അംബേദ്ക്കറുടെ രാഷ്ട്രീയ ബുദ്ധൻ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“So long as Brahmanism remains a living force and so long as people continue to stick to it because it confers privileges upon one class and puts handicaps on others,I am afraid that till then there will be the necessity for those who suffer from these handicaps to organise themselves and what harm is there if they do organise themselves?” – Dr. B.R Ambedkar

മൂന്ന് ലക്ഷം അനുയായികളുമായി ബുദ്ധ മതം സ്വീകരിച്ചുകൊണ്ട്, ‘ബ്രാഹ്മണിസം’ എന്ന അസമത്വത്തിനെതിരെ ബാബാസാഹേബ് അംബേദ്ക്കർ മുന്നോട്ടുവെച്ച ‘ബുദ്ധിസം’ എന്ന സമത്വമാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിപ്ലവം. 1956 ഒക്ടോബർ 14 ന് നാഗ്പൂരിലെ ദീക്ഷഭൂമിയിൽ നടന്ന ചരിത്രപരമായ സമ്മേളനത്തിൽ വെച്ചാണ് അംബേദ്‌ക്കർ അദ്ദേഹത്തിന്റെ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചത്. “ഞാൻ ഒരു ഹിന്ദുവായി ജനിച്ചു. പക്ഷേ, ഹിന്ദുവായി മരിക്കില്ല” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മതപരിവർത്തനമായിരുന്നു അത്.

1956 ഒക്ടോബർ 14 ന് നാഗ്പൂരിൽ വച്ച് ആയിരക്കണക്കിന് അനുയായികൾക്ക് ഡോ. ബി.ആർ. അംബേദ്ക്കർ ദീക്ഷ നൽകുന്നു. കടപ്പാട്:navayan.com

1981 ഏപ്രിൽ 14ന് മഹാരാഷ്ട്രയിൽ ജനിച്ച ബാബാസാഹേബിന്റെ കുട്ടികാലം വിവേചനവും, അസമത്വങ്ങളും നിറഞ്ഞതായിരുന്നു. വിദ്യാഭ്യാസത്തിനായി വിദേശത്ത് പോയി തിരികെ ഇന്ത്യയിൽ എത്തിയ അംബേദ്‌ക്കർ ഇന്ത്യൻ സമൂഹത്തിൽ അനീതി നേരിട്ടിരുന്ന അടിച്ചമർത്തപ്പെട്ട ജനങ്ങൾക്കായി, നീതിയും പൊതുവിഭവങ്ങളിൽ തുല്യ പ്രവേശനവും ആവശ്യപ്പെട്ട് 1927-ൽ ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ചു. ഇന്ത്യയിൽ നിലനിന്നിരുന്ന തൊട്ടുതീണ്ടായ്മയുടെയും അസമത്വത്തിന്റെയും ആണിവേര് ജാതിവ്യവസ്ഥയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം അതിനെതിരെ രാഷ്ട്രീയപരമായും, സാമൂഹികപരവുമായുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചു. ജലലഭ്യതയ്ക്കായി മഹദ് സത്യാഗ്രഹം, കലാറാം ക്ഷേത്ര പ്രസ്ഥാനം പോലുള്ള ക്ഷേത്ര പ്രവേശന സമരങ്ങൾ തുടങ്ങിയ പൊതു പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് അനീതിക്കും അസമത്വത്തിനും എതിരെ ശക്തമായ പോരാട്ടങ്ങളാരംഭിച്ചു. 1927-ൽ മനുസ്മൃതി എന്ന ജാതീയ പുസ്തകം പരസ്യമായി കത്തിച്ചുകൊണ്ട് അദ്ദേഹം ഹിന്ദു യാഥാസ്ഥിതികതയെ വെല്ലുവിളിച്ചു. ദലിതരുടെ വിദ്യാഭ്യാസം, സാമ്പത്തിക ശാക്തീകരണം, സംവരണം ഉൾപ്പെടെയുള്ള രാഷ്ട്രീയ അവകാശങ്ങൾക്കായി നിലകൊള്ളുകയും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിൽ നിന്ന് മുക്തമായ ഒരു സമൂഹത്തിനായി പരിശ്രമിക്കുന്നതിലൂടെ, അനീതി നേരിട്ടിരുന്ന സമൂഹത്തിന് ആത്മാഭിമാനവും അന്തസ്സും നേടാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.

1956 ഒക്ടോബർ 14-ന് ചടങ്ങിൽ ഡോ. ബി.ആർ അംബേദ്ക്കർ ഭാര്യ സവിത അംബേദ്ക്കറിനൊപ്പം.

1950-ൽ കൊൽക്കത്തയിലെ മഹാബോധിക്ക് ബാബാസാഹേബ് സംഭാവന ചെയ്ത, ‘ബുദ്ധനും അദ്ദേഹത്തിന്റെ മതത്തിന്റെ ഭാവിയും’ എന്ന ലേഖനത്തിൽ അംബേദ്ക്കർ
ധാർമ്മികതയ്ക്ക് ഊന്നൽ നൽകുന്നുണ്ട്. “ബുദ്ധന്റെ മതം ധാർമ്മികതയാണ്” എന്ന് അദ്ദേഹം അതിൽ പറയുന്നു. “ബുദ്ധമതം ധാർമ്മികതയല്ലെങ്കിൽ ഒന്നുമല്ല.” ബുദ്ധമതം യുക്തിയെയും അനുഭവത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറയുന്നുണ്ട്. ബാബാസാഹേബ് അംബേദ്ക്കറിന്റെ അഭിപ്രായത്തിൽ ഹിന്ദു മതത്തിൽ ധാർമ്മികതയ്ക്ക് സ്ഥാനമില്ല, അത് അസമത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ബ്രാഹ്മണ മതത്തിന്റെ സാമൂഹികമായ ആധിപത്യത്തിനെതിരെ വിമർശനാത്മകമായി അംബേദ്‌കർ മുന്നോട്ടുവെച്ച നിലനിൽപ്പിന്റെയും ചെറുത്തുനില്പിന്റെയും രാഷ്ട്രീയമാണ് ബുദ്ധൻ. അംബേദ്ക്കറെ സംബന്ധിച്ചിടത്തോളം, സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന് കടമെടുത്ത നിലവിലെ ആശയങ്ങളല്ല, മറിച്ച് 2500 വർഷങ്ങൾക്ക് മുമ്പ് ബുദ്ധൻ പഠിപ്പിച്ചവയാണ്. തന്റെ ജീവിതത്തിലെ 35 വർഷം എല്ലാ മതങ്ങളെയും കുറിച്ച് വ്യക്തമായ പഠനങ്ങൾ നടത്തിയതിന് ശേഷമാണ് മഹാപരിനിർവാണത്തിന് മുമ്പ് അദ്ദേഹം ബുദ്ധമതം സ്വീകരിച്ചത്.

ഡോ. ബി.ആർ അംബേദ്ക്കർ ആദ്യ ഭാര്യ രമാബായിയുടെ മരണശേഷം 1935-ൽ ഒരു ഭിക്ഷുവായി (ബുദ്ധമത സന്യാസി) മാറിയപ്പോൾ. കടപ്പാട്:wikipedia

1954 ജൂലൈയിൽ ബർമ്മയിലേക്കുള്ള തന്റെ യാത്രയിൽ, ഡോ. അംബേദ്ക്കർ ബർമ്മയിലെ ബുദ്ധമത ശാസന കൗൺസിലിനോട് സംസാരിച്ച ശേഷം, ഇന്ത്യയിൽ ബുദ്ധമത പരിവർത്തനത്തിനായുള്ള പ്രചാരണം നടത്താനുള്ള നിർദ്ദേശം മുന്നോട്ടുവച്ചുകൊണ്ട് കൗൺസിലിന് ഒരു മെമ്മോറാണ്ടം സമർപ്പിക്കുകയുണ്ടായി.

മെമ്മോറാണ്ടം I ബർമയിലെ ബുദ്ധിസ്റ്റ് ശാസന കൗൺസിലിനോട് അംബേദ്‌ക്കർ നടത്തിയ സംഭാഷണത്തിൽ നിന്ന്:

“ഇന്ത്യ ബുദ്ധമതത്തിന്റെ ജന്മസ്ഥലമാണ്. ബി.സി 543 മുതൽ എ.ഡി 1400 വരെ ഏകദേശം 2000 വർഷക്കാലം ഇന്ത്യയിൽ അത് അഭിവൃദ്ധി പ്രാപിച്ചു. ബുദ്ധമതം അപ്രത്യക്ഷമായെങ്കിലും ബുദ്ധന്റെ നാമം ഇപ്പോഴും ആരാധിക്കപ്പെടുന്നു. ബുദ്ധ മതത്തിന്റെ ഓർമ്മകൾ ഇപ്പോഴും പച്ചപിടിച്ചിരിക്കുന്നു. ഇന്ത്യയിൽ ബുദ്ധ മതം വാടിയ സസ്യമായിരിക്കാം, പക്ഷേ അതിന്റെ വേരുകൾ നശിച്ചു എന്ന് പറയാൻ കഴിയില്ല. മറ്റ് രാജ്യങ്ങളിൽ പാസ്‌പോർട്ട് ഇല്ലാതെ ബുദ്ധമതം ഒരു നുഴഞ്ഞുകയറ്റക്കാരനായി കണക്കാക്കപ്പെട്ടേക്കാം. എങ്കിലും, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുദ്ധന് പാസ്‌പോർട്ടിന്റെ ആവശ്യമില്ല, വിസയുടെയും.”

ബാബാസാഹേബിന്റെ അഭിപ്രായത്തിൽ ഇന്ത്യ ജനാധിപത്യപരമായ രാജ്യമല്ല. ജനാധിപത്യം ഒരു റിപ്പബ്ലിക്കിൽ നിന്നും പാർലമെന്ററി സർക്കാരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ജനാധിപത്യത്തിന്റെ വേരുകൾ പാർലമെന്ററി അല്ലെങ്കിൽ മറ്റേതെങ്കിലും ഗവൺമെന്റിന്റെ രൂപത്തിലധിഷ്ഠിതമല്ല. ഒരു ഗവൺമെന്റ് രൂപത്തേക്കാൾ അപ്പുറമാണ് ഒരു ജനാധിപത്യം. അത് പ്രാഥമികമായി കൂട്ടായ്മയോടെയുള്ള ഒരു ജീവിത രീതിയാണ്. സാമൂഹിക ബന്ധത്തിന്റെ വേരുകളാണ് ജനാധിപത്യം. എന്നാൽ എണ്ണിയാൽ തീരാത്ത ജാതികളാൽ നിറഞ്ഞ സമൂഹം ജനാധിപത്യത്തിന്റെ മൂല്യങ്ങൾക്കെതിരായിട്ടാണ് ഇന്ത്യയിൽ നിലകൊള്ളുന്നത്. ഇന്ത്യയിൽ എല്ലാം ജാതിയാൽ മാത്രം നിർണ്ണയിക്കപ്പെടുന്നു. ഈ അവസരത്തിൽ അംബേദ്ക്കറുടെ ബുദ്ധൻ ഒരു രാഷ്ട്രീയ നായകനാണ്. അടിമത്തത്തിന്റെയും ബ്രാഹ്മണ മേൽക്കോയ്മയുടെയും കൊടികുത്തി വാഴ്ചയ്‌ക്കെതിരെ അംബേദ്‌കർ മുന്നോട്ടുവെച്ച ജ്ഞാനോദയമാണ് ബുദ്ധൻ. അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ ശബ്ദമായി രൂപം കൊള്ളുകയാണ് ഇവിടെ ബുദ്ധൻ. അവകാശ സമരങ്ങളുടെ, നിലനിപ്പിന്റെ, ആത്മാഭിമാനത്തിന്റെ കാലാൾപ്പടയുടെ നേതാവാണ് ഇവിടെ ബുദ്ധൻ.

“Religion is for man and not man for religion.For getting human treatment,convert yourself.Convert for getting organised.Convert for becoming strong.Convert for securing equality.Convert for getting liberty” – Dr. B.R Ambedkar

ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ ഉനയിൽ ഗോരക്ഷകരുടെ മർദ്ദനത്തിന് ഇരയായ നാല് പുരുഷന്മാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 300 ദലിതർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു. (2016ൽ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച ഫോട്ടോ).

ഹിന്ദു മതസമൂഹത്തെ പരിഷ്കരിക്കുക എന്നതല്ല തന്റെ ലക്ഷ്യമെന്നും, അതിനായി ഒന്നും തന്നെ ത്വജിക്കേണ്ടതില്ല എന്നും സാമൂഹിക അനീതിക്കും തൊട്ടുതീണ്ടായ്മയ്ക്കുമെതിരെ സ്വാതന്ത്ര്യം നേടുക എന്നതാണ് മതപരിവർത്തനത്തട്ടിന്റെ ലക്ഷ്യമെന്നും പറഞ്ഞുവെക്കുന്നതിലൂടെ അനീതിയിലധിഷ്ഠിതമായ ഒരു സമൂഹത്തിൽ സ്വാതന്ത്ര്യം അർഹിക്കുന്ന ഒരു ജനവിഭാഗത്തിനെ ജനാധിപത്യപരമായ ഒരു ഇടത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് അദ്ദേഹം. അംബേദ്ക്കർ തെളിയിച്ച ബുദ്ധ വെളിച്ചം ഇന്നും ഇന്ത്യയുടെ അടിസ്ഥാന ജനങ്ങൾക്ക് പ്രകാശം പകരുന്നുണ്ട്. അതിനുദാഹരണമാണ് ഇന്നും ബുദ്ധനെ തേടുന്ന ജനങ്ങൾ. അശോക് വിജയദശമി ദിനത്തോട് അനുബന്ധിച്ച് 2022 ഒക്ടോബർ 5ന് ഡൽഹിയിലെ അംബേദ്‌ക്കർ ഭവനിൽ പതിനായിരം പേരോളം ബുദ്ധ മതം സ്വീകരിക്കാനുള്ള ദീക്ഷയിൽ പങ്കെടുത്തിരുന്നു. ജാതി വിവേചനത്തിനെതിരെ ഒരു പ്രസ്താവനയിൽ, ഗുജറാത്തിലെ സൂറത്തിലെ 80 ദലിത് കുടുംബങ്ങൾ 2025 മെയ് 14 ന് അമ്രോലിയിലെ ബോംബെ കോളനിയിലെ ആനന്ദ് ബുദ്ധ വിഹാറിൽ നടന്ന ഒരു ചടങ്ങിൽ ബുദ്ധമതം സ്വീകരിച്ചിരുന്നു.

മതം മാറുന്നതിനുള്ള ഔദ്യോഗിക അനുമതി നേടുന്നതിനുള്ള നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന് ശേഷമായിരുന്നു ഈ മതം മാറ്റം. പരമ്പരാഗത ഹിന്ദു ആചാരങ്ങളിൽ നിലനിൽക്കുന്ന ജാതി വിവേചനത്തിൽ നിന്ന് മോചനം തേടി ഈ കുടുംബങ്ങൾ 2023 ൽ ബുദ്ധമതം ഔദ്യോഗികമായി സ്വീകരിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിച്ചതായി ദി മൂക്നായക് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നീണ്ട രണ്ട് വർഷത്തെ നിയമ നടപടികൾക്ക് ശേഷമാണ് അനുമതി ലഭിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഗുജറാത്തിൽ സമീപ വർഷങ്ങളിൽ ദലിതർ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് മതം മാറിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള അക്രമങ്ങളും, വിവേചനവും ഇതിന് കാരണമായിട്ടുണ്ട്. മതപരിവർത്തനം ദലിത് വിമോചനത്തിനുള്ള ഒരു മാർഗമാണെന്നും വിവേചനപരമായ ആചാരങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ആധിപത്യത്തെ വെല്ലുവിളിക്കാനുള്ള ഒരു മാർഗമാണെന്നുമുള്ള ഡോ. അംബേദ്ക്കറുടെ തത്ത്വചിന്തയുടെ തുടർച്ചയായ പ്രസക്തിയെ ഈ മതപരിവർത്തനങ്ങൾ എടുത്തുകാണിക്കുന്നു.

“Political democracy cannot last unless there lies at the base of it social democracy.What does social democracy mean?It means a way of life which recognizes liberty,equality and fraternity as the principles of life” – Dr.B.R Ambedkar.

References

Ambedkar, B. R. “Buddha and His Dhamma.” Ambedkar, B. R. Dr. Babasaheb Ambedkar: Writings and Speeches. Ed. Vasant Moon. Vol. XI. Delhi: Dr. Ambedkar Foundation, 1979.

An excerpt from ‘Iconoclast: A Reflective Biography of Dr Babasaheb Ambedkar’, by Anand Teltumbde.

Dr Ambedkar writings and speeches Volume 20 (The future of Buddha and his Dhamma)

Dr Ambedkar writings and speeches Volume 18(1) (What Path to Salvation)

Dr. Babasaheb Ambedkar Writings And Speeches, (Dr. Ambedkar Foundation, Ministry of Social Justice & Empowerment, Govt. of India, 2019) (Re-print)

(റിസർച്ച് സ്കോളർ ആണ് ലേഖിക)

Also Read

4 minutes read October 14, 2025 5:39 am