വിട, വിവാൻ

പിറവിയിൽ വിവാസ്വൻ എന്നായിരുന്നു അവനെ വിളിച്ചിരുന്നത്- അച്ഛൻ, നമ്മുടെ പ്രഥമ ഇലക്ഷൻ കമ്മീഷണറായ സംസ്കൃത പണ്ഡിതൻ കെ.വി കല്യാൺ സുന്ദരമോ അല്ലെങ്കിൽ സംസ്കൃത പണ്ഡിതനും യോ​ഗിയും മുൻനിര ഫോട്ടോ​ഗ്രാഫറുമായ മുത്തച്ഛൻ ഉമ്റാവോ സിങ് ഷെ‍ർ-​ഗിലോ ആവണം ആ പേരിട്ടിരിക്കുക. വേദത്തിലെ സൂര്യഭ​ഗവാനാണു വിവാസ്വൻ, പ്രകാശത്തിന്റെ മൂ‍ർത്തീഭാവം. വിവേകത്തിന്റെ മാത്രമല്ല, ഉൾക്കാഴ്ച്ചയുടെയും ജ്ഞാനത്തിന്റെയും.

അദ്ദേഹത്തിന് നൽകപ്പെട്ട ആ നാമം ഇന്നാരും തന്നെ ഓ‍ർക്കാനിടയില്ല. വള‍ർച്ചയിൽ, ആ നാമത്തിന്റെ മാഹാത്മ്യം ആ കലാകാരൻ അറിയപ്പെട്ട ചടുലമായ ചുരുക്കപ്പേരി ലേക്ക് ഉൾച്ചേ‍ർന്നു, വിവാൻ. എന്നാൽ ഒരു കലാ മാധ്യമത്തിൽ നിന്നും മറ്റൊന്നിലേക്ക്, ഒരു കൂട്ടം ഉരുപ്പടികളിൽ നിന്നും വേറൊന്നിലേക്ക്, ഒരു കലാചരിത്ര വിചാര മാതൃക യിൽ നിന്നും മറ്റൊന്നിലേക്ക് എന്നമട്ടിൽ അദ്ദേഹത്തിൻ്റെ കലാകൽപനയെ സജീവമാ ക്കി പ്രവഹിച്ച അതിരില്ലാത്ത ഊർജതിൽ ആ പേരിൻ്റെ അർത്ഥം നിലനിന്നു.

വിവാൻ സുന്ദരം

ഈ ലോകത്തെക്കുറിച്ചുള്ള, കലയെയും, കലയ്ക്ക് പൊതുവായ പൗര- സാംസ്കാരിക പ്രവർത്തനങ്ങളുമായുള്ള സങ്കീർണ ബന്ധങ്ങളെയും ചൊല്ലിയുള്ള കൗതുകത്തിൽ അത് നിലനിന്നു. മറ്റൊരു തലത്തിൽ, സംസ്കാരത്തിൻ്റെ പുരാവസ്തു ഗവേഷകൻ എന്ന നിലയിൽ വിഖ്യാതനായ മുത്തച്ഛൻ ഉമ്രാവോ സിങ് ഷേർ-ഗിലിൻ്റെയും ഇന്ത്യൻ ആധുനികതയുടെ തുടക്കക്കാരിൽ ഒരാളായ അനിതരസാധാരണയായ വലിയമ്മ, അമൃതാ ഷേർ-ഗിലിൻ്റെയും ജീവചരിത്രങ്ങളോടുള്ള അദ്ദേഹത്തിൻ്റെ സമീപനത്തിൽ – അതുവഴി സാമ്രാജ്യം – കൊളോണിയലിസം – വർണവ്യവസ്ഥ എന്നിവയുടെ പേരിലുള്ള കീഴ്‌വഴക്കങ്ങൾ ലംഘിക്കുമ്പോഴും തങ്ങൾ ജീവിച്ച പാശ്ചാത്യ പൗരസ്ത്യ സമൂഹങ്ങളിൽ ഇടപെടാനുള്ള അവകാശം നില നിർത്തിക്കൊണ്ട് തന്നെ ഇന്ത്യൻ – യൂറോപ്യൻ ആധുനികതകളെയും കലാരൂപങ്ങളെയും ഇടകലർത്തുന്ന അവരുടെ തനതു രീതികളെയും സ്വന്തം വ്യക്തിത്വങ്ങളെ അടയാളപ്പെടുത്തിയ വ്യത്തിരിക്തമായ ശൈലികളെയും, അത്തരത്തിൽ അവർ ജീവിച്ച ചരിത്ര മുഹൂർത്തങ്ങളോടുള്ള വിവാൻ്റെ സമീപനത്തിലും മേൽപ്പറഞ്ഞ ഉൾക്കാഴ്ചയും അറിവും കാണാനാവും

റീ -ടേക്ക് ഓഫ് അമൃതയിൽ നിന്നും ഉമ്റാവോ സിങ് ഷെ‍ർ-​ഗിലും അമൃതാ ഷെർ-ഗിലും –
ഒരു ഡിജിറ്റൽ ഫോട്ടോ മൊണ്ടാഷ്

1988 ഡിസംബറിൽ വിവാൻ സുന്ദരത്തിന്റെ ചാ‍ർക്കോൾ, കൊളാഷ് സീരീസായ ലോങ് നൈറ്റിനെ മുൻനി‍ർത്തിക്കൊണ്ടുള്ള ഒരു ലേഖനത്തിലൂടെയാണ് ഞാൻ എന്റെ കലാരചനാ കരിയറിനു തുടക്കമിട്ടത്.

ലോങ് നൈറ്റ് സീരീസിൽ നിന്നും ട്രാക്ക്ട്ടർ മാർക്ക്-2 എന്ന ചിത്രം

പ്രദ‍ർശനങ്ങളിലും, കോൺഫ്രൻസുകളിലും, പ്രഭാഷണങ്ങളിലും, അദ്ദേഹത്തിന്റെ വീട്ടിലും, സാമൂഹ്യ സാഹചര്യങ്ങളിലും ഞങ്ങൾ കണ്ടുമുട്ടിക്കൊണ്ടിരുന്നു. ദൃശ്യകല, സാംസ്കാരിക ചരിത്രം, സാഹിത്യം, മനഃശാസ്ത്രം എന്നിവയിലൂടെ ഞങ്ങളുടെ സംഭാഷണം ഒഴുകിക്കൊണ്ടിരുന്നു. ഒരേ സമരങ്ങളിൽ ഞങ്ങൾ പങ്കാളികളായി, ഒരേ പെറ്റീഷനുകളിൽ ഞങ്ങൾ ഒപ്പുവെച്ചു. അധിക്ഷേപക‍ർക്കെതിരെയുള്ള എം.എഫ് ഹുസൈന്റെ ചെറുത്തു നിൽപ്പ് ഉൾപ്പെടെയുള്ളവയിൽ, ‘സേവ് ചന്ദ്രമോഹൻ’ കാമ്പയിൽ പോലുള്ളവയിൽ രാജ്യത്തുടനീളം പ്രകടനങ്ങൾ സം​ഘടിപ്പിക്കുന്നതിലും. 2011 ലെ വെനീസ് ബിനാലെയിൽ ഞാൻ ഇന്ത്യയുടെ ആദ്യത്തെ ദേശീയ പവലിയൻ ക്യൂറേറ്റ് ചെയ്യവെ അധികാര മേഖലകളിൽ നിന്നും ചില പ്രയാസങ്ങൾ നേരിട്ടപ്പോൾ വിവാൻ എന്റെ പുറത്തു തട്ടിക്കൊണ്ട് പറ‍ഞ്ഞു, ”ഇക്കാര്യങ്ങൾ നേരിടുന്നതിൽ എന്തെങ്കിലും പ്രയാസങ്ങളുണ്ടെങ്കിൽ, പറയാൻ മടിക്കരുത്, നമ്മൾ പഴയ പ്രചാരകരാണ്”.

വിവാൻ സുന്ദരം

അദ്ദേഹത്തിന്റെ നിരവധി പ്രദ‍ർശനങ്ങൾ ഞാൻ വിശകലനം ചെയ്യുകയൊ, പ്രതികരണ ലേഖനങ്ങൾ എഴുതുകയൊ ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകൾക്കിടയിൽ ഒരു ദൃശ്യകലാകാരനായുള്ള അദ്ദേഹത്തിന്റെയും ഒരു കവിയായുള്ള എന്റെയും പരിണാമങ്ങളിൽ ശക്തമായ ഒരടുപ്പം ഉയർന്നുവന്നു.

നിര്‍ബന്ധിതാവസ്ഥയിലുള്ള അദ്ദേഹത്തിന്റെ ചിത്ര സൃഷ്ടികളിലേക്ക് ഞാന്‍ സഹജവാസനയാലുള്ള പ്രതികരണങ്ങള്‍ നടത്തി. അദ്ദേഹത്തിൻ്റെ കലാസൃഷ്ടികളിലെ അത്യന്തം ശ്രദ്ധേയമായ ഒരേടിൽ, ഒരൊടിഞ്ഞ പ്രോപ്പല്ലറിലും പ്രവർത്തനം നിർത്തിയ ഒരെഞ്ചിനിലും തങ്ങി നിൽക്കുന്ന വ്യാവസായികതയുടെ പൊട്ടിലും പൊടിയിലും, യന്ത്രങ്ങളുടെ എണ്ണക്കറയിലും, വായുവിൽത്തങ്ങിയ ഉപ്പുവാടയിലും തൻ്റെ പരിപൂർണ ശ്രദ്ധചേർത്തപ്പോൾ, ഞാനതിനോട് ജൈവികമായിത്തന്നെ പ്രതികരിച്ചു. യാത്രകളോ ടും കച്ചവടക്കാരൻ്റെ, വിദേശ പണ്ഡിതൻ്റെ, പഴവഞ്ചിയിലും, തെണ്ടിക്കപ്പലിലും നടുക്കടലിൽ അലയുന്ന നാടൻ പരദേശിയുടെ ഒക്കെ രൂപങ്ങളോടും ഉള്ള വിവാൻ്റേ അഭിനിവേശത്തെ ഞാൻ സ്നേഹിച്ചിരുന്നു.

എഞ്ചിൻ ഓയിൽ ആന്റ് ചാർക്കോൾ സീരീസിൽ നിന്നും- എ റിവർ കാരീസ് ഇറ്റ്സ് പാസ്റ്റ്

രണ്ടു കവിതകൾ അദ്ദേഹത്തിനായി ഞാൻ സമ‍ർപ്പിച്ചു, ഒന്ന് 2001 ൽ പുറത്തിറങ്ങിയ എന്റെ സമാഹാരത്തിൽ ഉൾപ്പെട്ട ദ സ്ലീപ്പ് വാക്കേ‍ർസ് ആർക്കേവും മറ്റൊന്ന് എന്റെ ഏറ്റവും പുതിയ പുസ്തകത്തിലെ ഐസ് ലൈറ്റ് (2023) എന്ന കവിതയും. വിവാന്റെ അജയ്യമായ ധൈര്യവും ചരിത്ര രേഖകളുടെ ബഹുലതയിൽ ഇടപെടാനുള്ള കഴിവും പ്രതീക്ഷക്ക് വക നൽകാത്ത രോഗനിർണയങ്ങളിലും തീർത്തും ഇരുണ്ട സന്ദർഭങ്ങ ളിലും വിവാൻ പ്രതീക്ഷ കൈവിട്ടില്ല. രാഷ്ട്രീയ നിലങ്ങൾ വിട്ടു, ജീവിതത്തിൻ്റെ മറ്റു സുഖകരമായ കോണുകളിലേക്കു പിൻ മടങ്ങാൻ കൂട്ടാക്കാത്ത നിൽപും ഞാനെന്നും ആദരവോടെ കണ്ടു.

രഞ്ജിത് ഹൊസ്കോട്ട്

കഴിഞ്ഞ വ‍ർഷം സെപ്റ്റംബ‍ർ 12 ന് വിവാൻ എനിക്ക് എഴുതിയ ഒരു കത്തിൽ, പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ കലാജീവിത​ഗ്രന്ഥത്തിൽ ഞാൻ അഭിമുഖീകരിക്കണമെന്ന് അദ്ദേഹം ആ​ഗ്രഹിച്ച വശങ്ങൾ ഓരോന്നും ചൂണ്ടിക്കാണിച്ചു – ” വ്യത്യസ്ത ഇടങ്ങളിൽ വിവിധ ദശാബ്ദങ്ങളിൽ ചെയ്തതാണിവ. ജലയാത്രകളെയും അഭയസ്ഥാനങ്ങളെയും കുറിച്ചുള്ളതാണിവ. പ്രവാസവും അഭയവും; ബോട്ടും ഷെഡും. ഇത് സുരക്ഷിതമല്ലാത്ത യാത്രകളെയും താൽക്കാലിക അഭയങ്ങളെയും സൂചിപ്പിക്കുന്നു, അപകടകരമായ ജീവിതം. ഈ ജോലിക്കായി ഞാൻ എന്തിനാണ് നിങ്ങളെക്കുറിച്ച് ചിന്തിച്ചതെന്ന് നിങ്ങൾക്കിപ്പോൾ ഊഹിക്കാനായേക്കാം. നിങ്ങൾക്ക് താൽപ്പര്യമുണ്ടാകുമോ? നിങ്ങൾ സമയം കണ്ടെത്തുമോ? ” ഞാൻ അദ്ദേഹത്തെ പിന്തുട‍ർന്നതു പോലെ അദ്ദേഹം എന്റെ യാത്രയെ പിന്തുട‍ർന്നു എന്നയറിവ് എന്നെ ഏറെ ആഴത്തിൽ തൊട്ടു. തീ‍ർച്ചയായും വിവാൻ ഞാൻ ഈ ലേഖനം നിങ്ങൾക്കായി പൂ‍ർത്തിയാക്കും. പക്ഷെ അതു വായിക്കാൻ നിങ്ങൾ ഉണ്ടാവില്ലെന്ന സത്യം എന്റെ ഹൃദയം തക‍ർക്കുന്നു. വിട, സഹനാവികാ, നദീതടങ്ങളിലെയും കടൽവഴികളിലെയും പാറകളുടെയും പ്രവാഹങ്ങളുടെയും വിഷമകരമായ വഴികളുടെ പിന്തുട‍ർച്ചക്കാരാ..

വിവർത്തനം : ആദിൽ മഠത്തിൽ

കടപ്പാട് : നാഷണൽ ഹെറാൾഡ്

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read