന്ദു ഐക്യത്തിന്റെ മറ്റൊരു കഥ പറയുന്നു.
ഇനി ഞാൻ തികച്ചും വ്യത്യസ്തമായ മറ്റൊരു അനുഭവം പറയാം. 1970-കളിൽ പടിഞ്ഞാറൻ ഡൽഹിയിലെ ചേരിപ്രദേശമായ നംഗ്ലോയിൽ (Nangloi) ദസറയും ഈദും ഒരേ ദിവസം വന്നപ്പോൾ ആഘോഷങ്ങൾക്കായി സ്ത്രീകളെ സംഘടിപ്പിക്കാൻ ഞാൻ മുൻകൈ എടുത്തിരുന്നു. അന്ന് മുസ്ലിങ്ങൾ നമസ്‌കരിക്കുമ്പോൾ അവരെ സംരക്ഷിക്കാൻ പൊലീസിനെ വിന്യസിക്കുമെന്ന് ഭരണകൂടം അറിയിക്കുകയുണ്ടായി. ഇതാണ് ആധുനിക ഇന്ത്യയുടെ അവസ്ഥ. എന്നാൽ ഞങ്ങളുടെ വനിതാ സംഘടന, എന്റെ മൂത്ത സഹോദരിയായ ഷാജഹാൻ ബീഗത്തിന്റെ നേതൃത്വത്തിൽ പള്ളിക്ക് സംരക്ഷണം തീർക്കാൻ തീരുമാനിച്ചു. കൂടാതെ ഹിന്ദുക്കളുടെ രാം ലീലയ്ക്ക് ആവശ്യമുള്ള പണം തങ്ങൾ നൽകുമെന്ന് പ്രദേശത്ത് താമസിക്കുന്ന മുസ്ലീങ്ങൾ പറയുകയുമുണ്ടായി.
ഹരിയാനയിലെ കർണാലിൽ, ദസറ ആഘോഷങ്ങൾക്കുള്ള രാവണൻ, മേഘനാഥൻ, കുംഭകർണ്ണൻ എന്നിവരുടെ പ്രതിമകൾ മുസ്ലീം കരകൗശല വിദഗ്ധരാണ് നിർമ്മിക്കുന്നത്. കൃഷ്ണന്റെ ജന്മ ദേശമായ മഥുരയിൽ മുസ്ലീങ്ങൾ കൃഷ്ണന് വേണ്ടി നേർത്ത വസ്ത്രങ്ങൾ ഉണ്ടാക്കുന്ന പതിവുണ്ട്. ഇതൊന്നും വെറുപ്പിന്റെ രാഷ്ട്രീയം അത്രമേൽ സ്വാധീനം ചെലുത്തുന്ന നമ്മുടെ വർത്തമാന ഇന്ത്യയിലെ പുതുതലമുറയ്ക്ക് വിശ്വസിക്കാൻ പറ്റണമെന്നില്ല. അതിനെ സാധൂകരിക്കുന്നതാണ് ഇനി ഞാൻ പറയുന്ന മറ്റൊരു യാഥാർഥ്യം. ഉത്തർപ്രദേശിലെ മഥുരയിലെ കൃഷ്ണ ജന്മഭൂമിയും ഔറംഗസേബ് നിർമ്മിച്ച ഷാഹി ഈദ്ഗാ മസ്ജിദും അടുത്തടുത്തായി ആണ് സ്ഥിതിചെയ്യുന്നത്. ഒരുകാലത്ത് മത സൗഹാർദ്ദം നിലനിന്ന ഇവിടെ ഇപ്പോൾ മസ്ജിദ് പൊളിക്കാൻ കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
ഇനി ഞാൻ എന്റെ വേറൊരു വ്യക്തിപരമായ അനുഭവം പങ്കുവയ്ക്കാം. ഇന്ത്യൻ നയതന്ത്രജ്ഞനായ എന്റെ അച്ഛൻ ലണ്ടനിൽ ജോലിചെയ്യുമ്പോൾ ഒരു സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന എനിക്ക് ബ്രിട്ടീഷുകാർ മോഷ്ടിച്ചതും അവരുടെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചതുമായ കോഹിനൂർ വജ്രവും മറ്റ് നിധികളും കാണാനുള്ള ഒരു അവസരം ലഭിച്ചു. ടിപ്പുവിന്റെ കടുവയായിരുന്നു എന്റെ ശ്രദ്ധയാകർഷിച്ച ഒരു പ്രദർശന വസ്തു. അതിനെപ്പറ്റി മ്യൂസിയത്തിലെ വിവരണം ഇതാണ്: “1782 മുതൽ 1799 വരെ ദക്ഷിണേന്ത്യയിലെ മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന് വേണ്ടിയാണ് ‘ടിപ്പുവിന്റെ കടുവ’ നിർമ്മിച്ചത്. വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിലെ ഏറ്റവും പ്രശസ്തവും എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നതുമായ പ്രദർശന വസ്തുക്കളിൽ ഒന്നാണിത്. തടികൊണ്ട് ഭാഗികമായി ചലിക്കുന്ന രൂപത്തിൽ നിർമ്മിച്ച കടുവയ്ക്ക് ഏതാണ്ട് യഥാർത്ഥ വലുപ്പം തന്നെയുണ്ട്. തന്റെ അടിയിൽ കിടക്കുന്ന ഒരു യൂറോപ്യൻ പടയാളിയെ കീറിമുറിക്കുകയാണ് കടുവ. കടുവയുടെ ശരീരത്തിനകത്ത് ഹാൻഡിൽ തിരിച്ച് പ്രവർത്തിപ്പിക്കാവുന്ന ഒരു സംവിധാനമുണ്ടായിരുന്നു. ഇത് ഒരേസമയം പടയാളിയുടെ കൈ മുകളിലേക്കും താഴേക്കും ഉയർത്തുകയും ഒരു മനുഷ്യന്റെ മരണ സമയത്തുള്ള ഞരക്കങ്ങൾ അനുകരിച്ചുകൊണ്ടുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.”
പിന്നീട് ‘ടിപ്പു സുൽത്താന്റെ സ്വപ്നങ്ങൾ’ എന്ന പുസ്തകം ഞാൻ വായിക്കാനിടയായി. അതിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു:
“കൊട്ടാര ചരിത്രകാരന്മാർ ടിപ്പു സുൽത്താന്റെ സ്വഭാവത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെയും സാഹിത്യ പരിജ്ഞാനത്തെയും വാഴ്ത്തി. അതേസമയം പേർഷ്യൻ ഭാഷയിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തിന് അർഹിക്കുന്ന പരിഗണ നൽകിയില്ല. കൊട്ടാര ചരിത്രകാരന്മാരുടെ വീക്ഷണങ്ങളെ അവഗണിച്ചുകൊണ്ട് ബ്രിട്ടീഷ് ചരിത്രകാരന്മാർ അദ്ദേഹത്തിന്റെ സ്വഭാവത്തെ അപകീർത്തിപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ വൈജ്ഞാനിക രംഗത്തെ മികവിനെ അവർ അംഗീകരിക്കുന്നുണ്ട്. ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന 37 സ്വപ്നങ്ങളിൽ മിക്കവയും ബ്രിട്ടീഷുകാർക്കും അവരുടെ സഖ്യകക്ഷികൾക്കുമെതിരായ യുദ്ധങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ സ്വപ്നങ്ങളിലുടനീളമുള്ള ഏറ്റവും പ്രസക്തമായ ഭാഗങ്ങൾ ടിപ്പു സുൽത്താന്റെ മനസ്സിൽ തന്റെ രാജ്യത്തെ വിദേശശക്തികളിൽ നിന്ന് എങ്ങനെ മോചിപ്പിക്കാം എന്നതുമായി ബന്ധപ്പെട്ടതാണ്. ഒരു മനഃശാസ്ത്ര വിദഗ്ധൻ അതിനെക്കുറിച്ചു എന്തുതന്നെ പറഞ്ഞാലും, ടിപ്പു സുൽത്താൻ തന്നെ ഈ സ്വപ്നങ്ങളെ എങ്ങനെ വ്യാഖ്യാനിച്ചുവെന്നും അവ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്നും കണ്ടെത്തുന്നത് ഒരു ചരിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അദ്ദേഹം ഉറങ്ങുന്ന സമയവും ഉണർന്നിരിക്കുന്ന മണിക്കൂറുകൾ പോലെ തന്നെ സ്വാതന്ത്ര്യത്തിനായി നീക്കിവച്ചിരുന്നുവെന്ന് ഈ രജിസ്റ്ററിന്റെ പരിശോധനയിൽ നിന്ന് വ്യക്തമാകും.”
ടിപ്പു സുൽത്താനാണ് എന്റെ ഹീറോ. ടിപ്പുവിന്റെ കടുവയെ തിരിച്ചുപിടിക്കാൻ ബ്രിട്ടീഷ് കോടതിയിൽ കേസ് കൊടുക്കാൻ ഞാൻ ആലോചിച്ചിരുന്നു. 2015ൽ ടിപ്പു സുൽത്താന്റെ ജന്മദിനത്തിൽ ജ്ഞാനപീഠ ജേതാവും നാടകകൃത്തുമായ ഗിരീഷ് കർണാട് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മൈസൂരിലെ ടിപ്പു സുൽത്താൻ എന്ന ഭരണാധികാരിയുടെ പേരിൽ പുനർനാമകരണം ചെയ്യണമെന്ന് കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. “ടിപ്പു സുൽത്താൻ ഒരു ഹിന്ദുവായിരുന്നെങ്കിൽ, മഹാരാഷ്ട്രയിൽ ശിവാജിക്കു ലഭിച്ച അതേ പദവി അദ്ദേഹത്തിന് ലഭിക്കുമായിരുന്നു.” മഹാരാഷ്ട്രയിൽ ആദരിക്കപ്പെടുന്ന മറാത്ത രാജാവായ ശിവാജിയെ പരാമർശിച്ച് ഗിരീഷ് കർണാട് അന്ന് പറഞ്ഞിരുന്നു.
ഭരണകൂടം ഈ വിവേചനം തുടരട്ടെ. എന്നാൽ ടിപ്പു സുൽത്താനും ശിവജിക്കും ഇടയിൽ നിന്നും എന്തിന് ഒരാളെ മാത്രം ഞാൻ തെരഞ്ഞെടുക്കണം? ഇരുവരും കൊളോണിയലിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ നമ്മുടെ രാജ്യത്തിന്റെ ധീര പുത്രന്മാരാണ്. ഞാൻ ആ രണ്ടുപേരിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കാൻ തയ്യാറല്ല, കാരണം രണ്ടുപേരും എന്റെ നായകന്മാരാണ്.
സാംസ്കാരിക പാരമ്പര്യത്തിൽ മാത്രമല്ല, ഭാഷയുടെ കാര്യത്തിലും വിഭാഗീയത സൃഷ്ടിക്കാൻ നമ്മുടെ രാജ്യത്തെ ചില ശക്തികൾ ശ്രമിക്കുകയാണ്. ഹിന്ദി ഹിന്ദുക്കളുടേതാണെന്നും ഉറുദു ‘മുസ്ലിം’ ഭാഷയാണെന്നും അവർ എന്നോട് പറയുന്നു. പക്ഷെ എന്റെ മുത്തച്ഛനും കശ്മീരി പണ്ഡിറ്റും ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ഒരു കടയുടെ ഉടമയുമായ ആർ.എൻ ഹക്സർ ആ ധാരണ വെറും അസംബന്ധം ആണെന്നു പറയുന്നു. ഞാൻ അദ്ദേഹത്തെ സന്ദർശിക്കുമ്പോൾ ഒക്കെ, അദ്ദേഹം ഉറുദുവിലോ പേർഷ്യൻ ഭാഷയിലോ ഉള്ള പദ്യങ്ങൾ വായിക്കുന്നത് കാണുമായിരുന്നു. വാക്കുകളുടെ അർത്ഥത്തിന്റെ സൂക്ഷമതലങ്ങളെക്കുറിച്ചും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും കവികളുമായും എഴുത്തുകാരുമായും അദ്ദേഹം നടത്തിയ സംവാദങ്ങൾ ഞാൻ ശ്രദ്ധിക്കുമായിരുന്നു. അക്കാലത്തെ കാശ്മീരി പണ്ഡിറ്റുകളെപ്പോലെ എന്റെ മുത്തച്ഛനും ഉറുദുവും പേർഷ്യനും വായിക്കാൻ അറിയാമായിരുന്നു. എന്നാൽ ഹിന്ദി എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. സ്ത്രീകളാകട്ടെ ഹിന്ദിയും സംസ്കൃതവും പഠിച്ചു.
ഞങ്ങളിൽ മിക്കവർക്കും നന്ദൂ ഭായ് ആയിരുന്ന ആനന്ദ് നരേൻ മുല്ല എന്ന എന്റെ വലിയമ്മാവൻ അറിയപ്പെടുന്ന ഒരു കവിയായിരുന്നു. അദ്ദേഹം ഉറുദു കവിതകൾ ചൊല്ലുമ്പോൾ ലഖ്‌നൗവിലെ കോഫി ഹൗസിൽ ആളുകൾ നിറഞ്ഞു കവിയുമായിരുന്നു. ഉറുദു മുസ്ലീങ്ങൾക്ക് മാത്രമുള്ളതാണെന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ താൻ മതം മാറുമെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. എങ്ങനെയാണ് ഉറുദു മുസ്ലീമായതും ഹിന്ദി ഹിന്ദുവായതും?
ഇനി ഞാൻ എന്റെ വേറൊരു അനുഭവം പങ്കുവയ്ക്കാം. ഞാൻ ഒരിക്കൽ മണിപ്പൂരിൽ, മണിപ്പൂർ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ കോമ്പൗണ്ടിൽ താമസിക്കുകയായിരുന്നു. നാഗാ വംശത്തിൽപ്പെട്ട ഒരു സുവിശേഷ പ്രസംഗകനും എന്റെ കൂടെയുണ്ടായിരുന്നു. എനിക്ക് വല്ലാതെ ഏകാന്തത അനുഭവപ്പെട്ടു. അവിടെ എന്നെ ഒരു അന്യ സ്ത്രീയായി പരിഗണിച്ചത് ഈ ഒറ്റപ്പെടലിന്റെ ആഴം വർധിപ്പിച്ചു. അപ്പോൾ അന്നത്തെ ഡെപ്യൂട്ടി കമ്മീഷണറുടെ യുവതിയായ പഞ്ചാബി ഹിന്ദു ഭാര്യ എന്നെ കാണാൻ വന്നു. അവൾക്കും സമാനമായ അനുഭവങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. അവൾ എന്റെ മുറിയിൽ വന്ന് ചോദിച്ചു: “ഇന്ന് ഈദ് ആണെന്ന് അറിയാമോ?” ഞാൻ പറഞ്ഞു: “ഓ, എനിക്കറിയില്ലായിരുന്നു. നാം എന്തു ചെയ്യണം?”ഈദ് ആഘോഷിക്കാൻ കുറച്ച് പായസം ഉണ്ടാക്കാമെന്ന് അവൾ പറയുകയും ഞങ്ങൾ ഉണ്ടാക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഞങ്ങൾ ഒരു മുസ്ലീം ഉത്സവം ഒരുമിച്ച് ആഘോഷിക്കുന്നതെന്ന് ഞങ്ങളുടെ നാഗ സുഹൃത്തുക്കൾക്ക് മനസ്സിലായില്ല.
ഞാൻ ദൂരദർശനിൽ മഹാഭാരതം കാണാറുള്ള സമയമായിരുന്നു അത്. ഉറുദു-ഹിന്ദി കവി റാഹി മസൂം റാസയാണ് (Rahi Masoom Raza) അതിന്റെ തിരക്കഥ എഴുതിയത്. എല്ലാ ഞായറാഴ്ചകളിലും ഇന്ത്യയിലെ മുഴുവൻ ടെലിവിഷൻ പ്രേക്ഷകരെയും പിടിച്ചിരുത്തുന്ന സംഭാഷണങ്ങളും തിരക്കഥയും ആണ് അദ്ദേഹം എഴുതിയത്. അതിന്റെ സംവിധായകൻ ബി.ആർ ചോപ്ര റാസയോട് തിരക്കഥയെഴുതാൻ ആവശ്യപ്പെട്ടപ്പോൾ, എന്തിനാണ് ഒരു മുസ്ലീമിനെ സമീപിച്ചതെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് കത്തുകൾ ലഭിച്ചിരുന്നു. സ്‌ക്രിപ്റ്റ് എഴുതാൻ റാസയെ പ്രേരിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ചോപ്ര കത്തുകൾ അയച്ചത്. എന്നാൽ തിരക്കഥ എഴുതി തീരാൻ സമയമെടുക്കുമെന്നതിനാൽ അദ്ദേഹം അത് ആദ്യം നിരസിക്കുകയായിരുന്നു. പിന്നീട് ആ ദൗത്യം ഏറ്റെടുത്തതിനെപ്പറ്റി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും എന്നെക്കാൾ നന്നായി അറിയുന്ന ഗംഗയുടെ മകനാണ് ഞാൻ.” (I am the son of Ganga, who knows the civilization and culture of India better than me).
2019 ഡിസംബർ മുതൽ 2020 ഫെബ്രുവരി വരെ നടന്ന പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ ദേശീയ പ്രതിഷേധത്തിനിടെ നിരവധി പ്രതിഷേധ ഗാനങ്ങൾ ഞാൻ കേൾക്കാനിടയായി. അതിൽ എന്നെ ഹൃദയത്തിൽ സ്പർശിച്ചത് യുവ കവി ആമിർ അസീസ് എഴുതിയതാണ്:
ഞാൻ ആദമിന്റെയും ഹവ്വയുടെയും കുഞ്ഞാണ്
എന്റെ ജന്മഭൂമി ഇന്ത്യയാണ്
മുഹമ്മദ് എന്റെ പ്രവാചകനാണ്
അല്ലാഹുവാണ് എന്റെ ദൈവം
അംബേദ്കർ എന്റെ ഗുരുവാണ്
ബുദ്ധൻ എന്റെ തുടക്കം
നാനാക് എന്റെ ഗുരുവും
ആകാശമാണ് എന്റെ വിശ്വാസം
സ്നേഹമാണ് എന്റെ വിശ്വാസപ്രമാണം
ഞാനും ഈ വ്യത്യസ്‌ത ചരിത്രങ്ങളുടെയും ആത്മീയതയുടെയും ഒരു സൃഷ്ടിയാണ്. ഞാൻ ഭക്തിയുടെയും സൂഫി സന്യാസിമാരുടെയും സോഷ്യലിസ്റ്റ്, ഫെമിനിസ്റ്റ് മൂല്യങ്ങളുടെ ഒരു ഉൽപ്പന്നമാണ്. സാംസ്കാരികമായി എന്റെ വേരുകൾ ഹിന്ദുമതത്തിലും ഇസ്ലാമിലുമാണ്. എന്നാൽ അതൊക്കെ ക്രിസ്തുമത മൂല്യങ്ങളാലും ബുദ്ധമത ആശയങ്ങളാലും പരിപോഷിപ്പിക്കപ്പെട്ടവയാണ്. അതിന്റെ ഒരു ഭാഗവും എന്റെ ജീവിതത്തിൽ നിന്നും ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല. ഇത് എന്റെ പൈതൃകമാണ്, ഈ ആശയങ്ങളും ആദർശങ്ങളും മൂല്യങ്ങളും തത്വങ്ങളും എല്ലാം കൂടിച്ചേർന്ന് ആണ് എന്നെ ഒരു ഇന്ത്യക്കാരിയാക്കിയത്. ഈ രാജ്യത്ത് നിലനിൽക്കുന്ന സംസ്കാരത്തിന്റെയും ആത്മീയ യാത്രയുടെയും ഭാഗമായ നിരീശ്വരവാദത്തിൽ നിന്നും, മനുഷ്യർക്ക് അവരുടെ അനുഭവങ്ങൾക്കപ്പുറം യാതൊന്നും അറിയാൻ കഴിയില്ല എന്ന സിദ്ധാന്തത്തിൽ നിന്നും (agnostic belief systems) ഒരുപോലെ ഞാൻ പ്രചോദനം ഉൾക്കൊള്ളുന്നു.
ഒരിക്കൽ ഞാൻ ഹൈദരാബാദിൽ ഇസ്ലാമോഫോബിയയെക്കുറിച്ച് ഒരു പ്രഭാഷണം നടത്തുകയായിരുന്നു. ‘മുസ്ലിങ്ങൾ വരുന്നു’ (Muslims are coming) എന്നായിരുന്നു ഞാൻ എന്റെ പ്രഭാഷണത്തിനു പേരിട്ടിരുന്നത്. പ്രഭാഷണത്തിനൊടുവിൽ രണ്ട് മുസ്ലീം വിദ്യാർത്ഥികൾ എന്റെ അടുത്ത് വന്ന് ചോദിച്ചു: “മാഡം, മതത്തെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?” വ്യക്തിപരമായി പറഞ്ഞാൽ, എല്ലാ ക്ഷേത്രങ്ങളും മസ്ജിദുകളും ഗുരുദ്വാരകളും മതസ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സ്ഥാപനവൽക്കരിക്കപ്പെട്ട മതമാണ് പല പ്രശ്‌നങ്ങൾക്കും കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു സ്ത്രീ എന്ന നിലയിൽ, എല്ലാ മതങ്ങളും സ്ത്രീകളെ അടിച്ചമർത്തൽ എന്ന പ്രക്രിയ സ്ഥാപനവത്കരിക്കുന്നതിൽ പങ്കാളികളാണെന്നു ഞാൻ കരുതുന്നതായും അവരോട് പറഞ്ഞു. അതിനുശേഷം ഞാൻ ആ രണ്ട് വിദ്യാർത്ഥികളെ നോക്കി. അവർ നിശ്ശബ്ദരായിരുന്നു, ഞാൻ അവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയോ എന്ന് അപ്പോൾ ആശങ്കപ്പെട്ടു. തുടർന്ന് അവരിൽ ഒരാൾ പറഞ്ഞു: “നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.”
ഞാൻ എന്റെ ഹൃദയത്തിൽ ഈദ് ആഘോഷിക്കും. ഈദിന്റെ ചൈതന്യം ഇന്ത്യക്കാരായ നമ്മളെയെല്ലാം സ്പർശിക്കുകയും കൂടുതൽ ഒരുമിപ്പിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്തായാലും, നമുക്ക് ചുറ്റുമുള്ള വിദ്വേഷവും നാം എന്നും കടന്നുപോകുന്ന പേടിസ്വപ്നങ്ങളും സംശയത്തിന്റെ അസ്വസ്ഥമായ അന്തരീക്ഷവും ഇല്ലാതാകട്ടെ. ഈ ചിന്തകളോടെ എന്റെ പ്രിയ വായനക്കാർക്ക് ഹൃദയപൂർവ്വം ഈദ് മുബാറക് ആശംസിക്കുന്നു. നിങ്ങൾക്ക് എല്ലാവർക്കും സമാധാനവും.
പരിഭാഷ: എ.കെ ഷിബുരാജ്, കടപ്പാട്: scroll.in