

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


Corruption and hypocrisy ought not to be inevitable products of democracy, as they undoubtedly are today. – Mahathma Gandhi.
കൂറ്റൻ പന്തലുകളും എയർകണ്ടീഷൻഡ് ഹാളുകളും എൽഇഡി സ്ക്രീനുകളും സാംസ്കാരിക വേദികളും ഡിജിറ്റൽ പ്രദർശനങ്ങളും സെമിനാർ ശാലകളുമായി പ്രസിദ്ധമായ പമ്പാനദിക്കരയിൽ കേരള സർക്കാരിന്റെ—മാർക്സിസ്റ്റ് പാർട്ടിയുടെ—അയ്യപ്പ സംഗമം ദേശീയ, അന്തർദേശീയ പ്രതിനിധികളുമായി 2025 സെപ്റ്റംബർ 20ന് ആഘോഷിക്കപ്പെടുകയാണ്. ഒരുകാലത്ത് കേരളീയ നവോത്ഥാനത്തിന്റെ തുടർച്ചയാണ് തങ്ങളെന്ന് അവകാശപ്പെട്ടിരുന്ന പാർട്ടി യാതൊരു തരത്തിലുള്ള മൂല്യവുമില്ലാത്ത ഒരു തസ്കര സംഘമാണിന്ന്. കേരളത്തിലെ ചൂഷണ വിദഗ്ധരായ മുതലാളിമാരും വർഗീയവാദികളും ജാതിക്കോമരങ്ങളും അഴിമതിക്കാരും കഴിവുകെട്ട ഉദ്യോഗസ്ഥരും ധാർമ്മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത എഴുത്തുകാരും സാംസ്കാരിക ശൂന്യരും മാഫിയാ സംഘങ്ങളും തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ചേക്കേറുന്ന ഒരു കൂറ്റൻ ദിനോസറായി മാർക്സിസ്റ്റ് പാർട്ടിയെ വിശേഷിപ്പിക്കാം. സ്വാമി വിവേകാനന്ദൻ കേരളത്തെ ഒരു ഭ്രാന്താലയമായി വിശേഷിപ്പിച്ചിട്ടുണ്ട്. ഇന്ന് കേരളത്തെ വിശേഷിപ്പിക്കാവുന്നത് ഒരു ക്രിമിനാലയം എന്നാണ്. പൊലീസ് സ്റ്റേഷനുകൾ, കോളേജുകൾ, ആശുപത്രികൾ, തെരുവുകൾ, ഭരണസിരാകേന്ദ്രങ്ങൾ, ആറും ഏഴും നിലകളുള്ള പാർട്ടി ഓഫീസുകൾ ഇവിടങ്ങളെല്ലാം ക്രിമിനലുകളുടെ താവളങ്ങൾ ആണ്. ഏതുതരത്തിലുള്ള കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും തെമ്മാടിത്തരങ്ങളും ഭൂമികയ്യേറ്റങ്ങളും നടത്താം. പാർട്ടി ക്രിമിനലുകൾക്ക് പങ്കോ, കമ്മീഷനോ കൊടുക്കണമെന്നേയുള്ളൂ. അതുകൊണ്ടുതന്നെ പാർട്ടിക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ആസ്തിയുണ്ട്, ക്രിസ്തീയ സഭയേക്കാൾ എത്രയോ കൂടുതൽ. അതിനാൽ പാർട്ടിയിലുള്ളവർ ആരും എന്തെങ്കിലും മൂല്യത്തിന്റെ പേരിൽ പുറത്തുപോകില്ല. അങ്ങനെ ആരെങ്കിലും പോയാൽ അവരുടെ ഗതി ടി.പി ചന്ദ്രശേഖരന്റേതായിരിക്കും.


ഗാന്ധിയൻ ദർശനത്തിൽ ഊന്നിനിന്നുകൊണ്ട് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി എഴുതിക്കൊണ്ടിരിക്കുന്ന ഞാൻ എന്തുകൊണ്ട് പാർട്ടിയെ ഇത്രയും കടുത്ത വാക്കുകളാൽ വിശേഷിപ്പിക്കുന്നു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. Cowardice ആണ് ഭീകരമായ ‘തത്വശാസ്ത്രം’. ഇപ്പോഴത്തെ മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാടിനെ (തത്വശാസ്ത്രമല്ല) cowardice എന്നാണ് വിലയിരുത്തേണ്ടത്. ഒരു cowardന് ഒരിക്കലും നോൺ വയലൻസ് സാധ്യമല്ല. മൂല്യബോധമുള്ള വയലൻസിന് അതിന് സാധിച്ചെന്നിരിക്കും. അയ്യപ്പസംഗമം എന്ന പേരിൽ പാർട്ടി നടത്താൻ പോകുന്നത് ഒരു cowardice ആക്ട് ആണ്.
ഹിന്ദുത്വയുടെ ഉപജ്ഞാതാവായ വി.ഡി സവർക്കർ വില്ലുകുലയ്ക്കുന്ന ഒരു രാമനെ അദ്വാനി യിലേക്കും തുടർന്ന് ഗുജറാത്തിന്റെ ഓരോ ധമനികളിലേക്കും വർഗീയ വിഷമായി പകർന്നുകൊടുത്ത് ബിജെപി – ആർഎസ്എസ് എന്നിവയിലൂടെ കൊടുംവിഷമായി അയോധ്യയിൽ പ്രാണപ്രതിഷ്ഠയിലെത്തിയത്, അതോടെയാണ് ഇന്ത്യയുടെ പരമാധികാരം സാധ്യമായതെന്ന് നേതാക്കളിലൂടെ ആഹ്വാനിച്ചത്, ഒരു cowardice act ആണ്. കാരണം അവർക്കാർക്കും തന്നെ രാമനെന്ന ‘ദൈവീക’ ധാതുവിനോട് യാതൊരു തരത്തിലുള്ള ഭക്തിയും ഇല്ല, ആദരവും ഇല്ല.
അവർക്ക് രാമൻ വോട്ട് നേടാനുള്ള ഒരു കൃത്രിമ ഉപകരണവും ഇന്ത്യൻ ജനതയോടുള്ള ജനാധിപത്യത്തോടുള്ള ചതിയും വഞ്ചനയും നുണയുമാണ്. മതം വോട്ട് നേടാനുള്ള ഉപകരണം. അവർ പതിറ്റാണ്ടുകളായി മതത്തെ തങ്ങളുടെ മൂല്യരഹിതമായ cowardice രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നത് ഹിന്ദുത്വയെ (ഹിന്ദു മതത്തെയല്ല) മുൻനിർത്തിയുള്ള ഹിന്ദുരാഷ്ട്ര നിർമ്മിതിക്കാണ്. മൂല്യം കയ്യൊഴിയപ്പെട്ട, ധർമ്മം ചോർത്തിക്കളഞ്ഞ രാഷ്ട്രീയം ഭീരുത്വത്തിന്റേതാണ്.


അയ്യപ്പ സംഗമത്തിന് വേദിയൊരുക്കുന്ന മാർക്സിസ്റ്റ് പാർട്ടിക്ക് മൂല്യം ചോർത്തിക്കളഞ്ഞ മതത്തിന്റെ പേര് പോലും പറയാനില്ല, അത്രയ്ക്കും നീചം. അയ്യപ്പസംഗമത്തെ ഒരു ‘സാംസ്കാരിക പ്രവർത്തന’മായിട്ടാണത്രെ പാർട്ടി കാണുന്നത്. ഹിന്ദുക്കളുടെ വോട്ടുകൾ കുറച്ചെങ്കിലും കൂടുതൽ കിട്ടാനുള്ള ഒരു അടവുനയമാണ് ഈ മഹദ് സംഗമം എന്ന് പറയാനുള്ള ധൈര്യം പോലും അവർക്കില്ല. ഭീരുത്വത്തേക്കാൾ ഭീരുത്തം നിറഞ്ഞത്. വെറും നാട്യങ്ങൾ പെരുപ്പിക്കുന്ന ‘സാംസ്കാരിക’ കോപ്രായം.
1990ൽ അന്നത്തെ ദേവസ്വം കമ്മീഷണറുടെ പൗത്രിയുടെ ചോറൂണിന്റെ തുടർച്ചയായിട്ടാണ് എസ് മഹേന്ദ്രൻ VS സെക്രട്ടറി, തിരുവിതാംകൂർ കേസിൽ 1991ൽ ജസ്റ്റിസുമാരായ പരിപൂർണ്ണനും ബാലനാരായണൻ മാരാരും ശബരിമലയിൽ യുവതി പ്രവേശനം നിഷേധിച്ചത്. 2006 ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ വനിതകൾ (അതിൽ സംഘപരിവാർ അംഗങ്ങളും ഉണ്ടായിരുന്നതായാണ് അറിവ്) ഹൈക്കോടതി വിധിയിലെ നിരോധനം നീക്കാൻ സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുകയുണ്ടായി. തുടർന്ന് 2018 സെപ്റ്റംബർ 28 ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കറും ആർ.എഫ് നരിമാനും ഡി.വൈ ചന്ദ്രചൂഡും ശബരിമലയിൽ യുവതീപ്രവേശനം സ്ത്രീകളുടെ അവകാശമാണെന്ന് വിധിച്ചു. ഒരേയൊരു വനിതയായ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് വിധിക്കെതിരെ വിയോജനകുറിപ്പ് എഴുതിയത്. ഇന്ത്യൻ ചരിത്രത്തിലെ നിർണ്ണായക വിധിയായിരുന്നു ഇത്. 10-50 വയസ്സിന് ഇടയിലുള്ള സ്ത്രീകളെ, മാസമുറ എന്ന ജൈവീകമായ ശാരീരിക പ്രക്രിയയുടെ പേരിൽ അവിശുദ്ധരാക്കി നൂറ്റാണ്ടുകളോളം അവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ നിഷേധിച്ച ആൺകോയ്മയ്ക്കെതിരായ ധീരമായ വിധിയായിരുന്നു അത്.
ശ്രദ്ധിക്കേണ്ട ഒരു വസ്തുത ചീഫ് ജസ്റ്റിസ് ദീപക് മിശ്ര 2018 ഒക്ടോബർ ഒന്നിന് റിട്ടയർ ചെയ്യുന്നതിന് മുൻപായി ലിംഗസമത്വവുമായി ബന്ധപ്പെട്ട മറ്റ് രണ്ട് സുപ്രധാന വിധികൾ പുറപ്പെടുവിച്ചിരുന്നു. Lesbian, Gay, Bisexual, Transgender, Queer (LGBTQ) എന്നിവരുടെ ലൈംഗിക സ്വാതന്ത്ര്യം നിയമവിധേയമാക്കിയത് ഒന്നാമത്തേത്. വിവാഹേതര ബന്ധങ്ങൾക്ക് (adultery) നിയമപരിരക്ഷ നൽകുന്നതാണ് രണ്ടാമത്തേത്.
ഈ മൂന്ന് വിധികളും സംഘപരിവാറിന്റെ ആൺകോയ്മയ്ക്ക് കനത്ത തിരിച്ചടികളാണ്. ഹിന്ദുത്വയുടെ സ്ഥാപകനായ വി.ഡി സവർക്കർ തികച്ചും സ്ത്രീവിരുദ്ധനായ ഒരു നേതാവായിരുന്നു. പൊതുവിൽ സംഘപരിവാർ ആൺകോയ്മ ആഘോഷിക്കുകയും സ്ത്രൈണതയെ നിഷേധിക്കുന്നവരുമാണ്. ഹിന്ദുത്വയുടെ രാമൻ പൗരുഷ രാമനാണ്, ഗാന്ധിയുടെ സ്ത്രൈണ രാമനല്ല. ഗാന്ധിയെ വധിക്കാൻ നാഥുറാം ഗോഡ്സെ രാഷ്ട്രീയമായ ഒരു കാരണം പറഞ്ഞത്, ഗാന്ധി ഇന്ത്യയെ emasculate ചെയ്തു എന്നാണ്. ഇത് അയാൾ കോടതിയിൽ പ്രസ്താവിച്ചതാണ്. ഗോഡ്സെയുടെ മെന്ററായ സവർക്കറും ഗാന്ധിയെ പരിഹസിക്കുന്നത് ഇന്ത്യയുടെ പൗരുഷം ചോർത്തിക്കളഞ്ഞവനെന്നാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ 1999ൽ അനുകൂല നിലപാട് എടുത്ത ഒ രാജഗോപാലും പാർട്ടി സെക്രട്ടറി കെ സുരേന്ദ്രനും ആർഎസ്എസും ആദ്യ ദിവസങ്ങളിൽ കോടതിവിധിയെ സ്വാഗതം ചെയ്തത്, വരും ദിവസങ്ങളിൽ അവയെല്ലാം തള്ളിക്കളഞ്ഞ് കോടതി വിധിയെ എതിർത്ത് സ്ത്രീകളെ തെരുവിലിറക്കിയത്, സംഘപരിവാറിന്റെ ജനിതകത്തിലുള്ള ആൺകോയ്മയാണ്. ആൺകോയ്മക്ക് അടിമപ്പെട്ട് ജീവിക്കുന്നത് ഭൂഷണമായി കരുതി അനേകം സ്ത്രീകൾ മാതൃത്വത്തിന്റെ മഹനീയ ജൈവഘടകമായ മാസമുറയെ തങ്ങളുടെ അവിശുദ്ധിയുടെ ഭാഗമായി അന്നും ഇന്നും കാണുന്നത് സ്ത്രീത്വത്തോടുള്ള, സ്ത്രൈണതയോടുള്ള അവഹേളനവും അക്രമവുമാണ്.
കോൺഗ്രസിന്റെ വി.ടി ബലറാമും രാഹുൽ ഗാന്ധിയും ഒട്ടനവധി നേതാക്കളും വിധിയെ ആദ്യ ദിവസങ്ങളിൽ സ്വാഗതം ചെയ്തു. പിന്നീട്, മൂന്ന് – നാല് ദിവസങ്ങൾ കഴിഞ്ഞതോടെ സ്ത്രീ സ്വാതന്ത്ര്യമോ കോടതിവിധിയോ അല്ല മൂല്യവത്തായത്, നാല് ഹിന്ദു വോട്ടുകളാണെന്ന് അവരും സംഘപരിവാറിനെ പോലെ തിരിച്ചറിഞ്ഞു. കോടതിവിധി വഞ്ചിച്ചു. ഇന്ത്യൻ ജനാധിപത്യത്തെയും നെഹ്റുവിയൻ സെക്യുലറിസത്തെയും സ്ത്രീകളുടെ അവകാശത്തെയും അവരും വോട്ടിനായി വിസ്മരിച്ചു. ‘മാസമുറ’ തങ്ങളെ പ്രസവിക്കാൻ അമ്മമാരിലുണ്ടായ, ഉണ്ടാകുന്ന ഒരു ജൈവപ്രക്രിയ മാത്രമാണ്. അത് ഏതെങ്കിലും അവിശുദ്ധിയുടെ ഭാഗമല്ല.
ആദ്യദിവസങ്ങളിൽ ശബരിമല തന്ത്രി കണ്ഠര് രാജീവര് കോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് പറഞ്ഞിരുന്നു. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലെ എൻഎസ്എസ് യൂണിറ്റാണ് കോടതിവിധിയെ ആദ്യമായി എതിർത്തവർ. ആർഎസ്എസിനെ പോലെ എൻഎസ്എസും ഒരു സാംസ്കാരിക സംഘടനയായിട്ടാണ് അതിന്റെ സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ കാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് അവരും എസ്എൻഡിപിയെ പോലെ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി. (ആർഎസ്എസ് = ബിജെപി, എൻഎസ്എസ് = എൻഡിപി (ഇന്നില്ല), എസ്എൻഡിപി = ബിഡിജെഎസ്). ആർഎസ്എസ് രാജ്യവ്യാപകമായ ഒരു menace ആണെന്ന് എ.ജി നൂറാണി അദ്ദേഹത്തിന്റെ പുസ്തകമായ The RSS: A Menace to India യിൽ പറയുമ്പോഴെങ്കിലും നമുക്കതിന്റെ അപകടം ബോധ്യപ്പെടും. എന്നാൽ കേരളത്തിലൊതുങ്ങി നിൽക്കുന്ന എൻഎസ്എസ്, ബിഡിജെഎസ് എന്നിവയുടെ രാഷ്ട്രീയ അപകടം ചെറുതാണെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്.


കേരളത്തിന്റെ ജനസംഖ്യയിൽ പകുതിയിൽ കൂടുതൽ സ്ത്രീകളാണ്. എന്തുകൊണ്ട് സ്ത്രീകൾ ഭൂരിപക്ഷമുള്ള, വിദ്യാഭ്യാസത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന, പുരോഗമനവാദിനികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളീയ സ്ത്രീകൾ ശബരിമല സ്ത്രീപ്രവേശനം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തങ്ങൾ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കാൻ മുന്നോട്ടുവരുന്നില്ല? ചന്ദ്രനിലേക്ക് പോകാനുള്ള ഉപഗ്രഹയാത്രയിലും പട്ടാളത്തിലും പൊലീസിലും ഡ്രൈവിങ്ങിലും കരാട്ടയിലും തെങ്ങുകയറ്റത്തിലും ഇഷ്ടികപ്പണിയിലും കിണറ് കുഴിക്കുന്നതിലും എല്ലാം സ്ത്രീകളുണ്ട്. വൈറ്റ് കോളറല്ലാത്ത ജോലികളിൽ. എന്നിട്ടും അടിസ്ഥാനപരമായ അവകാശ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ അവർ മുന്നോട്ടുവരുന്നില്ല. ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പാരമ്പര്യക്രമങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവയിൽ കുടുങ്ങിയിട്ടാണോ? നവോത്ഥാന കാലത്ത് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വന്നവരാണ് കേരളത്തിലെ സ്ത്രീകൾ. അവരെ അവർ തന്നെയാണ് തടവിലിട്ടിരിക്കുന്നത്. മാസമുറയെ തങ്ങളുടെ ജീവിതത്തിലെ അവിശുദ്ധിയായി അവർ കാണുന്നുണ്ടോ? കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയും അവരുടെ സ്ത്രീ സംഘടനയും സാംസ്കാരിക സംഘടനകളും ഈ അടിസ്ഥാന ചോദ്യം ഉയർത്തുന്നില്ല. ഒരു സ്ത്രീശരീരത്തിന്റെ ശുദ്ധിയും അശുദ്ധിയും തീരുമാനിക്കുന്നത് പുരുഷനാണോ? തന്റെ ശരീരത്തിന്റെ അവകാശം ആർക്കാണ്? സ്ത്രീകൾ ഈ ചോദ്യം ഉന്നയിക്കാത്തതെന്ത്?
2018-19 കളിൽ കോടതി വിധി സ്വാഗതം ചെയുന്നു എന്ന് പറഞ്ഞ ഇടതുപക്ഷ സർക്കാർ ആ വിധി നടപ്പാക്കാൻ തത്വാധിഷ്ഠിതമായ, ജനാധിപത്യത്തിലൂന്നിയ, സ്ത്രീയുടെ അവകാശമാണ് ശബരിമല പ്രവേശനം എന്ന ഒരു നിലപാട് സ്വീകരിച്ചിട്ടേയില്ല. രണ്ട് വഞ്ചിയിൽ കാലിടുന്ന ഒരു നീചതന്ത്രമാണ് അവർ ഇക്കാലത്ത് കളിച്ചത്. ക്രമസമാധാനത്തിന്റെ പേരിൽ യുവതികളെ നിലയ്ക്കലും എരുമേലിയിലും അറസ്റ്റ് ചെയ്യുക. രഹ്ന ഫാത്തിമയെന്ന സ്ത്രീയെ അറസ്റ്റ് ചെയ്ത് 18 ദിവസമാണ് തടവിലിട്ടത്. ന്യൂയോർക്ക് ടൈംസിന്റെ പ്രതിനിധി സുഹാസിനി രാജിനെ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി രണ്ടിന് പുലർച്ചെ ശബരിമല ദർശനം നടത്തിയതാണ് മാർക്സിസ്റ്റ് പാർട്ടി കോടതി വിധിയോടുള്ള തങ്ങളുടെ അനുകൂല നിലപാടായി ഉയർത്തിപ്പിടിക്കുന്നത്. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഒരു സംഘടനയാണ് ഇക്കാര്യത്തിൽ മുൻകൈയെടുത്തത്. അതിന് പൊലീസിലെ ഒരു രഹസ്യ വിഭാഗം സഹായിച്ചു. അത് പാർട്ടിയുടെ നേട്ടമല്ല. എം.വി ഗോവിന്ദൻ അയ്യപ്പസംഗമത്തിന്റെ പ്രഖ്യാപന വേളയിൽ പറഞ്ഞത് ശബരിമല യുവതീപ്രവേശനം അടഞ്ഞ അദ്ധ്യായമാണെന്നാണ്. നവോത്ഥാന വനിതാ മതിലിൽ പങ്കെടുത്ത ദലിത് നേതാക്കൾ അയ്യപ്പസംഗമത്തിന്റെ രാഷ്ട്രീയത്തിൽ എവിടെ നിൽക്കുന്നു?
നമ്മുടെ പ്രാദേശിക-ദേശീയ പത്രങ്ങൾ ഈ സംഗമത്തെ കാണുന്നതെങ്ങനെ? ഹിന്ദുത്വ ഭരണത്തിന്റെ സകലമേഖലകളിലുമുള്ള ഫാസിസത്തിനെതിരെ ധീരമായി എഴുതുന്ന Frontline (30.09.2025) സീനിയർ അസോസിയേറ്റ് എഡിറ്റർ ആർ.കെ രാധാകൃഷ്ണന്റെ For the love of God ഒരു അഴകൊഴമ്പൻ രണ്ട് പുറം ലേഖനമാണ്. ഇന്ത്യയിലെ ഏറ്റവും സമത്വപൂർണ്ണമായ (equitable) സംസ്ഥാനമാണ് കേരളമെന്ന് അവകാശപ്പെടുന്ന രാധാകൃഷ്ണൻ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ സാമൂഹ്യ, സാമ്പത്തിക അസമത്വങ്ങൾ അസ്തമിക്കുന്നതോടെ മതം ആത്യന്തികമായി ഇല്ലാതാകുമെന്ന കാൾ മാർക്സിന്റെ വിശ്വാസവുമായി വിയോജിക്കുന്നവരാണെന്ന് എഴുതുന്നു. രാധാകൃഷ്ണൻ പറയുന്ന സമത്വപൂർണ്ണത, കേരളത്തിൽ ഈ ഭരണത്തിൽ ഏതെങ്കിലും മേഖലകളിലുണ്ടോ? ഹിന്ദുക്ഷേത്രങ്ങളുടെ ചുമതലയുള്ള മന്ത്രി വാസവന്റെ പ്രസ്താവന അദ്ദേഹം എടുത്തുപറയുന്നു, “ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ കേൾക്കാനുള്ള അവസരമാണ് അയ്യപ്പഭക്ത സംഗമം.” നിർദ്ദിഷ്ട ശബരിമല വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംഗമത്തിലുണ്ട്. കമ്മ്യൂണിസ്റ്റ് സർക്കാർ, നാസ്തികതയിൽ ‘അടിത്തറയുള്ള’ ദ്രാവിഡ കഴകത്തിന്റെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയും ക്ഷണിച്ചിട്ടുണ്ട്. അവർ രണ്ട് മന്ത്രിമാരെ അയയ്ക്കുമെന്നും ഏറ്റിട്ടുണ്ട്. ബാക്കി ലേഖനഭാഗം ബിജെപി – കോൺഗ്രസുകരുടെ ഗോഗ്വാവിളികളാണ്. ഇംഗ്ലീഷ് ദേശാഭിമാനിയായി വിശേഷിപ്പിക്കപ്പെടുന്ന ‘ദി ഹിന്ദു’ (ഇതൊരു സത്യമാണ്; ഇടതുപക്ഷത്തിനെതിരെ ഡസൺ കണക്കിന് കത്തുകളെഴുതിയത് ഒന്നും അവർ പ്രസിദ്ധീകരിച്ചിട്ടുമില്ല) ഇന്നത്തെ പത്രത്തിൽ മഹത്തായ ആഗോള ഭക്തസംഗമമെന്നാണ് ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ശബരിമല മാസ്റ്റർപ്ലാൻ, ആത്മീയ വിനോദസഞ്ചാര യാത്രകൾ, ആൾക്കൂട്ട നിയന്ത്രണം എന്നിവ ചർച്ചയാകും (ആത്മീയ വിനോദസഞ്ചാരം, തായ്ലന്റിലേതുപോലെ ലൈംഗിക ടൂറിസ്റ്റ് സർക്യൂട്ടിലുമെത്താം. മദ്യത്തിന്റെ കാര്യത്തിൽ ഈ സർക്യൂട്ട് കേരള സർക്കാർ വികസിപ്പിക്കുകയാണല്ലോ) നായർ-ഈഴവ സംഘടനകൾ ഉത്സാഹത്തോടെ ഇതിൽ പങ്കെടുക്കുന്നുണ്ട്, ‘ദി ഹിന്ദു’ എഴുതുന്നു. പന്തളം രാജകീയ കുടുംബത്തിന്റെ സസ്പെൻസാണ് ’ദി ഹിന്ദു’വിനെ അലട്ടുന്നത്. ഇതൊക്കെയാണ് മനോരമയും പറയുന്നത്. പന്തളം രാജകുടുംബം ഈ സംഗമവുമായി വിയോജിച്ചിട്ടുണ്ട്.


രാജൻ ഗുരുക്കൾ 2018ൽ ശബരിമലയെ ചരിത്രപരമായി വിലയിരുത്തിയത് അയ്യനാർ കൾട്ട്സ്പോട് എന്നാണ്. പതിനഞ്ചാം നൂറ്റാണ്ട് വരെയും ആ പ്രദേശത്തെ വനവാസികളുടേതായിരുന്നു ഈ ക്ഷേത്രം. 1960 വരെയും അവർക്കിവിടെ അവകാശങ്ങളുണ്ടായിരുന്നു. പുരാവസ്തു ശാസ്ത്രം, നരവംശശാസ്ത്രം, ചരിത്രം എന്നിവ വസ്തുനിഷ്ഠമായി പരിശോധിച്ചാൽ ശബരിമല ശാസ്താ പ്രതിഷ്ഠ ഹിന്ദു ദൈവത്തിന്റേത് അല്ലെന്ന് മനസ്സിലാക്കാനാവുമെന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. പിന്നെ എങ്ങനെ ഈ ‘ബുദ്ധക്ഷേത്രം’ രാജകുടുംബത്തിന്റെ കൈവശമെത്തി? കമ്മ്യൂണിസ്റ്റ് സർക്കാറിന് കേരളത്തിന്റെ നവോത്ഥാനത്തിൽ എന്തെങ്കിലും താത്പര്യമുണ്ടെങ്കിൽ രണ്ട് കാര്യങ്ങളാണ് ചെയ്യേണ്ടത്. (അതിന് കോടിക്കണക്കിന് രൂപ ധൂർത്തടിച്ച് സംഗമം നടത്തേണ്ടതുമില്ല).
1) മേൽപ്പറഞ്ഞ വസ്തുതകൾ കേന്ദ്രീകരിച്ച് പഠനം നടത്തുകയും സർക്കാരിൽ നിന്നും (സർക്കാരെന്ന രാജകുടുംബം) ഈ ക്ഷേത്രത്തെ മോചിപ്പിച്ച് ആദിവാസികൾക്കും ദലിതർക്കും തിരിച്ച് നൽകുകയും ചെയ്യുക.
2) 2018ലെ സുപ്രീംകോടതി വിധി – യുവതികളുടെ പ്രവേശനം മൂല്യബോധത്തോടെ, അഹിംസാത്മകമായ രീതിയിൽ നടപ്പാക്കുക.
24.10.2018ൽ എഴുതിയ (കെ അരവിന്ദാക്ഷൻ, ഫാസിസ്റ്റ് കാലത്തെ ഗാന്ധിയൻ പ്രതിരോധങ്ങൾ:2021) ‘ബുദ്ധം ശരണം ധർമ്മം ശരണം’ എന്ന ലേഖനത്തിന്റെ അവസാന വരികൾ കുറിക്കട്ടേ: “കേരളം ഇന്ന് ആവശ്യപ്പെടുന്നത് ദലിത് (ആദിവാസി) സ്ത്രീകൾ സ്വമേധയാ മനഃശുദ്ധി വ്രതമെടുത്ത്, കറുത്ത വസ്ത്രം ധരിച്ച് ശബരിമല സന്നിധാനത്തിലേക്ക് അഹിംസാത്മകമായി നീങ്ങണമെന്നാണ്. ‘ബുദ്ധം ശരണം, ധർമ്മം ശരണം’. ശബരിമല ധർമ്മശാസ്താ ക്ഷേത്രം, എല്ലാ മതങ്ങൾക്കും അതീതനായിരുന്ന ഭൂമിയിലെ സർവചരാചരങ്ങളുടെയും സഹോദര്യത്തിനായി ജീവിച്ച ശ്രീബുദ്ധ ഭഗവാന്റെ ശരണമന്ത്രങ്ങളാൽ മുഖരിതമാകട്ടേ. ജാതി-മത-ലിംഗ ഭേദമന്യേ മാനവ സമൂഹം മാത്രമല്ല, ഭൂമിയിലെ പുല്ലും പുഴുവും വായുവും ജലവും ബോധാദയ പുലരിയിലെത്തട്ടേ.”
മൂല്യരഹിതമായ വോട്ടുപെട്ടി രാഷ്ട്രീയം കത്തിച്ചാമ്പലാകട്ടേ!
(ഈ ലേഖനമെഴുതാൻ സുഹൃത്തായ ടി.എൻ പ്രസന്നകുമാറിന്റെ ചില നിരീക്ഷണങ്ങൾ സഹായിച്ചിട്ടുണ്ട്).