മത്സ്യമേഖലയിലെ അമിത ചൂഷണങ്ങൾക്ക് ആക്കം കൂട്ടുന്ന ബജറ്റ്

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ഇടക്കാല ബജറ്റ് പ്രസംഗത്തിൽ മത്സ്യമേഖലയെക്കുറിച്ച് രണ്ട് പ്രഖ്യാപനങ്ങളുണ്ട്. ഒന്ന്, മത്സ്യമേഖലയിൽ 55 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. രണ്ട്, സമുദ്രോത്പന്ന കയറ്റുമതി ഇരട്ടിയാക്കും എന്നിവയാണവ. രാജ്യത്ത് ദാരിദ്ര്യം കുറച്ചു, തൊഴിലവസരം കൂട്ടി, കർഷകരെ സംരക്ഷിച്ചു എന്നൊക്കെയുള്ള അവാസ്തവങ്ങളായ കാര്യങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിച്ച്, മാധ്യമങ്ങളുടെ സഹായത്തോടെ പൊതുജനങ്ങളെയാകെ കബളിപ്പിക്കാനാണ് എക്കാലത്തേയുമെന്നപോലെ ഇപ്പോഴും ധനമന്ത്രി ശ്രമിച്ചിട്ടുള്ളത്. സർക്കാർ പറയുന്ന കണക്കുകൾക്കപ്പുറം ദരിദ്രർ, യുവാക്കൾ, കർഷകർ, വനിതകൾ എന്നിവരുടെ യഥാർത്ഥ അവസ്ഥ എന്തെന്ന് ഇതിനോടകം വ്യക്തമാക്കുന്ന പഠനങ്ങളും, റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതിന് സമാനമായ വസ്തുതകളാണ് മത്സ്യമേഖലയിലേതും. നിലവിലുള്ള തൊഴിലും വരുമാനവും ഇല്ലാതാക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ മത്സ്യമേഖലയിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

സവിശേഷ സാഹചര്യത്തിൽ ജീവിക്കുന്ന ജനവിഭാഗമാണ് ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന്റെ ജീവിതനിലവാരത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തെ ഉയർത്തികൊണ്ടുവരുന്നതിനായി സ്റ്റേറ്റിന്റെ പ്രത്യേകമായ ശ്രദ്ധ ഉണ്ടവേണ്ടത് അത്യന്താപേക്ഷിതമാണ്. തീരദേശത്ത് തിങ്ങിപ്പാർക്കുന്ന മത്സ്യത്തൊഴിലാളികൾ രാജ്യത്തിന് വലിയതോതിൽ വിദേശനാണ്യം നേടിത്തരുന്നവരും പൊതുസമൂഹത്തിന് ഏറ്റവും പോഷകമൂല്യമുള്ള ഭക്ഷണം തീരെ കുറഞ്ഞ ചെലവിൽ പ്രദാനം ചെയ്യുന്നവരുമാണ്. രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ എപ്പോഴും ജോലിചെയ്യുന്ന മത്സ്യത്തൊഴിലാളികൾ രാജ്യസുരക്ഷയ്ക്കും വലിയ സംഭാവന നൽകുന്നവരാണ്. മത്സ്യത്തൊഴിലാളികളുടെ ഈ രംഗത്തുള്ള സംഭാവന നേവി, കോസ്റ്റ് ഗാർഡ് എന്നിവയെക്കാൾ മികച്ചതാണെന്ന് നമ്മുടെ ഭരണാധികാരികൾ തന്നെ പലപ്പോഴും സമ്മതിച്ചിട്ടുള്ളതാണ്.

തങ്കശേരി ഹാർബറിൽ നിന്നും ദൃശ്യം. കടപ്പാട്:thehindu

മറൈൻ പ്രൊഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (എം.പി.ഇ.ഡി.എ)യുടെ കണക്കനുസരിച്ച് 2021-22വർഷം 13,69,264 മെട്രിക് ടൺ മത്സ്യം കയറ്റുമതി ചെയ്തതിലൂടെ രാജ്യത്തിന് 57,586.5കോടി രൂപയുടെ വിദേശനാണ്യം ലഭിച്ചിട്ടുണ്ട്.ഇതുകൂടാതെ രാജ്യത്തിലെ പൊതുസമൂഹത്തിന് കുറഞ്ഞ ചെലവിൽ ഏറ്റവുമധികം പോഷകമൂല്യമുള്ള ആഹാരം ഉത്പാദിപ്പിച്ചു നൽകുന്നതിലൂടെ പൊതുസമൂഹത്തിന്റെ ആരോഗ്യത്തിലും, നാടിന്റെ ഭക്ഷ്യസുരക്ഷയിലും വലിയ പങ്കും മത്സ്യത്തൊഴിലാളികൾ വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും, ഭക്ഷ്യ സുരക്ഷയിലും രാജ്യ സുരക്ഷയിലും വളരെയധികം സംഭാവന നൽകുന്ന ജനവിഭാഗമെന്ന നിലയിലും, സാമൂഹ്യ- സാമ്പത്തികഅവസ്ഥ കണക്കിലെടുത്തും പ്രത്യേക പരിഗണന ലഭിക്കേണ്ടവരാണ് മത്സ്യത്തൊഴിലാളികൾ. എന്നാൽ ആ നിലയിലുള്ള യാതൊരു പരിഗണനയും കേന്ദ്രസർക്കാർ മത്സ്യത്തൊഴിലാളികൾക്ക് ഒരിക്കലും നൽകിയിട്ടില്ല.

2022 മാർച്ച് 22ന് കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ഡയറി വകുപ്പ് മന്ത്രി പുരുഷോത്തം രൂപാല രാജ്യസഭയിൽ നൽകിയ മറുപടി അനുസരിച്ച് ഇന്ത്യയിൽ 2,80,63,538 പേർ മത്സ്യബന്ധനമേഖലയെ ആശ്രയിച്ച് ജീവിക്കുന്നു. ആഗോള മത്സ്യോൽപാദനത്തിന്റെ എട്ട് ശതമാനം സംഭാവന ചെയ്യുന്ന ഇന്ത്യയ്ക്ക് ഉത്പാദനത്തിൽ മൂന്നാം സ്ഥാനമാണുള്ളത്. മത്സ്യബന്ധനമേഖലയിൽ കൂടുതൽ ജനങ്ങൾ ജീവനോപാധിയായി തെരഞ്ഞെടുത്തിട്ടുള്ളതും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നതും സമുദ്രോത്പന്ന കയറ്റുമതിയിൽ ഭീമമായ പങ്ക് വഹിക്കാൻ കഴിയുന്നതും കടൽ മത്സ്യബന്ധന മേഖലയ്ക്കാണ്. അതുകൊണ്ട് തന്നെ കടൽമത്സ്യബന്ധനവുമായി ബന്ധപ്പെട്ടുകൊണ്ടല്ലാതെ മുകളിലുള്ള രണ്ട് കാര്യങ്ങളേയും പരിഗണിക്കാൻ കഴിയില്ല.

ഉപജീവനത്തിനായി കടലിനെയും കടൽ സമ്പത്തിനേയും ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾ ദീർഘാകലമായി ആവശ്യപ്പെടുന്നകാര്യമാണ്, കടലിന്റേയും കടൽ സമ്പത്തിന്റേയും കടൽതീരത്തിന്റേയും പ്രാഥമികമായ ഉടമസ്ഥാവകാശം പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളിൽ നിക്ഷിപ്തമാക്കുന്ന സമഗ്ര കടൽ സംരക്ഷണ നിയമം പാസ്സാക്കണമെന്നത്. എന്നാൽ ഇതിനോട് മാറി മാറി വരുന്ന അധികാരികൾ പുറംതിരിഞ്ഞ് നിൽക്കുകയാണ് ചെയ്യുന്നത്. സ്കാന്റിനേവിയയൻ രാജ്യങ്ങളിൽ ഇത്തരം നിയമങ്ങൾ നിലവിലുണ്ട്.

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നയങ്ങളും പദ്ധതികളും കടൽമത്സ്യബന്ധന മേഖലയ്ക്ക് അനുഗുണമാണോ? അല്ല എന്നാണ് അനുഭവം. ഇന്ത്യൻ തീരങ്ങളിലെ മത്സ്യങ്ങൾ പിടിക്കാൻ വൻകിട ട്രോളാറുകൾക്ക് അനുമതി നൽകിയത് മുതൽ സർക്കാർ നടപ്പിലാക്കാൻ പോകുന്ന ബ്ലൂ ഇക്കണോമി പദ്ധതി വരെയുള്ള ഓരോ കാര്യങ്ങൾ എടുത്ത് പരിശോധിച്ചാലും സർക്കാർ നാളിതുവരെ മത്സ്യത്തൊഴിലാളികൾക്ക് ദ്രോഹകരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാകും.

ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികൾ. കടപ്പാട്:istock

ബ്ലൂ ഇക്കണോമിയുടെ പ്രശ്നങ്ങൾ

ആഴക്കടലിന്റെ അടിത്തട്ടിലുള്ള എണ്ണയും (പെട്രോളിയം) പ്രകൃതിവാതകവും മാത്രമല്ല, തീരമെന്നോ, തീരക്കടലെന്നോ ആഴക്കടലെന്നോ ഉള്ള വ്യത്യാസമില്ലാതെ, പണത്തിന്റെ അടിസ്ഥാനത്തിൽ വിലപിടിപ്പുള്ള നിരവധി ഖനിജങ്ങൾ ചൂഷണം ചെയ്യാൻ പോകുന്ന പദ്ധതിയാണ് കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ള ബ്ലൂ ഇക്കണോമി. ഈ ബ്ലൂ ഇക്കോണമി നയത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ഇന്ത്യയുടെ ആഭ്യന്തര വരുമാനം (GDP) ഇരട്ടിയാക്കണം എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. കൂടുതൽ പണം മുടക്കി, സാങ്കേതികവിദ്യയുടെ സഹായത്തോടെ ആഴക്കടലിലെ മത്സ്യ ഉൽപ്പാദനം കൂട്ടുന്നതിന് സ്വകാര്യ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ തീവ്രമായ സാങ്കേതികവിദ്യകൾ ആവിഷ്‌കരിക്കാനും നടപടികൾ വേണമെന്ന് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ സമുദ്രത്തിൽ ലഭ്യമായ മത്സ്യസമ്പത്ത് ഇപ്പോൾ തന്നെ അമിത ചൂഷണം നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം എന്നറിയേണ്ടതുണ്ട്. കടലിൽ അനിയന്ത്രിതമായി നടത്തുന്ന ഖനനം തന്നെയാണ് ബ്ലൂ ഇക്കോണമി രേഖയിലെ പ്രധാന നയം. കൂടാതെ കടൽ ടൂറിസം, തീരമേഖലയിലെ വ്യവസായങ്ങൾ, പോർട്ടുകളുടെ വികസനം എന്നീ വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട്. മറ്റൊരു വിഷയം തീരമേഖലകളിലെ ഭൂ ഉപയോഗ ആസൂത്രണമാണ് (spatial planning). മീൻപിടുത്തക്കാരെയും കടലോരത്ത് വസിക്കുന്നവരെയും സംബന്ധിച്ചിടത്തോളം ഏറ്റവും ആപൽക്കരമായത് തീരത്തെയും കടലിലെയും ഖനനവും, പോർട്ടുകളുടെ വികസനവും, കടലോരത്ത് വരാൻ പോകുന്ന വ്യവസായങ്ങളും അത് സൃഷ്ടിക്കാൻ പോകുന്ന മലിനീകരണവുമാണ്.

നിലവിലുള്ള തീരനിയന്ത്രണ വിജ്ഞാപനത്തിലെ (CRZ) വ്യവസ്ഥകൾ അറ്റോമിക് ധാതുക്കൾ ഒഴികെ (നമ്മുടെ ആലപ്പാട് നടക്കുന്നത്) മറ്റ് ധാതുക്കളുടെ ഖനനം നടത്തുന്നതിന് തടസ്സമാണെന്നും അതുകൊണ്ട് ഉചിതമായി തിരുത്തണമെന്നും നയരേഖയിൽ പറയുന്നു. കടലിന്റെ അടിത്തട്ടിലുള്ള നിക്കൽ, യൂറേനിയം, കോപ്പർ, തോറിയം, പോളി-മെറ്റാലിക് സൾഫൈഡുകൾ, പോളിമെറ്റാലിക് മാംഗനീസ് നോഡ്യൂളുകൾ, തീരത്തുള്ള ഇൽമനൈറ്റ്, ഗാമെറ്റ്, സിർക്കോൺ എന്നിവ ഇന്ത്യയുടെ കടലിന്റെ അടിത്തട്ടിൽ സുലഭമായി ലഭിക്കുമെന്നും അവ ഖനനം ചെയ്തെടുക്കണമെന്നുമാണ് ബ്ലൂ ഇക്കണോമി നയരേഖയിൽ പറയുന്നത്. ഇത് വളരെ നിർണ്ണായകമാണ്. വികസിത രാജ്യങ്ങൾ പോലും തീരക്കടലിന്റെ പരിസ്ഥിതി പ്രാധാന്യം തിരിച്ചറിഞ്ഞ് പരമാവധി ആഴക്കടലിലാണ് ഖനന പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുള്ളത്. നമ്മുടെ രാജ്യത്ത് നിലവിലുള്ള തീര നിയന്ത്രണ നിയമം, 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വകുപ്പ് 3 പ്രകാരം, കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം 1991ൽ 12 മൈൽ വരെയുള്ള കടൽ മേഖല കൂടി CRZന്റെ പരിധിയിൽ ഉൾപ്പെടുത്തിയത്. അതാണിപ്പോൾ ബ്ലൂ ഇക്കോണമിയുടെ പേരിൽ മാറ്റണമെന്ന് ഈ കരടു രേഖയിൽ പറയുന്നത്. ഈ തീരക്കടൽ തന്നെയാണ് നമ്മുടെ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഏറ്റവും പ്രധാനം എന്നതാണ് വസ്തുത.

മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കടപ്പാട്:istock

കടലിന്റെ അടിത്തട്ട് എന്ന് പറയുന്നത് മത്സ്യ സമ്പത്തിന്റെ ആവാസ വ്യവസ്ഥകൾ കൂടിയാണ്, തീരക്കടലിൽ പ്രത്യേകിച്ചും. ആഴക്കടലിലും തീരക്കടലിലും വ്യാപകമായ ഖനനം നടന്നാൽ അത് മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നത് ഉറപ്പാണ്. ഇന്ത്യയിലെ രണ്ട് പ്രധാന കോർപ്പറേറ്റുകൾക്കായി ഈ കടൽ സമ്പത്ത് വീതം വയ്ക്കാനുള്ള പദ്ധതിയാണ് യഥാർത്ഥത്തിൽ ബ്ലൂ ഇക്കോണമിയിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. എണ്ണ, പ്രകൃതി വാതകങ്ങൾ (പെട്രോളിയം) എന്നിവ അംബാനി ഗ്രൂപ്പിനും, ധാതു സമ്പത്തിന്റെ ഖനനം അദാനിക്കുമായാണ് വീതംവയ്പ് നടത്താൻ പോകുന്നത്. അദാനി ആസ്‌ട്രേലിയയിൽ കടലിൽ നിന്നും കൽക്കരി ഖനനം ചെയ്യാനുള്ള വലിയൊരു പദ്ധതി തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതിനെതിരെ ആ പ്രദേശത്തെ ജനങ്ങൾ ശക്തമായ പ്രക്ഷോഭവും ആരംഭിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ ഷിപ്പിംഗ് മന്ത്രാലയം 2015 ജൂലായിൽ അംഗീകരിച്ച ഒരു വമ്പൻ വികസന പദ്ധതിയാണ് സാഗർമാല. രാജ്യമൊട്ടാകെ നിരവധി പുതിയ തുറമുഖങ്ങൾ നിർമ്മിക്കാനും അവയുടെ അടുത്തായി കയറ്റുമതി ലക്ഷ്യത്തോടെ വൻ വ്യവസായങ്ങളുടെ സാമ്പത്തിക മേഖലകളും (Coastal Economic Zone) അവയെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡ്-റെയിൽ സൗകര്യങ്ങളും അടങ്ങുന്ന ഒരു ബൃഹത് പദ്ധതിയാണത്. ഈ പദ്ധതി ഏതാണ്ട് മുഴുവനായും ബ്ലൂ ഇക്കോണമിയിൽ ഉൾപെടുത്തിയിട്ടുണ്ട്. സ്‌പെഷ്യൽ ഇക്കണോമിക് സോണുകളുടെ ചുവടുപിടിച്ച് വൻ നികുതി ആനുകാല്യങ്ങളും നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നതാണിത്. കേരളത്തിലെ പരമ്പരാഗത മത്സ്യ തൊഴിലാളികളെ ഉന്മൂലനം ചെയ്യാനിടയുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ ബ്ലൂ ഇക്കോണമി കരട് നയരേഖ.

വൻകിട ട്രോളറുകൾ

കടലും കടൽ സമ്പത്തും അക്ഷയ ഖനിയല്ല. ചെറിയ ഉരുക്കൾ ഉപയോഗിച്ചു പരമ്പരാഗതമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഒറ്റയ്ക്കോ, അഞ്ചോ പത്തോ പേർ സംഘമായോ മത്സ്യബന്ധന ഉരുക്കൾ സ്വായത്തമാക്കി, ഉപജീവനാർത്ഥം നടത്തുന്ന മത്സ്യബന്ധനത്തേയും, ലാഭം കുന്നുകൂട്ടുന്നതിനു വേണ്ടി സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയിലുള്ള കൂറ്റൻ ഫിഷിങ് വെസലുകൾ ഉപയോഗിച്ച് നടത്തുന്ന അമിത മത്സ്യബന്ധനത്തേയും ഒരേ രീതിയിൽ കാണാൻ പാടില്ല. വൻകിട ഫിഷിങ് വെസലുകൾ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയും, കടലിന്റെ അടിത്തട്ടിനെതന്നെ ഇളക്കിമറിച്ചും, വാണിജ്യ മൂല്യമുള്ള മത്സ്യങ്ങളെ പിടിച്ചെടുക്കുമ്പോൾ, സാങ്കേതികമായി ഇവരോട് മത്സരിക്കാൻ കഴിയാത്ത, മത്സ്യബന്ധനം ഉപജീവനമാക്കിയ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ട് വെറുംകൈയ്യോടെ തിരികെവരേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉരുക്കൾ ഇറക്കുന്നതിനുവേണ്ടി ധനകാര്യസ്ഥാപനങ്ങളിൽ നിന്നും എടുക്കുന്ന വായ്പകൾക്ക് പലിശ ഇളവ് നൽകാൻ പോലും സർക്കാർ തയ്യാറാകാത്തപ്പോഴാണ് വൻകിട കമ്പനികൾക്ക് സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത്.

വൻകിട ട്രോളർ. കടപ്പാട്:greenpeace

സാമ്പത്തിക ബാധ്യതയും കുടിയിറക്കലും

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ ഭാഗമായി മത്സ്യബന്ധന ഉരുക്കൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ മത്സ്യബന്ധനോപകരണങ്ങളായ നൈലോൺ വല, നൈലോൺ നൂല്, മറൈൻ എഞ്ചിനുകൾ, സ്പെയർ പാർട്സുകൾ എന്നിവയ്ക്ക് അധിക ഇറക്കുമതി നികുതി ചുമത്തിയതിന്റെ ഫലമായി ഇവയുടെ വില ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ, മത്സ്യബന്ധന ഉരുക്കൾ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മണ്ണെണ്ണ, ഡീസൽ എന്നിവ സബ്‌സിഡി നിരക്കിൽ ആവശ്യത്തിന് ലഭ്യമാക്കാണെന്ന ദീർഘനാളായുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തെ അംഗീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല, മത്സ്യത്തൊഴിലാളികൾക്കുള്ള ഇന്ധന ക്വാട്ട ഓരോ തവണയും വെട്ടിക്കുറയ്ക്കുയാണ് ചെയ്യുന്നത്. തൽഫലമായി മത്സ്യത്തൊഴിലാളികൾ ഉയർന്ന വിലനൽകി കരിഞ്ചന്തയിൽ നിന്നും മണ്ണെണ്ണയും ഡീസലും വാങ്ങി തൊഴിലിന് പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

നീണ്ടകര ഹാർബറിലെ ബോട്ട്. കടപ്പാട്:istock

കടലിന്റെയും, കടൽ തീരത്തിന്റെയും നേരവകാശികളായ മത്സ്യത്തൊഴിലാളികളെ അവരുടെ ആവാസസ്ഥലങ്ങളിൽ നിന്നും കുടിയൊഴുപ്പിച്ച് തീരവും തീരദേശവും ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റുന്ന നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായി വലിയ റോഡുകളും വൻകിട നിർമ്മിതികളും, ‘സൗന്ദര്യവൽക്കരണ’ പരിപാടികളും സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ചുരുക്കത്തിൽ തീരത്തേയും ആഴക്കടലിലേയും അമിത മത്സ്യബന്ധനം, കടലിലും, കടൽത്തീരങ്ങളിലും നടത്തുന്ന ഖനനങ്ങളും, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം കടൽമത്സ്യസമ്പത്തിൽ വളരെയേറെ കുറവുവരുത്തുന്നു.

സർക്കാർ നയങ്ങളുടെ അനന്തരഫലമായി മത്സ്യബന്ധനത്തിന് വേണ്ടിവരുന്ന ചെലവ് അനുദിനം വർദ്ധിക്കുകയാണ്. കൂടുതൽ മുതൽ മുടക്കി മത്സ്യബന്ധനത്തിന് പോയാലും ആവശ്യത്തിന് മത്സ്യങ്ങൾ ലഭിക്കുന്നുമില്ല. ഇത് മത്സ്യത്തൊഴിലാളികളെ നിത്യ ദരിദ്രരും കടക്കാരുമാക്കി മാറ്റുന്നു. അദാനിമാർക്കും അംബാനിമാർക്കും കടലും കടൽ വിഭവങ്ങളും തീറെഴുതികൊടുക്കുന്ന നയങ്ങളും, മത്സ്യത്തൊഴിലാളികളെ അവരുടെ വാസസ്ഥലങ്ങളിൽ നിന്നും പിഴുതെറിയുന്ന പദ്ധതികളും, മത്സ്യബന്ധന ചെലവ് വർദ്ധിപ്പിക്കുന്ന സാമ്പത്തിക നയങ്ങളും തുടരുന്ന കാലത്തോളം മത്സ്യബന്ധന രംഗത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ, സമുദ്രോത്പന്ന കയറ്റുമതി വർദ്ധിപ്പിക്കാനോ കഴിയില്ല. നടപ്പിലാക്കാത്തതും, അവാസ്തവുമായ കാര്യങ്ങൾ പൊലിപ്പിച്ച് പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും തിരിക്കുന്ന സ്ഥിരം തന്ത്രം തന്നെയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രധനകാര്യ മന്ത്രി നടത്തിയത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

6 minutes read February 2, 2024 2:17 pm