ഇസ്രായേലിന് മുന്നിൽ രണ്ട് വഴികളുണ്ട്

സിറിയൻ തലസ്ഥാനമായ ദമാസ്ക്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാനിയന്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡർ ജെനറല്‍ മുഹമ്മദ് റെസ സഹേദിയുടെയും സംഘവും കൊല്ലപ്പെട്ടതിനെ തുടർന്ന് ചരിത്രത്തിൽ ആദ്യമായി ഇറാൻ ഇസ്രായേലിനെ നേരിട്ട് ആക്രമിച്ചിരിക്കുന്നു. യുദ്ധത്തിന്റെ വക്കിലാണ് മേഖലയെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറെസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. സമാധാനത്തിനുള്ള ആഹ്വാനങ്ങൾ തുടരുമ്പോഴും യുദ്ധഭീതി നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തെ എങ്ങനെയാണ് വിശകലനം ചെയ്യുന്നത്?

യുദ്ധഭീതിയുണ്ട്. കുറച്ചുകാലമായി യുദ്ധഭീതി നിലനിൽക്കുന്നുമുണ്ട്. ഇറാന്റെ പ്രത്യാക്രമണത്തിന് മുന്നേ, ഒക്ടോബർ 7 മുതൽ തന്നെ. ഗാസയിലെ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഹിസ്ബുള്ള ഇസ്രായേലിനെ ആക്രമിക്കുന്നുണ്ട്. ഇസ്രായേൽ ഹിസ്ബുള്ളയെ തിരിച്ച് ആക്രമിക്കുന്നുണ്ട്. ചാവുകടലിൽ ഹൂതികൾ പല കപ്പലുകളും ആക്രമിക്കുകയും അമേരിക്ക ഹൂതികൾക്കെതിരെ ബോംബ് ചെയ്യുകയുമുണ്ടായി. അതുപോലെ ഇറാഖിലും സിറിയയിലുമുള്ള ഷിയാ മിലിറ്റൻസ് ജോർദാനിലെ അമേരിക്കൻ മിലിറ്ററി ബേസിനെ ആക്രമിച്ചിരുന്നു. അതിനെതിരെ പലഭാഗങ്ങളിലായി അമേരിക്ക വ്യോമാക്രമണം നടത്തിയിട്ടുണ്ട്. അങ്ങനെ ഒരു യുദ്ധഭീതിയിലൂടെയാണ് കഴി‍ഞ്ഞ ആറ് മാസമായി പശ്ചിമേഷ്യ പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ നിലവിൽ ഈ യുദ്ധഭീതി രൂക്ഷമാകുന്നതിന് കാരണം ഏപ്രിൽ ഒന്നിന് ഇസ്രായേൽ നടത്തിയിട്ടുള്ള ഇറാന്റെ എംബസി ബോംബിങ്ങാണ്.

അന്താരാഷ്ട്ര നിയമങ്ങളുടെയും, ജനീവാ കൺവെൻഷെന്റെയും എല്ലാം ലംഘനമാണ് ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം. രണ്ടാം ലോക മഹായുദ്ധ കാലത്ത് പോലും പരസ്പരം യുദ്ധം ചെയ്തിരുന്ന രാജ്യങ്ങൾ എംബസികൾ ആക്രമിച്ചിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1960 കളിലാണ് ജനീവാ കൺവെൻഷൻ വരുന്നത്. അതിന് മുമ്പ് പോലും എംബസികളെ ആക്രമണങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നു. ഒരു എംബസി ബോംബിങ്ങ് എന്നു പറയുന്നത് 1998 ൽ അമേരിക്ക ബെൽഗ്രേഡിലെ ചൈനീസ് എംബസിയെ ബോംബ് ചെയ്തതാണ്. അതിനുശേഷം അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ക്ലിന്റൺ ചൈനീസ് സർക്കാറിനോട് പരസ്യമായി മാപ്പ് പറയുകയും വലിയ പ്രതിസന്ധി ഒഴിവാക്കുകയുമുണ്ടായി.

അതേസമയം ഇറാൻ എംബസിയെ ഇസ്രായേൽ മനഃപൂർവ്വം ആക്രമിക്കുകയായിരുന്നു. അതിനെ തുടർന്നുള്ള ഇറാന്റെ പ്രതികരണം അനിവാര്യമായിരുന്നു. എങ്ങനെ പ്രതികരിക്കും എന്ന കാര്യത്തിലാണ് സംശയമുണ്ടായിരുന്നത്. പലരും വിചാരിച്ചത് ഇസ്രായേൽ അവരുടെ പ്രതിനിധികളെ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തുമെന്നായിരുന്നു. എന്നാൽ ഇറാൻ ശക്തമായ ഒരു മുന്നറിയിപ്പ് ഇസ്രായേലിന് നൽകി. സിറിയയിൽ നിന്നോ ലിബിയയിൽ നിന്നോ അല്ല ഇറാനിൽ നിന്നും നേരിട്ടാണ് മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന്റെ സൈനികതാവളം ആക്രമിച്ചത്. കൃത്യമായുള്ള ഒരു മുന്നറിയിപ്പാണ് ഇറാൻ ഇസ്രായേലിന് കൊടുത്തിട്ടുള്ളത്. സിറിയയിലും, ലെബനോണിലും ഇറാന്റെ ജനറലുകൾക്കും ഇറാന്റെ ആസ്തികൾക്കും എതിരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം ഇനിയും തുടർന്നാൽ അതിന് പ്രത്യാഘാതങ്ങളുണ്ടാവും എന്നുതന്നെയാണ് ആ മുന്നറിയിപ്പ്.

ഇറാന്റെ 300 ൽ അധികം മിസൈലുകളും ഡ്രോണുകളുമാണ് ഇസ്രായേൽ ബ്ലോക്ക് ചെയ്തത്. അതിൽ ഭൂരിഭാഗവും വെടിവെച്ചിട്ടു എന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. ഇപ്പോൾ പന്ത് നെതന്യാഹുവിന്റെ കോർട്ടിലാണ്. നെതന്യാഹുവിന് ഇനി പ്രതികരിക്കാം, പ്രതികരിക്കാതിരിക്കാം. തത്കാലത്തേക്ക് ആക്രമണം അവസാനിപ്പിച്ചു എന്നാണ് ഇറാൻ പറയുന്നത്. പക്ഷെ നെതന്യാഹു തിരിച്ചടിക്കും എന്നു തന്നെയാണ് ഞാൻ വിചാരിക്കുന്നത്. അങ്ങനെയങ്കിൽ ഈ പ്രതിസന്ധി ഇനിയും രൂക്ഷമാവും.

സിറിയയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്ന ഇറാനികൾ. കടപ്പാട്: timesofisrael

ഇറാന്റെ പ്രത്യാക്രമണത്തോട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇസ്രായേൽ തിരിച്ചടിക്കും എന്നാണ് വാ‍ർ കാബിനറ്റിന് ശേഷം ഇസ്രേയേൽ സൈനിക മേധാവി ഹെർസി ഹലൈവി പ്രതികരിച്ചിട്ടുള്ളത്. എന്നാൽ ഇസ്രായേൽ പ്രത്യാക്രമണത്തിൽ പങ്കെടുക്കില്ലെന്നാണ് ജോ ബൈഡൻ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രായേൽ ഇനിയും ഇറാനെ ആക്രമിക്കുകയാണെങ്കിൽ അനന്തരഫലങ്ങൾ എന്തെല്ലാമാവും?

    ഇസ്രായേലിന്റെ ആക്രമണത്തിന് അനുസരിച്ചായിരിക്കുമത്. ആക്രമണത്തിൽ അമേരിക്ക പങ്കെടുക്കില്ല എന്ന് ബൈഡൻ പറയുന്നത് ഇസ്രായേലിനെ സംബന്ധിച്ച് വലിയ തിരച്ചടിയാണ്. അമേരിക്കയുടെ പൂർണ്ണ പിന്തുണയില്ലാതെ ഇസ്രായേലിന് ഇറാനുമായി യുദ്ധം ചെയ്യാൻ സാധിക്കുകയില്ല. പ്രതേകിച്ചും ഇസ്രായേലി പട്ടാളം ഗാസയിൽ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. അതേസമയം ഹിസ്ബുള്ളയുമായുള്ള സംഘർഷം നിലനിൽക്കുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ ഇറാനുമായുള്ള ഒരു തുറന്ന യുദ്ധം ഇസ്രായേലിനെ സംബന്ധിച്ച് വളരെയധികം ക്ലേശകരമായിരിക്കും. മാത്രമല്ല, ഇറാൻ ഒരു ചെറിയ രാജ്യമല്ല. ഇറാൻ ഗാസയല്ലല്ലോ. പരമാധികാരമുള്ള ഒരു രാഷ്ട്രമാണ്. അവരുടെ ബാലസ്റ്റിക്ക് മിസൈൽ ശേഷി വളരെ ശക്തമാണ്. അവരത് പ്രകടിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇറാനുമായുള്ള യുദ്ധം ഇസ്രായേലിന് എളുപ്പമാവില്ല. രണ്ട് കൂട്ടർക്കും എളുപ്പമാവില്ല. അമേരിക്കയുടെ പിന്തുണയില്ലാതെ ഇസ്രായേലുമായി നേരിട്ടൊരു യുദ്ധം ഇസ്രായേലിന് ഗുണകരമാവില്ല.

    ഇസ്രായേലിന് മുന്നിൽ രണ്ട് വഴികളുണ്ട്. ബൈഡൻ പറയുന്നത് അവഗണിച്ച് വലിയ രീതിയിലുള്ള പ്രത്യാക്രമണം നടപ്പാക്കാം. ഒടുവിൽ അതൊരു വലിയ യുദ്ധമായി കഴിഞ്ഞാൽ അമേരിക്കയ്ക്ക് ഇടപെടാതിരിക്കാൻ കഴിയില്ല എന്ന് ഇസ്രായേലികൾക്ക് അറിയാം. ഇസ്രായേൽ ഒരു പ്രതിസന്ധിയിൽ അകപ്പെട്ടുകഴിഞ്ഞാൽ അമേരിക്ക പിന്തുണയുമായി വരും. 1973 ൽ വന്നിട്ടുണ്ട്. ഈജിപ്ത് ഇസ്രായേലിനെ പരാജയപ്പെടുത്തുന്ന ഒരു ഘട്ടം വന്നപ്പോഴാണ് അമേരിക്ക ഇസ്രായേലിനെ എയർലിഫ്റ്റ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ബൈഡനെ അവഗണച്ചുകൊണ്ട് ഇസ്രായേലിന് യുദ്ധം ചെയ്യാം. രണ്ടാമത്, വലിയ തീവ്രതയില്ലാതെ ഒരു ആക്രമണം നടത്താം. അത് പല നിലയ്ക്കായിരിക്കാം. ഇറാനെ നേരിട്ട് ആക്രമിക്കാതെ സിറിയയിലും, ലെബനോണിലുമുള്ള ഇറാന്റെ ആസ്തികളെ ആക്രമിക്കുകയാവാം. ഇറാക്കിലും സിറിയയിലുമുള്ള ഇറാന്റെ പ്രതിനിധികളെ ആക്രമിക്കാം. അല്ലെങ്കിൽ അതൊരു സൈബർ അറ്റാക്കായിരിക്കാം. അങ്ങനെ വലിയ തീവ്രതയില്ലാതെ പ്രതികരിക്കാം. മൂന്നാമത്തെ വഴി ഒന്നും ചെയ്യാതിരിക്കുക എന്നുള്ളതാണ്. എന്നാൽ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അത് സാധ്യമാണെന്ന് തോന്നുന്നില്ല. ഇസ്രായേൽ പ്രതികരിക്കും. എങ്ങനെ പ്രതികരിക്കും എന്നുള്ളതാണ് കാത്തിരുന്നു കാണേണ്ടത്. സമ്പൂർണ്ണ യുദ്ധം ഒഴിവാക്കിക്കൊണ്ട് പ്രതികാരം ചെയ്യുക എന്നുള്ളതാണ് നെതന്യാഹു നേരിടുന്ന വെല്ലുവിളി.

    ഗാസയിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തെ അപലപിച്ച് 2023 ഒക്ടോബറിൽ ടെഹ്‌റാനിൽ നടന്ന പ്രതിഷേധം. ​കടപ്പാട്:AFP

    അമേരിക്ക ഇസ്രായേലിന്റെ രക്ഷയ്ക്കെത്തും എങ്കിൽ റഷ്യ ഇറാനെ പിന്തുണക്കുമോ? അങ്ങനെ സഖ്യകക്ഷികൾ തമ്മിലുള്ള ഒരു യുദ്ധമായി ഇറാൻ- ഇസ്രായേൽ സംഘർഷം വളരുമോ?

      നിലവിൽ അതിനുള്ള സാധ്യത വളരെ വിരളമാണ്. റഷ്യ ഇസ്രായേലിന് എതിരെ യുദ്ധത്തിൽ പങ്കുചേരും എന്ന് തോന്നുന്നില്ല. എന്നാൽ അമേരിക്ക ഇറാന് എതിരെയുള്ള യുദ്ധത്തിൽ പങ്കുചേരും, അതിനുളള സാധ്യതയുണ്ട്. ഒരു സമ്പൂർണ്ണ യുദ്ധം ഉണ്ടായിക്കഴിഞ്ഞാൽ. റഷ്യ ഇറാന്റെ സൈന്യത്തെ സഹായിക്കുമായിരിക്കും, യുക്രൈനിൽ റഷ്യയെ ഇറാൻ സഹായിക്കുന്നത് പോലെ. ആയുധങ്ങളും, സൈനിക പിന്തുണയും എല്ലാം റഷ്യ നൽകുമായിരിക്കും. അല്ലാതെ ഇസ്രായേലുമായി നേരിട്ട് ഒരു ആക്രമണത്തിന് റഷ്യ തയ്യാറാകില്ല. അതിനുള്ള സാധ്യത വളരെ വളരെ വിരളമാണ്.

      ഇസ്രായേലിന്റെ നിലവിലെ നീക്കം എന്തുതന്നെയായിരുന്നാലും ഇറാൻ ഇസ്രായേലിന് ഒരു ഭീഷണിയായി തന്നെ തുടരുമല്ലോ?

        ഇറാനെ ഒരു ഭീഷണിയായാണ് ഇസ്രായേൽ കാണുന്നത് എന്ന് മാത്രമല്ല, പശ്ചിമേഷ്യയിൽ ഇസ്രായേലിന്റെ ഏറ്റവും വലിയ ശത്രു ഇന്ന് ഇറാനാണ്. മറ്റ് അറബ് രാജ്യങ്ങളല്ല. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള പ്രശ്നങ്ങൾ നിലവിൽ ഒരു പ്രശ്നമേ അല്ലാതായി മാറിയിരിക്കുകയാണ്. ഇറാൻ മാത്രമാണ് ഇസ്രായേലിനെ വെല്ലുവിളിക്കുന്നത്, ഇസ്രായേലിന്റെ അധിനിവേശത്തെ വെല്ലുവിളിക്കുന്നതും ഇസ്രായേൽ വിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതും ഇറാനാണ്.

        ഇറാന്റെ നൂക്ലിയർ പ്രോഗ്രാമിനെ ഏറ്റവും എതിർക്കുന്നത് ഇസ്രായേലാണ്. ഇസ്രായേലിന് ഒരു അസ്തിത്വ ഭീഷണിയാണ് ഇറാൻ. ഹോളോക്കോസ്റ്റ് നിഷേധിച്ചിട്ടുള്ള, ഹോളോക്കോസ്റ്റ് ഒരു കള്ളമാണെന്നാണ് പറഞ്ഞിട്ടുള്ള ഇറാന്റെ മുൻപ്രധാനമന്ത്രിയായ മഹമ്മൂദ് അഹ്മദി നെജാദ്, ഭൂപടത്തിൽ നിന്ന് തന്നെ ഇസ്രായേലിനെ മായ്ച്ച് കളയണമെന്നാണ് പറഞ്ഞിട്ടുള്ളത്. ഏതൊരു രാഷ്ട്രത്തെ സംബന്ധിച്ചും അതൊരു വലിയ ഭീഷണിയാണ്. അതേസമയം ഒരു വിപ്ലവ ഭരണകൂടമായ ഇറാന്റെ കാഴ്ച്ചപ്പാടിൽ അറബ്-മുസ്ലിം ഭൂമിയിൽ അധിനിവേശം നടത്തുന്ന ഒരു രാഷ്ട്രമായിട്ടാണ് ഇസ്രായേലിനെ കാണുന്നത്. സയണിസ്റ്റ് എന്റിറ്റി എന്നാണ് അവർ ഇസ്രായേലിനെ വിളിക്കുന്നത്. ഇറാന്റെ വിപ്ലവ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളിലൊന്നാണ് ജെറുസലേമിന്റെ വിമോചനം. ഇങ്ങനെ പ്രത്യയശാസ്ത്രപരമായി തന്നെ ഈ രാഷ്ട്രങ്ങൾ തമ്മിൽ ശത്രുതയിലാണ്.

        പശ്ചിമേഷ്യയുടെ ഭൂപടത്തിൽ ഇറാനും ഇസ്രായേലും

        2020 ജനുവരിയിൽ ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാനുണ്ടായ ഏറ്റവും വലിയ നഷ്ടമായാണ് ഇറാന്റെ ഖുദ്സ് ഫോഴ്സിന്റെ സീനിയർ കമാണ്ടറായ റെസ സഹേദിയുടെ കൊലപാതകം വിലയിരുത്തപ്പെടുന്നത്. ഹിസ്ബുള്ളയുമായും ഹമാസുമായുമെല്ലാം ഇറാനെ ബന്ധിപ്പിക്കുന്ന നിർണ്ണായക വ്യക്തിയായി റെസ സഹേദി അറിയപ്പെടുന്നു. റെസ സഹേദിയും സംഘവും പലസ്തീൻ ഇസ്ലാമിസ്റ്റ് ജിഹാദിലെ അംഗങ്ങളുമായി ചർച്ച നടത്താനായി കോൺസുലേറ്റിൽ എത്തിയപ്പോഴാണ് ഇസ്രായേൽ ആക്രമണം ഉണ്ടായതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കൊലപാതകങ്ങളിലൂടെ ഇസ്രായേൽ ലക്ഷ്യമാക്കുന്നതെന്താണ് ?

          പരമാവധി ഐ.ആർ.ജി.സി കമാന്റർമാരെ കൊലപ്പെടുത്തുക എന്നുള്ളതാണ് അടിസ്ഥാനപരമായി ഇസ്രായേലിന്റെ ലക്ഷ്യം. സിറിയയിലും ലെബനോനിലും വ്യോമമാർഗം ആക്രമണം നടത്തിയാണ് ഇസ്രായേൽ അത് നടപ്പിലാക്കുന്നത്. ഡിസംബർ 25 ന് മുതിർന്ന ഐ.ആർ.ജി.സി അഡ്വൈസറായ റാസി മൌസവിയെ കൊലപ്പെടുത്തി. ഏപ്രിൽ ഒന്നിന് ജനറൽ റാസ സഹേദിയോടൊപ്പം രണ്ട് ജനറൽമാരും അഞ്ച് ഓഫീസർമാരും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഐ.ആർ.ജി.സിയുടെ സ്വാധീനം പരമാവധി കുറക്കുക എന്നുള്ളതാണ് ഇസ്രായേലിന്റെ ലക്ഷ്യം.
          എന്നാൽ ആ ലക്ഷ്യം ഫലം കാണുന്നുണ്ടോ എന്നുള്ളതാണ് സംശയം.

          ഖാസിം സുലൈമാനി, ഇറാനെ സംബന്ധിച്ചെടുത്തോളം ഒരു ഐതിഹാസിക നേതാവാണ്. പക്ഷേ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തുക വഴി ഐ.ആർ.ജി.സി.യെയൊ ഖുദ്സ് സേനയേയൊ ക്ഷീണിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. അടിസ്ഥാനപരമായി ഐ.ആർ.ജി.സി ആയാലും ഖുദ്സ് സേനയായിരുന്നാലും സ്ഥാപനങ്ങളാണ് അല്ലാതെ ഒരു വ്യക്തിയല്ല. ഖാസിം സുലൈമാനിക്ക് പകരം എസ്മായിൽ ഖാനി വന്നു. അതുപോലെ റസാ മുഹമ്മദ് സഹേദിയ്ക്ക് പകരവും വേറെ ആളുകൾ വരും. അതിനാൽ ഐ.ആർ.ജി.സി.യെയൊ ഖുദ്സ് സേനയേയൊ ദുർബലപ്പെടുത്താൻ അവർക്ക് ഈ കൊലപാതകങ്ങളിലൂടെ സാധിക്കുന്നില്ല.

          2024 ഏപ്രിൽ 14ന് നടന്ന മിസൈൽ ആക്രമണിന് ശേഷം ഇസ്രായേലിലെ അരാദിന് സമീപം അവശേഷിച്ച റോക്കറ്റ് ബൂസ്റ്ററിൻ്റെ അവശിഷ്ടങ്ങൾ. കടപ്പാട്: ദി ഹിന്ദു.

          ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷണ മേധാവി റഫേൽ ഗ്രോസി ഇറാന്റെ ആണവ കേന്ദ്രങ്ങളെ ഇസ്രായേൽ ലക്ഷ്യമിടുന്നതായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇരുരാജ്യങ്ങളുടെയും ആണവശേഷിയെ കുറിച്ച് വ്യക്തതയില്ലാത്ത അവസ്ഥയാണുള്ളത്. റഫേൽ ഗ്രോസിയുടെ ആശങ്കയെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

            ഇസ്രായേലിന്റെ പക്കൽ നൂക്ലിയർ ബോംബ് ഉണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്. നൂറിലധികം വാ‍ർഹെഡ്സ് ഇസ്രായേലിനുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാൽ അത് ലോകം ചർച്ച ചെയ്യുന്നില്ല. ചർച്ച ചെയ്യാനായി അമേരിക്ക അനുവദിക്കുകയില്ല. പക്ഷേ ഇസ്രായേൽ ഒരു ആണവ രാഷ്ട്രമാണ്. ഐക്യരാഷ്ട്ര സഭയുടെ യാതൊരു നിർദ്ദേശവും ഇസ്രായേലിന് സാധ്യമല്ല എന്നതാണ് അത് ചർച്ച ചെയ്യപ്പെടാതിരിക്കുന്നതിന്റെ കാരണം. അതേസമയം ഇറാന് ഒരു ആക്ടീവ് നൂക്ലിയർ പ്രോഗ്രാമുണ്ട്. എന്നാൽ ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഇല്ല എന്നതാണ് ലോകത്തിന്റെ നിഗമനം. പക്ഷേ ആണവായുധങ്ങൾ നിർമ്മിക്കാനുള്ള ശേഷി ഇറാൻ ആർജിച്ച് കാണാം. ആണവായുധം നിർമ്മാണത്തിന് ആവശ്യമായതെല്ലാം ഇറാന്റെ പക്കലുണ്ട്, ഉണ്ടാവാം എന്നുള്ളതാണ് ഒരു നിഗമനം. എന്നാൽ ആയുധം നിർമ്മിച്ചിട്ടില്ല. ഉണ്ടെങ്കിൽ തന്നെയും അത് വഹിക്കാനുള്ള വാർ ഹെഡ് വേണം. അതെന്തായാലും ഇറാന്റെ പക്കലില്ല. അപ്പോൾ അടിസ്ഥാനപരമായി ഇറാൻ ഒരു ആണവരാഷ്ട്രമല്ല. എന്നാൽ ഇസ്രായേൽ ഒരു ആണവരാഷ്ട്രമാണ്. അങ്ങനെ ഒരു ഭിന്നത ഇക്കാര്യത്തിലുണ്ട്.

            ഇറാന്റെ കയ്യിൽ അത്യാധുനികമായ ബാലിസ്റ്റിക്ക് മിസൈലുകളുണ്ട്. അതാണ് ഇപ്പോൾ ഇറാൻ പ്രകടമാക്കിയിട്ടുള്ളത്. അമേരിക്കയുടെയും ജോർദാന്റെയും യു.കെയുടെയും ഫ്രാൻസിന്റെയും ഇസ്രായേലിന്റെയും ഒക്കെ പ്രതിരോധ സംവിധാനം ഭേദിച്ചുകൊണ്ട് ഇറാന്റെ ബാലിസ്റ്റിക്ക് മിസൈൽ ഒടുവിൽ ഇസ്രായേലിന്റെ സൈനികതാവളം ആക്രമിച്ചു. അതൊരു യാഥാ‍ർഥ്യമാണ്. ആ കഴിവ് പ്രകടിപ്പിക്കുകയായിരുന്നു ഇറാന്റെ ലക്ഷ്യം. ഇസ്രായേലിനെ ആക്രമിക്കണം എന്നുണ്ടെങ്കിൽ ഇസ്രായേലിനെ ആക്രമിച്ചിരിക്കും എന്ന് ഇറാൻ ലോകത്തിന് കാണിച്ചുകൊടുത്തു. ഇനി ഒരു സമ്പൂർണ്ണയുദ്ധം ഉണ്ടായിക്കഴിഞ്ഞാൽ അതൊരു വിനാശകരമായ യുദ്ധം തന്നെയായിരിക്കും. എന്നാൽ ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ ഇറാന്റെ നൂക്ലിയർ ബേസിനെ ലക്ഷ്യമാക്കില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. അത്തരം ഒരു ആക്രമണത്തിന് ഇസ്രായേലിന് അമേരിക്കയുടെ പിന്തുണ ആവശ്യമാണ്. നിങ്ങളുടെ യുദ്ധത്തിൽ പങ്കാളിയാകുന്നില്ല എന്ന് ജോ ബൈഡൻ പറയുമ്പോൾ ഇറാന്റെ നൂക്ലിയർ ബേസിനെ ആക്രമിക്കാൻ ഇസ്രായേലിന് കഴിയില്ല. അത്രയേറെ രൂക്ഷമല്ലാത്ത ഒരു ആക്രമണമാവും നെതന്യാഹു തെരഞ്ഞെടുക്കുന്നുണ്ടാവുക.

            ഇറാൻ – ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നത് പലസ്തീനിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തെ എങ്ങനെയെല്ലാം ബാധിക്കും ?

              ഗാസയിലെ യുദ്ധം തുടർന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇസ്രായേലിന് ഇനി റാഫ ആക്രമിക്കണം. റാഫയിലാണ് ഹമാസിന്റെ അവശേഷിക്കുന്ന ബറ്റാലിയനുകളുള്ളത്. 1.4 മില്ല്യൺ ആളുകൾ അവിടെയുണ്ട്. എന്നാൽ റാഫ ആക്രമണത്തിനുള്ള സാധ്യത ഇനി വിരളമാണ്. കാരണം ഇസ്രയേൽ ഖാൻ യൂനിസിൽ നിന്നും പിൻവാങ്ങി കഴിഞ്ഞു. ഗാസയിൽ ഇസ്രായേലിന്റെ കോംപാക്റ്റ് യൂണിറ്റ് ഉള്ളത് സെണ്ട്രൽ ഗാസയിലും ഗാസ സിറ്റിയിലുമാണ്. ഗാസ സിറ്റിയുടെ ഒരു ഭാഗം ഇസ്രായേൽ ഒരു സെക്യൂരിറ്റി സോൺ ആക്കി മാറ്റിയിട്ടുണ്ട്. അവിടെയാണ് ഇസ്രായേലിന്റെ ഒരു ബറ്റാലിയൻ പട്ടാളക്കാർ ഇപ്പോഴുള്ളത്. മറ്റുള്ളവരെ മുഴുവൻ ഇസ്രായേൽ പിൻവലിച്ച് കഴിഞ്ഞു. പക്ഷേ ഗാസയുടെ മുഴുവൻ നിയന്ത്രവും ഇസ്രായേലിനാണ്. അവിടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ഇസ്രായേലാണ്. വലിയ മാനുഷിക പ്രതിസന്ധി അവിടെ നിലനിൽക്കുന്നുണ്ട്. ഇസ്രായേൽ അവിടെ യഥേഷ്ടം വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. കോംപാക്റ്റ് ഓപ്പറേഷനുകൾ കുറഞ്ഞു. എന്നാൽ 130 ഓളം ബന്ദികൾ ഇപ്പോഴും ഹമാസിന്റെ കൈവശമാണ്, അവരും റാഫയിലാണ്. റാഫയെ ഇസ്രായേൽ ആക്രമിച്ച് കഴിഞ്ഞാൽ 1.4 മില്ല്യൺ ആളുകളാണ് അവിടെയിപ്പോൾ താമസിക്കുന്നത്. അതൊരു വലിയ മാനുഷിക പ്രതിസന്ധിയായി തീരും.

              റാഫ അതിർത്തിയിൽ നിന്നുള്ള കാഴ്ച. കടപ്പാട്:ABCnews

              ബൈഡൻ ഉൾപ്പെടെയുള്ളവർ ഇസ്രായേലിനോട് പറഞ്ഞിട്ടുള്ളത് റാഫ ആക്രമിക്കരുതെന്നാണ്. ഇസ്രായേൽ ഇപ്പോൾ ഒരു വിഷമവൃത്തത്തിലാണ്. ആറ് മാസം കഴിഞ്ഞിട്ടും ഗാസ ഓപ്പറേഷൻ ലക്ഷ്യത്തിൽ എത്തിയിട്ടില്ല. ഹമാസിനെ പൂർണ്ണമായും പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ബന്ദികളെ മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇറാനുമായുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നത്. അതിനാൽ നിലവിലെ സാഹചര്യങ്ങൾ ഇസ്രായേലിന് കാര്യങ്ങൾ ഒട്ടും എളുപ്പമല്ല. ഗാസയിലെ സ്ഥിതിയും പ്രതീക്ഷയ്ക്ക് വക നൽകുന്നതല്ല. കാരണം വെടിനിർത്തലിനുള്ള സാധ്യത വളരെ കുറവാണ്. കെയ്റോയിലെ ചർച്ചയ്ക്ക് ശേഷം ഹമാസ് ഹോസ്റ്റേജ് ഡീൽ നിരാകരിച്ചിരിക്കുകയാണ്. അതിനാൽ ഗാസയിലെ നിലവിലെ പ്രതിസന്ധി ഇനിയും നീണ്ട് പോകാനാണ് സാധ്യത.

              എന്നാൽ കെയ്റോയിലെ ചർച്ചയ്ക്ക് ശേഷം റാഫ ആക്രമിക്കുന്നതിന് ഒരു ഡേറ്റുണ്ട് എന്നാണ് നെതന്യാഹു പറഞ്ഞിട്ടുള്ളത്. ഖാൻ യൂനിസിൽ നിന്നുള്ള പിൻവാങ്ങൽ റഫാ ആക്രമണത്തിനുള്ള മുന്നൊരുക്കമായും വിലയിരുത്തപ്പെട്ടിരുന്നു.

                അങ്ങനെ പലരീതിയിലുമുള്ള നിരീക്ഷണങ്ങളുമുണ്ട്. നമുക്ക് നോക്കാം ഇസ്രായേൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന്.

                INDEPENDENT,
                IN-DEPTH JOURNALISM
                FOR SOCIAL &
                ECOLOGICAL
                JUSTICE

                keraleeyam-logo

                Support Keraleeyam

                Choose Your Preference

                ₹1000/Year

                ₹2000/2 Years

                ₹500/Year(Students)

                One TimeAny Amount

                Also Read