കുടിയിറക്കപ്പെടുമോ കുടിയേറിവന്നവർ? – പരമ്പര 01
പുൽപ്പള്ളി ടൗണിൽ ബസിറങ്ങുമ്പോൾ തന്നെ ‘കടമാൻതോട് പദ്ധതി ഉപേക്ഷിക്കുക’ എന്ന പോസ്റ്റർ പല ഇടങ്ങളിലായി പതിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടാൻ തുടങ്ങും. ആരുടെയും ശ്രദ്ധ പതിയുന്ന രീതിയിൽ, ചുമരുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും കടവരാന്തകളിലും വെള്ള പേപ്പറിൽ കറുത്ത വലിയ അക്ഷരങ്ങളിൽ അണക്കെട്ടിനെതിരായ പോസ്റ്ററുകളുടെ നീണ്ടനിര. ഈ പോസ്റ്ററുകൾ നീളുന്ന വഴി യോജിപ്പിച്ചാൽ കടമാൻതോട് പദ്ധതി പ്രദേശത്തെ മാപ്പ് ചെയ്യാനാകുമെന്ന് തോന്നിപ്പോകും. പുൽപ്പള്ളി ടൗണിൽ നിന്ന് താഴേയങ്ങാടിയിലേക്ക് ഇറങ്ങുന്ന വഴി മുതൽ ടാറിട്ട റോഡിൽ ചുവപ്പും വെള്ളയും കൊണ്ട് അവിടവിടെയായി ചതുരാകൃതിയിൽ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങും. “ഈ അടയാളങ്ങൾ എന്തിനെ സൂചിപ്പിക്കുന്നതാണ്?” ചോദ്യം കേട്ട് ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാർ പരസ്പരം നോക്കി. “ഡാം വരാൻ പോകുവല്ലേ… ഇതുവരെ വെള്ളം വരുമായിരിക്കും. ചില ഇടത്തൊക്കെ വെള്ളയും കറുപ്പും കൊണ്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത് തമ്മിലുള്ള വ്യത്യാസമൊന്നും ഞങ്ങൾക്ക് അറിയത്തില്ല.” ഓട്ടോഡ്രൈവറായ ലിജോ പറഞ്ഞു.
വയനാട് ജില്ലയിലെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കടമാൻതോട് കബനി നദിയുടെ കൈവഴിയാണ്. കർണ്ണാടകയിൽ വച്ച് കാവേരി നദിയിൽ ചേരുന്ന കബനി കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്ന് നദികളിൽ ഏറ്റവും വലുതാണ്. ഇതിന്റെ ആകെ നീളം 210 കിലോമീറ്ററാണ്. നദിയുടെ 56 കിലോമീറ്റർ വയനാട്ടിലൂടെയാണ് ഒഴുകുന്നത്. കടമാൻതോടിന് കുറുകെ അണ നിർമ്മിച്ച് പുൽപ്പള്ളിയിലെയും മുള്ളൻകൊല്ലിയിലെയും ജലക്ഷാമത്തെ നേരിടുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം കാവേരി നദീജല ട്രൈബ്യൂണൽ അനുവദിച്ച ജലവിഹിതം സംഭരിക്കുന്നതിനുള്ള മാർഗമായിക്കൂടിയാണ് കേരളം പദ്ധതിയെ കാണുന്നത്. 1990ൽ രൂപീകരിച്ച കാവേരി നദീജല ട്രൈബ്യൂണിലന്റെ 2007ലെ അന്തിമവിധി അനുസരിച്ച് കബനി നദിയിലെ 21 ടിഎംസി (Thousand Million Cubic Feet) വെള്ളം വയനാടിനുള്ളതാണ്. ഇതിൽ ഏകദേശം 9 ടിഎംസി വെള്ളമാണ് ബാണാസുര, കാരപ്പുഴ അണക്കെട്ടുകളിലായി ഉപയോഗിക്കുന്നത്. ബാക്കി ജലം കർണാകയിലേക്ക് ഒഴുകുകയാണ്. കാരപ്പുഴ അണക്കെട്ടിന്റെ സംഭരണശേഷി 2.78 ടിഎംസിയും ബാണാസുരയുടേത് 6.7 ടിഎംസിയുമാണ്. കബനി ജലത്തിൽ 21 ടിഎംസി ഉപയോഗിക്കാൻ കാവേരി നദിജല തർക്ക ട്രൈബ്യൂണൽ കേരളത്തിന് നൽകിയ അനുമതിക്ക് 2034 ഫെബ്രുവരി വരെയാണ് കാലാവധി. കടമാൻതോട് പദ്ധതിയിലൂടെ 0.697 ടിഎംസി ജലമാണ് സംഭരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി 1.53 ടിഎംസി ജലം ഉപയോഗിക്കാൻ കാവേരി ട്രൈബ്യൂണലിന്റെ അനുമതിയുമുണ്ട്.
കൃഷിക്ക് വേണ്ടിയും വരൾച്ചയെ നേരിടാനുമായി വിഭാവനം ചെയ്തിട്ടുള്ള കടമാൻതോട് പദ്ധതിക്കെതിരെ വർഷങ്ങൾക്ക് മുമ്പ് തന്നെ പുൽപ്പള്ളിയിൽ പ്രക്ഷോഭങ്ങൾ ഉയർന്നിരുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ആശങ്കകളായിരുന്നു പ്രതിഷേധത്തിന് പ്രധാന കാരണം. കാവേരി ട്രൈബ്യൂണൽ വിധിയെ തുടർന്നുണ്ടായ ഡാം നിർമ്മാണ ആലോചനകൾ ജനപ്രക്ഷോഭത്താൽ തടസപ്പെടുകയും പദ്ധതി നീണ്ടുപോകുകയും ചെയ്തു. 2023 ൽ വീണ്ടും അണക്കെട്ടിനായുള്ള ആലോചനകൾ തുടങ്ങുമ്പോഴേക്കും പുൽപ്പള്ളി ടൗണും പരിസരവും കടകമ്പോളങ്ങളാലും കെട്ടിടങ്ങളാലും വികസിച്ചിരിക്കുന്നു.
“കഴിഞ്ഞ മെയ് മാസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം ചേരുമ്പോഴാണ് കടമാൻതോട് പദ്ധതി വീണ്ടും സജീവമാകുന്ന വിവരം ജനങ്ങൾ അറിയുന്നത്. തുടർന്നുള്ള ആഴ്ചകളിൽ തന്നെ ‘സേവ് പുൽപ്പള്ളി’ എന്ന ഡാം വിരുദ്ധ ജനകീയ സമരസമിതി രൂപപ്പെടുകയും വിവിധ സമരങ്ങൾ നടക്കുകയും ചെയ്തു.” സേവ് പുൽപ്പള്ളി സമരസമിതി സമരസമിതി നേതാവ് ബേബി ജോർജ് പറയുന്നു.
“ഞങ്ങളിവിടെ പല വിധത്തിലുള്ള പ്രതിഷേധ സമരങ്ങൾ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. കലക്ട്രേറ്റ് പടിക്കൽ നടത്തിയ ഉപവാസ സമരവും പുൽപ്പള്ളി ടൗണിൽ നടത്തിയ മനുഷ്യച്ചങ്ങലയുമെല്ലാം തന്നെ ജനപങ്കാളിത്തം കൊണ്ട് വിജയിച്ചിരുന്നു. ഏത് പാതിരാത്രിയിലും ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കാൻ ജനങ്ങൾ തയ്യാറാണ്. കാരണം ഇത് ജനജീവിതത്തെയും അവരുടെ ഉപജീവനമാർഗത്തെയും ബാധിക്കുന്ന ഒന്നാണ്.” സമരസമിതി നേതാവായ സനൽ അഭിപ്രായപ്പെട്ടു. എന്നാൽ ഡാം വരണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗം ജനങ്ങളും പുൽപ്പള്ളിയിലുണ്ട്.
പദ്ധതിയെ അനുകൂലിക്കുന്നവർ
കടമാൻതോട് പദ്ധതി പ്രദേശത്തിന്റെ അരികിലുള്ള മീനങ്കൊല്ലി കോളനിയിലെ ജനങ്ങളിൽ പലരും ഡാം വരണമെന്ന നിലപാടുള്ളവരാണ്. കോളനിക്കരികിലൂടെ കടമാൻതോട് ശുഷ്കിച്ച് ഒഴുകുന്നുണ്ട്. അവിടെ നിർമ്മിച്ച ചെക്ക് ഡാം ഭാഗികമായി തകർന്ന അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. 2018ലെ പ്രളയത്തിൽ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിൽ തകർന്നതാണ് ചെക്ക് ഡാമെന്ന് കടമാൻതോടിന് സമീപം താമസിക്കുന്ന ഗോപി ചേട്ടൻ പറഞ്ഞു. “ഞങ്ങൾ പത്ത് നൂറ്റമ്പത് കുടുംബക്കാരുണ്ട് ഇവിടെ. 2018ലെ പ്രളയത്തിന് ശേഷം എല്ലാ മഴക്കാലത്തും വീടുകളിലേക്ക് വെള്ളം കയറും. കഴിഞ്ഞ വേനലിൽ (2022) പെയ്ത മഴയിലും വീട്ടിൽ വെള്ളം കയറിയിരുന്നു. വെള്ളം കയറുമ്പോൾ ഞങ്ങൾ സ്കൂളിലേക്കോ അംഗൻവാടിയിലേക്കോ മാറണം. കാലാകാലം ഈ വെള്ളത്തിൽ ഞങ്ങൾ കിടക്കണോ? അതുകൊണ്ട് കിട്ടുന്ന നഷ്ടപരിഹാരവും വാങ്ങി എങ്ങനെയെങ്കിലും ഇവിടുന്ന് രക്ഷപ്പെടാം.”
കൊല്ലപ്പണിക്കാരനായ ഗോപി ചേട്ടൻ പറഞ്ഞു. നാല്പത് കൊല്ലം മുമ്പ് പുൽപ്പള്ളിയിലേക്ക് കുടിയേറി വന്നവരാണ് ഗോപി ചേട്ടനും കുടുംബവും. വീടിന് മുന്നിൽ കൊല്ലപ്പണിക്കായി ഉപയോഗിച്ചിരുന്ന ആല 2018ലെ പ്രളയത്തിൽ നഷ്ടപ്പെട്ടതോടെ ആകെയുണ്ടായിരുന്ന വരുമാനമാർഗം ഭാഗികമായി നിലച്ച നിലയിലാണ്. എന്നാൽ ആകെ പതിനായിരം രൂപയാണ് ഇവർക്ക് അന്ന് നഷ്ടപരിഹാരമായി ലഭിച്ചിരുന്നത്.
ഒരു നല്ല കിടപ്പാടം കിട്ടിയാൽ പോകണമെന്ന അഭിപ്രായമാണ് തമിഴ്നാട്ടിൽ നിന്ന് കുടിയേറി, നാല്പതിലേറെ കൊല്ലമായി മീനങ്കൊല്ലിയിൽ താമസിക്കുന്ന അറുപത് വയസുകാരി സെൽവിക്കും, രാജേന്ദ്രനും കുടുംബത്തിനുമുണ്ടായിരുന്നത്. ഭൂമിക്ക് കൈവശരേഖയൊന്നുമില്ലാത്തതിനാൽ പോകാൻ പറഞ്ഞാൽ പോകാതിരിക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു ഇവരുടെ അഭിപ്രായം. കൈവശരേഖയോ പട്ടയമോ ഒന്നും തന്നെയില്ലെങ്കിലും മോശമല്ലാത്ത ഒരു തുക നഷ്ടപരിഹാരമായി ലഭിക്കുമെന്നും ആ തുക ഉപയോഗിച്ച് മറ്റെവിടെയെങ്കിലും പോയി ജീവിക്കാമെന്നും ഇവർ പ്രത്യാശപ്പെടുന്നുണ്ട്.
പുൽപ്പള്ളിയുടെ പുഷ്കലകാലഘട്ടത്തിൽ ഇവിടെ വലിയ തോതിൽ കുരുമുളകും കാപ്പിയും ഉദ്പാദിപ്പിച്ചിരുന്നു. കുരമുളകും കാപ്പിയും പറിക്കാനായി കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെ എത്തിയ തൊഴിലാളികൾ പിന്നീട് ഇവിടെ തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു. അങ്ങനെയാണ് തമിഴ് ജനങ്ങൾ ഇവിടെ കുടിയേറ്റക്കാരാകുന്നത്. എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും പട്ടയമോ ഭൂമി കൈവശാവകാശ രേഖകളോ ഇല്ല.
ഗോപിയും, സെൽവിയും, രാജേന്ദ്രനുമൊക്കെ താമസിക്കുന്ന അതേ നിരയിലാണ് ജോസ് തോമസിന്റെയും വീടുള്ളത്. 62 വയസുകാരനായ ജോസ് മുള്ളൻകൊല്ലിയിൽ എത്തിയിട്ട് 35 വർഷത്തോളമായി. അതും മറ്റൊരു ഡാമിനായി കുടിയൊഴിക്കപ്പെട്ട ശേഷം. “കാരാപ്പുഴ ഡാമിന് സ്ഥലം എടുത്തപ്പോഴാണ് ഇങ്ങോട്ട് വന്നത്. ഇനി ഇപ്പോ അടുത്ത ഒഴിവാക്കുന്ന ഏതെങ്കിലും പദ്ധതി പ്രദേശം നോക്കി മാറണം.” ജോസ് നർമ്മത്തോടെ പറഞ്ഞുകൊണ്ട് ചിരിച്ചു. അദ്ദേഹത്തിന് ഏകദേശം അഞ്ച് വയസ് പ്രായമുള്ളപ്പോഴാണ് ജോസിന്റെ അച്ഛൻ വയനാട്ടിലേക്ക് കുടിയേറി എത്തിയത്. കാരപ്പുഴ ഡാം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കൃഷിഭൂമി വാങ്ങിയ അദ്ദേഹം അന്നത്തെ കുടിയേറ്റ കർഷകരെ പോലെ അധ്വാനവും ജീവിതവുമായി മുന്നോട്ടുപോയി.
“ഡാം വരുന്ന സമയത്ത് എനിക്ക് പതിനാറോ പതിനേഴോ വയസുണ്ടായിരുന്നു. 1977-78 കാലഘട്ടത്തിലാണ് കാരപ്പുഴ ഡാമിന് വേണ്ടി സ്ഥലമെടുക്കുന്നത്. ഡാമിനെതിരെ അന്ന് ഞങ്ങൾ ഒരുപാട് സമരം ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ കരാള (ഖരാവോ) ചെയ്തുവെക്കുകയും സമരം ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെടുകയുമൊക്കെ ചെയ്തിരുന്നു. പക്ഷേ ഒന്നും ഫലം ചെയ്തില്ല.” ജോസ് പഴയ സമരകാലം ഓർമ്മിച്ചു. “ആദ്യമാദ്യം കുടിയിറക്കപ്പെട്ടവർക്ക് കാശ് കിട്ടിയിരുന്നു. ഡാം വരുന്നതിന് എതിർപ്പ് പറഞ്ഞവരൊക്കെ കാശ് കിട്ടിയതോടെ അവരുടെ എതിർപ്പ് മാറ്റി. ഇപ്പോഴും കുറെ പേർക്കൊക്കെ കാശ് കിട്ടിയിട്ടില്ലെന്നും കേസ് നടക്കുന്നുണ്ടെന്നും കേൾക്കുന്നുണ്ട്. ഞങ്ങൾ രണ്ടാമത്തെ ഒഴിപ്പിക്കലിൽ ഇറങ്ങിയവരാണ്. ഞങ്ങൾക്ക് കാശ് കിട്ടിയിരുന്നു. ആ കാശ് കൊണ്ടാണ് കാരപ്പുഴ ഡാമിന് അടുത്തുള്ള കുടുംബവീട് ഉണ്ടാക്കിയത്.” ജോസ് പറഞ്ഞു. കുടുംബം വീതം വെക്കലുകൾ കഴിഞ്ഞപ്പോൾ കിട്ടിയ തുക കൊണ്ടാണ് ജോസ് മീനങ്കൊല്ലിയിൽ സ്ഥലം വാങ്ങിയത്. എന്നാൽ രണ്ട് സെന്റിന് മാത്രമേ ആധാരമുള്ളൂവെന്ന വിഷമവും അദ്ദേഹം പങ്കുവച്ചു.
ഒന്നുകിൽ ഡാം വരിക, അല്ലെങ്കിൽ വരാതിരിക്കുക
കടമാൻതോട് പദ്ധതി വിഭാവനം ചെയ്തത് മുതൽ പുൽപ്പള്ളിയിലെ ജനങ്ങൾ ആശങ്കയിലാണ്. കാർഷിക വിളകൾക്ക് മൂല്യം നഷ്ടപ്പെടുകയും ജലദൗർലഭ്യം നേരിടുകയും ചെയ്തതോടെ ഭൂരിഭാഗം വരുന്ന കുടിയേറ്റ കർഷകരുടെ കൃഷി നഷ്ടത്തിലാകുകയും പദ്ധതി പ്രദേശമായതിനാൽ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കാതെ വരുകയും ചെയ്തതോടെ പലരും കടക്കെണിയിലാണ്. കടമാൻതോട് പദ്ധതിയെ ആദ്യ കാലഘട്ടങ്ങളിൽ എതിർത്തിരുന്നവർ പോലും ഇപ്പോൾ അനുകൂലിക്കുന്നവരായി മാറിയതിൽ ഒരു വലിയ പങ്ക് സാമ്പത്തിക പ്രശ്നങ്ങൾക്കുണ്ട്. “25 വർഷം മുന്നേ ഞങ്ങൾക്ക് പദ്ധതിയോട് ശക്തമായ എതിർപ്പായിരുന്നു. ഇപ്പോൾ ഇതിന് എത്രയും പെട്ടെന്ന് ഒരു തീരുമാനം പറയുക എന്ന അവസ്ഥയിലാണ് ഞങ്ങളുള്ളത്.” മീനങ്കൊല്ലി കോളനിക്ക് സമീപം പലവ്യജ്ഞനക്കട നടത്തുന്ന ദേവസ്യ അഭിപ്രായപ്പെട്ടു.
“ഇവിടുത്തെ ചെക്കന്മാർക്ക് കല്യാണം പോലും നടക്കാത്ത സ്ഥിതിവിശേഷം നിലവിലുണ്ട്. പദ്ധതി പ്രദേശമായതിനാൽ ഏത് നിമിഷവും കുടിയിറക്കപ്പെടുമെന്ന ഭീതിയാണ് എല്ലാവർക്കും. ഇനിയെങ്കിലും എത്രയും പെട്ടെന്ന് സർവെ നടന്ന് ഡാം വരുമെന്നോ വരില്ലെന്നോ ഉള്ള ഉറപ്പ് ഞങ്ങൾക്ക് അധികൃതർ തരണം.” അദ്ദേഹം വ്യക്തമാക്കി.
2023 മെയ് മാസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ നടത്തിയ സർവകക്ഷിയോഗത്തിന് ശേഷമാണ് കടമാൻതോട് പദ്ധതി വീണ്ടും സജീവമായത്. പദ്ധതിക്കായുള്ള പ്രാഥമിക സർവേ പഠനങ്ങൾ ആരംഭിക്കാനുള്ള ജനസമ്മതം അന്ന് നടന്ന സർവകക്ഷിയോഗത്തിലൂടെയാണ് ഉദ്യോഗസ്ഥർ നേടിയെടുത്തതും. സർവ്വേ റിപ്പോർട്ട് ജനസമക്ഷം ചർച്ചയ്ക്ക് വെച്ചതിന് ശേഷം മാത്രമേ പദ്ധതി നിർമാണവുമായി മുന്നോട്ട് പോകുകയുള്ളൂവെന്നാണ് ജില്ലാ കളക്ടർ എ ഗീത സർവകക്ഷിയോഗത്തിൽ വ്യക്തമാക്കിയത്.
നവംബർ 18ന് പദ്ധതിക്കായുള്ള അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി നടന്നുവന്ന ലൈഡാര്‍ സര്‍വേ പൂര്‍ത്തിയായി. ഭൂതല സർവേ റിപ്പോർട്ടും ആകാശ സർവേ റിപ്പോർട്ടും സംയോജിപ്പിച്ചാണ് കടമാൻതോട് പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുക. ജനുവരി ആദ്യവാരത്തോടെ റിപ്പോർട്ട് പുറത്ത് വരുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സർവേയുടെ ആദ്യഘട്ടമായി അണക്കെട്ട്, വൃഷ്ടിപ്രദേശം, പദ്ധതിയുടെ ഗുണഫലം ലഭിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലായി ഗ്രൗണ്ട് കൺട്രോൾ പോയിന്റുകൾ മാർക്ക് ചെയ്തിരുന്നു. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലായി 75ഓളം ഗ്രൗണ്ട് കൺട്രോൾ പോയിന്റുകളാണുള്ളത്.
ചുവപ്പും വെള്ളയും നിറത്തിൽ അടയാളപ്പെടുത്തിയത് റിസർവോയറിന്റെ അതിർത്തികളാണ്. ഇതിലാകും റിസർവോയർ വരിക. ജലമെത്തിക്കേണ്ട സ്ഥലങ്ങൾ കറുപ്പും വെള്ളയും നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. സർവെ റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ ഏതൊക്കെ പ്രദേശങ്ങൾ, എത്ര വീടുകൾ, കൃഷിഭൂമികൾ എന്നിവ പദ്ധതിക്കായി പോകുമെന്ന ധാരണ ജനങ്ങളിൽ ഉണ്ടാകുകയുള്ളൂ. അതുകൊണ്ടുതന്നെ പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഈ റിപ്പോർട്ടിനായുള്ള കാത്തിരിപ്പിലാണ്.
“കുടിവെള്ളം വേണമെന്നത് നിർബന്ധമാണ്. ഭാവിയിലേക്ക് ജലസംഭരണികളും ആവശ്യമാണ്. ജലനിധി വന്നതിന് ശേഷമാണ് ഇവിടുത്തെ ജലക്ഷാമപ്രശ്നത്തിന് ചെറിയ തോതിലെങ്കിലും ആശ്വാസമുണ്ടായത്.” പുൽപ്പള്ളി പഞ്ചായത്തിലെ മുൻ വാർഡ് മെമ്പറും മീനങ്കൊല്ലി കോളനി സ്വദേശിയുമായ ഉണ്ണികൃഷ്ണൻ ആർ അഭിപ്രായപ്പെട്ടു. “ചെറുകിട പദ്ധതികളോടാണ് വ്യക്തിപരമായി എനിക്ക് യോജിപ്പ്. എല്ലാ രാഷ്ട്രീയകക്ഷികളും കടമാൻതോട് പദ്ധതിയെ സ്വാഗതം ചെയ്തതാണ്. ജനങ്ങൾക്ക് മതിയായ നഷ്ടപരിഹാരം കിട്ടി അവർക്ക് പരിപൂർണ സമ്മതമാണെങ്കിൽ പദ്ധതി നടക്കട്ടെ.” അദ്ദേഹം പറഞ്ഞു.
പദ്ധതിക്കായി ഭൂമി വിട്ട് നൽകുന്നവർക്ക് ദേശീയപാതയ്ക്ക് എടുത്തത് പോലെ എൽ.എആർ.ആർ ആക്ട് അനുസരിച്ച് മതിയായ നഷ്ടപരിഹാരം നൽകണമെന്നും അവർ ഇരകളായി തീരരുതെന്നും മുള്ളങ്കൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പറും കടമാൻതോട് കർമസമിതി ചെയർമാനുമായ ജോസ് നെല്ലാടം അഭിപ്രായപ്പെട്ടു. ആശങ്കകൾക്കിടയിൽ നഷ്ടപരിഹാരത്തുകയെ കുറിച്ചുള്ള അഭ്യൂഹങ്ങളും കിംവദന്തികളും ജനങ്ങൾക്കിടയിൽ പരക്കുന്നുണ്ട്. സർക്കാരിന്റെ കണക്ക് പ്രകാരം പത്ത് ലക്ഷം രൂപ ഒരു കുടുംബത്തിന് അനുവദിച്ചിട്ടുണ്ടെന്ന് മീനങ്കൊല്ലി കോളനിയിലെ ദേവസ്യയും രാജേന്ദ്രനും ആവർത്തിച്ചിരുന്നു. എന്നാൽ സർക്കാർ നഷ്ടപരിഹാരത്തുക പ്രഖ്യാപിക്കുകയോ ഔദ്യോഗികമായി അറിയിക്കുകയോ ചെയ്തിട്ടില്ല.
“ഈ സ്ഥലം വിട്ട് പോകാൻ ഞങ്ങൾക്ക് വിഷമമുണ്ട്. എല്ലാത്തിനും സൗകര്യമുള്ള ഇടമായിരുന്നു. ഇനി ഇതുപോലൊരു സ്ഥലം കണ്ടെത്തുക എന്നത് കഷ്ടമായിരിക്കും.” മീൻ കൊണ്ടുവന്ന വണ്ടിയിലേക്ക് എത്തി നോക്കുന്നതിനിടയിൽ ജനിച്ച് ജീവിച്ച ഭൂമി വിട്ടുപോകുന്നതിന്റെ വിഷമാവസ്ഥയെ കുറിച്ച് സീത പറഞ്ഞു. “ഇവിടുന്ന് പോയാൽ മീൻ വാങ്ങാൻ ഇത്ര സൗകര്യത്തിൽ പറ്റുമോ?” എന്ന് മീൻ കൊണ്ടുവന്ന ആൾ തമാശയായി ചോദിച്ചു. “കടൽ ഉള്ളിടത്തേക്കാണ് പോകാൻ പോകുന്നതിനി. അവിടെ ഡാം പണിയില്ലല്ലോ…” ജോസിന്റെ ആ മറുപടി മീൻ വണ്ടിക്ക് ചുറ്റും കൂടിനിന്നവരിൽ ചിരിയുണർത്തി. പകുതി കാര്യമായും തമാശയായും പുൽപ്പള്ളിയിലെ കുടിയിറക്കം ഇവിടുത്തെ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഭൂരിഭാഗം പേരും കുടിയേറ്റക്കാരായി പല കാലങ്ങളിൽ പുൽപ്പള്ളിയിൽ എത്തിപ്പെട്ടവരുമാണ്. എന്നാൽ തലമുറകളായി ഇവിടെ ജീവിച്ചുവന്നവരുടെ ശബ്ദം എപ്പോഴത്തേയും പോലെ ദുർബലമാക്കപ്പെട്ടിരിക്കുന്നു. കുടിയിറക്കപ്പെടുമോ എന്നുള്ള അവരുടെ ആകുലതകൾ അടുത്ത ഭാഗത്തിൽ.
(തുടരും)