മത്സ്യമേഖലയെ പട്ടിണിയിലാഴ്ത്തുന്ന ട്രംപിന്റെ അധികത്തീരുവ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സാർവ്വദേശീയ രാഷ്ട്രീയ സംഭവങ്ങൾ മുതൽ കാലാവസ്ഥയിലെ പ്രാദേശികമാറ്റം വരെ അതിനിർണ്ണായക സ്വാധീനം ചെലുത്തുന്ന മേഖലയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി മേഖല. കടൽ മണൽഖനനം, ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശത്തും സ്വദേശത്തുമുള്ള വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് അനുമതി നൽകാനുള്ള നീക്കം, കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി മത്സ്യസമ്പത്തിലുണ്ടാകുന്ന കുറവും, മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത സാഹചര്യവും, മുങ്ങിയ കപ്പലിൽ നിന്ന് ഒഴുകിനടക്കുന്ന കപ്പൽ ഉപകരണങ്ങളും കപ്പലിലെ എണ്ണയും രാസവസ്തുക്കളും മത്സ്യസമ്പത്തിനും കടലിന്റെ ആവാസ്ഥവ്യവസ്ഥയിലും സൃഷ്ടിക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ, കപ്പലിൽ നിന്ന് കടലിലേക്ക് വീണ കണ്ടെയ്നറുകളിലും അവയുടെ അവശിഷ്ടങ്ങളിലും തട്ടി മത്സ്യബന്ധനത്തിന് പോകുമ്പോൾ വലകൾ കീറിപ്പോകുന്ന അവസ്ഥ എന്നിങ്ങനെ കേരളത്തിലെ മത്സ്യബന്ധന മേഖല ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. അപ്പോഴാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ കയറ്റുമതി തീരുവനയം ഇരുട്ടടിയായി കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ തലയിൽ വന്നുപതിക്കുന്നത്.

ട്രംപിന്റെ അധിക തീരുവ നയങ്ങൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും അടിസ്ഥാന വർഗ്ഗങ്ങളുടെ ജീവിതത്തേയും തകർക്കുന്നവയാണ്. സമുദ്രോത്പന്നങ്ങൾക്കുണ്ടായിരുന്ന 8.5 ശതമാനം ഇറക്കുമതി തീരുവ അധിക തീരുവയുൾപ്പടെ 58.5 ശതമാനമായാണ് ട്രംപ് ഉയർത്തിയത്. ഈ നയങ്ങൾ നമ്മുടെ മത്സ്യബന്ധന മേഖലയിൽ വരുത്താൻ പോകുന്ന ദുരിതങ്ങൾ വിവരണാതീതമായിരിക്കും. കേരളത്തിൽ നമ്മൾ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങളിലധികവും കയറ്റുമതി പ്രാധാന്യമുള്ളവയാണ്. അന്നന്നത്തെ അന്നത്തിന് വേണ്ടി തണ്ടുവലിച്ചും, പാ കെട്ടി ഓടിച്ചും, വലകോരിയും, തുഴഞ്ഞു പോയി ചൂണ്ടയിട്ടും പ്രവർത്തിച്ചിരുന്ന മത്സ്യബന്ധന ഉരുക്കൾക്ക് ഉപരിതല മത്സ്യങ്ങളും ചെമ്മീനുകളുമായിരുന്നു മുമ്പ് ലഭിച്ചിരുന്നത്. മത്സ്യബന്ധനമേഖലയിലേക്ക് ഇന്ത്യോ നോർവിയൻ പ്രോജക്ടിലൂടെയായിരുന്നു ആധുനീകരണത്തിന്റെയും യന്ത്രവൽക്കരണത്തിന്റെയും കടന്നുവരവ്. മത്സ്യബന്ധനോപകരണങ്ങളിൽ കൂടുതൽ സാങ്കേതികത്വവും യന്ത്രവൽക്കരണവും നടത്തി, ആഴക്കടലിലെ മത്സ്യസമ്പത്തിനെ കൂടുതലായി ചൂഷണം ചെയ്തെടുക്കണമെന്നതും, അതിനായി ഈ രംഗത്ത് കൂടുതൽ മുതൽമുടക്ക് നടത്തണമെന്നുമുള്ളതായിരുന്നു ഈ പദ്ധതി മുന്നോട്ടുവെച്ച ആശയം. ആഴക്കടലിലെ ചെമ്മീനുകൾക്കും, ചില പ്രത്യേകതരം മീനുകൾ, കണവ, കൂന്തൽ എന്നിവയ്ക്കും വിദേശ കമ്പോളങ്ങളിൽ കൂടുതൽ സ്വീകാര്യത ലഭിച്ചതോടെ അവയെ കൂടുതലായി പിടിച്ചെടുക്കുക, സംസ്കരിച്ച് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതായി മാറി മത്സ്യബന്ധന മേഖലയിലെ പ്രധാന സർക്കാർ പദ്ധതി.

കയറ്റുമതി ചെയ്യാനുള്ള ചെമ്മീൻ. കടപ്പാട്:mathrubhumi

കടൽ പ്രക്ഷുബ്ധമാകുന്ന അവസരങ്ങളിൽ പോലും മത്സ്യബന്ധന ഉരുക്കൾക്ക് മത്സ്യബന്ധനം നടത്തുന്നതിനുവേണ്ടി കടലിലേക്ക് പോകാനും കടലിൽ നിന്ന് തിരികെവരാനും, കിട്ടിയ മത്സ്യങ്ങൾ വേഗം വിറ്റഴിക്കാനും വേണ്ടി തീരങ്ങളിൽ ഫിഷിങ് ഹാർബറുകൾ നിർമ്മിച്ചു. ചെമ്മീൻ-മത്സ്യശീതീകരണ ശാലകൾ, ചെമ്മീൻ-മത്സ്യസംസ്കരണ ശാലകൾ എന്നിവയൊക്കെ ഇതിന്റെ ഭാഗമായി ഉയർന്നുവന്നു. കടലിൽ പോയി മീൻ പിടിക്കുന്നവർക്കൊപ്പം ഫിഷിങ് ഹാർബറുകൾ, ഐസ് പ്ലാന്റുകൾ, മത്സ്യശീതീകരണ-സംസ്കരണ ഫാക്ടറികൾ എന്നിവിടങ്ങളിലും നിരവധി പേർക്ക് തൊഴിൽ പ്രദാനം ചെയ്യുന്ന മേഖലയായി മത്സ്യബന്ധനരംഗം മാറി. കടലിൽ പോയി മീൻ പിടിക്കുന്നവർ മുതൽ തുറമുഖങ്ങളിൽ ചരക്കുകയറ്റി അയക്കുന്നവർവരെയുള്ള ഒരു തൊഴിലാളി ശൃംഖല മത്സ്യബന്ധന രംഗവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടുവന്നു. ഇതുകൂടാതെ ആഭ്യന്തര കമ്പോളങ്ങളിൽ മത്സ്യവിതരണം, മത്സ്യവിപണനം എന്നീ മേഖലകളിലെ ധാരാളം പേരും മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്.

കൂടുതൽ മുതൽമുടക്കും കൂടുതൽ പ്രവർത്തന ചെലവും ആവശ്യമായതോടെ, വിദേശ കമ്പോളങ്ങളിൽ ഡിമാന്റുള്ളതും വാണിജ്യ പ്രാധാന്യമുള്ളതുമായ ചെമ്മീൻ, കണവ, കൂന്തൽ, ആഴക്കടൽ മത്സ്യങ്ങൾ എന്നിവ കൂടുതലായി പിടിക്കാൻ മത്സ്യത്തൊഴിലാളികൾ നിർബന്ധിതരായി. പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന ഉരുക്കളും, വലകളും ഈ രംഗത്ത് നിന്നും ഏറെക്കുറെ അപ്രത്യക്ഷമായി. തിരുവനന്തപുരം ജില്ലയുടെ തെക്കുഭാഗത്തുള്ള വളരെ ചെറിയൊരു വിഭാഗം മത്സ്യത്തൊഴിലാളികളും, കൊല്ലം ജില്ലയിലെ തങ്കശ്ശേരി ഭാഗങ്ങളിലുള്ള വളരെ കുറച്ച് മത്സ്യത്തൊഴിലാളികളും മാത്രമേ ഇപ്പോഴും ചൂണ്ട, ഒഴുക്കുവല, കമ്പാവല എന്നിവ പോലുള്ള പരമ്പരാഗത മത്സ്യബന്ധന രീതികൾ അവലംബിച്ച് മത്സ്യബന്ധനം നടത്തുന്നുള്ളൂ. ബാക്കിയുള്ള തീരദേശങ്ങളിലെല്ലാം ഇനി പിന്നോട്ടുപോകാൻ കഴിയാത്തതരത്തിൽ സാങ്കേതികവിദ്യയും, മൂലധനവും, ആധുനികവൽക്കരണവും മത്സ്യബന്ധന മേഖലയിൽ പിടിമുറുക്കിയിട്ടുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും അവരുടെ ജീവിതവും ഇതിനനുസൃതമായ രീതിയിലേക്ക് പരിവർത്തനപ്പെടുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ, രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ വിദേശ കമ്പോളങ്ങളിലുണ്ടാകുന്ന ഏതൊരു ചെറിയമാറ്റം പോലും കേരളത്തിലെ തീരദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തുമെന്ന് സാരം. ഈ പശ്ചാത്തലത്തിൽ വേണം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റിയയക്കുന്ന ഉത്പന്നങ്ങൾക്ക്‌ ഏർപ്പെടുത്തിയ അധിക തീരുവ കേരളത്തിലെ തീരദേശജനങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന പ്രതിസന്ധികളെയും ദുരിതങ്ങളെയും വിലയിരുത്തേണ്ടത്.

ചെമ്മീൻ പീലിംഗ് യൂണിറ്റ്. കടപ്പാട്:hawaiitribune

കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി

നമ്മുടെ യന്ത്രവൽകൃത ബോട്ടുകളും, വലിയ ഇൻബോർഡ് വള്ളങ്ങളും പ്രധാനമായി പിടിക്കുന്ന നാരൻ, പൂവാലൻ, കഴന്തൻ, കരിക്കാടി, തുടങ്ങിയ ചെമ്മീനിനങ്ങളും ചൂര, ആവോലി, നെയ്മീൻ, കോര, പാര, വേള, കിളിമീൻ, നങ്ക്, സ്രാവ്, കണവ, കൂന്തൽ തുടങ്ങിയവും കയറ്റുമതി ചെയ്യുന്നവയാണ്. ഇവയ്ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് താരതമ്യേന കൂടുതൽ വില ലഭിക്കുന്നുണ്ട്. ഈ ചെമ്മീനുകളും മീനുകളും പിടിച്ച് വിൽക്കുമ്പോൾ കിട്ടുന്ന ആകെ വരുമാനത്തിൽ നിന്നും മത്സ്യബന്ധന ഉരുക്കളുടെ പ്രവർത്തനചെലവ്, ഉപകരണങ്ങൾ വാങ്ങിയതിനുള്ള മുടക്കുമുതലിന്റെ തിരിച്ചടവ് വിഹിതം, അറ്റകുറ്റപണികൾക്കായി മുമ്പ് വാങ്ങിയ കടത്തിന്റെ തിരിച്ചടവ്, ഉടമക്കാശ്, ലാഭക്കാശ്, പങ്കുകാശ്, കമ്മീഷൻ കാശ്, ലേലക്കാശ്, കൊട്ടക്കാശ്, ആരാധനാലയങ്ങളിലേക്കുള്ള പങ്ക്, ഹാർബറിലെ അനാമത്ത് ചെലവ്
എന്നിവയെല്ലാം കഴിഞ്ഞുള്ള തുകയാണ് തൊഴിലാളികൾ അതാത് ദിവസത്തെ അവരുടെ എണ്ണത്തിനാനുപാതികമായി കൂലിയായി വീതിച്ചെടുക്കുന്നത്.

സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ)യുടെ 31/03/2025ലെ കണക്ക്പ്രകാരം രാജ്യം കഴിഞ്ഞ സാമ്പത്തികവർഷം 62,408.45 കോടി രൂപ (7.45ബില്യൺ യു.എസ്.ഡോളർ)യ്ക്ക് തുല്യമായ വിദേശനാണ്യം സംസ്കരിച്ച സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ നേടിയിട്ടുണ്ട്. അതിൽ കേരളത്തിൽ നിന്നുള്ള കയറ്റുമതിയുടെ മൂല്യം 7456.84 കോടി രൂപയാണ്. സമുദ്രോത്പന്ന കയറ്റുമതിയിൽ 43,334.25 കോടി രൂപയും ചെമ്മീൻ കയറ്റുമതിയിലൂടെയാണ് ലഭിച്ചത്. സമുദ്രോത്പന്ന കയറ്റുമതിയുടെ 43.76 ശതമാനവും ചെമ്മീനാണ് (അവലംബം: വാർഷിക റിപ്പോർട്ട്, എം.പി.ഇ.ഡി.എ.31/03/2025).

നമ്മുടെ സമുദ്രോത്പന്നങ്ങളുടെ വലിയപങ്കും കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. അമേരിക്കയിലേക്ക് ഇക്കഴിഞ്ഞ സാമ്പത്തികവർഷം 3,46,868 മെട്രിക് ടൺ സമുദ്രോൽപനങ്ങൽ കയറ്റിയയച്ചതിലൂടെ 2714.94 മില്യൺ യു.എസ് ഡോളർ (ഏകദേശം 23793.73കോടി രൂപ) ആണ് ലഭിച്ചത്. വിലയുടെ മൂല്യത്തിൽ, നമ്മുടെ സമുദ്രോത്പന്ന കയറ്റുമതിയുടെ മൂന്നിലൊന്നും അമേരിക്കയിലേക്കാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ സാമ്പത്തികവർഷം അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ യു.എസ് ഡോളറിൽ 6.5 ശതമാനവും, രൂപയിൽ 8.76 ശതമാനവും, അളവിൽ 5.37 ശതമാനവും വർദ്ധനവുണ്ടായിട്ടുള്ളതായാണ് എം.പി.ഇ.ഡി.എയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. അമേരിക്കയിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ നല്ല സമയത്താണ് നമ്മുടെ ഉത്പന്നങ്ങൾക്ക് ട്രംപ് അധികതീരുവ ചുമത്തുന്നത്. നമ്മുടെ ഉത്പന്നങ്ങൾ അധിക വിലകൊടുത്ത് വാങ്ങാൻ അമേരിക്കൻ ഉപഭോക്താക്കൾ തയ്യാറാകാത്തതോടെ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയിലെ വലിയൊരു കമ്പോളമാണ് നഷ്ടപ്പെടുന്നത്.

കേരളത്തിലെ ചെമ്മീൻ-മത്സ്യസംസ്കരണ ഫാക്ടറികളിലധികവും പ്രവർത്തിക്കുന്നത് കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ തീരപ്രദേശങ്ങളിലാണ്. ഇവിടങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിലെടുക്കുന്നു. അവരിൽ ഗണ്യമായ വിഭാഗം സ്ത്രീകളാണ്. ട്രംപിന്റെ അധിക തീരുവയുടെ ഫലമായി ചെമ്മീൻ-മത്സ്യ കയറ്റുമതി കുറയുന്നതോടെ കയറ്റുമതി പ്രാധാന്യമുള്ള മത്സ്യങ്ങളുടെ സംസ്കരണം നിർത്തിവെയ്ക്കാനും, മത്സ്യമെടുപ്പ് നാമമാത്രമാക്കാനും ചെമ്മീൻ-മത്സ്യ സംസ്കരണ ഫാക്ടറിയുടമകൾ തയ്യാറാവും. ഇത് ഈ മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളെയടക്കം തൊഴിൽ രഹിതരാക്കും. മത്സ്യസംസ്കരണ ഫാക്ടറികൾ ചെമ്മീനും മത്സ്യങ്ങളും എടുക്കാതെ വരുന്നതോടുകൂടി, മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന ചെമ്മീനിനും, മീനിനും വില കിട്ടാതെ വരികയും മത്സ്യത്തൊഴിലാളികൾക്ക് പണിക്ക് പോയാലും കൂലികിട്ടാത്ത അവസ്ഥ സംജാതമാകുകയും ചെയ്യും. തീരുവ നയം നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ തന്നെ, ശീതീകരണ-സംസ്കരണ ഫാക്ടറി ഉടമകൾ ഹാർബറുകളിൽ നിന്നെടുക്കുന്ന ചെമ്മീനിന്റേയും, കണവ, കൂന്തൽ, കിളിമീൻ എന്നിവയുടെയും വില ഗണ്യമായ തോതിൽ കുറച്ചു. കട്ടിൽ ഫിഷ് അഥവാ പേ കണവയ്ക്ക് കിലോയ്ക്ക് 400 രൂപയുണ്ടായിരുന്നത് 300 രൂപയായും, 320 രൂപ വിലയുണ്ടായിരുന്ന ഒക്ടോപ്പസിന് 230 രൂപയായും കുറച്ചാണ് ഹാർബറുകളിൽ കഴിഞ്ഞദിവസം കച്ചവടം നടന്നത്. ഇപ്പോൾ തന്നെ ദുരിതപൂർണമായ ജീവിതം നയിക്കുന്ന തീരദേശമേഖല മുഴുപട്ടിണിയായി മാറുന്ന നാളുകളായിരിക്കും വരാനിരിക്കുന്നത്.

പ്രതീകാത്മക ചിത്രം. കടപ്പാട്:thenkadalmeenavan

മുഖ്യധാരയുടെ അവഗണന

സവിശേഷ സാഹചര്യത്തിൽ ജീവിക്കുന്ന ജനവിഭാഗമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന്റെ ജീവിതനിലവാരത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തെ ഉയർത്തികൊണ്ട് വരുന്നതിനായി സ്റ്റേറ്റിന്റെ പ്രത്യേകമായ ശ്രദ്ധയുണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. സ്വാതന്ത്ര്യാനന്തരം പൊതുസമൂഹം സ്വായത്തമാക്കിയ നേട്ടങ്ങളെല്ലാം, ആസൂത്രണ-വികസന നയങ്ങളുടെ ഫലമായി നിഷേധിക്കപ്പെട്ട, പിന്നാക്ക-ദരിദ്ര ജനവിഭാഗങ്ങളാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം. ഫിഷറീസ് വകുപ്പിന്റെ 2022-23 ലെ കണക്കനുസരിച്ച് 10.60 ലക്ഷമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജനസംഖ്യ. ഇത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 3.1 ശതമാനമാണ്. 8.16 ലക്ഷം ജനങ്ങൾ കടലോര മത്സ്യത്തൊഴിലാളി സമൂഹത്തിലും 2.44 ലക്ഷം ജനങ്ങൾ കായലോര മത്സ്യത്തൊഴിലാളി സമൂഹത്തിലും ജീവിക്കുന്നു. 222 കടലോര ഗ്രാമങ്ങളിലും, 113 കായലോര ഗ്രാമങ്ങളിലുമായി ഇവർ അധിവസിക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോർഡിന്റെ 2022-23ലെ കണക്കനുസരിച്ച് 2,40,974 പേർ നേരിട്ട് മത്സ്യബന്ധന പ്രക്രിയയിലും 78,659 പേർ അനുബന്ധ മത്സ്യമേഖലയിലും പണിയെടുക്കുന്നതായി കണക്കാക്കപ്പെടുന്നു. (അവലംബം: കേരളാ ഫിഷർമെൻ വെൽഫെയർ ഫണ്ട്‌ ബോർഡ്, സാമ്പത്തിക അവലോകന റിപ്പോർട്ട് 2023, കേരള സംസ്ഥാന ആസൂത്രണ ബോർഡ്).

ആഗോള രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമായി ലോക പൊലീസ് ചമയുന്ന അമേരിക്കയുടെ ഭ്രാന്തൻ രാഷ്ട്രീയ നയങ്ങളുടെയും വ്യാപാര നയങ്ങളുടെയും ഭാഗമായി രാജ്യത്തിന് വിദേശനാണ്യവും, പൊതുസമൂഹത്തിന് ഏറ്റവും കുറഞ്ഞ ചെലവിൽ കൂടുതൽ പോഷക മൂല്യമുള്ള ആഹാരവും പ്രദാനം ചെയ്യുന്ന ഒരു ജനത വലിയ പ്രതിസന്ധികൾ നേരിടുമ്പോൾ, ഇതൊരു വിഷയമായി പോലും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കാണുന്നില്ലയെന്നത് മത്സ്യത്തൊഴിലാളി സമൂഹത്തോട് അവർക്കുള്ള സമീപനത്തിന്റെ തെളിവാണ്. ട്രംപിന്റെ ‘ഫ്രണ്ട്’ മോദിയുടെ കേന്ദ്ര സർക്കാരും, ‘ക്ഷേമ സർക്കാർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംസ്ഥാന സർക്കാരും ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ എന്ത് പദ്ധതികളാണ് ഉദ്ദേശിക്കുന്നത്?

Also Read

6 minutes read September 3, 2025 9:20 am