അടിയന്തരാവസ്ഥ അസൈൻമെന്റ്: മാധവിക്കുട്ടിയും മകനും കണ്ട കേരളം

ഓഫ്‌റോഡ്-13

അടിയന്തരാവസ്ഥ കാലത്ത് (1976ൽ) കെ കരുണാകരൻ മാധവിക്കുട്ടിക്ക് ഒരു അസൈൻമെന്റ് നൽകി. സംസ്ഥാനത്തുടനീളം യാത്ര ചെയ്യുക. കേരളത്തിലെ ടൂറിസം വികസനത്തിനാവശ്യമായ നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കുക. മാധവിക്കുട്ടി ഈ ദൗത്യം ഏറ്റെടുത്തു. സഹസഞ്ചാരി ഇളയ മകൻ അന്ന് 10 വയസ്സുള്ള ജയസൂര്യദാസ് നാലപ്പാട്ട്. അമ്മയും മകനും ആ യാത്രയെക്കുറിച്ച് പുസ്തകങ്ങളെഴുതി. ‘കേരള സഞ്ചാരം’ എന്ന പേരിൽ മാധവിക്കുട്ടി. ‘സ്വർഗത്തിലേക്ക് ഒന്നര ടിക്കറ്റ്’ എന്ന ശീർഷകത്തിൽ ജയസൂര്യ. അമ്മയും മകനും ഇംഗ്ലീഷിലാണെഴുതിയത്. പിന്നീട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. കേരള സഞ്ചാരത്തിന്റെ (ഡി.സി.ബുക്ക്‌സ് കോട്ടയം/2009) വിവർത്തകൻ പി.എം ഗോവിന്ദനുണ്ണി. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച സ്വർഗത്തിലേക്ക് ഒന്നര ടിക്കറ്റിന്റെ പരിഭാഷ (മാതൃഭൂമി ബുക്ക്‌സ് കോഴിക്കോട് / 2013) ആര് നിർവ്വഹിച്ചു എന്ന് പുസ്തകത്തിലില്ല. രൂപ കൽപ്പനയും ചിത്രീകരണവും നിർവ്വഹിച്ചത് വെങ്കിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ യാത്രയിൽ മൂത്തമകനും കൂടെയുണ്ടായിരുന്നതായി മാധവിക്കുട്ടി പുസ്തത്തിൽ ഒരിടത്ത് പറയുന്നുണ്ട്. അടിയന്തരാവസ്ഥ കാലത്തെ പോലീസ് സ്റ്റേഷനുകൾ എങ്ങിനെ പ്രവർത്തിച്ചു? ഇതിനെക്കുറിച്ച് പറഞ്ഞുകൊണ്ട് തന്നെയാണ് ‘സബ് ഇൻസ്‌പെക്ടർ പത്മിനി’ എന്ന ശീർഷകത്തിൽ കേരള സഞ്ചാരം ആരംഭിക്കുന്നത്.

മാധവിക്കുട്ടിയുടെ കേരള സഞ്ചാരം

മാധവിക്കുട്ടി എഴുതുന്നു: “എന്റെ യാത്രയിൽ ഞാൻ കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ കൂടി സന്ദർശിക്കണമെന്ന് ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി കെ കരുണാകരൻ ആഗ്രഹിച്ചു. പോലീസുകാർ തങ്ങളുടെ വകുപ്പ് മന്ത്രിയെക്കുറിച്ച് അഭിമാനിക്കുവരായിരുന്നു. നക്‌സലൈറ്റുകളേയും ആർ.എസ്.എസ്‌കാരേയും അടിച്ചമർത്താൻ സാധിച്ചതിൽ അവർ അതീവ സന്തുഷ്ടരുമായിരുന്നു. ‘ഇപ്പോൾ പോലീസ് സ്‌റ്റേഷനോടുള്ള സാധാരണക്കാരുടെ ഭയം ഇല്ലാതായിട്ടുണ്ട്. അവർ നിർഭയം തങ്ങളുടെ പരാതികളുമായി സ്‌റ്റേഷനുകളിലേക്ക് കടന്നുവരുന്നു’. കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ പത്മിനി പറഞ്ഞു.” പിന്നീട് ഇങ്ങിനെ ഒരു പരാമർശവും കാണാം: “കോഴിക്കോട് ഹോട്ടലുകളിലും മറ്റും റെയ്ഡ് ചെയ്ത് ലോക്കപ്പിലാക്കുന്ന വേശ്യകളെ ഒന്നോ രണ്ടോ ദിവസത്തിന് ശേഷം വിട്ടയച്ചിരുന്നു. അവരെ അകത്തുവെച്ചിട്ടെന്തു കാര്യം? പത്മിനി ചോദിച്ചു. അവർ മാത്രമല്ല കുറ്റക്കാർ. അവരുടെ കൂടെ പിടിക്കപ്പെടുന്ന പുരുഷൻമാരെ അവരുടെ സമൂഹത്തിലെ മാന്യത കണക്കിലെടുത്ത് പലപ്പോഴും വിട്ടയച്ചിരുന്നു. അവരാണ് യഥാർത്ഥത്തിൽ ശിക്ഷിക്കപ്പെടേണ്ടത്. പക്ഷെ ഞങ്ങൾ നിസ്സഹായരാണ്. വെറ്റില ചവയ്ക്കു രണ്ടു വേശ്യകളെ ലോക്കപ്പിനകത്ത് ഞാൻ കണ്ടു. അവർ നല്ല ജനുസ്സിൽ പെടുന്ന കറവപ്പശുക്കളെപ്പോലെ തോന്നിച്ചു. മെഡിക്കൽ കോളേജ് ഏരിയ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രാമചന്ദ്രന്റെ അഭിപ്രായത്തിൽ നമ്മുടെ പോലീസ് സ്റ്റേഷനുകളാണ് രാജ്യത്തെ ഏറ്റവും മികച്ചവ. ‘ഈ പരിഷ്‌ക്കാരങ്ങളെല്ലാം മുൻ ഐ.ജി നാഗരവേലു നടപ്പാക്കിയതാണ്. ഞങ്ങളുടെ ലോക്കപ്പുകൾക്ക് അറ്റാച്ച്ഡ് കുളിമുറികൾ പോലുമുണ്ട്’. ശരിയാണ് ഈയിടെയായി കാര്യങ്ങൾ ഒരു പാട് മാറിയിട്ടുണ്ട്. ഞാൻ പത്മിനിയെ ശരിവെച്ചു.”

ഒന്നാം അധ്യായത്തിൽ കരുണാകരന്റെ പോലീസ് ഗംഭീരമായിക്കൊണ്ടിരിക്കുന്നു എന്ന് ഇൻസ്‌പെക്ടർ പത്മിനിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തുന്ന മാധവിക്കുട്ടിയെയാണ് വായനക്കാർ കാണുന്നത്. (അന്നത്തെ മുഖ്യമന്ത്രി സി അച്യുതമനോൻ ഈ പുസ്തകത്തിൽ ഒരു പാർശ്വപരാമർശമായി മാത്രമാണ് കടന്നുവരുന്നത്.) കരുണാകരന് ഈ അസൈൻമെന്റ് നൽകുമ്പോഴുണ്ടായിരുന്ന പ്രധാന ഉദ്ദേശം ഇത്തരത്തിലുള്ള ഒന്നല്ലാതെ മറ്റൊന്നായിരിക്കാൻ ഒരു സാധ്യതയുമില്ല. സ്റ്റേഷനുകളും ലോക്കപ്പുകളും സന്ദർശിച്ച മാധവിക്കുട്ടി അക്കാലത്തെ കുപ്രസിദ്ധമായ ക്യാമ്പുകൾ സന്ദർശിക്കാൻ ശ്രമിച്ചിരുന്നുവോ? അറിഞ്ഞുകൂടാ. പോലീസ് സ്റ്റേഷനുകളെക്കുറിച്ച് അവർ രേഖപ്പെടുത്തിയത് തന്നെ എന്തുമാത്രം അവാസ്തവികമാണെന്ന് അക്കാലത്തെ (ഇക്കാലത്തേയും) ആയിരക്കണക്കിന് സംഭവങ്ങൾ തെളിയിച്ചു കഴിഞ്ഞതാണ്. ലൈംഗികത്തൊഴിലാളികളെക്കുറിച്ച് അവർ നടത്തിയ കറവപ്പശു പ്രയോഗം ഞെട്ടിക്കുന്നതുമാണ്. എന്നാൽ ഈ പറഞ്ഞതിന്റെ പേരിൽ താൻ ഒരിക്കൽ വിമർശിക്കപ്പെട്ടാൽ എന്തു മറുപടി പറയണമെന്ന് മാധവിക്കുട്ടിക്ക് വ്യക്തമായി അറിയാമായിരുന്നു. അത് ഇൻസ്‌പെക്ടർ പത്മിനി എന്നോടു പറഞ്ഞതാണെന്ന പ്രതികരണം മാത്രമേ ആവശ്യമുള്ളൂവെന്നവർക്കറിയാം. കമ്മീഷൻഡ് വർക്കുകളുടെ ആമുഖം ഇമ്മട്ടിലായിരിക്കുമെന്നറിയാമായിരുന്ന ആ വലിയ എഴുത്തുകാരി പിന്നീട് നടത്തുന്നതെല്ലാം ആണധികാരത്തിന് നേരെയുള്ള കടുത്ത വിമർശനങ്ങളാണ്. അതിൽ നിന്നും ഒരടി അവർ പിന്നോട്ടുപോകുന്നില്ല. പക്ഷെ ഇൻസ്‌പെക്ടർ പത്മിനി എന്ന അധ്യായം പിന്നീട് പറയുന്നവയ്ക്കുള്ള സാധൂകരണമാകുമോ എന്ന ചിന്ത വായനക്കാരിൽ ഉടലെടുക്കുമെന്ന് തീർച്ച (ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ മാധവിക്കുട്ടിയുടെ/കമലസുരയ്യയുടെ കടുത്ത ആരാധകനാണ്).

ജയസൂര്യയുമായി കമല, ഫോട്ടോ കടപ്പാട്: ദി ലവ് ക്വീന്‍ ഓഫ് മലബാര്‍/ഫേസ്ബുക്ക്‌

മാധവിക്കുട്ടി എഴുതുന്നു: “സ്ത്രീകൾ കള്ളത്താടി വയ്ക്കണോ? കേരളത്തിലെ പുരുഷൻമാർ വളരെ നിയന്ത്രണമുള്ളവരാണ്. അവർ ആഭാസമായ രീതിയിൽ തുറിച്ചുനോക്കുകയോ അല്ലെങ്കിൽ സ്ത്രീയുടെ മുഖത്തേക്ക് തീരെ നോക്കാതിരിക്കുകയോ ചെയ്യുന്നു. സ്ത്രീകളെ അവർ ലൈംഗികമായി മാത്രമാണ് കാണുന്നത്. ഇത് വളരെ ദുഃഖപൂർണ്ണമായ ഒരു കാര്യമാണ്. നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ പുരുഷനോട് ഭൂപരിഷ്‌ക്കരണ നിയമത്തെപ്പറ്റിയോ 44-മത് ഭേദഗതി (ഭരണഘടന)യെപ്പറ്റിയോ പറയണമെങ്കിൽ മുഖം മറയ്ക്കാൻ ഒരു ബുർക്ക ധരിക്കേണ്ടി വരും. പറ്റുമെങ്കിൽ പുരുഷനെപ്പോലെ വസ്ത്രധാരണം ചെയ്യുകയോ കള്ളത്താടി വയ്ക്കുകയോ ചെയ്യാം. അല്ലെങ്കിൽ അയാൾ നിങ്ങളുടെ മാറിടത്തെക്കുറിച്ചും അരക്കെട്ടിനെക്കുറിച്ചുമായിരിക്കും ചിന്തിക്കുക. ഒരാഴ്ച്ചയോളം നീണ്ട ചർച്ചകൾക്കുശേഷം ഒരു ആധ്യാത്മിക നേതാവ് എന്നോട് പറഞ്ഞത് അയാൾ എന്നെ രാജയോഗത്തിലേക്ക് നയിക്കാൻ പോകുന്നു എന്നാണ്. പക്ഷെ ഞാൻ ഒരു സ്ത്രീയായതുകൊണ്ട് അതിനായി ഒരു സന്ന്യാസിനിയെ സമീപിക്കുമെന്ന് പറഞ്ഞു. അയാൾ ലൗകിക സുഖങ്ങളെല്ലാം പരിത്യജിച്ചവനല്ലെന്ന് എനിക്ക് അറിയാമായിരുന്നു. അയാൾ ഒരു സർവസംഗ പരിത്യാഗിയായിരുന്നുവെങ്കിൽ എന്റെ സ്ത്രീ ശരീരം മാത്രം പരിഗണിക്കാതെ എന്റെ മനസ്സിനെ കാണുമായിരുന്നു. അതുകൊണ്ടുതന്നെ എന്നെ മേലിൽ കാണാനോ, ബന്ധപ്പെടാനോ ശ്രമിക്കരുതെന്ന് ഞാൻ അയാളെ കർശനമായി വിലക്കി.”

ഈ ഭാഗം വായിക്കുമ്പോൾ നാം യഥാർത്ഥത്തിലുള്ള മാധവിക്കുട്ടിയെ കണ്ടുമുട്ടുന്നു. ടൂറിസം അസൈൻമെന്റിൽ എന്തിനാണ് ഇങ്ങിനെയൊരു സന്ന്യാസിയെക്കുറിച്ചു പറയുന്നത്? ലൗകിക സുഖങ്ങളെല്ലാം പരിത്യജിക്കാത്ത ഒരു സന്ന്യാസിയെക്കുറിച്ച്? കമ്മീഷൻഡ് എഴുത്തിന്റെ ആദ്യഘട്ടത്തിൽ അടിയന്തരാവസ്ഥ കാലത്തെ കരുണാകരന്റെ പോലീസിനെ ന്യായീകരിക്കുന്ന മാധവിക്കുട്ടി പിന്നീട് ഈ പുസ്തകത്തിൽ നടത്തുന്നതെല്ലാം സർഗാത്മകതയുടെ ഇത്തരത്തിലുള്ള വിധ്വംസതകളാണ്. അത് ആദ്യത്തെ കാര്യത്തെ ഒരു നിലക്കും ന്യായീകരിക്കുന്നില്ലെങ്കിലും. എ.കെ ആന്റണിയെ വാനോളം പുകഴ്ത്തി മറ്റൊരുതരത്തിൽ കരുണാകരനെ മാധവിക്കുട്ടി പുസ്തകത്തിൽ പ്രതിരോധത്തിലാക്കുന്നുമുണ്ട്.

മറ്റൊരിടത്ത് അമ്പലത്തിലെ പുരുഷൻമാർ എന്ന ശീർഷകത്തിൽ അവർ എഴുതുന്നു: “കേരളത്തിലെ അമ്പലങ്ങളോട് എനിക്ക് യാതൊരു ആദരവും തോന്നിയിട്ടില്ല. ഇതിനു ഒരു കാരണം അവ മിക്കതും തിരക്കേറിയതാണ് എന്നതാണ്. പിറകിൽ നിന്ന് എന്നെ തള്ളുന്ന ജനങ്ങൾക്കിടയിൽ നിന്ന് ഞാൻ ശ്വാസം കഴിക്കാൻ പോലും പാടുപെടുന്നു. പുരുഷൻമാർക്ക് ഷർട്ട് ധരിച്ച് ഉള്ളിൽ പ്രവേശിക്കാൻ പാടില്ല. ഇതു കൂടുതൽ വിഷമമുണ്ടാക്കുന്നു. പുരുഷൻമാർ തങ്ങളുടെ വിയർപ്പു നിറഞ്ഞ മാറിടം കൊണ്ട് ഞങ്ങളുടെ പിറകുവശത്ത്, ശ്രീകോവിലിന് മുന്നിലുണ്ടാകുന്ന തിരക്കിനിടയിൽ ഉരയ്ക്കുന്നു. തടിയനും ബലഹീനനുമായ ഒരാൾ ഒരു തടിച്ച സ്ത്രീയുടെ മുതുകത്തേക്ക് ചാഞ്ഞ് ഒരു ഓട്ടമത്സരത്തിൽ പങ്കെടുക്കുവനെപ്പോലെ കിതയ്ക്കുന്നുണ്ടായിരുന്നു. ഞാൻ ഇനി ഒരിക്കലും ക്ഷേത്രങ്ങൾ സന്ദർശിക്കുകയില്ല എന്ന് പ്രതിജ്ഞ ചെയ്യുന്നു.”

ഫോട്ടോ കടപ്പാട്: ദി ലവ് ക്വീന്‍ ഓഫ് മലബാര്‍/ഫേസ്ബുക്ക്‌

ക്ഷേത്രങ്ങൾ സന്ദർശിക്കില്ലെന്നു പറഞ്ഞ അവർ ഉടനെ തന്നെ അതിന് വിരുദ്ധമായ സമീപനം കൈക്കൊള്ളുന്നു. മാധവിക്കുട്ടിയിൽ എല്ലായ്‌പ്പോഴും പ്രവർത്തിച്ചുകൊണ്ടിരുന്ന ഊഹാതീതം എന്ന പ്രതിഭാസമാണിത്. അവർ തന്നെത്തന്നെ ഇടക്കിടെ റദ്ദാക്കിക്കൊണ്ടിരിക്കും. ‘രൂപമില്ലാത്ത ദൈവം’ എന്ന ഉപശീർഷകത്തിൽ അവരെഴുതുന്നു: “എന്റെ യാത്രയിൽ വഴിയിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളും സന്ദർശിക്കുവാൻ വേണ്ടി ഞാൻ യാത്ര നിർത്തി. എനിക്ക് സമീപകാലത്ത് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുവാൻ സാധിച്ചു. ഞാൻ ഉത്തമവിശ്വാസിയായി കഴിഞ്ഞ ഏഴു കൊല്ലം ജീവിച്ചുവെങ്കിലും നിർഭാഗ്യം ഒരു ക്രൂരനായ എഡിറ്ററുടെ രൂപത്തിൽ വന്ന് എന്റെ സുരക്ഷയുടെ അടിത്തറയിളക്കിയപ്പോൾ ദൈവത്തെക്കൊണ്ട് ഉപകാരമൊന്നുമില്ലെന്ന് എനിക്ക് തോന്നി. എന്റെ പൂജാമുറിയിലെ എല്ലാ ദൈവങ്ങൾക്കും ഒരു നല്ല രാഷ്ട്രീയ ചരടാണ് നല്ലത് എന്ന് എനിക്കു തോന്നി.” പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ച അവർ ഒരു മുസ്ലീമിനും സാധിക്കാത്ത വിധം മുല്ലമാരെ കടുത്ത ഭാഷയിൽ വിമർശിച്ചു. പ്രതിഭ നൽകുന്ന സ്വാതന്ത്ര്യം എങ്ങിനെ ഉപയോഗിക്കണം, അതിന്റെ വിധ്വംസകത എത്രത്തോളം- ഇതിനെക്കുറിച്ച് അവർക്ക് നന്നായി അറിയാമായിരുന്നു.

ഒരു ഗസ്റ്റ്ഹൗസിൽ കണ്ട പാചകക്കാരനെക്കുറിച്ച് പറയുന്നത് ഇങ്ങിനെയാണ്: “അരയോളം വസ്ത്രമേ ആ പാചകക്കാരൻ ധരിച്ചിരുന്നുള്ളൂ. അതിനാൽ അയാളുടെ പവിത്രമായ പൂണൂൽ എല്ലാവർക്കും ദൃശ്യമായിരുന്നു. അമേരിക്കയിൽ നീന്തൽ കുളങ്ങൾ എന്ന പോലെ ബ്രാഹ്മിൻ കുക്ക് ഇന്ത്യയിൽ ഒരു സ്റ്റാറ്റസ് സിമ്പലായിരുന്നു.” ജാതിയെ ഇവ്വിധത്തിൽ മാധവിക്കുട്ടി അവതരിപ്പിച്ചിരിക്കുന്നു. വന യാത്രയെക്കുറിച്ച് എഴുതുന്ന ഭാഗങ്ങളിലൊന്ന് ഇവ്വിധമാണ്: സൾഫറിന്റേയും ചെടികളുടേയും സംയുക്തമായ ഒരു വിചിത്ര മണം എന്റെ നാസാരന്ധ്രങ്ങളിലേക്കു ഇരച്ചു കയറി. ഇതാണോ ആനയുടെ മണം? ഞാൻ അൽഭുതപ്പെട്ടു. പേടിക്കേണ്ട കാര്യമില്ല റേഞ്ചർ പറഞ്ഞു. അവ സാധാരണ വെള്ള വസ്ത്രം ധരിച്ചവരെ മാത്രമേ ഉപദ്രവിക്കാറുള്ളൂ. അവയുടെ കണ്ണുകൾക്ക് മറ്റു നിറങ്ങൾ മനസ്സിലാവില്ല.”

അന്ന് സർക്കാർ ഗസ്റ്റ്ഹൗസുകൾ എങ്ങിനെയെന്ന് മാധവിക്കുട്ടി വ്യക്തമാക്കിത്തരുന്നു: “ആലുവയിൽ പൊടിപിടിച്ച പാലസ് ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. അതിന്റെ മാനേജരെ എങ്ങും കാണാനുണ്ടായിരുന്നില്ല. അയാൾ നേരത്തെ അറിയിക്കാഞ്ഞതിനാൽ ഞങ്ങൾക്കു വേണ്ടി ഉച്ചഭക്ഷണം ഒന്നും തന്നെ തയ്യാറാക്കിവെച്ചിട്ടില്ലെന്ന് അവിടുത്തെ ജോലിക്കാർ പറഞ്ഞു.” തനിക്കു ലഭിച്ച താമസ സൗകര്യത്തെക്കുറിച്ച് അവരെഴുതുന്നു: “എല്ലാ ഗസ്റ്റ് ഹൗസുകളിലും എനിക്ക് വി.ഐ.പി മുറി അനുവദിച്ചു തന്നു. ഇവയിൽ ചിലതിൽ നാല് എയർ കണ്ടീഷനറുകൾ പിടിപ്പിച്ചിരുന്നു. ഇവ നാലും പ്രവർത്തിക്കുകയാണെങ്കിൽ അതിഥി തണുത്ത് ചോക്ലേറ്റ് ഐസ്‌ക്രീമായി മാറും. ഈ ടൂറിൽ ഞാൻ വി.ഐ.പി ആയിരുന്നെങ്കിലും അനുഭവത്തിൽ അങ്ങിനെയായിരുന്നില്ല. പല അസൗകര്യങ്ങളും ഞാൻ അനുഭവിച്ചു. ഉദാഹരണത്തിന് എനിക്ക് എന്റെ അടിവസ്ത്രം രാത്രി സമയത്ത് കഴുകി ഫാനിനു കീഴിൽ ഉണക്കാനിടുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. അതുകൊണ്ട് എയർ കണ്ടീഷനറിനേക്കാൾ എനിക്കു യോജിക്കുക ഫാനായിരുന്നു. കേരളത്തിൽ അലക്കുകൂലി വളരെക്കൂടുതലായിരുന്നു. ഒരാഴ്ച്ചയോളം എന്റെ ജീവിത സമ്പാദ്യം ഡോബിക്കു കൊടുത്ത ശേഷം ഞാൻ സിന്തറ്റിക് വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. ഞാൻ വാങ്ങിയ തിളങ്ങുന്ന സാരികൾ നല്ല ‘രുചി’യുള്ളയാളുകൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ആദിവാസിപ്പെൺകൊടികൾക്ക് വളരെ ഇഷ്ടമായി. അവർ എന്റെ വസ്ത്രങ്ങൾ ആദരവോടെ തൊട്ടു നോക്കി. എല്ലാ ദിവസവും പ്രഭാത ഭക്ഷണമായ കോൺഫ്‌ളെക്‌സ്, ഓംലെറ്റ്, കോഫി എന്നിവ കഴിച്ചതിനു ശേഷം സ്റ്റേറ്റ് കാറിൽ എഴുതാൻ കൊള്ളാവുന്ന സ്ഥലങ്ങൾ കാണാൻ യാത്രയായി. രാത്രി നേരത്ത് പുതിയ സ്ഥലത്ത് താമസിച്ചു. അവിടെ തുണികൾ ആറിയിടാനുള്ള സൗകര്യമില്ലാത്തതുകൊണ്ട് ഞാൻ എന്റെ സാരികൾ കഴുകി ഒരു ജനാലക്കമ്പിയിൽ നിന്ന് മറ്റൊന്നിലേക്ക് വലിച്ചുകെട്ടി ഉണക്കാനിട്ടു.”

ഫോട്ടോ കടപ്പാട്: ദി ലവ് ക്വീന്‍ ഓഫ് മലബാര്‍/ഫേസ്ബുക്ക്‌

മറ്റൊരു സന്ദർഭം വിശദീകരിക്കുമ്പോൾ അവരിലെ കഥാകാരി സജീവമാകുന്നു: “അരുവിക്കരയിലെ നദി വാർത്താ പ്രാധാന്യം നേടിയത്, അതിലേക്ക് ചാടിയ ചില തെരുവ് ബാലൻമാർ തിളങ്ങുന്ന പച്ചക്കല്ലുകൾ മുങ്ങിയെടുത്തു വന്നപ്പോഴാണ്. അടുത്തുള്ള ചായക്കടക്കാരൻ അവ ബോംബെയിലെ വജ്രവ്യാപാരികൾക്ക് എട്ട് ലക്ഷം രൂപക്ക് വിറ്റപ്പോഴാണ് അവ മരതക്കല്ലുകളാണ് എന്ന് തിരിച്ചറിഞ്ഞത്. ഉറങ്ങിക്കിടന്ന അരുവിക്കരയിലേക്ക് അതോടെ ആളുകളുടെ പ്രവാഹമായിരുന്നു. എല്ലാ തെരുവ് ബാലന്മാരും വെള്ളത്തിലേക്ക് രത്നങ്ങൾ തേടി മുങ്ങാക്കുഴിയിട്ടു. അടിത്തട്ടിലെ മണൽ വേർ തിരിച്ചപ്പോൾ അവർക്ക് രത്നങ്ങൾ ലഭിച്ചു; അവർക്കു കിട്ടിയ പച്ചക്കല്ലുകളിൽ വെളുത്ത വരകളും ചിലതിൽ ചുവന്ന വരകളും കാണപ്പെട്ടു. ചുകന്ന വരകളുള്ളവക്ക് വില കൂടുതലായിരുന്നു. ഇതിനെപ്പറ്റിയറിഞ്ഞ് സർക്കാർ ജനങ്ങളെ അവിടെ നിന്ന് അകറ്റുന്നതിനുവേണ്ടി കാവൽക്കാരെ ഏർപ്പാടാക്കി. പക്ഷെ കാവൽക്കാർ മനുഷ്യരായതിനാൽ ഇടയ്ക്കിടെ പ്രകൃതിയുടെ വിളിക്ക് ഉത്തരം കൊടുക്കുകയോ ചിലപ്പോൾ ഉറങ്ങുകയോ ചെയ്തു. അവരുടെ അസാന്നിധ്യത്തിൽ ജനങ്ങൾ വീണ്ടും രത്നങ്ങൾ കൈക്കലാക്കി. വേനൽച്ചൂടിൽ നദിയിലെ വെള്ളം വറ്റിയത് രത്നം പെറുക്കൽ എളുപ്പമാക്കി. രത്നം കിട്ടിയവർ അത് മൂന്ന് മൈൽ അകലെ നെടുമങ്ങാട്ടുള്ള സൂത്രശാലിയായ ഒരു സ്വർണ്ണവ്യാപാരിക്ക് ചെറിയ തുകക്ക് വിറ്റു. അയാളാകട്ടെ രത്നങ്ങൾ ബോംബെയിലെ വ്യാപാരികൾക്ക് ഏതാണ്ട് ഒരു ലക്ഷം രൂപക്ക് മറിച്ചുവിറ്റു.”

തനിക്ക് ഇടപെടേണ്ടി വന്ന ഉദ്യോഗസ്ഥരിൽ ഒരാളെക്കുറിച്ച് അസഹനീയമായ ആചാരമര്യാദകൾ എന്ന ശീർഷകത്തിൽ അവരെഴുതി: “ഉറക്കത്തിനു മുമ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നെ കാണാൻ വന്നു. കൈക്കൂപ്പികൊണ്ടയാൽ പേരു പറഞ്ഞു. അയാളുടെ കണ്ണുകൾ മദ്യപാനം കൊണ്ട് ചുവന്നിരുന്നു. അയാൾ വളർച്ച മുരടിച്ച ഒരു ചെറുകഥാകൃത്താണ്. അതുകൊണ്ട് ഞങ്ങളുടെ ചർച്ച മുഴുവൻ സംസ്ഥാനത്തെ സാഹിത്യ പ്രവർത്തകരെക്കുറിച്ചായിരുന്നു. അയാൾ പണ്ട് എഡിറ്റ് ചെയ്തിരുന്ന ഒരു മാസിക എനിക്ക് തന്നു. അതു നിറയെ കൗമാരപ്രായക്കാർ എഴുതിയ കുറെ നിലവാരം കുറഞ്ഞ കഥകളായിരുന്നു.” പിന്നീട് ഈ ഉദ്യോഗസ്ഥന്റെ താൽപര്യ പ്രകാരം ജില്ലാ കലക്ടറെ കാണുന്നതും കലക്ടർ ചിരിക്കുകയോ ഹൃദ്യമായി പെരുമാറുകയോ ചെയ്യാത്തതിനെക്കുറിച്ചും മാധവിക്കുട്ടി എഴുതുന്നു. ആ ഭാഗം ഇൻഫർമേഷൻ ഓഫീസറോട് ഇങ്ങിനെ പറഞ്ഞുകൊണ്ട് അവസാനിക്കുന്നു: “ഞാൻ നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ല. നിങ്ങൾ എന്നെ അവഹേളിച്ചു.”

ജയസൂര്യ ദാസ്

പുസ്തകം അവസാനിക്കുന്നത് സൗഹൃദമില്ലാത്ത മലയാളികൾ എന്ന ശീർഷകത്തിലാണ്: “സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം ഒരു പുസ്തകമെഴുതുക എന്ന എന്റെ ദൗത്യത്തിൽ ഉദ്യോഗസ്ഥൻമാരിൽ നിന്നും കുറഞ്ഞ സഹകരണമേ എനിക്കു ലഭിച്ചുള്ളൂ. എന്റെ പുസ്തകം പൂർത്തീകരിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്ത പലരും പിന്നീടത് നിറവേറ്റയില്ല. ഞാൻ ഒരു പുരുഷനായിരുന്നെങ്കിൽ, അവരോടൊപ്പമിരുന്ന് മദ്യപിച്ചിരുന്നെങ്കിൽ ഒരു പക്ഷെ അവരതെനിക്ക് ചെയ്തു തരുമായിരുന്നു. പുരുഷാധിപത്യപരമായ വിശ്വാസങ്ങളും നിയന്ത്രണങ്ങളും കേരളത്തിലെ മിക്ക ആണുങ്ങളേയും ശോഭയില്ലാത്തവരും ഹൃദ്യത കുറഞ്ഞവരുമാക്കി തീർത്തിരിക്കുന്നു. ഇത്തരക്കാരുടെ ഭാര്യമാർ തങ്ങളുടെ ഭർത്താക്കന്മാരെ അന്ധമായി ആരാധിക്കുകയും പിന്തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അടിമയാവുന്നതാണ് സ്‌നേഹം ലഭിക്കാനുള്ള എളുപ്പമാർഗമെന്ന് അവർ കരുതുന്നുണ്ടാവണം. കാര്യങ്ങളെ മറ്റൊരു നിലയിൽ കണ്ടു ശീലിച്ച ഒരാൾക്ക് ഇത് വൈകാരികമായ വലിയൊരു ആഘാതത്തിന് ഹേതുവായേക്കാം. എന്തായിരുന്നാലും തിരിച്ച് ബോംബെയിലേക്കെത്തിയപ്പോഴേക്കും ഞാൻ അത്യന്തം അവശയായിരുന്നു. തളർച്ചയും വാർധക്യവും എന്നെ പെട്ടെന്ന് പിടികൂടിയതു പോലെ. ഓർത്തു നോക്കുമ്പോൾ കേരളത്തിൽ എനിക്ക് അസാധ്യമായത് സ്വതന്ത്രമായ ഇടപെടലുകളായിരുന്നു, സംഭാഷണമായിരുന്നു. സൗഹാർദ്ദപരവും ബുദ്ധിപൂർവ്വകവുമായ സംഭാഷണം. മലയാളികൾ തീർച്ചയായും അതീവ സാക്ഷരരാണ്. പക്ഷെ ഒട്ടും സൗഹാർദമുള്ളവരല്ല. അവരുടെ കണ്ണുകളിൽ എപ്പോഴും സംശയം മാത്രം മുഴച്ചു നിൽക്കുന്നു. അവർ ഉളള് തുറക്കുകയോ അതിന് മറ്റൊരാളെ അനുവദിക്കുകയോ ചെയ്യുന്നില്ല. എങ്കിലും കുറഞ്ഞ നേരം കൊണ്ടുള്ള എന്റെ ഈ ഓട്ടപ്രദക്ഷിണത്തിനിടയിൽ സംസ്ഥാനത്തെ ഭൂരിഭാഗം സ്ഥലങ്ങളും കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം തോന്നി. കേരളത്തിന്റെ സൗന്ദര്യപരിസരം മുഴുവൻ ചുറ്റിക്കാണാൻ കഴിഞ്ഞ അനുഗ്രഹീതരിൽ ഒരാളായി ഞാനിപ്പോൾ മാറിയിരിക്കുന്നു! നന്മ തിന്മകൾ നിറഞ്ഞ യാത്രാനുഭവങ്ങൾക്കിടയിൽ പ്രാകൃതമായ ചുവപ്പുനിറത്തിൽ അരിപ്പവനത്തിൽ വിടർന്നു നിന്നിരുന്ന കാട്ടുപൂക്കളെ എങ്ങിനെയാണ് എനിക്ക് മറക്കാൻ സാധിക്കുന്നത്?”

തിരുവനന്തപുരം, അട്ടപ്പാടി, മലമ്പുഴ, ചോറ്റാനിക്കര, അരിപ്പവനം, അരുവിക്കര, അന്തിക്കാട്, ആലുവ, കേരള കലാമണ്ഡലം, പൊൻമുടി, തൃശൂർ, വർക്കല, നെയ്യാർ, കുമരകം, മാവേലിക്കര, കൊച്ചി, ആലപ്പുഴ, കോഴിക്കോട്, കോട്ടക്കൽ, കാപ്പാട്, തലശ്ശേരി, വയനാട്, മൂന്നാർ, തേക്കടി തുടങ്ങിയ സ്ഥലങ്ങളെല്ലാം ഈ യാത്രയിൽ മാധവിക്കുട്ടി സന്ദർശിച്ചിട്ടുണ്ട്. അവിടെയുള്ള ടൂറിസ്റ്റ് വികസന സാധ്യതകളെക്കുറിച്ച് എഴുതിയിട്ടുമുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ബോംബെയിൽ താമസിച്ചിരുന്ന മാധവിക്കുട്ടിയെ ഈ അസൈൻമെന്റ് ഏൽപ്പിക്കാൻ കരുണാകരനെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും? പുറത്തായതുകൊണ്ട് മാധവിക്കുട്ടിക്ക് കേരളത്തിലെ കാര്യങ്ങൾ അറിയില്ല എന്നതോ? അല്ലെങ്കിൽ സ്ത്രീകൾ അടിയന്തരവാസ്ഥയുടെ യാഥാർഥ്യങ്ങളെക്കുറിച്ച് അജ്ഞരാണെ പുരുഷ മുൻ വിധിയോ? അതറിയില്ല. ഇനി അതവരിൽ നിന്നും നേരിട്ട് മനസ്സിലാക്കാനും സാധിക്കില്ല. പോലീസ് ന്യായീകരണത്തിലൂടെ മാധവിക്കുട്ടി തനിക്ക് അസൈൻമെന്റ് നൽകിയ കരുണാകരനെ മെച്ചപ്പെടുത്തുന്നു. എന്നാൽ പുസ്തകം അവരുടെ സർഗ വിധ്വംസതയുടെ എല്ലാവിധ സ്വഭാവങ്ങളും പ്രദർശിപ്പിക്കുകയും ചെയ്തു. ഇതിൽ ഏതു മാധവിക്കുട്ടിയെ മലയാളി സ്വീകരിക്കും/ തള്ളും?

ഈ യാത്രയിൽ ഉണ്ടായ രണ്ടാമത്തെ പുസ്തകം തുടക്കത്തിൽ സൂചിപ്പിച്ച ‘സ്വർഗത്തിലേക്ക് ഒന്നര ടിക്കറ്റ്’ ബാലസാഹിത്യം എന്ന നിലവിലുള്ള സങ്കൽപ്പത്തെ ഒരു നിലയിൽ തിരുത്തുന്നുണ്ട്. മുതിർവർ കുട്ടികൾക്കു വേണ്ടി എഴുതുകയാണോ, കുട്ടികൾ തന്നെ അവർക്കു വേണ്ടി എഴുതുകയാണോ ചെയ്യേണ്ടത് എന്ന ചോദ്യമാണ് ഈ പുസ്തകം ഉയർത്തുന്നത്. ജയസൂര്യദാസ് നാലപ്പാട്ടിന്റെ ഈ പുസ്തകത്തിന് ഒരു പത്തുവയസ്സുകാരന്റെ കേരളക്കാഴ്ച്ചകൾ എന്ന ഉപശീർഷകം കൂടിയുണ്ട്. പുസ്തകത്തിലെ ‘നാടകത്തിന്റെ ഭയം’ എന്ന ഭാഗം നോക്കുക: “കലാ നിലയത്തിന്റെ രക്തരക്ഷസ്സ് എന്ന നാടകം കാണാൻ ഞങ്ങൾ പോയി. ഏറ്റവും മുൻനിരയിലാണ് ഞങ്ങളിരുന്നിരുന്നത്. ആ നാടകം ഭീതി ജനകമായിരുന്നു. പക്ഷെ എനിക്കൊന്നും അതുകണ്ടിട്ട് ഭയം തോന്നിയില്ല. എപ്പോഴൊക്കെ ഭീതിജനകമായ സംഗീതം നാടകത്തിൽ നിന്നുയർന്നുകണ്ടിരുന്നുവോ, അപ്പോഴെക്കെ അമ്മ പേടിച്ചു കണ്ണുകൾ പൂട്ടി. ആ സംഗീതമുയരുമ്പോൾ സുന്ദരിയായ സ്ത്രീ യക്ഷിയായി രൂപാന്തരപ്പെടുന്നു. ബോംബെയിൽ നിങ്ങൾക്കൊരിക്കലും യക്ഷിയെ കാണാൻ സാധിക്കുകയില്ല. സ്വൈര്യമായി താമസിക്കാൻ ഏറ്റവും പറ്റിയ സ്ഥലമാണ് ബോംബെ. പക്ഷെ ഇവിടെ കേരളത്തിൽ നിങ്ങൾക്ക് വളരെയധികം മനോവിഭ്രാന്തി അനുഭവപ്പെടും. ഇവിടെ റോഡിലൂടെ ആനകൾ നടന്നു പോകുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. ബോംബെയിൽ മൃഗശാലയിലൊഴികെ നിങ്ങൾക്കവയെ കാണാൻ സാധിക്കില്ല. കരകൗശല വസ്തുക്കൾ വിൽപ്പനക്കായി പ്രദർശിപ്പിച്ചുവെച്ചിട്ടുള്ള എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് പിന്നെ ഞാനും അമ്മയും പോയത്. അമ്മ രണ്ടു സാരികൾ വാങ്ങി. എന്റെ ക്യാമറയ്ക്ക് ഞാനൊരു കേസ് വാങ്ങിച്ചു. അതിനു 14ക വിലയായി. ഞങ്ങൾക്ക് മി. എൻ.എസ് നായരെ കാണണമെന്നുണ്ടായിരുന്നു. പക്ഷ അദ്ദേഹം സ്ഥലത്തുണ്ടായിരുില്ല. ഞങ്ങൾ ആരാണെ് മറ്റാർക്കും അറിഞ്ഞുകൂടായിരുന്നു. അതുകൊണ്ട് അവരാരും ഞങ്ങളോട് പ്രത്യേക താൽപര്യം കാണിച്ചില്ല. ഇത് ഞങ്ങളെ ബോറടിപ്പിച്ചു. ഞങ്ങളുടനെ സ്ഥലം വിട്ടു.”

കളരിയും ധാരാസിങ്ങും എന്ന ശീർഷകത്തിൽ ജയസൂര്യദാസ് എഴുതുന്നു: “കേരളത്തിലെ എന്റെ സഞ്ചാരത്തിനിടയിൽ, എന്റെ മനസ്സിൽ പതിഞ്ഞുനിന്നൊരു വ്യക്തിയാണ് ഒരു കളരിയുടമയായ മി. പണിക്കർ. ഒരു ജിംനേഷ്യം പോലെ തന്നെയുള്ള കായികാഭ്യാസ ശാലയാണ് കളരി. പഴയ കേരളത്തിൽ ഒരുതരം യുദ്ധ പാഠ്യശാലകളെയാണ് കളരികൾ എന്ന് വിളിച്ചിരുന്നത്. പോര് നടക്കുക വെറും കൈ കൊണ്ടല്ല, വടികളും അരപ്പട്ടകളും ഉപയോഗിച്ചാണ്. ഇതാണ് മറ്റു യുദ്ധകലകളും കളരികളും തമ്മിലുള്ള വ്യത്യാസം. തൃശൂരിന്റെ ഒരു പ്രാന്തപ്രദേശമായ അന്തിക്കാടിന് സമീപമാണ് മി. പണിക്കർ താമസിക്കുന്നത്. അദ്ദേഹമൊരു ഭീമാകാരനാണ്. പക്ഷെ സൗമ്യനും. കാരുണ്യശാലിയുമാണദ്ദേഹം. പണിക്കർ ഷർട്ട് ധരിക്കാറില്ല. തന്റെ വിസ്താരമേറിയ മാറിടം അദ്ദേഹമങ്ങനെ പുറമേക്ക് കാണിക്കുന്നു. പണിക്കരുടെ കളരിയിൽ ഞാനൊരു മരത്തിന്റെ ഗദ കണ്ടു. അതുപയോഗിച്ചിട്ട് ഒരു നൂറ്റാണ്ടെങ്കിലുമായിക്കാണും. അവിടം മുഴുവൻ പൊടിയും ചിലന്തിവലയും കൊണ്ട് നിറഞ്ഞിരുന്നു. ഗദ വെച്ച സ്ഥലത്തേക്ക് അമ്മയും പണിക്കരും വന്നില്ല. അതൊരു മൂലയിലാണ്. കോമ്പൗണ്ടിനകത്തുള്ള ക്ഷേത്രത്തെക്കുറിച്ചവർ സംസാരിച്ചുകൊണ്ടിരുന്നു. അത് വിഷ്ണുമായ ക്ഷേത്രമാണ്. മി. പണിക്കർ എന്നും വിഷ്ണുമായയെ പൂജിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരന്മാരും മച്ചുനന്മാരും അവിടെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. അവരും ഷർട്ടിടാതെ തങ്ങളുടെ വിരിഞ്ഞ മാറുകൾ പുറത്തുകാട്ടി. കാഴ്ച്ചയിൽ അവരെല്ലാം അതിശക്തൻമാരാണെങ്കിലും അവരുടെ മുഖങ്ങളിൽ സൗമ്യത മുറ്റിനിന്നു. പ്രായമാകുമ്പോൾ അവരെപ്പോലെയാകാൻ ഞാനും ആഗ്രഹിക്കുന്നു.”

ഒരിടത്ത് മകൻ അമ്മയെക്കുറിച്ചെഴുതുന്നത് നോക്കൂ: “ഞാനും അമ്മയും മിസിസ്സ് വള്ളത്തോളിനെ കാണാൻ പോയി. ഹൃദ്യമായി പുഞ്ചിരിക്കുന്ന 90 വയസ്സുള്ള ഒരു സ്ത്രീയാണവർ. അവരെന്റെ നെറുകയിൽ കൈ വെച്ച് അനുഗ്രഹിച്ചു. ചെറുതുരുത്തി ഗസ്റ്റ്ഹൗസിൽ നിന്നും ഞങ്ങൾ ചായയും ബിസ്‌ക്കറ്റും കഴിച്ചു. കലാമണ്ഡലത്തിലെ നൃത്തങ്ങൾ കാണാൻ ഒരാഴ്ച്ച ആ സ്ഥലത്ത് താമസിക്കണമെന്ന് അമ്മ പറഞ്ഞു. പലതും കാണണമെന്നെനിക്കാഗ്രഹമുണ്ട്. പക്ഷെ സമയമില്ല. അമ്മ എപ്പോഴും ഇങ്ങിനെയാണ് സംസാരിക്കുക. അത്തരം സംസാരം ഞാൻ വെറുക്കുന്നു. അമ്മയെ കാണാൻ വരുന്ന മറ്റു സ്ത്രീകളേക്കാൾ അമ്മയ്ക്കു ചെറുപ്പമാണ്. അതുകൊണ്ട് അമ്മ ഇനിയും വളരെക്കാലം ജീവിക്കും.”

ജയസൂര്യദാസ് നാലപ്പാട്ടിന്റെ സ്വർഗത്തിലേക്ക് ഒന്നര ടിക്കറ്റ്

മറ്റൊരിടത്ത് ആ പത്തുവയസ്സുകാരന്റെ മനോരഥം ഇങ്ങിനെ: “നെയ്യാറിൽ ചെറുതടാകങ്ങളിൽ ഒളിപ്പിച്ചുവെച്ച കുറച്ചു മുതലകളുണ്ട്. അവയെ ഞങ്ങൾ കണ്ടു. ഒരു മുതല വളർത്തൽ കേന്ദ്രം സ്ഥാപിക്കാൻ അവർ പരിപാടിയിടുന്നുണ്ടത്രെ. ഞങ്ങളുടെ ബാത്ത്ടബ്ബിൽ ഒരു ചെറിയ മുതലക്കുട്ടിയെ വളർത്താൻ എനിക്കാഗ്രഹമുണ്ട്. പിന്നെ ഞങ്ങൾ ടബ്ബിൽ കുളിക്കുകയില്ല. പുറത്തേ കുളിക്കൂ. സോപ്പിന്റെ നുരയും പതയും തട്ടിയാൽ മുതലക്കു കണ്ണുകാണാതാകും. മനസ്സിനു ക്ലേശമോ വിഷാദമോ തോുന്നുമ്പോൾ ടബ്ബിനരികെ ചെന്ന് അതിലെ മുതലക്കുട്ടിയെ എനിക്കു നോക്കി നിൽക്കാമല്ലോ. നായക്കുട്ടികളെ ഓമനിച്ചു വളർത്തുന്ന സമ്പ്രദായം അച്ഛനിഷ്ടമില്ല. എന്റെ ചേട്ടന്മാർ കുട്ടികളായിരുന്നപ്പോൾ അച്ഛനറിയാതെ ഒരു നായക്കുട്ടിയെ കൊണ്ടുവന്നു. കുറച്ചു ദിവസം പോറ്റി. നായക്കുട്ടിയെ വീട്ടിലേക്കു കൊണ്ടുവരുമ്പോൾ അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല. ടൂറിലായിരുന്നു. സന്ധ്യയായാൽ നായക്കുട്ടിയെ ഒരു കുട്ടയിലാക്കി വെപ്പുകാരന്റെ പുറത്തുള്ള കുളിമുറക്കരികെ ഒളിപ്പിച്ചുവെക്കും. ഒരു ദിവസം നായക്കുട്ടി കുരച്ച് വലിയ ബഹളമുണ്ടാക്കി. അച്ഛൻ ഉറക്കത്തിൽ നിന്നുണർന്നു. വെപ്പുകാരനോട് നായക്കുട്ടിയെ ഉടനെ എടുത്തുകൊണ്ടു പോകാൻ പറഞ്ഞു. അതിൽപ്പിന്നെ ഞങ്ങൾ സ്‌നേഹിക്കുന്ന വളർത്തു ജന്തുക്കൾ ഞങ്ങളുടെ വീട്ടിൽ ഇല്ലാതായി, ഇടയ്ക്കിടെ വന്നു പോകുന്ന തത്തകളൊഴികെ.”

മൃഗശാലയും കടലും കായലും പ്രകൃതിയും ഗിരിവർഗക്കാരെ കാണുന്നതുമെല്ലാം ഈ പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്. തീർച്ചയായും ഇത് പ്രിവിലേജ്ഡ് ആയ ഒരു കുട്ടിയുടെ യാത്രയാണ്. എന്നാൽ ആ യാത്രയിൽ മുഴുവനും നിറയുന്നത് കുട്ടിത്തം തന്നെയാണ്.
മലയാള സാഹിത്യ ചരിത്രം പരിശോധിച്ചാൽ കുട്ടികൾ എഴുതി മറ്റ് രണ്ടു പുസ്തകങ്ങൾ കൂടി യാത്രാവിവരണങ്ങളാണ് എന്ന് കാണാം. കെ.എ ബീനയുടെ ‘ബീന കണ്ട റഷ്യ’, കവിത ബാലകൃഷ്ണന്റെ ‘ആർത്തെക് അനുഭവങ്ങൾ’ എന്നീ പുസ്തകങ്ങളാണവ. ഇന്നില്ലാത്ത യു.എസ്.എസ്സാറിലേക്കായിരുന്നു കുട്ടിക്കാലത്ത് ഇവരുടെ രണ്ടു പേരുടേയും യാത്ര. ബീന1977ൽ (അടിയന്തരാവസ്ഥ പിൻവലിച്ച് മൂന്ന് മാസത്തിനു ശേഷം) റഷ്യയിൽ കുട്ടികളുടെ സാർവദേശീയോത്സവത്തിൽ പങ്കെടുക്കാനാണ് പോയത്. 1989ൽ ചിത്രരചനക്ക് സോവിയറ്റ് ലാന്റ് നെഹ്‌റു അവാർഡ് ലഭിച്ച് അതിന്റെ സമ്മാനമായി ആർത്തെക്ക് അന്തർദേശീയ യങ് പയനിയർ ക്യാമ്പിൽ ചിലവഴിച്ചതിന്റെ അനുഭവങ്ങളാണ് കവിത ബാലകൃഷ്ണന്റെ പുസ്തകത്തിന്റെ ഉള്ളടക്കം. കുട്ടിത്തം കൊണ്ട് എഴുതപ്പെട്ട ഈ കൃതികളുടെ നിരയിൽ തന്നെയാണ് ജയസൂര്യദാസിന്റെ പുസ്തകവും നിൽക്കുന്നത്. മുമ്പ് സൂചിപ്പിച്ചതുപോലെ ബാലസാഹിത്യത്തെക്കുറിച്ചുള്ള പുനർവിചിന്തനത്തിന് ഈ പുസ്തകങ്ങൾ ഇന്ന് തീർച്ചയായും നമ്മെ സഹായിക്കുന്നു.

അമ്മയും മകനും കണ്ട കേരളം തീർച്ചയായും വിഭിന്നമാണ്. അമ്മക്കുള്ള അസൈൻമെന്റ് തീർച്ചയായും പത്തുവയസ്സുകാരനായ മകനില്ല. പക്ഷെ ഒരേ യാത്രയുടെ രണ്ടു പുസ്തകങ്ങൾ രണ്ടു തരം ചിന്തകളിലേക്ക് നയിക്കുന്നു. മാധവിക്കുട്ടിയുടെ ‘പോലീസ് നയം’ ഒരിക്കലും വിമർശന മുക്തമാകാനിടയില്ലെങ്കിലും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read