ഞങ്ങൾക്ക് കൃഷി ചെയ്ത് ജീവിക്കണം, സർക്കാർ ഭൂമി നൽക്കണം

സർക്കാർ നിലവിൽ ആദിവാസിൾക്ക് 10 സെന്റാണ് നൽകുന്നത്. ഞങ്ങൾക്ക് അത് പോരാ. വനാവകാശ നിയമ പ്രകാരമുള്ള ഒരേക്കർ ഭൂമി വേണം. മലപ്പുറം ജില്ലയിൽ സർക്കാർ ഭൂമി കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് ഞങ്ങൾക്ക് അവർ അത് നൽകാത്തത്?” ഭൂമി ആവശ്യപ്പെട്ട് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിന് മുന്നിൽ 21 ദിവസമായി തുടരുന്ന നിരാഹാര സമരത്തിന് നേതൃത്വം നൽകുന്ന ഗിരിദാസന്റെയും കൂട്ടരുടെയും ചോദ്യമാണിത്. സമരം രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ സർക്കാർ സംവിധാനങ്ങൾ സമരത്തെ പരിഗണിക്കുകയോ മന്ത്രിതല ഇടപെടൽ ഉണ്ടാവുകയോ ചെയ്തിട്ടില്ല.

ഗിരിദാസൻ

ആദിവാസി ജനതയോട് സർക്കാർ തുടരുന്ന വംശീയ വേർതിരിവിന്റെ മറ്റൊരടയാളമായി മാറുകയാണ് നിലമ്പൂരിലെ ഈ സമരം. ഭൂമി എന്ന ആവശ്യമുന്നയിച്ച് നിലമ്പൂരിലെ ആദിവാസികൾ ഇതാദ്യമായല്ല സമരം ചെയ്യുന്നത്. “ഈ ഭൂസമരം 2018 ൽ തുടങ്ങിയതാണ്. ഭൂമിക്ക് വേണ്ടിയുള്ള മുറവിളി തുടങ്ങിയിട്ട് ഏറെയായി. അന്ന് ഞങ്ങൾ വനത്തിനുള്ളിലാണ് സമരം നടത്തിയത്. അന്നും വാക്കാൽ പറഞ്ഞത് ഭൂമി കണ്ടെത്തും എന്നാണ്. 2018 കഴിഞ്ഞിട്ട് വർഷം അഞ്ചായി ഇതുവരെ ഒരാദിവാസിക്കും ഭൂമി ലഭിച്ചിട്ടില്ല.” സമരപന്തലിൽ ഉണ്ടായിരുന്ന ചന്ദ്രൻ പറയുന്നു.

ആദിവാസി വനിത ബിന്ദു വൈലാശ്ശേരിയും ഗീത അരവിന്ദുമാണ് ഐ.റ്റി.ഡി.പി ഓഫീസിന് മുന്നിൽ ഇപ്പോൾ നിരാഹാരമിരിക്കുന്നത്. ഇരുന്നൂറോളം ആദിവാസി കുടുംബങ്ങളാണ് ഈ സമരത്തിൽ പങ്കുചേരുന്നത്. സ്ത്രീ പങ്കാളിത്തം ശക്തമാണ്. ചാലിയാർ പഞ്ചായത്തിലെ അകംപാടം, ഇടിവണ്ണ, പാറേക്കാട്, മൈലാടി പ്രദേശങ്ങളിലെ 18 ആദിവാസി കോളനികളിൽ നിന്നുള്ള പണിയർ, നായിക്കന്മാർ, കുറുമർ, ആളന്മാർ തുടങ്ങിയ ഗോത്ര വർഗങ്ങളിൽ നിന്നുള്ളവരാണ് സമരത്തിൽ പങ്കുചേരുന്ന ആദിവാസി കുടുംബങ്ങൾ.

ബിന്ദു വൈലാശ്ശേരി നിരാഹാരത്തിൽ

സമരം ഒരു ജനതയുടെ നിലനിൽപ്പിന്റെ ആവശ്യമാകുന്നത് എങ്ങനെയെന്നും കാണാൻ കഴിയും. സമര ഭടന്മാർ ഗ്രൂപ്പുകളായി തിരിഞ്ഞുകൊണ്ട് ഊഴമനുസരിച്ച് ജോലിക്ക് പോവുകയും അതിൽ നിന്ന് ലഭിക്കുന്ന വരുമാനം സമരാവശ്യത്തിനും സമരം ചെയ്യുന്നവരുടെ നിത്യചിലവുകൾക്കും വേണ്ടി കൂട്ടായി പങ്കുവെയ്ക്കുകയും ചെയ്യുന്നു . ജോലിക്ക് പോകാത്ത ഗ്രൂപ്പുകൾ സമരപന്തലിൽ തുടർന്നുകൊണ്ട് സമരം ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകുന്നു. പൊതുയോഗങ്ങൾ ഉള്ളപ്പോൾ എല്ലാവരും സമരപന്തലിൽ ഉണ്ടാകും. എടുത്തുകാട്ടാൻ ഒരു നേതൃത്വമില്ലെങ്കിലും കൂട്ടായ്മയാണ് ഇവിടുത്തെ നേതൃത്വം. എല്ലാവരും എല്ലാം ചെയ്യുന്നു. ഇന്ന് സമര പന്തലിൽ ഉള്ളവർ നാളെ പണിക്ക് പോകുന്നു. പണിക്ക് പോയവർ പിറ്റേന്ന് സമരം നയിക്കുന്നു.

കേരളത്തിലെ ആദിവാസികളുടെ ഭൂമി എന്ന ആവശ്യം 2004ൽ തത്വത്തിൽ അംഗീകരിച്ച സുപ്രീംകോടതി 2009 ലാണ് അന്തിമ വിധി പുറപ്പെടുവിക്കുന്നത്. ഈ ഉത്തരവ് പ്രകാരം 538 ഏക്കർ ഭൂമിയാണ് നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികൾക്ക് സംസ്ഥാന സർക്കാർ നൽകേണ്ടത്. എന്നാൽ 2009 ൽ വന്ന വിധിയെ വനംവകുപ്പും പട്ടികവർഗ വകുപ്പും 2019 വരെ നടപ്പാക്കാതെ മൂടിവെച്ചു. ആദിവാസി സംഘടനകളുടെ ഇടപെടലിനെ തുടർന്നാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. ചാലിയാർ, ചുങ്കത്തറ, നിലമ്പൂർ മേഖലകളിലായാണ് വിതരണം ചെയ്യേണ്ടുന്ന 538 ഏക്കർ വനഭൂമിയുള്ളത്. സുപ്രീംകോടതി വിധിപകർപ്പിൽ ഇത് വളരെ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും വരെ സമീപിച്ച് ആദിവാസികൾ ഈ ഭൂമി പതിച്ചുകിട്ടാനായി വർഷങ്ങളോളം നടന്നെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. വനം വകുപ്പ് 538 ഏക്കറിൽ നിന്നും 278 ഏക്കർ ഭൂമി മാത്രമാണ് വെട്ടിത്തെളിച്ച് റവന്യൂ വകുപ്പിന് കൈമാറിയത്. ബാക്കി ഭൂമി എവിടെ എന്നുള്ള ചോദ്യത്തിന് വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ വനഭൂമിയാതിനാൽ അത് കൈ മാറാൻ സാധിക്കില്ലെന്ന മറുപടിയാണ് വനം വകുപ്പിൽ നിന്നും ലഭിക്കുന്നത്. 538 ഏക്കർ വനഭൂമി ആദിവാസികൾക്ക് നൽകുക എന്നതാണ് സുപ്രീം കോടതി ഉത്തരവ് എന്നിരിക്കെ, ആർക്കുവേണ്ടിയാണ് അത് വെട്ടിതെളിച്ച് 278 ഏക്കർ റവന്യൂ ഭൂമിയാക്കി കൈമാറിയത് എന്ന ചോദ്യത്തിന് അധികൃതർ ഇപ്പോഴും മറുപടി നൽകുന്നില്ല.

സമരസമിതിയുടെ പ്രതിഷേധ ജാഥ

ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് നിലമ്പൂരിലെ ആദിവാസികൾ സമരം ചെയ്യുന്നത്.

“10 സെന്റോ 20 സെന്റോ നൽകി ഞങ്ങളെ അവർ ഒതുക്കാനാണ് ശ്രമിക്കുന്നത്. ഇത് പാസാക്കിയൽ പിന്നീട് ഒരുകാലത്തും ഞങ്ങൾക്ക് അവകാശപ്പെട്ട ഭൂമി അവർ നൽകില്ല. ഞങ്ങൾ 200 പേരാണ് ഇപ്പോൾ സമരം ചെയ്യുന്നത്. ബാക്കിയുള്ളവർക്ക് സർക്കാർ നല്കുന്ന 10 സെന്റ് മതി, ഇത്രേം എങ്കിലും സർക്കാരിൽ നിന്ന് കിട്ടുന്നില്ലേ എന്ന് പറഞ്ഞിരിക്കുന്നവരാണവർ. മലപ്പുറം ജില്ലയിൽ 25 ഹെക്ടറോളം വനഭൂമി ഞങ്ങൾക്ക് വേണ്ടി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ആയിരത്തോളം വരുന്ന അപേക്ഷകർക്ക് അവർക്ക് അവകാശപ്പെട്ട രീതിയിൽ ഭൂമി നൽകാതെ 10 സെന്റിലും 20 സെന്റിലും ഞങ്ങളെ തളയ്ക്കുകയാണ്. ഞങ്ങൾ ഇപ്പോൾ കൂലി പണിക്കാണ് പോകുന്നത്. ഞങ്ങൾക്ക് കൃഷി ചെയ്തു ജീവിക്കണം. അതിന് സർക്കാർ ഭൂമി നൽക്കണം. കോളനിയിൽ ഓരോ കുടുംബത്തിനും ഇപ്പോഴുള്ളത് മൂന്ന് സെന്റ് സ്ഥലമാണ്. പട്ടയമോ ഭൂമിയുടെ രേഖയോ ഞങ്ങൾക്ക് ഇല്ല. വീട് വെയ്ക്കാനുള്ള ഭൂമി മാത്രമേ പഞ്ചായത്തും ഐ.റ്റി.ടി.പി ഓഫീസും ഞങ്ങൾക്ക് തരൂ. ചില കോളനികളിലെ വീടുകളിൽ കുളിമുറിയും ബാത്ത്റൂമും പോലുമില്ല. അവർക്ക് കോളനിയോട് ചേർന്ന് പൊതു കക്കൂസാണ് ഉണ്ടാക്കി നൽകിയത്. രാത്രി ഒക്കെ ഇത് വലിയ ബുദ്ധിമുട്ടാണ്. കോളനിയിലെ എല്ലാർക്കും വീട് ഇല്ല. കുറെ പേർ ഷീറ്റ് വലിച്ചുകെട്ടിയാണ് താമസിക്കുന്നത്. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് വേണ്ടി ഞങ്ങൾ നടന്ന് മടുത്തു. സ്കൂൾ തുറക്കുമ്പോൾ കുട്ടികളെയും ഉൾപ്പെടുത്തി സമരം ശക്തമാക്കാനാണ് ഞങ്ങളുടെ തീരുമാനം. ഭൂമി ഇല്ലാതെ വിദ്യാഭ്യാസം ലഭിച്ചിട്ട് എന്ത് കാര്യം. ഭൂമി ലഭിക്കും വരെ ഞങ്ങൾ ശക്തമായി സമരം ചെയ്യും.”

സമരത്തിൽ പങ്കെടുക്കുന്ന ഗിരിദാസിന്റെ ഈ വാക്കുകൾ ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാണ്. നിലമ്പൂരിലെ പല ആദിവാസി കോളനികളിലെ വീടുകളും ലേബർ ക്യാമ്പുകളെക്കാൾ മോശമാണ്. ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ പാറേകാട് കോളനിയിലെ കുറുമ്പിയുടെ 420 ചതുരശ്ര അടി വീട്ടിൽ 23 പേരാണ് താമസിക്കുന്നത്. ഒരു മുറിയിൽ എട്ട് പേർ വരെയാണ് അന്തിയുറങ്ങുന്നത്.

സമരത്തിൽ നിന്നും

1524 പേരാണ് ഒരു സെൻറ് ഭൂമിപോലുമില്ലാത്തവരായി നിലമ്പൂരിലെ ആദിവാസി മേഖലയിലുള്ളത്. കളക്ടറും ഡെപ്യൂട്ടി കളക്ടറും സമരക്കാരുമായി സംസാരിച്ചെങ്കിലും അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല. “ഭൂമിയില്ല, സർക്കാരിൽ നിന്നും ഇതേ കൊടുക്കാൻ സാധിക്കുകയുള്ളൂ. ഈ ഭൂമി 20 സെന്റായി തിരിച്ച് ഭൂരഹിതർക്ക് നൽകും. സമരക്കാർ ആവശ്യപ്പെടുന്ന രീതിയിൽ നാൽകാനുള്ള ഭൂമിയിവിടില്ല, പുതുതായി കണ്ടെത്തിയിട്ടേ അതിനെക്കുറിച്ച് ആലോചിക്കാൻ പറ്റുകയുള്ളൂ.” എന്നാണ് ഐ.റ്റി.ഡി.പി ഓഫീസർ പറയുന്നത്. ഇതിലൂടെ, സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് നിലമ്പൂരിലെ ആദിവാസികൾക്ക് നൽകാനായി പ്ലോട്ട് തിരിച്ച് അടയാളപ്പെടുത്തിയ 538 ഏക്കർ ഭൂമി വിതരണം ചെയ്യപ്പെടാതെ പോവുകയാണ്.

ഗീത അരവിന്ദ് നിരാഹാരത്തിൽ

ഇപ്പോൾ സമരത്തിലുള്ള ഇരുകുത്തി കോളനി നിവാസികൾ ഭൂമിക്ക് വേണ്ടി നിലമ്പൂർ ഐ.റ്റി.ഡി.പി ഓഫീസിന് മുന്നിൽ ഏപ്രിൽ 10ന് നിരാഹാര സമരം നടത്തിയിരുന്നു. ഭൂമി തരാമെന്ന് വാഗ്ദാനം നല്കിയാണ് അതികൃതർ അവരെ സമരത്തിൽ നിന്നും പിന്തിരിപ്പിച്ചത്. പക്ഷെ പിന്നീട് ഒന്നും സംഭവിച്ചില്ല. പാലിക്കാത്ത വാഗ്ദാനങ്ങളുടെ തീരാക്കഥകളാണ് ഇവർക്ക് പറയാനുള്ളത്. അതിലൊന്നാണ് പ്രളയ സമയത്ത് ഒലിച്ചു പോയ വാണിയംപുഴയിലെ പാലം പുനർനിർമ്മിക്കുക എന്നത്. നിരവധി ആദിവാസി കോളനികളുടെ ആശ്രയമായിരുന്ന പാലം പണിതുതരാമെന്ന് കളക്ടർ വാഗ്ദാനം നൽകിയിട്ട് കൊല്ലം മൂന്നു കഴിഞ്ഞു എന്നാണ് സമരത്തിൽ പങ്കെടുക്കുന്ന ആദിവാസി യുവാവായ ചന്ദ്രൻ പറയുന്നത്. “അവരുടെ ഒക്കെ വാക്ക് വെറും വാക്ക് മാത്രമാണ്. ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ചോദിക്കാനും പറയാനും ആരുമില്ല. അവർക്ക് ഇടയിൽ നിന്നും ആരും വരുന്നുമില്ല. ഞങ്ങൾക്ക് പൊലീസിനോട് സംസാരിക്കാനൊന്നും ധൈര്യമില്ല. പൊലീസിനെ ഭയമാണ്. നിരപരാധികളായ ഞങ്ങൾ എപ്പോഴും ആക്രമിക്കപ്പെടുന്നതുകൊണ്ടാണ് ഞങ്ങൾക്ക് ഈ ഭയം.” ചന്ദ്രൻ കൂട്ടിച്ചേർക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read